news-details
കവർ സ്റ്റോറി

ഫരിസേയരുടെ പുളിമാവിനെ സൂക്ഷിക്കുക

അനിത വന്നത് കടുത്ത നിരാശയിലാണ്. തലേ രാത്രി അവള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഒരിത്തിരി ആശ്വാസം പ്രതീക്ഷിച്ച് എത്തിയതാണ്. കല്യാണം കഴിഞ്ഞ് അധികമാകുന്നതിനു മുമ്പ് തമ്മില്‍ പിണങ്ങി സ്വന്തം വീട്ടിലായിരുന്നു കുറച്ചുകാലം. അന്ന് പ്രശ്നങ്ങളെല്ലാം ഒരുവിധം പറഞ്ഞു തീര്‍ത്തതാണ്. ഭര്‍ത്താവ് വന്ന് അവളെ ജോലിസ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തിരുന്നു. ഇതിനിടയില്‍ അവള്‍ ഗര്‍ഭിണിയായി.

ഇപ്പോള്‍ എട്ടുമാസമായി. വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടായത് പ്രസവത്തിനു വിടുന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ്. ഈ ചടങ്ങിന് മന്ത്രകോടി ഉടുക്കണമെന്ന് ആന്‍റി പറഞ്ഞു. അങ്ങനെയാണ് നിയമമെന്ന് അമ്മായിയമ്മയും ശഠിച്ചു. എന്നാല്‍ സ്വര്‍ണ്ണമാല പണയത്തിലായതുകൊണ്ട് ചുരിദാര്‍ ധരിക്കാം എന്നവള്‍ കരുതിയിരുന്നു. മാലയില്ലാതെ സാരി ഉടുക്കാന്‍ ഒരു മടി. ഭര്‍ത്താവിനോട് ഈ കാര്യം പറഞ്ഞ് അനുവാദം വാങ്ങുകയും ചെയ്തിരുന്നു. സാരി ഉടുക്കാന്‍ നിര്‍ബന്ധിക്കുന്നവരോടും അവള്‍ ഉള്ളകാര്യം പറഞ്ഞു. എന്നാല്‍ വീട്ടുകാര്‍ ഇതിനെ വലിയൊരു നിയമലംഘനമായി കാണുകയും ഭര്‍ത്താവിന്‍റെ വീട്ടുകാരെ മനപ്പൂര്‍വ്വം ആക്ഷേപിക്കാനുള്ള ശ്രമമായി ചിത്രീകരിക്കുകയും ചെയ്തു. മൂന്നുനാല് ആന്‍റിമാര്‍ ചേര്‍ന്ന് ഈ പ്രശ്നം അതീവസങ്കീര്‍ണ്ണമാക്കി. പതിനൊന്നു മണിയായപ്പോള്‍ അമ്മയും സഹോദരനും മറ്റുള്ളവരും എത്തി.

സ്വന്തം അമ്മയും മറ്റുള്ളവരുടെകൂടെക്കൂടി സാരി ഉടുക്കാന്‍ നിര്‍ബന്ധിച്ചു. ഗത്യന്തരമില്ലാതെ മന്ത്രകോടി ഉടുത്ത് ചടങ്ങില്‍ പങ്കെടുക്കുകയും വീട്ടിലോട്ടു പോരുകയും ചെയ്തു. പ്രശ്നം ഇവിടെ തീരേണ്ടതായിരുന്നു. എന്നാല്‍ ഫരിസേയ മനസ്സുള്ള ആന്‍റിമാര്‍ വിഷയം ടെലഫോണ്‍ ചര്‍ച്ചയ്ക്കെടുത്തു. ഭര്‍ത്താവ് പല ദിവസവും അവളോട് ഇതെപ്പറ്റി ഫോണില്‍ ദേഷ്യപ്പെടുകയും ചീത്തവിളിക്കുകയും മൊബൈല്‍ ഓഫാക്കി വയ്ക്കുകയും ചെയ്തു. അനിതക്ക് ഏറ്റം സങ്കടമായത് അമ്മ കൂറുമാറിയതാണ്. മുനവച്ച വാക്കുപറഞ്ഞ് അമ്മയും അവളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. തനിക്കാരുമില്ലെന്ന ശക്തമായ തോന്നലുണ്ടായപ്പോഴാണ് അവള്‍ ബ്ലയിഡുകൊണ്ട് കൈത്തണ്ടയിലെ ഞരമ്പു മുറിച്ചത്. അതു സാരമായില്ല. ഇതൊക്കെ കേട്ടപ്പോള്‍ എനിക്കു വലിയ വിഷമം തോന്നി. ഞാനാണല്ലോ വഴക്ക് ഒത്തുതീര്‍പ്പിലെത്തിച്ച് അനിതയെ ഭര്‍ത്താവിന്‍റെ അടുക്കലേക്ക് പറഞ്ഞു വിട്ടത്. അവള്‍ ഇപ്പോള്‍ ഗര്‍ഭിണിയും. ഇനി എന്തു ചെയ്യും?

ഞാന്‍ അനിതയുടെ അമ്മയെ വിളിച്ചു. അവര്‍ വന്നു. മകള്‍ ഗര്‍ഭിണിയല്ലെ വിഷമിപ്പിക്കരുതെന്ന ആമുഖത്തോടെ കാര്യം പറഞ്ഞു തുടങ്ങി. അവളുടെ കയ്യിലിരുപ്പ് ശരിയല്ലെന്ന് അമ്മ. പറഞ്ഞു പറഞ്ഞു സമാധാനപ്പെടുത്തി. പ്രസവം വരെ കേസ് അവധിക്കു വെച്ചു. അതുവരെ സകലതിനും സ്റ്റേ ഓര്‍ഡറും വിധിച്ചു. പ്രശ്നം സാരിയുടേതു മാത്രമല്ലെന്നറിയാം. മറ്റ് ഇഷ്ടക്കേടുകളും കാണും. എന്നാലും ഒരു ഗര്‍ഭിണിയെ സങ്കടപ്പെടുത്തുന്നതില്‍ അതിയായ വിഷമം തോന്നി.

സത്യത്തില്‍, പ്രസവത്തിനുപോകുന്ന ചടങ്ങില്‍ ഗര്‍ഭിണി മന്ത്രികോടി ഉടുക്കണം എന്നു നിയമം ഉണ്ടോ? ബൈബിളിലോ, തിരുസ്സഭയുടെ നടപടികളിലോ ഇല്ല. അത് ഒരു പക്ഷേ എഴുതപ്പെടാത്തതും പാരമ്പര്യത്തില്‍ ഉള്ളതുമായ നിയമം ആയിരിക്കാം. അങ്ങനെ എന്തെല്ലാം പൊട്ട നിയമങ്ങള്‍. ഇപ്രകാരം നിയമങ്ങള്‍ ഉണ്ടാക്കുന്നതില്‍ ആനന്ദം അനുഭവിച്ചിരുന്നത് ഫരിസേയരാണ്. ദൈവം മോശവഴി നല്കിയ പത്തുപ്രമാണങ്ങള്‍ അവര്‍ ആയിരക്കണക്കിനു നിയമങ്ങളാക്കി ജനങ്ങളെ ഭാരപ്പെടുത്തി. നിയമങ്ങള്‍ അനുസരിക്കുന്നുവെന്ന് സ്വയം അഹങ്കരിക്കുകയും സ്വന്തം കഴിവില്‍ ആശ്രയിക്കുകയും മറ്റുള്ളവരെ സദാ പുച്ഛിക്കുകയും ചെയ്യുന്നവരായിരുന്നു അവര്‍. അവരുടെ പ്രധാന ജോലി മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടുപിടിച്ചു കൂട്ടികൊളുത്തുക എന്നതുമായിരുന്നു. ശിഷ്യന്മാര്‍ കൈകഴുകാതെ ഭക്ഷണം കഴിക്കാനിരുന്നതും സാബത്തില്‍ ഗോതമ്പു കതിരു പറിച്ചു തിരുമ്മി തിന്നതും ഗൗരവമായ നിയമലംഘനമായി അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടല്ലോ. ഇവരെ അകറ്റി നിര്‍ത്താന്‍ ഈശോ എപ്പോഴും ശ്രദ്ധിച്ചിരുന്നു. 

ഫരിസേയരുടെ പുളിമാവിനെ സൂക്ഷിച്ചുകൊള്ളണം എന്ന് താക്കീതു നല്കുകയും ചെയ്തിരുന്നു. ഉപേക്ഷാപത്രം നല്കി ഭാര്യയെ ഉപേക്ഷിക്കുന്ന കഠിനഹൃദയരാണ് അവരെന്നും ഈശോ പറയുകയുണ്ടായി. ഇന്നു നമ്മുടെ വീടുകളിലും പലരും ആവേശത്തോടെ ഉപേക്ഷാപത്രങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ്. അവര്‍ ഭാര്യയോ-ഭര്‍ത്താവോ, അപ്പനോ-അമ്മയോ, അങ്കിളോ-ആന്‍റിയോ ആരുമാകട്ടെ. ഇത്തരക്കാരുടെ കുട്ടിക്കൊളുത്തലുകള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു.

പാരമ്പര്യവാദികളെന്ന് സ്വയം അഹങ്കരിക്കുന്ന കപടനാട്യക്കാര്‍ കുടുംബങ്ങളില്‍ വരുത്തുന്ന ദുരന്തം ചെറുതല്ല. ഇവളെ കല്ലെറിയുക എന്നു പറയുന്നവരോട് നിങ്ങളില്‍ പാപമില്ലാത്തവര്‍ എറിയട്ടെ എന്നു പറയാനും അവര്‍ കൈകഴുകാതെ ഭക്ഷിക്കുന്നുവെന്ന് ആക്ഷേപിക്കുമ്പോള്‍ ആദ്യം നിങ്ങളുടെ ഉള്ളു കഴുകുക എന്ന് ഓര്‍മ്മിപ്പിക്കാനും സാബത്തില്‍ കതിരു തിന്നുന്നുവെന്നു പിറുപിറുക്കുന്നവരോട് നിങ്ങളുടെ ദാവീദ് എന്താണ് ചെയ്തതെന്ന് ചോദിക്കാനും ധൈര്യമുള്ള നസ്രായന്‍ നമ്മുടെ വീടുകളില്‍ ഇല്ലാതെ പോകുന്നു. കാര്യം, ഭര്‍ത്താക്കന്മാര്‍ ക്രിസ്തുവിന്‍റെ സ്ഥാനത്ത് ആണെങ്കിലും കൂടെയുള്ളവരുടെ ചില്ലറകുറവുകളെ പൊതിഞ്ഞു സൂക്ഷിക്കാനുള്ള സ്നേഹത്തിന്‍റെ അങ്കി അവരുടെ കൈവശമില്ലാതെ പോകുന്നു. എല്ലാ നിയമങ്ങളും സ്നേഹമെന്ന ഒറ്റനിയമത്തിലേയ്ക്കെത്തുന്ന പുതിയ കാലം ഉണ്ടാവട്ടെ. അതിനായി ഫരിസേയരുടെ പുളിമാവ് വീടുകളില്‍ നിന്നു നമുക്കു മാറ്റിക്കളയാം

You can share this post!

കുടുംബം ഒരു ദേവാലയം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts