news-details
കഥപറയുന്ന അഭ്രപാളി

ഭാവിയും ഭാഷയും കെട്ടുപിണയുന്ന അറൈവല്‍

 ഡെന്നീസ് വില്ലെന്യൂവിന്‍റെ ഏറ്റവും പുതിയ സിനിമയാണ് ടെഡ് ചിയാംഗിന്‍റെ 'Story of your Life' എന്ന ചെറുകഥയെ അധികരിച്ച് ഒരുക്കിയ 'അറൈവല്‍'. സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു സൃഷ്ടിയായി വരുംകാലങ്ങളില്‍ ഓര്‍മ്മിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു കഥയാണ് അറൈവല്‍. ചിയാംഗിന്‍റെ ഗംഭീരമായ കഥയെ അതിസൂക്ഷ്മമായി വെള്ളിത്തിരയിലേക്ക് ആവാഹിച്ചിട്ടുണ്ട് വില്ലെന്യൂ. ഇന്‍സെന്‍ഡീവ്, പ്രിസണേഴ്സ്, എനിമി മുതലായ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍റെ കൈയൊപ്പ് ഈ സിനിമയിലും പതിഞ്ഞിട്ടുണ്ട്. സാങ്കേതികവിഭാഗത്തില്‍ സൗണ്ട് ഡിസൈനുള്ള അക്കാഡമി അവാര്‍ഡ് നേടിയ ഈ സിനിമ അടുത്തകാലത്ത് ഹോളിവുഡിലുണ്ടായ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്. ഒപ്പം എക്കാലത്തേയും മികച്ച അഡാപ്റ്റേഷനുകളിലൊന്നുമാവും ഇത്.

ചിയാംഗിന്‍റെ കഥ ഒരു നോണ്‍ ലീനിയര്‍ നറേഷനാണ് ഉപയോഗപ്പെടുത്തുന്നത്. ലൂയിസ് ബാങ്ക്സ് എന്ന ലിംഗ്വിസ്റ്റിന്‍റെ ഓര്‍മ്മകള്‍/ അനുഭവങ്ങള്‍ എന്ന നിലയിലാണ് കഥ ഇതള്‍വിരിയുന്നത്. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ അന്യഗ്രഹജീവികള്‍  വന്നിറങ്ങുന്നു. മനുഷ്യരുമായി അവര്‍ ആശയവിനിമയത്തിന് മുതിരുന്നു. അതില്‍ സഹായിക്കാനായി അമേരിക്കന്‍ പട്ടാളം ലൂയിസിന്‍റെ സഹായം തേടുന്നു. ലൂയിസിനൊപ്പം ടീം ലീഡറായി ഇയാന്‍ ഡേണലി എന്ന പാര്‍ട്ടിക്കിള്‍ ഫിസിസിസ്റ്റും എത്തുന്നു. സങ്കീര്‍ണമായ ഏലിയന്‍ ഭാഷ അഴിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് സിനിമയുടെ കാതല്‍. ഈ ശ്രമങ്ങള്‍ ലൂയിസിന്‍റെ ജീവിതത്തെയാകെ മാറ്റിമറിക്കുന്നു. സംസാരഭാഷയില്‍ നിന്ന് പാടേ വ്യത്യസ്തമായ ലിപികളാണ് അന്യഗ്രഹജീവികള്‍ ഉപയോഗിക്കുന്നതെന്ന് ലൂയിസ് കണ്ടെത്തുന്നു. ഒരു വരി എഴുതുന്നതിനുമുമ്പ് തുടക്കം മുതല്‍ ഒടുക്കം വരെയുള്ള വാക്കുകള്‍ മനസ്സില്‍ രൂപപ്പെടുത്തി ഒരൊറ്റ വിരലനക്കം കൊണ്ട് അത് എഴുത്തിലാക്കുന്നതാണ് ഏലിയന്‍ രചനാരീതി. ഇത് ഭാവിയേക്കുറിച്ചുള്ള മുന്നറിവുള്ളതിനാല്‍ മാത്രം സാധിക്കുന്നതാണെന്ന് ലൂയിസ് തിരിച്ചറിയുന്നിടത്ത് കാര്യങ്ങളാകെ മാറിമറിയുകയാണ്. തന്‍റെ ജീവിതത്തില്‍ വരാനിരിക്കുന്ന നല്ല കാര്യങ്ങള്‍, താനും ഇയാനും വിവാഹിതരാകുന്നതും, തങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ടാകുന്നതും, മകള്‍ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ മരിക്കുന്നതുമെല്ലാം ലൂയിസ് മുന്‍കൂട്ടി കാണുന്നു. സങ്കീര്‍ണമായ എന്നാല്‍ ഭാവിയെ മുന്‍കൂട്ടി കാണാന്‍ സഹായിക്കുന്ന ഭാഷ മനുഷ്യര്‍ക്ക് കൈമാറാനാണ് അന്യഗ്രഹജീവികള്‍ ഇവിടേക്കു വന്നതെന്ന് മനസ്സിലാക്കുന്ന ലൂയിസിന്‍റെ ഇടപെടല്‍ മൂലം ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളില്‍ നിന്ന് പിന്‍വാങ്ങുന്നു. ഏലിയന്‍ ഷിപ്പുകള്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന വേളയില്‍ വര്‍ത്തമാനവും ഭാവിയും കൂടിക്കുഴഞ്ഞ അവസ്ഥയില്‍ ഇയാനെ ചുംബിക്കുന്ന ലൂയീസില്‍ സിനിമ അവസാനിക്കുന്നു.

ചിയാംഗിന്‍റെ കഥയെ ഒട്ടു മിക്കയിടത്തും വില്ലെന്യൂ പിന്‍തുടരുന്നു. നാടകീയമായ രംഗങ്ങള്‍ ചിലത് ചേര്‍ത്തിട്ടുണ്ടെങ്കിലും 'Story of your Life'ന്‍റെ ഇഴകളെ പിന്‍പറ്റിയാണ് സിനിമ മുന്നോട്ടോടുന്നത്. ലൂയിസ് സംസാരിക്കുന്ന രണ്ട് അന്യഗ്രഹജീവികളില്‍ ഒരാള്‍ അമേരിക്കന്‍ പട്ടാളത്തിലെ ചിലരുടെ കുബുദ്ധിയില്‍ മരിച്ചുപോകുന്നത് കഥയില്‍ നിന്നുള്ള പ്രധാനപ്പെട്ട ഒരു മാറ്റമാണ്. ചിയാംഗ് മനപ്പൂര്‍വ്വം കഥയെ കുഴമറികളിലേക്ക് തള്ളിയിട്ട് ഭാഷകൊണ്ടുള്ള കസറത്താക്കി മാറ്റുന്നുണ്ട്. ശാസ്ത്രീയമായ ഓവര്‍ ഡീറ്റെയ്ലുകളിലേക്ക് പോവാതെ ക്യാമറയുടെ കൃത്യമായ ഉപയോഗത്തിലൂടെ വില്ലെന്യുവും ആ കുഴമറിയല്‍ സിനിമയിലെത്തിക്കുന്നുണ്ട്. വായനയുടെ അത്ഭുതാവേശങ്ങളെ മറ്റൊരു തലത്തില്‍ കാഴ്ചക്കാരന് പകര്‍ന്നുനല്കാന്‍ അതിനാല്‍ത്തന്നെ സംവിധായകന് കഴിയുന്നുണ്ട്.

ഏലിയന്‍ ലൈഫിനെ പലവിധത്തില്‍ മനുഷ്യഭാവന അടയാളപ്പെടുത്തിയിട്ടുണ്ട്. ഒട്ടുമിക്ക സിനിമകളിലും എലിയന്‍ എന്നത് പ്രതിനായക കഥാപാത്രമായാണ് കടന്നുവരാറുള്ളത്. Ridley Scottinte ന്‍റേതടക്കമുള്ള ഏലിയന്‍ സിനിമകള്‍ ഉദാഹരണമാണ്. നീല്‍ ബ്ലോംക്യാമ്പ് സംവിധാനം ചെയ്ത 'ഡിസ്ട്രിക് 9' എന്ന സിനിമ ഇതിന്‍റെ മറുവശത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഭൂമിയിലെത്തുന്ന ഏലിയന്‍ വംശം മനുഷ്യരുടെ അടിമകളായി കോളനികളില്‍ കഴിയേണ്ടിവരുന്നതാണ് ഡിസ്ട്രിക് 9 ന്‍റെ കഥ. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി നാടകീയമായ സംഭവവികാസങ്ങള്‍ അധികമില്ലാതെയാണ് ഈ സിനിമ വികസിക്കുന്നത്. ഭാഷയും ഭാവിയും തമ്മിലുള്ള അതിസങ്കീര്‍ണമായ ബന്ധത്തെ നമുക്ക് സൂക്ഷ്മമായി അടയാളപ്പെടുത്താനാണ് ചിയാംഗും വില്ലെന്യൂവും ശ്രമിച്ചിരിക്കുന്നത്. വില്ലെന്യൂവിന്‍റെ മുന്‍സിനിമകളും ഇത്തരത്തിലുള്ള തത്ത്വചിന്താപരമായ സമീപനങ്ങളാല്‍ സമൃദ്ധമാണ്. ഷൂസെ സരമാഗോയുടെ 'ഡബിള്‍' എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി വില്ലെന്യൂ ഒരുക്കിയ 'എനിമി' വളരെ ശ്രദ്ധേയമായ ഒരു വര്‍ക്കായി ഇവിടെ കാണാവുന്നതാണ്.

മനുഷ്യജീവിതത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ചും അതിനെ നമ്മള്‍ ഭാഷയിലൂടെ വ്യാഖ്യാനിക്കുന്നത് എങ്ങനെയൊക്കെയാണ് എന്നതും സിനിമയുടെ അന്വേഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. സാങ്കേതികമായ തികവിനെക്കാളുപരിയായി ഇത്തരം ചോദ്യങ്ങളാണ് അറൈവലിനെ പ്രധാനപ്പെട്ട ഒരു സിനിമയാക്കി മാറ്റുന്നത്. ഭാവിയുടെ ഭാരം പേറിയാണ് ലൂയിസ് ജീവിക്കുന്നത്. വലിയ ഒരു കണ്ടെത്തലാണെന്നിരിക്കലും ലൂയിസിന്‍റെ വ്യക്തിജീവിതത്തില്‍ ഈ ഭാവിയിലേക്കുള്ള വാതില്‍ വലിയ ബാധ്യതയായി മാറുന്നുണ്ട്. മകള്‍ ചെറുപ്പത്തിലെ മരിക്കുമെന്നുള്ള മുന്നറിവ് ലൂയിസ് പങ്കുവയ്ക്കുമ്പോള്‍ ഇയാനത് സഹിക്കാവുന്നതിലുമപ്പുറമാകുമെന്നും അയാള്‍ തന്നെ വിട്ടുപോകുമെന്നും അവള്‍ മുന്‍കൂട്ടി കാണുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള ഒരിക്കലും അവസാനിക്കാത്ത ആകാംക്ഷയെ മറ്റൊരു കോണില്‍ നിന്ന് സിനിമ നോക്കിക്കാണുവാന്‍ ശ്രമിക്കുന്നു.

ഭാവിയെ വര്‍ത്തമാനത്തില്‍നിന്നോ, വര്‍ത്തമാനത്തെ ഭാവിയില്‍ നിന്നുകൊണ്ടോ തിരിച്ചുവിടാന്‍ കഥാപാത്രങ്ങള്‍ക്ക് കഴിയുന്നില്ലെന്നതാണ് അറൈവിലിന്‍റെ സവിശേഷ നിയമം. ക്ലൈമാക്സ് രംഗങ്ങളിലെ നാടകീയതയില്‍ സിനിമ അത് ലംഘിക്കുന്നുണ്ടെങ്കിലും ചിയാംഗിന്‍റെ കഥ തുടക്കം മുതല്‍ അവസാനം വരെ ഒരേ ടോണും പേസിങ്ങും കാത്തുസൂക്ഷിക്കുന്നുണ്ട്. അതിനാടകീയതകളേതുമില്ലാതെ തന്നെ വായനക്കാരെ/കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഒരു നറേഷനായി അത് അവശേഷിക്കുന്നു.

Ridley Scottinte ഡിസ്ട്ടോപ്പിയന്‍ സിനിമ Blade Runner ന്‍റെ രണ്ടാം ഭാഗമാണ് വില്ലെന്യൂവിന്‍റേതായി പുറത്തുവരാനിരിക്കുന്ന അടുത്ത സിനിമ. ഓരോ സിനിമ കഴിയുമ്പോഴും സംവിധായകനെന്ന മുദ്ര ആഴത്തിലുറപ്പിക്കുകയാണ് വില്ലെന്യൂ. അറൈവല്‍ എക്കാലത്തെയും മികച്ച സയന്‍സ് ഫിക്ഷന്‍ സിനിമകളിലൊന്നായി നിലനില്‍ക്കും. സാങ്കേതിക സന്നാഹങ്ങളെ മിതത്വത്തോടും സൂക്ഷ്മതയോടും അവതരിപ്പിക്കുന്ന അറൈവല്‍ -ന്‍റെ സംഗീതവിന്യാസവും വളരെയധികം ആകര്‍ഷിച്ച  ഒരു ഘടകമാണ്. എല്ലാവിധത്തിലും ഒരു സിനിമാപ്രേമിയുടെ ഇഷ്ടകളക്ഷനില്‍ ഇടം പിടിക്കുന്ന ഒന്നായി അറൈവല്‍ മാറിയിട്ടുണ്ട്. ഇത് സിനിമ തീയേറ്ററിനുള്ളില്‍, ബിഗ് സ്ക്രീനില്‍, നല്ല ശബ്ദസംവിധാനങ്ങളോടെ കാണാമെന്നുണ്ടെങ്കില്‍ അതൊരു അനുഭവമാകുമെന്നതില്‍ സംശയമില്ല.   

You can share this post!

ഒരു തകര്‍ച്ചയും ഉയിര്‍ത്തെഴുന്നേല്‍ക്കാതിരുന്നിട്ടില്ല

അജി ജോര്‍ജ്
അടുത്ത രചന

ധീരതയുടെ പ്രതിധ്വനികള്‍

വിനീത് ജോണ്‍
Related Posts