news-details
കഥപറയുന്ന അഭ്രപാളി

ജര്‍മല്‍ - നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടം

കച്ചവടസിനിമകള്‍ക്ക് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ഇന്തോനേഷ്യ. വളരെ അപൂര്‍വ്വമായി മാത്രമേ ഇവിടെനിന്നുള്ള സിനിമകള്‍ ലോകശ്രദ്ധനേടാറുള്ളൂ. ഈയൊരു ചലച്ചിത്ര കാലാവസ്ഥയില്‍ നിന്നാണ് നിഷ്ക്കളങ്കമായ ഒരു പ്രമേയവുമായി ഇന്തോനേഷ്യന്‍ സംവിധായകന്‍ രവി ഭാര്‍വാനീ വരുന്നത്. അദ്ദേഹം സംവിധാനം ചെയ്ത് 2008 ല്‍ പുറത്തിറങ്ങിയ ജര്‍മല്‍ (Jermal) നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിന്‍റെ അഭ്രഗാഥയാണ്. 2003 ല്‍ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകനായ ഓര്‍ലാ സെനൂകയുടെ നേതൃത്വത്തില്‍ ജക്കാര്‍ത്തയില്‍ നടന്ന ചലച്ചിത്രശില്പശാലയില്‍ റയ്യാമക്കാറിനൊപ്പം ചേര്‍ന്ന് രവി ഭാര്‍വാനി വികസിപ്പിച്ചെടുത്ത തിരക്കഥയാണ് ചലച്ചിത്രത്തിനാധാരം. ഡച്ചു സംയുക്ത സംരംഭമായി 2008 ല്‍ ചിത്രം പുറത്തിറങ്ങി.

ആഴക്കടലില്‍ തൂണുകള്‍ നാട്ടി അവയെ തമ്മില്‍ തടിക്കഷണങ്ങള്‍ക്കൊണ്ടു ബന്ധിച്ച് മുകളില്‍ പലകകള്‍ നിരത്തി മത്സ്യബന്ധനത്തിനായി നിര്‍മ്മിച്ചിരിക്കുന്ന വലിയ തട്ടുകളെയാണ് ജര്‍മല്‍ എന്നു വിളിക്കുന്നത്. ജര്‍മലുകളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഇന്തോനേഷ്യന്‍ ദ്വീപ സമുഹങ്ങള്‍ക്കിടയിലുള്ള കടലിടുക്കുകളില്‍ ധാരാളം ജര്‍മലുകളുണ്ട്. കടലില്‍ നിരനിരയായി സ്ഥാപിച്ചിട്ടുള്ള മലകള്‍ മത്സ്യങ്ങളെ ജര്‍മലിനു കീഴെ ഘടിപ്പിച്ചിട്ടുള്ള വലിയ മലയിലേക്ക് നയിക്കുന്നു. ഈ വല  ഇടവിട്ട് വലിച്ചുകയറ്റി അതിനുള്ളില്‍ കുടുങ്ങിയ മത്സ്യങ്ങളെ ശേഖരിക്കാന്‍ കൗമാരക്കാരായ കുട്ടികളുണ്ട്.

കുടുംബപ്രാരാബ്ധങ്ങള്‍, പട്ടിണി, തൊഴിലില്ലായ്മ, അനാഥത്വം എന്നിവയാണ് കുട്ടികളെ ജര്‍മലില്‍ എത്തിക്കുന്നത്. കുടുംബത്തില്‍ നിന്നും ഒളിച്ചോടിയെത്തുന്നവര്‍, കുറ്റവാളികള്‍, ബുദ്ധിയുറക്കാത്ത കുട്ടികള്‍, മാതാപിതാക്കളുടെ അനുവാദത്തോടെ എത്തുന്നവര്‍ ഉള്‍പ്പെടെ കുറ്റവാളികളുടെ ഒളിത്താവളങ്ങളായി പ്രവര്‍ത്തിക്കുന്ന ജര്‍മലുകള്‍വരെയുണ്ട്. ജര്‍മലുകലിലെ ജോലി ഏറെ ബുദ്ധിമുട്ടുള്ളതാണ്. വലയില്‍ കുരുങ്ങിയ മത്സ്യങ്ങളെ വലിച്ചുകയറ്റുക, അവ തരംതിരിച്ച് പുഴുങ്ങുക, ഉപ്പിട്ട് വെയിലത്ത് ഉണക്കാനിടുക തുടങ്ങിയ ജോലികള്‍ വിശ്രമമില്ലാതെ ചെയ്യാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാവുന്നു. കഠിനാദ്ധ്വാനവും ഭീതിദമായ ഒറ്റപ്പെടലും കുട്ടികളെ തളര്‍ത്തുന്നുണ്ട്. കൂട്ടത്തില്‍ മുതിര്‍ന്ന കുട്ടികള്‍ മറ്റുള്ളവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്യും. ജര്‍മലുകളുടെ ഉടമകളും കുട്ടികളെ ചൂഷണം ചെയ്യുന്നത് പതിവാണ്!

ഇത്തരമൊരു ജര്‍മലിന്‍റെ പശ്ചാത്തലത്തിലാണ് സിനിമയിലെ സംഭവങ്ങള്‍ നടക്കുന്നത്. ജയ എന്ന പന്ത്രണ്ടു വയസ്സുകാരനാണ് സിനിമയിലെ കേന്ദ്രകഥാപാത്രം. ജോഹറാണ് ഈ ജര്‍മലിന്‍റെ നടത്തിപ്പുകാരന്‍, അയാളെ സഹായിക്കാന്‍ പാചകക്കാരനായ ബന്ദിയുമുണ്ട്! ബന്ദി ഊമയാണ്. ജയയുടെ അമ്മ മരണത്തെത്തുടര്‍ന്ന് അച്ഛനായ ജോഹറിനെ തേടി അവന്‍ ജര്‍മലില്‍ എത്തുന്നു. എന്നാല്‍ ജയയെ മകനായി സ്വീകരിക്കാന്‍ ജോഹര്‍ തയ്യാറാവുന്നില്ല. അവനെ നിഷ്ക്കരുണം ആട്ടിപ്പുറത്താക്കുന്നു. ബന്ദിയുടെ അഭ്യര്‍ത്ഥന പ്രകാരം ജയയെ ജര്‍മലിലെ ജോലിക്കാരനാക്കാന്‍ ജോഹര്‍ തീരുമാനിക്കുന്നു. ജര്‍മലിലെ മുതിര്‍ന്ന കുട്ടികളില്‍ നിന്നു ധാരാളം പീഡനങ്ങള്‍ ജയ നേരിടുന്നുണ്ട്. എന്നെങ്കിലും തന്നെ, തന്‍റെ പിതാവ് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍ ജര്‍മലില്‍ ജോലി ചെയ്യുന്നത്.

ജോഹര്‍ കഠിഹൃദയനാണ്. ജര്‍മലിലെ ജീവിതം അയാളെ പരുക്കനും സ്നേഹശൂന്യനുമാക്കിത്തീര്‍ത്തു. അവിടെയൊരു കുടുസുമുറിയില്‍ ബാഹ്യലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ച് അയാള്‍ കഴിയുകയാണ്. മുറിയില്‍ വെളിച്ചം കടക്കാതിരിക്കാന്‍ വാതിലിന്‍റെയും ജനലിന്‍റെയും പഴുതുകള്‍ കടലാസുകൊണ്ട് മറച്ചിരിക്കുന്നു. ഭൂതകാലം അയാളെ വേട്ടയാടുന്നുണ്ട്. കുറ്റവാളിയായ ജോഹറുടെ അഭയസ്ഥാനമാണ് ജെര്‍മല്‍. തന്‍റെ ഭാര്യയുടെ ജാരനെ മൃതപ്രായനാക്കിയശേഷം രക്ഷപെട്ട് എത്തിയതാണയാള്‍. അയാള്‍ ഇവിടെ ജീവിക്കാന്‍ തുടങ്ങിയിട്ട് പന്ത്രണ്ടുവര്‍ഷമായി. പിന്നീടൊരിക്കലും അയാള്‍ നാട്ടില്‍ പോയിട്ടില്ല. താടിയും മുടിയും വളര്‍ത്തി അയാള്‍ മറ്റൊരാളായി മാറി. 

ജോഹര്‍ അമൂല്യനിധിപോലെ സൂക്ഷിക്കുക ഒരു പെട്ടി അയാളുടെ മുറിയിലുണ്ട്. പെട്ടിതുറന്ന് അതിലെ കത്തുകള്‍ ആവേശത്തോടെ വായിക്കുക അയാളുടെ പതിവാണ്. കുറേനേരം കത്തുകളിലേക്ക് നോക്കി ഇരുന്നശേഷം ഭദ്രമായി പെട്ടി അടയ്ക്കും. ഈ പെട്ടിയിലെ ഒരു ഫോട്ടോയിലേക്ക് ജോഹര്‍ ഏറെ നേരം നോക്കിയിരിക്കുന്ന ഒരു ദൃശ്യം സിനിമയിലുണ്ട്. ജയയുടെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണത്. ഫോട്ടോയിലെ ജയയുടെ രൂപസാദൃശ്യം അവന്‍ തന്‍റെ മകന്‍ തന്നെയാണോ എന്ന സംശയം ജോഹറിലുണ്ടാകുന്നുണ്ട്!

ജര്‍മലിലെത്തിയ ശേഷമുള്ള ജയയുടെ അനുഭവങ്ങള്‍ അവനെ കൂടുതല്‍ കരുത്തനും പ്രതികരണശേഷിയുളളവനുമാക്കി. ജോഹറിനോടും അവന്‍ എതിരിട്ടു. ജോഹര്‍ ഒളിവില്‍ താമസിക്കുകയാണെന്ന വിവരം പരസ്യപ്പെടുത്തുമെന്ന് ജയ ഭീഷണിമുഴക്കുന്നുണ്ട്. ഒരു ഏറ്റുമുട്ടലിനൊടുവില്‍ കുട്ടി സംഘത്തിന്‍റെ നേതാവിനെ ജയ അടിച്ചുവീഴ്ത്തുന്നു. അതോടെ ജര്‍മലിലെ തന്‍റെ പുതിയ അസ്തിത്വം അവന്‍ തിരിച്ചറിഞ്ഞു. ജര്‍മലിലെ പണിക്കാരായ മറ്റു കുട്ടികള്‍ അവന്‍റെ നിയന്ത്രണത്തിലായി. 

ജര്‍മലിലെ കരുത്തുറ്റ കഥാപാത്രമാണ് ബന്ദി. പാചകക്കാരനാണെങ്കിലും ജോഹറിനോടു നേര്‍ക്കുനേര്‍ നില്‍ക്കാന്‍ കഴിവുള്ള ഒരേയൊരാള്‍. ജയയെ ജോഹറിന്‍റെ മകനായി അംഗീകരിപ്പിക്കുക എന്ന ദൗത്യമാണ് അവസാനംവരെയും അയാള്‍ നിര്‍വ്വഹിക്കുന്നത്. ജോഹറിന്‍റെയും ബന്ദിയുടെയും കഥാപാത്രങ്ങള്‍ രണ്ടു ധ്രുവങ്ങളിലാണ് നില്‍ക്കുന്നത്. ജോഹറിന് സംസാരശേഷിയുണ്ട്! പക്ഷേ, അയാള്‍ അധികം സംസാരിക്കാറില്ല. എന്നാല്‍ ബന്ദിയാകട്ടെ കടലാസില്‍ എഴുതിക്കാണിച്ച് തന്‍റെ ഹൃദയവികാരങ്ങളൊക്കെ പ്രകടമാക്കുന്നു.

ലാളിത്യമാര്‍ന്ന ആഖ്യാനശൈലിയാണ് ജര്‍മലിന്‍റെ മുഖമുദ്ര. ജര്‍മലിലെ അന്തേവാസികള്‍ തമ്മിലുള്ള ആശയവിനിമയങ്ങള്‍ ഏറ്റവും ചിത്രീകരിച്ചിരിക്കുന്നത് ഹ്രസ്വദൂരദൃശ്യങ്ങളിലാണ്. എന്നാല്‍, കഥാപാത്രങ്ങളുടെ ഒറ്റപ്പെടലും വിഷാദവും ചിത്രീകരിക്കുമ്പോഴൊക്കെ കടലിന്‍റെ പശ്ചാത്തലത്തില്‍ അവരെ വിസ്തൃതമായ ഫ്രെയിമുകളിലാണു കാണുന്നത്. സമുദ്രം ഒരു മോട്ടിഫായി ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ജര്‍മലിലെ ജീവിതം സമുദ്രംപോലെ പ്രവചനാതീതമാണെന്ന ധ്വനി അതെപ്പോഴും പകരുന്നുണ്ട്. ചിത്രത്തില്‍ സംഭാഷണങ്ങള്‍ കുറവാണ്. അച്ഛനും മകനും തമ്മിലുള്ള വൈകാരികബന്ധംപോലും സംഭാഷണത്തിലൂടെയല്ല വളരുന്നത്. സ്ഫോടനാത്മകമായ മൗനമാണ് ഈ വൈകാരികത നമ്മെ അനുഭവിപ്പിക്കുന്നത്. സ്വാഭാവിക ശബ്ദങ്ങള്‍ പ്രത്യേകിച്ചും കടലിന്‍റെയും കടല്‍പ്പക്ഷികളുടെയും സ്വരഭേദങ്ങള്‍ ചിത്രത്തിന്‍റെ ഭാവസാന്ദ്രത വര്‍ദ്ധിപ്പിക്കുന്നു. വളരെ ലളിതമായി ഒരു കഥ പറയുമ്പോഴും സങ്കീര്‍ണ്ണമായ ജീവിതസമസ്യകളെ ദൃശ്യഭാഷയിലെ അഭിസംബോധന ചെയ്യുന്ന 'ജര്‍മലിന് 2008 ലെ ഐ.എഫ്.കെ. യില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്'.

 

അജീഷ് തോമസ്, ഫിലിം ക്ലബ്, എസ്.ബി. കോളേജ്, ചങ്ങനാശ്ശേരി

You can share this post!

മുറിപ്പെടുത്തലിന്‍റെ അനുഷ്ഠാനരൂപങ്ങള്‍ (Burning)

അഖില്‍ പ്രസാദ് കെ. ജോണ്‍
അടുത്ത രചന

ധീരതയുടെ പ്രതിധ്വനികള്‍

വിനീത് ജോണ്‍
Related Posts