പഞ്ചപവിത്രക്ഷതവാന്‍ ഫ്രാന്‍സീസ് ഉന്നതസിദ്ധികളാല്‍
പഞ്ചമഹീതലഖണ്ഡങ്ങളിലും കീര്‍ത്തിതനാദ്യതനും
സഞ്ചിതവിനയവിശിഷ്ഠഗുണത്താല്‍ ഭൂഷിതനെങ്ങനെയീ
പഞ്ചക്ഷതമുണ്ടായി? വിരോധികളവനെ ക്രൂശിച്ചോ?
ചിമ്മക്കണ്ണുതുറന്നപ്പോളതു ക്രൂശിതനേയത്രേ
കാണ്മതുമുമ്പില്‍, കാല്‍വരിമലയിലെ രക്ഷകനേശുവിനേ
അത്ഭുതഭക്തി വികാരപരമ്പരയകമേയലടിയായ്
അപ്രതികര്‍മ്മാവങ്ങനെതന്നെ നിശ്ചലനായ് നിന്നു
ഉഗ്രമരീചികള്‍ ചീറിപ്പാഞ്ഞു ക്രൂശിതനില്‍ നിന്നും
ശീഘ്രമണഞ്ഞു തറച്ചവ ദിവ്യനിലമ്പുകളെപ്പോലെ
സ്വര്‍ഗ്ഗനിവാസികളാനന്ദത്താല്‍ പുളകിതരാകുകയോ
സുഗ്രാഹ്യവുമല്ലവിടെ നടന്നു മഹാസംഭവമെല്ലാം
('അല്‍വേര്‍ണ്ണയിലെ അത്ഭുതം' -റവ. സി. മേരി ബനീഞ്ഞ)
വിശുദ്ധ ഗ്രന്ഥത്തില്‍: വി. പൗലോസ് ഗലാത്തിയായിലെ ജനങ്ങള്‍ക്ക് എഴുതിയ ലേഖനം 6:17 ഇപ്രകാരമാണ്.
"ഇനിമേല്‍ ആരും എന്നെ ബുദ്ധിമുട്ടിക്കരുത്. എന്തെന്നാല്‍ ഞാന്‍ എന്‍റെ ശരീരത്തില്‍ യേശുവിന്‍റെ അടയാളങ്ങള്‍ ധരിക്കുന്നു".
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തില്‍: 'സ്റ്റിഗ്മാറ്റ'യെക്കുറിച്ച് പ്രത്യേകമായി ഒന്നും പറയുന്നില്ല എങ്കിലും 2014, 2015 ഭാഗങ്ങളില്‍ പരോക്ഷമായി പ്രതിപാദിച്ചിട്ടുണ്ട്. "ആധ്യാത്മിക പുരോഗതി ക്രിസ്തുവുമായുള്ള പൂര്‍വാധികം ഗാഢമായ ഐക്യത്തിലേക്കു നയിക്കുന്നു. ഈ ഐക്യത്തെ 'രഹസ്യാത്മകം' (Mystical) എന്നു വിശേഷിപ്പിക്കുന്നു... തന്നോടുള്ള ഗാഢമായ ഐക്യത്തിലേക്ക് ദൈവം നമ്മെ എല്ലാവരേയും വിളിക്കുന്നു. എന്നാല്‍ ഈ രഹസ്യാത്മക ജീവിതത്തിന്‍റെ പ്രത്യേക കൃപകള്‍ അഥവാ അസാധാരണ അടയാളങ്ങള്‍ ചിലര്‍ക്കുമാത്രം നല്‍കപ്പെടുന്നു (2014). പരിപൂര്‍ണ്ണതയുടെ വഴി കുരിശിലൂടെയാണു കടന്നുപോകുന്നത്. പരിത്യാഗവും ആധ്യാത്മിക സമരവും ഇല്ലാതെ വിശുദ്ധിയില്ല (2015).
'കുരിശിന്‍റെ വഴി'യുടെ പ്രാര്‍ത്ഥനയില്‍ നമ്മള്‍ പല ആവര്‍ത്തി ചൊല്ലുന്നതാണ് "കര്‍ത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ ക്രൂശിതനായ കര്‍ത്താവിന്‍റെ തിരുമുറിവുകള്‍ എന്‍റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ".
എന്താണ് സ്റ്റിഗ്മാറ്റ?
ദൈവശാസ്ത്രപരമായി പറഞ്ഞാല്‍: ക്രിസ്തുവിന്‍റെ പീഡാസഹനത്തിന്‍റെയും കുരിശുമരണത്തിന്‍റെതുമായ ശാരീരിക പാടുകള്‍ ഒരു വ്യക്തിയില്‍ അവലംബിക്കുന്ന മിസ്റ്റിക് അനുഭവമാണ് സ്റ്റിഗ്മാറ്റ. ഇത് പുറമെ കാണുന്നതോ അല്ലാത്തതോ ആയിരിക്കാം. ഇരു കാലുകളിലും, കൈകളിലും ശരീരത്തിന്‍റെ പാര്‍ശ്വത്തിലും, തലയിലും, ശരീരത്തിന്‍റെ പുറത്തും, തോളിലും ഏല്‍ക്കുന്ന മുറിവുകളാകാം.
'പഞ്ചക്ഷതം' എന്ന മലയാളം തര്‍ജമ അഞ്ചുമുറിവുകളെ മാത്രമാണ് സൂചിപ്പിക്കുന്നത് എന്നതിനാല്‍ സ്റ്റിഗ്മാറ്റ എന്ന വാക്കിന്‍റെ മലയാളമായി മറ്റൊരു വാക്ക് വേണ്ടിയിരിക്കുന്നു. സ്റ്റിഗ്മാറ്റ (Stigmata) എന്ന ഇംഗ്ലീഷ് വാക്ക്, ഗ്രീക്കില്‍ നിന്നുള്ള അതേ വാക്കില്‍ നിന്നാണ് കടമെടുത്തിരിക്കുന്നത്. ഗ്രീക്കില്‍ ഇതിന് പാട് (mark) അടയാളം (brand) എന്നിങ്ങനെയാണ് അര്‍ത്ഥം.
വിശ്വാസത്തിന്‍റെ വീക്ഷണത്തില്‍ നോക്കുമ്പോള്‍ സ്റ്റിഗ്മാറ്റ ഒരു ദൈവിക ദാനമാണ്. തന്നെ വിശ്വസിച്ച് തന്‍റെ സഹനങ്ങള്‍ ഹൃദയത്തില്‍ സംഗ്രഹിക്കുന്നവര്‍ക്ക് അവിടുന്ന് നല്‍കുന്ന ദാനം. ശാസ്ത്രീയമായ വീക്ഷണത്തില്‍ ഇത് വ്യക്തികള്‍ സ്വയമേ ഉണ്ടാക്കുന്നതോ, ഹിസ്റ്റീരിയ, സ്കിസോഫ്രേനിയ, സൈക്കോസിസ് (Hysteria, Schizophrenia, Psychosis) എന്നിവ മൂലമോ ശരീരത്തില്‍ കുഷ്ഠം (Leprosy) കാല്‍സിയം മെഗ്നീഷ്യം, അയണ്‍ ഇവയുടെ കുറവ് എന്നീ അസുഖം മൂലമോ ഉണ്ടാവുന്നത് ആകാം.
ഫ്രാന്‍സീസിന്‍റെ കാലത്തിന് മുമ്പും സ്റ്റിഗ്മാറ്റ ദേഹത്തില്‍ ഏറ്റുവാങ്ങിയവര്‍ ഉണ്ടായിരുന്നു എന്നാണ് സൂക്ഷ്മനിരീക്ഷണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇതിനെപ്പറ്റി ഒരുപാട് രചനകള്‍ തന്നെയുണ്ട്. എന്നാല്‍ ഇവ ഒരു മിസ്റ്റിക് പ്രതിഭാസമാണോ അതോ സ്വയമേ ഉണ്ടാക്കിയതാണോ എന്ന് എടുത്തു പറയുക പ്രയാസമാണ്.
ഫ്രാന്‍സീസിന്‍റെ സ്റ്റിഗ്മാറ്റയാണ് ഏറ്റവും അധികം പഠനവിഷയം ആക്കിയിട്ടുള്ളത്. തുടര്‍ന്ന് തിരുസഭ അംഗീകരിച്ചിട്ടുള്ള വളരെ ഏറെ വിശുദ്ധര്‍ യേശുവിന്‍റെ പീഡാസഹനത്തിന്‍റെ മുറിവുകള്‍ ശരീരത്തില്‍ വഹിച്ചിട്ടുണ്ട്.
വി. ഫ്രാന്‍സീസിന് ഉണ്ടായ മിസ്റ്റിക് അനുഭവം ആദ്യകാലങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നത്:
1)വികാര്‍ ജനറല്‍ (Vicar General) ആയിരുന്ന ബ്ര. എലയാസ് ഫ്രാന്‍സീസിന്‍റെ മരണശേഷം ഫ്രാന്‍സിസ്കന്‍ സഭയ്ക്കായി എഴുതിയിട്ടുള്ള എഴുത്ത് (1226).
2) സലാനോയിലെ തോമസ്സിന്‍റെ "ഫ്രാന്‍സീസിന്‍റെ ജീവിതം" എന്ന ആദ്യരചന. പരി. പിതാവ് ഗ്രിഗറി നവമന്‍ (Gregory IX) നിര്‍ദ്ദേശിച്ചതു പ്രകാരമായിരിക്കണം തോമസ് ഇത് എഴുതിയത് എന്ന് കരുതിപ്പോരുന്നു (1229-ലോ, മെയ് 25 1230-ലോ ആകാം ഇത് എഴുതി തീര്‍ന്നിരിക്കുന്നത്).
3) ഫ്രാന്‍സീസ് എഴുതിയ ദൈവ സ്തുതികള്‍ ഒരു വശത്തും, ലിയോ സഹോദരന് ഉള്ള അനുഗ്രഹം മറുവശത്തും ആയിട്ടുള്ള തുകലില്‍ ലിയോ സഹോദരന്‍ കൂട്ടി ചേര്‍ത്തിട്ടുള്ള ഭാഗങ്ങളില്‍ ഫ്രാന്‍സീസ് സഹോദരന്‍ "തന്‍റെ ശരീരത്തില്‍ ക്രിസ്തുവിന്‍റെ സഹനം ഏറ്റുവാങ്ങിയ ശേഷം തനിക്കായി എഴുതി തന്നിരിക്കുന്ന" എന്ന് പ്രത്യേകം ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു (1224).
4) വി. ബൊനവെഞ്ചര്‍ രചിച്ച ഫ്രാന്‍സീസ് അസ്സീസിയുടെ ജീവചരിത്രമായ 'മേജര്‍ ലെജന്‍റ്' (Major Legend) എന്ന ഗ്രന്ഥം, എന്നിവ ഇവയില്‍ ചിലത് മാത്രമാണ്.
1223, 1224 വര്‍ഷങ്ങളില്‍ തന്‍റെ തന്നെ എളിയ സഹോദരര്‍ക്കിടയില്‍ ഉള്ള ഒരുപാട് പ്രശ്നങ്ങള്‍ ഫ്രാന്‍സീസിനെ കുറച്ച് അല്ല തളര്‍ത്തിയത്. ഇതിനാല്‍ത്തന്നെ എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുമാറി ജീവിക്കാന്‍ നമ്മളെയൊക്കെപ്പോലെ ഫ്രാന്‍സീസ് ആഗ്രഹിച്ചിരുന്നിരിക്കണം. എന്തുകൊണ്ട് ലാ-വേര്‍ണ (Laverna) തിരഞ്ഞെടുത്തു എന്ന് അറിയില്ല! കാര്‍ചെറി, ഫോന്തെ കൊളമ്പോ, മോന്തെ കസാലെ(Carceri, Fonte Colombo, Sacro Speco, Isola Meggiore, Le Celle, Monte Casale) എന്നിങ്ങനെ ഫ്രാന്‍സീസ് പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിച്ചിരുന്ന ഒരുപാട് സ്ഥലങ്ങള്‍ ഉണ്ടായിട്ടും!
1213 ല്‍ ഫ്രാന്‍സീസ്, ലിയോ സഹോദരനൊപ്പം മോന്തെഫെല്‍തെറോണ (Montefeltrona) എന്ന പ്രദേശത്തുകൂടെ യാത്ര ചെയ്യവേ അവിടെ അടുത്തുള്ള സാന്‍ ലിയോണെ (San Leone) എന്ന കോട്ടയില്‍ വലിയ ഒരു ആഘോഷം നടക്കുന്നതായി അറിഞ്ഞു. ആര്‍ക്കോ മാടമ്പി സ്ഥാനം നല്കുന്ന ചടങ്ങായിരുന്നു അത്. ദൈവസ്നേഹം, ജീവിതത്തിലും വാക്കിലും ഒരു ഗീതമായി കൊണ്ടു നടന്നിരുന്ന ഫ്രാന്‍സീസ് വിശുദ്ധ ഗ്രന്ഥം പ്രഘോഷിക്കുന്നതിനായി ആ അവസരം ഉപയോഗിച്ചു. കേള്‍വിക്കാരില്‍ ഒരാള്‍ കാസെന്‍റിനൊ (Casentino) യിലെ ചിയൂസി (Chiusi) എന്ന സ്ഥലത്തെ പ്രഭുവായിരുന്ന ഒര്‍ലാണ്ടോ കത്താനി (Orlando Catani) ആയിരുന്നു. ഫ്രാന്‍സീസുമായി സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍, ടസ്കനി (Tuscany) യില്‍ സ്ഥിതി ചെയ്യുന്ന നാലായിരം അടി സമതലത്തിനു മുകളിലുള്ള ലാ വേര്‍ണ എന്ന മല (ഇറ്റാലിയന്‍ ഭാഷയില്‍ Alverna) ഫ്രാന്‍സീസിന് സമ്മാനിക്കുകയുണ്ടായി. വി. മിഖായേല്‍ മാലാഖയുടെ ബഹുമാനാര്‍ത്ഥം നോമ്പ് ആചരിക്കുന്ന പതിവ് ഫ്രാന്‍സീസിന് ഉണ്ടായിരുന്നു. മാതാവിന്‍റെ സ്വാര്‍ഗാരോപണം (ആഗസ്റ്റ് 15) മുതല്‍ മാലാഖയുടെ തിരുന്നാള്‍ ദിവസം (സെപ്റ്റംബര്‍ 29) വരെ ആയിരുന്നു അത്. ലിയോ സഹോദരനോടൊപ്പം, മാസ്സിയോ, റുഫീനോ, ആഞ്ചലോ, ഇല്യുമിനാറ്റോ എന്നിവരും 1224 ല്‍ ഫ്രാന്‍സീസിനെ ലാവേര്‍ണയിലേക്ക് അനുഗമിച്ചിരുന്നു.
ലാ വേര്‍ണയിലെ ഫ്രാന്‍സിസ്കന്‍ അനുഭവം വി. ബൊനവെഞ്ചര്‍ രചിച്ച 'ദ മേജര്‍ ലജന്‍റ്'("The Major Legend') ല്‍ വളരെ വ്യക്തമായി വരച്ചു കാണിക്കുന്നു. (ഈ ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷ റവ. ഫാ. ജോസ് പീറ്റര്‍ പൊന്നൂര്‍ OFM Cap.. 'സ്നേഹോപാസകന്‍' എന്ന പേരില്‍ രചിച്ചിട്ടുണ്ട്).
1224-2024: ഫ്രാന്‍സിസ്കന്‍ സ്റ്റിഗ്മാറ്റയുടെ 800-ാം വര്‍ഷം
പോപ് ഫ്രാന്‍സിസ് ഏപ്രില്‍ 5 ന് റോമില്‍ ക്ലമന്‍റയിന്‍ ഹാളില്‍ (Clementine Hall) ലാവേര്‍ണയില്‍ നിന്നുള്ള ഫ്രാന്‍സിസ്കന്‍ സഹോദരന്മാരുമായി കൂടിക്കാഴ്ച നടത്തി.
സ്റ്റിഗ്മാറ്റ നമ്മള്‍ക്കു നല്‍കുന്ന പാഠങ്ങള്‍
-തന്‍റെ സഹോദരുടെ ചുറ്റിലുള്ളവരുടെ വേദനയില്‍ പങ്കാളികളാകുവാന്‍ ക്രിസ്തുവിനെ അനുകരിച്ച ഫ്രാന്‍സീസ് നമ്മുടെ മാതൃകയാണ്.
-രോഗികളിലും പാവങ്ങളിലും ക്രിസ്തുവിന്‍റെ പീഡാനുഭവം ദര്‍ശിക്കുവാനും അവരോടൊപ്പം പങ്കുചേരാന്‍
- നമ്മുടെ ശരീരത്തിലെ ഓരോ ഭാഗത്തിലും ക്രിസ്തു സഹനം ഏറ്റെടുത്ത് യുദ്ധത്തിന്‍റെ കെടുതികള്‍ അനുഭവിക്കുന്നവരിലും അഭയാര്‍ത്ഥിയിലും ക്രൂശിതനെ ദര്‍ശിക്കണം.
-ക്രിസ്ത്യാനി എന്ന നിലയില്‍ മറ്റുള്ളവരിലെ മുറിവുകള്‍/അസമത്വം/ നീതിരാഹിത്യം എന്നിവ വഴി, അവരിലെ സ്റ്റിഗ്മാറ്റ നാം ദര്‍ശിക്കണം. അവര്‍ക്ക് തണലാകണം. വേദന കുറയ്ക്കാന്‍ കഴിയണം.
-സ്റ്റിഗ്മാറ്റ ക്രിസ്തുവിന്‍റെ സൗഖ്യദായക ശുശ്രൂഷയില്‍ പങ്കുകാരാകാന്‍ നമ്മെ വിളിക്കുന്നു.
-ക്രൂശിതന്‍റെ മുറിവില്‍ നിന്ന് പുതുജീവന്‍ ഉടലെടുക്കുന്നു. അത് പ്രകാശം പരത്തുന്നു, വിശുദ്ധീകരിക്കുന്നു; സര്‍വതിനെയും പവിത്രമാക്കുന്നു.
ഫ്രാന്‍സീസ് മാര്‍പാപ്പ, സ്റ്റിഗ്മാറ്റയുടെ 800-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഫ്രാന്‍സിസ്കന്‍ സഹോദരന്മാര്‍ക്കായുള്ള എഴുത്ത് അവസാനിക്കുന്നത് താഴെ കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥനയോടെയാണ്.
"സ്നേഹത്താല്‍ മുറിവേല്‍ക്കുകയും, ആത്മാവിലും ശരീരത്തിലും ക്രൂശിക്കപ്പെടുകയും ചെയ്ത വി. ഫ്രാന്‍സീസേ, സ്റ്റിഗ്മാറ്റയില്‍ അലംകൃതനായ അങ്ങ്, അങ്ങയുടെ സ്നേഹത്താല്‍ എന്നപോലെ കര്‍ത്താവായ യേശുവിനെയും സഹോദരി സഹോദരന്മാരെയും സ്നേഹിക്കാന്‍ നിന്നില്‍ ഞങ്ങള്‍ അഭയം തേടുന്നു.
നിന്നോടൊപ്പം ദരിദ്രനും ക്രൂശിതനുമായ ക്രിസ്തുവിനെ ധ്യാനിക്കുക (Contemplate) എളുപ്പമാണ്.
ഫ്രാന്‍സീസേ നിന്‍റെ വിശ്വാസത്തിന്‍റെ പുതുമയും, നിന്‍റെ പ്രത്യാശയുടെ ഉറപ്പും, നിന്‍റെ സ്നേഹത്തിന്‍റെ മൃദുലതയും ഞങ്ങള്‍ക്കു നല്കണമേ. ഞങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ. എങ്കില്‍ ജീവിതഭാരം മധുരമുള്ളതായിത്തീരാനും, പരീക്ഷണങ്ങളില്‍ പിതാവായ ദൈവത്തിന്‍റെ മൃദുലതയും പരിശുദ്ധാത്മാവിന്‍റെ ലേപനവും ഞങ്ങള്‍ക്ക് ലഭിക്കുമാറാകട്ടെ...
ഫ്രാന്‍സീസേ, ക്രൂശിതന് അനുരൂപനായവനെ! നിന്‍റെ സ്റ്റിഗ്മാറ്റ ഞങ്ങള്‍ക്കും ലോകം മുഴുവനും ജീവന്‍റെയും ഉയിര്‍പ്പിന്‍റെയും പുതിയ സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും അടയാളമായി തിളങ്ങട്ടെ. ആമ്മേന്‍."
******
സ്റ്റിഗ്മാറ്റയേക്കുറിച്ചുള്ള പഠനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കുറെ ചോദ്യങ്ങള്‍ ബാക്കി വയ്ക്കുന്നു.
റോമാക്കാര്‍ യേശുവിന്‍റെ കാലത്ത് "Tau' ആകൃതിയിലുള്ള കുരിശുകളാണ് ഉപയോഗിച്ചിരുന്നത്; കൈകള്‍ തറച്ചിരുന്ന മരത്തെ‘Patibulum’ എന്നാണ് പറയുക. ഭൂമിയില്‍ കുഴീല്‍ ഉറപ്പിക്കുന്ന ഭാഗം. ‘Sedile’ ആണ്. കുരിശില്‍ തറയ്ക്കപ്പെടാന്‍ പോകുന്ന വ്യക്തി ഇരു കൈകളിലുമായി Patibulum ആണ് താങ്ങി നടക്കുന്നത്. ഒരു മുഴുവന്‍ കുരിശും താങ്ങാന്‍, ചമ്മട്ടിയടി ഏല്‍ക്കുന്ന വ്യക്തികള്‍ക്ക് സാധ്യമായിരുന്നില്ല.
ഇരു കൈകളും കുരിശില്‍ തറച്ചിരുന്നത് കൈപ്പത്തിക്കു താഴെ (wrist joint) ആണികള്‍ അടിച്ചായിരുന്നു. ഉള്ളം കൈയില്‍ ആണികള്‍ തറച്ചാല്‍ കൈകള്‍ കീറി പോന്നേക്കാം എന്നതിനാലാണ് അത്!... ഇത് ഒരുപാട് ചോദ്യങ്ങള്‍ സ്റ്റിഗ്മാറ്റയുടെ പഠനത്തിലേക്ക് കൊണ്ടുവരുന്നു.
സ്റ്റിഗ്മാറ്റ ഒരു ദൈവദാനമാണ്, ഒരു മിസ്റ്റിക് അനുഭവം. വിശ്വാസത്തിന്‍റെ ദൃഷ്ടിയില്‍ മാത്രമേ അവ നമുക്ക് അനുഭവപ്പെടുകയോ മനസ്സിലാക്കാന്‍ സാധിക്കുകയോ ചെയ്യുകയുള്ളു.
മുകളില്‍ കുറിച്ചിരിക്കുന്ന കുരിശിന്‍റെ വഴിയിലെ പ്രാര്‍ത്ഥന ഒരിക്കല്‍ക്കൂടി അല്‍പം മാറ്റത്തോടെ ചേര്‍ക്കുന്നു... "ക്രൂശിതനായ കര്‍ത്താവിന്‍റെ തിരുമുറിവുകളെ എന്‍റെ ശരീരത്തിലും ഹൃദയത്തിലും പതിപ്പിച്ചുറപ്പിക്കണമേ".
***
Dr. Carla Salvati PhD ചെയ്തിരിക്കുന്നത് The Relics of the “Stigmata” of St. Francis എന്ന വിഷയത്തിലാണ്.
-"The Stigmata of St. Francis of Assisi': A critical Investigation in the Light of Thirteenth Century Sources by Rev. Fr. Octavian Schmuki OFM Cap. ഒരു വലിയ പഠനമാണ്. കുറെ ഉത്തരങ്ങളും അതിലും അധികം ചോദ്യങ്ങളും ഈ പുസ്തകം നമുക്ക് നല്കുന്നു.
Francis the Leper-Faith, Medicine, Theology and Science ഒരു നഴ്സായ Joarne Schatzlenjo, ഡോക്ടറായ David P. Sulmaruy യും രചിച്ചിട്ടുള്ളതാണ്. സ്റ്റിഗ്മാറ്റയുടെ ഒരു മെഡിക്കല്‍ അവലോകനമാണ് ഈ പുസ്തകം. തന്‍റെ മരണ സമയത്തോട് അടുത്ത് 1222 മുതല്‍ ഫ്രാന്‍സീസില്‍ കുഷ്ഠരോഗത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു എന്ന് അവര്‍ സ്ഥാപിക്കുന്നു.