news-details
കവർ സ്റ്റോറി

മലയാളികള്‍ക്ക് പരിചയമില്ലെങ്കിലും യൂറോപ്പിലുള്‍പ്പെടെ പ്രചാരത്തിലുള്ള വാക്കാണ് മിനിമലിസം. അതൊരു വാക്കു മാത്രമല്ല, ജീവിതരീതി കൂടിയാണ്. എല്ലാം വാരിവലിച്ച് സ്വന്തമാക്കാനും കയ്യടക്കാനും ശ്രമിക്കുന്നതിനു പകരമുള്ള തികച്ചും വ്യത്യസ്തമായ ജീവിതരീതി. അതിന് അതിന്‍റേതായ ഗുണങ്ങളുമുണ്ട്. കേരളത്തില്‍ ജനിച്ചുവളര്‍ന്ന്, ഹൈക്കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന രാധിക പത്മാവതി ബ്രിട്ടനില്‍ നിന്ന് മിനിമലിസത്തെക്കുറിച്ച് എഴുതുന്നു.

കേവലം ഒരു ആശയം എന്നതിലുപരി പുതിയൊരു ജീവിതരീതിയെക്കുറിച്ചാണ് അവര്‍ എഴുതുന്നത്. ആഴത്തില്‍ മനസ്സിലാക്കുകയും പൂര്‍ണമായോ ഭാഗികമായോ അനുവര്‍ത്തിക്കുകയും ചെയ്താല്‍ ബാധ്യതകളില്ലാത്ത, ഉപാധികളില്ലാത്ത സന്തോഷം പ്രദാനം ചെയ്യുന്ന ഭാവിയുടെ മഹത്തായ ഒരു പ്രത്യയശാസ്ത്രത്തെക്കുറിച്ച്; മിനിമലിസത്തിന്‍റെ അനന്തമായ സാധ്യതകളെക്കുറിച്ച്.

മിനിമലിസത്തിന്‍റെ മുന്‍പില്‍ മാതൃകകളുടെ വാര്‍പ്പില്ല. അവിടെ ആള്‍ദൈവങ്ങളോ ഗുരുക്കന്മാരോ ഇല്ല. ഒരു മതമല്ലാത്തതുകൊണ്ടു തന്നെ മിനിമലിസത്തെ പൂട്ടാന്‍ നിയമാവലികള്‍ ഒന്നും തന്നെയില്ല. മിനിമലിസമെന്നാല്‍, അതൊരു ലളിതമായ ജീവിതരീതി മാത്രമാകുന്നു. ലോകം ഈ വാക്കുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ജീവിതത്തിന്‍റെ വിവിധയിടങ്ങളില്‍ ഒരാള്‍ക്ക് മിനിമലിസ്റ്റ് ആകാം.

വസ്ത്രധാരണത്തിലും വീടിന്‍റെയും ഓഫീസിന്‍റെയും ഇന്‍റീരിയല്‍ ഡിസൈനിങ്ങിലും മിനിമലിസ്റ്റിക് രീതി പിന്തുടരുന്നവരാണ് ആദ്യത്തെ കൂട്ടര്‍. ലളിതവും ട്രെന്‍റിയുമായ വസ്ത്രം ധരിക്കാന്‍ ഇവര്‍ താല്‍പര്യപ്പെടുന്നു. ഇവരുടെ സ്വീകരണ മുറിയില്‍ ശ്വാസം മുട്ടിക്കുന്ന ഫര്‍ണിച്ചറുകളോ, അലങ്കാര വസ്തുക്കളോ കാണില്ല. അച്ചടക്കത്തിന്‍റെയും മനസ്സമാധാനത്തിന്‍റെയും വഴികളിലേക്കാണ് മിനിമലിസത്തിന്‍റെ വാതില്‍ തുറക്കുന്നത്. ഭൗതിക ഭ്രമങ്ങളിലുള്ള അമിതമായ ആര്‍ത്തിയാണ് മിനിമലിസം വേണ്ടന്നു വയ്ക്കുന്നത്. സന്തോഷം എന്നത് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലൂടെ കിട്ടുന്ന ഒന്നല്ല എന്ന് മിനിമലിസ്റ്റുകള്‍. ഒരു കുടുംബത്തിന് ആവശ്യമുള്ള സാധനങ്ങള്‍ മാത്രമേ മിനിമലിസ്റ്റുകള്‍ കൈയില്‍ വയ്ക്കാറുള്ളൂ. യൂറോപ്പിലെ വലിയ വിഭാഗം യുവാക്കള്‍ മിനിമലിസം പിന്തുടരുന്നത് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.

ആദായമായി കിട്ടുന്നത് സമാധാനവും സാമ്പത്തിക ലാഭവും. മിനിമലിസ്റ്റിക്കിന്‍റെ വഴിയില്‍ ഒന്നിന്‍റെയും അമിതമായ തള്ളിക്കയറ്റമില്ല. ആവശ്യമുള്ളതു മാത്രം വാങ്ങുന്ന, പരസ്യങ്ങളില്‍ മയങ്ങി വീണ് വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങള്‍ വാങ്ങുന്നവര്‍ മിനിമലിസ്റ്റുകളുടെ വഴിയേ നടന്നാല്‍ അവര്‍ക്ക് പ്രധാനമായും കിട്ടുന്നത് സാമ്പത്തിക ലാഭവും മനസമാധാനവുമാണ്.

ഓണര്‍ഷിപ് മിനിമലിസം എന്നാല്‍ കഴിയുന്നത്ര സാധനങ്ങള്‍ മറ്റുള്ളവര്‍ക്ക് അല്ലെങ്കില്‍ അത്യാവശ്യക്കാര്‍ക്ക് നല്‍കിക്കൊണ്ട് തീര്‍ത്തും ലളിതമായി ജീവിക്കുന്നവരുടെ ജീവിതരീതി. സമയവും പണവും പാഴാക്കാതെ അതില്‍ ലളിതമായും ഫലപ്രദമായും ജീവിക്കുന്നവരും മിനിമലിസ്റ്റുകളാണ്. യൂട്യൂബില്‍ മിനിമലിസത്തെപ്പറ്റിയുള്ള നൂറുകണക്കിന് വീഡിയോകളുണ്ട്. വലിയ വീടും കാറും വിറ്റ് ചെറിയ സ്ഥലങ്ങളിലേക്ക് മാറിയവര്‍. ഒന്നോ രണ്ടോ ഫര്‍ണീച്ചറുകളും വിരലിലെണ്ണാവുന്ന പാത്രങ്ങളും വസ്ത്രങ്ങളും മാത്രം ഉപയോഗിക്കുന്നവര്‍. വലിയ ജോലിയുടെ ഭാരമുപേക്ഷിച്ച് ചെറിയ ജോലിചെയ്ത്, യാത്ര ചെയ്ത് ഭാരമിറക്കി വയ്ക്കുന്നവര്‍.

സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി യാതൊരു ബാഹ്യ ഇടപെടലുകള്‍ക്കും അനുവാദം കൊടുക്കാത്ത ലൈഫ്സ്റ്റൈല്‍ മിനിമലിസ്റ്റുകള്‍ക്കുണ്ട്. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍ പക്ഷേ, കണ്‍സംപ്ഷന്‍ മിനിമലിസ്റ്റുകള്‍ ആണ്. ആവശ്യമുള്ള സാധനങ്ങള്‍ മാത്രമേ അവര്‍ വാങ്ങൂ. അതുകൊണ്ടു തന്നെ ഇത്തരക്കാരുടെ വീട്ടിലോ, ഓഫിസിലോ പാഴ്വസ്തുക്കള്‍ ഉണ്ടാവില്ല. വൃത്തിയാക്കാന്‍ എളുപ്പം, ഒപ്പം പണം അനാവശ്യമായി ചെലവഴിച്ചില്ല എന്ന ചിന്ത നല്‍കുന്ന സന്തോഷം. അതിന്‍റെയൊക്കെ അപ്പുറത്ത് വീട് അല്ലെങ്കില്‍ ഓഫിസ് തരുന്ന പോസിറ്റീവ് എനര്‍ജി.

മിനിമലിസ്റ്റുകള്‍ ജീവിതത്തെ നിരാകരിക്കുന്നില്ല. മറിച്ച് ലളിതവഴികളിലൂടെ അതിനെ നേരിടുന്നു. മിനിമലിസം എന്നത് മനസ്സിന്‍റെ ഒരവസ്ഥയാണ്. ബാഹ്യമായ ശുദ്ധീകരണം മനസ്സിനെയും ശുദ്ധീകരിക്കുന്നു എന്നതാണ് അനുഭവസത്യം.

കണ്‍സ്യൂമര്‍ ജീവികളായ മലയാളികള്‍ക്കിടയില്‍ മിനിമലിസം എന്ന ലളിത ജീവിത രീതി വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. കടക്കെണിയും, ജപ്തിയും സ്ത്രീധനമരണങ്ങളുമില്ലാത്ത ദിനങ്ങള്‍ കേരളത്തിലുമുണ്ടാകും; സംശയമില്ല.

 

മിനിമലിസത്തിന്‍റെ മുന്‍പില്‍ മാതൃകകളുടെ വാര്‍പ്പില്ല. അവിടെ ആള്‍ദൈവങ്ങളോ ഗുരുക്കന്മാരോ ഇല്ല. ഒരു മതമല്ലാത്തതുകൊണ്ടു തന്നെ മിനിമലിസത്തെ പൂട്ടാന്‍ നിയമാവലികള്‍ ഒന്നും തന്നെയില്ല. മിനിമലിസമെന്നാല്‍, അതൊരു ലളിതമായ ജീവിതരീതി മാത്രമാകുന്നു.

 

You can share this post!

മിതത്വം

ഷൗക്കത്ത്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts