നിക്കോസ് കസാന്‍ദ്സാക്കിസ്യുടെ 'ദ് ക്രൈസ്റ്റ് റീ ക്രൂസിഫൈഡ്' എന്ന കൃതിയെ മുന്‍നിര്‍ത്തി ജൂള്‍സ് ദസിന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഹി ഹു മസ്റ്റ് ഡൈ' (HE WHO MUST DIE).. 1957 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം, ലോകമഹായുദ്ധങ്ങളുടെ സമയത്ത് തുര്‍ക്കികള്‍ കീഴടക്കിയ ഒരു ഗ്രീക്ക് ഗ്രാമത്തിലെ വിശുദ്ധവാരാചരണത്തിലൂടെയും അതിനായി ആചാരപ്രകാരം ക്രിസ്തുജീവിതം അവതരിപ്പിക്കുന്നതിനായി ഗ്രാമത്തിലെ ജനങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ചിലരുടെയും ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ്. ആ തെരഞ്ഞെടുപ്പ് അവരില്‍ ഏല്പിക്കുന്ന വലിയൊരു സത്യത്തെ മുന്‍നിര്‍ത്തി സിനിമ, ലോകമഹായുദ്ധങ്ങള്‍ ഉയര്‍ത്തിയ മാനവികതയുടെയും ധാര്‍മ്മികതയുടെയും മതവിശ്വാസത്തിന്‍റെയും ഒക്കെ നവധാരണകളെക്കൂടി ചര്‍ച്ചചെയ്യുന്നു.
ഗ്രാമത്തിലെ പ്രധാന ധനികനും ഭരണസമിതിയിലെ പ്രധാന അംഗവുമായ പാത്രിയാര്‍ക്കീസിന്‍റെ അപേക്ഷ അനുസരിച്ച് ഗ്രാമത്തിന്‍റെ തുര്‍ക്കി ഭരണാധികാരി ആഗാ വിശുദ്ധവാരാചരണത്തിന് അനുമതി നല്കുന്നു. പള്ളിയില്‍ ഒത്തുകൂടിയവരില്‍നിന്ന് ഭരണസമിതിയുടെ നിര്‍ദേശാനുസരണം പ്രധാനകഥാപാത്രങ്ങളെ വികാരി ഫാ. ഗ്രിഗോറിയസ് പ്രഖ്യാപിക്കുന്നു. തെരഞ്ഞെടുപ്പ് വിചിത്രമാണ്. മുതിര്‍ന്ന അംഗത്തിന്‍റെ മകന്‍ മിഷേയിസ് വി. യോഹന്നാന്‍ ആയി തെരഞ്ഞെടുക്കപ്പെടുന്നു. വിധവയും വേശ്യയുമായ കാതറീനയെ മഗ്ദലനമറിയം ആയി തെരഞ്ഞെടുക്കുന്നതിന്‍റെ യുക്തിയില്‍ കാതറീനയ്ക്കെന്ന പോലെ ജനത്തിനും സന്ദേഹമില്ല. പനയാതെരോസ് എന്ന യുവാവിന്‍റെ എതിര്‍പ്പുകള്‍ ശക്തമായി അവഗണിച്ചുകൊണ്ട് യൂദാസിന്‍റെ കഥാപാത്രത്തെ അയാളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നു പുരോഹിതന്‍. വി. പത്രോസ് ആയി ചില്ലറവില്പനക്കാരനും പോസ്റ്റുമാനുമായ യാനക്കോസിനെയും വി. ജയിംസ് ആയി ചെറുകിടകടയുടമയായ കോസ്താന്‍റിസിനെയും പ്രഖ്യാപിക്കുന്നു. ക്രിസ്തുവാകാനുള്ള ദൗത്യം ഏല്പിക്കപ്പെടുന്നത് മൊണോലിയോസ് എന്ന ഇടയയുവാവിനാണ്. അയാള്‍ സംസാരിക്കുമ്പോള്‍ വിക്കുള്ളവനും സ്വതവേ അന്തര്‍മുഖനുമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പിന്നീട് സമൂഹത്തില്‍ കഥാപാത്രങ്ങളായാണ് പരിഗണിക്കപ്പെടുന്നതും.
ഒരുക്കങ്ങള്‍ പുരോഗമിക്കവേ, തുര്‍ക്കികളാല്‍ സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്ന ഒരു ഗ്രാമം, ഫോര്‍ട്ടിസ് എന്ന പുരോഹിതന്‍റെ നേതൃത്വത്തില്‍ അവിടെ എത്തിച്ചേരുകയാണ്. ഗ്രീക്കുകാര്‍ ആണെന്നിരിക്കിലും ഇവര്‍ കോളറ എന്ന മഹാരോഗത്തിന്‍റെ വാഹകരാണെന്ന ധാരണ ജനങ്ങളില്‍ ഉറപ്പിച്ചുകൊണ്ട് ഫാ. ഗ്രിഗോറിയസ് അവരെ തുരത്തിയോടിക്കുന്നു. അഭയാര്‍ത്ഥികളെ സ്വീകരിക്കാനായി നീട്ടുന്ന ക്രിസ്തുവിന്‍റെ(മൊണോലിയോസ്) കൈകളെ ഫാ. ഗ്രിഗോറിയസ് തടയുന്നു. ഫാ. ഗ്രിഗോറിയസ് പ്രഖ്യാപിച്ചതുകൊണ്ട് ജനമൊന്നടങ്കം ആ അഭയാര്‍ത്ഥി സംഘത്തെ കോളറബാധിതരായി വിശ്വസിക്കുന്നു. സമൂഹത്തെയും അതിന്‍റെ ചിന്തകളെത്തന്നെയും മതനേതൃത്വങ്ങളും നേതൃനിരയിലെ വ്യക്തിതാല്‍പര്യങ്ങളും നിയന്ത്രിക്കുന്നതിന്‍റെ വ്യക്തമായ ചിത്രീകരണം ഫാ. ഗ്രിഗോറിയസിലൂടെ സിനിമയില്‍ പുരോഗമിക്കുന്നുണ്ട്.
എന്നാല്‍ തുടര്‍ന്നങ്ങോട്ട് കഥാപാത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്തുവും അപ്പസ്തോലന്മാരും മഗ്ദലനമറിയവുമടക്കമുള്ളവര്‍ സന്ദര്‍ഭാനുസരണം യാഥാര്‍ത്ഥ്യത്തിലേക്ക് പരിണമിക്കുന്നു. ഗ്രാമത്തിനടുത്ത് മലയില്‍ തമ്പടിച്ച അഭയാര്‍ത്ഥികളെ സഹായിക്കാന്‍ ആദ്യം മുന്നിട്ടിറങ്ങുന്നത് മഗ്ദലനമറിയമാണ്. പട്ടിണികിടന്ന് ഒന്നൊന്നായി മരിച്ചുവീണുകൊണ്ടിരിക്കുന്നവരില്‍നിന്ന് ശേഷിക്കുന്ന ആഭരണങ്ങള്‍കൂടി കൈക്കലാക്കാന്‍ വ്യാപാരിയാല്‍ അയയ്ക്കപ്പെട്ട വി. പത്രോസാകട്ടെ ഫാ. പോര്‍ട്ടിസിനുമുന്നില്‍ കുമ്പസാരിച്ച്, തനിക്കുള്ളതുകൂടി അവര്‍ക്കു നല്കി മടങ്ങുന്നു. അങ്ങനെ കഥാപാത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവരൊക്കെയും സഹായിക്കാന്‍ ഓടിയെത്തുകയാണ്. ഗ്രാമത്തിലെ പ്രധാന ആഘോഷമായ വിരുന്നിനു മധ്യത്തില്‍ വിക്കില്ലാതെ 'ദൈവപുത്രന്‍ മൊണേലിയോസ്' സംസാരിക്കുന്നു. അഭയാര്‍ത്ഥികള്‍ക്കായുള്ള ഭക്ഷണം അവരില്‍ നിന്ന് സമാഹരിക്കുന്നു. അതേസമയം വി. യോഹന്നാന്‍(മിഷേലിസ്) ആകട്ടെ, മറ്റ് അപ്പസ്തോലന്മാര്‍ക്കൊപ്പം സ്വന്തം വീട്ടില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ മോഷ്ടിച്ച് വേണ്ടപ്പെട്ടവര്‍ക്കു നല്കാന്‍ ശ്രമിക്കുകയും പിടിക്കപ്പെടുകയും ചെയ്യുന്നു.
പിതാവിന്‍റെ മരണശേഷം തന്‍റേതായിത്തീര്‍ന്ന സ്വത്തുക്കള്‍ മുഴുവനും അഭയാര്‍ത്ഥി സംഘത്തിന് നല്‍കാനുള്ള അനുവാദം മിഷേലിസിന് പുരോഹിതന്‍ നിഷേധിക്കുന്നു. സകല എതിര്‍പ്പുകളെയും അവഗണിച്ച് മുന്നിട്ടിറങ്ങുന്ന മിഷേലിസ്, വന്നെത്തിയവരെ തന്‍റെ ഗ്രാമത്തിലേക്ക് സ്വീകരിക്കാന്‍ ഒരുമ്പെടുമ്പോള്‍, ഗ്രാമത്തിലെ തുര്‍ക്കി ഭരണാധിപന്‍റെ നേതൃത്വത്തില്‍ തോക്കുകള്‍കൊണ്ട് ഫാ. ഗ്രിഗോറിയസ് തന്‍റെ ഗ്രാമത്തിന്‍റെ മതിലുകള്‍ കെട്ടിയടയ്ക്കുന്നു. ഒടുവില്‍ സമാധാനം വിപ്ളവത്തിലാണെന്ന തിരിച്ചറിവില്‍ ഫാ. ഫോര്‍ടിസ് തന്‍റെ അഭയാര്‍ത്ഥി സംഘത്തോട് ആയുധമെടുക്കാന്‍തന്നെ ആവശ്യപ്പെടുന്നുണ്ട്. നേതൃത്വം മൊണോലിയോസാണ് കയ്യാളുന്നതെന്നറിഞ്ഞ് ഫാ. ഗ്രിഗോറിയസിലെ ഏകാധിപതി, സൈന്യത്തിന്‍റെ വായകൊണ്ട് ക്രിസ്തുവിനെ ക്രൂശിക്കുകയും ബറാബാസിനെ വിട്ടയ്ക്കുകയും ചെയ്യുന്നതിന് 'സമാനമായി' മൊണോലിയോസിനെ ആവശ്യപ്പെടുന്നു.
മൊണോലിയോസും കാതറീനയും തമ്മില്‍ അഥവാ രക്ഷകനും മഗ്ദലനമറിയവും തമ്മിലുള്ള പ്രണയം, കൊതിക്കെറുവുണര്‍ത്തി പനയാതരോസിനെ യൂദാസായി രൂപാന്തരീകരിക്കുമ്പോള്‍, യൂദാസിന്‍റെ കൈകള്‍ തന്നെ - തിന്മ തന്നെ - രക്ഷകന്‍റെ രക്തത്തെ ദേവാലയത്തിനുള്ളിലെ നിലത്ത് ഒഴുക്കുന്നു. അവിടെ ചരിത്രത്തെ നിഷേധിച്ചുകൊണ്ട്, കരുണയുടെ മറിയമല്ല, മഗ്ദലനമറിയമാണ് രക്ഷകന്‍റെ ദേഹം മടിയില്‍ കിടത്തുന്നത്. അവസാനവാക്യമായി 'നിലനില്പിനുവേണ്ടിയുള്ള വിപ്ലവത്തില്‍ ഞാനും നിങ്ങളോടൊപ്പം ചേരുമെന്ന് ഫാ. ഫോര്‍ട്ടിസിന്‍റെ സംഘത്തെ അറിയിക്കൂ' എന്ന് മഗ്ദലനമറിയത്തോട് ഉരുവിട്ടുകൊണ്ട് ദൈവപുത്രന്‍, അതെ, തിരഞ്ഞെടുക്കപ്പെട്ടവന്‍ ജീവന്‍ വെടിയുന്നു.
വി. യോഹന്നാന്‍ നല്കിയ സങ്കേതത്തില്‍ അഭയാര്‍ത്ഥികളെ പ്രവേശിപ്പിച്ചശേഷം, അവര്‍ക്കു ചുറ്റും മഗ്ദലനമറിയവും അപ്പസ്തോലന്മാരും തോക്കുകള്‍കൊണ്ട് സംരക്ഷണകവചം തീര്‍ക്കുന്നു. മൊണോലിയോസ് ഇനി വരില്ലേ? എന്ന സംഘത്തിലെ ഒരു ബാലന്‍റെ സംശയത്തിന്, ഭൂമിയിലേക്ക് വന്ന മാലാഖയെ പിശാചുക്കള്‍ രണ്ടായി മുറിച്ചപ്പോള്‍ അതു രണ്ടു മാലാഖമാരായി എന്നും രണ്ടു മാലാഖമാരെ പിശാചുക്കള്‍ വെട്ടിമുറിച്ചപ്പോള്‍ അവ നാലായി മാറിയെന്നും പിശാചുക്കളുടെ വാളുകള്‍ ഉയരുമ്പോഴൊക്കെ മാലാഖമാര്‍ ഇരട്ടിച്ചുവെന്നുമുള്ള കഥ കൊണ്ട് ഫാ. ഫോര്‍ട്ടിസ് മറുപടി നല്കുന്നത് ശ്രദ്ധേയമാണ്. 'മൊണോലിയോസു'മാര്‍ ഇനിയും ഉണ്ടാകും എന്നാശ്വസിപ്പിച്ചുകൊണ്ട് ക്രിസ്തുശിഷ്യന്മാരെയും പാപിനിയായ മറിയത്തെയും ആശീര്‍വദിക്കുന്ന ഫാ. ഫോര്‍ട്ടിസ് വി. ഗ്രന്ഥം ചുംബിച്ച് മാറ്റിവച്ചശേഷം തോക്കെടുത്ത് അവര്‍ക്കൊപ്പം ചേരുന്നു. എല്ലാ പോരാളികളെയുംപോലെ ഫാ. ഫോര്‍ട്ടിസിന്‍റെ തോക്കും ചൂണ്ടുന്നത് ക്യാമറായ്ക്കു നേരെയാണ്. ആ വൈദികന്‍റെ തോക്കിന്‍ മുനയിലാണ് സിനിമ അവസാനിക്കുന്നതും.
ആരും തുനിയാത്തതുകൊണ്ട് മതത്തെയും അസാധ്യമായതുകൊണ്ട് വിശ്വാസത്തെയും നിര്‍വ്വചിക്കുക എന്നത് ഉപേക്ഷിക്കുന്നുണ്ടെങ്കിലും മതങ്ങള്‍ വച്ചുപുലര്‍ത്തുകയും അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന നിലപാടുകളുടെ രാഷ്ട്രീയം നിര്‍വ്വചിക്കപ്പെടുകതന്നെ വേണം. മറ്റൊരര്‍ത്ഥത്തില്‍ കാലവും കലയും അതിനു തുനിയുകയെങ്കിലും ചെയ്യും. 'ഹി ഹു മസ്റ്റ് ഡൈ' എന്ന സിനിമയുടെ കാഴ്ചാലോകവും ഈയൊരര്‍ത്ഥത്തില്‍ വിശാലമാണ്. മതങ്ങളുടെയൊക്കെ കാതലായ ധര്‍മ്മം എന്നത് മനുഷ്യനന്മ, മനുഷ്യരക്ഷ ആണെന്നിരിക്കെ മതങ്ങള്‍ വിശ്വാസത്തിന്‍റെയും വ്യക്തിതാല്‍പര്യങ്ങളുടെയുമൊക്കെ വേലികള്‍കൊണ്ട് മാറ്റിനിര്‍ത്തുകയും ആട്ടിപ്പായിക്കുകയും ചെയ്യുന്ന ധാര്‍മ്മികത, മാനവികമൂല്യങ്ങള്‍ ഇവ അതിനാല്‍തന്നെ മതാതീതം ആണ് എന്ന വ്യക്തമായ അഭിപ്രായം ഈ ചിത്രം അടയാളപ്പെടുത്തുന്നു. സിനിമയില്‍ വ്യത്യസ്തമതങ്ങളില്‍ വിശ്വസിക്കുന്ന സൈന്യാധിപനും ധനികനും തമ്മിലുള്ള സൗഹൃദഭാഷണത്തിനിടയ്ക്ക് 'നിങ്ങളുടെ ദൈവം വലിയൊരു സാഡിസ്റ്റാണ്, ഞങ്ങളുടെ ദൈവം വലിയൊരു കലാകാരനും' എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ത്തുന്ന ഹാസ്യം ഉദാഹരണമായിക്കാട്ടാം. ഇത്തരം പരാമര്‍ശങ്ങള്‍ വേറെയുമുണ്ട്.
ദേവാലയത്തിനുള്ളില്‍ വച്ച് രക്തംചിന്തി മരിക്കുന്ന പുതിയ ക്രിസ്തു എന്ന ചിത്രീകരണം സമകാലികമായി ഏറെ പ്രസക്തമായ ഒന്നാണ്. മറ്റൊന്ന് പുരോഹിതധര്‍മ്മം എന്നത് ദുരുപയോഗം ചെയ്യപ്പെടുന്നിടത്ത് ജനങ്ങള്‍ നേതൃത്വം കയ്യാളുന്ന ഘട്ടത്തിലേക്കുള്ള വളര്‍ച്ചയിലാണ്. ഈ ജനാധിപത്യസങ്കല്പത്തിനും സിനിമയില്‍ ചര്‍ച്ചയ്ക്കിടനല്കുന്നു. വിശപ്പും രോഗവും മൂലം ബുദ്ധിമുട്ടുന്നവരെ സഹായിക്കേണ്ടത് ദൈവമാണെന്നും അതു നമ്മുടെ ജോലിയല്ല എന്നുമുള്ള പുരോഹിതന്‍റെ അഭിപ്രായം മതങ്ങളെയും അവയുടെ ആയുസിനെപ്പറ്റിയുമുള്ള ചിന്തകള്‍ ഉണര്‍ത്തിവിടുന്നുണ്ട്. ഭ്രാന്തന്‍ തന്‍റെ ചങ്ങലയെ ആഭരണമായി ഗണിക്കുന്നതിനു സമാനമെന്നോണം തുര്‍ക്കിയുടെ അധീശഭരണത്തിന്‍ കീഴില്‍ 'സമാധാനപൂര്‍ണമായ ജീവിതം' നയിക്കുന്ന ഒരു ഗ്രീക്ക് ജനവിഭാഗം, അവിടേയ്ക്കു വന്നുചേരുന്ന മറ്റൊരു ഗ്രീക്ക് വിഭാഗത്തിനുനേരെ തിരിയുകയും, അതിനു തങ്ങളെ കീഴടക്കിയിരിക്കുന്ന തുര്‍ക്കി ഭരണകൂടത്തിന്‍റെ സഹായം യാചിക്കുകയും ചെയ്യുന്നതിലെ വിരോധാഭാസം ചിന്തകള്‍ മുറിക്കപ്പെടുന്ന പുതുകാലഘട്ടത്തില്‍, സമൂഹമനശ്ശാസ്ത്രത്തിന്‍റെ വിശകലനത്തിനുകൂടി വിധേയമാക്കാവുന്നതാണ്.
'നിങ്ങളൊരു നല്ല പുരോഹിതനല്ല' എന്ന് പുരോഹിതന്‍റെ നേര്‍ക്കുനോക്കി പറയുന്ന രക്ഷകന്‍റെ - മൊണോലിയോസിന്‍റെ - കഥാപാത്രവും 'ക്രിസ്തു വീണ്ടും ഭൂമിയിലേക്ക് വന്നിരുന്നുവെങ്കില്‍ വീണ്ടും ക്രൂശിക്കപ്പെടുമായിരുന്നു' എന്ന് പുരോഹിതനോട് അഭിപ്രായപ്പെടുന്ന വി. യോഹന്നാന്‍റെ - മിഷേലിന്‍റെ - കഥാപാത്രവും ഈ നൂറ്റാണ്ടിന്‍റെ അഭിപ്രായങ്ങള്‍ ഉരുക്കിവാര്‍ത്തുണ്ടാക്കിയതുമാണ്. നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക എന്നു പറയുന്ന 'ക്രിസ്തുവും' അതിന്‍പ്രകാരം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കാനായി തനിക്കുള്ളതെല്ലാം വില്‍ക്കാന്‍ എത്തുന്ന മിഷേലിന് അതിനുള്ള അനുമതി നിഷേധിക്കുന്ന 'പുരോഹിതനും'. ഈ വൈരുദ്ധ്യവും വൈചിത്ര്യവും സിനിമയുടെ കാതലാണ്. ഒടുവില്‍ കാലത്തെ രണ്ടായി പകുത്ത - സ്വയം ബലിയായ ക്രിസ്തുവിനും, മതം ബലി നല്കിയ ക്രിസ്തുവിനും അഥവാ മൊണോലിയോസിനും ശേഷം ഇനി ആര് എന്ന ചോദ്യം കൂടിയാണ് നമ്മുടെ കാഴ്ചയ്ക്കു നേരെ ഫാ. ഫോര്‍ട്ടിസ് ചൂണ്ടുന്ന തോക്കിന്‍മുന.
ബിന്‍റോ അലക്സ്
ഫിലിം ക്ലബ്, എസ്. ബി. കോളേജ് ചങ്ങനാശ്ശേരി