news-details
കവർ സ്റ്റോറി

ഇടത്താവളമല്ല കാരുണ്യം

അന്ത്യത്താഴവേളയിലെ പാദക്ഷാളനത്തോളം കാരുണ്യമുഖം പ്രതിബിംബിപ്പിക്കുന്ന മറ്റൊരു പര്യായമില്ലെന്നു വേണം പറയാന്‍. ദൈവപുത്രന്‍ ഭൂമിയോളം താഴ്ന്നിറങ്ങിയ മനുഷ്യാവതാരത്തിന്‍റെ തനി പ്രകാശനമായിരുന്നു ആ ധീരപ്രവൃത്തി. ഗുരു മേലങ്കി മാറ്റി ഇടക്കച്ചചുറ്റി അടിമയുടെ ദൗത്യനിര്‍വ്വഹണത്തിനു മുതിരുമ്പോള്‍ - ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍റെ പോലും പാദം കഴുകുമ്പോള്‍ - കാരുണ്യം എത്ര ഉദാത്തമായിട്ടാണ് ആര്‍ദ്രഭാവങ്ങള്‍ വരിക്കുന്നത്.

"നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണ"മെന്ന ക്രിസ്തുമൊഴികളില്‍ സഭയുടെ ദൗത്യമുഖം തെളിമയോടെ അനാവരണം ചെയ്യപ്പെടുന്നതു വ്യക്തം. പാദക്ഷാളനം ക്രിസ്തുശിഷ്യന്‍റെ ജീവിതശൈലിയെ അടയാളപ്പെടുത്തുകയാണ്. ഇത്തരം അടയാളങ്ങള്‍ ഗുരുവിന്‍റെ കളരിയിലെ അടിസ്ഥാനപാഠങ്ങളായിരുന്നുവെന്ന് ആദ്യശിഷ്യരുടെ വിളിയില്‍ത്തന്നെ പ്രകടമാകുന്നതുകാണാം.  യാക്കോബും യോഹന്നാനും അബദ്ധചിന്തകളും അധികാരമോഹങ്ങളുമായി എത്തുമ്പോള്‍ ശുശ്രൂഷയും ആത്മസമര്‍പ്പണവുമാണ് ശിഷ്യന്‍റെ സത്താപരമായ ഭാവമെന്നാണ് ഗുരുമതം. ആദ്യമൊന്നും അവര്‍ക്കതു തിരിയുന്നില്ലെങ്കിലും പിന്നീട് ജീവിതവഴികളില്‍ വെളിപ്പെട്ടുകിട്ടുന്നു. അങ്ങനെയാണ് സ്നേഹത്തിന്‍റെ അപ്പസ്തോലന്‍ യോഹന്നാനും രക്തസാക്ഷിയായ യാക്കോബ് ശ്ലീഹായും ജന്മമെടുത്തത്.

പങ്കുചേരല്‍

 ഗുരുവിന്‍റെ ശൈലിയിലും ജീവിതത്തിലുമുള്ള 'പങ്ക്' ശിഷ്യന്‍റെ കടമയും അവകാശവുമാണ്. പത്രോസ് മാനുഷിക ചോദനയാല്‍ ക്രിസ്തുവിനെ തടഞ്ഞുകൊണ്ട് തന്‍റെ കാലുകള്‍ കഴുകരുതെന്നു ശഠിക്കുമ്പോള്‍ നിനക്ക് എന്നോടൊപ്പമുള്ള 'പങ്ക്' നഷ്ടപ്പെടുമെന്ന താക്കീത് അയാളുടെ മനോവികാരങ്ങളെ തകിടം മറിക്കുന്നതു ശ്രദ്ധേയം. സെബദീപുത്രന്മാരോടുള്ള മിശിഹായുടെ ചോദ്യവും എന്‍റെ പാനപാത്രത്തില്‍ 'പങ്കുചേരാന്‍' നിങ്ങള്‍ക്കു കഴിയുമോ എന്നതാണ്. ക്രിസ്തുശിഷ്യത്വം ആവശ്യപ്പെടുന്ന ആര്‍ദ്രസ്നേഹത്തിന്‍റെ ശൈലിയിലും സമര്‍പ്പണത്തിലുമുള്ള പങ്കുചേരലാണ് ഇവിടുത്തെ പ്രമേയം. അതില്‍ വലിയൊരു ശൂന്യവല്‍ക്കരണമുണ്ട്, ത്യാഗസമര്‍പ്പണമുണ്ട്; കാരുണ്യം അതിന്‍റെ സമസ്തഭാവങ്ങളിലും തിളങ്ങുന്നുമുണ്ട്. 'ശംഖനാദം' എന്ന കവിതയില്‍ പ്രേംജി കുറിക്കുന്നു: "ശരിയാണെന്നുള്ളിലെ ജന്തു ചത്തുപോയി, ഞാനിന്നൊരു തൊണ്ടാവാം, ഖേദമെനിക്കതിലില്ലൊട്ടും." ഉള്ളിലെ ജന്തു ചത്തുപോയതിന്‍റെ പരിണതഫലമായ പുനര്‍നിര്‍മ്മിതിയിലാണ് പൂജ്യനാദം മുഴക്കുന്ന ശംഖ് പിറവിയെടുക്കുന്നത്. സ്വാര്‍ത്ഥത്തിന്‍റെ മരണമാണ് നന്മയുടെ ഉയിര്‍പ്പുകാലം!

കാരുണ്യവര്‍ഷസമാപനത്തില്‍ ഫ്രാന്‍സീസ് പാപ്പാ കുറിക്കുന്നതിങ്ങനെ: "കാരുണ്യം സഭയുടെ ജീവിതത്തില്‍ കേവലം ഒരു ഇടത്താവളമായിരിക്കാന്‍ സാധ്യമല്ല. അത് അവളുടെ അസ്തിത്വത്തിന്‍റെതന്നെ അടിസ്ഥാനമാണ്. അത് സുവിശേഷത്തിന്‍റെ അഗാധസത്യങ്ങള്‍ വെളിവാക്കുകയും സ്പര്‍ശനീയമാക്കുകയും ചെയ്യുന്നു" (Misericordie et Misera-1). പാപിനിയായ സ്ത്രീയും രക്ഷകനും കണ്ടുമുട്ടുന്ന സുവിശേഷരംഗത്തിന്‍റെ പരിപ്രേഷ്യത്തില്‍ കരുണയുടെ അപ്പസ്തോലന്‍ സഭയുടെ ഉള്‍ക്കാമ്പിലേക്ക് ചോദ്യമെറിയുകയാണിവിടെ. ഒരു പരിത്യക്തയുടെ മിഴികളില്‍, മനസ്സിലാക്കപ്പെടാനും ക്ഷമിക്കപ്പെടാനും സ്വതന്ത്രയാക്കപ്പെടാനുമുള്ള ആഗ്രഹം മിശിഹാ വായിച്ചറിഞ്ഞു. പാപത്തിന്‍റെ ദുരിതത്തെ ആര്‍ദ്രസ്നേഹത്തിന്‍റെ വസ്ത്രമുടുപ്പിക്കുകയാണ് ക്രിസ്തു അവിടെ ചെയ്തതെന്ന പാപ്പായുടെ നിരീക്ഷണം തീക്ഷ്ണമായൊരു ആത്മവിമര്‍ശനത്തിനു കളമൊരുക്കുന്നു. പുതിയൊരു ദര്‍ശനവും ദിശാബോധവും മിശിഹായുടെ തുടര്‍ച്ചയായ തിരുസ്സഭയില്‍നിന്ന് നമുക്കു സ്വീകരിക്കാന്‍ കഴിയണമെന്നതുതന്നെയാണ് ഈ അമരക്കാരന്‍ അര്‍ത്ഥമാക്കുന്നത്.

കാരുണ്യത്തിന്‍റെ ഔഷധം

മധ്യകാലഘട്ടത്തിന്‍റെ ഭൗതികാധിപത്യത്തില്‍ നിറം കെട്ടുപോയ സഭയുടെ മുഖം തുടച്ചുമിനുക്കാന്‍ ദൈവം നിയോഗിച്ചവരില്‍ അസ്സീസിയിലെ ഫ്രാന്‍സീസ് ഇന്നും പ്രസക്തനാണ്. ദാരിദ്ര്യമണവാട്ടിയെ സ്വയം വരിച്ചുകൊണ്ട് അയാള്‍ തുടങ്ങിവച്ച വിപ്ലവക്കാറ്റ് ഇന്നും കെട്ടടങ്ങാതെ വീശിക്കൊണ്ടിരിക്കുന്നു. അത്തരമൊരു പുതുചൈതന്യത്തിലാണ് ഫ്രാന്‍സീസ് പാപ്പാ കാരുണ്യംകൊണ്ട് ചരിത്രം രചിക്കുന്നതും. കരുണയുടെ മുഖം മങ്ങിത്തുടങ്ങിയപ്പോഴെല്ലാം നിയമത്തിന്‍റെ അതിരുവിട്ട കാര്‍ക്കശ്യങ്ങളിലും അതിഭൗതികതയുടെ ഗണിതങ്ങളിലുമുടക്കി സഭയുടെ ചുവടുകള്‍ ഇടറിയെന്നത് ചരിത്രവസ്തുതയാണ്. ഇതു മനസ്സിലാക്കിയാണ്, 'സഭ കാര്‍ക്കശ്യത്തിന്‍റെ ആയുധങ്ങളുപേക്ഷിച്ച് കാരുണ്യത്തിന്‍റെ ഔഷധം പുരട്ടാനൊരുങ്ങുന്നു'വെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് തുടക്കം കുറിച്ചുകൊണ്ട് വി. ജോണ്‍ 23-മന്‍ മാര്‍പാപ്പാ പറഞ്ഞത്. കാരണം, കാരുണ്യമെന്നത് ക്രിസ്തുവിന്‍റെ ഹൃദയഭാവവും ഭാഷയുമാണ്; അതു നഷ്ടമായാല്‍ ചരടുമുറിഞ്ഞ പട്ടത്തിന്‍റെ ദുര്‍ഗതി സഭയിലുമുണ്ടാകും. കാരുണ്യം സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഔദാര്യമല്ല, താല്‍ക്കാലികമായ ഇടത്താവളവുമല്ല; മറിച്ച്, നിത്യം തുടരേണ്ട അസ്തിത്വപരമായ അനിവാര്യതയാണ്! കാരുണ്യവര്‍ഷത്തിന്‍റെ കവാടമടഞ്ഞത് ജീവിതത്തില്‍ നമ്മള്‍ പാലിക്കേണ്ട കാരുണ്യശൈലികളുടെ ശക്തമായ ഓര്‍മ്മപ്പെടുത്തലോടെയാണ.് 'അപരന്‍റെ വേദനകളിലേക്ക് ഹൃദയം തുറക്കുക' എന്ന അര്‍ത്ഥമാണ് Misercordie  / കാരുണ്യം എന്ന മൂല പദത്തിനുള്ളത്. എന്‍റെ സാന്നിധ്യത്തിന് വിലയുണ്ടാകുന്നത് ചുറ്റുമുള്ള സഹജീവികളുടെ മുറിവുകള്‍ക്ക്, മിഴിനീരിന് ഞാന്‍ ഉത്തരമാകുമ്പോള്‍ മാത്രമാണെന്നത് മറക്കാനാവില്ല. ക്രിസ്തുദര്‍ശനത്തില്‍ ഞാനെന്ന വ്യക്തിയുടെ സൃഷ്ടിപരമായ നിയോഗം തന്നെയാണ് ഈ കരുതലിന്‍റെ ഭാവം - അപരനെ നെഞ്ചോടു ചേര്‍ത്തുപിടിക്കുക എന്നത്. അപ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍ണവും ആനന്ദവും ആയി മാറുന്നത്.

കാരുണ്യഭാവങ്ങളുടെ പ്ലാറ്റ്ഫോമിലാണ് എല്ലാ മനസ്സുകളും ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കതീതമായി ഒന്നിച്ചുകൂടുന്നത്. ആതുരശുശ്രൂഷ, അവയവദാനം തുടങ്ങി സഭ നേതൃത്വം കൊടുക്കുന്ന പുണ്യവേദികളിലൊക്കെ കാരുണ്യത്തിന്‍റെ നിശ്ശബ്ദസുവിശേഷം ഉറക്കെ പ്രഘോഷിക്കപ്പെടുന്നത് നമ്മള്‍ കേള്‍ക്കുന്നുണ്ട്. അവിടെ അന്നം വിളമ്പുമ്പോള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്‍റെ വേദനകള്‍ മാത്രമാണ് മനസ്സില്‍ കിനിയുന്ന നൊമ്പരം; അവന്‍റെ/അവളുടെ വിശപ്പും ദാഹവുമായിരിക്കും എല്ലാവരുടെയും ചിന്താവിഷയം. മതമോ, ജാതിയോ, വര്‍ഗ്ഗമോ അവിടെ മാനദണ്ഡമാകുന്നില്ല; വിശാലമായൊരു മനുഷ്യദര്‍ശനം മനസ്സില്‍ കത്തിനില്ക്കുന്നു. 'നിസ്സംഗതയുടെ ആഗോളീകരണമാണ് ആധുനികലോകത്തിന്‍റെ കൊടിയ തിന്മ'യെന്നു നിരീക്ഷിക്കുന്ന ഫ്രാന്‍സീസ് പാപ്പായുടെ കാഴ്ചപ്പാടുകള്‍ക്ക് വലിയ പ്രകാശമുണ്ട്. അപരന്‍റെ നെഞ്ചുരുക്കങ്ങളും കണ്ണീരും ബാധകമല്ലാത്തവിധം ഞാന്‍ സ്വാര്‍ത്ഥനാകുമ്പോള്‍ ക്രിസ്ത്യാനി എന്ന പേര് എനിക്കിണങ്ങുന്നില്ല. ഒരു മേല്‍ക്കൂരയ്ക്കു കീഴെ താമസിക്കുന്നവര്‍ക്കിടയിലും മൈലുകളുടെ അകലമുണ്ടാകുന്നെങ്കില്‍ അവിടെയല്ലേ അപനിര്‍മ്മിതി ആരംഭിക്കേണ്ടത്. വീട്ടകത്തു തുടങ്ങാത്ത കാരുണ്യപ്രവൃത്തികള്‍ക്ക് നാട്ടില്‍ വിലയിടിയുമെന്നതു തീര്‍ച്ച.

നന്മയുടെ അടയാളങ്ങള്‍

തടവറ പ്രേഷിതമേഖലയില്‍ ശുശ്രൂഷ നിര്‍വ്വഹിച്ചിരുന്ന ഗതകാലസ്മരണകള്‍ ആത്മനിര്‍വൃതിയുടെ നിമിഷങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയ തടവറസഹോദരന്മാരുടെ പുനരധിവാസകേന്ദ്രത്തിന്‍റെ (സ്നേഹാശ്രമം - തൃശൂര്‍) ചുമതല വഹിച്ചിരുന്ന നാളുകളില്‍ അവരോടൊപ്പം പങ്കിട്ടും അന്തിയുറങ്ങിയും ഹൃദയം ചേര്‍ത്തുവച്ചപ്പോഴാണ് മനുഷ്യനെ കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞത്. അവന്‍റെ കണ്ണീരിന്‍റെ ഉപ്പിലും വിയര്‍പ്പിന്‍റെ ഗന്ധത്തിലും എനിക്കും പങ്കുണ്ടെന്ന സത്യം സാവധാനം രുചിച്ചറിഞ്ഞു. അയാള്‍ കുറ്റവാളിയായതില്‍ എനിക്കും ഒരു പങ്കുണ്ടെന്ന വിചാരം മനസ്സിനെ കുറച്ചുകൂടി ശരിയായ ബോധ്യങ്ങളിലേക്കു നയിച്ചു. വര്‍ഗീസ് കരിപ്പേരിയച്ചനും ഫ്രാന്‍സീസ് കൊടിയനച്ചനും ജോര്‍ജ്ജ് കുറ്റിയ്ക്കലച്ചനുമൊക്കെ നേതൃത്വം നലകി രൂപപ്പെടുത്തിയ പ്രിസണ്‍മിനിസ്ട്രിയെന്ന സഭയുടെ പ്രേഷിത ശുശ്രൂഷയിലൂടെ എത്രയധികം ജീവിതങ്ങളാണ് ഇരുട്ടിന്‍റെ ഇടനാഴികളില്‍നിന്നും വെളിച്ചത്തിന്‍റെ വഴികളിലേക്ക് കടന്നുവന്നത്; മരണക്കുഴിയില്‍ അകപ്പെട്ടുപോകാതെ ജീവിതത്തിലേക്ക് ചേക്കേറിയവര്‍ ഏറെയുണ്ട്. ആത്മഹത്യാമുനമ്പില്‍നിന്നും അറുംകൊലയുടെ ഭീകരതയില്‍നിന്നും നന്മയുടെ പുതുപ്പിറവി ലഭിച്ച നിരവധി വ്യക്തികളുടെ മുഖം എന്‍റെയുള്ളില്‍ തെളിയുന്നുണ്ട്.

മിശിഹായുടെ തുടര്‍ച്ചയായ തിരുസ്സഭ എന്നും 'ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവു'മായി ജീവിക്കേണ്ടവള്‍ തന്നെ. ആ ദൗത്യം സഭ തുടര്‍ന്നുവരുന്നുവെന്നതും നിഷേധിക്കാനാവാത്ത സത്യമാണ്. പക്ഷേ, ആ നസ്രായേന്‍റെ വഴിയുടെ ഉപരിനന്മകള്‍ പങ്കുവയ്ക്കണമെങ്കില്‍ ഇനിയും ഏറെ ദൂരം നമ്മള്‍ പിന്നിടേണ്ടിയിരിക്കുന്നുവെന്നതു ഞാന്‍ വിസ്മരിക്കുന്നില്ല. എന്നാല്‍, കേരളത്തിന്‍റെ, ഭാരതത്തിന്‍റെ സാംസ്ക്കാരിക ഭൂമികയില്‍ നന്മയുടെ അടയാളങ്ങള്‍ പതിക്കാന്‍ സഭയുടെ ശുശ്രൂഷകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആതുരശുശ്രൂഷയുടെ, സാമൂഹികപ്രതിബദ്ധതയുടെ, നിസ്വാര്‍ത്ഥസമര്‍പ്പണത്തിന്‍റെ ശോഭിതമുഖങ്ങളായി വര്‍ത്തിക്കുന്ന വൈദികരും സന്ന്യസ്തരും അല്മായ പ്രമുഖരുമായി അനേകായിരങ്ങള്‍ സഭയുടെ മുതല്‍ക്കൂട്ടായി ഇന്നുമുണ്ട്. മഴ പെയ്യുമ്പോള്‍ മരച്ചുവട്ടിലേക്ക് മാറിനില്ക്കാന്‍പോലും കഴിയാത്ത മാനസികരോഗികള്‍, നിരാധാരരായ ഭിക്ഷാടകമക്കള്‍, തെരുവിലലയുന്ന പിഞ്ചുബാല്യങ്ങള്‍, ഉപേക്ഷിക്കപ്പെട്ട വൃദ്ധജീവിതങ്ങള്‍ തുടങ്ങി പലതരത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുള്ള ശുശ്രൂഷകള്‍ സഭയുടെ കാരുണ്യമുഖം തന്നെയാണ്; സംശയമില്ല.

യുദ്ധഭൂമിയിലെ ആതുരാലയം

നന്മകളുടെ കൂടാരത്തിനുള്ളിലും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഭവിക്കുന്ന പിഴവുകള്‍ നമ്മള്‍ ഗൗരവമായിത്തന്നെ കാണാതെ തരമില്ല. അവ തീര്‍ച്ചയായും തിരുത്തപ്പെടേണ്ടതുമാണ്. എന്നാല്‍ ആരുടെയെങ്കിലും തെറ്റുകളുടെ പേരില്‍ തിരുസ്സഭയെന്ന അമ്മയെ തള്ളിപ്പറയാനും അനാവശ്യമായി തെരുവില്‍ വിചാരണ ചെയ്യാനും നമ്മള്‍ ശ്രമിക്കുന്നതില്‍ അപകടമുണ്ട്. അതു ക്രിയാത്മക വിമര്‍ശനത്തിന്‍റെ സല്‍ഫലങ്ങള്‍ക്കു പകരം മൂല്യനിരാസത്തിന്‍റെ,  ദൈവനിഷേധത്തിന്‍റെ ഇരുട്ടുപരത്തുമെന്നു ഞാന്‍ ചിന്തിക്കുന്നു. സ്വന്തം കുടുംബത്തിലൊരാള്‍ക്കു തെറ്റുപറ്റിയാലെന്നവിധം സ്നേഹപൂര്‍വ്വം തിരുത്താനും കണ്ണീരോടെ പ്രാര്‍ത്ഥിക്കാനും കഴിഞ്ഞാല്‍ വലിയ മുന്നേറ്റങ്ങള്‍ക്ക് സാധ്യതയേറുമെന്നാണ് എന്‍റെ പക്ഷം.

'സഭ യുദ്ധഭൂമിയിലെ ആതുരാലയമാണെന്ന' ദര്‍ശനം ക്രിസ്തുവിന്‍റെ മനസ്സറിഞ്ഞാണ് ഫ്രാന്‍സീസ് പാപ്പാ പങ്കുവയ്ക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേക്ക് ഇറങ്ങിവന്ന് കൂടെ നില്‍ക്കേണ്ട സഭ തന്നെയാണ് ഇവിടെ വിചാരവിഷയം. നഷ്ടപ്പെട്ടതിനെ തേടിയെത്തുന്ന, മുറിവേറ്റതിനെ തോളിലേറ്റി പരിചരിക്കുന്ന അമ്മമനസ്സിലേക്ക് നമ്മള്‍ ഒന്നിച്ചു വളരേണ്ടത് സമകാലികമായ അനിവാര്യതയാണ്. പുറത്തിറങ്ങിനിന്നു കുറ്റംവിധിക്കാതെ സഭാകൂട്ടായ്മയുടെ ഉള്ളില്‍നിന്നുകൊണ്ടു എല്ലാവരെയും ചേര്‍ത്തുപിടിക്കാന്‍ നമുക്കു കഴിയുമ്പോഴാണ് അപരന്‍റെ ഹൃദയമിടിപ്പുകള്‍ കേള്‍ക്കാനാവുന്നത്. എന്‍റെ ഉള്ളിലെ സ്വാര്‍ത്ഥമെന്ന ജന്തു ചാകുമ്പോള്‍ മാറ്റത്തിന്‍റെ ശംഖനാദം മുഴങ്ങിത്തുടങ്ങും. ദേവഗീതം മുഴക്കുന്ന കാരുണ്യത്തിന്‍റെ ശംഖനാദം.

You can share this post!

അസ്സീസിയിലെ ഫ്രാന്‍സിസും സന്ന്യാസത്തിന്‍റെ അല്മായവെല്ലുവിളിയും

ജിജോ കുര്യന്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts