news-details
സാമൂഹിക നീതി ബൈബിളിൽ

ദൈവരാജ്യത്തിന്‍റെ നീതി

കരുണയാല്‍ പ്രചോദിതമായ പങ്കുവയ്ക്കല്‍ ഇല്ലാത്ത പ്രാര്‍ത്ഥനയും ബലിയര്‍പ്പണവും മറ്റ് ഭക്ത കൃത്യങ്ങളും ദൈവത്തിനു സ്വീകാര്യമാവുകയില്ല. പ്രവാചകന്മാര്‍ നല്കിയ ഈ പ്രബോധനം യേശു കൂടുതല്‍ ആഴപ്പെടുത്തി. "കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ഹിതം നിറവേറ്റുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക. കര്‍ത്താവേ, ഞങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ. അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല. അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നു പോകുവിന്‍" (മത്താ. 7: 21-23). 
 
ദൈവരാജ്യത്തില്‍ പ്രവേശിക്കുക എളുപ്പമായിരിക്കുകയില്ല എന്ന് യേശു വീണ്ടും വീണ്ടും അനുസ്മരിപ്പിക്കുന്നുണ്ട്. ഏതെങ്കിലും ചില നിയമങ്ങളുടെ കണിശമായ, അക്ഷരാര്‍ത്ഥത്തിലുള്ള അനുസരണം മാത്രം ആരെയും ദൈവരാജ്യത്തിന് അര്‍ഹരാക്കുകയില്ല. സൂചിക്കുഴയിലൂടെ കടക്കാന്‍ ശ്രമിക്കുന്ന ഒട്ടകത്തിന്‍റെ ഹാസ്യചിത്രം ഈ യാഥാര്‍ത്ഥ്യം അനുവാചകമനസ്സില്‍ ആഴത്തില്‍ പതിപ്പിക്കുന്നു. ദൈവരാജ്യപ്രവേശനത്തിനു വിഘാതമായി നില്ക്കുന്ന മുഖ്യഘടകം ദ്രവ്യാഗ്രഹം തന്നെ. നിയമങ്ങളെല്ലാം കര്‍ശനമായി അനുസരിക്കുന്നു, ഇനി എന്താണ് നിത്യജീവന്‍ അവകാശമാക്കാന്‍ താന്‍ ചെയ്യേണ്ടത് എന്ന ചോദ്യവുമായി വന്ന യുവാവിനു നല്കുന്ന മറുപടിയില്‍ ഇതു വ്യക്തമാകുന്നു. "നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും" (മര്‍ക്കോ. 10: 21). 
 
യഥാര്‍ത്ഥമായൊരു മാനസാന്തരം കൂടാതെ, കരുണയാല്‍ പ്രേരിതമായൊരു പങ്കുവയ്ക്കല്‍ സാധ്യമല്ല എന്ന് അനേകം ഉദാഹരണങ്ങളിലൂടെ സുവിശേഷകര്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. ഒട്ടകത്തെ സൂചിക്കുഴയിലൂടെ കടത്താന്‍ ദൈവത്തിനു സാധിക്കും എന്നതിനും ഉദാഹരണങ്ങള്‍ സുവിശേഷങ്ങളിലുണ്ട്. എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ച പത്രോസും കൂട്ടരും തന്നെ മുഖ്യ ഉദാഹരണം. ജറുസലേമിലേക്കുള്ള യാത്രയിലെ അവസാനത്തെ രംഗമായി ലൂക്കാ അവതരിപ്പിക്കുന്ന സക്കേവൂസിന്‍റെ മാനസാന്തരം ഈ വിഷയത്തിലേക്കു വെളിച്ചം വീശുന്നു(ലൂക്കാ 19: 1-10). രക്ഷ പ്രാപിക്കുക അസാധ്യം എന്നു കരുതിയിരുന്ന വ്യക്തിയാണ് സക്കേവൂസ്. റോമാക്കാര്‍ക്കു വേണ്ടി നികുതി പിരിക്കുക വഴി ജനദ്രോഹിയും വിദേശശക്തിയുടെ സഹകാരിയും ആയതിനാല്‍ യഹൂദരുടെ കാഴ്ചപ്പാടില്‍ അയാള്‍ ദൈവരാജ്യത്തിനു പുറത്താണ്. ധനികന്‍, അതും അന്യായമാര്‍ഗ്ഗത്തിലൂടെ സമ്പാദിച്ച സ്വത്തു വഴി, ധനികനായതിനാല്‍ യേശുവിന്‍റെ പ്രബോധനം അനുസരിച്ചും രക്ഷ അയാള്‍ക്ക് അപ്രാപ്യമാണ്. എന്നാല്‍ മാനുഷിക ദൃഷ്ടിയില്‍ അസാധ്യമായിരുന്ന ഈ സാഹചര്യത്തില്‍ സമൂലമായ മാറ്റം സംഭവിക്കുന്നു. "ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു" എന്ന യേശുവിന്‍റെ പ്രഖ്യാപനം സക്കേവൂസ് ദൈവരാജ്യത്തില്‍ പ്രവേശിച്ചിരിക്കുന്നു എന്നതിനു വ്യക്തമായ തെളിവാണ്. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നു! അത് എങ്ങനെ സംഭവിച്ചു എന്നു വിശകലനം ചെയ്യുന്നത് സാമൂഹ്യനീതി യാഥാര്‍ത്ഥ്യമാക്കുന്നതിന്‍റെ ഒരു രൂപരേഖ കണ്ടെത്താന്‍ സഹായിക്കും. 
 
യേശുവിനെ കാണാന്‍ സക്കേവൂസിന്‍റെ ഉള്ളില്‍ ഉദിച്ച ആഗ്രഹത്തിലാണ് തുടക്കം. തന്‍റെ പട്ടണത്തിലൂടെ കടന്നുപോകുന്ന യേശുവിനെ കാണണം. പ്രതിബന്ധങ്ങള്‍ ഏറെയുണ്ട്. തന്‍റെ പൊക്കക്കുറവു തന്നെ മുഖ്യ പ്രതിബന്ധം. വെറും ശാരീരികമായ ഒരു കുറവ് എന്നതിനേക്കാള്‍ അയാളുടെ മൊത്തം അവസ്ഥയെ സൂചിപ്പിക്കുന്നതാണ് ഈ ഉയരക്കുറവ്. യേശുവിനു ചുറ്റും തിക്കിത്തിരക്കി നീങ്ങുന്ന ജനക്കൂട്ടവും പ്രതിബന്ധമാണ്. എന്നാല്‍ ഉള്ളിലുദിച്ച ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണത്തിനായി അയാള്‍ ചില സാഹസങ്ങള്‍ക്കു മുതിരുന്നു. ജനക്കൂട്ടത്തിനു മുമ്പേ ഓടി, അത്തിമരത്തില്‍ കയറി ഇരുന്നു. സ്വയം അപഹാസ്യനാക്കുന്ന പ്രവൃത്തി. പൊതുജനാഭിപ്രായം അയാള്‍ക്കിനി ബാധകമല്ല. യേശുവിനെ കാണാന്‍ എന്തു സാഹസത്തിനും അയാള്‍ തയ്യാറാണ്. പ്രതിഫലം ഉടനെ ലഭിച്ചു. യേശു മരത്തിന്‍ ചുവട്ടില്‍ വന്നു നിന്ന് മുകളിലേക്കു നോക്കി, കൂടെയുള്ളവരും. സക്കേവൂസ് യേശുവിനെ കണ്ടു. തൃപ്തനായി. എന്നാല്‍ കഥ അവിടെ അവസാനിക്കുന്നില്ല. 
 
അടുത്ത പടിയിലേക്ക് നയിക്കുന്നത് യേശുവാണ്. "സക്കേവൂസ്, വേഗം ഇറങ്ങിവരുക. ഇന്ന് എനിക്ക് നിന്‍റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു." അതീവ സന്തോഷത്തോടെ സക്കേവൂസ് താഴെ ഇറങ്ങി. മുമ്പേ ഓടി. വീടിന്‍റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു. യേശുവും അനുയായികളും വീട്ടില്‍ പ്രവേശിച്ചു. ഇതില്‍പ്പരം എന്തു ഭാഗ്യം! യേശുവിനെ സ്വന്തം വീട്ടില്‍ അതിഥിയായി സ്വീകരിക്കുക. ഇതുവരെ സ്വരുക്കൂട്ടിയ സമ്പത്തു നല്കാത്ത സന്തോഷം, നിര്‍വൃതി, സക്കേവൂസിനുണ്ടായി. തൃപ്തിയായി. ഇനി തനിക്കു മറ്റൊന്നും വേണ്ട!
 
ഈ കണ്ടുമുട്ടലും സന്തോഷാനുഭൂതിയും സക്കേവൂസിന്‍റെ മനസ്സില്‍ വീണ്ടും പരിവര്‍ത്തനം ഉണ്ടാക്കി. "കര്‍ത്താവേ, ഇതാ എന്‍റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു." ആരും നിര്‍ബ്ബന്ധിച്ചിട്ടല്ല സക്കേവൂസ് ഈ പങ്കുവയ്ക്കലിനു തയ്യാറായത്. ഇത്രയും വലിയൊരു പങ്കുവയ്ക്കല്‍ ഒരു നിയമവും നിര്‍ദ്ദേശിക്കുന്നുമില്ല. സക്കേവൂസിന്‍റെ ഉള്ളിലുണ്ടായ പരിവര്‍ത്തനത്തിന്‍റെ ബാഹ്യപ്രകടനമാണ് ഇത്. മനസ്സില്ലാമനസ്സോടെ, ലുബ്ധിച്ചു നല്കുന്ന ദാനമല്ല ഇത്. പൂര്‍ണ്ണഹൃദയത്തോടെ, സന്തോഷത്തോടെ ചെയ്യുന്ന പങ്കുവയ്ക്കലാണ്. അതിനു പ്രേരിപ്പിച്ചത് അവനുണ്ടായ ആഴമേറിയ ദൈവാനുഭവം. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിന്‍റെ രഹസ്യം ഇവിടെ വെളിപ്പെടുന്നു. യേശുവിന്‍റെ മറുപടി ഇതു വ്യക്തമാക്കുന്നു. "ഇന്ന് ഈ ഭവനത്തിന് രക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാഹത്തിന്‍റെ പുത്രനാണ്" (ലൂക്കാ 19: 9). 
 
ഹൃദയപരിവര്‍ത്തനത്തിലൂടെ സംജാതമാകുന്ന സാമൂഹ്യനീതിയുടെ ഉത്തമോദാഹരണമാണ് സക്കേവൂസിന്‍റെ പങ്കുവയ്ക്കല്‍. ദൈവരാജ്യാനുഭവത്തിന്‍റെ അര്‍ത്ഥം അല്പമൊന്ന് അറിഞ്ഞപ്പോഴേയ്ക്കും ഇതുവരെ നേടിയത് എല്ലാം വ്യര്‍ത്ഥമായിരുന്നു എന്ന് സക്കേവൂസ് തിരിച്ചറിഞ്ഞു. ദൈവം നല്‍കുന്ന ആന്തരിക പ്രചോദനം അനുസരിക്കാനും പ്രതിബന്ധങ്ങളെ സാഹസികമായി തന്നെ മറികടക്കാനും ശ്രമിച്ചതു വഴിയാണ് സക്കേവൂസ് ഈ അനുഭവത്തില്‍ എത്തിച്ചേര്‍ന്നത്. 
നിധി ഒളിഞ്ഞിരിക്കുന്ന വയല്‍ കണ്ടെത്തിയ കര്‍ഷകനും അമൂല്യരത്നം കണ്ടെത്തിയ വ്യാപാരിയും ചെയ്യുന്നതും ഇതു തന്നെയാണ് (മത്താ. 13: 44-46). തങ്ങള്‍ സമ്പാദിച്ചതെല്ലാം വില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതും ഈ കണ്ടെത്തലാണ്. ദൈവരാജ്യം എന്തെന്നും അതില്‍ പ്രവേശിക്കുക എത്ര ഭാഗ്യകരമെന്നും അറിയുമ്പോള്‍ പിന്നെ സമ്പത്തു സ്വരുക്കൂട്ടാന്‍ ആഗ്രഹമുണ്ടാവുകയില്ല. 
 
ദൈവരാജ്യാനുഭവം സ്വന്തമാക്കാന്‍ എന്തു വില കൊടുത്താലും അധികമാവില്ല. ത്യജിക്കുന്നതിനേക്കാള്‍ എത്രയോ വലുതാണ് ലഭിക്കുന്നത് എന്ന തിരിച്ചറിവാണ് യഥാര്‍ത്ഥമായ ഹൃദയ പരിവര്‍ത്തനത്തിലേക്കു നയിക്കുന്നത്. ഹൃദയപരിവര്‍ത്തനം വ്യക്തമായ തീരുമാനങ്ങളിലേക്കു നയിക്കും; നയിക്കണം. അതു സമൂഹത്തിനു മുമ്പില്‍ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തിയേക്കാം. സ്വന്തമായി കരുതിയിരുന്നവ പങ്കുവയ്ക്കുന്നവനെ വിഡ്ഢിയായി ലോകം മുദ്ര കുത്തിയേക്കാം. യേശുവിന്‍റെ ഉപദേശങ്ങള്‍ കേട്ട യഹൂദനേതാക്കള്‍ പരിഹസിച്ചതുപോലെ "പണക്കൊതിയരായ ഫരിസേയര്‍ ഇതെല്ലാം കേട്ടപ്പോള്‍ അവനെ പുച്ഛിച്ചു." അതിനു യേശു നല്കുന്ന മറുപടി ഏറെ ശ്രദ്ധേയമാണ്: "മനുഷ്യരുടെ മുമ്പില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാല്‍ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക് ഉല്‍കൃഷ്ടമായത് ദൈവത്തിനു നികൃഷ്ടമാണ്" (ലൂക്കാ 16: 14-15). 
 
ദൈവത്തിന്‍റെ കണ്ണിലൂടെ തന്നെത്തന്നെയും സമൂഹത്തെയും നോക്കിക്കാണണം. ദൈവദൃഷ്ടിയില്‍ ഉല്‍കൃഷ്ടമായൊരു ജീവിതം നയിക്കണം. അതിന് ആവശ്യം വേണ്ട ഒന്നാണ് പങ്കുവയ്ക്കുന്ന സ്നേഹം. അതാണ് നീതിനിഷ്ഠമായ ഒരു സമൂഹത്തിന്‍റെ നിര്‍മ്മിതിക്കായി യേശു കാട്ടിത്തരുന്ന മാര്‍ഗ്ഗം. ഇപ്പോള്‍ എടുക്കുന്ന തീരുമാനമാണ് നിത്യജീവിതത്തെ സംബന്ധിച്ചു നിര്‍ണ്ണായകം എന്ന് അസന്ദിഗ്ദ്ധമായ ഭാഷയില്‍ യേശു പഠിപ്പിച്ചു. പ്രത്യേകിച്ചും അന്തിമവിധിയുടെ ചിത്രീകരണത്തിലൂടെ: "ഈ എളിയവരില്‍ ഒരുവനു നിങ്ങള്‍ ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തു തന്നത്.... ചെയ്യാതിരുന്നത്" (മത്താ. 25: 31-46). 
 
യഥാര്‍ത്ഥമായൊരു മാനസാന്തരം കൂടാതെ, കരുണയാല്‍ പ്രേരിതമായൊരു പങ്കുവയ്ക്കല്‍ സാധ്യമല്ല എന്ന് അനേകം ഉദാഹരണങ്ങളിലൂടെ സുവിശേഷകര്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. ഒട്ടകത്തെ സൂചിക്കുഴയിലൂടെ കടത്താന്‍ ദൈവത്തിനു സാധിക്കും എന്നതിനും ഉദാഹരണങ്ങള്‍ സുവിശേഷങ്ങളിലുണ്ട്. 
 
അനശ്വരമായ സ്വര്‍ഗ്ഗഭാഗ്യത്തെക്കുറിച്ചുള്ള അവബോധമാണ് നീതിപൂര്‍വ്വകമായ ജീവിതത്തിന് യേശു എടുത്തു കാട്ടുന്ന പ്രേരക ശക്തി. എന്നേക്കും ദൈവത്തോടൊന്നിച്ച് സന്തോഷമായി ജീവിക്കാന്‍ വിളി ലഭിച്ചവരാണ് ഓരോ മനുഷ്യവ്യക്തിയും. എന്നാല്‍ ഈ ലക്ഷ്യം പ്രാപിക്കണമെങ്കില്‍ ഇന്ന്, ഈ ഭൂമിയില്‍ എല്ലാവരെയും, പ്രത്യേകിച്ച് ആവശ്യം അനുഭവിക്കുന്നവരെയും സ്നേഹിക്കുകയും കരുണയോടെ വീക്ഷിക്കുകയും കഴിവിനൊത്ത് സഹായിക്കുകയും ചെയ്യാന്‍ തയ്യാറാകണം. ഈ നിബന്ധനയില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞു മാറാനാവില്ല. 
 
ജീവിതവും മരണവും സ്വര്‍ഗ്ഗവും നരകവും മുന്നില്‍ വച്ചുകൊണ്ടാണ് യേശു ദൈവരാജ്യത്തിലേക്ക് ആഹ്വാനം ചെയ്യുന്നത്. തിരഞ്ഞെടുക്കാനുള്ള അവകാശവും ഉത്തരവാദിത്വവും ഓരോ വ്യക്തിക്കും സമൂഹത്തിനും ഉണ്ട്. കരയുന്ന സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ ഇന്നു തയ്യാറാകാത്തവര്‍ നാളെ കരയും; ആരും അവരുടെ കണ്ണീരുതുടയ്ക്കാന്‍ ഉണ്ടാവില്ല. പാവപ്പെട്ടവര്‍ക്കു ചെയ്യുന്ന സേവനം തന്നെയാണ് ദൈവസേവനം എന്ന യേശുവിന്‍റെ പ്രബോധനം നമ്മെ, വ്യക്തികളെയും സമൂഹങ്ങളെയും, കര്‍ശനമായ ഒരു ആത്മപരിശോധനയ്ക്കു പ്രേരിപ്പിക്കുന്നുണ്ട്. 
 
പടുത്തുയര്‍ത്തുന്ന കൂറ്റന്‍ മാളികകളുടെ, അത് സ്വകാര്യ ഭവനങ്ങളോ, ആരാധനാലയങ്ങളോ ആകട്ടെ, വലുപ്പത്തിലും മനോഹാരിതയിലും ആകൃഷ്ടനാകുന്നവനല്ല യേശുവിലൂടെ സ്വയം വെളിപ്പെടുത്തിയ ദൈവം. ലക്ഷക്കണക്കിനു മനുഷ്യര്‍ മനുഷ്യോചിതമായ വീടുകളില്ലാതെ, ചേരികളിലും കടത്തിണ്ണകളിലും വഴിവക്കിലും കഴിയുമ്പോള്‍ അവരെ ശ്രദ്ധിക്കാതെ മനോഹരമായ മാളികകളില്‍ കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുമോ? പെരുന്നാളുകളും ഉത്സവങ്ങളും മറ്റ് കലാപരിപാടികളും ആഘോഷിക്കാന്‍ സ്വതന്ത്രമായും, ചിലപ്പോള്‍ നിര്‍ബ്ബന്ധമായും പിരിവു നടത്തുന്നവര്‍ വിശപ്പില്ലാത്തവന് വിരുന്നു നല്കുന്ന ഊട്ടുസദ്യകളിലൂടെ കര്‍ത്താവിന്‍റെ കണ്ണില്‍ പൊടിയിടാം എന്നു കരുതുന്നെങ്കില്‍ അതു വ്യര്‍ത്ഥമാണ്.
 
സാമൂഹ്യനീതിയെക്കുറിച്ചുള്ള യേശുവിന്‍റെ പ്രബോധനം സമഗ്രമായി അവതരിപ്പിക്കുന്ന ഒരു ഉപമയാണ് അന്തിമ വിധിയൂടെ വിവരണം. ദൈവരാജ്യത്തിന്‍റെ ആവിര്‍ഭാവം ഉദ്ഘോഷിച്ചുകൊണ്ട് തുടങ്ങിയ പ്രബോധനങ്ങള്‍ അവസാനിപ്പിക്കുന്നത് ഈ ദൃശ്യത്തോടെയാണ്: "ഇവര്‍ നിത്യ ശിക്ഷയിലേക്കും നീതിമാന്മാര്‍ നിത്യജീവനിലേക്കും പ്രവേശിക്കും" (മത്താ. 25: 46). സമൃദ്ധിയുടെയും സമ്പത്തിന്‍റെയും സുഖാനുഭൂതികളുടെയും സുവിശേഷം പ്രഘോഷിക്കുന്ന പലരും ഈ യാഥാര്‍ത്ഥ്യം മറന്നു പോകുന്നതായി തോന്നും. ഉള്ളതു മുഴുവന്‍ പങ്കുവച്ചാല്‍ പിന്നെ എവിടെയാണു സമ്പന്നന്‍ ഉണ്ടാവുക? ഉണ്ടായിട്ടും പങ്കുവയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ എങ്ങനെ ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയും? ഒട്ടകവും സൂചിക്കുഴയും സ്വകാര്യവ്യക്തികള്‍ക്കു മാത്രമല്ല, സഭാസമൂഹങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേതാക്കള്‍ക്കും എല്ലാം ഒരു വെല്ലുവിളിയായി നിലകൊള്ളുന്നത് കാണാതെ പോകരുത്. 

You can share this post!

നവയുഗദര്‍ശനം

ഡോ. മൈക്കിള്‍ കാരിമറ്റം
അടുത്ത രചന

മനോനില ചിത്രണം

ടോം മാത്യു
Related Posts