ഒക്ടോബര്‍ നാല് അസ്സീസിയിലെ പരിവ്രാജകനായ ഫ്രാന്‍സിസിന്‍റെ ഓര്‍മ്മദിനമാണ്. മധ്യകാലഘട്ടത്തില്‍ സന്ന്യാസത്തിന്‍റെ പരിവ്രാജകഭാവം സഭയ്ക്കുള്ളില്‍ ഉയര്‍ത്തിക്കാട്ടിയ ഫ്രാന്‍സിസ് സന്ന്യാസം ഒരിക്കല്‍ കൂടി നമ്മുടെ ജീവിതപരിസരങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ സന്ന്യാസത്തിന്‍റെ ഒരു പുനരവതരണം ആവശ്യപ്പെടുന്നു. വ്യവസ്ഥാപിത സമൂഹത്തെ കാലങ്ങളായി മുന്നോട്ടുകൊണ്ടുപോകുന്നത് കുടുംബങ്ങളാണ്. നിലനില്ക്കുന്ന സമൂഹത്തില്‍ പല സാമൂഹ്യമാറ്റത്തിനും വിധേയമാകുന്നുണ്ടെങ്കിലും കുടുംബം എന്ന പരമ്പരാഗത ധാരണയെ സമൂഹം പൊതുവില്‍ മറന്നിട്ടില്ല. കുടുംബത്തെക്കുറിച്ച് സമൂഹമനസ്സില്‍ വ്യക്തമായ നിര്‍വ്വചനങ്ങളും ധാരണകളുമുണ്ട്. പൗരോഹിത്യത്തെ സംബന്ധിച്ച് അത് നിര്‍വ്വഹിക്കേണ്ട കടമകളുമായി ബന്ധപ്പെട്ട ധാരണയും കൃത്യമാണ്. എന്നാല്‍ സന്ന്യാസം എന്ത്? എന്തിന്? അതിന്‍റെ ജീവിതശൈലിയെന്ത്? എന്നതിനെക്കുറിച്ചൊന്നും നിയതമായ ധാരണകളില്ല. അതുകൊണ്ടുതന്നെ കലുഷിതമാകുന്ന ഫ്രാന്‍സിസ്കന്‍ മനസ്സില്‍ നിന്ന് സന്ന്യാസത്തിന്‍റെ വിശാലവൈവിധ്യലോകത്തെയും അതിനുള്ളിലെ സംഘര്‍ഷത്തെയും നോക്കിക്കാണാന്‍ ശ്രമിക്കുന്നത് സന്ന്യാസികള്‍ക്കും പൊതുസമൂഹത്തിനും ഗുണകരമാകും.
"അതല്ല ഞാനാഗ്രഹിക്കുന്നത്; അതല്ല ഞാനന്വേഷിക്കുന്നത്"
ഭാവിയെക്കുറിച്ച് വലിയ തിട്ടമില്ലാതെ, ഒരു ഉള്‍വിളിയുടെ പിന്‍ബലത്തില്‍, ഒരു പരിവ്രാജക ജീവിതത്തിലേക്ക് ഇറങ്ങിപ്പോരുമ്പോള്‍ തന്നില്‍നിന്ന് ഒരു ജീവിതക്രമം രൂപപ്പെടുമെന്ന് ഫ്രാന്‍സിസിന് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. തന്നോടൊപ്പം ചേരാന്‍ വരുന്ന സഹോദരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ബെര്‍നാര്‍ഡ് ക്വിന്‍റെവാലെയെപ്പോലുള്ള ആദ്യകാല സുഹൃത്തുക്കളോട് 'വേണ്ട' എന്ന് പറയുകയായിരുന്നു ചെയ്തത്. അവരെല്ലാം ഫ്രാന്‍സിസിന്‍റെ കൂടെ ചേരുന്നത് സ്വന്തം ഇഷ്ടപ്രകാരവും നിര്‍ബന്ധബുദ്ധിയോടും കൂടിയാണ്.
കൊച്ചുഫ്രാന്‍സിസിന്‍റെ ബാല്യത്തില്‍ വീട്ടുപടിക്കല്‍ ചിലപ്പോള്‍ ഭിക്ഷതേടി ചില പരിവ്രാജകര്‍ വന്നുപോയിരുന്നു, കത്താരികള്‍ എന്ന പേരില്‍. പിക്കാമ്മ അവര്‍ക്ക് ഭിക്ഷ കൊടുക്കുന്നതും ഫ്രാന്‍സിസ് കണ്ടിരുന്നു. ഈ അലയുന്ന മനുഷ്യര്‍ ഫ്രാന്‍സിസിന്‍റെ കൊച്ചുമനസ്സില്‍ എന്ത് ചലനങ്ങളാണ് ഉണ്ടാക്കിയതെന്ന് നമുക്ക് വ്യക്തമല്ല. ഫ്രാന്‍സിസ് സ്വന്തം വീടുപേക്ഷിച്ച് ഒരു പരിവ്രാജക ജീവിതശൈലിയിലേക്ക് നീങ്ങിയപ്പോള്‍ അദ്ദേഹത്തോട് ഒരു ഏകസ്ഥതാപസന്‍റെയോ അല്ലെങ്കില്‍ കൂട്ടക്രമം ജീവിക്കുന്ന സന്ന്യാസികളുടെയോ നിലനില്ക്കുന്ന ജീവിതക്രമങ്ങളിലൊന്ന് സ്വീകരിക്കാന്‍ മാര്‍പാപ്പ നിര്‍ദ്ദേശിച്ചു(സെലാനോ 13,33). അന്ന് നിലവിലുണ്ടായിരുന്ന സന്ന്യാസത്തിന്‍റെ കൂട്ടക്രമവ്യവസ്ഥ ജീവിച്ചിരുന്നവര്‍ ബെനഡിക്റ്റെയിന്‍സും അഗസ്റ്റീനിയന്‍സുമായിരുന്നു. അവര്‍ വലിയ ആവൃതിക്കുള്ളില്‍ ക്രമബദ്ധമായ പ്രാര്‍ത്ഥനയും ജോലിയും പഠനവും വിശ്രമവുമായി ജീവിക്കുന്നവരായിരുന്നു. എന്നാല്‍ ഫ്രാന്‍സിസ് പറഞ്ഞ മറുപടി ഇതായിരുന്നു: "അതല്ല ഞാനാഗ്രഹിക്കുന്നത്; അതല്ല ഞാനന്വേഷിക്കുന്നത്." അവസാനം വ്യത്യസ്തമായ ഒരു ജീവിതശൈലിക്ക് മാര്‍പാപ്പ ഫ്രാന്‍സിസിനും ആദ്യകാല സഹോദരങ്ങള്‍ക്കും അനുവാദം കൊടുത്തു. അങ്ങനെ ക്രിസ്ത്യന്‍ സന്ന്യാസത്തിലെ പുതിയൊരധ്യായം തുറന്നു, മെന്‍ഡിക്കന്‍സ് എന്ന അലയുന്ന സന്ന്യാസ പാരമ്പര്യം.
പറഞ്ഞുവരുന്നതെന്തെന്നാല്‍ സന്ന്യാസത്തെ ഒരൊറ്റ ജീവിതക്രമം കൊണ്ടും ആവൃതികൊണ്ടും കൂട്ടക്രമം കൊണ്ടുമൊന്നും നിര്‍വ്വചിക്കാനാവില്ല. പല സന്ന്യാസപാരമ്പര്യങ്ങളും ഇതില്‍ ചിലതൊക്കെ അനുവര്‍ത്തിക്കുന്നുണ്ടാവാം. 'സന്ന്യാസം' എന്ന വാക്ക് ഏതെങ്കിലും ഒരു വാര്‍പ്പുരൂപ(Stereotype) ജീവിതക്രമത്തെ സാധൂകരിക്കാന്‍ ഉപയോഗിക്കേണ്ട ഒന്നല്ല. 'സന്ന്യാസം' എന്ന വാക്ക് ക്രിസ്ത്യന്‍ മതപശ്ചാത്തലത്തില്‍ രൂപപ്പെട്ട ഒന്നല്ല. ഭാരതീയ ഹൈന്ദവസംസ്കാരത്തില്‍ നിന്ന് കടമെടുത്ത് പൊതുവായി ഉപയോഗിക്കുന്ന ഈ വാക്കിന് ഹൈന്ദവ പശ്ചാത്തലത്തില്‍ എല്ലാ മനുഷ്യജീവിതങ്ങളുടെയും നാലാം ഘട്ടം(അവസാനഘട്ടം) എന്നേ അര്‍ത്ഥമുള്ളൂ. നിത്യബ്രഹ്മചാരിയായിരിക്കുക എന്നുപോലും ഇതിനര്‍ത്ഥം കല്പിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഹൈന്ദവ സംസ്കാരത്തില്‍ തന്നെ പരിവ്രാജകജീവിതവും നിത്യബ്രഹ്മചര്യജീവിതവും താപസജീവിതവും ഒക്കെയുണ്ടായിരുന്നു. ഭാരതീയ സംസ്കാരത്തില്‍ 'സന്ന്യാസ'ത്തിന്‍റെ കൂട്ടക്രമം ജീവിക്കപ്പെട്ടിരുന്നത് പ്രധാനമായും ബുദ്ധിസ്റ്റുകളുടെയും ജൈനന്മാരുടെയും ഇടയിലായിരുന്നു.
ക്രിസ്തീയ പാരമ്പര്യമുള്ള പാശ്ചാത്യലോകത്ത് ബുദ്ധിസ്റ്റ് സന്ന്യാസികള്‍ ജീവിച്ചതുപോലെ വലിയ മൊണാസ്ട്രികളിലും ആവൃതികളിലുമാണ് സന്ന്യാസജീവിതം മുഖ്യമായും നയിക്കപ്പെട്ടത്. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി ഏകസ്ഥ താപസരും പരിവ്രാജകരും ഒക്കെയടങ്ങുന്ന, കുടുംബജീവിതത്തില്‍ നിന്ന് വ്യത്യസ്തമായ വൈവിധ്യങ്ങളുടെ ഒരു ജീവിതശൈലിയായിട്ടാണ് എല്ലാക്കാലത്തും സംസ്കാരങ്ങളിലും സന്ന്യാസജീവിതങ്ങള്‍ ഉണ്ടായിട്ടുള്ളത്. സൂഫിസന്ന്യാസികളും നാഗാസന്ന്യാസികളും ശൈവസന്ന്യാസികളും ബെനഡിക്റ്റെന്‍ സന്ന്യാസികളും ഫ്രാന്‍സിസ്കന്‍ സന്ന്യാസികളും മരുഭൂമിയിലെ താപസ്സരും തമ്മില്‍ കൂട്ടിയിണക്കപ്പെടുന്ന ഒരു പൊതുജീവിതശൈലിയൊന്നും കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. ഈ സാഹചര്യത്തിലാണ് സന്ന്യാസത്തിന്‍റെ വാര്‍പ്പുരൂപങ്ങളെ സൃഷ്ടിച്ച് അതിനെ സാമാന്യവത്കരിക്കുന്നതിനെ(normalise ) നാം സംശയദൃഷ്ട്യാ കാണേണ്ടത്.
ക്രിസ്തീയ സന്ന്യാസത്തെ മൊണാസ്റ്റിസിസത്തിലേക്കും ആവൃതിയിലേക്കും മാത്രം ഒതുക്കി നിര്‍ത്തുന്ന വ്യാഖ്യാനങ്ങള്‍ സന്ന്യാസത്തിന്‍റെ വൈവിധ്യങ്ങളെ മനസ്സിലാക്കാതെ പോകുന്നതുകൊണ്ടാണ്. ഈ സംഘര്‍ഷമായിരുന്നു അസ്സീസിയിലെ ഫ്രാന്‍സിസിന് അവസാനകാലത്ത് നേരിടേണ്ടിവന്നത്. 'തെരുവുകളെ ആവൃതികളാക്കി' തുടങ്ങിയ പരിവ്രാജക ജീവിതം ഒരു വ്യാഴവട്ടം മാത്രം പിന്നിടുമ്പോള്‍ സ്ഥാപനവത്കൃതവും മൊണാസ്ട്രി കേന്ദ്രീകൃതവുമാകാന്‍ തുടങ്ങി. ഇത് ഫ്രാന്‍സിസിന്‍റെ മനസ്സിനു ചേരുന്ന ഒരു സങ്കല്പമേ അല്ലായിരുന്നു. പിന്നീടു വന്ന സഹോദരന്മാര്‍ പണിതുയര്‍ത്തിയ സ്ഥാപനങ്ങളെ അദ്ദേഹം ധാര്‍മ്മികരോക്ഷത്തില്‍ തകര്‍ത്തെറിയാന്‍ വരെ ശ്രമിക്കുന്നുണ്ട്. മൊണാസ്റ്റിക് ജീവിതത്തിന്‍റെ ആവൃതിയുടെ അടച്ചുപൂട്ടുകള്‍ക്ക് മുന്നില്‍നിന്നാണ് പരിത്യക്തനായ ഫ്രാന്‍സിസ് ലിയോ സഹോദരനോട് 'പരിപൂര്‍ണ ആനന്ദ'ത്തിന്‍റെ കഥ പറയുന്നത്.
കൂട്ടക്രമം കൊണ്ടും ആവൃതി നിയമം കൊണ്ടും സന്ന്യാസം പൂര്‍ണമാകുമെന്ന് വിചാരിക്കുന്നവര്‍ക്ക് ഫ്രാന്‍സിസിന്‍റെ മനസ്സ് വായിക്കാന്‍ കഴിയില്ല. കഷ്ടി ഇരുപതുവര്‍ഷം മാത്രം സന്ന്യാസം ജീവിച്ച ഫ്രാന്‍സിസിന്‍റെ കാലത്ത് തന്നെ അദ്ദേഹത്തിന്‍റെ സന്ന്യാസമുന്നേറ്റത്തില്‍ വന്നുചേര്‍ന്നവര്‍ അയ്യായിരത്തില്‍പരമായിരുന്നു. എന്നാല്‍ അതില്‍ തന്‍റെ 'ആദ്യകാലസഹോദരന്മാര്‍' എന്ന് ഫ്രാന്‍സിസ് വിശേഷിപ്പിച്ച പത്തോ പന്ത്രണ്ടോ സഹോദരന്മാര്‍ക്ക് മാത്രമാണ് അദ്ദേഹത്തിന്‍റെ സന്ന്യാസമനസ്സ് വായിക്കാന്‍ കഴിഞ്ഞത്. അവസാനകാലം അദ്ദേഹം സന്ന്യാസത്തിന്‍റെ വലിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് വഴിമാറി നടക്കുകയായിരുന്നു. അലയുന്ന മനുഷ്യന്‍റെ പരിവ്രാജകമനസ്സ് ഫ്രാന്‍സിസിന്‍റെ മരണത്തോടെ ഫ്രാന്‍സിസ്കന്‍ മുന്നേറ്റത്തിനിടയില്‍ വലിയ പൊട്ടിത്തെറികളും കോളിളക്കങ്ങളും സൃഷ്ടിച്ചു. മൊണാസ്റ്റിസിസത്തില്‍ കൂട്ടക്രമം ജീവിക്കാന്‍ ആഗ്രഹിച്ച ആവൃതിബന്ധ മനുഷ്യര്‍ 'തീക്ഷ്ണമതികളായ' പരിവ്രാജകസഹോദരന്മാരെ വേട്ടയാടി. അങ്ങനെ ആ മുന്നേറ്റം പല വഴിയില്‍ ചിതറി. ആവൃതികളോട് സമരസപ്പെടാന്‍ നിരന്തരം സന്ന്യാസികളെ ഓര്‍മ്മിപ്പിക്കുമ്പോള്‍ സന്ന്യാസം മനസ്സിന്‍റെ പ്രശ്നമാണെന്ന് അറിയാതെ പോകുന്ന ഒരു സ്ഥാപനവത്കരണം ക്രിസ്തീയതില്‍ നടന്നുകഴിഞ്ഞു എന്ന് മനസ്സിലാക്കണം.
സന്ന്യാസം - വസ്ത്രം - അല്മായത്വം
സന്ന്യാസത്തിലേക്ക് ഒരാള്‍ ഇറങ്ങി നടക്കുകയെന്നാല്‍ ഈ ലോകത്തില്‍ നിന്ന് വേര്‍തിരിക്കപ്പെട്ട് ദൈവികമായ ഒരു ഇടത്തില്‍ ജീവിക്കുക എന്ന ഒരു വേര്‍തിരിവിന്‍റെ തലം വന്നുചേരുന്നതായിട്ടാണ് നിലവിലെ പല മതാത്മക വ്യാഖ്യാനങ്ങളും. ആവൃതികള്‍ വിശുദ്ധിയിടങ്ങളും (Sacro Sanctum) സന്ന്യാസവസ്ത്രങ്ങള്‍ 'വിശുദ്ധ വസ്ത്രങ്ങളും' വ്രതം ചെയ്തവര്‍ വിശുദ്ധ ജീവിതം നയിക്കുന്നവരുമാണെന്ന ധാരണയാണ് പ്രചരിപ്പിക്കപ്പെടുന്നത്. അവിടെ സന്ന്യാസം അതിസാധാരണത്വത്തിലേയ്ക്കുള്ള മടക്കവും അനുരൂപപ്പെടലുമാണെന്ന ധാരണ മറയ്ക്കപ്പെടുകയാണ്. ഫ്രാന്‍സിസ് പരിവ്രാജക ജീവിതത്തിലേക്ക് ഇറങ്ങുമ്പോള്‍ അസ്സീസിയിലെ ഒരു അതിസാധാരണ കര്‍ഷകന്‍റെ വേഷമാണ് എടുത്തിരുന്നത്. വേഷവിധാനത്തില്‍ നിന്ന് മേജറുകളെയും (വരേണ്യരെയും) മൈനറുകളെയും (അധഃസ്ഥിതരെയും) തിരിച്ചറിഞ്ഞിരുന്ന ലോകത്തില്‍ സഹോദരന്മാര്‍ മൈനറുകള്‍ ആയിരിക്കണം എന്നതായിരുന്നു ഫ്രാന്‍സിസിന്‍റെ നിര്‍ദ്ദേശം. കല്‍ക്കട്ടയിലെ മദര്‍ തെരേസ തെരുവില്‍ സന്ന്യാസം ജീവിക്കാന്‍ ഇറങ്ങുമ്പോള്‍ അവളെടുത്തണിയുന്നത് തൂപ്പുകാരികള്‍ ഉടുത്തിരുന്ന നീലക്കരയുള്ള കോട്ടണ്‍ സാരിയാണ്. ഇവരൊക്കെ സന്ന്യാസമെന്നാല്‍ വിശുദ്ധ വസ്ത്രം കൊണ്ട് വേര്‍തിരിക്കപ്പെടല്‍ എന്നല്ല മനസ്സിലാക്കിയത്, സാധാരണത്വത്തോട് അനുരൂപപ്പെടല്‍ എന്നാണ്. ശിഷ്യര്‍ക്കൊപ്പം നടക്കുമ്പോള്‍ വസ്ത്രധാരണത്തില്‍പോലും ശിഷ്യരില്‍നിന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം അതിസാധാരണക്കാരനായ ഒരു ഗുരുവിനെ കണ്ടുപിടിക്കാന്‍ അവന്‍റെ ശിഷ്യരിലൊരാളുടെ ചുംബനത്തിന്‍റെ ഒറ്റുകൊടുക്കല്‍ ആവശ്യമായി വന്നു. അങ്ങനെയുള്ള അതിസാധാരണത്വവും അല്മായത്വവും ജീവിതത്തില്‍ സൂക്ഷിക്കുന്ന ഗുരുവിനെ പിന്‍ഞ്ചെല്ലുന്നവര്‍ക്ക് സന്ന്യാസം ഒരു യൂണിഫോമില്‍ വേര്‍തിരിക്കപ്പെടുന്ന വസ്ത്രത്തിന്‍റെ പ്രശ്നമല്ല, മനസ്സിന്‍റെ പ്രശ്നമാണ്.
അല്മായത്വവും സന്ന്യാസവും ഒരുമിച്ച് പോകുന്ന ഒന്നാണെന്ന തിരിച്ചറിവ് ഫ്രാന്‍സിസിന് വ്യക്തമായിട്ടുണ്ടായിരുന്നു. ഫ്രാന്‍സിസ് മുന്നില്‍ കണ്ട ജീവിതശൈലിയിലേക്ക് വരാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നു. അവരെല്ലാം 'എളിയ സഹോദരന്മാരാകാന്‍' (മൈനേഴ്സ്) മനസ്സുള്ളവരാവണമെന്ന നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ആ മുന്നേറ്റത്തില്‍ അവിവാഹിതരായ യുവാക്കളും യുവതികളും വന്നെത്തി, പുരോഹിതര്‍ വന്നെത്തി, കുടുംബജീവിതം നയിക്കുന്ന കുടുംബസ്ഥര്‍ വന്നെത്തി, അങ്ങനെ ഒരു പരിവ്രാജകജീവിതശൈലി ആരെയും ഉള്‍ക്കൊള്ളാന്‍ മാത്രം സാധാരണമായി മാറി. ഒരേ ആത്മീയത ജീവിക്കുന്ന ഒന്നും രണ്ടും മൂന്നും സഹോദരസംഘങ്ങള്‍ ഉണ്ടായത് അങ്ങനെയാണ്. പൗരോഹിത്യത്തിന്‍റെ 'വേര്‍തിരിക്കപ്പെടലിലേക്ക്' വഴിമാറാത്ത അല്മായത്വമായിരുന്നു ആദ്യകാല ഫ്രാന്‍സിസ്കന്‍ മുന്നേറ്റത്തിന്‍റെ മുഖമുദ്ര, ഈ മുന്നേറ്റത്തില്‍ ചേര്‍ന്ന പുരോഹിതര്‍പോലും സ്വന്തമാക്കേണ്ട ഒന്നായിരുന്നു അത്.
ആവൃതിയുടെ നിയമങ്ങളെക്കുറിച്ച് കാര്‍ക്കശ്യം കാണിച്ചും കൂട്ടക്രമത്തിന്‍റെ സൈനികനിഷ്ഠയില്‍ പൂര്‍ണത കണ്ടും വസ്ത്രത്തിന്‍റെ വിശുദ്ധിയില്‍ അഭിമാനിച്ചും ഉള്ളിലെ സന്ന്യാസം പൊയ്പ്പോകുന്നത് നാം കണ്‍മുന്നില്‍ കാണുമ്പോള്‍ അലഞ്ഞുനടന്ന പരിവ്രാജകന്‍ മനുഷ്യരോടും പ്രകൃതിയോടും സംവദിച്ചും കൂട്ടംകൂടി ആള്‍ക്കൂട്ടമായി മാറിയ സന്ന്യാസത്തില്‍ നിന്ന് വഴിമാറി നടന്നും, 'ഉടുവസ്ത്രം പോലും ഉരിഞ്ഞു മാറ്റി എന്നെയീ മണ്ണില്‍ കിടത്തൂ, നഗ്നനായി വന്ന ഞാന്‍ നഗ്നനായി മടങ്ങട്ടെ' എന്ന് മരണക്കിടക്കയ്ക്ക് ചുറ്റും നിന്നവരോട് ആവശ്യപ്പെട്ടും നാട്ടുനടപ്പ് സന്ന്യാസത്തെ നോക്കി പരിഹസിക്കുന്നുണ്ട്.
സന്ന്യാസം വൈവിധ്യങ്ങളുടെ ലോകമാണ്. കുടുംബത്തിന്‍റെ ചുറ്റുവട്ടങ്ങളില്‍ മാത്രമൊതുങ്ങാത്ത മനസ്സാണ്, അത്യപൂര്‍വ്വം മനുഷ്യരില്‍ മാത്രം കാണുന്ന ഒന്നിനോടും ഒട്ടിനില്‍ക്കാത്ത നിര്‍മമതയാണ്. എന്നാല്‍ എല്ലാ മനുഷ്യരും ജീവിതത്തില്‍ എപ്പോഴെങ്കിലും ആഗ്രഹിക്കുന്ന ഉള്ളിന്‍റെ സ്വാതന്ത്ര്യമാണ്.
സന്ന്യാസം മതങ്ങള്‍ക്കെല്ലാം അതീതമായ ഒരു ജീവിതദര്‍ശനവും അത് ജീവിക്കപ്പെടുന്ന വൈവിധ്യമുള്ള ജീവിതശൈലികളുമാണ്. അപ്പോള്‍ എന്താണ് ക്രിസ്തീയ സന്ന്യാസത്തിന്‍റെ പ്രത്യേകത എന്നു ചോദിച്ചാല്‍ അതിനുത്തരം ക്രിസ്താനുകരണത്തിലാണ്. 'ആകാശപ്പറവകള്‍ക്ക് കൂടും കുറുനരികള്‍ക്ക് മാളങ്ങളുമുള്ള ലോകത്ത്' അലഞ്ഞുനടന്ന് ദൈവരാജ്യം പ്രഘോഷിച്ച മനുഷ്യന്‍റെ വാക്കുകളുടെയും പ്രവൃത്തികളുടെയും പ്രവാചകദൗത്യം ഉള്‍ക്കൊള്ളുന്നിടത്താണ് ക്രിസ്തീയസന്ന്യാസം വ്യതിരിക്തമാകുന്നത്. സകല ജനതകളുടെയും വിമോചനത്തിനു വേണ്ടി, നിലനില്ക്കുന്ന അടിമത്വവ്യവസ്ഥിതികളെ ധീരമായി ചോദ്യം ചെയ്യുകയും പൊളിച്ചെഴുതുകയും ചെയ്യുന്നതിലാണ് അത് അടങ്ങിയിരിക്കുന്നത്. അങ്ങനെയുള്ളവരാണ് ജീര്‍ണ്ണിക്കുന്ന ആലയങ്ങളെ പുതുക്കിപ്പണിയുന്നവരാകുന്നത്. "ഫ്രാന്‍സിസ് നീ വീണ്ടും വരൂ, സന്ന്യാസത്തെ അതിന്‍റെ നുണകളില്‍ നിന്ന് രക്ഷിക്കൂ."