സി. ലൂസി കളപ്പുരയുടെ സന്യാസസഭാംഗത്വം റദ്ദാക്കിയ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേ ഷന്‍റെ നടപടിയെ പിന്തുണച്ചുകൊണ്ട് ഒട്ടനേകം പേരും, സി. ലൂസിക്കെതിരേ കോണ്‍ഗ്രിഗേഷന്‍ കൈക്കൊണ്ട നടപടികളെയും അതിലെ മനുഷ്യത്വമി ല്ലായ്മയെയും വിമര്‍ശിച്ചുകൊണ്ട് അച്ചടി-ഇലക്ട്രോ ണിക്-സൈബര്‍ മാധ്യമങ്ങളിലെ മറ്റു കുറേപ്പേരും രംഗത്തു വന്നിരിക്കുന്ന സമയമാണിത്. കോണ്‍ഗ്രി ഗേഷന്‍ വിധി പറഞ്ഞു കഴിഞ്ഞുവെങ്കിലും അതിനെ ചോദ്യം ചെയ്തു കൊണ്ട് സി. ലൂസി അപ്പീല്‍ പോയിരിക്കുന്നതിനാല്‍, ആയതില്‍ തീരുമാനം വരുന്നതുവരെ അവര്‍ സി. ലൂസി FCC തന്നെയാണ് എന്നതിനാല്‍ ആ സഹോദരിയെയോ അവര്‍ തൃശങ്കുവിലായിരിക്കുന്ന സമൂഹത്തെയോ വിധിക്കുവാനോ ന്യായീകരിക്കുവാനോ വെള്ളപൂശു വാനോ ഉള്ള ശ്രമമല്ല ഈ കുറിപ്പ് എന്ന് ആദ്യമേ പറയട്ടെ.
അക്കമിട്ട് നിരത്തിയ കാരണങ്ങളുടെ പേരിലും നടപടിക്രമങ്ങള്‍ പാലിച്ചും സി.ലൂസിയുടെ സന്യാസസമൂഹാംഗത്വം കോണ്‍ഗ്രിഗേഷന്‍ റദ്ദാക്കിയിരിക്കുന്നതിനാല്‍, റോമില്‍നിന്ന് മറിച്ച് ഒരു തീരുമാനം ഉണ്ടാകാനുള്ള സാധ്യത തുലോം പരിമിതമായാണ് കാണുന്നത്. കാരണം, ഏതൊരു നൈയാമിക വ്യക്തിയും നിയമങ്ങളെയും നിയമലംഘ നങ്ങളെയും മാത്രമാകും പരിഗണനക്കെടുക്കുക. അവിടെ സി. ലൂസി തോല്ക്കും. കോണ്‍ഗ്രിഗ്രേഷന്‍ ജയിക്കും.
ഒരു പ്രസ്ഥാനത്തോടും അതിലെ അംഗങ്ങളോടും മല്ലടിച്ച വെറും വ്യക്തി എന്ന നിലയില്‍ സി. ലൂസിക്ക് തീര്‍ച്ചയായും തെറ്റുകള്‍ സംഭവിക്കും. അതിനാല്‍, സി. ലൂസിയെ നമുക്ക് തല്ക്കാലം വിടാം.
കേരളത്തിലെ പ്രധാനപ്പെട്ട സന്യാസിനീ സമൂഹങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, ഈ സമൂഹങ്ങള്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാത്തതിനെക്കുറിച്ചുള്ള ആകുലതകളും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു പോയാല്‍ സ്ത്രീസന്യാസം താറുമാറായി പോകുമെന്നും നശിച്ചുപോകുമെന്നുമുള്ള ന്യായീകരണങ്ങളും സത്യദീപത്തില്‍ ഏതാനും വര്‍ഷം മുമ്പ് പല ലക്കങ്ങളിലായി വന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ഓര്‍ത്തു പോകുന്നത്. രണ്ടായിരത്തിരണ്ടിലോ മറ്റോ ഒരു ജൂണ്‍ മാസത്തില്‍ അസ്സീസി മാസികയും സമാനമായ ചര്‍ച്ചകളുള്ള ഒരു ലക്കം ചെയ്തിരുന്നതായി ഓര്‍ക്കുന്നു.
വ്രതത്രയങ്ങളിലൊഴികെ മറ്റ് യാതൊന്നിലും കത്തോലിക്കാ സഭ സന്യാസത്തെക്കുറിച്ച് നിഷ്കര്‍ഷ പാലിക്കുന്നില്ല. തങ്ങളുടെ സിദ്ധിയും സ്ഥാപക ചൈതന്യവുമായി ഏതു സമൂഹത്തിനും സ്വയം നിര്‍ണ്ണയിക്കാം. ജനറല്‍ ചാപ്റ്റര്‍ സമ്മേളിച്ച്, നിയമാവലിയില്‍ സ്വയം മാറ്റം വരുത്താം. ഇതിനെല്ലാമുള്ള അധികാരം കത്തോലിക്കാ സഭ സ്ത്രീ-പുരുഷ സന്യാസ സമൂഹങ്ങള്‍ക്ക് ഒരേപോലെ നല്കിയിട്ടുള്ളതുമാണ്.
എന്നാല്‍, സന്യാസത്തില്‍ നിയമം മാത്രമായിരുന്നിട്ടില്ല എപ്പോഴും ആധാരം. ഒരു കാര്യം നിയമം മുഖേന കൃത്യമായി വിലക്കിയിട്ടില്ലെങ്കില്‍ സന്യാസത്തില്‍ ഇളവുകള്‍ അനുവദിക്കപ്പെട്ടിരു ന്നിട്ടുണ്ട്. പുരുഷ സന്യാസസമൂഹങ്ങളില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറിനു പോലും നാല്‍ചക്ര മോട്ടോര്‍ വാഹനം ഇല്ലാതിരുന്ന എഴുപതുകളില്‍ പോലും പുരുഷ സന്യാസ സമൂഹങ്ങളില്‍ ചില അംഗങ്ങള്‍ക്ക് അത്തരം വാഹനങ്ങള്‍ അനുവദിക്ക പ്പെട്ടിരുന്നതായി അറിയാം. സ്വന്തം ഉപയോഗത്തിന് കാറുണ്ടായിരിക്കുക എന്നത് വലിയ ആഢംബരമാ യിരുന്ന കാലമായിരുന്നു അത് എന്നോര്‍ക്കുക. പിന്നീട് സന്യാസ സമൂഹങ്ങളില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാര്‍ക്ക് ജീപ്പോ, കാറോ ഒക്കെ ആകാമെന്നായി. പിന്നീടത് സ്ത്രീ സന്യസ്തരുടെ നേതൃത്വത്തിലേക്കും വ്യാപിച്ചു. അതേ കാലത്ത് ആവശ്യത്തിനനുസരിച്ച് ഇരുചക്രവാഹനങ്ങള്‍ പുരുഷസന്യാസാശ്രമങ്ങളില്‍ കയറി വന്നു. കാറുകള്‍ അംഗങ്ങളിലേക്ക് വ്യാപിക്കാന്‍ കുറച്ചു കൂടി സമയമെടുത്തു. 'ഗള്‍ഫില്‍ പോയ ചേട്ടന്‍റെ കാറ്', 'വീട്ടില്‍ ഉപയോഗിക്കാന്‍ ആളില്ലാത്തതിനാല്‍ വെറുതേ കിടന്നാല്‍ തുരുമ്പിച്ചു പോകുമെന്നതിനാല്‍ വല്ലപ്പോഴും ചൂടാക്കി വയ്ക്കാന്‍ തന്നു വിട്ട കാറ്', 'വീട്ടുകാര്‍ വാങ്ങിത്തന്ന കാറ്' എന്നിത്യാദി നാമധേയങ്ങളില്‍ പതുക്കെ പതുക്കെ കാറുകള്‍ ആശ്രമ മുറ്റത്ത് കയറിക്കിടക്കാന്‍ തുടങ്ങി. കാലം കടന്നു പോകേ, പൊതു ഉപയോഗത്തിനുള്ളതും ബസ്സിലും ബൈക്കിലും പോകാന്‍ നടുവേദന അനുവദിക്കാ ത്തവരുടെ സ്വകാര്യ ഉപയോഗത്തിനുമുള്ള കാറുകളും മുതിര്‍ന്ന ബൈക്കുകളും ആളാംവണ്ണം പുരുഷ സന്യാസാശ്രമങ്ങളില്‍ നിരന്നു.
സന്യാസവസ്ത്രം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് നിയമാവലിയില്‍ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെങ്കില്‍ തന്നെയും സന്യസ്തരായ പുരുഷന്മാര്‍ സന്യാസവസ്ത്രം ഉപേക്ഷിച്ച്, തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജനത്തിന്‍റെ വസ്ത്രവിധാനത്തില്‍ യാത്ര ചെയ്യാനും ടൂറ് പോകാനും സിനിമ കാണാനും മറ്റും തുടങ്ങി.
തികച്ചും ന്യായമായ കാരണങ്ങളുടെ പേരില്‍ ആണെങ്കില്‍ പോലും, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ നല്കുന്ന ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ അനുസരിക്കാതെ താന്‍ ഉദ്ദേശിച്ച സ്ഥലത്തുതന്നെ വാസം തുടര്‍ന്നിട്ടുള്ള അംഗങ്ങള്‍ മിക്കവാറും പുരുഷ സന്യാസ സമൂഹങ്ങളില്‍ എല്ലാറ്റിലും നിരവധിയുണ്ട്.
ധ്യാനപ്രസംഗകരും മറ്റുമായ ചില അംഗങ്ങള്‍ക്ക് കിട്ടുന്നതും അവര്‍ പിരിക്കുന്നതുമായ പണം പൂര്‍ണ്ണമായും അധികാരികള്‍ക്ക് കൈമാറുന്നവര്‍ പുരുഷസന്യാസത്തില്‍ ഇന്നിപ്പോള്‍ വംശനാശ ത്തിന്‍റെ വക്കിലുമാണ്.
അനുവാദമില്ലാതെ പൊതു മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതിന് അംഗങ്ങള്‍ക്ക് അനുവാദമില്ലാതിരിക്കുമ്പോഴും ചിലരെങ്കിലും പൊതു ജനമധ്യത്തില്‍ മാധ്യമദ്വാരാ ഉത്തരവാദിത്തമില്ലാത്ത ചര്‍ച്ചകളും പ്രസ്താവനകളും നടത്തുന്നതും പുരുഷ സന്യാസത്തിലെ കാഴ്ചകളാണ്.
നിത്യവ്രതവാഗ്ദാനം കഴിഞ്ഞ് ഒരു പത്തു വര്‍ഷത്തിനകം ഒരു വിദേശയാത്രയെങ്കിലും നടത്താത്ത പുരുഷ സന്യസ്തര്‍ വിരലിലെണ്ണാനേ കാണൂ.
ഇത്തരം എല്ലാ കാര്യങ്ങള്‍ക്കും തങ്ങള്‍ അംഗങ്ങളായ സന്യാസ സഭയുടെ നിയമാവലി കൃത്യമായി അനുവാദം നല്കുന്നില്ല എന്നു കരുതി, പ്രസ്തുത സമൂഹംവിട്ട് മറ്റ് സമൂഹത്തില്‍ ചേക്കേറിയിട്ടുള്ളവര്‍ പുരുഷ സന്യസ്തരില്‍ കാണുമെന്നും തോന്നുന്നില്ല.
ഇതൊക്കെയാണെങ്കിലും, ഈവിധ സ്വാതന്ത്ര്യങ്ങള്‍ എല്ലാം അനുഭവിക്കുന്ന സന്യസ്ത സഹോദരന്മാര്‍ തന്നെ, തങ്ങളുടെ അതേ വ്രതങ്ങളും സന്യാസവും സ്വീകരിച്ചിട്ടുള്ള സ്വന്തം സഹോദരി മാരെ രണ്ടാം തരമായി മാത്രമേ കാണൂ. അവര്‍ നിയമങ്ങള്‍ കൃത്യമായി പാലിച്ചു കൊള്ളണം. അവര്‍ ഒന്നും ചോദ്യം ചെയ്തു കൂടാതാനും. അവരെക്കു റിച്ചും അവരുടെ അനുസരണ-ദാരിദ്ര്യ വ്രതങ്ങളെക്കുറിച്ചും എഴുതുമ്പോഴും പറയുമ്പോഴും പുരുഷ സന്യസ്തരില്‍ കാല്പനികത വന്നു നിറയും. അമ്പതിനായിരം രൂപ ശമ്പളം വാങ്ങുമ്പോഴും എല്ലാ അംഗങ്ങള്‍ക്കും നല്കുന്ന നൂറ്റമ്പതു രൂപ മാത്രം കൈപ്പറ്റി, ഒതുങ്ങി കഴിയുന്ന ഡോക്ടര്‍മാരും യൂജീസി അധ്യാപകരുമായ സ്ത്രീ-സന്യസ്തരെ കുറിച്ച് ഓര്‍ത്ത് അവര്‍ കോള്‍മയിര്‍ കൊള്ളും. അത്തരം ജീവിതങ്ങള്‍ക്ക് അര്‍ത്ഥം ഇല്ല എന്നല്ല ഇപ്പറഞ്ഞതി നര്‍ത്ഥം. അത്തരം ജീവിതത്തിന് ഒരുപക്ഷേ ഇന്ന് കൂടുതല്‍ സാംഗത്യം ഉണ്ടാകാം. പക്ഷേ, സഭയില്‍ സന്യാസം ഒന്നേ ഉള്ളൂവെങ്കില്‍, അത് ആണിനും പെണ്ണിനും ഒരു പോലെ ആയിരിക്കേണ്ടതാണ് എന്നു മാത്രം.
പുരുഷാധിപത്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍, "സഭയിലോ? ഛെ! ഇല്ലേ ഇല്ല!" എന്നു മാത്രം പറയരുത്.
പുരുഷ സന്യസ്തരില്‍ ചിലര്‍ ഒരു പ്രത്യേക ശുശ്രൂഷയ്ക്ക് ആരംഭമിടുകയും ഒരു പക്ഷേ, അവിടെ നിന്ന് മാറ്റം കൊടുക്കുമ്പോള്‍, അതനുസരിക്കാതെ, 'താന്‍ ഇവിടെ ആയിരിക്കുന്നതാണ് കൂടുതല്‍ പ്രൊഡക്റ്റീവ് ആയിരിക്കാന്‍ നല്ലത്' എന്ന ന്യായത്താല്‍ അവിടെ തുടരുകയും ചെയ്ത കഥകള്‍ കേരളത്തില്‍ നിരവധിയാണ്. അത്തരം അവസരങ്ങ ളില്‍ നേതൃത്വം അല്പം കണ്ണടയ്ക്കുകയും അവരെ ഇടവകകളിലോ അവരുടെ പ്രത്യേക ശുശ്രൂഷാ താവളങ്ങളിലോ തുടരാന്‍ വിടുകയുമാണ് പുരുഷ സന്യാസസമൂഹങ്ങള്‍ ചെയ്തിട്ടുള്ളത്. ഒരുമിച്ച് ജീവിക്കല്‍ അത്തരം വ്യക്തികള്‍ക്ക് വിഷമകരമാണെ ങ്കിലും അവര്‍ ചെയ്യുന്ന സേവനങ്ങള്‍ വലുതായി രിക്കുകയും ചെയ്യും. സമൂഹത്തില്‍ ഇഴുകിച്ചേരാന്‍ കഴിയാത്തവരെ, സമൂഹത്തോടൊപ്പം താമസിപ്പി ക്കാന്‍ ബുദ്ധിമുട്ടുള്ളവരെ ഒക്കെ നേതൃത്വം കൗശലപൂര്‍വ്വം അത്തരം ഒറ്റയാന്‍ ശുശ്രൂഷകള്‍ ഭരമേല്പിച്ചു വിടുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലെ പ്രത്യേകമായ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തില്‍ സന്യാസിനികളെ ഒറ്റയ്ക്ക് പാര്‍ക്കാന്‍ വിടുക മുന്‍കാലങ്ങളില്‍ സാധ്യമല്ലായിരുന്നുവെങ്കില്‍ പോലും ഇന്നത്തെ മാറിയ സാഹചര്യത്തില്‍ അതത്ര വിഷമകരമായിരിക്കില്ല. മംഗലാപുരത്തും ബാംഗ്ലൂരും ഉത്തരേന്‍ഡ്യയിലെ പല നഗരങ്ങളിലും പഠനത്തിനും മറ്റും പോകുന്ന കേരളത്തിലെ സന്യാസിനികള്‍ സ്റ്റൂഡന്‍ന്‍റ്സ് ഹോസ്റ്റലുകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകളിലും ഒറ്റയ്ക്ക് ( അതായത്- വ്രതംചെയ്ത അതേ സമൂഹത്തിലെ സഹ സന്യാസിനിമാരോടൊപ്പം അല്ലാതെ) താമസിക്കുക എന്നും പതിവാണല്ലോ. ഒറ്റയ്ക്ക് താമസിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്ക പ്പെട്ടിട്ടുള്ള സ്ത്രീ-സന്യസ്തരെ വിദേശ രാജ്യങ്ങളില്‍ ധാരാളം കണ്ടിട്ടുണ്ട്.
ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ.
ഇനി, സമൂഹക്രമത്തില്‍ ജീവിക്കാന്‍ ബുദ്ധി മുട്ടുണ്ട് എന്നതിന്‍റെ പേരില്‍ ഒരു സന്യാസസമൂഹ ത്തില്‍നിന്ന് ഒരാള്‍ പുറത്താക്കപ്പെട്ടാലുടനേ അവര്‍ വിവാഹം ചെയ്ത് അല്മായരായി ജീവിക്കണമെന്നൊന്നും എവിടെയും എഴുതി വച്ചിട്ടില്ല. സഭയുടെ അംഗീകാരത്തോടെ തന്നെ സന്യാസ വ്രതത്തില്‍ ഒറ്റയ്ക്ക് ജോലി ചെയതും പ്രാര്‍ത്ഥിച്ചും ശുശ്രൂഷ ചെയ്തും ജീവിക്കുന്ന അനവധി പേര്‍ വിദേശങ്ങളില്‍ ഇന്നുണ്ട്. അവരെ കോണ്‍സക്രേറ്റഡ് വിര്‍ജിന്‍സ് (Consecrated Virgins) എന്നാണ് വിളിക്കുക. അവര്‍ സമൂഹ ജീവിതം ഇല്ലാതെ ഒറ്റയ്ക്ക് കഴിയുന്നവരാണ്. ഒരു രൂപതാധ്യക്ഷനു മുന്നില്‍ ഇതേ വ്രതങ്ങള്‍ വീണ്ടും പ്രഖ്യാപിക്കണം എന്നു മാത്രം. അത്തരം ജീവിതരീതി നമ്മുടെ കേരളത്തില്‍ ഇപ്പോള്‍ പരിചിതമല്ലെങ്കിലും ആഗോളസഭയില്‍ ഇന്ന് അതൊരു ട്രെന്‍റ് ആയി വരുന്നുണ്ട് എന്നതിനാല്‍ നാളെ നമ്മുടെ നാട്ടിലും സമര്‍പ്പിത കന്യകകള്‍ ആത്മാര്‍ത്ഥതയോടെയും ആത്മാഭിമാനത്തോടെയും ഒറ്റയ്ക്ക് ജീവിച്ച് പ്രവര്‍ത്തിക്കും എന്നതില്‍ ആര്‍ക്കും സംശയം വേണ്ട!
ഏറ്റവും ജനാധിപത്യപരമായാണ് സന്യാസസമൂഹങ്ങള്‍ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. മുമ്പ് സൂചിപ്പിച്ചതുപോലെ അവര്‍ക്ക് സ്വയം നിര്‍ണ്ണയാവകാശം എപ്പോഴും ഉണ്ട്. ലോകത്തിലെ ഏത് സന്യസ്ത സമൂഹവും വളരെ അവധാനതയോടെ മാത്രമേ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങളെ സ്വയം ഉള്‍ക്കൊണ്ടിട്ടുള്ളൂ. അത്തരം ഒരവധാനത നല്ലതുമാണ്. എന്നാല്‍, കേരളത്തിലെ ഏതദ്ദേശീ യമായ സ്ത്രീ സന്യസ്ത സമൂഹങ്ങള്‍ മാറ്റങ്ങളോട് കണക്കില്‍കവിഞ്ഞ അവധാനത പുലര്‍ത്തുന്നതാണ് പലപ്പോഴും പൊട്ടിത്തെറികള്‍ക്ക് കാരണമാകുന്നത് എന്നു തോന്നിയിട്ടുണ്ട്. അതുപോലെ നിയമാവലി കളോടും ചട്ടങ്ങളോടുമുള്ള വിധേയത്വം ചിലപ്പോഴെങ്കിലും ലീഗലിസത്തോളം എത്തുന്ന തായും തോന്നിയിട്ടുണ്ട്. ഏകതാനതയെക്കാള്‍ (uniformity) ബഹുസ്വരത (pluriformity) യാണ് ഇന്നിന്‍റെ മൂല്യം എന്ന് തിരിച്ചറിയേണ്ടതായും ഉണ്ട്.
അല്പം സമകാലിക ചിന്തകള്‍ പങ്കുവയ്ക്കാതെ ഇത്രയും നേരം പറഞ്ഞതിന്‍റെ പശ്ചാത്തലം പൂര്‍ണ്ണമാവില്ല.
ജോണ്‍ പോള്‍ II പാപ്പയുടെ കാലത്ത് വിശ്വാസ കാര്യങ്ങളിലും പ്രബോധനങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്നു എന്നു തോന്നിയവരെ അദ്ദേഹം വിലക്കുകയും നിശ്ശബ്ദരാക്കുകയും ചെയ്തിട്ടുണ്ട്. നടപടികള്‍ എടുത്തത് പക്ഷേ, മിക്കവാറും വിശ്വാസ തിരുസംഘത്തിന്‍റെ തലവനായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗറായിരുന്നു. ജോണ്‍ പോള്‍ പാപ്പാ അതിനെയെല്ലാം ശരിവച്ചു. എന്നാല്‍, തന്‍റെ വാഴ്ചയുടെ അന്ത്യത്തോടെ, പുതിയ സഹസ്രാ ബ്ദത്തിന്‍റെ ആരംഭത്തില്‍ (2000-ാം ആണ്ട് മാര്‍ച്ചു മാസത്തില്‍) നോമ്പുകാല ശുശ്രൂഷക്കിടെ ക്രൂശിതനുമുന്നില്‍ മുട്ടുകുത്തി, ആ കുരിശിനെ കെട്ടിപ്പിടിച്ചു നിന്നുകൊണ്ട്, ശാരീരികമായി അതീവ ദുര്‍ബലനായ അദ്ദേഹം, കഴിഞ്ഞ 2000 വര്‍ഷത്തിനിടെ കത്തോലിക്കാ സഭാനേതൃത്വവും സഭാ മക്കളും ചെയ്തു പോയ നൂറോളം പാതകങ്ങള്‍ക്ക് ലോക ത്തോടും ചരിത്രത്തോടും ദൈവത്തോടും മാപ്പിരന്നു. പാപ്പായുടെ ആത്മാര്‍ത്ഥതയും വിശുദ്ധിയും വിളിച്ചറിയിച്ച ആ ചരിത്ര മുഹൂര്‍ത്തത്തെ പക്ഷേ, സഭയിലെ യാഥാസ്ഥിതിക വൃന്ദം ശക്തമായി വിമര്‍ശിച്ചു. ഒരുപക്ഷേ, ക്രിസ്തുവിന്‍റെ സഭ അവിടെ വീണ്ടും പിറവിയെടുക്കുകയായിരുന്നു. പിന്നീട്, 2001 നവംബര്‍ 20ന് ജോണ്‍ പോള്‍ പാപ്പാ സഭാംഗങ്ങളുടെ, ലൈംഗിക കുറ്റങ്ങള്‍ക്ക് മാപ്പപേക്ഷിച്ചു കൊണ്ട് ആദ്യമായി ഒരു ഈമെയ്ല്‍ അയച്ചു. അനേകമായ തന്‍റെ ശാരീരിക പീഡകളാല്‍ അദ്ദേഹത്തിന് കൂടുതല്‍ മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. പിന്നീട് പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ബനഡിക്റ്റ് XVI പാപ്പാ കൂരിയായുടെ നവീകരണത്തില്‍ കുറേ ശ്രദ്ധിച്ചു. പക്ഷേ, അദ്ദേഹത്തിനും അക്കാര്യങ്ങളില്‍ ഏറെ മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. *ബനഡിക്റ്റ് പാപ്പായും സ്റ്റേറ്റ് സെക്രട്ടറിയും തമ്മിലുള്ള ഒത്തിരി കത്തുകളും മെമ്മോകളും പാപ്പായുടെ സ്വകാര്യ പാചകക്കാരനായിരുന്ന പൗളോ ഗബ്രിയേലേ, പത്ര പ്രവര്‍ത്തകനായ ജിയാന്‍ലൂയിജി നുസ്സിക്ക് ചോര്‍ത്തിക്കൊടുക്കുകയും അദ്ദേഹം 2012 മെയ് മാസത്തില്‍ 'ഹിസ് ഹോളിനസ് : ദ സീക്രട് പേപ്പേഴ്സ് ഓഫ് ബനഡിക്റ്റ് XVI' എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടെ, സഭാ കൂരിയായിലെ ഗ്രൂപ്പുകളികളും അധികാര വടംവലികളും മാധ്യമ ലോകം ആഘോഷിച്ചു. പാചകക്കാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടു തടവിലായെങ്കിലും പാപ്പാ അയാള്‍ക്ക് മാപ്പുനല്കി. 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വര്‍ക്ക്സ് ഓഫ് റിലീജിയന്‍' എന്ന വത്തിക്കാന്‍ ബാങ്കിന്‍റെ നിര്‍വഹണത്തില്‍ കൂടുതല്‍ സുതാര്യതയും നവീകരണവും കൊണ്ടുവരുന്നതി നായി എറ്റോറെ ഗോത്തി എന്ന ധനതത്ത്വ ശാസ്ത്രജ്ഞനെ ബനഡിക്റ്റ് പാപ്പാതന്നെ ബാങ്ക് പ്രസിഡന്‍റ് ആയി നിയമിച്ചിരുന്നു. മേല്പറഞ്ഞ വിവാദം മൂര്‍ധന്യത്തില്‍ കത്തിനില്ക്കേ പാപ്പാ പോലും അറിയാതെ ബാങ്ക് പ്രസിഡന്‍റിനെ ബാങ്കിന്‍റെ ബോര്‍ഡ് അവിശ്വാസ പ്രമേയത്തിലൂടെ പിരിച്ചുവിട്ടു. പകരം ജര്‍മന്‍കാരനായ റൊണാള്‍ഡോ ഹെര്‍ മാനോ സ്മിത്ത്സിനെ അവര്‍തന്നെ നിയമിക്കുകയും ചെയ്തു. അകമേ നിന്നുള്ള ഈ രണ്ടു വന്‍പ്രഹരങ്ങളും ബനഡിക്റ്റ് പാപ്പായെ ആകെ തളര്‍ത്തിക്കളഞ്ഞു. തന്നെക്കൊണ്ട് ഇതിനെ നവീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിനു ബോധ്യമായപ്പോഴാണ് അദ്ദേഹം രാജി വയ്ക്കുന്നത്.*
പുതിയ സഹസ്രാബ്ദത്തിന്‍റെ ആരംഭത്തില്‍ വി. ജോണ്‍ പോള്‍ പാപ്പാ ആരംഭമിട്ടതായ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ നിലപാടുകളെ, ഒരുപക്ഷേ, കൂടുതല്‍ മുന്നോട്ടു നീക്കുന്നത് ഫ്രാന്‍സിസ് പാപ്പായാണ്.
എന്നാല്‍, വിശ്വാസ കാര്യങ്ങളുടെ തലവന്‍ സ്ഥാനത്തു നിന്നും 2017-ല്‍ ഫ്രാന്‍സിസ് പാപ്പാ മാറ്റിയ ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ ജറാര്‍ഡ് മ്യൂള്ളര്‍ മറ്റുള്ളവരുടെ പേരില്‍പാപ്പായ്ക്കെതിരേ നിലപാടു സ്വീകരിക്കുകയും പാപ്പാ രാജിവയ്ക്കണം എന്നാവശ്യപ്പെടുകയും ചെയ്തു. അമേരിക്കയില്‍ വാഷിങ്ടണിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന ആര്‍ച്ച് ബിഷപ്പ് കാര്‍ളോ മരിയ വിഗാനോ നിരന്തരമായി പാപ്പായെ ആക്രമിക്കുകയും പാപ്പാ രാജിവയ്ക്കണമെന്ന് മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അപ്പസ്തോലിക് സിഞ്ഞത്തൂരയുടെ സുപ്രീം ട്രിബ്യൂണല്‍ എന്ന വത്തിക്കാന്‍ കോടതിയുടെ പ്രിഫെക്റ്റ് (ചീഫ് ജസ്റ്റിസ്) സ്ഥാനത്തു നിന്നും ഒരിക്കല്‍ നീക്കിയിരുന്നെങ്കിലും വീണ്ടും ഫ്രാന്‍സിസ് പാപ്പാ തന്നെ അതേ സ്ഥാനത്തല്ലെങ്കിലും 2017-ല്‍ ജൂറി അംഗം എന്ന സ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ള അമേരിക്കയിലെ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബര്‍ക്ക് ആണ് മാര്‍പ്പാപ്പ സഭയെ നശിപ്പിക്കുന്നു, കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു എന്ന് നിരന്തരമായി പറഞ്ഞുകൊണ്ടി രിക്കുന്ന മറ്റൊരാള്‍. വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പ് സഭയില്‍ നിലവിലിരുന്ന ആര്‍ഭാടമായ രാജകീയ തിരുവസ്ത്രങ്ങളും തൊങ്ങലുകളും ചുറ്റും നിരക്കുന്ന അള്‍ത്താര ശുശ്രൂഷകരും ജനാഭിമുഖ കുര്‍ബാനക്കു പകരം ജനത്തിന് പുറം തിരിഞ്ഞു കൊണ്ടുള്ള പുരാതനമായ ലത്തീന്‍ ഭാഷയിലെ കുര്‍ബാനയും താല്പര്യപ്പെടുന്നുണ്ട് ഇത്തരക്കാരെല്ലാം. മുന്നോട്ടു പോകാന്‍ പറയുന്നവരാണ് പുരോഗമനവാദിക ളെങ്കില്‍, ഇപ്പോഴുള്ളത് വെടിഞ്ഞ് മുന്നോട്ടു നീങ്ങാന്‍ കൂട്ടാക്കാത്തവരാണ് യാഥാസ്ഥിതികരെങ്കില്‍, രണ്ടാം വത്തിക്കാനുമുമ്പ് ഉണ്ടായിരുന്നപോലെ കാര്യങ്ങളെ തിരികെ കൊണ്ടുവരാനും ചരിത്രത്തില്‍ പിന്നോട്ടു പോകാനും നിര്‍ബന്ധിക്കുന്നവരാണ് പിന്‍തിരിപ്പന്മാര്‍. യാഥാസ്ഥിതികതയെക്കാള്‍ പിന്‍തിരിപ്പത്വം ഉള്ള ഇത്തരം അനേകം ദൈവശാസ്ത്രജ്ഞരും കര്‍ദ്ദിനാ ളന്മാരും മെത്രാപോലീത്തമാരും തീവ്രവലതുപക്ഷ നിലപാടുകളെടുക്കുന്ന പിന്തിരിപ്പന്‍ വിമത ഗ്രൂപ്പുകളും ഇന്ന് ലോകമെമ്പാടും തന്നെ ഉണ്ട്. ഫ്രാന്‍സിസ് പാപ്പാ തന്നെ 2014-ല്‍ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനില്‍ അംഗമാക്കി ഉയര്‍ത്തിയ വാഷിങ്ടണിലെ കപ്പൂച്ചിന്‍ ദൈവശാസ്ത്രജ്ഞന്‍ തോമസ് വയനാന്‍റി തിരുസഭാ പാരമ്പര്യത്തിന് എതിരേ പ്രബോധിപ്പി ക്കുന്ന ഫ്രാന്‍സിസ് പാപ്പാ തന്നെയാണ് സഭയിലെ കണ്‍ഫ്യൂഷന്‍- അതിനാല്‍ പാപ്പാ രാജിവയ്ക്കണം എന്ന് ഒരു തുറന്ന കത്ത് പാപ്പാക്ക് അയക്കുകയും ആയത് മാധ്യമങ്ങള്‍ക്ക് നല്കുകയും ചെയ്തു. കത്തോലിക്കാ സഭയുടെ സ്വന്തം ആത്മീയ ടി.വി ചാനല്‍ എന്നറിയപ്പെടുന്ന, മദര്‍ ആഞ്ജലിക്ക സ്ഥാപിച്ച EWTN എന്ന മാധ്യമം വര്‍ഷങ്ങളായി അതിന്‍റെ വാര്‍ത്താ പരിപാടിയില്‍ മാര്‍പ്പാപ്പയെ സ്വേഛാധിപതിയും അന്തിക്രിസ്തുവും മറ്റുമായി ചിത്രീകരിച്ചു കൊണ്ടിരിക്കുന്നു!
എന്നാല്‍, ഇന്നേവരെ ഇത്തരം വിമത ശബ്ദങ്ങളെ വിലക്കാനോ അമര്‍ച്ച ചെയ്യാനോ നിശബ്ദമാക്കാനോ ശിക്ഷിക്കാനോ പാപ്പാ മുതിര്‍ന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാര്‍പാപ്പാ പക്ഷേ, ശിക്ഷണ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത് പ്രധാനമായും രണ്ടു തരം തെറ്റുകള്‍ക്കെതിരേയാണ്. 1. പൊതുജനത്തിന്‍റെ സമ്പത്ത് സ്വന്തം സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്താ നായി ഉപയോഗിച്ച മെത്രാന്മാര്‍; 2. ലൈംഗികമായി മറ്റുള്ളവരെ പീഡിപ്പിച്ചവര്‍ / അത്തരം കുറ്റങ്ങള്‍ മൂടിവച്ചവര്‍. *(ലൈംഗിക പാപങ്ങളും ലൈംഗിക കുറ്റങ്ങളും രണ്ടാണ്. ഒരു വിവാഹിതന്‍/വിവാഹിത പങ്കാളിയല്ലാത്ത ഒരാളോടൊപ്പവും ഒരു സമര്‍പ്പിതന്‍/സമര്‍പ്പിത മറ്റൊരു വ്യക്തിയോടൊപ്പമോ (ഉഭയ താല്പര്യപ്രകാരം) ചെയ്യുന്ന ലൈംഗിക പ്രവൃത്തി ലൈംഗിക പാപമാണ് (Sin)). എന്നാല്‍, വൈവാഹികാവസ്ഥയിലോ സമര്‍പ്പിതാവസ്ഥയിലോ ഇതില്‍ രണ്ടിലും അല്ലാത്തതോ ആയ ഏതൊരു വ്യക്തിയും മറ്റൊരാളോട് (മറ്റേ ആളിന്‍റെ താല്പര്യത്തിനു വിരുദ്ധമായി) ചെയ്യുന്ന ലൈംഗിക പ്രവൃത്തി ലൈംഗിക കുറ്റമാണ്. പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിയും പ്രായപൂര്‍ത്തിയാകാത്തതോ, ചെറുത്തു നില്ക്കാന്‍ ത്രാണിയില്ലാത്തതോ (ക്ഷിപ്രവശംവദത്വം = vulnerable) ആയ ഒരു വ്യക്തിയോടോ വ്യക്തിയോടൊപ്പമോ - ഉഭയസമ്മതം ഉണ്ടെങ്കില്‍ പോലും - ചെയ്യുന്ന ഏതൊരു ലൈംഗിക പ്രവൃത്തിയും അതിഗൗരവമായ ലൈംഗിക കുറ്റമാണ്)*
*അമേരിക്കയില്‍ ഒത്തിരി സ്വാധീനമുള്ള കര്‍ദ്ദിനാളായിരുന്നു തിയഡോര്‍ മക്കാരിക്. അദ്ദേഹത്തെ മാര്‍പാപ്പാ എല്ലാ പട്ടങ്ങളും തിരിച്ചെടുത്ത് അല്മായനാക്കി. അദ്ദേഹം ദുരുപയോഗിച്ചത് ദൈവശാസ്ത്ര സെമിനാരിയിലെ ഇരുപത്തിനാല് വയസ്സെങ്കിലും പൂര്‍ത്തിയായ പുരുഷന്മാരെയായിരുന്നു. 'മുഴുത്ത ആണുങ്ങളല്ലേ, തെറ്റു ചെയ്യാന്‍ നില്ക്കാതെ അച്ചന്‍ പട്ടം വേണ്ടന്നു വച്ച് പോരാമായിരുന്നില്ലേ അവര്‍ക്ക്?' എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, ആണുങ്ങളാണെങ്കിലും, അധികാരത്തിനു കീഴെ ആയതിനാലും ദൈവവിളി ഉപേക്ഷിക്കാന്‍ താല്പര്യമില്ലാത്തതിനാലും മുമ്പുപറഞ്ഞ 'വള്‍നറബിള്‍' വിഭാഗത്തിലാണ് പാപ്പാ അവരെ കണ്ടത് എന്നു മാത്രം*
ഫ്രാന്‍സിസ് പാപ്പാ മുന്നോട്ടുവയ്ക്കുന്ന സഭാദര്‍ശനം ബനഡിക്റ്റ് പാപ്പായുടേതില്‍ നിന്ന് തുലോം ഭിന്നമാണ്.
1. കുറവുകളോടും ദൗര്‍ബല്യങ്ങളോടും പാപങ്ങളോടും വിട്ടുവീഴ്ചയില്ലാത്ത 'ഒരു പുണ്യപൂര്‍ണ സഭ' ആയിരുന്നു ബനഡിക്റ്റ് പാപ്പായുടെ സഭാദര്‍ശനമെന്നു പറയാമെങ്കില്‍ ഫ്രാന്‍സിസ് പാപ്പായുടെ സഭാദര്‍ശനം 'യുദ്ധമുഖത്തെ ആസ്പത്രി' (Field Hospital) യുടേതാണ്. വെടിയേറ്റ് വീണവരും ബോംബു വീണ് അംഗഹീനരായവരുമാണ് ചുറ്റും. കരുണാപൂര്‍വം അവരെ അകത്തു കൊണ്ടുവന്ന് ശുശ്രൂഷിക്കണം. ലേപനവും മരുന്നും സ്നേഹവും നല്കണം. അതിനാണ് സഭ. ഏവരെയും പലവിധത്തില്‍ മുറിവേറ്റവരായാണ് ഫ്രാന്‍സിസ് പാപ്പാ കാണുന്നത്. നാമെല്ലാം പാപികളാണ്. വിശുദ്ധരും കണ്ടേക്കാം. അതിനാല്‍ പരസ്പരം കരുതലും കാരുണ്യവും നല്കണം. ഫ്രാന്‍സിസ് പാപ്പായുടെ ഭാഷയില്‍ സഭ കുഴഞ്ഞതാണ്, ദുര്‍ഗന്ധമുള്ളതാണ്, ശബ്ദമുഖരിത മാണ്, വട്ട് കാണിക്കുന്നതുമാണ് (messy, smelly, noisy & crazy). ഏതാണ്ട് കര്‍ത്താവ് അവതരിച്ച കാലിത്തൊഴുത്തിന്‍റെ സാഹചര്യം പോലെ; കര്‍ത്താവ് ജീവന്‍ വെടിഞ്ഞ കാല്‍വരിയുടെ സാഹചര്യം പോലെ! വിവാഹിതരായവര്‍ ഒരുമിച്ച് ജീവിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍, യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ രാജ്യങ്ങളിലും അവര്‍ വിവാഹമോചനം നേടി. ഒത്തിരി കടമ്പകളിലൂടെ കടന്നു പോകേണ്ടതിനാല്‍ സഭാപരമായി വിവാഹം അസാധുവാക്കാതെതന്നെ അവര്‍ വേറെ വിവാഹം കഴിച്ചു. സ്വാഭാവികമായും അവര്‍ സഭാജീവിതത്തില്‍ നിന്നും പുറത്തായി. അങ്ങനെ പുറത്തായും പുറത്താക്കിയും സ്വയം 'വിശുദ്ധ കൂടാരം' എന്നു വിശേഷിപ്പിച്ച സഭ അംഗങ്ങളെ നഷ്ടപ്പെട്ട് മെലിഞ്ഞു മെലിഞ്ഞു വന്നു. ഇന്നത്തെ രൂപത്തിലുമെത്തി. ക്ഷതമേറ്റവരാണവര്‍; അവര്‍ക്ക് ശുശ്രൂഷയും കാരുണ്യവുമാണ് വേണ്ടത് എന്നതാണ് ഫ്രാന്‍സിസ് പാപ്പായുടെ നിലപാട്. ചുരുക്കത്തില്‍, പുറംതള്ള ലിന്‍റെ (exclusive) മനോഭാവത്തില്‍ നിന്ന് ഉള്‍ക്കൊള്ളലിന്‍റെ (inclusive) മനോഭാവത്തിലേ ക്കുള്ള മാറ്റമാണ് പ്രധാനമായും ഫ്രാന്‍സിസ് പാപ്പായുടെ പേപ്പസി. അതുതന്നെയാണ് അനേകരെ രോഷം കൊള്ളിക്കുന്നതും.
2. പ്രാമാണികത്വവും അധികാരസ്വരൂപണവും (Authoritarianism and centralization) തള്ളുകയും, അതേസമയം അധികാര വികേന്ദ്രീകരണം (decentralization)പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു അദ്ദേഹം.
3. സഭ എന്നാല്‍ ഏകശിലാസ്തംഭം (monolithic എല്ലായിടത്തുംuniformity)ആയിരിക്കണം എന്ന കാഴ്ചപ്പാട് മാറ്റി വച്ച് ചിന്തകളിലും ദൈവശാസ്ത്ര ഊന്നലുകളിലും സാക്ഷാത്കാരങ്ങളിലും വൈവിധ്യതക്കും യോഗ സംവാദാത്മകതക്കും (Synodality & Diversity) പാപ്പാ ഊന്നല്‍ നല്കുന്നു. കത്തോലിക്കാ സഭ റോമില്‍ കേന്ദ്രീകരിക്കപ്പെട്ട് ഏകശിലാസ്തംഭം ആകുന്നതിനു മുമ്പ് ജറൂസലമും റോമും അന്ത്യോഖ്യയും അലക്സാണ്ഡ്രിയയും കോണ്‍സ്റ്റാന്‍റിനോപ്പിളും എന്ന അഞ്ച് വ്യത്യസ്ത പാത്രിയാര്‍ക്കേറ്റുകളായിരിക്കുകയും അവ തമ്മില്‍ത്തമ്മില്‍ പരസ്പരം മാനിക്കുകയും ചെയ്തിരുന്ന ആദിമ ക്രൈസ്തവ കാലത്തിലെ അരൂപി ഇതായിരുന്നു.
4. ലൈംഗിക പീഡനങ്ങളടക്കമുള്ള സഭയിലെ ഇന്നത്തെ പല തിന്മകള്‍ക്കും കാരണം അമിതമായ വൈദിക കോയ്മ (Clericalism) ആണെന്ന് പാപ്പാ ഊന്നിപ്പറഞ്ഞിട്ടുണ്ട്. അല്മായര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യവും സ്ഥാനവും സഭയില്‍ ലഭിക്കേണ്ടതുണ്ടെന്നതും അതിന്‍റെ മറുപുറമാണ്.
5. നേരത്തേ സൂചിപ്പിച്ചതു പോലെ, വ്യത്യസ്തമായ ശബ്ദങ്ങളെ വിമത ശബ്ദങ്ങളായിക്കണ്ട് അവയെ വിലക്കലും നിശ്ശബ്ദമാക്കലും സഭയുടെ രീതിയായിരുന്നു. എന്നാല്‍, മുമ്പ് വിശദമായി എഴുതിയതു പോലെ അവയോട് എതിരിടലും നിശ്ശബ്ദമാക്കലും അല്ല ഫ്രാന്‍സിസ് പാപ്പായുടെ നയം, മറിച്ച് അത്തരം ആക്രമണങ്ങളില്‍ സ്വയം നിശ്ശബ്ദമാകല്‍ ആണ്.
6. 'നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും' (യോഹ. 8: 32) എന്നാണ് യേശുവചനം. 'മൂടിവയ്ക്കപ്പെട്ട സത്യങ്ങള്‍ പുരമുകളില്‍ നിന്ന് ഘോഷിക്കപ്പെടും' എന്നും അവിടുന്ന് പറയുന്നുണ്ട്. തിന്മയുടെ യാഥാര്‍ത്ഥ്യങ്ങള്‍ മൂടിവച്ചു കൊണ്ടുള്ള നാട്യങ്ങള്‍ക്കു പകരം സത്യത്തെ അംഗീകരിക്കല്‍(Transparency) ആണ് യഥാര്‍ത്ഥ ക്രൈസ്തവ മൂല്യം എന്നുതന്നെയാണ് ഫ്രാന്‍സിസ് പാപ്പായുടെ പക്ഷം.
7. സമകാലിക ലോകത്തെ വെറുതേ കുറ്റപ്പെടുത്താതെ, അതിന്‍റെ നന്മകളെ അംഗീകരിച്ചു കൊണ്ടും സ്വീകരിച്ചു കൊണ്ടും, അതില്‍ വിമര്‍ശന ബുദ്ധ്യാ ഉള്‍ച്ചേര്‍ന്നു കൊണ്ട് അതിനെ പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത് എന്നതാണ് ഫ്രാന്‍സിസ് പാപ്പാ മുന്നോട്ടുവയ്ക്കുന്ന സമകാലിക നവസുവിശേഷീകരണത്തിന്‍റെ വഴി.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഭരണകൂട ങ്ങളെയും കുറിച്ച് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതു പോലെ, കത്തോലിക്കാ സഭയെക്കുറിച്ച് ഇന്ന് ലോകമെമ്പാടും പൊതുജനമധ്യത്തില്‍ ഏറെ സംശയങ്ങള്‍ നിലനില്ക്കുന്നുണ്ട്. കേരളത്തിലാ ണെങ്കില്‍, സി. അഭയ കേസു മുതല്‍ ഇങ്ങോട്ട് കോളിളക്കങ്ങളുണ്ടാക്കിയ ഒട്ടേറെ സംഭവങ്ങളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. പല ക്രൈസ്തവരുടെയും ചിന്തയില്‍ പോലും 'കാര്യങ്ങള്‍ അത്ര സുതാര്യമല്ല' എന്നൊരു തോന്നല്‍ നിലവിലുണ്ട്. കത്തോലിക്കാ സഭ ഒരു ഇരുമ്പുമറയാണ് എന്നൊരു തോന്നല്‍ മിക്കവരുടെയും മനസ്സില്‍ ഏതൊക്കെയോ വിധേന രൂഢമൂലമായിട്ടുണ്ട്. പ്രതിരോധം കൊണ്ടോ മാധ്യമ ചര്‍ച്ച കൊണ്ടോ അതൊന്നും ഇല്ലാതാവില്ല. രഹസ്യങ്ങളുണ്ടെന്ന് വിശ്വസിക്കുന്ന ജനത്തിന് രഹസ്യങ്ങളുടെ ചില മിന്നായങ്ങള്‍ കിട്ടുക കൂടി ചെയ്യുമ്പോള്‍, ക്രൈസ്തവരുടെ പ്രതിരോധമുറകള്‍ സത്യത്തെ മൂടിവയ്ക്കാനും നീതി നിരസിക്കാനുമുള്ള അടവുകളായിട്ടേ അവര്‍ക്ക് അനുഭവപ്പെടൂ. അങ്ങനെ തോന്നുന്നത് അവരുടെ കുറ്റവുമല്ല. പ്രാമാണികത്വം വെടിയലും ദരിദ്രരുടെയും പാപികളുടെയും ഗണമാണ് തങ്ങള്‍ എന്നംഗീകരിക്കലും മറ്റുള്ളവരെ ബ്രാന്‍റ് ചെയ്യാതിരിക്കലും നിശബ്ദമാവലും സുതാര്യമാവലും, മറ്റുള്ളവര്‍ക്ക് കയറി പരിശോധിച്ച് സ്വയം ബോധ്യപ്പെടത്തക്കവിധം സ്വന്തം ഭവനം തുറന്നുകൊടുക്കലും മാത്രമായിരിക്കും വിശ്വാസ്യത നേടാനുള്ള ഇന്നിന്‍റെ മാര്‍ഗ്ഗങ്ങള്‍!
സമൂഹ ക്രമത്തില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നതിന്‍റെ പേരില്‍ ഒരു സന്യാസസമൂഹത്തില്‍നിന്ന് ഒരാള്‍ പുറത്താക്കപ്പെട്ടാലുടനേ അവര്‍ വിവാഹം ചെയ്ത് അല്മായരായി ജീവിക്കണമെന്നൊന്നും എവിടെയും എഴുതി വച്ചിട്ടില്ല. സഭയുടെ അംഗീകാരത്തോടെ തന്നെ സന്യാസ വ്രതത്തില്‍ ഒറ്റയ്ക്ക് ജോലിജോലി ചെയതും പ്രാര്‍ത്ഥിച്ചും ശുശ്രൂഷ ചെയ്തും ജീവിക്കുന്ന അനവധി പേര്‍ വിദേശങ്ങളില്‍ ഇന്നുണ്ട്