"...ശൂന്യമായ വാക്കുകള്‍ നല്‍കി നിങ്ങളെന്‍റെ ബാല്യം കവര്‍ന്നു. എന്‍റെ സ്വപ്നങ്ങള്‍ കവര്‍ന്നു. എങ്കിലും ഞാന്‍ അല്‍പ്പമൊക്കെ ഭാഗ്യവതിയാണ്. ജനങ്ങള്‍ പക്ഷെ ദുരിതം അനുഭവിക്കുന്നു. ജനങ്ങള്‍ മരിക്കുന്നു. നമ്മുടെ ആവാസ വ്യവസ്ഥ അപ്പാടെ തകര്‍ന്നിരിക്കുന്നു. സര്‍വനാശത്തിന്‍റെ തുടക്കത്തിലാണ് നാം. എന്നിട്ടും നിങ്ങള്‍ പണത്തെക്കുറിച്ചും ശാശ്വതമായ സാമ്പത്തിക വളര്‍ച്ചയുടെ അത്ഭുതകഥകളെക്കുറിച്ചും മാത്രം സംസാരിക്കുന്നു. നിങ്ങള്‍ക്കതിന് എങ്ങിനെ ധൈര്യം വരുന്നു?
...നിങ്ങള്‍ ഞങ്ങളെ തോല്‍പ്പിക്കുകയാണ്. പക്ഷേ യുവതലമുറ നിങ്ങളുടെ വഞ്ചന മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഭാവിതലമുറയുടെ കണ്ണുകള്‍ മുഴുവന്‍ നിങ്ങളിലാണ് ഞങ്ങളെ തോല്‍പ്പിക്കുവാനാണ് നിങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ ഞാന്‍ പറയുന്നു ഞങ്ങള്‍ നിങ്ങളോട് ഒരിക്കലും പൊറുക്കില്ല.
ഇതില്‍ നിന്ന് മാറിനടക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല. ഇപ്പോള്‍ ഇവിടെ വച്ച് ഈ നിമിഷം ഞങ്ങളൊരു നിയന്ത്രണരേഖ വരയ്ക്കുകയാണ്. ലോകം ഉണരുന്നു. മാറ്റം ഇവിടെ തുടങ്ങുന്നു. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.... നന്ദി".
- യു.എന്‍. ആസ്ഥാനത്ത് നടത്തിയ കാലാവസ്ഥാ ഉച്ചകോടിയിലെ ഗ്രെറ്റാ തന്‍ബര്‍ഗിന്‍റെ പ്രഭാഷണത്തില്‍ നിന്നും
സ്വീഡനില്‍ നിന്നുള്ള പരിസ്ഥിത കാലാവസ്ഥാ സംരക്ഷണ പ്രവര്‍ത്തക. 2018 ഓഗസ്റ്റ് മുതല്‍ സ്വീഡീഷ് പാര്‍ലമെന്‍റിനു മുന്നില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പാരിസ്ഥിതിക ഭീഷണികള്‍ ചൂണ്ടിക്കാട്ടി സമരം തുടങ്ങി. എല്ലാ വെള്ളിയാഴ്ചകളിലും ഫ്രൈഡെ ഫോര്‍ ഫ്യൂച്ചര്‍ എന്ന പേരില്‍ സമരം തുടര്‍ന്നു. ഇപ്പോള്‍ ലോകമെമ്പാടും ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കെടുക്കുന്നു. സമാധാനത്തിനുള്ള നോബല്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട് പതിനാറുകാരിയായ ഗ്രെറ്റാ തന്‍ബര്‍ഗ്