നാട്ടിലെ വിശേഷങ്ങളെല്ലാം മോശമാകുമ്പോള്‍ മനുഷ്യന്‍ നല്ല വാര്‍ത്തകള്‍ സ്വപ്നം കാണും. അനുദിന കഥ കഷ്ടനഷ്ടങ്ങളുടേത് ആകുമ്പോള്‍ നല്ല കഥകള്‍ കെട്ടിയുണ്ടാക്കും. നല്ല കഥകള്‍ നാട്ടിലില്ലാതാകുമ്പോള്‍ നല്ല കഥകളുടെ നാട് കല്പിച്ചുണ്ടാക്കും. ഇങ്ങനെ കഥ പറയുന്നവര്‍ പ്രവാചകരാണ്, കവികളാണ്. ഈ കഥകളൊക്കെ പ്രവാചകന്മാര്‍ കണ്ട വെളിപാടുകളാണ്. കഷ്ടകാലത്തെ മറികടക്കാന്‍ മനുഷ്യന്‍ നല്ലകാലം സങ്കല്പിക്കും. നല്ല ഭാവി സ്വപ്നമാക്കും. ഈ സ്വപ്നഭൂമി എവിടെയാണ്? ഇത് ഇന്ന് ഇവിടെയല്ല, നാളെ മറ്റൊരു ലോകത്തില്‍, അവിടെയാണ് രാമരാജ്യവും, പറുദീസായും, മാവേലിനാടും എല്ലാം ഉള്ളത്. നല്ലകഥയുടെ നാടിനെ സ്വപ്നം കാണാന്‍ പറയുന്നവര്‍ കവികളാണ്, പ്രവാചകരാണ്. അവര്‍ ഇല്ലാത്തത് ഉണ്ടാക്കുന്നു. പായസമില്ലാതാകുകയും, അതിന് വഴിയില്ലാതാകുകയും ചെയ്യുമ്പോള്‍ മനഃപായസമുണ്ണാന്‍ കഴിയണമല്ലോ!
മനുഷ്യന്‍ വേരുകള്‍ മറന്നുകൊണ്ട് യാന്ത്രകമായി പായുന്നു. ഈ വേഗപാച്ചിലില്‍ നഷ്ടപ്പെട്ടുപോയ ഗ്രാമീണ ജീവിതത്തിന്‍റേയും നാട്ടുനന്മകളുടേയും വെളിച്ചം വീണ്ടെടുക്കുന്ന ദേശീയോത്സവമാണ് ഓണം. ഏതൊരു ജനതയ്ക്കും ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലായ്മയുടെ, സങ്കടങ്ങളുടെ, കടല്‍ താണ്ടികടക്കാന്‍ മുന്നില്‍ തെളിയുന്ന വിളക്കുമാടങ്ങളാണ്. മാവേലിനാടിന്‍റെ ഓര്‍മ്മകളെ സജീവമാക്കുന്ന കാലമാണ് ഓണക്കാലം. ഓണം മലയാളിക്ക് വറ്റാത്ത ഇന്ധനത്തിന്‍റെ ഉറവയാണ്. നീലാകാശത്തിനു കീഴെ മനംനിറഞ്ഞു ചിരിക്കുന്ന മഞ്ഞവെയില്‍. കഴുകിതുടച്ചു വൃത്തിയാക്കിയപോലെ ഓണവെയിലില്‍ തിളങ്ങുന്ന പച്ചിലകളും, പൂക്കളും. മതിലിനരികില്‍ വരിവരിയായി പൂത്തുനില്‍ക്കുന്ന തുമ്പയും മുക്കൂറ്റിയും. അവയെ മുത്തമിട്ടു പറക്കുന്ന മഞ്ഞത്തുമ്പികള്‍.
എന്നാല്‍ ഇക്കുറി ഓണം പറഞ്ഞുനീരാത്ത സങ്കടങ്ങളുടെ കുത്തൊഴുക്കാണ്. നഷ്ടപ്പെട്ടവരുടേയും, നഷ്ടപ്പെട്ടതിന്‍റെയും ഓര്‍മ്മകളുട കനലാട്ടമാകുന്നു ഇപ്രാവശ്യത്തെ ഓണം. പ്രിയപ്പെട്ടവരുടെ സാന്നിധ്യമില്ലാതെ, ശബ്ദം കേള്‍ക്കാതെ ഒരു കണ്ണീരോണം. കഴുകി തുടച്ച് വൃത്തിയാക്കിയപോലെ ഓണവെയിലില്‍ തിളങ്ങുന്ന പച്ചിലകളും പൂക്കളും എന്ന് നേരത്തെ എഴുതിയതി തിരുത്തിയെഴുതുന്നു. കഴുകിത്തുടച്ച് വൃത്തിയാക്കിയതുപോലെ ഒരു നാടിനെ മുഴുവന്‍ തുടച്ചുനീക്കിയ പ്രകൃതിദുരന്തം. 'മാനുഷരെല്ലാരുമൊന്നുപോലെ' എന്ന് ഓണപ്പാട്ടിന്‍റെ വരികളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ സകലതിനേയും ഞൊടിയിടയില്‍ ഒന്നാക്കിമാറ്റിയ പ്രകൃതി. ഓണത്തിന്‍റെ പുരാവൃത്തവുമായി ബന്ധപ്പെട്ടതാണ് മഹാബലി-വാമനന്‍ കഥ. അതിലെ പ്രധാന സ്ഥലനാമമാണ് തിരു-കാല്‍-കര അല്ലെങ്കില്‍ തൃക്കാക്കര. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ജീവിച്ചിരിക്കുന്നവരെ വലിയ സങ്കടത്തിലാക്കിക്കൊണ്ട് മനുഷ്യരുടെ ശരീരഭാഗങ്ങള്‍ കണ്ടെടുക്കുന്ന ദൃശ്യങ്ങളും വാര്‍ത്തകളുമൊക്കെ നമ്മള്‍ കണ്ടതും കേട്ടതുമാണ്. ഈയാണ്ടിലെ ഓണത്തിന് തൃക്കാക്കര തിരു-കാല്‍-കരയായി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അസുരനെങ്കിലും, നന്മയുള്ള രാജാവായിരുന്നു മഹാബലി. നന്മകൂടിപ്പോയതിന്‍റെ പേരില്‍ ജീവനോടെ മണ്ണിലേക്ക്, പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടു. മണ്ണിനടിയിലേക്ക് ജീവനോടെ മറഞ്ഞുപോയ എല്ലാ മനുഷ്യരുടേയും ഓര്‍മ്മയാണിക്കുറി ഓണം.
നല്ല വാര്‍ത്തകള്‍ നാട്ടിലും നാട്ടിലെ മാധ്യമങ്ങളിലും ഇല്ലാതാകുമ്പോള്‍ നല്ല വാര്‍ത്തയുടെ ഓണം ഒരു പ്രതീക്ഷയാകട്ടെ. നെഞ്ചുരുകുന്ന ദുരന്തകഥകളുടെ ഭാഷയഴിച്ച് നല്ലവാര്‍ത്തകളുടെ കഥകള്‍ തുന്നാല്‍ നമുക്ക് കഴിയട്ടെ. ആ കഥകളില്‍ തെളിയുന്ന രാമരാജ്യവും, പറുദീസായും, മാവേലിനാടും സങ്കടപ്പുഴ നീന്തിക്കടക്കാന്‍ നമുക്ക് ആവേശമാകട്ടെ.