news-details
കവർ സ്റ്റോറി

തൊലിപ്പുറത്തെ പരിസ്ഥിതി വാദം പുഴകളെ രക്ഷിക്കില്ല

ന്യൂസിലാന്‍റില്‍ നദിക്കും വ്യക്തിഗത അവകാശങ്ങള്‍ നല്കിയെന്ന വാര്‍ത്തയ്ക്കു പിന്നാലെ, മതപരമായ പ്രാധാന്യം കല്പിച്ച ഗംഗ, യമുന നദികള്‍ക്കും വ്യക്തിഗത അവകാശങ്ങള്‍ പ്രഖ്യാപിക്കപ്പെട്ട വാര്‍ത്തകള്‍ നാം കണ്ടു. സംരക്ഷണങ്ങളുടെ പടയൊരുക്കങ്ങള്‍ എന്ന് വിശേഷിപ്പിക്കാമെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ മറക്കുന്നില്ലേ എന്നൊരു ചോദ്യം അവശേഷിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ ചോരയായൊഴുകി ഭൂമിയെ സമൃദ്ധമാക്കിയ പുഴകള്‍ക്ക് പുണ്യപദവികള്‍ നല്കി പരിപാലിക്കപ്പെടണം എന്ന ചിന്ത നല്ലതുതന്നെ. എന്നാല്‍, ഒഴുകിപ്പരക്കേണ്ട ജലസമൃദ്ധിയെ ചൂഷണം ചെയ്ത, അവഗണിച്ച സന്ദര്‍ഭങ്ങളുടെ പരിണതഫലമല്ലേ വര്‍ത്തമാന പ്രകൃതിയുടെ സമയം തെറ്റലിനു പോലും കാരണം? "തുലാവര്‍ഷം റദ്ദാക്കി. 2017 മുതല്‍ മീനവര്‍ഷം പ്രാബല്യത്തില്‍ വരും." ഫേസ്ബുക്കില്‍ കണ്ട ഈ വാക്യം ചിന്തനീയമാണ്. മാറ്റങ്ങള്‍ അറിവില്ലായ്മയുടേതാണോ ? അതോ അറിവു കൂടിയതുകൊണ്ടാണോ? അറിയേണ്ടത് അറിവായി ആരും പരിഗണിക്കുന്നില്ല എന്നതാണ് സത്യം എന്ന് മഴയും പുഴയും ഒരുപോലെ നിലവിളിക്കുന്നുണ്ട്.  ചാലക്കുടി പുഴയുടെ കാവലാളുകളില്‍ പ്രധാന ദമ്പതികളായ ഡോ. എ. ലതയും ഉണ്ണികൃഷ്ണനുമായി അസ്സീസി മാസിക 'പുഴ' ലക്കത്തിനുവേണ്ടി നടത്തിയ ദീര്‍ഘസംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍.

നദി - സംരക്ഷക

വളരെ ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴും പ്രകൃതിയെ ഹൃദയത്തിലേറ്റിയുള്ള ഒരു പുനരുജ്ജീവനത്തിന്‍റെ ദൗത്യത്തിലാണ് ഞാന്‍. ചിന്തകള്‍ പിന്നിലേക്കു പോകുമ്പോള്‍ പഴയ കാലം തൊട്ടു തുടങ്ങാം. കാടും നാടും പുഴയുമൊക്കെ ജീവിതത്തിന്‍റെ ഭാഗം തന്നെയായിരുന്നു അന്ന്. ഓരോരുത്തര്‍ക്കും ദൂരമേറെ നടന്നായാലും പുഴയില്‍ പോയി മുങ്ങിക്കുളിച്ചും കുന്നുകയറി നടന്ന് കൃഷി ചെയ്തും പരിസരം സ്വന്തം വീടെന്നവണ്ണം വൃത്തിയാക്കിയും ആവശ്യമുള്ളവ പ്രകൃതിയില്‍ നിന്ന് കരുതലോടെ ഉള്‍ക്കൊണ്ടും മുന്നോട്ടു പോയിരുന്ന കാലം. ഇതാണ് ഇത്രത്തോളവും എന്നെ എത്തിച്ച പ്രചോദനം.

കൃഷി ഓഫീസറായി കുറച്ചു നാള്‍ ജോലി ചെയ്തിരുന്നു. മനുഷ്യന്‍ - ഭൂമി / പ്രകൃതി ബന്ധങ്ങള്‍ ഉലയുന്നത് വേദനയോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. 2000-ല്‍ ജോലി രാജി വച്ച് മുഴുവന്‍ സമയം ഈ പ്രശ്നങ്ങളിലേക്കിറങ്ങി നടന്നു. ചാലിശ്ശേരി, വല്ലച്ചിറ എന്നിവിടങ്ങളിലെ ജോലി അനുഭവം എന്നെ വീണ്ടും തിരിച്ചറിവുകളിലേക്കു കൊണ്ടുപോവുകയായിരുന്നു.

പിന്നീട് പല പാരിസ്ഥിതിക പ്രശ്നങ്ങളില്‍  ഇടപെട്ടു; അതിരപ്പിള്ളി, പാത്രക്കടവ്, ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, സിമെന്‍റ് ഫാക്ടറി മാലിന്യ പ്രശ്നങ്ങള്‍.. ഇവയിലൊക്കെ ദേശീയതലത്തിലും ഇടപെടാന്‍ ഇടയായി. 2002 ല്‍ ഡോ. അബ്ദുള്‍ കലാം പുതിയൊരു പദ്ധതി ആവിഷ്ക്കരിച്ചു. വിവിധ പുഴകളുടെ സംയോജനമായിരുന്നു അതിന്‍റെ ലക്ഷ്യം. ഈ ഇന്‍റര്‍ലിങ്കിംഗ് നടന്നാല്‍ ഇന്ത്യയുടെ മുഴുവന്‍ ഭൂമിശാസ്ത്രവും തിരുത്തപ്പെടും. കാരണം ഓരോ പുഴയും വൈവിധ്യമുള്ളതാണ്. നാമോരോരുത്തരെയും പോലെ വ്യത്യസ്തര്‍. അവയെ ബന്ധിപ്പിക്കുന്ന 30 ലിങ്ക്സ് ആണ് ഉണ്ടായിരുന്നത്. ഇതു നടന്നാല്‍ ഇന്ത്യയുടെ പാരിസ്ഥിതിക ഘടന മുഴുവന്‍ മോശമാകും. ഒരു വശത്ത് ഗംഗ - ബ്രഹ്മപുത്ര വഴി കാവേരി, മറുവശത്ത് വടക്കേ ഇന്ത്യയിലെ നദികള്‍. ഈ കനാല്‍ ശൃംഖല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഷ്ടമാവുക എത്രയോ വനഭൂമിയും ഗ്രാമങ്ങളും കൃഷിയിടങ്ങളും അനുബന്ധ ജീവിതങ്ങളുമൊക്കെയാണെന്ന ചിന്ത ഭീകരമായിരുന്നു. 3000 ല്‍ അധികം ഡാമുകളാണ് ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കേണ്ടിയിരുന്നത്. അങ്ങനെ ഞങ്ങള്‍ ഒരു ദേശീയ ശില്പശാല 2003 ല്‍ നടത്തി. മുഖ്യ പ്രഭാഷകന്‍ ഡോ. രാമസ്വാമി അയ്യര്‍ ആയിരുന്നു. നിരവധി പ്രമുഖര്‍ പങ്കെടുത്ത വേദിയില്‍ കേരള, തമിഴ്നാട്, കര്‍ണ്ണാടക ഇവിടങ്ങളില്‍ നിന്നുള്ള കൃഷിക്കാരും ഉണ്ടായിരുന്നു അഭിപ്രായങ്ങള്‍ പങ്കു വയ്ക്കാന്‍. ഈ വര്‍ക്ക്ഷോപ്പിന്‍റെ ഭാഗമായി പറമ്പിക്കുളത്തേക്ക് ഒരു ഫീല്‍ഡ് ട്രിപ്പ് വച്ചു. ചാലക്കുടി പുഴ മുതല്‍ ആളിയാറിലേയ്ക്ക് 9 അണക്കെട്ടുകളുള്ള ഒരു ഇന്‍റര്‍ലിങ്ക് ഉണ്ട്. ഇപ്രകാരം ഇന്ത്യയില്‍ വരാന്‍ പോകുന്ന പാരിസ്ഥിതിക ദുരന്തങ്ങളെ സംബന്ധിച്ച ബോധവത്കരണ പരിപാടികള്‍ ഞങ്ങള്‍ ആരംഭിച്ചു. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് റിവര്‍ റിസേര്‍ച്ച് സെന്‍റര്‍ ആരംഭിക്കുന്നത്. ഒരു ചെറിയ ഓഫീസുമായി ഞഞഇ യുടെ പ്രവര്‍ത്തനങ്ങള്‍ 2006 ല്‍ തുടങ്ങി. പുഴയുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചു പഠനങ്ങള്‍ നടത്തുകയും പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്നു.

പുഴകള്‍ ഇല്ലാതായതെങ്ങനെ?

കുത്തിയൊഴുകിയിരുന്ന ചാലക്കുടിപ്പുഴയും കവിഞ്ഞൊഴുകിയ പെരിയാറുമൊക്കെ കൈത്തോടുപോലെ ചുരുങ്ങിയതെങ്ങനെ? ചോദ്യം പ്രാധാന്യമര്‍ഹിക്കുന്നതിന് കാരണം ഉത്തരങ്ങള്‍ അത്രമാത്രം പ്രസക്തമായതുകൊണ്ടാണ്. പ്രധാനപ്പെട്ട ചില കാരണങ്ങള്‍ ഇവയാണ്.

നഗരവത്കരണനയങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ നടപ്പിലാക്കുകയും സാവധാനം ഗ്രാമങ്ങളിലെ നല്ല ഭൂമിയൊക്കെ ഖനനത്തിനും പാറപൊട്ടിക്കലിനും ഒക്കെ കൈയേറ്റം ചെയ്യപ്പെടുകയും ചെയ്യുന്നത് കണ്‍മുമ്പില്‍ കണ്ട മാറ്റങ്ങളാണ്. കര്‍ഷകര്‍ക്ക് ഒരുമിക്കാനും അഭിപ്രായം പറയാനുമുള്ള ഗ്രാമസഭ പോലുള്ള വേദികള്‍ ഇന്ന് അന്യമായി. രാഷ്ട്രീയക്കാരുടെ കുത്തകാവകാശങ്ങളായി ഈ വേദികള്‍ മാറി. കര്‍ഷകന്‍റെ ശബ്ദം ഇല്ലാതായി. നിലനില്പിനുവേണ്ടി പ്രകൃതി വിഭവങ്ങള്‍ വിനിയോഗം ചെയ്യുന്ന അവസ്ഥ മാറി. കയ്യേറ്റത്തിന്‍റെയും അതിക്രമത്തിന്‍റെയും ചുവടുപിടിച്ചുള്ള ഉപഭോക്തൃസംസ്കാരം നമ്മെ വിഴുങ്ങിക്കളഞ്ഞു.

പുതിയ തലമുറ അനുഭവിക്കുന്നതിനേക്കാള്‍ അറിയുന്നതിനുമാത്രമാണ് പ്രധാനം നല്‍കുക. പണ്ട് കുട്ടികള്‍ക്ക് സ്കൂള്‍ വിട്ടാല്‍ വീട്, നാട്, ചുറ്റുവട്ടം ഇങ്ങനെയുള്ള ഇഴുകിച്ചേരലുകള്‍ ഉണ്ടായിരുന്നു. ഇന്നത് മാറി. മൊബൈല്‍, കംപ്യൂട്ടര്‍, ഇന്‍റര്‍നെറ്റ്, ടിവി. എന്നിങ്ങനെ ഒരു പാട് സംഗതികള്‍ അവരുടെ മനോഭാവങ്ങളില്‍ സ്വാധീനം ചെലുത്തുന്നു. പഴയ തലമുറ മഴ, പുഴ, കാട്, മേട് എന്നിങ്ങനെയൊക്കെ ഇമോഷണലാകുമ്പോള്‍ കുട്ടികള്‍ വളരെ പ്രാക്ടിക്കലായി ഇതിനെയൊക്കെ സമീപിക്കുന്നു. അവര്‍ അതൊന്നും സ്വന്തമായി കാണാന്‍ പഠിച്ചിട്ടില്ല; അല്ലെങ്കില്‍ പഠിപ്പിച്ചിട്ടില്ല. ഇങ്ങനെ പോയാല്‍ ഈ തലമുറയ്ക്ക് ഉപഭോഗത്തിനായി അഞ്ചു ഭൂമിയെങ്കിലും വേണ്ടിവരും. അത്രമാത്രം മനുഷ്യന്‍റെ ലോകം ചുരുങ്ങി. ഇതിന്‍റെ ഫലമോ? പ്രകൃതിയും പുഴയും ഒരുപോലെ നിശ്ചലമാകുന്നു. മരവും മണ്ണുംവരെ ആര്‍ഭാടത്തിന്‍റെയും അവകാശങ്ങളുടെയും കണക്കില്‍പെടുത്തി ഉപയോഗിച്ച് തീര്‍ത്ത് സ്വസുഖം മാത്രം നോക്കിയപ്പോള്‍ എന്‍റേതല്ലാത്തതിനെ ചൂഷണം ചെയ്തു എന്നൊരു ചിന്തപോലും ആര്‍ക്കും ഉണ്ടായില്ല.

തൊലിപ്പുറത്തെ പരിസ്ഥിതി വാദം

പാലക്കാടിന്‍റെ കാര്യം തന്നെയെടുക്കാം. നീര്‍വാര്‍ച്ച കൂടിയ സ്ഥലമാണത്. അവിടെയും വയല്‍ നികത്തി റബ്ബര്‍ കൃഷി തുടങ്ങി. വയല്‍ നികത്തല്‍, ഇടനാടന്‍ കുന്നുകളിടിക്കല്‍, ഭൂവിനിയോഗ മാറ്റം, മഴയുടെ വ്യതിയാനം ഇവയെല്ലാം വെവ്വേറെ കാണരുത്. സ്പെഷ്യലൈസ്ഡ് അപ്രോച്ച് അല്ല വേണ്ടത് എന്നോര്‍ക്കണം. ഈ സ്പെഷ്യലൈസേഷന്‍ വന്നിട്ട് ഏറെ നാളൊന്നുമായില്ല. 80 കളിലും മറ്റും പ്രകൃതിയോട് ഉണ്ടായിരുന്നത് ഒരു ഹോളിസ്റ്റിക് അപ്രോച്ച് ആണ് - ഭൂമിയും പ്രകൃതിയും ജീവിതത്തിന്‍റെ ഭാഗമാണെന്ന കാഴ്ചപ്പാടും. ഇപ്പോള്‍ പരിസ്ഥിതി സംരക്ഷണം ഒരു 'ഫാഷന്‍' എന്ന രീതിയിലാണ് പറയപ്പെടുന്നത്. അതിന്‍റെ ഭാഗമെന്നോണം ഭൂമി ദിനം, പരിസ്ഥിതി ദിനം, വനദിനം, ജലദിനം എന്നിങ്ങനെ ഓരോരോ ദിനാചരണങ്ങളും. ഉപരിപ്ലവങ്ങളായ പ്രകൃതിസ്നേഹം (Cosmetic environmentalism)  മാത്രം ഇന്ന് കാണാനാകുന്നു എന്നത് വേദനയാണ്. ഇവിടെ നഷ്ടമാകുന്നത് തനതു ജീവിതബോധമാണ്. നമുക്ക് വേണ്ടതെന്തെന്ന ചിന്ത പോയി. പണ്ട് നമ്മുടെ ജീവിതങ്ങളെല്ലാം പുഴയിലേയ്ക്കാണ് തുറന്നിരുന്നത് - വീടിന്‍റെ വാതിലുകളും. പാലക്കാടൊക്കെ കുളം, ചിറ ഇവയൊക്കെയുണ്ടായിരുന്നപ്പോള്‍ കൃഷിയും നന്നായിരുന്നു. ഇവയൊക്കെ കൃഷിക്കാര്‍ സ്വയം വൃത്തിയാക്കുമായിരുന്നു. ഇപ്പോള്‍ കനാലുകളാണ് എവിടെയും. ഇതിന്‍റെ നടത്തിപ്പ് മറ്റേതെങ്കിലും ഏജന്‍സിയും. നാമിതില്‍ ഇടപെടേണ്ടി വരുന്നില്ല. അവര്‍ നിര്‍മ്മിക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നു. അത് അവരുടെ മാത്രം കാര്യമാണ്; നമ്മുടേതല്ല. നമ്മുടേതായിരുന്നതൊക്കെ നാം കൈവിട്ടു കൊടുത്തു. നമ്മുടെ പുഴകളില്‍ നിന്ന് നാമേറെ അകന്നുപോയി. പ്രകൃതിയുമായുള്ള ബന്ധവും മാറിപ്പോയി. നാമൊരു ഹോസ്പിറ്റലില്‍ കിടക്കുന്ന പോലെ. മറ്റാരോ ആണ് നമുക്കു വേണ്ടി എല്ലാം ചെയ്യുന്നത്. 1990 കള്‍ക്കു ശേഷം കൃഷിയുടെ പ്രാധാന്യം നാണ്യവിളകള്‍ക്കായി വഴിമാറി. പ്രകൃതിയെ നമ്മള്‍ മറന്നു; അകന്നു.

കാട് പുഴകളുടെ ഉറവയാണന്ന് മുന്‍പ് ആരും പറഞ്ഞിരുന്നില്ല. പുഴകള്‍ വറ്റിത്തുടങ്ങിയപ്പോഴാണ് ആ ബോധം വന്നത്. വയല്‍ നികത്തല്‍, കുന്നിടിക്കല്‍ എല്ലാം എന്നിട്ടും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കാരണം ഇതൊന്നും മനുഷ്യന്‍റെ നേരിട്ടുള്ള ജീവനോപാധികളല്ലാതായി മാറി. എല്ലാം വരുമാനാധിഷ്ഠിതം ആയി. തെങ്ങ്, കശുവണ്ടി എല്ലാം പോയി, റബര്‍ മാത്രമായി. റബ്ബര്‍ വച്ച ഭൂമിയില്‍ മറ്റു വിളകളൊന്നും വളരാതായി.

എല്ലാറ്റിനും രക്തസാക്ഷിയായി ഇന്ന് പുഴകള്‍ മാറുന്നു. മുകളില്‍ കുന്നിന്‍മേടു തൊട്ട് താഴെയൊഴുകുന്ന പുഴവരെ പരസ്പര ബന്ധിതമാണെന്ന് അറിഞ്ഞും അറിയാതെയുമുള്ള കൈയ്യേറലുകളാണ് എവിടെയും. മൂന്നാറില്‍ മലയിടിക്കല്‍ നടന്നാല്‍ പെരിയാറിനെ ബാധിക്കും, വാല്‍പ്പാറയില്‍ സംഭവിച്ചാല്‍ അത് ചാലക്കുടിപ്പുഴയേയും. 44 പുഴകളുടെ സങ്കേതമായ കേരളത്തിന്‍റെ ആവാസ വ്യവസ്ഥയെ തകര്‍ക്കാന്‍ ഓരോ കുന്നിടിക്കലും പാടം നികത്തലും വഹിക്കുന്ന പങ്ക് വലുതാണ്. കുന്നുകള്‍ ജല സംഭരണികളാണ്. ഓരോ സുഷിരത്തിലും അത് ജലം ശേഖരിച്ചു വയ്ക്കുന്നുണ്ട്. വേനലില്‍ പുഴകളിലെ നീരൊഴുക്കു പറ്റാതെ കാക്കാന്‍ ഈ ജലം മതിയാവും. ഇപ്പോള്‍ കുന്നുകള്‍ പോയി. പുഴകള്‍ വറ്റി വരണ്ടു. ആവാസവ്യവസ്ഥ തകിടം മറിഞ്ഞു. ഇനിയെങ്കിലും ഉണര്‍ന്നേ തീരൂ. പുഴയിലെ നീരൊഴുക്കു കുറയുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് അവിടെ വാട്ടര്‍ റീ ചാര്‍ജിംഗ് നടക്കുന്നില്ല എന്നാണ്. കുന്നിടിക്കല്‍ നിര്‍ത്തുകയും മരങ്ങള്‍ നട്ടു വളര്‍ത്തുകയും മാത്രമാണ് ഇതിനു പ്രതിവിധി.

സാങ്കേതികവിദ്യയുടെ വളര്‍ച്ച

പുഴയില്‍ നിന്ന് എന്തുകൊണ്ട് നാമിങ്ങനെ അകന്നുപോയി? പുഴയുടെ തൊട്ടരികെ താമസിക്കുന്നവര്‍ പോലും പുഴയെ അറിയാതെ പോകുന്നു. മുഖ്യ കാരണം ടെക്നോളജിക്കല്‍ അഡ്വാന്‍സ്മെന്‍റ് ആണെന്നു പറയാതെ വയ്യ. പണ്ടൊക്കെ നമ്മുടെ ജീവിതത്തില്‍ ഒരു 'ഹാര്‍മണി വിത്ത് നേച്ചര്‍'/പ്രകൃതിയുമായുള്ള ഇഴുകിച്ചേരല്‍ ഉണ്ടായിരുന്നതാണ്. കുട്ട, ഇല, തുണിസഞ്ചി ഇവയൊക്കെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു. ഈ ലാളിത്യമൊക്കെ കവര്‍ന്നെടുത്തത് പ്ലാസ്റ്റിക് ആണ്. 50 കൊല്ലത്തോളമായി നിര്‍മ്മിക്കപ്പെട്ടും ഉപയോഗിക്കപ്പെട്ടുമിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളൊക്കെ നാം പ്രകൃതിയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് നിര്‍മ്മാണം സാങ്കേതികവളര്‍ച്ചയുടെ തുടര്‍പ്രവര്‍ത്തനം ആണ്. സുഖസൗകര്യം എന്ന ആശയത്തിലേക്ക് അടുക്കുന്തോറും പ്രകൃതി വിഭവങ്ങളില്‍ നിന്ന് നാം അകലുന്നു. പിന്നീടുള്ളതൊക്കെ പ്രകൃതിയെ ചൂഷണം ചെയ്യലാണ്.

പുഴയില്‍ നിന്ന് നേരിട്ട് വെള്ളം കുടിക്കുകയും മുങ്ങിക്കുളിക്കുകയം ചെയ്യുന്നവരായിരുന്നു നമ്മള്‍.  ഇപ്പൊഴോ പൈപ്പ് വെള്ളം എല്ലായിടത്തുമുണ്ട്. Technology തരുന്ന മറ്റൊരു comfort/സൗകര്യം. നഗരപ്രദേശങ്ങളില്‍ ജല ഉപയോഗം മറ്റിടങ്ങളെക്കാളും കൂടുതലാണ്. അവിടെ ഒന്നിലധികം കാറുകള്‍, വീട്, പുല്‍ത്തകിടുകള്‍, റോഡുകള്‍ എല്ലാം നിലനിര്‍ത്താന്‍ എത്രയോ ജല ഉപഭോഗമാണ് നടത്തുന്നത്. പ്രശ്നം ഇവിടെയാണ്. പരിധി വച്ച് ഇന്നും ഉപയോഗിക്കാന്‍ നാം തയ്യാറാകുന്നില്ല. നഷ്ടപ്പെടുന്നത് തിരിച്ചറിയാന്‍ നമുക്ക് കഴിയുന്നില്ല. എത്രമാത്രം കുടിവെള്ളമാണ് ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യപ്പെടുന്നത്! 941 പഞ്ചായത്തുകള്‍ക്കും 87 മുനിസിപ്പാലിറ്റികള്‍ക്കും ആറ് കോര്‍പ്പറേഷനുകള്‍ക്കുംവേണ്ടിയുള്ള ജലവിതരണത്തിനായി ചിലവാക്കുന്ന കോടികളുടെ പകുതി പോലും വേണ്ട നമ്മുടെ പുഴകളെ പുനരുജ്ജീവിപ്പിക്കാന്‍. കുഴല്‍ക്കിണറുകള്‍ക്കു വരുന്ന ചിലവു തന്നെ നോക്കൂ, 40000 മുതല്‍ 2 ലക്ഷം വരെ ഇല്ലേ. ഭൂഗര്‍ഭജലവും അവസാന തുള്ളി വരെ ഊറ്റിയെടുത്തിട്ട് നാമെങ്ങോട്ട് പോകാനാണ്?

സ്വയനിയന്ത്രണ സംവിധാനം

ഒരു സ്വയനിയന്ത്രണ സംവിധാനം (self regulatory system)  വരേണ്ട ആവശ്യകതയാണ് ഇവിടെ ചൂണ്ടികാണിക്കപ്പെടുന്നത്. എന്തെങ്കിലും നന്നാക്കണമെങ്കില്‍ നിയമം അല്ലെങ്കില്‍ പോലീസ് വേണമെന്ന അവസ്ഥ ഒരിക്കലും ശരിയാവില്ല. ഒരു കര്‍ശനമായ / സമഗ്രമായ വിളവുല്പാദന രീതി (strict croping method) സ്വീകരിച്ചേ മതിയാവൂ. ഉദാഹരണത്തിന് റബ്ബര്‍തോട്ടങ്ങളുടെ ഇടയില്‍ മറ്റു മരങ്ങളും ഇടവിളകളും... അങ്ങനെയെങ്കിലും ഒരു Yield Compromising  അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. അതിരുകളിലൊക്കെ ധാരാളം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതും ഈ Self regulation ന്‍റെ ഭാഗമാണ്. ഇതൊക്കെ  റബ്ബര്‍ ബോര്‍ഡ് മുമ്പോട്ടുവച്ചപ്പൊഴും രാഷ്ട്രീയക്കാര്‍ കൃഷിക്കാരുടെ വക്താക്കള്‍ ചമഞ്ഞ് ഇതെല്ലാം  കാറ്റില്‍ പറത്തിക്കൊണ്ടിരുന്നു.

Tecnological advicement കഴിഞ്ഞാല്‍ Oil  കണ്ടുപിടിക്കപ്പെട്ടു എന്നതാണ് മറ്റൊരു ദൂഷ്യം. ഏതൊരു നിര്‍മ്മാണ പ്രവര്‍ത്തിയുടെയും ഏതെങ്കിലുമൊക്കെ ഘട്ടത്തില്‍  petroleum ഉപയോഗിക്കുന്നുണ്ട്. വാഹനങ്ങള്‍ തന്നെ ഇപ്പോള്‍ ഓരോ വീടുകളിലും ഒന്നിലധികം ഉണ്ട്. ആവശ്യങ്ങളേറും തോറും ഭൂമിയുടെ അടിത്തറ ഖനനം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുന്നു.

പണ്ട് നാം മഷിപ്പേനകള്‍ ഉപയോഗിച്ചിരുന്നു. ഇപ്പോഴോ പ്ലാസ്റ്റിക് പേനകള്‍ ഉപയോഗശേഷം വലിച്ചെറിയുന്നു. ആ ബാലവൃദ്ധം ജനങ്ങളും ഉപയോഗിക്കുന്ന മറ്റൊരു ഉല്പന്നമാണ് ടൂത്ത് ബ്രഷ്. എത്രമാത്രം ടൂത്ത് ബ്രഷുകള്‍ ഭൂമിയില്‍ നശിക്കാതെ കിടപ്പുണ്ടാവും! ഇപ്പോള്‍ മുള കൊണ്ടുള്ള ബ്രഷുകള്‍ ലഭ്യമാണ്. വലിയ വിലയുമില്ല. ഉപയോഗിക്കുന്നത് നല്ലതാണ്. മുള വളരെ വേഗം വളരുന്ന ചെടിയുമാണ്. പുഴയോരങ്ങളിലും കൃഷിയിടങ്ങളിലുമൊക്കെ മുള  വളരട്ടെ. പുഴയും മറ്റു പ്രകൃതിവിഭവങ്ങളും  ഒപ്പം സംരക്ഷിക്കപ്പെടും. നമ്മള്‍ പ്രകൃതിയുടെ ഭാഗമാണെന്ന് തിരിച്ചറിയാം. പ്രകൃതി നമുക്ക് നല്‍കുന്നവളാണ്. നമ്മള്‍ മടക്കിക്കൊടുക്കാന്‍ പറ്റാത്തവരും. സംരക്ഷകരാകേണ്ടവര്‍ സംഹാരകരാകരുത്. ഈ ബോധ്യത്തില്‍ നിന്ന് നാം പഠിക്കണം. ജീവിക്കാന്‍ വളരെ കുറച്ചു മാത്രം മതിയാവും.

സ്കൂള്‍സ് ഫോര്‍ റിവര്‍

ഞങ്ങള്‍, (ഭര്‍ത്താവ് ഉണ്ണികൃഷ്ണനും ഞാനും) nature camp കളില്‍ ക്ലാസുകള്‍ എടുക്കുമായിരുന്നു. കാട്ടില്‍ വച്ചും സ്കൂളില്‍ വച്ചും കോളേജില്‍ വച്ചുമൊക്കെ. “schools for river” പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ 6 സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളെ പുഴയുമായി അടുപ്പിക്കുന്നതിനായി trekking, പുഴയിലെ  ecosystem കാണിക്കല്‍, കാടു മുതല്‍ കടലുവരെയുള്ള ഘട്ടം ഘട്ടമായുള്ള യാത്രകള്‍. അങ്ങനെ ഈ പദ്ധതി പുരോഗമിച്ചു വരുന്നു. രണ്ട് river Fest കളും നടത്തി. ഇപ്പോള്‍ നദികളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ 3 booklets തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം സ്കൂളുകളില്‍ വിതരണം ചെയ്യാനാണ്. പുഴ തീരത്ത് ചെടികള്‍, കണ്ടലുകള്‍ മുതലായവ ഇതിന്‍റെ ഭാഗമായി നടാറുണ്ട്. ഇതെല്ലാം തുടര്‍ച്ചയായി ഫോളോ അപ് നടത്തേണ്ടത് ഉണ്ട്. കൂടുതല്‍ ചെറുപ്പക്കാര്‍ ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു വരേണ്ടതുണ്ട്.
പുനര്‍ജ്ജീവനം

കുന്നിടിക്കല്‍, പാടം നികത്തല്‍ എന്നിവ സൃഷ്ടിക്കുന്ന ആഘാതത്തേക്കാള്‍ വലുതാണ് ഒരു പുഴയുടെ നശീകരണംമൂലമുണ്ടാകുന്ന പാരസ്ഥിതിക ആഘാതം. പുഴ ഒരു വലിയ ആവാസ വ്യവസ്ഥയുടെ കേന്ദ്രസ്ഥാനമാണ്. പലതരം ജീവജാലങ്ങള്‍, അവരുടെ ആവാസവ്യവസ്ഥ, അതിനെ ആശ്രയിച്ചു കഴിയുന്നവര്‍ ഇങ്ങനെ വളരെ സങ്കീര്‍ണ്ണമായൊരു ബോധവത്കരണം പുഴയുടെ കാര്യത്തില്‍ ആവശ്യമാണ്. കുറഞ്ഞ നീരൊഴുക്കെങ്കിലും സംരക്ഷിക്കപ്പെടണമെങ്കില്‍ പുഴയുടെ തുടക്കം മുതല്‍ വാലറ്റം വരെയുള്ള നീരൊഴുക്കിനെ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. ഇതിന് പഞ്ചായത്തുകളുടെയും ജനങ്ങളുടെയുമൊക്കെ സംയുക്ത സഹകരണം ആവശ്യമുണ്ട്. പുഴയുടെ പുനരുദ്ധാരണത്തെ ലോക്കലൈസ്ഡ് ആയല്ല മറിച്ച് ഒരു കംപ്ലീറ്റ് ഇക്കോ സിസ്റ്റം സംബന്ധിച്ച പ്രവര്‍ത്തനങ്ങളായി വേണം നാം മനസ്സിലാക്കാന്‍. മലിനീകരണം തടയല്‍, പുഴ കൈയ്യേറല്‍ നിര്‍ത്തുക ഇങ്ങനെയുള്ള പല സംഗതികളും ഇതിനായി അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ട്. ഏതെങ്കിലുമൊരു പ്രോജക്ട് മാത്രം ക്യാന്‍സല്‍ ആയതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. ഓരോ പുഴയും അതിനു ചുറ്റുമുള്ള ഓരോ ഇടങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മറ്റൊരു പ്രശ്നമാണ് മണല്‍വാരല്‍. ഇതും ദൂരീകരിക്കപ്പെടണം. എങ്കിലേ പുഴയിലെ നീരൊഴുക്കിനെ നിലനിര്‍ത്താനാവൂ. ഇതെല്ലാം ഒരേ സമയം മുമ്പോട്ടു കൊണ്ടു പോകാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വരേണ്ടതുണ്ട്. ജനങ്ങള്‍, ഡിപ്പാര്‍ട്ടുമെന്‍റുകള്‍, രാഷ്ട്രീയക്കാര്‍ എല്ലാവരും ഒന്നിച്ചു നിന്ന് നടത്തേണ്ട യജ്ഞം. കൂടുതല്‍ ചെറുപ്പക്കാര്‍ മുന്നോട്ടു വരട്ടെ. അക്കാലം വരുമെന്നു തന്നെയാണ് എന്‍റെ ഉറച്ച വിശ്വാസം.

ഉദാഹരണമായി പച്ചക്കറി  കൃഷി ഇപ്പോള്‍ പുനര്‍ജ്ജീവനത്തിന്‍റെ പാതയിലാണ്. ഹരിത വിപ്ളവം വാഴ്ത്തിപ്പാടപ്പെട്ട ഒരു കാലത്ത് രാസവളം ചേര്‍ന്ന പച്ചക്കറികള്‍ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും അതിനെതിരേ ഒന്നും മിണ്ടാതിരിക്കുകയും ചെയ്തിട്ടുണ്ട് നമ്മള്‍. ഇന്നിപ്പോള്‍ എല്ലാവരും അതിന്‍റെ ദൂഷ്യം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതും കാലത്തിന്‍റെ മാറ്റം. ഈ ബോധ്യങ്ങള്‍ പുഴയുടെ, കാടിന്‍റെ ഒക്കെ കാര്യത്തിലും തുടരുന്നുണ്ട്. അമേരിക്കയില്‍ 1000 ത്തോളം ഡാമുകള്‍ പൊട്ടിച്ചു കളഞ്ഞു. സാല്‍മണ്‍സ് തിരിച്ചു വരേണ്ടതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. ട്രൈബല്‍സിന്‍റെ ആവാസ വ്യവസ്ഥിതി പുനര്‍നിര്‍മ്മിക്കപ്പെട്ടു തുടങ്ങി.

ഒരു വഴിയേയുള്ളു പറച്ചില്‍ നിര്‍ത്തി പ്രവര്‍ത്തിയിലേക്ക് ഇറങ്ങുക. ഇപ്പോള്‍ ഇത് സംഭവിച്ചു തുടങ്ങിക്കഴിഞ്ഞു. ഫിലോസഫി ഒന്നും അറിഞ്ഞിട്ടല്ലെങ്കിലും കൂടുതല്‍ പേര്‍ ജൈവ കൃഷിയിലേക്ക് തിരിയാനുറക്കുന്നു, തരിശു ഭൂമികളില്‍ മരങ്ങള്‍ നടുന്നു. ഇതൊക്കെ സ്വബോധത്തിന്‍റെ സൂചനകള്‍ തന്നെയാണ്. ഇത് അപ്രീഷിയേറ്റ് ചെയ്യപ്പെടണം. ഈചെറിയ ചെറിയ മുന്നേറ്റങ്ങളാണ് നാളെയുടെ വലിയ പ്രതീക്ഷ. ഈ സംസ്കാരം ശ്രദ്ധയോടെ വളര്‍ത്തിക്കൊണ്ടു വരണം.

പുതു തലമുറയുടെ പരക്കം പായുന്ന  എക്സ്പോഷറിനെ വിട്ട് അവരെ പ്രകൃതിയിലേക്ക് മടക്കിക്കൊണ്ടു വരണം. സങ്കീര്‍ണ്ണതകളില്ലാത്ത ജീവിതത്തിലേക്ക് തിരികെയെത്തിക്കണം. അതിന് വേണ്ടത് ഒരു അഭിനിവേശമാണ് - പുഴയോടും കാടിനോടുമൊക്കെയുള്ള ഉദാത്ത സ്നേഹം. ഓരോ കുട്ടിയുടെയുമുള്ളില്‍ ഈ 'പാഷന്‍' ഉണ്ട്. പക്ഷേ വീട്ടുകാരും അധ്യാപകരും നാട്ടുകാരുമെല്ലാം ചേര്‍ന്ന് അതു വളര്‍ത്താതരിക്കുകയും ആ അഭിവാഞ്ചയെ കെടുത്തിക്കളയുകയും ചെയ്യുന്നു. അവന്‍ ടെക്നോളജിയുടെ പിന്നാലെ പായുന്നു. തത്ഫലമായി വയലന്‍സ് വളര്‍ന്നു വരുന്നു. പ്രകൃതിയെ അറിയാത്ത ഒരു കുട്ടിക്ക് മറ്റെന്താണ് ചെയ്യാനുള്ളത്. അവന്‍റെ കാഴ്ചകളുടെയും കേള്‍വിയുടെയും ചലനങ്ങളുടെയുമൊക്കെ ലോകത്തേക്ക് വയലന്‍സ് അതിക്രമിച്ച് കടക്കുന്നു. (ഇന്നത്തെ പുതു നൃത്തരൂപങ്ങളുടെ ശൈലി ശ്രദ്ധിച്ചാലറിയാം). ഈ  കളി മതിയാക്കാം. കുട്ടികളെ നമുക്ക് യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് കൈ പിടിച്ചു നടത്താം. കിളികളെ കണ്ടും പുഴകളെ കണ്ടും കൊണ്ടും കൊടുത്തും നിലനില്‍ക്കുന്ന ജീവത് വ്യവസ്ഥയെ കണ്ടും അവര്‍ വളരട്ടെ. അവരെ കുന്നിന്‍ മുകളിലേയ്ക്ക് കൊണ്ടു പോകണം. വയല്‍ കാണിക്കണം. പുഴകളെ അറിയണം. സ്വന്തം നാടിനെപ്പറ്റി മനസ്സിലാക്കണം. അവിടത്തെ ഭൂപ്രകൃതിയെ അറിയണം. സ്വന്തം നാട്ടിലെ ഇക്കോസിസ്റ്റം അവര്‍ മനസ്സിലാക്കട്ടെ. കാട്, പുഴ അവയോട് ചേര്‍ന്നുള്ള ജീവിതങ്ങള്‍, കൃഷി, നാല്‍ക്കാലികള്‍ ഇവയെക്കുറിച്ചെല്ലാം അവര്‍ അറിയണം. ഇതൊരു ധ്യാനം പോലെയാണ്. സ്വയം ഫീല്‍ ചെയ്യുകയും അങ്ങനെ ഇതെല്ലാം ഒരു വൈകാരികാനുഭവമായി മാറുകയും വേണം. അങ്ങനെ sense of Belongingness ഉണ്ടാവട്ടെ. അതാണ് ഒരാള്‍ക്ക് സ്നേഹവും ഊര്‍ജ്ജവുമൊക്കെ നല്‍കുന്നത് മറ്റൊരു യുക്തിയും അതിലില്ല.

ഈ പ്രവര്‍ത്തനങ്ങളെല്ലാം തുടരുമ്പോഴും എനിക്ക് വ്യക്തിപരമായി മനസ്സില്‍ വേരാഴ്ത്തിയ ചില ബന്ധങ്ങളെക്കുറിച്ച് പറയാതെ വയ്യ. അതിരപ്പിള്ളിക്കുവേണ്ടി പല മുന്നേറ്റങ്ങളും നടത്തിയിരുന്നു. അവിടുത്തെ ആദിവാസികളുമായി ഒരു ഹൃദയബന്ധം വളര്‍ത്തിക്കൊണ്ടു വരാനായി. അവര്‍ ഒട്ടും materialistic  അല്ല. അവരുടെ വിശ്വാസം പിടിച്ചു പറ്റാനും ബുദ്ധിമുട്ടാണ്. എങ്കിലും അറിയാതെ എപ്പോഴോ ആ ബന്ധം ആഴപ്പെട്ടു. ഏറെക്കാലത്തിനുശേഷവും എല്ലാ നേരത്തും ഉണര്‍ന്നിരിക്കുന്നൊരു ബന്ധം. ഇതുണ്ടായത് യുക്തിയോ ചിന്തയോ കൊണ്ടല്ല. മറിച്ച് പ്രകൃതി സ്വന്തം വൈകാരികതയായതു കൊണ്ടാണ്. ഒരു തുണ്ട് കാട് എനിക്ക് എപ്പോഴും കാണണം. അവിടെ ആദിവാസികള്‍ സന്തോഷമായിരിക്കണം. പുഴയൊഴുകണം. ഇത്രയുമൊക്കെയേ മനസ്സിലുള്ളൂ.

തയ്യാറാക്കിയത്: ഷീന സാലസ് & ജിന്‍സ് അഴീക്കല്‍

ഡോ. എ. ലത
ഡയറക്ടര്‍ റിവര്‍ റിസേര്‍ച്ച് സെന്‍റര്‍, ചാലക്കുടി

നദികളുടെ കാവാലാളായി ദേശീയ അന്തര്‍ദേശീയ സംഘടനകളിലും സംവിധാനങ്ങളിലും നിരന്തരം കര്‍മ്മോന്മുഖയാകുമ്പോഴും ജീവിതത്തില്‍ ഇപ്പോള്‍ കൂടപ്പിറപ്പായി മാറിയ അര്‍ബുദത്തിനോട് പടപൊരുതുമ്പോഴും ഡോ. ലതയെ വേറിട്ടു നിര്‍ത്താനാവുക ഏറ്റവും താഴെത്തട്ടില്‍ കുട്ടികള്‍ക്കിടയിലും വാഴച്ചാലിലെ 'കാടര്‍' ആദിവാസി ഊരുകളിലും ഇവര്‍ നല്‍കുന്ന ഊര്‍ജ്ജത്തിന്‍റെയും പ്രസരപ്പിന്‍റെയും അടിസ്ഥാനത്തിലാണ്. യഥാര്‍ത്ഥ പാരസ്ഥിതിക വിദ്യാഭ്യാസം ഇനിമുതല്‍ മുതിര്‍ന്നവരില്‍ നിന്നല്ല തുടങ്ങേണ്ടതെന്ന് കൃത്യമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നത് കുട്ടികളുടെ ഈ "ലതചേച്ചിയാണ്". തൊട്ടടുത്ത പേജിലെ കവര്‍സ്റ്റോറി ഡോ. എ. ലതയുടെ നേതൃത്വത്തില്‍ ആര്‍.ആര്‍.സി. സ്കൂള്‍സ് ഫോര്‍ റിവേഴ്സിനായി ഒരുക്കിയ ക്യാമ്പിന്‍റെ നേര്‍സാക്ഷ്യവും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണുന്നുണ്ട് എന്നതിന്‍റെ തെളിവുമാണ്. വരുംതലമുറയ്ക്കും കാടിന്‍റെയും പുഴയുടെയും യഥാര്‍ത്ഥ അവകാശികളും സംരക്ഷകരുമായ ആദിവാസി ഗോത്രവര്‍ഗ്ഗങ്ങള്‍ക്കും പ്രചോദനവും വെളിച്ചവുമാവാന്‍ സാധിച്ചുവെന്നതാണ് ഡോ. എ. ലതയുടെ കര്‍മ്മമേഖലകളെ അനന്യമാക്കുന്നത്

 

You can share this post!

മിതത്വം

ഷൗക്കത്ത്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts