news-details
സാമൂഹിക നീതി ബൈബിളിൽ

ഉയിര്‍പ്പ്: മുദ്രണവും തുടര്‍ച്ചയും

യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും (മത്തായി 28: 20)

ഇതൊരു ഉറപ്പാണ്; ഉയിര്‍പ്പിന്‍റെ ആഴവും പ്രത്യാശയും ഈ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിച്ചെടുക്കാം. മരണംകൊണ്ട് അന്യവത്കരിക്കപ്പെട്ടുപോകുന്ന ഒരു സംസ്കാരത്തിനുമുന്നില്‍ ക്രിസ്തുവിന്‍റെ ഉയിര്‍പ്പ് ജീവനും പ്രത്യാശയും സാദ്ധ്യമാക്കുന്നതിവിടെയാണ്. ഇതൊരു തുടര്‍ച്ചയാണ്. നിയതരൂപകങ്ങളിലും വാര്‍പ്പുമാതൃകകള്‍ക്കു മുന്‍പിലും കുടുങ്ങിപ്പോകാവുന്ന ഇത്തിരിപ്പോന്ന ഈ മനുഷ്യജന്മത്തിന് യുഗാന്ത്യം വരെ നൈരന്തര്യം ഉറപ്പാക്കുന്ന പ്രത്യാശയുടെ പൊന്‍ കിരണം.

നന്മ ചെയ്തുകൊണ്ടു ചുറ്റിസഞ്ചരിച്ചവന്‍ (അപ്ര. 10:38) തന്‍റെ മഹനീയ കൃത്യങ്ങള്‍ കൊണ്ട് ചെയ്തത് മുഴുവന്‍ (ലൂക്കാ.13:17) സ്വന്തമായിരുന്നവരെ സ്നേഹിക്കുകയായിരുന്നു (യോഹ.13:1). അതെ അവന് സ്വന്തമല്ലാത്തവരായി ആരുമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അവന്‍ സ്നേഹിച്ചു. അവസാനതുള്ളി രക്തം വരെ സ്നേഹത്തിനായി നഷ്ടപ്പെടുത്തി.

ഇനിമുതല്‍ സ്നേഹമെന്നാല്‍ സഹനമാണെന്നും മരണമാണെന്നും മാത്രം തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യത്തില്‍ ക്രിസ്തു സഹനത്തിനും വേദനകള്‍ക്കും മരണത്തിനും മറുപടിയായി, ജീവിതത്തിന്‍റെ വൈരുദ്ധ്യങ്ങള്‍ക്ക് ഉത്തരമായി ഉയിര്‍ത്തു. ഇതവന്‍റെ ജീവിതത്തിന്‍റെ തുടര്‍ച്ചയാണ്. ഗോതമ്പുമണി അഴിഞ്ഞ് പുതുനാമ്പ് മുളപൊട്ടി ഈരില വിടരുംപോലെ (യോഹ 12:24-25) അവന്‍ തന്‍റെ ജീവിതത്തെ ഉയിര്‍പ്പെന്ന പ്രതിഭാസം കൊണ്ട് അനാദൃശ്യ സുന്ദര അനുഭവമായി നമുക്ക് സമ്മാനിക്കുകയാണ്.

ഉയിര്‍പ്പ് എന്ന ഈ സമ്മാനം മുന്നോട്ടുവയ്ക്കുന്ന രണ്ടു ദര്‍ശനങ്ങളുണ്ട്. ഒന്ന്, സൃഷ്ടാവിന്‍റെ ഹൃദയത്തില്‍ നിനക്കുള്ള സ്ഥാനം അനന്തമായി അടയാളപ്പെടുത്തിയിരിക്കുന്നു. അത് ഒരു മുദ്രണം പോലെ ശക്തമാണ്. രണ്ട്, ആര്‍ക്കുവേണ്ടി നീ സ്വയം നഷ്ടപ്പെടുത്തി സ്നേഹിച്ചോ അവരുടെ മനസ്സിനുള്ളില്‍ നിനക്കിനി ജീവന്‍റെ വസന്തം പുനരാരംഭിക്കാം.

‘The evil that men do lives after them; the good is often interred with their bones'
William Shakesphere
(Julius Ceesar Act. 3, Sene 2)

ഇനിമുതല്‍ നിന്‍റെ നന്മകള്‍ക്ക് ഉയിരുണ്ട്. നിന്നേക്കാളധികം, അനന്തമായി. കൊഴിഞ്ഞുവീഴുന്ന പഴുത്തില പോലെ പൊടിഞ്ഞില്ലാതാവുന്ന സ്നേഹസഹനജീവിതങ്ങള്‍ ജീവന്‍റെ പിന്‍തുടര്‍ച്ചയാണെന്ന് ഓര്‍മ്മിക്കാനാണിവിടെ നാം വര്‍ഷംതോറും ഉയിര്‍പ്പ് ആഘോഷിക്കുന്നത്.

You can share this post!

ദേവാലയം - ദൈവാലയം

മൈക്കിള്‍ കാരിമറ്റം
അടുത്ത രചന

മനോനില ചിത്രണം

ടോം മാത്യു
Related Posts