news-details
കവർ സ്റ്റോറി

വി. ക്ലാരയുടെ പ്രസക്തി

12-ാം നൂറ്റാണ്ടിലെ ഭൗതികതയില്‍ നിന്ന് ക്ലാര എന്ന വിശുദ്ധ ജന്മമെടുത്തു. ലോകത്തിന്‍റെ സുഖഭോഗങ്ങള്‍ നിരസിക്കുക എത്രകണ്ട് വീരോചിതമായിരിക്കുന്നോ അത്രകണ്ടാണ് അതിനോടുള്ള ആഭിമുഖ്യവും. സംഘര്‍ഷങ്ങളുടെ നടുവില്‍ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ട് ലോകം വച്ചുനീട്ടിയ സുഖഭോഗങ്ങളെ തന്‍റെ ജന്മാവകാശമായ ക്രിസ്തുനാഥനുവേണ്ടി ഉച്ഛിഷ്ഠംപോലെ കരുതാന്‍ ധൈര്യം കാണിച്ചവളാണ് വി. ക്ലാര.

ആധുനികയുഗത്തിന്‍റെ വിശുദ്ധയാണു ക്ലാര. ദൈവഭയമുള്ള നല്ല കുടുംബങ്ങളില്‍ നിന്നാണ് നല്ല മക്കള്‍ ഉണ്ടാകുക, വിശുദ്ധരുണ്ടാകുക; നശ്വരതയെവിട്ട് അനശ്വരതയെ തേടുക; ലൗകീക സുഖഭോഗങ്ങളുടെ ക്ഷണികത മനസ്സിലാക്കുക.

ക്ലാര ജനിക്കുന്നതിനു മുമ്പ് തന്‍റെ അമ്മയ്ക്കുണ്ടായ പ്രവചനം - "നീ ഭയപ്പെടേണ്ട, ലോകത്തെ പ്രകാശിപ്പിക്കുന്ന ഒരു വെളിച്ചത്തെ നീ പ്രസവിക്കും'. ദൈവഭക്തയായ അമ്മക്ക് ഒരു വിശുദ്ധക്ക് ജന്മം നല്‍കാന്‍ കഴിഞ്ഞു. വിശുദ്ധിയുടെ ബാലപാഠങ്ങള്‍ അവള്‍ സ്വന്തം അമ്മയില്‍ നിന്നു പഠിച്ചു. ചെറുപ്പത്തിലേതന്നെ പ്രാര്‍ത്ഥന, പരിത്യാഗം, ഉപവി തുടങ്ങിയവയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നതിനാല്‍ തന്‍റെ സമര്‍പ്പണജീവിതത്തില്‍ അവള്‍ക്ക് ഇവയിലൊന്നും ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല.

ക്ലാരയുടെ ജീവിതത്തിന് മാര്‍ഗദീപവും പ്രചോദനവും നല്കിയത് വി. ഫ്രാന്‍സീസ് ആണ്. ക്രിസ്തുവുമായുള്ള വിവാഹത്തിന്‍റെ മാധുര്യം ഫ്രാന്‍സീസ് ക്ലാരയെ ബോധ്യപ്പെടുത്തി. മരണകവാടമെന്നു വിളിക്കപ്പെടുന്ന കവാടത്തിലൂടെ വീട്ടില്‍ നിന്നു പുറത്തു കടന്ന ക്ലാര ലോകത്തിനു മരിച്ചവളായി പ്രഖ്യാപിച്ച് ക്രിസ്തുവിന്‍റെ പെസഹാ രഹസ്യത്തിലേക്ക് കടന്നു. തന്‍റെ ദൈവവിളിക്ക് ക്ലാരക്ക് വലിയ വില കൊടുക്കേണ്ടി വന്നു. സംഘര്‍ഷങ്ങളുടെ നടുവില്‍ സക്രാരിയില്‍ വസിക്കുന്ന ഈശോ അവള്‍ക്ക് ശക്തി നല്‍കി. മരണത്തിന്‍റെ താഴ്വരയില്‍ക്കൂടി നടന്നാലും ഞാന്‍ ഭയപ്പെടുകയില്ല സങ്കീ.23/4.

ക്ലാര കടന്നുപോയിട്ട് എട്ടു ശതാബ്ദങ്ങള്‍ കഴിഞ്ഞു. കാലങ്ങള്‍ക്കു മുമ്പ് ജീവിച്ച് മരിച്ച് കടന്നുപോയ  പഴഞ്ചന്‍ ജീവിത രീതിയല്ല പ്രത്യുത, ക്ലാരയുടെ ആദര്‍ശങ്ങള്‍ക്ക്, ജീവിത സുകൃതങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. പേരിന്‍റെ അര്‍ത്ഥം പോലെതന്നെ ക്ലാര-പ്രകാശം- അവള്‍ ലോകത്തെ പ്രകാശിപ്പിച്ചു. ക്ലാരയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നാമകരണവേളയില്‍ അലക്സാണ്ടര്‍ 4-ാമന്‍ മാര്‍പാപ്പാ ഇപ്രകാരം എഴുതി 'സുരഭിലസുകൃതംനിറഞ്ഞ ഒരു പാത്രത്തിന് അതിന്‍റെ നറുമണം കര്‍ത്താവിന്‍റെ ഭവനം മുഴുവന്‍ വ്യാപിക്കാതെ ഒളിഞ്ഞിരിക്കാന്‍ പറ്റില്ല. ഏകാന്തതയില്‍, ആവൃതിയിലെ കഠിന തപസില്‍, അവളുടെ ശരീരമാകുന്ന വെങ്കല്‍ ഭരണി അവള്‍ പൊട്ടിച്ചു. അവളുടെ വിശുദ്ധിയുടെ പരിമളം ആഗോളസഭയില്‍ നിറഞ്ഞു'.

ദൈവസ്നേഹത്തിന്‍റെ നിര്‍വൃതിയില്‍

പ്രാര്‍ത്ഥനയിലൂടെ ദൈവസ്നേഹം അനുഭവിച്ചു ജീവിച്ചവര്‍ക്കേ ജീവിതത്തില്‍ നിലനില്പുള്ളു. രാപകല്‍ ക്ലാര പ്രാര്‍ത്ഥനയിലും ജാഗരണത്തിലും കഴിഞ്ഞിരുന്നെന്ന് സഹോദരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ധ്യാനാത്മക ജീവിതത്തിലൂടെ ദൈവസ്നേഹം അനുഭവിച്ചറിഞ്ഞ ക്ലാരക്ക് ലോകത്തിന്‍റെ സുഖങ്ങളും സൗഭാഗ്യങ്ങളുമെല്ലാം പരിത്യജിക്കാനുള്ള പ്രചോദനം പരിശുദ്ധാത്മാവ് നല്‍കി. ദൈവപുത്രന്‍റെ ദൈവീക രഹസ്യങ്ങളായ കാലിത്തൊഴുത്തിലെ മനുഷ്യാവതാരം, കാല്‍വരിയിലെ കുരിശുമരണം, സക്രാരിയിലെ ദിവ്യകാരുണ്യം ഇവ ക്ലാരയുടെ പ്രിയങ്കരമായ ധ്യാനവിഷയങ്ങളായി. വചനം മാംസമായ ഈശോയോടുള്ള വ്യക്തിബന്ധം വെളിവാക്കുന്ന സംഭവമാണ് ഫ്രാന്‍സീസും സഹോദരന്മാരും ഗ്രേച്ചിയോ മലയില്‍ നടത്തിയ ക്രിസ്മസ് ആഘോഷം ക്ലാരക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞു എന്നത്.

 

ക്രൂശിതരൂപത്തിന്‍റെ മുമ്പിലിരുന്ന് അവിടുത്തെ തിരുമുറിവുകളെക്കുറിച്ച് ക്ലാര ധ്യാനിച്ചു. തന്‍റെ മാനസപുത്രിയായ ആഗ്നസിന് ഇപ്രകാരം എഴുതി. 'മനുഷ്യമക്കളെല്ലാവരേയുംകാള്‍ സുന്ദരനായിരുന്നിട്ടും സങ്കീ.45/2 നിന്‍റെ ദിവ്യമണവാളന്‍ നിന്‍റെ രക്ഷക്കുവേണ്ടി ഏറ്റം ചെറിയവനും നിന്ദിതനും ആയിത്തീര്‍ന്നു. ശരീരത്തില്‍ മര്‍ദ്ദനങ്ങളും മുറിവുകളും ഏറ്റു. ക്രൂശിലെ തീവ്രവേദനകള്‍ക്കു മധ്യേ നിനക്കുവേണ്ടി മരിക്കുകയും ചെയ്തു. ഓ കുലീനയായ രാജ്ഞീ അങ്ങയെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് അങ്ങയെ വീക്ഷിക്കുക, അങ്ങയെ പരിഗണിക്കുക, അങ്ങയെ ധ്യാനിക്കുക'.

 

ദിവ്യകാരുണ്യസന്നിധിയില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നത് ക്ലാരക്ക് വലിയ ആനന്ദമായിരുന്നു. 'തന്‍റെ ദിവ്യമണവാളന്‍റെ സവിധത്തിലേക്ക് വലിച്ചടുപ്പിക്കുന്ന അനുഭവം'. അതാണ് ക്ലാരയുടെ അവസ്ഥ. പരിശുദ്ധ കുര്‍ബാന അടക്കം ചെയ്ത അരുളിക്ക വഹിച്ചുകൊണ്ടു നില്ക്കുന്ന വി. ക്ലാരയുടെ ചിത്രം നാം സാധാരണ കാണാറുള്ളതാണ്. സാന്‍ഡാമിയാനോ ആക്രമിക്കാനായെത്തിയ സാരസന്മാരെ ക്ലാര അവളുടെ വി. കുര്‍ബാനയിലുള്ള വിശ്വാസത്തിന്‍റെ ശക്തികൊണ്ട്  തുരത്തി എന്നതാണ് ഇതു സൂചിപ്പിക്കുന്നത്.

തന്‍റെ ദയാനാഥനായ ഈശോയുടെ പ്രതിച്ഛായ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ സമര്‍പ്പിതയാണ് ക്ലാര. ദൈവവുമായുള്ള ഐക്യത്തില്‍ എത്തിയപ്പോള്‍ തന്‍റെ വ്യക്തിബന്ധത്തിന്‍റെ ആഴം ലോകത്തിനുവേണ്ടി മാധ്യസ്ഥ്യം വഹിച്ച് വെളിപ്പെടുത്തി. നീണ്ട വര്‍ഷങ്ങള്‍ ആവൃതിക്കുള്ളില്‍ മാത്രം ജീവിച്ച് തന്‍റെ പ്രേഷിതവൃത്തി പ്രകടമാക്കി. അസ്സീസി നഗരത്തെ ശത്രുക്കളില്‍ നിന്നു മോചിപ്പിച്ച്, കാറ്റില്‍ തകര്‍ന്നടിയാന്‍ തുടങ്ങിയ കപ്പലില്‍ നിന്ന് ഫിലിപ്പ് അഗസ്റ്റസ് രാജാവിനെ രക്ഷിച്ച് അസ്സീസിയില്‍ പരസ്പരം പിരിഞ്ഞ് താമസിച്ചിരുന്ന പീയെത്രോയേയും ഭാര്യയെയും ഒരുമിപ്പിച്ച് കുരിശടയാളം വരച്ച് അനേകര്‍ക്കു രോഗസൗഖ്യം നല്‍കി, അപ്പം വര്‍ദ്ധിപ്പിച്ച് തന്‍റെ സഹോദരങ്ങളെ തീറ്റിപ്പോറ്റി. അങ്ങനെ അനേകം അത്ഭുതങ്ങളിലൂടെ ക്ലാരയെ ലോകം അറിഞ്ഞു.

സാഹോദര്യത്തിന്‍റെ ആത്മസംതൃപ്തിയില്‍

സാന്‍ഡാമിയാനോ പുതുക്കിപണിയുന്ന വേളയില്‍ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായി വി. ഫ്രാന്‍സീസ് വിളിച്ചു പറഞ്ഞ വാക്കുകള്‍, 'തങ്ങളുടെ ജീവിത വിശുദ്ധിയാലും അര്‍പ്പണത്താലും ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു ഗണം സന്യാസിനികളുടെ വസതിയായിത്തീീരും സാന്‍ഡാമിയാനോ, എന്നത് ക്ലാരയുടെ ജീവിതത്തിലൂടെ അന്വര്‍ത്ഥമായി.

ദിവ്യകാരുണ്യത്തിലെ ഈശോ തന്നോടുകാണിക്കുന്ന കാരുണ്യം തിരിച്ചറിഞ്ഞ ക്ലാര കരുണയുടെ സുവിശേഷം തന്‍റെ സഹോദരങ്ങള്‍ക്ക് പകര്‍ന്നു നല്‍കി. പ്രോത്സാഹിപ്പിക്കുന്ന, വളര്‍ത്തുന്ന, സംരക്ഷിക്കുന്ന, കരുതലിന്‍റെ പ്രതീകമായി സമൂഹത്തില്‍ ജീവിച്ചു. പരസ്പരം ഭാരംവഹിച്ചും, ആശ്വസിപ്പിച്ചും, സഹനംവഴിയും, സമൂഹജീവിതം ധന്യമാക്കി. ഫ്രാന്‍സീസിന്‍റെ ചെറുചെടിയായ ക്ലാര ഫ്രാന്‍സിസ്കന്‍ സാഹോദര്യത്തിന്‍റെ പ്രതീകമായി. വ്യക്തികളുടെ കഴിവിനേക്കാള്‍ വ്യക്തിബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. സഭയിലും ലോകത്തിലും തങ്ങളുടെ ജീവിതം മാതൃകാപരമായിരിക്കണമെന്ന് ആഗ്രഹിച്ചു. സഹോദരസ്നേഹത്തെ തടസ്സപ്പെടുത്തുന്ന സ്വാര്‍ത്ഥത, അഹങ്കാരം, അസൂയ, ആത്മപ്രശംസ ഇവ സമൂഹത്തില്‍ നിന്ന് പിഴുതുമാറ്റി, പകരം വിനയം, ഉപവി, ഹൃദയസ്വാതന്ത്ര്യം, തുല്യത, സഹോദരസ്നേഹം തുടങ്ങിയ സുകൃതങ്ങള്‍ക്കൊണ്ടു നിറച്ചു. ഫ്രാന്‍സീസ് നല്‍കിയ ഉപദേശം 'പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഒരു കുടുംബത്തിലെ അംഗങ്ങളുടെതുപോലെ പെരുമാറാന്‍, ഉള്ളിലെ സ്നേഹം പ്രവൃത്തികളിലൂടെ പ്രകടമാക്കാന്‍ തെറ്റുകള്‍ ക്ഷമയോടെ തിരുത്താന്‍' ക്ലാരയും സഹോദരിമാരും ശ്രദ്ധിച്ചു.

ആഗ്നസിനുള്ള കത്തു മുഴുവന്‍ ക്ലാരക്ക് ആഗ്നസിനോടുള്ള സ്നേഹത്തിന്‍റെ പ്രകാശനമാണ്, മാതൃവാത്സല്യത്തിന്‍റെ പ്രതീകമാണ്. ഒരിക്കലും പരസ്പരം കണ്ടുമുട്ടാത്ത രണ്ടു വ്യക്തികള്‍ തമമിലുള്ള ആത്മബന്ധം വിശുദ്ധിയും പരിമളം പരത്തുന്നതുമായി മാറുന്നു. അധികാരാധീനബന്ധം പൊതുവേ പ്രശ്നസങ്കീര്‍ണ്ണമാണ്. ഫ്രാന്‍സിസ്കന്‍ പാരമ്പര്യമനുസരിച്ച് തന്‍റെ സഹോദരന്മാരെല്ലാം നിസ്സാര സഹോദരന്മാരായിരിക്കണമെന്ന് ഫ്രാന്‍സീസിന് നിര്‍ബന്ധമുണ്ടായിരുന്നു. ക്ലാര തന്‍റെ ആത്മീയ പിതാവിനെ അക്ഷരാര്‍ത്ഥത്തില്‍ അനുകരിച്ചു.

അധികാരിയുടെ നേതൃപാടവവും അമ്മയുടെ കരുതലുള്ള സ്നേഹവും ദാസിയുടെ വിനീത ഭാവവും ക്ലാരയില്‍ ദര്‍ശിക്കാം. സഹോദരങ്ങളെ ദൈവത്തിന്‍റെ ദാനമായി കണ്ടു. പ്രാര്‍ത്ഥനക്ക് ആദ്യം പള്ളിയില്‍ എത്തുക, പരിഹാരകൃത്യങ്ങള്‍ ചെയ്യുക, സഹോദരങ്ങളെ അംഗീകരിക്കുക, ബഹുമാനിക്കുക, സ്വാതന്ത്ര്യം നല്‍കുക, അനുസരിക്കുന്നതില്‍ മാതൃകയായിരിക്കുക, സഹോദരങ്ങളുടെ വളര്‍ച്ചയില്‍ സന്തോഷിക്കുക, അവരെ വിശുദ്ധിയിലേക്കു നയിക്കുക തുടങ്ങിയവ ക്ലാരയുടെ ജീവിതത്തിന്‍റെ പ്രത്യേകതകള്‍ ആണ്. രോഗികളോട് കരുണയും സ്നേഹവും പ്രകടിപ്പിക്കയും രോഗത്തിന്‍റെ വിഷമതകള്‍ അനുഭവിക്കുന്നവരെ പ്രാര്‍ത്ഥനവഴി ശക്തിപ്പെടുത്തുകയും സുഖപ്പെടുത്തുകയും ചെയ്തതായി ചരിത്രം സാക്ഷിക്കുന്നു.

വി. ക്ലാരയുടെ ജീവിതത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ നമുക്ക് നമ്മിലേക്കുതന്നെ തിരിഞ്ഞുനോട്ടവും,  തിരിച്ചറിവും,  തിരുത്തിക്കുറിക്കലും അനിവാര്യമല്ലേ എന്ന് തോന്നിപ്പോകുകയാണ്. ഈ കാലഘട്ടത്തില്‍ പ്രത്യാശപോലും നശിച്ച് വലിയ ഗര്‍ത്തത്തിന്‍റെ നടുവില്‍ നില്ക്കുന്നതുപോലെ തോന്നുമ്പോള്‍, എപ്പോള്‍ വേണമെങ്കിലും ആ ഗര്‍ത്തത്തിലേക്കു വീണ് ജീവിതം തീര്‍ന്നുപോകാം എന്നു ചിന്തിച്ച് നിരാശയില്‍ കഴിയുമ്പോള്‍, തന്നെ ആരെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ചിന്തിക്കുമ്പോള്‍ ഏശയ്യാ 30/21 വചനം നമുക്ക് ഓര്‍ക്കാം. നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്‍റെ കാതുകള്‍ പിന്നില്‍ നിന്ന് ഒരു സ്വരം ശ്രവിക്കും. ഇതാണു വഴി ഇതിലെ പോകുക. നമുക്കു വഴി കാണിച്ചു തന്ന ഈശോ, കുരിശു മരണത്തിലൂടെ രക്ഷ നല്‍കിയ ഈശോ, നമുക്കു മുമ്പേ ജീവിച്ച് കടന്നുപോയ നിരവധി വിശുദ്ധര്‍, വി. ഫ്രാന്‍സീസ്, വി. ക്ലാര എല്ലാം നമ്മുടെ മുമ്പില്‍ മാതൃകകളായി നിലകൊള്ളുന്നു. ഇന്ന് കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സ്വന്തം കഴിവിലേക്കു നോക്കി അഹങ്കരിക്കുമ്പോള്‍, ലോകം വച്ചുനീട്ടുന്ന സുഖസന്തോഷങ്ങളുടെ പിന്നാലെ പരക്കം പായുമ്പോള്‍ ഒരു നിമിഷം നില്ക്കാം... ചിന്തിക്കാം... ഈ ജീവിതത്തിനപ്പുറം ഒരു ജീവിതമുണ്ട്. അവിടേക്ക് എത്തിച്ചേരാന്‍ ക്ലാരയെപ്പോലുള്ള വിശുദ്ധാത്മാക്കളുടെ ജീവിതം എന്നും മാര്‍ഗദീപവും പ്രചോദനവുമാകട്ടെ.

You can share this post!

"പാരതന്ത്ര്യം മാനികള്‍ക്കു..."

ചാക്കോ സി. പൊരിയത്ത്
അടുത്ത രചന

ക്രിസ്തുവിന്‍റെ ഛായ പതിഞ്ഞ കണ്ണാടി

ജോര്‍ജ്ജ് വലിയപാടത്ത്
Related Posts