news-details
കവർ സ്റ്റോറി

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കുടുംബത്തെ വിളിച്ചത് 'ഗാര്‍ഹികസഭ'യെന്നാണ്. സമൂഹത്തിലെ അടിസ്ഥാന യൂണിറ്റാണ് കുടുംബം. വിശുദ്ധ ബൈബിളില്‍ ആദത്തിന്‍റെയും ഹവ്വായുടെയും കുടുംബജീവിതത്തിന്‍റെ ചിത്രം നാം കാണുന്നു. അവസാനം വെളിപാടിന്‍റെ പുസ്തകത്തില്‍ സ്വര്‍ഗ്ഗീയ ജറുസലേം എന്ന പുതിയ കുടുംബത്തെക്കുറിച്ച് വിവരിക്കുന്നു. ഇന്നു വിവിധങ്ങളായ കാരണങ്ങളാല്‍ കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നുണ്ട്. ജോലിയുടെ ഭാരവും ജീവിതത്തിന്‍റെ തിരക്കും ദമ്പതിമാരെ ഞെരുക്കുന്നു. ഇതിനെന്താണ് പ്രതിവിധിയെന്നു നാം അന്വേഷിക്കണം. വിവാഹിതര്‍ക്കുള്ള കൗണ്‍സലിംഗില്‍ കണ്ടെത്തുന്ന ചില കാര്യങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് പക്വതയില്ലായ്മ എന്നത്. അടിസ്ഥാനപരമമായ ചില പക്വതകള്‍ നഷ്ടപ്പെടുമ്പോള്‍ ദാമ്പത്യം തകരുന്നു. ചില പ്രത്യേകതകളെക്കുറിച്ചു ചിന്തിക്കാം.

 

ഇന്നു വിവിധങ്ങളായ കാരണങ്ങളാല്‍ കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നുണ്ട്. ജോലിയുടെ ഭാരവും ജീവിതത്തിന്‍റെ തിരക്കും ദമ്പതിമാരെ ഞെരുക്കുന്നു. ഇതിനെന്താണ് പ്രതിവിധിയെന്നു നാം അന്വേഷിക്കണം. വിവാഹിതര്‍ക്കുള്ള കൗണ്‍സലിംഗില്‍ കണ്ടെത്തുന്ന ചില കാര്യങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് പക്വതയില്ലായ്മ എന്നത്. അടിസ്ഥാനപരമമായ ചില പക്വതകള്‍ നഷ്ടപ്പെടുമ്പോള്‍ ദാമ്പത്യം തകരുന്നു.

 

1. ശാരീരിക പക്വത

പുരുഷന്‍റെയും സ്ത്രീയുടെയും ശാരീരിക പക്വത പ്രത്യേകം പരാമര്‍ശിക്കേണ്ട കാര്യമാണ്. സന്തോഷത്തോടെ ബന്ധങ്ങള്‍ സ്ഥാപിക്കുവാനും മക്കള്‍ക്കു ജന്മം കൊടുക്കുവനുമുള്ള പക്വതയാണിത്. പുരുഷനും സ്ത്രീയ്ക്കും അവരവരുടേതായ ശാരീരിക പൂര്‍ണ്ണതയുണ്ടായിരിക്കണം.

2. വൈകാരിക പക്വത

പ്രത്യേകമായ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോള്‍ വൈകാരികമായ പക്വത ആവശ്യമാണ്. നിയന്ത്രണമില്ലാത്ത കോപം, പൊട്ടിത്തെറിക്കുന്ന സ്വഭാവം, തോന്നുന്നതൊക്കെ വിളിച്ചുപറയുന്ന രീതി എന്നിവയൊക്കെ അപക്വതയെ സൂചിപ്പിക്കുന്നു. ഒന്നിച്ചിരുന്ന് ശാന്തമായി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മാനസിക അവസ്ഥ ദമ്പതികള്‍ക്കുണ്ടാകണം.

3. സാമൂഹിക പക്വത

നമ്മളാരും ഒറ്റപ്പെട്ട തുരുത്തല്ല. മറ്റുള്ളവര്‍ക്കൊപ്പം ജീവിക്കേണ്ടവരാണ് നാം. മറ്റുള്ളവരോടു സംസാരിക്കാതെയും ആരെയും വീട്ടിലേക്ക് പ്രവേശിപ്പിക്കാതെയും ജീവിക്കുന്ന വ്യക്തികളെ കണ്ടിട്ടുണ്ട്. ആ കുടുംബങ്ങളില്‍ ജനിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടവരായിത്തീരും. ആ കുടുംബത്തെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുകയും ചെയ്യും.

4. ധാര്‍മ്മിക പക്വത

നന്മതിന്മകളെ തിരിച്ചറിയാനും സത്യത്തിന്‍റെ പക്ഷത്തു നില്‍ക്കുവാനുമുള്ള പക്വതയാണിത്. വളഞ്ഞ വഴികളിലൂടെ പണം സമ്പാദിക്കുന്നവരും, കള്ളത്തരം കാണിച്ചു ജീവിക്കുന്നവരുമൊക്കെ സമൂഹത്തെ തകര്‍ക്കും. ധാര്‍മ്മികമായ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുവാനുള്ള മനസ്സ് ദമ്പതികള്‍ക്കുണ്ടാവണം.

5. സാമ്പത്തിക പക്വത

സാമ്പത്തികമായ തകര്‍ച്ച കുടുംബബന്ധങ്ങളില്‍ ഇന്നു കാണുന്നുണ്ട്. കുടുംബത്തെ പോറ്റുവാനും, അനുദിന ആവശ്യങ്ങള്‍ ക്രമമായി നടത്തുവാനുള്ള സമ്പത്തുണ്ടായിരിക്കണം. അങ്ങനെയുള്ള അവസ്ഥയില്ലാത്തവര്‍  കുടുംബജീവിതം നയിക്കുമ്പോള്‍ അവര്‍ നിരാശയിലേക്കു നിപതിക്കുന്നതു കാണാം.

6. ആത്മീയ പക്വത

കുടുംബത്തില്‍ ദൈവത്തിനു പ്രഥമസ്ഥാനം കൊടുക്കണം. ദൈവത്തെ അകറ്റിനിര്‍ത്തി വീടു പണിതാല്‍ ബാബേല്‍ ഗോപുരം പോലെ വീട് തകര്‍ന്നു പോകും. മതപരമായ കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുവാനും, ദൈവത്തിന് പ്രഥമസ്ഥാനം കൊടുത്തു മുന്നോട്ടു പോകുവാനും ദമ്പതികള്‍ക്കു സാധിക്കണം.

മേല്‍പ്പറഞ്ഞ പക്വതകളുടെ അഭാവം ഇന്നിന്‍റെ അപകടമാണ്. പ്രതീക്ഷയോടെ ആരംഭിക്കുന്ന പല ജീവിതങ്ങളിലും തകര്‍ച്ച സംഭവിക്കുന്നതിവിടെയാണ്. ശ്രദ്ധാപൂര്‍വ്വം പരസ്പരം ശ്രവിക്കുന്നതിന് പല ദമ്പതികള്‍ക്കും കഴിയുന്നില്ല. ജീവിത തിരക്കുമൂലം ജീവിത പങ്കാളിയെ കേള്‍ക്കുവാന്‍ കഴിയാത്ത അവസ്ഥയുണ്ട്. മക്കളെ ശ്രവിക്കുവാന്‍ മാതാപിതാക്കള്‍ക്കു സമയമില്ല. പ്രായമായവരെ ശ്രവിക്കുവാന്‍ മക്കള്‍ക്കു കഴിയുന്നില്ല. ഇപ്രകാരമുള്ള അപകടങ്ങള്‍ കടന്നുവരുമ്പോള്‍ പകച്ചുനില്‍ക്കുന്നവരെ കാണാം. ഒന്നോ രണ്ടോ അംഗങ്ങള്‍ മാത്രമായി കുടുംബങ്ങള്‍ ചുരുങ്ങുന്നു. അത്തരത്തിലുള്ള കുടുംബങ്ങളില്‍ നിന്നുമുള്ളവര്‍ വിവാഹത്തില്‍ പ്രവേശിക്കുമ്പോള്‍ പരസ്പരം വിധേയത്വത്തിനു തടസ്സം നേരിടുന്നു. കുടുംബ ജീവിതത്തില്‍ ഇങ്ങനെയുള്ള പ്രതിസന്ധികള്‍ കടന്നുവരുമ്പോള്‍ ശ്രദ്ധാപൂര്‍വ്വമായ ചില ചുവടുവെയ്പുകളിലേക്ക് ഭാര്യാഭര്‍ത്താക്കന്മാര്‍ കടന്നുവരേണ്ടതുണ്ട്. താഴെപറയുന്ന കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ തകര്‍ന്നു പോകുന്ന ദാമ്പത്യങ്ങളെ വീണ്ടെടുക്കാന്‍ കഴിയും.

1. സ്നേഹത്തിന്‍റെ ദാമ്പത്യം

പരസ്പരം സ്നേഹം പ്രകടിപ്പിക്കണം. സ്നേഹിക്കുവാനായി ദൈവം നല്‍കിയതാണ് ജീവിതസഖി. ഈ സ്നേഹം പ്രകടിപ്പിക്കണം. സ്നേഹം കാത്തിരിക്കുവാന്‍ പ്രേരിപ്പിക്കും. സ്നേഹം നമ്മെ കരയിപ്പിക്കും. ജീവിത പങ്കാളിക്ക് തകര്‍ച്ച വന്നാല്‍ രണ്ടുപേരും ഒരുമിച്ചു കരയും... യാത്രപോയ ജീവിതപങ്കാളി തിരിച്ചുവരുന്ന സമയത്തിനായി കാത്തിരിക്കും. സ്നേഹം ഒരു കാത്തിരിപ്പാണ്. സ്നേഹിക്കുക എന്നതായിരിക്കണം ദാമ്പത്യത്തിന്‍റെ പ്രമാണം.

2. കരുണയുടെ ദാമ്പത്യം

കരുണയില്ലാത്ത സംസാരങ്ങളും പ്രവൃത്തികളും ഉപേക്ഷിക്കണം. പരുഷമായ പദപ്രയോഗങ്ങള്‍ ഉപേക്ഷിക്കണം. ജീവിത പങ്കാളി കരുണ കാണിച്ചില്ലെങ്കില്‍ പിന്നെ ആരു കരുണ കാണിക്കും? സംസാരത്തിലെ അശ്രദ്ധ കുടുംബത്തെ തകര്‍ക്കും. കാരുണ്യത്തിന്‍റെ ഇടപെടലുകളും സംസാരവും കുടുംബത്തില്‍ നില്‍ക്കട്ടെ.

3. വിശ്വസ്തതയുടെ ദാമ്പത്യം

ഒരിക്കലും സംശയത്തിന്‍റെ വിത്ത് കുടുംബത്തില്‍ വീഴാതെ സൂക്ഷിക്കണം. ചില വീഴ്ചകള്‍ നേരില്‍ കണ്ടാല്‍പ്പോലും സ്വപ്നം കണ്ടെന്നുകരുതി തള്ളിക്കളയണം. കുടുംബകോടതിയില്‍ വരുന്ന പല കേസുകളിലും സംശയത്തിന്‍റെ വേരുകള്‍ കാണാം. ശ്വസിക്കുന്ന വായുവിനെയും കുടിക്കുന്ന വെള്ളത്തെയും സംശയിക്കുന്നതുപോലെയാണ് ദാമ്പത്യത്തിലെ സംശയരോഗങ്ങള്‍. അറിവുള്ള മനഃശാസ്ത്രജ്ഞന്മാരെയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരെയും കാണിച്ചു ഇതില്‍ നിന്നും മോചനം തേടേണ്ടതുണ്ട്.

4. സാമീപ്യത്തിന്‍റെ ദാമ്പത്യം

മൂന്നു സാമീപ്യങ്ങള്‍ കുടുംബത്തില്‍ അത്യാവശ്യമാണ്. പരസ്പരം അടുത്തിരുന്നു സംസാരിക്കണം. ഓരോ ദിവസവും അന്നന്നുണ്ടായ കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കണം. ഇതാണ് ശാരീരിക സാമീപ്യം. രണ്ടുപേരും പരസ്പരം മനസ്സില്‍ ഓര്‍ക്കണം. വടക്കുനോക്കി യന്ത്രത്തിന്‍റെ സൂചി വടക്കോട്ടു തിരിയുന്നതുപോലെ ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം ആകര്‍ഷിച്ചു കൊണ്ടിരിക്കണം. ഇതാണ് മാനസിക സാമീപ്യം. ജീവിതപങ്കാളിയെ ഓര്‍ത്തു നിരന്തരം പ്രാര്‍ത്ഥിക്കുന്നതാണ് ആത്മീയ സാമീപ്യം. ഈ മൂന്നു സാമീപ്യങ്ങള്‍ കൊടുത്താല്‍ ഒരു പ്രത്യേക തരംഗം ദമ്പതികളിലുണ്ടാവും.

5. സ്വാതന്ത്ര്യത്തിന്‍റെ ദാമ്പത്യം

എന്തും ഏതും പരസ്പരം പറയുവാനുള്ള സ്വാതന്ത്ര്യം കുടുംബത്തിലുണ്ടാവണം. മൂത്ത സഹോദരന് ഇളയ സഹോദരിയോടുള്ള സ്വാതന്ത്ര്യം ഭര്‍ത്താവിനും ഇളയ സഹോദരിക്ക് മൂത്ത സഹോദരനോടുള്ള സ്വാതന്ത്ര്യം ഭാര്യക്കും കൊടുക്കണം. അടിമയെപ്പോലെ രണ്ടുപേരും ആകരുത്. പരസ്പരം സ്വാതന്ത്ര്യമുള്ള വീട് സ്വര്‍ഗ്ഗമായിത്തീരും.

6. സംതൃപ്തിയുടെ ദാമ്പത്യം

മനസ്സില്‍ ഒന്നും ഒളിച്ചുവയ്ക്കാതിരിക്കുകയെന്നത് സംതൃപ്തിയുടെ ഭാഗമാണ്. ചില കാര്യങ്ങള്‍ പിന്നെപ്പറയാമെന്നു കരുതി മാറ്റിവെച്ചാല്‍ നിസ്സാരകാര്യത്തിന് പൊട്ടിത്തെറിക്കാം. ചെറിയ കാര്യങ്ങളില്‍ പ്രകോപിതരാകുന്നതിന്‍റെ കാരണം ഉള്ളിലുള്ള അതൃപ്തിയാണ്. ദമ്പതികളുടെ മുഖഭാവം കാണുമ്പോള്‍ മനസ്സിന്‍റെ അവസ്ഥ മനസ്സിലാക്കുവാന്‍ സാധിക്കും. അതൃപ്തിയുണ്ടാക്കുന്ന ചെറിയ കാര്യംപോലും ദമ്പതികള്‍ പരസ്പരം പങ്കുവെയ്ക്കണം.

7. സമാധാനത്തിന്‍റെ ദാമ്പത്യം

ജീവിതപങ്കാളിയുടെ മാതാപിതാക്കളെയോ സഹോദരങ്ങളെയോ താഴ്ത്തിപ്പറയരുത്. ഒളിയമ്പു പ്രയോഗങ്ങളും കുത്തുവാക്കുകളും കുടുംബത്തില്‍ നിന്ന് പിഴുതുകളയണം. വീട്ടിനുള്ളില്‍ സമാധാനം നഷ്ടപ്പെട്ടാല്‍ എല്ലാ മേഖലകളിലും അത് പ്രതിധ്വനിക്കും. സമാധാനമില്ലാത്ത കുടുംബം നരകമാണ്.

8. സുരക്ഷിതത്വബോധം നല്‍കുന്ന ദാമ്പത്യം

മക്കളുടെ മുമ്പില്‍ വച്ച് ഭാര്യയെ താഴ്ത്തി സംസാരിക്കരുത്. ഭാര്യ ഭര്‍ത്താവിനെ താഴ്ത്തിയും സംസാരിക്കരുത്. ഒറ്റയ്ക്ക് മുറിയിലായിരിക്കുമ്പോള്‍ തിരുത്തുക. പരസ്യമായുള്ള തിരുത്തലുകള്‍ അവസാനിപ്പിക്കണം. പരസ്പരം നല്‍കേണ്ട കരുതലുകള്‍ക്ക് ഊന്നല്‍ കൊടുക്കണം. പരസ്പരശ്രദ്ധയും വീട്ടിനുള്ളിലെ വൃത്തിയുമെല്ലാം ഇതിന്‍റെ ഭാഗമായി കാണണം.

9. സമര്‍പ്പണത്തിന്‍റെ ദാമ്പത്യം

ശാരീരികമായുള്ള ഭര്‍ത്താവിന്‍റെ ആവശ്യങ്ങള്‍ ഭാര്യയും, ഭാര്യയുടെ ആവശ്യങ്ങള്‍ ഭര്‍ത്താവും നിറവേറ്റികൊടുക്കണം. പരസ്പരമെടുക്കുന്ന തീരുമാനത്തിലൂടെ മാത്രമേ ശാരീരിക അകല്‍ച്ച പാലിക്കാവൂ. സാമ്പത്തിക തലത്തില്‍ രണ്ടുപേരും ഒന്നിച്ചുനില്‍ക്കണം. ഭാര്യയെ ഒളിക്കുന്ന പണമിടപാടുകള്‍ ഭര്‍ത്താവ് നടത്തരുത്. ഭര്‍ത്താവറിയാത്ത പണമിടപാടുകള്‍ ഭാര്യയും നടത്തരുത്. തുറന്ന പുസ്തകംപോലെ സാമ്പത്തിക ഇടപാടുകളില്‍ പരസ്പരം ശ്രദ്ധിക്കണം. ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്ന ഒരു കുടുംബമായിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും, ഭക്ഷിക്കുകയും ചെയ്യുന്നിടത്ത് ദൈവാനുഗ്രഹവും ഐക്യവും ഉണ്ടായിരിക്കും. സ്വയം ദാനമായി പരസ്പരം നല്‍കുവാന്‍ ദമ്പതികള്‍ക്കു സാധിക്കട്ടെ.

10. വിവേകത്തിന്‍റെ ദാമ്പത്യം

കയ്യില്‍ നിന്നുപോയ കല്ലും വായില്‍ നിന്നുപോയ വാക്കും തിരിച്ചു പിടിക്കാനാവില്ല. ക്ഷിപ്രകോപംകൊണ്ടു പറഞ്ഞുപോകുന്ന വാക്കുകളും, ചെയ്യുന്ന പ്രവൃത്തിയും വലിയ തകര്‍ച്ചകള്‍ക്കു കാരണമാവും. ഖേദിക്കുന്ന ഭൂതകാലസ്മരണകളുണ്ടാക്കുന്ന വാക്കും പ്രവൃത്തിയും ഉപേക്ഷിക്കുക.

ഒരിക്കല്‍ മാത്രമുള്ള ജീവിതത്തെ ഒരുക്കത്തോടെ സ്വീകരിക്കുക, ഒരുമിയില്‍ ജീവിക്കുക. അങ്ങനെ ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയുവാന്‍ ദമ്പതികള്‍ക്കു സാധിക്കട്ടെ.

വിവാഹജീവിതം നാല് അടിസ്ഥാനപരമായ തൂണുകളില്‍ ഉറച്ചു നില്‍ക്കുന്നു. വിജ്ഞാനം, വിശുദ്ധി, വിധേയത്വം, വീണ്ടെടുപ്പ്.

1. വിജ്ഞാനം എന്നു പറഞ്ഞാല്‍ ഒരു ഭര്‍ത്താവിന്‍റെ സ്വഭാവപ്രത്യേകതകള്‍ ഭാര്യ മനസ്സിലാക്കണം. ഭര്‍ത്താവ് ഭാര്യയുടെ സ്വഭാവപ്രത്യേകതകള്‍ മനസ്സിലാക്കണം. നല്ല ലേഖനങ്ങള്‍, കുടുംബവിജ്ഞാന സെമിനാറുകള്‍ അതിലെല്ലാം പങ്കെടുത്ത് ശാരീരിക മാനസിക വൈകാരിക തലങ്ങളെക്കുറിച്ച് ഭര്‍ത്താവും ഭാര്യയും പരസ്പരം മനസ്സിലാക്കണം. വിജ്ഞാനം ആര്‍ജ്ജിക്കുക ദാമ്പത്യത്തില്‍ പ്രാധ്യന്യമര്‍ഹിക്കുന്നു. വിവാഹ ഒരുക്ക ധ്യാനങ്ങള്‍ വിജ്ഞാനത്തെ വളര്‍ത്തും.

2. വിശുദ്ധി എന്നാല്‍ ഒരാളെ വിവാഹം കഴിച്ചാല്‍ അസംതൃപ്തി വരുമ്പോള്‍ മറ്റൊരാളെ സ്വപ്നം കാണരുത്. കിട്ടിയ ഭാര്യയെക്കുറിച്ച് ഭര്‍ത്താവ് സന്തോഷിക്കണം. കിട്ടിയ ഭര്‍ത്താവിനെക്കുറിച്ച് ഭാര്യയും. രണ്ടു ഭാര്യമാരുണ്ടെന്നാണ് പറയുക, രണ്ട് ഭര്‍ത്താക്കന്മാരും. സങ്കല്‍പ്പത്തിലെ ഭര്‍ത്താവ്, ദൈവം തന്ന ഭര്‍ത്താവ്. സങ്കല്‍പ്പത്തിലെ ഭാര്യ, ദൈവം തന്ന ഭാര്യ. സങ്കല്പത്തിലെ ഉപേക്ഷിച്ചിട്ട് കിട്ടിയ ആളെക്കൊണ്ട് സംതൃപ്തിയോട ജീവിക്കുക. അതിനു വിളിക്കുന്ന വാക്കാണ് വിശുദ്ധി.

3. വിധേയത്വം ചില കാര്യങ്ങളില്‍ കുടുംബം നിലനില്‍ക്കണമെങ്കില്‍ ചില കാര്യങ്ങള്‍ കണ്ടില്ല കേട്ടില്ല എന്നു വച്ച് ഭര്‍ത്താവ് ഭാര്യയോടും, ഭാര്യ ഭര്‍ത്താവിനോടും വിധേയത്വം കാണിക്കണം. വിധേയത്വം കാണിക്കാന്‍ സ്ത്രീകള്‍ക്കാണ് കഴിവ് കൂടുതല്‍ കര്‍ത്താവ്  കൊടുത്തിരിക്കുന്നത്. സമത്വമെന്നത് തത്വത്തില്‍ പറയാമെങ്കിലും ഒരു സ്ത്രീ കൂടുതല്‍ വിധേയത്വം കാണിക്കുമ്പോള്‍ കുടുംബം സംതൃപ്തകരമാകും. ഇത് ഭര്‍ത്താവിന്‍റെ അവകാശമല്ല ഭാര്യ നല്കുന്ന ആനുകൂല്യമാണ്. ഔദാര്യമാണ്.

4. വീണ്ടെടുപ്പ് എല്ലാ കുറവുകളുള്ള ഒരു പുരുഷനെയാണ് സ്ത്രീയ്ക്ക് കൊടുത്തിരിക്കുന്നത്.എല്ലാ കുറവുകളുമുള്ള സ്ത്രീയെയാണ് പുരുഷന് കൊടുത്തിരിക്കുന്നത്.  ഭര്‍ത്താവിന്‍റെ കുറവ് ഭാര്യ പരിഹരിക്കണം. ഭാര്യയുടെ കുറവ് ഭര്‍ത്താവും. ഭാര്യയും ഭര്‍ത്താവും പരസ്പരം കുറ്റം പറഞ്ഞാല്‍ കുടുംബം തകരും. ഭര്‍ത്താവിന് പ്രാര്‍ത്ഥന കുറവാണോ ഭാര്യ കൂടുതല്‍ പ്രാര്‍ത്ഥിക്കണം. ഭാര്യയ്ക്ക് മനശക്തി കുറവാണെങ്കില്‍ ഭര്‍ത്താവ് മനശക്തി കാണിക്കണം. ഭര്‍ത്താവിന് സഹനശക്തി കുറവാണോ. കൂടുതല്‍ സഹിച്ചുകൊണ്ട് ഭാര്യ വീണ്ടെടുക്കണം. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ദാമ്പത്യ ജീവിതം ഉണ്ടാകട്ടെ, ഒരു പുരുഷനെ വീണ്ടെടുക്കാന്‍ ദൈവം എനിക്ക് തന്നു. ഒരു സ്ത്രീയെ വീണ്ടെടുക്കാന്‍ ദൈവം എനിക്കു തന്നു.

ഇങ്ങനെ ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്നും അനുഭവിക്കുന്ന ഒരുപാട് പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുകയും അല്പംകൂടി ശോഭിക്കുന്ന കുടുംബത്തിന് രൂപം നല്‍കാന്‍ സാധിക്കുകയും ചെയ്യും.

You can share this post!

മിതത്വം

ഷൗക്കത്ത്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts