പെരിയാര്‍ നദി കേരളത്തിലെ ഏറ്റവും വലിയ നദിയാണ്. ഏറ്റവും വലിയ നദി എന്ന് പറയുമ്പോള്‍ പോലും ഈ പുഴ സ്വാഭാവികമായി ഒഴുകുന്നത് കേവലം 2 മാസം മാത്രമാണ്. 19 ഡാമുകള്‍ ഉള്ള പെരിയാര്‍ നദിയെ അവസാനമായി തടയുന്നത് എറണാകുളം ജില്ലയില്‍ല്‍ പാതാളം, മഞ്ഞുമ്മില്‍, പുറപ്പിള്ളികാവ് എന്നി 3 ബണ്ടുകള്‍ സ്ഥാപിച്ച് ആണ്. ഓര് വെള്ളം (ഉപ്പ് വെള്ളം) കയറാതെ കുടിവെള്ളം സംരക്ഷിക്കാന്‍ ആണ് ഈ ബണ്ടുകള്‍ സ്ഥാപിക്കപെട്ടിട്ടുള്ളത്. ഇന്ന് പുഴ അതിന്‍റെ ജൈവികത ഇല്ലാതാക്കുന്ന രീതിയില്‍ അതീവ ഗുരുതരം ആയി മലിനീകരിക്കപ്പെടുന്നുണ്ട്. പെരിയാര്‍ നദി ഏലൂര്‍-എടയാര്‍ വ്യവസായ മേഖലയിലെ കുടിവെള്ള സംഭരണിയില്‍ല്‍ 2015-ല്‍ മാത്രം ചുവപ്പ്, ബ്രൗണ്‍, കറുപ്പ് വര്‍ണ്ണങ്ങളില്‍ രാസമാലിന്യം പേറി 44 തവണ നിറം മാറി ഒഴുകുകയുണ്ടായി. 23 തവണ വലിയ രീതിയില്‍ ഉള്ള മത്സ്യകുരുതികള്‍ ഉണ്ടായി. 28 തവണ ആണ് 2016 ല്‍ല്‍ പുഴ നിറം മാറി ഒഴുകിയത്. കുടിവെള്ള സംഭരണിയിലെ വെള്ളം വ്യാവസായിക ആവശ്യത്തിന് പോലും എടുക്കാന്‍ കഴിയാത്ത രീതിയില്‍ മലിനീകരിക്കപെട്ടതായി റിപ്പോര്‍ട്ടുകള്‍ വരികയുണ്ടായി. അതീവഗുരുതരം ആയി മലിനീകരിക്കപ്പെടുന്ന ഈ കാലത്ത് ഈ നദിയെ പറ്റി വിശദമായി മനസിലാക്കേണ്ടതുണ്ട്.
കേരളത്തിലെ മറ്റ് ജില്ലകളില്‍ല്‍ നിന്ന് വ്യത്യസ്തമായി എറണാകുളം ജില്ല പെരിയാര്‍ നദിയില്‍ നിന്ന് നേരിട്ട് വെള്ളം പമ്പ് ചെയ്താണ് ഗാര്‍ഹിക ആവശ്യത്തിനുള്ള വെള്ളം സംഭരി ക്കുന്നത്.
കേരളത്തിന്‍റെ വ്യവസായ മേഖല (ഏലൂര്‍-ഇടയാര്‍, 240കമ്പനികള്‍) പൂര്‍ണ്ണമായും പെരിയാറിലെ വെള്ളത്തെ ആശ്രയിച്ചാണ് നില നില്ക്കുന്നത്.
പെരിയാര്‍ നദി കൊച്ചി കായലില്‍ എത്തിചേരുന്നതോടുകൂടി മത്സ്യ മേഖലയില്‍ 22000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതായി കേരള ഫിഷറിസിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മാത്രമല്ല ജില്ലയിലെ മത്സ്യ ലഭ്യതയുടെ ഭൂരിഭാഗവും (16000 ton/year) പെരിയാര്‍ നദി വന്ന് ചേരുന്ന തീരദേശമേഖലയില്‍ല്‍ നിന്നുള്ളവയാണ്.
തുടര്‍ച്ചയായി ഉണ്ടാകുന്ന നദിയുടെ നിറം മാറ്റവും, മത്സ്യക്കുരുതികളേയും തുടര്‍ന്ന് കൊച്ചിന്‍ യൂണിവഴ്സിറ്റി പഠനം നടത്തിയപ്പോള്‍ പെരിയാര്‍ നദി ഗുരുതരമായി മലിനീകരിക്കപ്പെട്ടിരിക്കുന്നു എന്നും നദിയിലെ വെള്ളം കുടിവെള്ള യോഗ്യം അല്ല എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1980 കള്‍ മുതല്‍ വിവധ ഗവേഷണകേന്ദ്രങ്ങള്‍ പെരിയാര്‍ മലിനീകരണത്തെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍/പഠനങ്ങള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. പെരിയാര്‍ ലോകത്തിലെ മറ്റ് മലിനീകരിക്കപ്പെട്ട പ്രദേശങ്ങ ളുമായി താരതമ്യം ചെയ്യുമ്പോള്‍ മലിനീകരണകാരികളുടെ സാന്നിധ്യം കൊണ്ട് ഒരു ഹോട്ട് സ്പോട്ട് ആണെന്ന് 2000 ല്‍ 'ഗ്രീന്‍പീസ്' സ്ഥിതീകരിക്കുന്നുണ്ട്. കഴിഞ്ഞ പതിറ്റാണ്ടില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് പെരിയാര്‍ നദിയിലെ നീരൊഴുക്ക് ക്രമാതീതം ആയി കുറഞ്ഞതും ഓര് കയറ്റം ശക്തമായതും മലിനീകരണത്തിന്‍റെ വ്യാപ്തി പല മടങ്ങ് വര്‍ധിപ്പിക്കാന്‍ ഇടയായിട്ടുണ്ട്.
നീരൊഴുക്ക് കുറഞ്ഞതും, മലിനീകരണം കൂടിയതും ഇന്ന് പെരിയാര്‍ നദിയുടെ/കൊച്ചിയുടെ കുടിവെള്ള സംഭരണ മേഖലയെ കുറിച്ചുള്ള ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്നു. കൊച്ചിയുടെ കുടിവെള്ള സംഭരണ മേഖലയില്‍ ഉള്ള വ്യവസായ ശാലകള്‍ വലിയ രീതിയില്‍ല്‍ മാലിന്യം തള്ളുന്നത് ഇന്ന് നിത്യസംഭവം ആയി മാറി കൊണ്ടിരിക്കുന്നു. മാലിന്യം പുഴയില്‍ല്‍ തള്ളുന്നത് മാത്രമല്ല; വ്യവസായിക ഉല്പാദനത്തിന്‍റെ ഭാഗം ആയി വരുന്ന മാലിന്യങ്ങള്‍ കുടിവെള്ള സംഭരണ മേഖലയില്‍ കൂട്ടി ഇട്ടിരിക്കുന്നതും കാണാന്‍ കഴിയും. പുഴ തുടര്‍ച്ചയായി നിറം മാറി ഒഴുകിയിട്ടും മത്സ്യക്കുരുതികള്‍ നടന്നിട്ടും എന്ത് കാരണം കൊണ്ടാണിതെന്ന് നാളിതുവരെ മലിനീകരണ ബോര്‍ഡു പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബര്‍ 23 ന് CMRL എന്ന കമ്പനി വലിയ രീതിയില്‍ പെരിയാറിനെ ചുവപ്പിക്കുന്ന 'സിമോക്സ്' എന്ന രാസപദാര്‍ത്ഥം തള്ളിയതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥിതീകരിച്ചു. കഴിഞ്ഞ 6 മാസത്തിനുള്ളില്‍ 2 കമ്പനികള്‍ അത്തരത്തില്‍ രാസമാലിന്യം കുടിവെള്ള സംഭരണ മേഖലയില്‍ തള്ളിയതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥിതീകരിച്ചിട്ടുണ്ട്.
ഇങ്ങനെ പെരിയാര്‍ നദിയിലേക്ക് തുടര്‍ച്ചയായി രാസമാലിന്യം തള്ളുന്നത് പലരീതിയില്‍ ആണ് മനുഷ്യന് ആപല്ക്കരമാകുന്നത്.
1. വര്‍ഷങ്ങള്‍ക്കു മുന്‍പ് നവംബര്‍ മാസത്തില്‍ മാത്രമാണ് ഓര് വെള്ളം കയറിയിരുന്ന തെങ്കില്‍ ഇന്ന് ഓഗസ്റ്റ് മാസത്തില്‍ തന്നെ ഓര് കയറ്റം ശക്തം ആണ്. ഈ സാഹചര്യത്തില്‍ല്‍ നദിയുടെ കുടിവെള്ള സംഭരണ മേഖലയിലേക്ക് മാലിന്യം തള്ളുന്നത് മലിനീകരണകാരികളുടെ വെള്ളത്തിലുള്ള തോത്/അളവ് വര്‍ധിപ്പിക്കും. രാസമാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള സാങ്കേതിക വിദ്യ നമ്മുടെ കുടിവെള്ള ശുദ്ധീകരണശാലയ്ക്ക് ഇല്ല.
2. പുഴയില്‍ തള്ളപ്പെടുന്ന രാസമാലിന്യം മൂലം പെരിയാര്‍ നദിയിലും അത് ചെന്നുചേരുന്ന കൊച്ചി കായലിലും (വേമ്പനാട് കായല്‍) വലിയ രീതി യില്‍ മത്സ്യശോഷണം സംഭവിച്ചിട്ടുണ്ട്. നമുക്ക് സുലഭം ആയി ലഭിക്കുന്ന മത്സ്യങ്ങളില്‍, കക്കകളില്‍ ഘനലോഹങ്ങളുടെ (toxic metals) സന്നിധ്യം അനുവദനീയം ആയതിന്‍റെ പലമടങ്ങ് ആണ് എന്ന് വിവിധ പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാം കഴിക്കുന്ന മത്സ്യഭക്ഷണ വിഭവങ്ങളിലൂടെ ഈ വിഷമാലിന്യങ്ങള്‍ മനുഷ്യശരീരത്തിലെ കരളിനെയും വൃക്കയെയും സാരമായി ബാധിക്കും
3. രാസവ്യവസായശാലകള്‍ തള്ളുന്ന രാസവിഷമാലിന്യം പെരിയാര്‍ നദിയിലും അത് ചെന്ന് ചേരുന്ന കൊച്ചി കായലിലും വലിയ രീതിയില്‍ കുമിഞ്ഞ് കൂടപ്പെട്ടിരിക്കുന്നൂ. അപകടകരം ആയ ഘന ലോഹങ്ങളുടെ (toxic metals - Zn, Cd, Pb) സാന്നിധ്യം പെരിയാര്‍ നദിയുടെ/കൊച്ചി കായലിന്‍റെ അടിത്തട്ടില്‍ കാണപ്പെടാന്‍ സാധ്യതയുള്ള അളവിന്‍റെ 3000 ഇരട്ടിയായി കാണപ്പെടുന്നൂ. ജൈവിക മാറ്റത്തിന് വിധേയമാകാത്ത ഈ മാലിന്യങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അവിടെ നിലനില്ക്കുകയും ജീവന് ആപത്തായി കൊണ്ടിരിക്കുകയും ചെയ്യും.
4 .പെരിയാര്‍ നദി വ്യവസായ മേഖലക്ക് ശേഷം കടന്നുപോകുന്ന പ്രദേശങ്ങളില്‍ ഉള്ള കുടിവെള്ള സ്രോതസ്സുകളായ കിണറുകള്‍ വലിയ രീതിയില്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നൂ. ഏലൂര്‍, ചേരാനെല്ലൂര്‍, തുടങ്ങി നദീതീരത്തുള്ള എട്ട് പഞ്ചായത്തുകളിലും നിത്യോപയോഗത്തിന് ഒരു രീതിയിലും പുഴയെയും ആശ്രയിക്കാന്‍ കഴിയില്ല.
എറണാകുളം ജില്ലയിലെ നിലവിലുള്ള കുടിവെള്ള വിതരണ സംവിധാനം
വ്യവസായ മാലിന്യങ്ങള്‍, ഗാര്‍ഹിക മാലിന്യങ്ങള്‍ എന്നിവ വലിയ രീതിയില്‍ എത്തി ചേരാന്‍ ഇടയുള്ള ഒരു പ്രദേശത്ത് ആണ് കൊച്ചിയുടെ കുടിവെള്ള സംഭരണ മേഖലസ്ഥിതി ചെയ്യുന്നത്. റെഡ് കാറ്റഗറിയിലുള്ള (രാസാധിഷ്ടിതമായ) വ്യവസായശാലകള്‍ പോലും ഈ കുടിവെള്ള സംഭരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടിവെള്ള സംഭരണ മേഖലയിലെ വെള്ളത്തില്‍ നടത്തിയ വിവിധ പഠനങ്ങളില്‍ രാസപദാര്‍ത്ഥങ്ങളുടെ/ഘനലോഹങ്ങളുടെ (Cd കാഡ്മിയം, Pb ലെഡ്) സാന്നിധ്യം അനുവദനീയം ആയതിന്‍റെ പല മടങ്ങ് കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള രാസമാലിന്യം ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങള്‍ കുടിവെള്ള ശുദ്ധികരണശാലക്കില്ല. WHO നിഷ്കര്‍ഷിച്ചിരിക്കുന്ന ഒരു പരിശോധനകളും കേരള വാട്ടര്‍ അതോറിറ്റി നടത്തുന്നില്ല. ഒരു ദേശിയ അഗീകാരം പോലും ഇല്ലാത്ത ലാബ് ആണ് കേരള വാട്ടര്‍ അതോറിറ്റിക്ക് ഉള്ളത്. ഇത്തരത്തില്‍ല്‍ മാലിന്യം വരുന്ന ഒരു പ്രദേശത്ത് വിശദമായ ഒരു പരിശോധനയും നടത്താതെ ആണ് ജില്ലയില്‍ കുടിവെള്ള വിതരണം നടത്തികൊണ്ടിരിക്കുന്നത്.
കഴിഞ്ഞ മെയ് 4,5 തീയതികളില്‍ ശ്രീശക്തി പേപ്പര്‍ മില്‍ എന്ന കമ്പനി പെരിയാറിന്‍റെ കുടിവെള്ള സംഭരണമേഖലയില്‍ പൂര്‍ണ്ണമായി കറുത്തുകിടക്കുന്ന രീതിയില്‍ രാസമാലിന്യങ്ങള്‍ തള്ളി. ഈ കമ്പനി പെരിയാര്‍ നദിയില്‍ ഒരു ദിവസം തള്ളുന്ന രാസമാലിന്യം 10 ലക്ഷം ലിറ്ററോളം വരുമെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കുടിവെള്ളത്തില്‍ കലര്‍ന്ന ഈ രാസമാലിന്യം ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങളില്ല എന്ന് കേരള വാട്ടര്‍ അതോറിട്ടി വ്യക്തമാക്കിയിട്ടും രാസമാലിന്യം കലര്‍ന്ന ഈ വെള്ളം തുടര്‍ന്നുള്ള ദിവസങ്ങളില്‍ പമ്പ് ചെയ്ത് നല്‍കുകയാണുണ്ടായത്. ഇത്തരത്തില്‍ല്‍ മാലിന്യം കലര്‍ന്ന വെള്ളം സംഭരിക്കുന്നതും പമ്പ് ചെയ്ത് നല്കുന്നതും ഇന്ന് തുടര്‍ക്കഥയാവുകയാണ്.
വ്യവസായ മാലിന്യങ്ങള്‍ ശുചീകരിക്കാന്‍ ആവശ്യമായ രീതിയിലുള്ള ശാസ്ത്രീയ സംവിധാനങ്ങളോ, ജലം തുടര്‍ച്ചയായി പരിശോധിക്കാനുള്ള സംവിധാനങ്ങളോ ഒന്നും തന്നെ ശുചീകരണ ശാലകളില്‍ല്‍ ഒരുക്കപ്പെട്ടിട്ടില്ല. പലപ്പോഴും ഓര് കയറിയും വ്യവസായ മാലിന്യം കയറിയും കുടിവെള്ളം മലിനീകരിക്കപ്പെട്ട് വീടുകളിലെത്തി പരാതികള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് അധികൃതര്‍ വെള്ളം ഉപയോഗയോഗ്യമല്ല എന്ന് തിരിച്ചറിയുന്നത്.
കൊച്ചിയിലെ കുടിവെള്ളത്തിന് വേണ്ടിയുള്ള ശുദ്ധീകരണശാല ആരംഭിക്കുന്നത് 1936 ലാണ്. ബ്രിട്ടീഷ് കപ്പലുകള്‍ക്ക് ആവശ്യമായ കുടിവെള്ളം മാത്രമാണ് അന്ന് ശുദ്ധീകരിച്ചിരുന്നത്. 1963-ല്‍ കുടിവെള്ളത്തിന്‍റെ പൊതുവിതരണം ആരംഭിക്കുകയും 1975-ല്‍ കൂടുതല്‍ വിതരണത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും 2000-ല്‍ അത് 210-235 MLD എന്ന അളവില്‍ എത്തിച്ചേരുകയും ചെയ്തു. എറണാകുളത്തെ ആദ്യ പമ്പ്സ്റ്റേഷന്‍ കൊച്ചിയില്‍ നിന്ന് 20km അകലെയുള്ള ചൊവ്വരയിലായിരുന്നു. എന്നാല്‍ പിന്നീട് വന്ന പമ്പ്‌സ്റ്റേഷനുകൾ മലിനീകരണ സാധ്യതയുള്ള കൊച്ചി കായലിനോടും വ്യവസായ മേഖലയോടും (2km പരിധിയില്‍) കൂടുതല്‍ അടുപ്പിച്ചാണ് നിര്‍മ്മിച്ചത്. പെരിയാര്‍ നദിയില്‍ല്‍ ഒഴുക്ക് കുറയുമ്പോള്‍ കുടിവെള്ളം സംഭരിക്കുന്ന പ്രദേശം വ്യവസായ മേഖലയുടെ മധ്യത്തിലുമാക്കി. അത് കുടിവെള്ളത്തില്‍ കൂടുതല്‍ മാലിന്യം കലരാനുള്ള സാഹചര്യങ്ങള്‍ ഉറപ്പാക്കി.
എറണാകുളം ജില്ലയിലെ 40 ലക്ഷം പേര്‍ക്ക് കുടിവെള്ളത്തിനായി ദിവസേന 300 ദശലക്ഷം ലിറ്റര്‍ വെള്ളം പെരിയാറില്‍ നിന്ന് ശുചീകരിച്ച് വിതരണം നടത്തുന്നുണ്ട്. പരമ്പരാഗതമായ ശുചീകരണ സംവിധാനങ്ങളാണ് ഇന്നും അവിടെ ഉപയോഗിക്കുന്നത്. പ്രാഥമികമായി പുഴയില്‍ നിന്ന് പമ്പ് ചെയ്ത് എടുക്കുന്ന വെള്ളം നീറ്റുകക്കയും ആലവും ആയി മിക്സ് ചെയ്തതിന് ശേഷം പല കനത്തില്‍ ഉള്ള വെള്ളാരം കല്ലുകളില്‍ കൂടി ഊറി ഇറങ്ങുന്ന വെള്ളം (gravtiy fitlration) യാന്ത്രികമായി അടുപ്പിച്ച്/ഒഴുക്കി (mechanical flocculation) ക്ലോറിന്‍ കടത്തി വിട്ടാണ് ഇന്ന് ശുദ്ധീകരിച്ചെടുക്കുന്നത്. വ്യവസായ മാലിന്യമോ ഓര് വെള്ളമോ ശുദ്ധീകരിക്കാന്‍ ഈ സംവിധാനങ്ങള്‍ ഒന്നും പര്യാപ്തമല്ല.
പെരിയാര്‍ നദിയില്‍ല്‍ നീരൊഴുക്ക് കുറഞ്ഞതും കൊച്ചി കായലിന്‍റെ ആഴം കൂടിയതുമൂലം ഇപ്പോള്‍ മഴക്കാലത്തുപോലും ഓര് കയറ്റം ശക്തമാണ്. പടിഞ്ഞാറ് അറബിക്കടലില്‍ നിന്നും കയറുന്ന ഓര് വെള്ളം മാരകമായി വിഷലിപ്തപ്പെട്ട കൊച്ചി കായലിലൂടെയും പെരിയാര്‍ നദിയുടെ അടിത്തട്ടില്‍ കൂടിയും കടന്നാണ് കുടിവെള്ള പമ്പിംഗ് സറ്റേഷനുകളില്‍ എത്തിച്ചേരുന്നത്. എറണാകുളം ജില്ലയിലെ പെരിയാറില്‍ നിന്നെടുക്കുന്ന കുടി വെള്ളത്തിന്‍റെ സാമ്പിളുകളുടെ പരിശോധനയില്‍ നിന്നും വ്യക്തമാകുന്നത് ഈ വിഷമയമായ വ്യവസായിക മാലിന്യങ്ങള്‍ കുടിവെള്ളത്തില്‍ വര്‍ഷങ്ങളായി കലരുന്നു എന്നാണ്. ഈ മാലിന്യം എളുപ്പം ശുദ്ധീകരിക്കാവുന്നതോ ജൈവിക മാറ്റങ്ങള്‍ക്കു എളുപ്പം വിധേയമാകുന്നതോ, നമ്മുടെ കുടിവെള്ള ശുദ്ധീകരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് ശുദ്ധീകരിക്കാന്‍ കഴിയുന്നതോ അല്ല. വെള്ളം ചൂടാക്കിയതുകൊണ്ടോ ക്ളോറിനേഷന്‍ കൊണ്ടോ RO സംവിധാനങ്ങള്‍ കൊണ്ടോ ജലത്തില്‍ ലയിച്ചുചേര്‍ന്ന ഈ വിഷപദാര്‍ത്ഥങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ല. ഇത് കുടിവെള്ളത്തില്‍ കലരുന്നത് മാരകമായ കിഡ്നി രോഗങ്ങള്‍ക്കും കാന്‍സറിനും ഇടയാക്കുമെന്നാണ് ശാസ്ത്രീയമായ പഠനങ്ങള്‍ തെളിയിക്കുന്നത്.
പെരിയാര്‍ നദി/കായല്‍ മത്സ്യങ്ങളിലും അവഷിപ്തത്തിലും കാണപ്പെടുന്ന രാസമാലിന്യ ങ്ങള്‍
പെരിയാര്‍ നദിയില്‍ മലിനീകരണം ആരംഭിക്കുന്നത് 1943-ല്‍ വ്യവസായ മേഖലയുടെ കടന്ന് വരവോടുകൂടിയാണ്. ഇന്ന് വ്യവസായ മേഖലയില്‍ല്‍ റെഡ് കാറ്റഗറിയില്‍ (ഗുരുതരമായ രാസപദാര്‍ത്ഥങ്ങളുടെ ഉത്പാദനം നടത്തുന്ന) ഉള്ള 83 വ്യവസായശാലകള്‍ ഉണ്ട്. 34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് (1982) കേരള മലിനീകരണ വകുപ്പ് നടത്തിയ പഠനത്തില്‍ തന്നെ പെരിയാര്‍ ഗുരുതരമായ രീതിയില്‍ മലിനീകരിക്കപെട്ടു എന്നും അക്ഷരാര്‍ത്ഥത്തില്‍ ഈ പ്രദേശം നരക തുല്യം ആയിരിക്കുന്നു എന്നും വിശദമാക്കുന്നുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി വിവധ കേന്ദ്ര ഗവേഷണ കേന്ദ്രങ്ങള്‍, യൂണിവഴ്സിറ്റികള്‍, സുപ്രീം കോടതി മോണിട്ടറിങ് കമ്മിറ്റി, NGO, സംസ്ഥാന അതോറിറ്റികള്‍ തുടങ്ങിയവരെല്ലാം പെരിയാറിലെ മലിനീകരണത്തെ കുറിച്ച് ധാരാളം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ പഠനങ്ങളിലെല്ലാം പെരിയാര്‍ ഗുരുതരമായ രീതിയില്‍ മലിനീകരിക്കപെട്ടു എന്ന് വിശദമാക്കുന്നുമുണ്ട്.
പെരിയാര്‍ നദിയിലും അത് ചെന്ന് ചേരുന്ന കൊച്ചി കായലിലും നടത്തിയ ശാസ്ത്രീയ പഠനങ്ങളില്‍ ഘനലോഹങ്ങളുടെ (മെര്‍ക്കുറി, കാഡ്മിയം, സിങ്ക്, അയോണ്‍, ലെഡ്, ക്രോമിയം, കോപ്പര്‍, നിക്കല്‍, കോബോള്‍ട്ട്) സാന്നിദ്ധ്യം അനുവദനീയമായ അളവിന്‍റെ പല മടങ്ങ് അധികം (ഏകദേശം 3000 മടങ്ങ്) ആണ് എന്ന് വിവിധ ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോക ആരോഗ്യ സംഘടന, ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷികസംഘടന എന്നിവര്‍ നിഷ്കര്‍ഷിക്കുന്നതിന്‍റെ പലമടങ്ങ് അധികമാണ് മേഖലയിലുള്ള മത്സ്യങ്ങളിലെ ഘനലോഹങ്ങളുടെ സാന്നിദ്ധ്യം. കിളിമീന്‍, നരിമീന്‍, വറ്റ, അയല, മാന്തള്‍, കരിമീന്‍, ഏട്ട തുടങ്ങിയ മത്സ്യങ്ങളിലും വിവിധയിനം കക്കകളിലും ചെമ്മീനുകളിലും മാരകമായ വിഷമാലിന്യങ്ങള്‍ (ഹെവിമെറ്റല്‍ & പെസ്റ്റ്സൈഡ്) കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യന് കിഡ്നി, കരള്‍ സംബന്ധിയായ രോഗങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉള്ളതായി പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എറണാകുളം ജില്ലയില്‍ മാത്രമല്ല, കേരളത്തിന്‍റെ കിഴക്കന്‍ മലയോര മേഖലകളിലേക്കും ആവശ്യമായ മത്സ്യവിഭവങ്ങളുടെ ഏറിയ പങ്കും കയറ്റി അയക്കപ്പെടുന്നത് ഈ ജില്ലയുടെ തീരദേശ മേഖലയില്‍ല്‍നിന്ന് തന്നെയാണ്.
പെരിയാറില്‍ല്‍ കാണപ്പെടുന്ന രാസമാലിന്യങ്ങള്‍ എന്തെല്ലാമാണ് ?
പ്രകൃതിദത്തമായി കാണപ്പെടാന്‍ സാധ്യത ഇല്ലാത്ത ഘനലോഹങ്ങളും(മെര്‍ക്കുറി, കാഡ്മിയം, ലെഡ്), പെസ്റ്റ്സൈഡുകളും (POPs) ആണ് ഇന്ന് വലിയ/ഉയര്‍ന്ന അളവില്‍ല്‍ പെരിയാറില്‍ കാണപ്പെടുന്നത്. അതായത് പൂര്‍ണമായും മനുഷ്യന് ഹാനികരമായ ഈ ലോഹങ്ങള്‍ നമ്മുടെ നദിയില്‍ എത്തിച്ചേര്‍ന്നതത് വ്യവസായ മലിനീകരണം മൂലം മാത്രമാണ്. അപകടകരമായ ഈ മാലിന്യങ്ങളെ (ഘനലോഹങ്ങളും കീടനാശിനികളും) പറ്റി ശരിയായ അവബോധം ഉണ്ടാകേണ്ടതുണ്ട്.
പ്രകൃതിയില്‍ കാണുന്ന മൂലകങ്ങളില്‍ ഭൂരിഭാഗവും ലോഹങ്ങളാണ്. വളരെ വലിയ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ എല്ലാ ലോഹങ്ങളും ആരോഗ്യത്തിന് ഹാനിയുണ്ടാക്കും. നമ്മുടെ ശരീരത്തിന് ചെറിയ അളവില്‍ ആവശ്യമായ ലോഹങ്ങളുണ്ട്. ഇരുമ്പ്, സിങ്ക്, കാല്‍സ്യം, സോഡിയം, പൊട്ടാസ്യം തുടങ്ങിയവയാണ് ഉദാഹരണങ്ങള്‍. നമ്മുടെ ശരീരത്തിന് ഒട്ടും ആവശ്യമില്ലാത്തവയും ശരീരത്തിന് അപകടം വിതയ്ക്കുന്നവയുമായ ലോഹങ്ങളുമുണ്ട്. വിഷ ഘനലോഹങ്ങള്‍(Toxic Heavy Metals) എന്ന് വിശേഷിപ്പിക്കാവുന്നവയാണ് അത്തരം ലോഹങ്ങള്‍. കാഡ്മിയം, ലെഡ് അഥവാ കറുത്തീയം, പാഷാണം അഥവാ ആഴ്സനിക്ക്, രസം അഥവാ മെര്‍ക്കുറി തുടങ്ങിയവ ഇത്തരത്തിലുള്ളവയാണ്. നിര്‍ഭാഗ്യവശാല്‍ ഈ ലോഹങ്ങളെല്ല നാം നമ്മുടെ പരിസ്ഥിതിയില്‍ അനുവദനീയമായ പരിധിയിലും വളരെ കൂടുതല്‍ കാണപ്പെടുന്നുണ്ട് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
കാഡ്മിയം 'ഇത്തായ് ഇത്തായ്' (1912-ല്‍ ജപ്പാനിലെ ടൊയോമാ പ്രവിശ്യയില്‍ കാഡ്മിയം കലര്‍ന്ന ജലം ഉപയോഗിച്ച് കൃഷി ചെയ്ത ധാന്യങ്ങള്‍ ഭക്ഷിച്ചവര്‍ക്കുണ്ടായ രോഗം), കാന്‍സര്‍, വൃക്കരോഗങ്ങള്‍ എന്നിവയ്ക്കു കാരണമാകും, ലെഡ് അഥവാ കറുത്തീയം മസ്തിഷ്ക്ക രോഗങ്ങള്‍, വിളര്‍ച്ച, വൃക്കരോഗങ്ങള്‍, മന്ദത എന്നിവയുണ്ടാക്കുന്നു. മെര്‍ക്കുറിയാകട്ടെ നാഡീരോഗങ്ങള്‍, വൃക്കരോഗങ്ങള്‍, വായിലും മോണയിലും വ്രണങ്ങള്‍ തുടങ്ങിയവയ്ക്കിടയാക്കുന്നു. ആഴ്സനിക്ക് ഇഞ്ചിഞ്ചായി ആളെ കൊല്ലും. പ്രമേഹം, വൃക്കരോഗങ്ങള്‍, നാഡീരോഗങ്ങള്‍, എന്നിങ്ങനെ അനേകം രോഗങ്ങള്‍ ഈ ലോഹം ഉണ്ടാക്കുന്നു.
ചെറിയ അളവിലുള്ള ഉപയോഗം തന്നെ കാന്‍സര്‍, നാഡീവ്യവസ്ഥ, പ്രതിരോധവ്യവസ്ഥ, പ്രത്യുത്പാദനവ്യവസ്ഥ തുടങ്ങിയവയുമായി ബന്ധപ്പെട്ട തകരാറുകള്‍, ശിശുക്കളുടെയും കുട്ടികളുടെയും വളര്‍ച്ച മുരടിപ്പിക്കല്‍ തുടങ്ങിയവക്ക്
കാരണമാകുന്ന അതീവ മാരകമായ രാസപദാര്‍ത്ഥങ്ങളാണ്.Pop എന്നറിയപ്പെടുന്ന സ്ഥാവര കാര്‍ബണിക മാലിന്യങ്ങള്‍ (Persistent Organic Pollutants). ഇവ രാസപരമോ (Chemical), ജൈവപരമോ (Biological), പ്രകാശവശോഷണം (photolysis) വഴിയോ നശിക്കുന്നില്ല. തത്ഫലമായി പ്രകൃതിയില്‍ അവ ദീര്‍ഘകാലം നിലനില്‍ക്കുന്നു. ഉപയോഗിക്കുന്ന പ്രദേശത്തുനിന്നും വിവിധ മാര്‍ഗേണ വിദൂരസ്ഥലങ്ങളില്‍ എത്തിച്ചേരുന്നതും (Long-range transport), മനുഷ്യനുള്‍പ്പെടെയുള്ള ജന്തുക്കളുടെ കലകളില്‍ ജൈവസാന്ദ്രീകരണത്തിന് (bioaccumulation) വിധേയമാകുന്നതും, ഭക്ഷ്യശൃംഖലകളില്‍ (Food Chains) ജൈവ ആവധനം (bio magnification) സംഭവിക്കുന്നതുമായ ഇവ നമ്മുടെ ആരോഗ്യത്തിനും പ്രകൃതിക്കും ഗുരുതരമായ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. കീടനാശിനികളും, ലായകങ്ങളും, മരുന്നുകളും, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള രാസവസ്തുക്കളും ഒക്കെയായി ഉപയോഗിക്കുന്ന പല പദാര്‍ത്ഥങ്ങളും ഈ വിഭാഗത്തില്‍ പെടുന്നുണ്ട്.
2001-ല്‍ ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതി (UNEP) യുടെ നേതൃത്വത്തില്‍ല്‍ നടന്ന സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ പന്ത്രണ്ട് POP-കളെയാണ് കര്‍ശനമായി നിയന്ത്രിക്കേണ്ടവയായി കണ്ടെത്തിയത്. Ditry Dozen അഥവാ പന്ത്രണ്ട് വൃത്തികെട്ടവര്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. 2014-ല്‍ ഇന്ത്യയടക്കം 179 രാജ്യങ്ങള്‍ സ്റ്റോക്ക്ഹോം കണ്‍വെന്‍ഷന്‍ തീരുമാനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. പന്ത്രണ്ട് വൃത്തികെട്ടവര്‍/Ditry Dozen നമുക്കൊന്ന് പരിചയപ്പെടാം. ആള്‍ഡ്രിന്‍, ക്ലോര്‍ഡേന്‍, ഡൈല്‍ഡ്രിന്‍, എന്‍ഡ്രിന്‍, ഹെപ്റ്റക്ലോര്‍, ഹെക്സാക്ലോറോബെന്‍സീന്‍, മിറെക്സ്, ടോക്സഫീന്‍, DDT തുടങ്ങിയ മാരക കീടനാശിനി കള്‍ ഈ പന്ത്രണ്ടുപേരില്‍ ഉള്‍പ്പെടും. ക്യാന്‍സര്‍ ജനകങ്ങളും, ശരീരത്തിലെ വിവിധ അവയവവ്യവസ്ഥകളെ മാരകമായി ബാധിക്കുന്നവയുമാണ് ഇവ. വൃത്തികെട്ടവരില്‍ കുപ്രസിദ്ധന്‍ DDTയാണ്. ക്യാന്‍സര്‍, പ്രത്യുല്പ്പാദനശേഷിക്കുറവ്, പ്രമേഹം, മസ്തിഷ്ക്കരോഗങ്ങള്‍ തുടങ്ങി അനവധിയായ പ്രശ്നങ്ങള്‍ DDT ഉണ്ടാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ല്‍ DDT ഉത്പാദിപ്പിക്കുന്നത് ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡില്‍ ആണ് എന്നത് ഈ അവസരത്തില്‍ ഓര്‍ക്കുക. മാലിന്യങ്ങളും പ്ലാസ്സ്റ്റിക്കും കത്തിക്കുമ്പോളുണ്ടാകുന്ന മാരകവിഷവസ്തുക്കളാണ് ഡയോക്സിനുകള്‍. പൊട്ടാസ്യം സയനൈഡിനേക്കാള്‍ പതിനായിരക്കണക്കിന് മടങ്ങ് വിഷശക്തിയുള്ള TCDD ഡയോക്സിന്‍ കുടുംബത്തിലെ അംഗമാണ് എന്നതില്‍ല്‍ നിന്നും ഇവയുടെ വിഷശക്തി വ്യക്തമാകുന്നുണ്ടോ. ക്യാന്‍സര്‍ജന്യങ്ങളായ ഇവ ഗര്‍ഭസ്ഥശിശുക്കളില്‍ ജനിതകവൈകല്യം ഉണ്ടാക്കും, ചാപിള്ളകളെ പ്രസവിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. മാലിന്യങ്ങളും പ്ലാസ്റ്റിക്കും കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന മറ്റൊരു ജീു ആണ് പൊളിക്ലോറിനേറ്റഡ് ഡൈബെന്‍സൊഫുറാന്‍. ഡയോക്സിന്‍ പോലെ തന്നെ ഇവയും അപകടകാരികളാണ്. ഇലക്ട്രോണിക് മാലിന്യങ്ങളിലും പലതരം പെയ്ന്‍റ്, പ്ലാസ്റ്റിക് എന്നിവയിലും അടങ്ങിയിരിക്കുന്ന പോളിക്ലോറിനേറ്റഡ് ബൈഫിനൈല്സ് (PCBs) വൃത്തികെട്ടവരിലെ പന്ത്രണ്ടാമനാണ്.
വന്ധ്യത, പ്രതിരോധശേഷിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവ ഈ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കും. വര്‍ഷങ്ങളോളം ശരീരത്തില്‍ കിടന്ന് ഗര്‍ഭസ്ഥ ശിശുക്കളില്‍ വൈകല്യം ഉണ്ടാക്കാന്‍ ഇതിന് കഴിയും. 2001-നു ശേഷം സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനിലെ അപകടകരമായ സ്ഥാവര കാര്‍ബണിക മാലിന്യങ്ങളുടെ പട്ടിക വിപുലീകരിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍, BHC തുടങ്ങി ഒരു കൂട്ടം വിഷവസ്തുക്കള്‍ ഇതില്‍ല്‍ ഉള്‍പ്പെടും. ഈ വിഷവസ്തുക്കളെല്ല മറ്റ് സ്ഥാവര കാര്‍ബണിക മാലിന്യങ്ങളെപ്പോലെ ക്യാന്‍സര്‍കാരികളും വൃക്കരോഗങ്ങളുണ്ടാക്കുന്നവയുമാണ്. കൂടാതെ പ്രത്യുല്പ്പാദന, അന്തസ്രാവീ, നാഡീ വ്യവസ്ഥകളെ തകരാറിലാക്കുകയും ചെയ്യും.
നീണ്ട 70 വര്‍ഷത്തെ വ്യവസായ മലിനീകരണം മൂലം ഇന്ന് പെരിയാര്‍ വലിയ രീതിയില്‍ വിഷലിപ്തമാക്കപ്പെട്ടിരിക്കുന്നു. ലോകത്ത് മാരകമായ വിഷത്താല്‍ മലിനീകരിക്കപ്പെട്ട ഹോട്ട് സ്പോട്ട് ആയി വ്യവസായ മേഖല അടങ്ങുന്ന പ്രദേശം അന്താരാഷ്ട്രതലത്തില്‍ വിലയിരുത്തപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ മറ്റ് മലിനീകരിക്കപ്പെട്ട പ്രദേശങ്ങളിലെ രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാന്‍സര്‍, ജനിതകവൈകല്യങ്ങള്‍ തുടങ്ങിയവ ഇന്ന് ഇവിടെ 3 ഇരട്ടിയോളം അധികമായി കാണപ്പെടുന്നു. കുട്ടികളില്‍ ജനനവൈകല്യം കാണപ്പെടാനുള്ള സാധ്യത 4 ഇരട്ടിയോളം ആണ് എന്നും 'ഗ്രീന്‍പീസ്' എന്ന അന്താരാഷ്ട്ര ഏജന്‍സി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കൊച്ചി നഗരത്തിന്‍റെ കുടിവെള്ള സ്രോതസ്സായ പെരിയാര്‍ നദിയുടെ മലിനീകരണവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ കഴിഞ്ഞ 4 ദശാബ്ദമായി ഏലൂര്‍-ഇടയാര്‍ മേഖലയില്‍ മാത്രം ഒതുങ്ങി നില്ക്കുകയാണ്. പെരിയാര്‍ നദി 14 കിലോമീറ്റര്‍ വീണ്ടും അറബികടലിലേക്ക് ഒഴുകണം എന്നും വേലിയേറ്റ സമയത്ത് 25 കിലോമീറ്ററോളം പുഴ തിരിച്ചൊഴുകി ഓര് കയറുന്നുണ്ട് എന്നും നമ്മള്‍ തിരിച്ചറിയേ ണ്ടതുണ്ട്. പെരിയാര്‍ നദിയിലെ ഈ മാലിന്യങ്ങള്‍ ജില്ലയില്‍ല്‍ വ്യാപിച്ച് കിടക്കുന്ന 700 കിലോമീറ്റര്‍ ഉള്ള കുടിവെള്ള പൈപ്പുകളിലൂടെ, മത്സ്യവിഭവങ്ങള്‍ അടങ്ങുന്ന ഭക്ഷണത്തിലൂടെ നമ്മുടെ വീടുകളില്‍ല്‍ എത്തിച്ചേരുന്നുണ്ട്. അടിയന്തിര പ്രാധാന്യത്തോടുകൂടി പെരിയാറിലെ മാലിന്യപ്രശ്നം ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് പന്ത്രണ്ടാം കേരള നിയമസഭാ പരിസ്ഥിതി സമിതി (2009) കേരള നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നും പൂഴ്ത്തിവെക്കപ്പെട്ടിരിക്കുകയാണ്!!!
രാസമാലിന്യം അനിയന്ത്രിതമായി പുഴയില്‍ തള്ളുന്ന കമ്പനികള്‍ക്ക് വേണ്ടി ഒത്താശ ചെയ്യുകയാണ് കക്ഷിഭേദമെന്യേ ജില്ലയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍. ഇതുമൂലം ഇല്ലാതാകുന്നത് എറണാകുളം ജില്ലയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ആരോഗ്യവും ജീവനുമാണ്. പെരിയാറിനെ മാലിന്യവിമുക്തമാക്കി സംരക്ഷിക്കുന്നത് നമ്മുടെ ജീവന്‍റെ നിലനില്പ്പിന് ആവശ്യമാണ്. ഇന്ന് നാം തുടരുന്ന നിസ്സംഗത ഒരുപക്ഷെ നാളെ നമ്മെ ഈ മണ്ണില്‍ല്‍ നിന്ന് തുടച്ചുമാറ്റിയേക്കാം.
ഡോ. മാര്‍ട്ടിന്‍ ഗോപുരത്തിങ്കല്‍
ഗവേഷകന്‍, KUFOS