ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമര്‍നാഥ് യാത്രയില്‍ ആദ്യം പോയത് വൈഷ്ണവിയിലേക്കായിരുന്നു.
16Km കയറ്റവും കുതിരപ്പുറത്തായി രുന്നു. മടക്കം കുതിരപ്പുറത്തായിരുന്നു എങ്കിലും 4Km കഴിഞ്ഞപ്പോള്‍ ഞാനിറങ്ങി നടന്നു. എന്നാല്‍ 6Km നടന്നു കഴിഞ്ഞപ്പോള്‍, ഞാനാകെ ക്ഷീണിച്ച് പോയി, സമയം സന്ധ്യയും കടന്ന് തുടങ്ങി. നടന്ന് ഇറങ്ങുന്ന കുറച്ചുപേരും വല്ലപ്പോഴും വരുന്ന കുതിരക്കാരുമായി നടപ്പാത വിജനമാകാന്‍ തുടങ്ങി. കടന്നുപോകുന്ന ഓരോ കുതിരയെയും ഞാന്‍ പ്രതീക്ഷയോടെ നോക്കി, പക്ഷേ അതിലെല്ലാം ആളുകളുണ്ടായിരുന്നു.
തീരെ നടക്കാനാവാതെ ഒരു പടിക്കെട്ടില്‍ ഇരുന്ന് ആശ്വസിക്കവേ ഒരു വലിയ പഞ്ഞിക്കെട്ട് മണിയും കിലുക്കി മന്ദം മന്ദം നടന്നു വരുന്നു. ഇത്രേം വലിയ ശക്തിമാനായ ഒരു വെളുത്ത കുതിരയെ ഇതിന് മുന്‍പ് paintingഴ ലൊക്കയേ ഞാന്‍ കണ്ടിട്ടുള്ളൂ. എനിക്കായ് വന്നവന്‍, രാജ...
പടി കെട്ടില്‍ ഉയരെ ഞാന്‍ കയറി നിന്നെങ്കിലും, രണ്ടു മൂന്നുപേരുടെ സഹായത്തോടെ മാത്രമേ കുതിരപ്പുറത്തി രുപ്പുറപ്പിക്കാനായുള്ളൂ....
വളരെ സാവധാനം, ഒരു തിരക്കുമില്ലാതെ തണുത്ത കാറ്റേറ്റ്, നിലാവ് പോലെ രാജ എന്നെയും കൊണ്ട് ഒഴുകുകയായിരുന്നു. ഒരു പക്ഷേ വൈഷ്ണവിയില്‍ നിന്ന് അവസാനമിറങ്ങിയത് ഞങ്ങളാവണം.
താഴെ എത്തിയപ്പോള്‍ സമയം 8 മണി കഴിഞ്ഞിരുന്നു, എല്ലാ കുതിരകളും ലായത്തില്‍ എത്തിചേര്‍ന്നിരിക്കുന്നു. എന്നെ ഇറക്കാനുള്ള പടി കെട്ടും, കുതിരയെ കെട്ടാനുള്ള ഇടവുമില്ലാതെ, കുതിരക്കാരന്‍ വെളിച്ചമില്ലാത്ത കൂടുതല്‍ കൂടുതല്‍ ഇരുണ്ട ലായത്തിന്‍റെ അകത്തളത്തിലേക്ക് ഞങ്ങളേയും കൊണ്ട് നടന്നു.
എന്നെ ഇറക്കാനുള്ള പടി കെട്ടില്ലേലും കുതിരയെ കെട്ടാനുള്ള ഒരു ഇടം കിട്ടിയപ്പോള്‍, രാജയെ അവിടെ കെട്ടിയിട്ട് അതിനുള്ള തീറ്റ പാത്രമെടുത്ത് മുന്നില്‍ വച്ചു. എന്നാല്‍ കുനിഞ്ഞൊന്ന് മണപ്പിക്കപോലും ചെയ്യാതെ രാജ ഒരു മുനിയെപ്പോലെ നിശ്ചലനായ് നിന്നു. എന്നിട്ട് കുതിരക്കാരന്‍, ഏതാണ്ട് പതിനാറ് വയസ്സുള്ള ഒരു ചിന്ന പയ്യന്‍ എന്നെ കുതിരപ്പുറത്ത് നിന്ന് ഇറക്കാന്‍ ശ്രമിച്ചു. വളരെ ഉയരമുള്ള വലിയ കുതിരയായതിനാല്‍ എനിക്ക് സ്വയം ഊര്‍ന്ന് ഇറങ്ങാനോ, ഒരു കൈ സഹായം തന്ന് അവനെന്നെ ഇറക്കാനോ ആവാതെ ഞങ്ങള്‍ രണ്ടു പേരും വല്ലാതെ വിഷമിച്ചു. ഒന്നൂടെ ശ്രമിച്ചാല്‍ ഞാന്‍ വീഴുമെന്നും, പരിക്ക് പറ്റുമെന്നും മനസ്സിലായപ്പോള്‍, അവന്‍ തിടുക്കത്തില്‍ കാശ്മീരിയും ഹിന്ദിയും കൂടി കലര്‍ന്ന ഭാഷയില്‍ എന്തൊക്കയോ എന്നോട് പറഞ്ഞു ഇരുളിലേക്ക് ഓടിപ്പോയി.
'ഇപ്പ വരാം, ഭയപ്പെടരുത്' എന്നാണെന്നാണ് അവന്‍റെ ആംഗ്യങ്ങളില്‍ നിന്ന് ഞാന്‍ വായിച്ചെടുത്തത്. ഇരുളില്‍, ഏതാണ്ട് 200റോളം കുതിരകളുടെ നടുവില്‍, കുതിര മൂത്രത്തിന്‍റെ രൂക്ഷഗന്ധമേറ്റ്, ഏതോ കുതിരകളുടെ കഴുത്തില്‍ കിലുങ്ങുന്ന കുഞ്ഞ് മണിയൊച്ചയും ശ്രദ്ധിച്ച്, അങ്ങ് ദൂരെ മുനിയുന്ന വെളിച്ചത്തിലേക്ക് കണ്ണും നട്ട്, പ്രതീക്ഷയോടെ നിശ്ചലരായ്, മുനിയുടെ പുറത്തൊരു മൂങ്ങയെ പോലെ, രാജയും ഞാനും.
അങ്ങ് ദൂരെ വെളിച്ചത്തില്‍ നിന്ന് ഒരാള്‍ നടന്ന് വരുന്നു, കുതിരക്കാരന്‍ പയ്യനല്ല. അടുത്തു വരുംതോറും അയാളുടെ ആകാരം വളര്‍ന്ന് വലുതായ് വലുതായ്, ഷോലെ സിനിമയിലെ ഗബ്ബര്‍ സിംഗ്.... ഒരു പത്താന്‍കാരന്‍, അതോ പാക്കിസ്ഥാനിയോ, കാശ്മീരീ മുസല്‍മാനോ, വേഷം ഏതാണ്ട് അതുപോലെ, ഉള്ളൊന്ന് കാളി....
എന്‍റെ മനസ്സ് വായിച്ചപോലെ, അയാള്‍ പറഞ്ഞു 'മേം സാബ്, കുതിരക്കാരന്‍ നിങ്ങളുടെ സാബിനെ അന്വേഷിച്ചു പോയ്, ഇപ്പോള്‍ വരും, കുതിരപ്പുറത്ത് നിന്ന് ഇറങ്ങാന്‍ ഞാന്‍ സഹായിക്കാം.' അയാള്‍ കുതിരയുടെ അടുത്തേക്ക് നീങ്ങി നിന്നു.
ആ കാലുകള്‍ എന്‍റെ തോളിലേക്ക് ചവിട്ടി ഇറങ്ങാം എന്നയാള്‍... ഒരു മനുഷ്യന്‍റെ തോളില്‍ ചവുട്ടി, ഇറങ്ങുന്ന കാര്യം എനിക്ക് ചിന്തിക്കാന്‍ പോലുമാകില്ല...
എനിക്കത് പറ്റില്ലന്ന്, വിതുമ്പി പറഞ്ഞു പോയ്.
'ശരി, എന്‍റെ ഇടത് കാല്‍ അയാള്‍ മെല്ലെ പൊക്കി തന്നു, കുതിരയുടെ മുകളിലൂടെ എടുത്ത്, ഇരുകാലും ഒരു വശത്തേക്ക് ആക്കി ഞാനിരുന്നു. താഴേക്ക് നോക്കിയപ്പോള്‍ ഒരു കാര്യം എനിക്ക് മനസ്സിലായി, ഊര്‍ന്നിറങ്ങാന്‍ ആവില്ല, ഞാന്‍ വീഴും, അത്ര ഉയരെയാണെന്‍റെ ഇരുപ്പ്.
സാരമില്ല എന്‍റെ ചുമരില്‍ ചവുട്ടി ഇറങ്ങൂ എന്നയാള്‍ വളരെ സൗമ്യമായ് വീണ്ടും പറഞ്ഞു.
ഞാന്‍ കരച്ചിലിന്‍റെ വക്കോളമെത്തി. താഴെ നിന്നയാള്‍ ബലിഷ്ഠമായ രണ്ട് കരങ്ങള്‍ എന്‍റെ നേര്‍ക്ക് ഉയര്‍ത്തിയിട്ട് പറഞ്ഞു, ഊര്‍ന്നിറങ്ങി കൊള്ളൂ, വീഴാതെ ഞാന്‍ പിടിക്കാം, ശാന്തവും വാത്സല്യവുമായിരുന്നു ആ സ്വരം.
ഞാന്‍ സാവധാനം കുനിഞ്ഞ്, എന്‍റെ ഇരുകൈകളും അയാളുടെ തോളിനെ ലക്ഷ്യമാക്കി വിടര്‍ത്തി പിടിച്ച് ഒഴുകി ഇറങ്ങി, നിലം പൊത്തി വീണുപോകും മുന്നേ, ഞൊടിയിടകൊണ്ട് ബലിഷ്ഠമായ ഒരു കരവലയത്തിനുള്ളില്‍ ഞാന്‍: ഒരു നിമിഷം, എന്‍റെ പാദങ്ങള്‍ നിലം തൊടാതെ, രണ്ട് ഹൃദയങ്ങള്‍ പരസ്പര തുടിപ്പുകള്‍ ചേര്‍ന്നനുഭവിച്ച ഒരൊറ്റ മാത്ര....
ഒരു കുഞ്ഞിനെ ചേര്‍ത്തണച്ച പോലെ, അതീവശ്രദ്ധയോടെ, കരുതലോടെ, വാല്‍ത്സല്യ ത്തോടെ, അല്ല അല്ല അല്ല...ഒരു പ്രാര്‍ത്ഥന പോലെ, സാവധാനം നിലത്തേക്ക് എന്നെ അയാള്‍ എടുത്തു നിര്‍ത്തി....
ടീക്ക് ഹേ, എന്ന് ചെവിയില്‍ മെല്ലെ മന്ത്രിച്ചു, എന്നിട്ട് ഒരു വാക്കുപോലും കാക്കാതെ, ഞൊടിയിടയില്‍ വന്ന പോലെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നടന്നകന്ന് പോയി. ഇത്രേം ബലിഷ്ഠമായ ഒരു കരവലയത്തിനുള്ളില്‍ ഈ ജന്മം ഞാന്‍ ആശ്ളേഷിക്കപ്പെട്ടിട്ടില്ല, ഒരു നന്ദി പോലും പറയാനാവാതെ ഹൃദയം നിറഞ്ഞൊഴുകുക യായിരുന്നു.
പത്ത് വര്‍ഷം കടന്നുപോയിരിക്കുന്നു, ഈ പത്തു വര്‍ഷത്തിനിടയില്‍ ഹൃദയം കൊണ്ട് പരസ്പരമറി യുന്ന പത്തു പേര്‍ തികച്ചെന്നെ ഗാഢ മായ് പുണര്‍ന്നിട്ടില്ല.
സൗഹൃദങ്ങള്‍ ഇല്ലാത്തതു കൊണ്ടല്ല, അത് ഇവിടുത്തെ സംസ്ക്കാരമല്ലാത്തത് കൊണ്ടാണ്. എന്നാല്‍, എന്നെ പുണര്‍ന്നവരെല്ലാം ആ സംസ്ക്കാരത്തെ തീവ്രമായ സ്നേഹം കൊണ്ട് മറികടന്നവരാണ്. ഏതാനും മണിക്കൂറുകള്‍ക്ക് മുന്നേ (സമയം മരവിച്ച് പോയ്) ഇന്നേവരെ നേര്‍ക്കുനേര്‍ കണ്ടുമുട്ടിയിട്ടില്ലാത്ത ഒരാളും ഞാനും ആശ്ളേഷിച്ച് നിന്ന് പോയ് ....
തീര്‍ത്തും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ജീവിത സഞ്ചാരം നടത്തിയിട്ടും, ഉള്‍ക്കാഴ്ചകള്‍ ഒന്നായ് തീരുന്ന ഒരേ പ്രതലത്തില്‍ നിന്ന് കൊണ്ട് സംവദിച്ചപ്പോള്‍, ഞങ്ങളുടെ ഹൃദയം പരസ്പരം ഒഴുകുകയായിരുന്നു...
സ്നേഹത്തിന്‍റെ, കരുതലിന്‍റെ, കാരുണ്യത്തിന്‍റെ, കൃതജ്ഞതയുടെ ആശ്ളേഷങ്ങളെ താങ്ങാന്‍ വാക്കുകള്‍ക്ക് ശേഷിയുണ്ടായിരുന്നില്ല...
ഒന്നിനുമല്ലാതെ ഒരു മനുഷ്യന് വേറൊരു മനുഷ്യനെ അഗാധമായ് പുണരാനാവുന്നത്, ജീവിതം സമ്മാനിക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്..