news-details
കവർ സ്റ്റോറി

ലാവോത്സു എന്ന ചൈനീസ് ദാര്‍ശനികന്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. എഴുതിയതല്ല; എഴുതിച്ചതാണ്. തന്‍റെ വയസ്സാംകാലത്ത് മരണത്തിന് സ്വയം വിട്ടുകൊടുക്കാനായി ഹിമാലയത്തിലേക്ക് കയറിപ്പോകുവാന്‍ തീരുമാനിച്ച ജ്ഞാനിയായ ആ തപസ്വിയെ അതിര്‍ത്തികാവല്‍ക്കാരന്‍ തടഞ്ഞുനിറുത്തുകയും തന്‍റെ ജ്ഞാനത്തെ ഞങ്ങള്‍ക്കായി പകര്‍ന്നു നല്കിയാലേ മുന്നോട്ടു പോകാന്‍ അനുവദിക്കുവെന്ന് പറയുകയും ചെയ്തുവത്രെ. ആ അതിര്‍ത്തികാവല്‍ക്കാരന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി എഴുതിയതാണ് 'താവോ തേ ചിങ്' എന്ന പുസ്തകം എന്നാണ് പറയുന്നത്. ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള പുസ്തകം അതാണത്രെ. അഞ്ചോ പത്തോ വരികളുള്ള എണ്‍പത്തിയൊന്ന് അദ്ധ്യായങ്ങളടങ്ങിയ ഒരു കുഞ്ഞുപുസ്തകം. എന്നാല്‍ ആ കുഞ്ഞുപുസ്തകത്തിലൂടെ കടന്നുപോയാല്‍ ഒരു ജീവിതകാലം മുഴുവന്‍ സമാധാനമായി ജീവിക്കാനുള്ള വഴികള്‍ തെളിഞ്ഞിരിക്കുന്നത് അനുഭവിക്കാനാകും.

മിതത്വത്തെയും ലാളിത്യത്തെയും ഒഴിവിനെയും കുറിച്ചാണ് ലാവോത്സുവിന് അധികവും പറയാനുള്ളത്. അതുകൊണ്ടുതന്നെ എല്ലാ അതിശയോക്തികളെയും അലിയിച്ചു കളയുന്ന സൗമ്യമായ വഴിയായാണ് അദ്ദേഹത്തിന്‍റെ ദര്‍ശനം നമുക്കു മുന്നില്‍ വിരിഞ്ഞുവരുന്നത്. ഒരദ്ധ്യായത്തില്‍ അദ്ദേഹം പറയുന്നത് ഇത്രയുമാണ്:

ആവശ്യത്തേക്കാള്‍ കുറച്ചെടുക്കുന്നത്
വക്കോളം നിറയ്ക്കുന്നതിനേക്കാള്‍ നല്ലത്.

കൂടുതല്‍ മൂര്‍ച്ചകൂട്ടിയാല്‍
കത്തിയുടെ വായ്ത്തല ഇല്ലാതാവുകയേയുള്ളു.

സ്വര്‍ണ്ണവും രത്നവുംകൊണ്ട് കലവറ നിറച്ചാല്‍
ആര്‍ക്കുമത് സംരക്ഷിക്കാനാവില്ല.

സമ്പത്തും ബഹുമതിയും കൈവശപ്പെടുത്തുന്നവര്‍ക്ക്
താമസംവിനാ നാശവും വന്നുചേരും.

ജോലി പൂര്‍ത്തിയായാല്‍ പിന്‍വാങ്ങുക
അതാണ് ശരിയായ വഴി.

ഒരിക്കലും ഒടുങ്ങാത്ത ആര്‍ത്തിയാണ് നമ്മുടെ ശാപം. അന്നത്തിന്‍റെ കാര്യത്തിലായാലും സമ്പത്തിന്‍റെ കാര്യത്തിലായാലും അവസാനിക്കാത്ത ആര്‍ത്തിയുടെ ചുഴിയില്‍ കറങ്ങിത്തിരിയുകയാണ് മനുഷ്യബോധം. കാലാകാലങ്ങളായി പൂര്‍വ്വീകരിലൂടെ നാം ആര്‍ജ്ജിച്ചതധികവും 'വേണം, വേണം ഇനിയും വേണം' എന്ന ദര്‍ശനമാണ്. 'മതി, ഇത്രയും മതി' എന്നു പറയാന്‍ നമുക്കാവുന്നേയില്ല. എന്നാല്‍ ജീവിതത്തിന്‍റെ എല്ലാ മനോഹാരിതയും വിലീനമായിരിക്കുന്നത് അവശ്യം വേണ്ടതുമാത്രം സ്വീകരിക്കുന്നിടത്താണ്. ആ രഹസ്യമറിയാവുന്നതുകൊണ്ടാണ് നടരാജഗുരു ശിഷ്യനായ നിത്യനോടു പറഞ്ഞത്: "നിത്യാ, ഗുരുകുലത്തില്‍ ആവശ്യത്തില്‍ കൂടുതലായി ഒന്നും ഉണ്ടാവരുത്" എന്ന്.

ലാളിത്യത്തിന്‍റെയും എളിമയുടെയും പാഠങ്ങള്‍ ചൊല്ലിക്കൊടുക്കേണ്ട സ്ഥാപനങ്ങള്‍ കണ്ടാല്‍ മള്‍ട്ടിനേഷനല്‍ കമ്പനികളാണെന്നേ തോന്നൂ. സ്വര്‍ണ്ണം പൂശിയ അമ്പലങ്ങളും ആകാശത്തെ തോല്പിക്കാനെന്നോണം തലയുയര്‍ത്തി അഹങ്കരിക്കുന്ന പള്ളികളും മസ്ജിദുകളും പിന്നെ നമ്മുടെ ഗുരുദൈവങ്ങളുടെ പഞ്ചനക്ഷത്ര ആസ്ഥാനങ്ങളും ഒക്കെ കാണുമ്പോള്‍ ആര്‍ത്തിയുടെ ഏറ്റവും വലിയ കൂത്തരങ്ങായി മാറിയിരിക്കുന്നു നമ്മുടെ മതങ്ങളും ആത്മീയതയും എന്നു പറയാതെതന്നെ അറിയാനാവും. എല്ലാവര്‍ക്കും എപ്പോഴും നിര്‍ഭയമായി കടന്നുചെല്ലാന്‍ കഴിയേണ്ട ഇത്തരം ഇടങ്ങള്‍ നിഗൂഢതയുടെയും ഭയാനകതയുടെയും വിഭാഗീയതയുടെയും ഈറ്റില്ലങ്ങളായി മാറിയിരിക്കുന്നു.

ആശ്രമവാടിയും ലളിതജീവിതവുമെല്ലാം എങ്ങോ പോയ്മറഞ്ഞിരിക്കുന്നു. പഴയപോലെ കാട്ടില്‍ ഓലപ്പുരയില്‍ മരവുരിയുമുടുത്ത് മെതിയടിയുമിട്ട് കഴിയണമെന്നല്ല പറയുന്നത്. അവര്‍ക്കുണ്ടായിരുന്ന കാരുണ്യവും ലാളിത്യവും അല്പമെങ്കിലും പരിരക്ഷിക്കാനായെങ്കില്‍ മാത്രമെ ജീവിതത്തിന്‍റെ സൗരഭ്യം അല്പമെങ്കിലും അനുഭവിക്കാനാവൂ എന്ന സത്യം വെളിപ്പെടുത്തുകയാണ് ലാവോത്സു.

ആവശ്യത്തേക്കാള്‍ കുറച്ചെടുക്കുന്നത്
വക്കോളം നിറയ്ക്കുന്നതിനേക്കാള്‍ നല്ലത്.

വക്കോളം നിറച്ച ഒരു കപ്പു ചായ കുടിക്കാന്‍ ശ്രമിക്കുമ്പോഴുള്ള പ്രയാസം നാമെല്ലാം ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാവും. മുക്കാല്‍ കപ്പു നിറച്ച ചായ അനായാസത്തോടെ നാം മൊത്തിക്കുടിച്ചിട്ടുമുണ്ട്. സമാധാനജീവിതത്തിന്‍റെ രഹസ്യം എത്ര ലളിതമായ ഉദാഹരണത്തിലൂടെയാണ് ലാവോത്സു പറഞ്ഞുതരുന്നത്. വിശപ്പ് പൂര്‍ണ്ണമായും അടങ്ങുന്നതിനുമുമ്പേ നിറുത്തുക, കാല്‍ വയര്‍ ഒഴിച്ചിടുക, എന്നൊക്കെ പഴമക്കാര്‍ പറഞ്ഞ കാര്യം തന്നെയാണ് ഇദ്ദേഹവും പറയുന്നത്.

ആവശ്യത്തിനുള്ളതു മതി എന്നുപറയുമ്പോള്‍ എല്ലാം ആവശ്യമാക്കി മാറ്റിയ ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. അറുതിയില്ലാത്ത ആവശ്യങ്ങളാണ് നമുക്ക്. എല്ലാ അനാവശ്യങ്ങളെയും ജീവിതത്തിന്‍റെ അത്യാവശ്യഘട്ടങ്ങളാക്കി മാറ്റുന്ന വിദ്യ പരസ്യക്കമ്പനിക്കാര്‍ ഏറ്റെടുത്തു വിജയിപ്പിച്ചുകഴിഞ്ഞു. ശരീരത്തിന്‍റെ ആരോഗ്യം നിലനിറുത്താനുതകുന്ന ഭക്ഷണം മതി, ശീതോഷ്ണങ്ങളില്‍നിന്നു രക്ഷ നേടാനുള്ള പാര്‍പ്പിടം മതി, വൃത്തിയുള്ള കുറച്ചു വസ്ത്രം മതി എന്നൊക്കെ പറഞ്ഞാല്‍ അതു വിഡ്ഢിത്തമായെണ്ണുന്ന ഒരു കാലമാണിത്. ആഢംബരത്തിന്‍റെയും ധൂര്‍ത്തിന്‍റെയും ലോകങ്ങളില്‍ ശാന്തി തേടുന്നവര്‍ കൂടിക്കൂടി വരുന്നു. അതുകൊണ്ടുതന്നെ സ്വാസ്ഥ്യമെന്നത് ഒരു കിട്ടാക്കനിയായി മാറിയിരിക്കുന്നു.

തിരക്കില്‍നിന്ന് തിരക്കിലേക്കു പായുന്ന മനുഷ്യന്‍ ആരുടെയെങ്കിലും അനുഗ്രഹത്തിലൂടെ സമാധാനം ലഭിക്കുമെന്നു കരുതി കുറച്ചു സമയമുണ്ടാക്കി ഗുരുജിമാരെ സമീപിക്കുന്നു. അവര്‍ നിറഞ്ഞ  പുഞ്ചിരിയോടെ അനുഗ്രഹം നല്കുന്നു. വ്യവഹാരികളായ നാം നാട്ടുനടപ്പനുസരിച്ച് കൂലിയായി ആയിരവും ലക്ഷവും കോടികളും പ്രതിഫലമായി നല്കുന്നു. അവരത് നിറഞ്ഞ സന്തോഷത്തോടെ പോക്കറ്റിലാക്കുന്നു. വീണ്ടും കഥ തുടരുന്നു. എന്നാല്‍ സമാധാനംമാത്രം വരുന്നില്ല. അനുഗ്രഹം മാത്രമെ ലഭിക്കുന്നുള്ളൂ. അങ്ങനെയങ്ങനെ ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്ത ഒരു സമൂഹം രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ആര്‍ത്തിയുള്ള മനുഷ്യര്‍. അവരേക്കാള്‍ ആര്‍ത്തിയുള്ള ഗുരുക്കന്മാര്‍.

ഇങ്ങനെയൊക്കെയാണെങ്കിലും സ്വാസ്ഥ്യത്തിനായി ജീവിതത്തെ പുനഃക്രമീകരിക്കാന്‍ തയ്യാറാവുന്നവരുടെ ഒരു കൂട്ടം എന്നത്തെയുംപോലെ ഇന്നും ഉണ്ടെന്നതാണ് ആശ്വാസകരം. അവരുമായി സംവദിക്കാനേ ലാവോത്സുവിനും താല്‍പര്യമുള്ളു. അല്ലെങ്കില്‍ അവര്‍ക്കു മാത്രമെ ലാവോത്സുവുമായി സംവദിക്കാനാവൂ. ജീവിക്കാന്‍വേണ്ടിയാണ് എല്ലാം, അല്ലാതെ ഇതെല്ലാം സ്വന്തമാക്കാന്‍ വേണ്ടിയല്ല ജീവിതം എന്നു തിരിച്ചറിഞ്ഞവര്‍ക്ക് ലാവോത്സുവിന്‍റെ വാക്കുകള്‍ ഉണര്‍വ്വുകളാണ്.

ഒരു മരത്തിന്‍റെ ഏറ്റവും അടുത്തു ചെന്നു നിന്നാല്‍ മരത്തെ പൂര്‍ണ്ണമായി നമുക്കു കാണാനാവില്ല. ഒത്തിരി അകലെ മാറി നിന്നാല്‍ അവ്യക്തമായേ കാണാനാവൂ. എന്നാല്‍ ഒരു നിശ്ചിത ദൂരത്തില്‍ നില്ക്കുമ്പോള്‍ മരത്തെ അതിന്‍റെ എല്ലാ പൂര്‍ണ്ണതയോടെയും നമുക്ക് ദര്‍ശിക്കാനും അനുഭവിക്കാനുമാവും. ജീവിതത്തെ നിരര്‍ത്ഥകമായും അര്‍ത്ഥവത്തായും കാണുന്ന രണ്ടറ്റങ്ങളില്‍നിന്നും നിവര്‍ത്തിച്ച് ഒരു മധ്യനിലയെ സ്വീകരിക്കുകയാണെങ്കില്‍ ജീവിതത്തെ അതിന്‍റെ എല്ലാ ഭാവഹാവാദികളോടെയും പരാതിയില്ലാതെ അനുഭവിക്കാന്‍ നമുക്കാവും. ആധാനം സമമായിരിക്കുന്ന അവസ്ഥയായ സമാധാനം അപ്പോഴാണ് നാം അനുഭവിക്കുക. അതുകൊണ്ടാണ് പറയുന്നത്; "കൂടുതല്‍ മൂര്‍ച്ചകൂട്ടിയാല്‍ കത്തിയുടെ വായ്ത്തല ഇല്ലാതാവുകയേയുള്ളൂ" എന്ന്.

ജീവിതത്തിന്‍റെ അര്‍ത്ഥമറിയാനായി ചിന്തിച്ച് ചിന്തിച്ച് ജീവിതംതന്നെ നഷ്ടപ്പെട്ടവരുടെ കഥകള്‍ നമുക്കറിയാം. ഭക്തിയുടെ ലോകത്ത് വിഭ്രമിച്ച് വിഭ്രമിച്ച് ഞരമ്പുരോഗം ബാധിച്ചവരേയും നാം കേട്ടിട്ടുണ്ട്. "നിത്യാ, നിനക്കിപ്പോള്‍ ഏഴു ബുദ്ധിയും മൂന്നു ഭക്തിയുമാണ്. അത് ഒന്നുകൂടി സമീകരിച്ച് അഞ്ചു ബുദ്ധിയും അഞ്ചു ഭക്തിയുമാക്കണം" എന്ന നടരാജഗുരുവിന്‍റെ ഉപദേശം ഇവിടെ വളരെ പ്രസക്തമാണ്. ഗുരു നിത്യയ്ക്ക് നടരാജഗുരു കൊടുത്ത അവസാനത്തെ ഉപദേശമായിരുന്നു അത്. അങ്ങനെയായാല്‍ ഭക്തിയുടെ ഭ്രാന്തും യുക്തിയുടെ കാര്‍ക്കശ്യവും പരസ്പരം അലിഞ്ഞില്ലാതായി സാധാരണത്വത്തില്‍ സമാധാനത്തോടെ ജീവിക്കാന്‍ നമുക്കാവും.

സ്വര്‍ണ്ണവും രത്നവുംകൊണ്ട് കലവറ നിറച്ചാല്‍
ആര്‍ക്കുമത് സംരക്ഷിക്കാനാവില്ല.

സമ്പത്തും ബഹുമതിയും കൈവശപ്പെടുത്തുന്നവര്‍ക്ക്
താമസംവിനാ നാശവും വന്നുചേരും.

എത്ര പരമാര്‍ത്ഥം! നാമെല്ലാം നിരന്തരമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതയാഥാര്‍ത്ഥ്യം. ഒരു വ്യാഖ്യാനവും ആവശ്യമില്ലാത്ത നഗ്നസത്യം.

വീണ്ടും ലാവോത്സു തുടര്‍ന്നു പറയുന്നു:
ജോലി പൂര്‍ത്തിയായാല്‍ പിന്‍വാങ്ങുക
അതാണ് ശരിയായ വഴി.

താവോയുടെ ഹൃദയത്തിലേക്കു പ്രവേശിക്കാനായാല്‍ പിന്നെ എല്ലാം അതിന്‍റെ വഴിക്കു സംഭവിച്ചോളും. നമ്മില്‍ രൂഢമൂലമായിക്കിടക്കുന്ന എല്ലാ മറകളെയും അതു തുടച്ചുമാറ്റും. ജീവിതത്തെ അതു വീണ്ടെടുത്തു തരും. താവോയെകുറിച്ച് ലാവോത്സു മറ്റൊരിടത്തു പറയുന്നു:

അത് മൂര്‍ച്ചകളെ മയപ്പെടുത്തുന്നു.
കെട്ടുകളെ അഴിച്ചുകളയുന്നു.
കണ്ണഞ്ചിക്കുന്ന പ്രഭയെ സൗമ്യമാക്കുന്നു
മണ്ണോടലിഞ്ഞു നില്ക്കുന്നു.

നിറവുകളോടാണ് നമുക്ക് എന്നും പ്രിയം. ഭൗതികവും ആത്മീയവുമായ നിറവുകള്‍കൊണ്ട് വീര്‍പ്പുമുട്ടി കഴിയുന്നവരാണ് നാം. അതിനാല്‍ ഇനി നിറവുകളെ വിട്ട് ഒഴിവിനായി വഴങ്ങിക്കൊടുക്കാനാണ് താവോ പറയുന്നത്. ജീവന്‍റെ സ്വാഭാവികമായ ഒഴുക്കിനു തടസ്സമായി നില്ക്കുന്ന എല്ലാ സങ്കീര്‍ണ്ണതകളെയും സൂക്ഷ്മമായറിഞ്ഞ് അറുത്തുകളയാന്‍ ലാവോത്സു ആവശ്യപ്പെടുന്നു. താന്‍ പാതി ദൈവം പാതി എന്നു പറയുന്നതുപോലെ, താവോയ്ക്കു പ്രവേശിക്കാനുതകുംവിധം നമ്മുടെ അന്തര്‍ലോകങ്ങളെ വിശാലമാക്കാന്‍വേണ്ടി ചെയ്യാനാവുന്നതെല്ലാം നാം ചെയ്തേ മതിയാവൂ. അങ്ങനെ ഒരു പാഠംകൂടി നാം ഇതില്‍നിന്നു വായിച്ചെടുക്കണം.

മൂര്‍ച്ചകളെയെല്ലാം താവോ മയപ്പെടുത്തുന്നു എന്നു വായിക്കുമ്പോള്‍ മൂര്‍ച്ചകളെല്ലാം നാം മൃദുവാക്കണം എന്ന നിര്‍ദ്ദേശവുംകൂടി അതിലുണ്ടെന്ന് നാം അറിയണം. അതെ, നമ്മുടെ വ്യക്തിത്വത്തില്‍ കടന്നുകൂടിയിട്ടുള്ള മൂര്‍ച്ചകള്‍ അനേകമാണ്. നമ്മുടെ വാക്കുകൊണ്ടും നോക്കുകൊണ്ടും പ്രവൃത്തികൊണ്ടും എത്രപേരാണ് നോവനുഭവിക്കുന്നത്. എന്നാല്‍ മറ്റുള്ളവര്‍ നമ്മെ നോവിപ്പിച്ച കഥകള്‍ മാത്രമെ നമുക്കു പറയാനുള്ളു. മറ്റുള്ളവര്‍ നമ്മോടു എങ്ങനെ പെരുമാറണമെന്നു നാം ആഗ്രഹിക്കുന്നുവോ അതുപോലെതന്നെ നാം മറ്റുള്ളവരോടും പെരുമാറുക എന്ന ക്രിസ്തുവിന്‍റെ വചനംതന്നെയാണ് ഇവിടെ മറ്റൊരു തരത്തില്‍ പറയുന്നത്. എല്ലാവരും അപരനെ കുറ്റപ്പെടുത്തുന്നു. എന്നെ ആരും മനസ്സിലാക്കുന്നില്ലെന്ന് വിലപിക്കുന്നു. എന്നാല്‍ മറ്റുള്ളവരെ ഞാന്‍ മനസ്സിലാക്കട്ടെ എന്ന് ആരും ചിന്തിക്കുന്നില്ല. അവനവന്‍ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരനുകൂടി സുഖം നല്കുന്നതായിരിക്കണം എന്ന് ഒരാള്‍ തീരുമാനിച്ചാല്‍ സ്വാഭാവികമായി അയാളുടെ വ്യക്തിത്വത്തിലെ മൂര്‍ച്ചകളെല്ലാം മൃദുവായിത്തീരും.

ഞാന്‍ ശരിയും മറ്റുള്ളവരെല്ലാം തെറ്റും എന്ന യുക്തിയിലാണ് എല്ലാ മതങ്ങളും ദര്‍ശനങ്ങളും അടിയുറച്ചു നില്ക്കുന്നത്. അതുകൊണ്ടുതന്നെയാണ് സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു ശ്വസിക്കാനാവാതെ അതിന്‍റെ വക്താക്കള്‍ക്കും അനുയായികള്‍ക്കും ശ്വാസംമുട്ടി കഴിയേണ്ടിവന്നത്. വൈവിധ്യങ്ങളാലും വൈചിത്രങ്ങളാലും വര്‍ണ്ണശബളമായ ഒരു പ്രപഞ്ചത്തില്‍ പൊട്ടക്കിണറ്റിലെ തവളയെപ്പോലെ കെട്ടപ്പെട്ടു കഴിയുന്ന മനുഷ്യരോട് ലാവോത്സുവിനെപ്പോലുള്ളവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത് ഒന്നുമാത്രം; സുഹൃത്തുക്കളെ, വിഭാഗീയതയുടെ കെട്ടുകളില്‍നിന്നു മുക്തരാവുക. മനുഷ്യരുള്‍പ്പെടെ, സര്‍വ്വജീവജാലങ്ങളെ, ഒരു പൂന്തോട്ടത്തില്‍ വിരിഞ്ഞു നില്ക്കുന്ന വിവിധതരം പൂക്കളാണെന്നറിഞ്ഞ് ആഹ്ലാദിക്കുക, എങ്കില്‍ മെല്ലമെല്ലെ നിങ്ങളെ അലോസരപ്പെടുത്തുന്ന കെട്ടുകളെല്ലാം അയഞ്ഞയഞ്ഞ് ഊര്‍ന്നുവീണുകൊള്ളും. കാമക്രോധലോഭമോഹമദമാത്സര്യാദികളെല്ലാം നമ്മില്‍ രൂഢമൂലമായി കിടക്കുന്ന ഊര്‍ജ്ജസംഭരണിയില്‍നിന്നും ഉണര്‍ന്നുവരുന്ന ഊര്‍ജ്ജപ്രവാഹങ്ങളാണെങ്കിലും അതെല്ലാം വിവേകപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ നമ്മുടെ സ്വതന്ത്രജീവിതത്തെ കൂച്ചുവിലങ്ങിടുന്ന ചങ്ങലകളായി മാറിയേക്കുമെന്ന സൂക്ഷ്മാര്‍ത്ഥംകൂടി നാം ഇവിടെ വായിച്ചെടുക്കണം.

പ്രശസ്തി, അധികാരം, സമ്പത്ത്, അങ്ങനെയങ്ങനെ അനേകം തിളക്കങ്ങളില്‍ അഭിമാനിക്കുന്നതില്‍ ഏറെ തല്പരരാണു നാം. എന്നാല്‍ അതൊന്നും ആര്‍ക്കും ഒരിക്കലും സമാധാനമോ ശാന്തിയോ നല്കിയിട്ടില്ലെന്ന് ഏവര്‍ക്കും അറിയാം. രമണഹര്‍ഷി, നാരായണഗുരു, ശ്രീരാമകൃഷ്ണപരമഹംസര്‍, സെന്‍റ് ഫ്രാന്‍സിസ്, കബീര്‍, ലാവോത്സു തുടങ്ങിയ മഹാത്മാക്കളുടെ ജീവിതത്തിലേക്കു നോക്കുക. അവര്‍ പരസ്യപ്രചരണങ്ങളിലൂടെ സ്വയം പ്രദര്‍ശിപ്പിച്ചില്ലെന്നു മാത്രമല്ല സ്വന്തം നിഴല്‍പോലും അവശേഷിപ്പിക്കാതെ കടന്നുപോകുകയാണുണ്ടായത്.

മണ്ണില്‍ത്തൊട്ടു ജീവിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് അതിശയോക്തിയുടെ ലോകങ്ങളില്‍നിന്നു മുക്തരായി യാഥാര്‍ത്ഥ്യബോധത്തോടെ കഴിയുക എന്നതാണ്. ആത്മീയത എന്നും അതിശയോക്തികള്‍ക്കു മഹത്ത്വവും പ്രാധാന്യവും കൊടുത്താണ് വികസിപ്പിച്ചിട്ടുള്ളത്. മണ്ണില്‍ കാലുറപ്പിച്ചുനിന്ന് വിണ്ണിനെ പുല്കുന്ന വഴിയാണ് ലാവോത്സുവിന്‍റേത്. അദ്ദേഹം ആരിലും മഹത്ത്വം കാണുന്നില്ല. ആരിലും അധമത്ത്വവും കാണുന്നില്ല. അങ്ങനെ ഒരു കാഴ്ച നമുക്കു കിട്ടണമെങ്കില്‍ പരമ്പരാഗതമായി നമ്മില്‍ പറ്റിച്ചേര്‍ന്നിട്ടുള്ള അതിശയോക്തികളും അതിന്‍റെ ഭാഗമായി വന്നുചേര്‍ന്ന വിധേയത്വവും അറ്റുവീണേ മതിയാവൂ. താവോയിലായ ആളുകളുടെ ജീവിതത്തെ നിരീക്ഷിച്ചാല്‍ അവരെല്ലാം എത്ര സൗമ്യവും ലളിതവും സാധാരണവുമായ ജീവിതമാണ് നയിച്ചിട്ടുള്ളതെന്നു കാണാന്‍ കഴിയും.

You can share this post!

അസ്സീസിയിലെ ഫ്രാന്‍സിസും സന്ന്യാസത്തിന്‍റെ അല്മായവെല്ലുവിളിയും

ജിജോ കുര്യന്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts