നാഷണല്‍ വിമണ്‍ ഓഫ് ദി ഇയര്‍ 2011, IBN-CNN Real Hero Award ജേതാവ്, എഴുത്തുകാരി, അതിലുപരി 2006-ല്‍ സ്ഥാപിതമായ "സൊലേസ്' എന്ന സംഘടനയുടെ സ്ഥാപക അമരക്കാരി. ഇപ്പോള്‍ ക്യാന്‍സര്‍ മുതലായ മാറാരോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന 1800-ല്‍ അധികം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സൊലേസ് ആശ്വാസമായി മാറുന്നുണ്ട്
മതവിശ്വാസമില്ലാത്ത ഒരു വ്യക്തിക്ക് നല്ല മനുഷ്യനാകാം എന്ന് കത്തോലിക്കാതിരുസഭയുടെ പരമോന്നത പദവി അലങ്കരിക്കുന്ന പോപ്പ് ഫ്രാന്‍സിസ് പറഞ്ഞുവെന്നത് വരുന്ന കാലത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷ മങ്ങാതെ കാത്തുസൂക്ഷിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഇങ്ങനെ എല്ലാ മതങ്ങളുടെയും പൗരോഹിത്യം ഉറപ്പിച്ച് പറഞ്ഞിരുന്നുവെങ്കില്‍ അന്ധമായി മതത്തില്‍ കുരുങ്ങിക്കിടക്കുന്ന ഒരുപാട് മനുഷ്യര്‍ സ്വതന്ത്രരാകുമായിരുന്നു. എല്ലാ മതങ്ങളും പറയുന്നത് നല്ല മനുഷ്യനാകാനാണ്. പക്ഷേ മനുഷ്യന്‍ മതങ്ങള്‍ പഠിപ്പിക്കുന്ന മാനുഷികമൂല്യങ്ങളില്‍ നിന്ന് അകന്നുപോകുകയും വെറും അന്ധവിശ്വാസി മാത്രമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അനുഷ്ഠാനങ്ങളില്‍ മാത്രം കുടുങ്ങിക്കിടന്ന് അവന്‍ കാലം കഴിക്കുന്നു.
ജീവിതാനുഭവങ്ങളിലൂടെ കടന്നുവരുമ്പോള്‍ എന്‍റെ മകള്‍ക്ക് മാരകരോഗം ഉണ്ടായി എന്നത് മനസ്സിനെ കത്തിച്ചാമ്പലാക്കുന്ന അഗ്നിയായിരുന്നു. എനിക്ക് ചുറ്റും നിരവധി കുഞ്ഞുങ്ങളുടെ, അവരുടെ അമ്മമാരുടെ വേദനകള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഉള്ളിലെ അഗ്നി, ഒരു അഗ്നിപര്‍വ്വതം തന്നെയായി മാറിയിരുന്നു. അവരുടെ ദുഃഖത്തോട് മുഖം തിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അങ്ങനെയാണ് മാരകരോഗം വന്ന കുഞ്ഞുങ്ങളുടെ വേദനയ്ക്കും അവരുടെ മാതാപിതാക്കളുടെ നിസ്സഹായതയ്ക്കും കുറച്ചെങ്കിലും പരിഹാരം കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ചത്.
പതിനാറുകൊല്ലം ഏതു നിമിഷവും ജീവിതം നിലച്ചുപോയേക്കാം എന്ന് അറിയാമായിരുന്ന എന്‍റെ പൊന്നോമന മകളെയും കൊണ്ടാണ് ഞാന്‍ ഇതൊക്കെ ചെയ്തത്. ഇക്കാലമത്രയും പലരും ചോദിച്ച ഒരു ചോദ്യമുണ്ട്, "ഈ സുഖമില്ലാത്ത കുഞ്ഞിനേയും കൊണ്ട് എങ്ങനെ നിങ്ങള്‍ സമയം കണ്ടെത്തുന്നു" എന്ന്.
സമൂഹമനസ്സുകളില്‍ ഉറച്ചുപോയ സ്വാര്‍ത്ഥചിന്തയില്‍നിന്നാണ് ആ ചോദ്യമുണ്ടാകുന്നത്. അവനവന്‍റെ കുഞ്ഞിനോട് നീതി പുലര്‍ത്തണം, അക്കാര്യത്തില്‍ നമുക്കാര്‍ക്കും സംശയമില്ല. സ്വന്തം കുടുംബത്തിലെ ഒരാളുടെ പ്രശ്നത്തിനോട് മുഖം തിരിച്ചാല്‍ ഒരുപക്ഷേ ആളുകള്‍ കുറ്റപ്പെടുത്തും. സമൂഹത്തിലെ മറ്റുള്ളവരെക്കൂടി ചേര്‍ത്തുപിടിച്ചാല്‍ ഈ ചോദ്യമായി.
എനിക്ക് ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ. "തന്‍റെ ചുറ്റുപാടുകളെ തന്നോട് ചേര്‍ത്ത് നിര്‍ണ്ണയിക്കാത്തതിന്‍റെ പ്രശ്നമാണത്. അപ്പുറത്ത് കേള്‍ക്കുന്ന നിലവിളിക്ക് കാതുകൊടുക്കാതെ, ആ നിലവിളി മാറ്റാന്‍ ശ്രമിക്കാതെ പോകുന്നവര്‍ മനുഷ്യനാണോ..." മനുഷ്യന്‍ എന്ന സൃഷ്ടിയുടെ സൗന്ദര്യം പൂര്‍ണമാകുന്നത് ബുദ്ധിയും മനസ്സും ഒത്തിണങ്ങി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമല്ലേ? തന്‍റെ കണ്‍മുന്നില്‍ കാണുന്ന ദുരിതവും ദുഃഖവും കണ്ണ് നനയിക്കുന്നുവെങ്കില്‍ അവന്‍ ഒരു നല്ല മനുഷ്യന്‍ ആണെന്ന് നിസംശയം പറയാം. ഒരു കുസൃതിയോ സന്തോഷമുളവാക്കുന്ന മറ്റെന്തെങ്കിലുമോ കാണുമ്പോള്‍ ചുണ്ടില്‍ പുഞ്ചിരി വിരിയുന്ന ഒരാള്‍ നിര്‍മല ഹൃദയമുള്ളവനായിരിക്കും. ദുഃഖവും ദുരിതവും കണ്ട് കണ്ണ് നിറയുന്നവന്‍ അതിനോട് ഇടപെടാതെ മുഖം തിരിച്ച് കടന്നുപോകുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് അവന്‍റെയുള്ളില്‍ ഒരു കുറ്റബോധമെങ്കിലും ഉണ്ടാകില്ലേ? അവന്‍ അന്തിക്കുവന്ന് പ്രാര്‍ത്ഥനാക്കൂട്ടില്‍ കയറിയിരുന്ന് 'വിശക്കുന്നവനെ ഊട്ടണം" എന്ന വിശുദ്ധ വാചകം പലതവണ ഉരുവിട്ട് ദൈവത്തിന്‍റെ പ്രീതി സമ്പാദിക്കാന്‍ ശ്രമിക്കുന്നതില്‍ വല്ല കാര്യവുമുണ്ടോ? അവന് തന്നിലെ കുറ്റബോധം കഴുകിക്കളയാന്‍ ഒരു പക്ഷേ അങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ സാധിക്കുന്നുണ്ടാകാം. വിശുദ്ധ ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടതൊക്കെയും അക്ഷരങ്ങളും വാക്കുകളും മാത്രമായി അവിടെ നിലകൊള്ളുകയാണ്. അവനു വേണ്ടത് മോക്ഷമോ സ്വര്‍ഗമോ ആണ്. അത് മതങ്ങള്‍ ആവശ്യപ്പെടുന്ന അനുഷ്ഠാനങ്ങളില്‍ നിന്ന് ലഭ്യമാണെന്ന് മൂഢനായ അവന്‍ വിശ്വസിക്കുകയും ചെയ്യുന്നു. വിശ്വാസിയായി ജീവിക്കുന്നവന്‍റെ പാകത്തിന് തുന്നിവെച്ച ആത്മീയതയുടെ കുപ്പായമണിഞ്ഞ് അവന്‍ ദൈവഭയത്തില്‍ കാലം കഴിക്കുന്നു.
മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഒരാള്‍ ജീവിക്കുന്നതെന്നും അങ്ങനെയാണ് ജീവിതം സാര്‍ത്ഥകമാകുന്നതെന്നും അവന്‍ അറിയുന്നുപോലുമില്ല. യഥാര്‍ത്ഥ ആനന്ദം അനുഭവിക്കാന്‍ സാധിക്കാതെ ഒട്ടുമിക്ക ജീവിതങ്ങളും തീര്‍ന്നുപോകുന്നു. മനുഷ്യബന്ധങ്ങളില്‍ പാലിക്കേണ്ട ഒരു നീതിയുണ്ട് എന്നു പറയുന്നതിനേക്കാള്‍ പ്രസക്തമായ പറച്ചില്‍ മറ്റൊന്നിനോട് അനീതി കാണിക്കാതിരിക്കണം എന്നതാണ്. പ്രകൃതിയോട്, ചുറ്റുപാടുകളോട്, സഹജീവികളോട് അനീതി കാണിക്കാതിരിക്കാന്‍ ശ്രദ്ധയോ കരുതലോ പാലിക്കണം. തന്‍റെ ചുറ്റുപാടുകളില്‍ കാണുന്ന വേദനകളോടും ദുരിതങ്ങളോടും കരുണയോടുള്ള ശ്രദ്ധ പാലിക്കപ്പെടുമ്പോള്‍ ബന്ധങ്ങള്‍ക്ക് ഇഴയടുപ്പം നിലനില്‍ക്കും.
സുഖമില്ലാത്ത കുഞ്ഞുങ്ങളും കുടുംബവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ പല സന്ദര്‍ഭങ്ങളിലും ആത്മീയമായൊരു വെളിച്ചം എനിക്കനുഭവപ്പെടാറുണ്ട്. ഒരു കുഞ്ഞിന് ലഭിക്കേണ്ട മരുന്ന് ഐ. സി. യുവിന് പുറമേയ്ക്ക് എത്ര രാത്രിയിലും എത്തിച്ചുകൊടുക്കുമ്പോള്‍, അടുത്ത ദിവസം ആ കുഞ്ഞിന് സുഖമുണ്ടെന്ന് അറിയുമ്പോള്‍ ആ അമ്മയുടെ മുഖത്തെ സമാധാനം കാണുമ്പോള്‍, എന്‍റെ നെഞ്ചില്‍ തലചായ്ച്ച് അവര്‍ ആശ്വാസത്തോടെ വിതുമ്പുമ്പോള്‍... അങ്ങനെ ഞാനും അവളും ഒന്നായി ഇഴുകിച്ചേരുമ്പോള്‍ ലഭിക്കുന്ന ആനന്ദം ഒരു പ്രാര്‍ത്ഥനയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ എത്രയോ മുകളിലാണ്.
ഒരാള്‍ തന്‍റെ ദുഃഖങ്ങളേയും വേദനകളെയും കുറിച്ച് പരിതപിക്കുമ്പോള്‍ "നിങ്ങള്‍ അതിനൊരു പരിഹാരം പറയൂ" എന്ന് തന്‍റെ ചുറ്റുപാടിലുമുള്ളവരിലേക്ക് ദയനീയമായൊരു സഹായാഭ്യര്‍ത്ഥന കൂടി നടത്തുന്നുണ്ട്. അതായത് എന്‍റെ നിസ്സഹായതയിലേക്ക് നിങ്ങളുടെ സഹായം നീട്ടൂ എന്നര്‍ത്ഥം. നാം ചുറ്റുപാടുകളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അവിടേയ്ക്ക് കൊടുത്തതോ കൊടുക്കാന്‍ തയ്യാറുള്ളതോ ആണോയെന്ന് ആലോചിച്ചാല്‍ തന്‍റെ വേദനയില്‍, ദുരിതത്തില്‍ പങ്കുചേരാന്‍ ആരുണ്ട് എന്നതിന്‍റെ ഉത്തരം താന്‍ മറ്റൊരാളുടെ വേദനയെയോ ദുരിതത്തെയോ ഏറ്റെടുത്തിട്ടുണ്ടോ എന്ന് സ്വയം അറിയലാണ്. നാം സമൂഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത് നാം സമൂഹത്തിന് കൊടുക്കേണ്ടതാണ്. ആ പാരസ്പര്യം സമൂഹത്തിന്‍റെ ഉത്തരവാദിത്തമായിരിക്കും. ഒരാള്‍ വീണുകിടക്കുന്നത് കണ്ട് അവനെ എഴുന്നേല്‍ക്കാന്‍ സഹായിച്ചിട്ടുള്ള ഒരാള്‍ക്ക് മാത്രമേ താന്‍ വീണാല്‍ തന്നെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ആരെങ്കിലും വരണം എന്ന് പ്രതീക്ഷിക്കാന്‍ അവകാശമുള്ളൂ.
സൗകര്യത്തില്‍ നിന്നുകൊണ്ട് താഴേയ്ക്ക് ദാനമോ, ഔദാര്യമോ, സേവനമോ വച്ചുനീട്ടുകയല്ല വേണ്ടത് മറിച്ച് സമൂഹത്തില്‍ നമ്മള്‍ നിലനിര്‍ത്തേണ്ട സാഹോദര്യവും പരസ്പരാശ്രിതത്വവും നമ്മുടെ ഉത്തരവാദിത്തമായിരിക്കണം. ബുദ്ധിമുട്ടുന്നവരോട് സഹതാപത്തിന് പകരം അനുതാപം ഉണ്ടാകുകയും അവരോട് കൂട്ടുചേരുകയും അവരുടെ അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നതാണ് സമത്വത്തിലേക്കും യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കും ഉള്ള വഴി. എന്‍റെ വിശപ്പിനെക്കുറിച്ച് ആലോചിക്കുകയും അതിനു പരിഹാരം കാണുകയും ചെയ്യുന്നത് ഭൗതികവും, മറ്റൊരാളുടെ വിശപ്പിനെക്കുറിച്ച് ദുഃഖിക്കുകയും അതിന് പരിഹാരം കാണുകയും ചെയ്യുന്നത് ആത്മീയവും ആണ്.
ലോകം കണ്ടതില്‍വച്ച് അനുതാപത്തിന്‍റെ ഏറ്റവും വിശുദ്ധിയേറിയ ഉദാഹരണം യേശുക്രിസ്തു ആണ്. മറ്റുള്ളവര്‍ക്കുവേണ്ടി കുരിശില്‍ തറയ്ക്കപ്പെട്ട മഹാന്‍. മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം പീഡനം ഏറ്റുവാങ്ങിയ വിശുദ്ധന്‍. അവിടെ വേദനിക്കുന്നവരോടൊത്ത് സഹയാത്ര ചെയ്യുക മാത്രമല്ല താന്‍ പുലര്‍ത്തിപ്പോന്ന മൂല്യത്തിനുവേണ്ടി മരണത്തെ സ്വാഗതം ചെയ്യുകയും ആത്മത്യാഗം വരിക്കുകയുമാണ് അദ്ദേഹം ചെയ്തത്.
സഹജീവികളോടുള്ള അനുതാപത്തില്‍ നിന്നാണ് സമത്വചിന്ത രൂപപ്പെടേണ്ടത്.