news-details
കവർ സ്റ്റോറി

കാലഹരണപ്പെട്ടു പോകുന്ന ആത്മീയത

സഭയില്‍ ഇന്ന് ഒത്തിരി അങ്കലാപ്പുകളുണ്ട്. സമീപകാലത്ത് ലോകമാകെയുമോ ഇന്‍ഡ്യയിലോ കേരളസഭയില്‍ത്തന്നെയോ കാണപ്പെട്ടിട്ടുള്ള ചില അപചയലക്ഷണങ്ങളുടെ പേരില്‍ ഉടലെടുത്തിട്ടുള്ളതല്ല ഈ അങ്കലാപ്പുകള്‍. ഇപ്പറഞ്ഞവയെല്ലാം ജനമനസ്സുകളിലെ അനിശ്ചിതത്വങ്ങളെയും അങ്കലാപ്പുകളെയും ആഴപ്പെടുത്തിയിട്ടുണ്ട് എന്നതില്‍ സംശയമേതുമില്ല. എങ്കിലും, ഒരു കര്‍ദ്ദിനാളിന്‍റെയോ മെത്രാന്മാരുടെയോ വൈദികരുടെയോ സന്യസ്തരുടെയോ വീഴ്ചകളല്ല സഭയാകമാനമുള്ള അങ്കലാപ്പുകള്‍ക്ക് കാരണം എന്നത് വ്യക്തമാണ്. കൂടുതല്‍ വിശാലാര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍, ലോകത്തില്‍ സമീപകാലത്ത് സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ മാറ്റങ്ങളെയും ചിന്താവിസ്ഫോടനങ്ങളെയും ഉള്‍ക്കൊള്ളാന്‍, സഭ പൊതുവേ പിന്തുടര്‍ന്നു പോന്ന ആത്മീയത മിക്കവാറും അപര്യാപ്തമാണ് എന്ന തിരിച്ചറിവാണ് വിശ്വാസികളെ മിക്കവാറും അങ്കലാപ്പിലാക്കിയിരിക്കുന്നത്. ഉള്ളില്‍ വിശ്വാസത്തിന്‍റെ കാണ്ഡം ഏറെയൊന്നും ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം സഭ അഥവാ വിശ്വാസം തന്നെയും   കാലഹരണപ്പെട്ടു എന്ന തോന്നല്‍ ഉണ്ടാകുന്നുണ്ട്. മറ്റു ചിലരാകട്ടെ, പുരോഹിതവര്‍ഗ്ഗത്തിന്‍റെ വയറ്റുപിഴപ്പിനുള്ള തന്ത്രങ്ങള്‍ മാത്രമാണ് ഈ വിശ്വാസവും മറ്റും എന്ന് കരുതുകയും, അതിനാല്‍ത്തന്നെ അതിനെ തച്ചുതകര്‍ക്കാന്‍ വെമ്പല്‍ കാട്ടുകയും ചെയ്യുന്നു. അല്പം കൂടി സഭാസ്നേഹം ഉള്ളിലുള്ളവര്‍, സഭാഗാത്രത്തിലെ ചില വ്യാധികളാണ് ഇവക്കെല്ലാം കാരണം എന്നു നിരൂപിച്ച് വെക്കം ശസ്ത്രക്രിയകള്‍ക്ക് ആഹ്വാനം ചെയ്യുകയും കോപ്പുകൂട്ടുകയും ചെയ്യുന്നു. എന്നാല്‍, സഭാനേതൃത്വമാകട്ടെ, ചുറ്റിലും പാളയമടിച്ചിരിക്കുന്ന 'സഭാ വിരുദ്ധ ശക്തികളെ' കണ്ട് അവരെ പ്രതിരോധിക്കാന്‍ പരിഭ്രമത്തോടെ വിശ്വാസിഗണങ്ങളോട് ആഹ്വാനം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. സത്യത്തില്‍, മേല്‍ സൂചിപ്പിച്ചതുപോലെ, ഇവിടെ യഥാര്‍ത്ഥത്തിലുള്ളത് ഒരാത്മീയ പ്രതിസന്ധിയാണെന്നു വരികില്‍ എന്താവും കരണീയമായിട്ടുള്ളത്? എങ്കില്‍, പ്രതിസന്ധികളെന്ന് നാം കരുതുന്ന കാര്യങ്ങളെ മറികടക്കാനുള്ള ഏക മാര്‍ഗ്ഗം ആത്മീയതയുടെ നവീകരണം മാത്രമായിരിക്കും.

ക്രൈസ്തവ ആത്മീയത കാലഹരണപ്പെട്ടു എന്നതല്ല ഇപ്പറഞ്ഞതിനര്‍ഥം. പൊതുവേ നാമൊക്കെയും, കുറേ കാലമായി പിന്തുടര്‍ന്നു പോരുന്ന ചില പ്രത്യേക ഊന്നലുകളുള്ള ആത്മീയതയുടെ ഒരു പ്രത്യേക രൂപത്തെയാണ് ഒട്ടുവളരെപ്പേരും ഇന്ന് അപര്യാപ്തമായി കാണുന്നത്. (ആത്മീയത എന്നു പറയുമ്പോള്‍ പോലും, അതേ ധാരയില്‍ വാര്‍ന്നുവരുന്ന ദൈവശാസ്ത്രവും സഭാവിജ്ഞാനീയവും യുഗാന്ത്യദര്‍ശനവും മറ്റും മറ്റും ഇപ്പറഞ്ഞതില്‍ ഉള്‍പ്പെടും എന്നതും മറക്കുന്നില്ല).

നമുക്കുചുറ്റും തിന്മയുടെ മലവെള്ളപ്പാച്ചില്‍ - ലോകം മുഴുവനും പെരുകി നിറയുന്ന തിന്മ; അതിനാല്‍ ഉയരുന്ന ദൈവകോപം; ദൈവകോപത്തെ തണുപ്പിക്കുന്ന ക്രിസ്തുവിന്‍റെ യാഗവും മരണവും; പൈശാചിക തന്ത്രങ്ങളുടെ ലോകം; അശുദ്ധിയുടെ ലൈംഗികതയും ശരീരവും;  പാപവഴികളിലൂടെ നടക്കുന്ന ജനത; തലമുറകളിലേക്ക് നീളുന്ന ദൈവശാപം; തിന്മയുടെ വിതരണക്കാരായ മാധ്യമങ്ങള്‍; സഭയെ അപഭ്രംശപ്പെടുത്തുന്ന മാറ്റങ്ങള്‍; സഭയെ ഗ്രസിച്ചിരിക്കുന്ന പിശാച്; ആത്മീയത ചോര്‍ത്തിക്കളഞ്ഞ വത്തിക്കാന്‍ കൗണ്‍സിലും പ്രാദേശിക വല്ക്കരണവും; മൊബൈലും ഇന്‍റര്‍നെറ്റും പോലുള്ള സാത്താനിക് ഉപകരണങ്ങള്‍ ..... !

*****

ചരിത്രത്തില്‍ ജീവിച്ചിരുന്നിട്ടുള്ള ഓരോ വിശുദ്ധാത്മാവും പരിശുദ്ധ അമ്മയുടെ കാര്യത്തിലെന്ന പോലെ സവിശേഷമായ വിധത്തില്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ്. അവരുടെ ഓരോരുത്തരുടെയും വ്യക്തിപരമായ പ്രത്യേകതകളും ഊന്നലുകളും അവരുടെ ജീവിത നിലപാടുകളില്‍ ഉണ്ടായിരിക്കുമ്പോഴും, ദൈവിക താല്പര്യവും ദൈവിക കൃപയും തന്നെയായിരിക്കും അവരിലൂടെ പ്രകാശിതമായിരിക്കുക എന്നതില്‍ സംശയമില്ല. അഗസ്തീനോസും ബനഡിക്റ്റും ഡോമിനിക്കും ഫ്രാന്‍സിസും ക്ലാരയും ഇഗ്നേഷ്യസും അമ്മത്രേസ്യയും കുരിശിന്‍റെ   യോഹന്നാനും കൊച്ചുത്രേസ്യയും മറ്റും മറ്റുമായി ഇങ്ങേത്തലയ്ക്കല്‍ മദര്‍ തെരേസ വരെ, ആത്മീയതയുടെ വ്യത്യസ്തമായ വഴികളിലൂടെ സഭയെ ജ്വലിപ്പിച്ചിട്ടുള്ളവര്‍ എത്രയാണ്! ഇവരില്‍ കൊച്ചുത്രേസ്യയെയും ഫ്രാന്‍സിസ് അസ്സീസിയെയും അമ്മ ത്രേസ്യയെയും ഓര്‍ക്കുന്ന മാസമാണിത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കാലത്തും പ്രത്യേകിച്ച് ഇക്കാലത്തും ഒത്തിരിപ്പേര്‍ ഈ മൂന്ന് വിശുദ്ധരെയും ചര്‍ച്ച ചെയ്യുന്നതു കാണാം. ഒന്നു പറഞ്ഞോട്ടേ, ഇവരിലാരെല്ലാം ഓരോ ആധ്യാത്മിക ധാരകള്‍ക്ക് ആരംഭമിട്ടെന്ന് നമ്മള്‍ പറയുമ്പോഴും, ദൈവം തന്നെയാണ് ഇവരിലൂടെയെല്ലാം തന്‍റെ സഭയെ പ്രചോദിപ്പിക്കുകയും നവീകരിക്കുകയും നയിക്കുകയും ചെയ്തിട്ടുള്ളത് എന്നത് നാം മറന്നു കൂടാ.

 

സ്വയം മാംസീകരിച്ചവനും തുടര്‍ച്ചയായി മാംസീകരിക്കുന്നവനുമായ യേശുക്രിസ്തുവിലാണ് നമ്മുടെ വിശ്വാസം. മറ്റു മനുഷ്യരില്‍, പ്രത്യേകിച്ച് സഹനദാസരില്‍ എങ്ങനെ അവനെ പരിചരിക്കണമെന്ന് ആ വിശ്വാസമാണ് നമ്മെ പഠിപ്പിക്കുന്നത്. അതു കൊണ്ടുതന്നെ, ക്രിസ്ത്വാനുയായിക്ക് ശത്രുവും വിരോധിയും ഇല്ല. ഫ്രാന്‍സിസ് തന്‍റെ അനുയായി ഗണത്തിന് എഴുതി: 'സഹോദരരേ, നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്ക് നന്മ ചെയ്യുക' എന്ന നമ്മുടെ കര്‍ത്താവിന്‍റെ വചനങ്ങളില്‍ നമുക്ക് ശ്രദ്ധ കൊടുക്കാം.

 

അസ്സീസിയിലെ ഫ്രാന്‍സിസ് ആരംഭമിട്ട ആത്മീയ ധാര തന്നെയെടുക്കാം. മുഖ്യമായും മൂന്നു ദര്‍ശനങ്ങളായിരുന്നു ഫ്രാന്‍സിസിന് ദൈവം നല്കിയ സവിശേഷമായ അനുഭവഗത ഉള്‍ക്കാഴ്ചകള്‍ എന്നു പറയാവുന്നത്. ഒന്നാമതായി ഫ്രാന്‍സിസ്  തന്‍റെ ധ്യാനത്തിലൂടെ മനുഷ്യാവതാര രഹസ്യത്തിലേക്ക് ആഴ്ന്നിറങ്ങാനാണ് ശ്രമിച്ചത്. അതിനാല്‍, ഫ്രാന്‍സിസിന്‍റെ ആത്മീയതയുടെ കാതല്‍ എന്ന് മിക്കവരും പറയാറുള്ളത് crib -പുല്‍ക്കൂട്, cross -കുരിശ്, chalice/ciborium -കാസ/കുസ്തോതി എന്നീ മൂന്ന് 'C'' വാക്കുകളിലെ യേശുവിനെക്കുറിച്ചുള്ള ധ്യാനമാണ്. പൊതുവേ ഉപയോഗിക്കപ്പെടുന്ന 'മനുഷ്യാവതാരം' എന്ന മലയാള പദത്തെക്കാളും ഒത്തിരി അര്‍ത്ഥതലങ്ങള്‍ പ്രസ്പഷ്ടമാക്കുന്നവയാണ് Incarnation - Incarnational എന്നീ ആംഗലേയ പദങ്ങള്‍. 'മാംസീകരണം' എന്ന് മുതല്‍ 'പദാര്‍ത്ഥീകരണം' എന്നുവരെ ദൈവശാസ്ത്രത്തില്‍ അത് അര്‍ത്ഥം നേടുന്നുണ്ട്! സാംസ്കാരിക സന്നിവേശനം, കാല-ദേശങ്ങളിലുള്ള മൂര്‍ത്തീകരണം എന്നിവയെല്ലാം അതിന്‍റെ തന്നെ നാനാര്‍ത്ഥങ്ങളായി വരും. ക്രിസ്തുവില്‍ ദൈവത്തിന്‍റെ മാംസീകരണവും ('വചനം മാംസമായി - നമ്മുടെ ഇടയില്‍') പിന്നീട് അപ്പമായിത്തീരലും ഫ്രാന്‍സിസിന്‍റ ഉള്‍ക്കാഴ്ചകളെ കുറച്ചൊന്നുമല്ല മഥിച്ചിട്ടുള്ളതും പുളകം കൊള്ളിച്ചിട്ടുള്ളതും.

സാഹോദര്യത്തെക്കുറിക്കുന്നതായിരുന്നു ഫ്രാന്‍സിസിന്‍റെ രണ്ടാമത്തെ അനുഭവഗതമായ ഉള്‍ക്കാഴ്ച. 'നിങ്ങളെല്ലാവരും സഹോദരങ്ങളാണ്' എന്ന ക്രിസ്തുവചനം (മത്താ. 23:8) ഫ്രാന്‍സിസ് വിപുലീകരിച്ചു. പുല്ലും പുഴുവും നായും നരിയും കാറും കാറ്റും സൂര്യനും ഭൂമിയും, മരണം പോലും അദ്ദേഹത്തിന് സഹോദരീ സഹോദരന്മാരായി. വിശുദ്ധഗ്രന്ഥം അദ്ദേഹത്തിന് എഴുതപ്പെട്ട ദൈവവചനവും പ്രപഞ്ചമാകെയും അദ്ദേഹത്തിന് വരയപ്പെട്ട ദൈവവചനവുമായി.

ഫ്രാന്‍സിസിന്‍റെ മൂന്നാമത്തെ ആത്മീയമായ അനുഭവ ദര്‍ശനം -'ദൈവം സ്നേഹമാകുന്നു' (1 യോഹ. 4:8) എന്നതായിരുന്നു. ഒത്തിരി കാലം ഫ്രാന്‍സിസ് തന്‍റെ ധ്യാനത്തില്‍ ഒരേ ചോദ്യം തന്നെ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു. 'ഓ ദൈവമേ, നീ ആര്?  ഞാന്‍ ആര്?' 'ദൈവം സ്നേഹമാകുന്നു; ദൈവം സ്നേഹമാകുന്നു' എന്ന് നാമൊക്കെയും പേര്‍ത്തും പേര്‍ത്തും പറയുന്നതു പോലല്ല. ദൈവം സ്നേഹമാകുന്ന അനുഭവം മജ്ജയിലും മാംസത്തിലും അനുഭവിക്കുകയാണ് അതുവഴി അയാള്‍ ചെയ്തത്.

സ്നേഹംതന്നെയായ ദൈവം, തന്‍റെ സ്നേഹത്തില്‍ നിന്ന്, തന്‍റെ വചനത്താല്‍, തന്‍റെ നന്മയുടെയും സൗന്ദര്യത്തിന്‍റെയും (ഉല്പ. 1:31) സൃഷ്ടി നടത്തുന്നു. സ്നേഹമായ ദൈവം തന്നെക്കാളധികമായി, തന്‍റെ പുത്രനെക്കാളധികമായി ലോകത്തെ അത്രമേല്‍ സ്നേഹിക്കയാല്‍, അതിനെ പരിവര്‍ത്തിപ്പിക്കാനായി സ്വയം മാംസീകരിക്കുന്നു. അത്രമേല്‍ നമ്മെ സ്നേഹിക്കയാല്‍ നമ്മിലും നമ്മോടൊപ്പവും പാര്‍ക്കുന്നു. ദൈവം സ്നേഹിച്ച, ദൈവം മാംസീകരിച്ച, ദൈവം പാര്‍ത്ത ഈ ഭൂമി അതിനാല്‍ത്തന്നെ വിശുദ്ധീകൃതവും (അപ്പ.പ്ര. 10:15; 11:9) പാവനവുമായി ഭവിക്കുന്നു.

ആയതിനാല്‍, ആത്മീയതയുടെ ഈ ദര്‍ശനമനുസരിച്ച് മനുഷ്യശരീരം നല്ലതാണ്; ഇന്ദ്രിയങ്ങള്‍ നല്ലതാണ്; ലൈംഗികത നല്ലതാണ്; സുഖങ്ങള്‍ നല്ലതാണ്; കലകള്‍ നല്ലതാണ്; നൃത്തം നല്ലതാണ്; സംഗീതം നല്ലതാണ്; ഗന്ധങ്ങള്‍ നല്ലതാണ്; ഭക്ഷണങ്ങള്‍ നല്ലതാണ്; പാനീയങ്ങള്‍ നല്ലതാണ്; ഇവയെല്ലാം ആസ്വദിക്കുന്നതും നല്ലതാണ്. എല്ലാറ്റിനെയും നാം വിലമതിക്കുകയും, സ്വീകരിക്കുന്നവ നന്ദിയോടെ ദൈവത്തിന് സ്തോത്രം പറഞ്ഞ് സഹോദരസ്നേഹത്തോടെ ആസ്വദിക്കുകയും ചെയ്യണം. എന്നാല്‍, എല്ലാം എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ളതുമല്ല.  'സ്പര്‍ശിക്കരുത്, രുചിക്കരുത്, കൈകാര്യം ചെയ്യരുത് എന്നീ നിബന്ധനകള്‍ക്ക് നിങ്ങള്‍  വിധേയരാകുന്നതെന്തിന്? ഉപയോഗിക്കുമ്പോള്‍ നശിച്ചുപോകുന്നവയെ പറ്റിയുള്ളതാണ് ഈ ഉപദേശങ്ങള്‍. തീവ്രമായ ഭക്തിയും ആത്മനിന്ദയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്നു എന്നതിനാല്‍, വിജ്ഞാനത്തിന്‍റെ പ്രതീതി ഇവയില്‍ അനുഭവപ്പെടും. എന്നാല്‍, ജഡാഭിലാഷങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇവയ്ക്ക് യാതൊരു മൂല്യവുമില്ല' എന്നാണ് പൗലോസ് ശ്ലീഹായും അസന്നിഗ്ദ്ധമായി പറയുന്നത് (കൊളോ. 2: 21-23).

ജീവിതത്തോടും ലോകത്തോടും പ്രപഞ്ചത്തോടുമുള്ള പ്രസാദാത്മകമായ നിലപാടുകളും ജീവിതത്തില്‍ അവര്‍ പുലര്‍ത്തിയ ലാളിത്യവും സാധാരണ ജനങ്ങളോട് അവര്‍ കാട്ടിയ ഉള്ളടുപ്പവും 'ഫ്രാത്തി ദെ പോപുലി' -ജനങ്ങളുടെ സഹോദരങ്ങള്‍ എന്ന ജനകീയ സ്നേഹവായ്പിന് ഫ്രാന്‍സിസ്കന്‍ സന്യാസികളെ യോഗ്യരാക്കി. കത്തോലിക്കാ വിശ്വാസത്തെയും സഭാഹയരാര്‍ക്കി യെയും അവജ്ഞയോടെയും വെറുപ്പോടെയും കണ്ട  എലിസബത്തന്‍ കാലഘട്ടത്തിലെ ലണ്ടനില്‍ ജീവിച്ച ഷേക്സ്പിയര്‍ പോലും 'റോമിയോ ആന്‍റ് ജൂലിയറ്റി'ല്‍ ത്യാഗം അനുഷ്ഠിച്ചു പോലും സ്നേഹത്തോടൊപ്പം നിലകൊണ്ട്, സ്നേഹിക്കുന്ന ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന നല്ലവനായ ഫ്രയര്‍ ലോറന്‍സിനെയും, 'മച്ച് അഡു എബൗട്ട് നഥിങ് ' -ല്‍ ജനകീയനും ശുദ്ധനുമായ ഫ്രയര്‍ ഫ്രാന്‍സിസിനെയും,  'മെഷര്‍ ഫോര്‍ മെഷര്‍' - ല്‍ വീണ്ടും നന്മയുള്ള ഫ്രയര്‍ പീറ്ററിനെയും ഫ്രയര്‍ തോമസിനെയും, 'ദ റ്റൂ ജെന്‍റില്‍മെന്‍ ഓഫ് വെറോണ' യില്‍ ഫ്രയര്‍ ലോറന്‍സിനെയും ഫ്രയര്‍ പാട്രിക്കിനെയും വരച്ചുകാട്ടിക്കൊണ്ട് ഫ്രാന്‍സിസ്കന്‍ ആത്മീയ ധാരയെ ശ്ലാഘിക്കുന്നുണ്ട്. സ്നേഹത്തെയും നന്മയെയും രാജഭക്തിയുടെ പേരില്‍ ഒറ്റുകൊടുക്കുന്ന കര്‍ദ്ദിനാളിനെ നരകത്തിന് വിധിക്കുന്നു പോലുമുണ്ട് 'മച്ച് അഡു'വില്‍ ഫ്രയര്‍ ഫ്രാന്‍സിസ്. അങ്ങനെ, പാവങ്ങളോടൊപ്പം ചേര്‍ന്നു നില്ക്കുന്നവരും സത്യവും സ്നേഹവും നീതിയും നന്മയും കരഗതമാകുന്നതിനു വേണ്ടി ചിലപ്പോള്‍ നുണ പറയുകയും കോമാളിത്തം കാട്ടുകയും ഒക്കെ ചെയ്യുന്ന, ചിലപ്പോള്‍ മദ്യപിച്ച് പൂസാകുന്നവരുമായ പ്രസാദാത്മകതയുള്ള ഫ്രാന്‍സിസ്കന്‍ കഥാപാത്രങ്ങളെ മധ്യശതകങ്ങളിലെ മിക്ക നാടകങ്ങളിലും കലാരൂപങ്ങളിലും നമുക്ക് കണ്ടെത്താന്‍ കഴിയും.

ദൈവത്തിന്‍റെ മാംസീകരണം ഒരു തുടര്‍ പ്രക്രിയയാണെന്ന് നാം വിശ്വസിക്കുന്നതിനാല്‍ മാനവികവും മാനുഷികവുമായ യാതൊന്നും സഭയ്ക്ക് അന്യമോ അപ്രിയമോ അല്ല. 'സഭ ആധുനിക ലോകത്തില്‍' എന്ന പ്രമാണരേഖയുടെ ആമുഖത്തില്‍ത്തന്നെ വത്തിക്കാന്‍ എക്യുമെനിക്കല്‍ കൗണ്‍സില്‍ നിരീക്ഷിക്കും പോലെ 'ഇക്കാലഘട്ടത്തിലെ മനുഷ്യരുടെ, പ്രത്യേകിച്ച് ദരിദ്രരും ദുരിതമനുഭവിക്കുന്നവരും ആയവരുടെ സന്തോഷങ്ങളും പ്രതീക്ഷകളും സങ്കടങ്ങളും ഉത്കണ്ഠകളും ക്രിസ്തു-അനുയായികളുടെയും സന്തോഷങ്ങളും പ്രതീക്ഷകളും സങ്കടങ്ങളും ഉത്കണ്ഠകളും തന്നെയാണ്. തീര്‍ച്ചയായും, ആത്മാര്‍ത്ഥമായി മാനുഷികമായ യാതൊന്നുംതന്നെ അവരുടെ ഹൃദയങ്ങളില്‍ പ്രതിധ്വനിയുണ്ടാക്കാതെ പോകുന്നില്ല.' അതിനാല്‍, എല്ലാ മാനുഷിക യാഥാര്‍ത്ഥ്യങ്ങളെയും ക്രിസ്തുവിനെപ്പോലെ അനുകമ്പാര്‍ദ്രമായ കണ്ണുകളോടെ ആഴത്തില്‍ നോക്കിക്കാണാനാണ് അവന്‍റെ മണവാട്ടിയായ സഭയും ശ്രമിക്കേണ്ടത്.

സ്വയം മാംസീകരിച്ചവനും തുടര്‍ച്ചയായി മാംസീകരിക്കുന്നവനുമായ യേശുക്രിസ്തുവിലാണ് നമ്മുടെ വിശ്വാസം. മറ്റു മനുഷ്യരില്‍, പ്രത്യേകിച്ച് സഹനദാസരില്‍ എങ്ങനെ അവനെ പരിചരിക്കണമെന്ന് ആ വിശ്വാസമാണ് നമ്മെ പഠിപ്പിക്കുന്നത്. അതു കൊണ്ടുതന്നെ, ക്രിസ്ത്വാനുയായിക്ക് ശത്രുവും വിരോധിയും ഇല്ല. ഫ്രാന്‍സിസ് തന്‍റെ അനുയായി ഗണത്തിന് എഴുതി: 'സഹോദരരേ, നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്ക് നന്മ ചെയ്യുക' എന്ന നമ്മുടെ കര്‍ത്താവിന്‍റെ വചനങ്ങളില്‍ നമുക്ക് ശ്രദ്ധ കൊടുക്കാം. എന്തെന്നാല്‍, നാം ആരെയാണോ അനുധാവനം ചെയ്യേണ്ടതായിട്ടുള്ളത്, നമ്മുടെ കര്‍ത്താവായ ആ യേശുക്രിസ്തു തന്‍റെ ഒറ്റുകാരനെ 'ചങ്ങാതീ' എന്നു വിളിക്കുകയും നിറമനസ്സോടെ തന്നെത്തന്നെ തന്‍റെ ഘാതകര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. അതിനാല്‍, കഷ്ടതയും സങ്കടവും ലജ്ജയും മുറിവുകളും ദുഃഖവും ശിക്ഷയും രക്തസാക്ഷിത്വവും മരണവും  നമ്മുടെ മേല്‍ അനീതിപരമായി അടിച്ചേല്പിക്കുന്നവരാകുന്നു നമ്മുടെ സുഹൃത്തുക്കള്‍' !

വിശ്വാസം നമ്മില്‍ ജഡമായിരിക്കേണ്ടുന്ന ഒന്നല്ല. വിശ്വാസം എന്ന ദാനം നമ്മില്‍ വളരേണ്ടതായിട്ടുണ്ട്. മനുഷ്യര്‍ എന്ന നിലയിലാണെങ്കിലും ബുദ്ധിയിലും കൂടുതല്‍ പൂര്‍ണ്ണതയിലേക്ക് നാം വളരേണ്ടതുണ്ട്. മനസ്സിലാക്കാന്‍ ശ്രമിക്കുന്ന വിശ്വാസമാണ് ദൈവശാസ്ത്രമെങ്കില്‍ (Faith seeking understanding) മാംസീകരിക്കാന്‍ ശ്രമിക്കുന്ന വിശ്വാസമാണ് ആത്മീയത (Faith seeking incarnation).. ദൈവിക ജ്ഞാനത്തിലും ആത്മീയതയിലും നാം ഒരുപോലെ വളരണം. ക്രിസ്തുവിന്‍റെ ആത്മാവ്, മനുഷ്യരെന്ന ക്രിസ്തുഗാത്രത്തില്‍ എന്നും എപ്പോഴും സന്നിഹിതമായിരിക്കുന്നു എന്നതും നമ്മുടെ വിശ്വാസമാണ്. അതുകൊണ്ടാണ് നാം പാരമ്പര്യത്തിലും വിശ്വസിക്കുന്നത്. ഈ പാരമ്പര്യം പോലും ജഡമായ ഒന്നല്ല. ജീവനുള്ളതും ഊര്‍ജസ്വലമായതും നിരന്തരമായി വളരുന്നതുമാണ് പാരമ്പര്യവും.

ദൈവികദാനങ്ങളും ചാപല്യങ്ങളും ഉള്ള മനുഷ്യരെ ചേര്‍ത്താണ് സഭ പണിയപ്പെട്ടിരിക്കുന്നത് എന്നതാണ് പച്ചയായ യാഥാര്‍ഥ്യം. സഭയാകട്ടെ, ദൈവത്തിന്‍റെ മാംസീകരണം അതിന്‍റെ പൂര്‍ണ്ണതയില്‍ ജീവിക്കുന്ന കാര്യത്തില്‍ എപ്പോഴും വിശ്വസ്തത പുലര്‍ത്തിയിട്ടുമില്ല. ആയതിനാലാണ്, വി. ഡാമിയന്‍റെ ദേവാലയത്തിലെ ക്രൂശിതരൂപം ഫ്രാന്‍സിസിനോട് പറഞ്ഞത്: 'ജീര്‍ണ്ണതയിലേക്ക് നിപതിക്കുന്ന എന്‍റെ ആലയം നീ പുനരുദ്ധരിക്കുക' !  അസ്സീസിയിലെ ഫ്രാന്‍സിസ് എന്ന വ്യക്തിക്ക് മാത്രം ലഭിച്ച ഒരു ചരിത്ര നിയോഗമായിട്ടല്ല നാം ഈ വിളിയെ കാണുന്നത്. മാര്‍പാപ്പയുടെയും മെത്രാന്മാരുടെയും വൈദികരുടെയും അല്മായരുടെയും സന്യസ്തരുടെയും എല്ലാ ക്രിസ്തുശിഷ്യരുടെയും കാലികമായ ദൗത്യം അതുതന്നെയാണ് എന്നാണ് നാം തിരിച്ചറിയുന്നത്. ദാനങ്ങളിലും ദൗത്യങ്ങളിലും ശുശ്രൂഷകളിലും ധര്‍മ്മങ്ങളിലും വൈവിധ്യം ഉണ്ടെങ്കിലും ഒരേ ദൈവവും ആത്മാവും തന്നെയാണ് വൈവിധ്യപൂര്‍ണ്ണമായ വിളിയും നിയോഗവും നല്കുന്നത് (1 കൊറി. 12: 4-11) എന്നത് പൗലോസ് അപ്പസ്തോലന്‍ അടിവരയിട്ടു പറയുന്നുണ്ടല്ലോ. 'കണ്ണിന് കൈയ്യോട് എനിക്ക് നിന്നെക്കൊണ്ട് ആവശ്യമില്ല എന്നോ, തലയ്ക്ക് കാലിനോട് എനിക്ക് നിന്നെക്കൊണ്ട് ഉപയോഗമില്ല എന്നോ പറയുക സാധ്യമല്ല' (v21).     ഭാഷാവരക്കാര്‍ പ്രാമുഖ്യം പിടിച്ചെടുക്കുകയും വിമര്‍ശനബുദ്ധിയുള്ളവരായ പ്രവാചകവരക്കാരെ ഓരം തള്ളുകയും ചെയ്യുന്ന പ്രവണത ആദിമ ക്രൈസ്തവര്‍ക്കിടയില്‍ പോലും ഉണ്ടായിരുന്നുവെന്നല്ലേ ഇത് കാണിക്കുന്നത് ?! (വിശ്വാസം പോലും എല്ലാവര്‍ക്കും ലഭിച്ചിരിക്കണ മെന്നില്ലത്രേ! (v9). വൈവിധ്യങ്ങളുടേതാണ് പ്രകൃതി. വൈവിധ്യങ്ങളുടേതാണ് മാനവ കുടുംബം. വൈവിധ്യങ്ങളുടെ കര്‍ത്താവും അതിനാഥനുമാകട്ടെ ദൈവവും!

പരിശുദ്ധാത്മാവിനെക്കുറിച്ച് പറയുമ്പോള്‍, തികച്ചും സ്നേഹവിരുദ്ധവും ക്രൂരവും വിഭജനോത്സുകവുമല്ലാത്ത മറ്റ് യാതൊന്നിനെക്കു റിച്ചും, അത് പരിശുദ്ധാത്മാവില്‍ നിന്നല്ല എന്ന് പറയാനാവില്ല എന്നതാണ് സത്യം. കുറേക്കാലം മുമ്പൊരിക്കല്‍ ഒരു ദൈവശാസ്ത്രജ്ഞന്‍ പറഞ്ഞതാണോര്‍മ്മയില്‍ വരുന്നത്: 'ജോസഫ് റാറ്റ്സിംഗര്‍ (വിശ്വാസ തിരുസംഘത്തിന്‍റെ അക്കാലത്തെ അധ്യക്ഷന്‍) പ്രാര്‍ത്ഥിക്കുമ്പോള്‍ ആത്മാവ് വെളിപ്പെടുത്തുന്നതു തന്നെയായിരിക്കും അദ്ദേഹം പറയുന്നത്. ലെയണാര്‍ഡൊ ബോഫ് (കര്‍ദ്ദിനാള്‍ റാറ്റ് സിംഗറാല്‍ നിശ്ശബ്ദനാക്കപ്പെട്ട ബ്രസീലിയന്‍ വിമോചന ദൈവശാസ്ത്രജ്ഞന്‍) പ്രാര്‍ത്ഥിക്കുമ്പോള്‍ ആത്മാവ് വെളിപ്പെടുത്തുന്നതാ യിരിക്കും അദ്ദേഹം എഴുതുന്നതും!  എന്തുകൊണ്ടാണ് ഇങ്ങനെ എന്നല്ലേ? രണ്ടു പേരും പ്രാര്‍ത്ഥിക്കുന്നത് അവരവരുടെ മുറിയിലിരുന്നാണ്. അവരിരുവരുടെയും ജാലകക്കാഴ്ചകള്‍ വ്യത്യസ്തമാണ്. അതിനാല്‍ ദൈവാത്മാവിന്‍റെ പ്രചോദനവും രണ്ടു ദിശയിലാകാം. ആത്മാവിനോട് തുറവിയുള്ള പക്ഷം, ദൈവതിരു മുമ്പാകെ രണ്ടു പേരും സ്വീകൃതരായിരിക്കും. എന്നാല്‍, ചരിത്രം ചിലപ്പോള്‍ ഒരാളിലൂടെ ഒഴുകുകയും മറ്റേയാള്‍ തിരസ്കൃതനാകുകയും ചെയ്തേക്കാം. ഒരുവേള ചരിത്രം രണ്ടു പേരെയും വിട്ട് മൂന്നാമതൊരാളിലൂടെ ഒഴുകാനും മതി.

ആത്മാര്‍ത്ഥതയില്ലാത്ത നമ്മുടെ രാഷ്ട്രീയ യുക്തികളും, സാമ്പത്തിക താല്പര്യങ്ങളും, പ്രതിഛായാ നിര്‍മ്മാണത്തിനുള്ള സദാചാര നാടകങ്ങളും മാറ്റിവച്ച്, തികച്ചും സത്യസന്ധമായ ചോദ്യങ്ങളിലൂടെ നാം പതുക്കെ ഉത്തരങ്ങളിലേ ക്കെത്തണം. 'സുവിശേഷങ്ങളില്‍ നിന്ന് ജീവിതത്തി ലേക്കും ജീവിതത്തില്‍ നിന്ന് സുവിശേഷങ്ങളിലേക്കും' എന്നതായിരിക്കണം നമ്മുടെ ജീവിതപദ്ധതി. ദരിദ്രരായ സഹോദരങ്ങളെപ്രതി ക്രിസ്തുവിനോട് ഉത്തരിപ്പ് ആവശ്യപ്പെടുന്ന, മാംസീകരിച്ച ക്രിസ്തുവിനെ എപ്പോഴും മുന്നില്‍ പ്രതിഷ്ഠിച്ചു കൊണ്ടുള്ള ആത്മീയതയാവണം നമ്മുടേത്. ഒത്തിരി സ്നേഹവും കരുതലും കരുണയുള്ള ഒരു വ്യക്തി-സമൂഹ മനസ്സ് നമ്മുടെ ആത്മീയതയുടെ കേന്ദ്രമാവണം. ദൈവത്തെ മാംസീകരിക്കുന്ന ഒരു ജീവിതവും അപ്പമാകുന്ന ജീവന്‍റെ ദിവ്യകാരുണ്യവും നമ്മുടെ ജീവിത ദ്വന്ദ്വമാകണം. സ്വീഡനില്‍ നിന്നുള്ള പതിനാറുകാരി -നരുന്തുപോലുള്ള ഒരു പെണ്‍കുട്ടി- ഗ്രേറ്റ തണ്‍ബര്‍ഗ് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ കോടിക്കണക്കിന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജം പകര്‍ന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരേ തെരുവില്‍ സമരമായിറങ്ങുമ്പോഴും കേരളം അതൊന്നും അറിയുന്നില്ല എന്നതാണ് കഷ്ടം. ഓരോദിനവും വംശനാശം സംഭവിക്കുന്ന നൂറുകണക്കിന് സഹോദരജീവജാതികളെക്കുറിച്ച് ആകുലപ്പെടാത്തതും നമ്മുടെയും നമ്മുടെ ഭാവി തലമുറകളുടെയും ഭവനമായ ഭൂമി കത്തി നശിക്കുമ്പോള്‍ അതില്‍ ആകുലപ്പെടുക പോലും ചെയ്യാത്തതുമായ നമ്മുടെ ഈ വിശ്വാസ ജീവിതം എത്രകണ്ട് സാരവത്താണ് എന്നും നാം ചിന്തിക്കണം. ഉവ്വ്, തീര്‍ച്ചയായും കാലിക പ്രസക്തമായ ഒരാത്മീയത നമുക്ക് ആവശ്യമായി വരുന്നുണ്ട്.

You can share this post!

അസ്സീസിയിലെ ഫ്രാന്‍സിസും സന്ന്യാസത്തിന്‍റെ അല്മായവെല്ലുവിളിയും

ജിജോ കുര്യന്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts