news-details
കവർ സ്റ്റോറി

ചുവരുകള്‍ക്കപ്പുറം

മിക്ക വീടുകളിലും തന്നെ സ്വന്തം മകള്‍ മറ്റൊരുവന്‍റെ വീട്ടിലേക്കായി വളര്‍ത്തിയെടുക്കുന്ന കറവമൃഗമായും ഭാര്യയായും വീട്ടുജോലിക്കാരിയായും ഒരുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ഒരു സമൂഹത്തിന് നടുവില്‍ നിന്നുകൊണ്ടാണ് ഔപചാരികവിദ്യാഭ്യാസം ഉപേക്ഷിച്ചുവന്ന ഒരു പെണ്‍കുട്ടി എന്ന നിലയില്‍ എനിക്ക് ചിലത് പറയാനുള്ളത്. ഇപ്പോള്‍ ഒരു മകളുടെയും സഹോദരിയുടെയും സുഹൃത്തിന്‍റെയും സ്ഥാനം അലങ്കരിക്കുന്ന ഞാന്‍ ഭാവിയില്‍ ജീവിതപങ്കാളിയായും അതുവഴി ഒരമ്മയായും മാറും എന്നതുതന്നെയാണ് ഈ വിഷയത്തിനുള്ള പ്രാധാന്യം. ഒരു പെണ്ണായ് ജനിച്ചതുകൊണ്ടുമാത്രം നഷ്ടപ്പെടുത്താന്‍ ഉദ്ദേശിക്കാത്ത, ഞാന്‍ സ്വപ്നം കാണുന്ന എന്‍റെ ജീവിതം ലിംഗസമത്വത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും വില കല്പിച്ചുകൊണ്ടുതന്നെ മുന്നോട്ടു കൊണ്ടുപോകണം.

പെണ്‍സ്വാതന്ത്ര്യം പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തിലേക്കു മാറുമ്പോള്‍ വിഷയം സങ്കീര്‍ണ്ണമാവുകയാണ്. ഭരണഘടനപ്രകാരം തീരുമാനമെടുക്കാന്‍ എല്ലാ അവകാശങ്ങളും ലഭിക്കുന്ന, ആശയങ്ങളും കാഴ്ചപ്പാടുകളും ഉറപ്പിക്കാന്‍ കഴിയുന്ന കാലത്തും അവള്‍ സ്വതന്ത്രയല്ലെങ്കില്‍ മാതാപിതാക്കളാലും ബന്ധുജനങ്ങളാലും അദ്ധ്യാപകരാലും നാട്ടുകാരാലും കെട്ടിമുറുക്കപ്പെട്ട അവളുടെ ബാല്യ-കൗമാര കാലത്തെപ്പറ്റി ചിന്തിക്കേണ്ടതുണ്ടോ? ഒരു കൊച്ചു പറവയെപ്പോലെ പാറി നടക്കാനും ഈ ലോകം മുഴുവന്‍ നിറങ്ങള്‍ പടര്‍ത്തി ആസ്വദിക്കാനും കൊതിക്കുന്ന ഒരു കുഞ്ഞുമനസ്സിനെ എത്രത്തോളം പിച്ചിച്ചീന്താമോ അത്രയെല്ലാം നാം നമ്മുടെ അധികാരങ്ങളില്‍ നിന്നുകൊണ്ട് ചെയ്യുന്നുണ്ട്.  

സ്കൂള്‍ വിദ്യാഭ്യാസ കാലവും അനൗപചാരിക വിദ്യാഭ്യാസ കാലവും ഈ വിഷയത്തിലെനിക്ക് ഒരുപാട്  അനുഭവങ്ങള്‍ തന്നിട്ടുണ്ട്. സ്കൂള്‍ സംവിധാനങ്ങള്‍ എന്നും ഞാന്‍ എന്ന വ്യക്തിയില്‍ ഒതുങ്ങി ജീവിക്കാനേ എന്നെ അനുവദിച്ചിട്ടുള്ളു. എല്ലാ വര്‍ഷവും പരീക്ഷകളെഴുതി തീര്‍ക്കുന്ന വെറും പാവകള്‍. ഗവണ്മെന്‍റും എയ്ഡഡുമായി ഏഴു സ്കൂളുകളില്‍ പഠിച്ചിട്ടുണ്ട്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനും അപ്പുറം കടന്നു പഠിക്കണമെന്ന ഉറച്ച തീരുമാനത്തോടെയാണ് സ്കൂള്‍ ജീവിതം ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്. അതില്‍ പ്രധാനപ്പെട്ട വിഷയം ഇതു തന്നെ ആയിരുന്നു. ഗവണ്മെന്‍റ് സ്കൂളുകളിലായതിനാലും കളികള്‍ക്കും സൗഹൃദങ്ങള്‍ക്കുമാണ് പ്രാധാന്യമെന്നതിനാലും അന്ന് ഇത്തരം വിഷയങ്ങള്‍ ശ്രദ്ധിക്കാതെ പോയി. എങ്കിലും ഓര്‍ക്കുമ്പോള്‍ ചികഞ്ഞെടുക്കാവുന്ന പല അനുഭവങ്ങളും അവിടെയുമുണ്ട്.

സ്കൂളിലെ ഉച്ചക്കഞ്ഞി എപ്പോഴും ആദ്യം വിളമ്പിയിരുന്നത് ആണ്‍കുട്ടികള്‍ക്കാണ്. ഞങ്ങള്‍ പാത്രവും കൊണ്ട് മുന്നില്‍ നിന്നാലും അവരുടെ വരിയില്‍ വിളമ്പി കഴിഞ്ഞേ ഞങ്ങള്‍ക്ക് വിളമ്പൂ.  ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തുക എന്നത് ഇപ്പോഴും എല്ലാ സ്കൂളുകളിലും തുടര്‍ന്നു പോരുന്ന ഒരു ശിക്ഷാരീതിയാണ് എന്ന് ഞാന്‍ കരുതുന്നു. വലിയൊരു തെറ്റു ചെയ്ത ഭാവത്തോടെ അവന്‍ ഇളിഭ്യനായും നാണം കുണുങ്ങിയും പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്നും ഇരുന്നും ആ പീരിയഡ് തീര്‍ക്കും. അതൊരു ശിക്ഷാരീതിയല്ലെന്നും, മറിച്ച് കുട്ടികള്‍ക്കിടയില്‍ നല്ലൊരു കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുന്ന പ്രക്രിയയാണെന്നും എന്നാണ് അദ്ധ്യാപിക മനസ്സിലാക്കിയെടുക്കുക? ശാരീരികമായ ചില വ്യത്യാസങ്ങള്‍ക്കപ്പുറം കുട്ടികളായ തങ്ങള്‍ വ്യത്യസ്തരല്ലെന്നും ഒരുമിച്ച് കളിച്ചും ചിരിച്ചും പങ്കുവച്ചും പഠിക്കാനും വിദ്യാലയങ്ങളില്‍ ശീലിപ്പിക്കേണ്ടിയിരിക്കുന്നു. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ പൂര്‍ണനഗ്നരായി കുട്ടികളെ നീന്താന്‍ പഠിപ്പിച്ച കൊബയാഷി മാഷ് നമുക്കെല്ലാം 'ടോട്ടോച്ചാന്‍' എന്ന പുസ്തകത്തിലെ വെറും കഥാപാത്രം മാത്രമാണ്.

ഈയൊരു വിഷയത്തില്‍ സമൂഹം പിന്നോട്ടു പോവുകയെന്നത് സ്വാഭാവികം തന്നെയാണ്. കാരണം ഇതുവരെ തങ്ങളുടെ കുടുംബങ്ങളെ അതായത് ഒരുപാട് വ്യക്തികളും അവരുടെ അവകാശങ്ങളും അടങ്ങുന്ന  വലിയൊരു സിസ്റ്റത്തിനെ തന്നെ ഭരിച്ചിരുന്ന തങ്ങളെ ഉടച്ചു വാര്‍ക്കുക എന്നത് വലിയൊരു പ്രഹരമാണ്. അതുകൊണ്ടു തന്നെ പ്രഭാഷണവും ഉദ്ഘോഷണങ്ങളും പുറത്ത് നടക്കട്ടെ. അവയ്ക്ക് വേണമെങ്കില്‍ കൈയ്യടിക്കാം എന്ന നയമാണ് കുടുംബമേധാവികളായ പുരുഷജനങ്ങള്‍ക്കൊക്കെയും. സ്ത്രീകളെ സംബന്ധിച്ചാകുമ്പോള്‍ തങ്ങളുടെ സംരക്ഷണവും രക്ഷയും ഏറ്റെടുത്തുകൊണ്ട് ഒരു വിഭാഗം ഇവിടെ നില്‍ക്കുമ്പോള്‍ അതിനെ പ്രത്യക്ഷമായി എതിര്‍ക്കേണ്ട കാര്യമില്ല. അവര്‍ തനിക്ക് ജീവിക്കാനുള്ള അവസരം തരുന്നുണ്ടോ എന്നത് വിഷയമല്ല. അതുകൊണ്ട് ലിംഗസമത്വം അത് സ്ത്രീസ്വാതന്ത്ര്യത്തിലൂടെ എന്ന വിഷയം അത്ര പെട്ടെന്ന് ഇറങ്ങിച്ചെല്ലാന്‍ സാധിക്കുന്ന ഒന്നല്ല ഇത്.

വളരെ ചെറുപ്പകാലത്ത് തന്നെ അവ കുട്ടികളിലേയ്ക്ക് എങ്ങനെ എത്തുന്നുവെന്ന് നമുക്ക് നോക്കാം. ആണ്‍കുട്ടികള്‍ക്ക് നീല ബാഗ്, നീല ബോക്സ്, നീല കളര്‍ബുക്ക്.... പെണ്‍കുട്ടികള്‍ക്കോ പിങ്ക് ബാഗ്, മറ്റു സാധനങ്ങള്‍. പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും വ്യത്യസ്ത കുടകള്‍, നോട്ടു ബുക്കുകള്‍, റൈറ്റിംഗ് പാഡുകള്‍. ഇവയിലെ ചിത്രങ്ങള്‍ തന്നെ നോക്കാം. പാവകളും പൂക്കളും നക്ഷത്രങ്ങളും നിറഞ്ഞത് പെണ്‍കുട്ടികള്‍ക്കായി നീക്കി വച്ചിരിക്കുമ്പോള്‍ കായിക ഇനങ്ങളും റോക്കറ്റും സാഹസ്സികമായവയും ആണ്‍കുട്ടികള്‍ക്കായി നീക്കിവച്ചിരിക്കുന്നു. പെണ്‍കുട്ടികള്‍ ഒതുങ്ങിക്കഴിയേണ്ടവര്‍ ആണെന്നും ആണ്‍കുട്ടികള്‍ക്കായാണ് പുറം കാഴ്ചകളും സാഹസികതയും നീക്കിവച്ചിരിക്കുന്നത് എന്ന ബോധവും വളരെ ചെറുപ്പത്തില്‍ തന്നെ അവരിലേക്ക് കയറുന്നു.

സ്കൂളുകളിലെ പി.ഇ.ടി. പീരിയഡുകള്‍ തന്നെ പരിശോധിക്കാം. ഫുഡ്ബോള്‍, ക്രിക്കറ്റ് തുടങ്ങി മറ്റ് കായിക ഇനങ്ങളിലേക്ക് ആണ്‍കുട്ടികളെ വിടുമ്പോള്‍ പെണ്‍കുട്ടികളെ തയ്യല്‍, എംബ്രോയിഡറി, റിംഗ് എറിഞ്ഞുള്ള കളികള്‍, കല്ലുകളി തുടങ്ങിയവക്കായി വിടുന്നു. യൂണിഫോമുകളിലും അത്തരം വിവേചനം കാണാം. ആണ്‍കുട്ടികള്‍ക്ക് കളിക്കാനും ഓടാനും സൗകര്യം നല്‍കുന്ന പാന്‍റും ഷര്‍ട്ടും നല്‍കുമ്പോള്‍ മിക്ക സ്കൂളുകളിലും ഓടാനും ചാടാനും സൗകര്യം നല്‍കാത്ത കുട്ടിപ്പാവാടകള്‍ തന്നെയാണ് പെണ്‍കുട്ടികള്‍ക്ക്. വളരെ നിസ്സാരമെന്ന് എല്ലാവര്‍ക്കും തോന്നിയേക്കാവുന്ന ചില വസ്തുതകള്‍ എത്ര വലുതാണെന്ന് വരുംകാലങ്ങളില്‍ മാത്രമേ നമുക്ക് തിരിച്ചറിയാനാകൂ. കടകളിലേയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പെണ്ണുങ്ങള്‍ പുറത്തു പോകുമ്പോള്‍ സുരക്ഷയ്ക്കായി അയയ്ക്കുന്ന ആണ്‍കൂട്ടാളികളെ നമുക്ക് കാണാം. ആരാണ് സ്ത്രീയുടെ സുരക്ഷിതത്വം ആണ്‍കൈകളില്‍ ഏല്‍പ്പിച്ചത്? തന്നെ അസഭ്യം പറയുന്നവന്‍റെ മുന്നില്‍ തലകുനിച്ച് നിന്ന് പൊട്ടിക്കരയാനല്ലാതെ  ഈ സുരക്ഷിതത്വം എന്താണ് നമ്മളെ പഠിപ്പിക്കുക?
അഞ്ചാംക്ലാസ്സ് മുതല്‍ ഞാന്‍ പഠിച്ചത് ഗേള്‍സ് ഒണ്‍ലി സ്കൂളുകളിലാണ്. താമസസ്ഥലം മാറി കുന്ദംകുളത്തെത്തി, സ്കൂളില്‍ ചേരുമ്പോഴാണ് പെണ്‍കുട്ടികള്‍ക്കായി തന്നെ സ്കൂളുണ്ടെന്ന് ഞാന്‍ അറിഞ്ഞത്. അവിടെ പഠിക്കുമ്പോള്‍ ഒന്നും അതിന്‍റെ പ്രശ്നങ്ങളെപ്പറ്റി ആലോചിച്ചിരുന്നില്ല, ചിന്തിച്ചിരുന്നില്ല. യു.പി. സ്കൂളില്‍ നിന്ന് ഹൈസ്കൂളിലേയ്ക്കുള്ള മാറ്റം ഞങ്ങളെ നന്നായി ബാധിച്ചിരിക്കുന്നു. എല്ലാ കാര്യങ്ങള്‍ക്കും അനാവശ്യമായ ഒരു നിയന്ത്രണം വന്നതുപോലെ. ക്ലാസ്സില്‍ എല്ലാ ഇടവേളകളിലും പുതിയ നിയന്ത്രണങ്ങളെ പറ്റി ചര്‍ച്ചയാണ്. ഞങ്ങള്‍ക്ക് കളിക്കാനായി അല്ല നടക്കാനായി പോലും ഒരു ഗ്രൗണ്ടില്ല എന്നത് ഏറെ വിഷമിപ്പിച്ചു. ചെറിയൊരു നടുമുറ്റം മാത്രം. എട്ടാം ക്ലാസുകാരായ പെണ്‍കുട്ടികളായ ഞങ്ങള്‍ എന്തിനാണ് കളിക്കേണ്ടത് അല്ലേ? അടക്കത്തോടെയും ഒതുക്കത്തോടെയും ഇരിക്കേണ്ട പെണ്‍കുട്ടികള്‍ കളിച്ചു നടക്കുന്നത് സ്കൂളിനൊരു അപമാനമായി തുടര്‍ന്നു പോന്നു. എല്ലായ്പ്പോഴും ക്ലാസ്മുറികളില്‍ അടച്ചിരിക്കുക. അല്ലെങ്കില്‍ ചാപ്പലില്‍ പോയി പ്രാര്‍ത്ഥിക്കാം. തുറന്ന മനസ്സും അതിനൊത്ത ചുറ്റുപാടിലും വലുതായി എന്ത് പ്രാര്‍ത്ഥനയാണ് ഉള്ളതെന്ന് എനിക്ക് മനസ്സിലായില്ല. അടഞ്ഞടഞ്ഞു വരുന്ന ഞങ്ങളുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇടങ്ങളുമെല്ലാം ഞാന്‍ മനസ്സിലാക്കി തുടങ്ങി. മഴക്കാലത്ത് ഇരുണ്ടിരിക്കുന്ന ക്ലാസ് മുറികളില്‍ നിന്ന് എങ്ങനെയെങ്കിലും പുറത്തു വരാനാണ് എപ്പോഴും ആഗ്രഹിച്ചിരുന്നത്. ഹൈസ്കൂള്‍ ലെവലിലേയ്ക്ക് കടന്നപ്പോള്‍ വളരെ ആഴത്തില്‍ തന്നെ വിഷയങ്ങള്‍ ബാധിക്കാന്‍ തുടങ്ങി. കഴുത്തും കൈയും പൂര്‍ണ്ണമായി മൂടുന്ന തരത്തിലുള്ള ചുരിദാര്‍, വലിയ മതിലുകള്‍ എല്ലാം എനിക്ക് അസഹ്യമായി തോന്നിത്തുടങ്ങി. തൊടുന്നതിനും പിടിക്കുന്നതിനും നിയമങ്ങള്‍ മാത്രം.
അങ്ങനെ പരീക്ഷയ്ക്ക് രണ്ടു മാസം മുന്‍പ് പരീക്ഷയുടെ ഒരുക്കങ്ങളെല്ലാം നടന്നു വരുന്ന സമയം. ഞങ്ങള്‍ കുട്ടികളെല്ലാം ക്ലാസുകളിലും വരാന്തയിലുമായി പഠിക്കുകയായിരുന്നു. പെട്ടെന്ന് സ്കൂളിലേയ്ക്ക് തൊട്ടടുത്ത സ്കൂളിലെ ഒരു ആണ്‍കുട്ടി കടന്നു വന്നു, ഒപ്പം ഞങ്ങളുടെ സ്കൂളിലെ ടീച്ചേഴ്സും ലക്ഷ്മി എന്ന എന്‍റെ കൂട്ടുകാരിയും അവളുടെ അച്ഛനും അമ്മയുമുണ്ട്. കാര്യമെന്തെന്ന് ആര്‍ക്കും പിടികിട്ടിയില്ല. ഗേള്‍സ് സ്കൂളിലേയ്ക്ക് കടന്നു വന്ന ഒരു ആണ്‍കുട്ടിയുടെ ഭാഗ്യത്തെ പറ്റിയായിരുന്നു ഞങ്ങളുടെ ചര്‍ച്ച. എന്നാല്‍ ഒപ്പം ലക്ഷ്മിയെ കൂടി കണ്ടതില്‍ ആകെ സംശയമായി. അവര്‍ കടന്നു പോയ മുറിയിലേക്ക് സ്കൂളെമ്പാടും ഉറ്റുനോക്കിക്കൊണ്ടേയിരുന്നു. ക്ലാസ്സില്‍ കയറാനുള്ള ബെല്ലടിച്ചപ്പോള്‍ എല്ലാവരും അകത്തേയ്ക്ക് കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ ലക്ഷ്മി കരഞ്ഞുകൊണ്ട് ക്ലാസ്സിലേക്കു വന്നു. ഒപ്പം ബിന്‍സി ടീച്ചറും. ക്ലാസ്സാകെ മൗനത്തിലാണ്.

"കേട്ടല്ലോ പിള്ളാരെ, നിങ്ങള്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ്. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പത്താം ക്ലാസ്സ്. നിങ്ങള്‍ക്കൊരു ഭാവിയുണ്ട്. അതു കളയരുത്. ഒരു പ്രായം കഴിഞ്ഞാല്‍ ആണ്‍കുട്ടികളുമായുള്ള സൗഹൃദം നിങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. അടങ്ങി ഒതുങ്ങി വീട്ടിലിരുന്നു പഠിക്കാന്‍ നോക്കുക. മേലാല്‍ ഇങ്ങനെ വല്ല കേസുമായി എന്‍റെ അടുത്തു വന്നാല്‍ പറഞ്ഞേക്കാം."

ടീച്ചര്‍ ക്ലാസ്സ് വിട്ടിറങ്ങി. അവള്‍ അപ്പോഴും കരഞ്ഞു തളര്‍ന്നു കിടക്കുകയാണ്. എന്താണ് ഉണ്ടായതെന്ന് അറിയാന്‍ ഞാന്‍ അവള്‍ക്കരികിലേക്കു പോയി.
"അവനെന്‍റെ നല്ല ഫ്രണ്ടാ. ആര്‍ക്കും പറഞ്ഞാ മനസിലാകില്ല. ഒരിക്കല്‍ കാശെടുക്കാന്‍ മറന്നപ്പോള്‍ ബസ്സില്‍ അവന്‍ എനിക്ക് ടിക്കറ്റെടുത്ത് തന്നാണ് ഞങ്ങള്‍ പരിചയപ്പടണേ. ഒരേ ട്യൂഷന്‍ ക്ലാസ്സിലാണ് ഞങ്ങള്‍. പക്ഷെ അച്ഛനു എന്നെ ഭയങ്കര സംശയമാ. ഞാന്‍ ഉറങ്ങിക്കഴിഞ്ഞാല്‍ ജനലും വാതിലുമൊക്കെ തള്ളി നോക്കും. ബാഗ്ഗും പേഴ്സുമെല്ലാം അറിയാതെ ചെക്ക് ചെയ്യും. ഇന്ന് അവന്‍ എന്‍റെ കൈയ്യില്‍ നിന്ന് വാങ്ങിയ ഗൈഡ് തരാനാ വന്നത്. പക്ഷെ സിസ്റ്റര്‍മാര്‍ കണ്ട് അച്ഛനേം അമ്മേനേം ഒക്കെ വിളിച്ച് പ്രശ്നമാക്കി. അതിനു മാത്രം എന്താ ഉണ്ടായേന്ന് നിക്ക് അറീല സൂര്യേ...."

ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടുകൂടുന്നതു തെറ്റാണു പോലും. അതില്‍ നിന്നാണ് അവരെന്നെ വിലക്കിയത്. ഞാനും കണ്ണനും നന്ദുവുമൊക്കെ കളിക്കുമ്പോള്‍ ഞങ്ങളുടെ അച്ഛനമ്മമാര്‍ ചീത്ത പറയാറില്ലല്ലോ. വലുതായതില്‍ പിന്നെ കളിയൊന്നുമില്ലെങ്കിലും ഇപ്പോഴും ഒരുമിച്ച് പഠിക്കുകയും നാടകം കളിക്കുകയും ചെയ്യാറുണ്ട്. അതുവേണ്ട എന്ന് ആരും പറഞ്ഞില്ലല്ലോ. അപ്പോള്‍ എനിക്കാകെ സംശയമായി. ആണ്‍കുട്ടിയും പെണ്‍കുട്ടിയും കൂട്ടുകൂടാന്‍ പാടില്ലേ? ആ ഉത്തരങ്ങള്‍ വളരെ വൈകി, സ്കൂള്‍ വിട്ടതിനു ശേഷമാണ് എനിക്ക് ലഭിച്ചത്.

കുടുംബത്തില്‍ നിന്നും സ്കൂളില്‍ നിന്നും കിട്ടുന്ന പാരിതോഷികങ്ങള്‍ക്ക് പിന്നാലെ പുറത്തിറങ്ങിയാലും അവളെ കാര്‍ന്നു തിന്നാന്‍ നില്‍ക്കുന്നവരും കുറവല്ല. വഴിയരികില്‍, ബസ്സില്‍, പൊതു ഇടങ്ങളില്‍ എല്ലാം അവളുടെ ശരീരം കാത്തുനില്‍ക്കുന്നവരുണ്ടാകും. സന്ധ്യ മങ്ങിയാല്‍ കാണുന്ന എല്ലാ സ്ത്രീശരീരങ്ങളേയും കാമത്തിന്‍റെ കണ്ണുകളാലാണ് കാണുക. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇതിനു വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സാഹചര്യത്തില്‍ ഒത്തുകിട്ടുന്ന പെണ്ണിനെ ഒന്ന് തോണ്ടാനും പിടിക്കാനും തോന്നുന്നത് പെണ്ണിനെ വെറും ഭോഗവസ്തുവായി കാണുന്നതു കൊണ്ടാണ്. അത് കടന്നു പിടിക്കുന്നവന്‍റെ പ്രശ്നം മാത്രമല്ല. നമ്മള്‍ കൊണ്ടുനടക്കുന്നത് ഒരു സ്ത്രീശരീരമാണെന്ന് ഓരോ സ്ത്രീയിലുമുണ്ടാകുന്ന തുടര്‍ച്ചയായ ചിന്തയില്‍ നിന്നുള്ള ബോധത്തില്‍ നിന്നാണ്.

അങ്ങനെ അടക്കവും ഒതുക്കവുമുള്ള 'നല്ല കുട്ടികളായി' പെണ്‍കുട്ടികള്‍ വളരുന്നു. വീട്ടുജോലികളില്‍ അമ്മയെ സഹായിച്ച്, സ്വന്തം തുണി കഴുകിയി, പാത്രങ്ങള്‍ കഴുകി അവള്‍ വിവാഹാനന്തര ജീവിതത്തിലെ എല്ലാ ജോലികളും ചെയ്യാന്‍ തയ്യാറാകുന്നു. ആണ്‍കുട്ടികള്‍ വീട്ടുപണി ചെയ്യുന്നതും സഹായിക്കുന്നതും നമുക്കെല്ലാവര്‍ക്കും അപമാനമാണ്. ലിംഗവിവേചനമില്ലാതെ എല്ലാ തൊഴിലുകളിലും പുരുഷനും സ്ത്രീയും ഏര്‍പ്പെടുക എന്ന നയം കുടുംബങ്ങളില്‍ അനുവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തുണികഴുകലും, പാത്രങ്ങളും വീടും എല്ലാം വൃത്തിയാക്കലും, പാചകം ചെയ്യുന്നതും, കുട്ടിയേയും വളര്‍ത്തുമൃഗങ്ങളുണ്ടെങ്കില്‍ അവയെയും പരിപാലിച്ച്, ഭര്‍ത്താവ് രാവിലെ ഓഫീസില്‍ പോകുന്നതു മുതല്‍ രാത്രി കിടക്കുന്നതുവരെ ആവശ്യങ്ങളെല്ലാം മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്താലും അവള്‍ ജോലിയൊന്നുമില്ലാത്ത വീട്ടമ്മ തന്നെയാണ്. അഥവാ പുറത്ത് ജോലിക്ക് കൂടി പോകുന്നുണ്ടെങ്കില്‍ ആ ഭാരവും കൂടി ഏല്‍ക്കേണ്ടി വരും എന്നല്ലാതെ വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ല. 

 പെണ്ണായാലും പെണ്‍കുട്ടികളായാലും മതങ്ങള്‍ തീര്‍ക്കുന്ന നിയമാവലികള്‍ അവരെ കുരുക്കിയിടുന്ന മറ്റൊരു ചരടുകൂട്ടമാണ്. സ്ത്രീക്ക് മാത്രം ചാര്‍ത്തി കൊടുക്കുന്ന കന്യകാത്വ -ചാരിത്ര പാതിവ്രത്യ സങ്കല്‍പങ്ങള്‍ ഇവയുടെ ഉത്തമ ഉദാഹരണങ്ങളാണ്. നിര്‍ബന്ധിത വിവാഹവും ശൈശവ വിവാഹവും ഈ ഗണത്തില്‍ പെടുന്നു. സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ വിവാഹമോചനനിയമങ്ങള്‍, സഞ്ചാര സ്വാതന്ത്ര്യം തടയുന്ന കര്‍ശന നിയമങ്ങള്‍ തുടങ്ങിയവ വേറെയും.

നിലവിലുള്ള കുടുംബ വ്യവസ്ഥയും സദാചാരബോധവും ലൈംഗിക കാഴ്ചപ്പാടുകളും തുടരുന്ന കാലത്തോളം നമ്മുടെ സ്ത്രീകാഴ്ചപ്പാടുകള്‍ക്കും വലിയ മാറ്റമുണ്ടാകാന്‍ പോകുന്നില്ല. സദാചാരത്തിന്‍റെ കപടയുക്തിക്കുള്ളില്‍ നില്‍ക്കുന്ന ഓരോ കുടുംബവും ഇന്ന് പൊളിച്ചെഴുതപ്പെടേണ്ടതാണ്. നമ്മുടെ കുടുംബ ഘടനയില്‍ പുരുഷന്‍റെ അധികാരം ഇതുവരെയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. വര്‍ഗ്ഗസമൂഹത്തിന്‍റെ ആരംഭം മുതല്‍ തന്നെ അത് പല രീതിയില്‍ നിലനില്‍ക്കുന്നു. അത് തൊഴില്‍ വിജ്ഞാനത്തിന്‍റെയും വര്‍ഗ്ഗമര്‍ദ്ദനങ്ങളുടെയും പുതിയ അധീശപാഠങ്ങള്‍ ഉയര്‍ത്തുന്നത് നമ്മള്‍ തടയണം. ജാതി - മത - വര്‍ഗ - വര്‍ണ - ഭാഷാ - ലിംഗ വ്യത്യാസമില്ലാതെ ഓരോ വ്യക്തികളും സ്വാര്‍ത്ഥരഹിതമായ സുന്ദരജീവിതത്തെ പ്രകൃതിയോടിണങ്ങി രൂപപ്പെടുത്തണം. ജനാധിപത്യവത്കൃതമായ ഒരു സാമൂഹിക മുന്നേറ്റത്തിലൂടെ ഓരോ തലമുറയും കടന്നു പോകണം. നമ്മുടെ ചിന്തകളെയും സ്വപ്നങ്ങളെയും തളച്ചിടാന്‍ ശ്രമിക്കുന്ന എല്ലാ കാണാച്ചരടുകള്‍ക്കെതിരെയും ഉറക്കെ പ്രതിരോധിക്കാന്‍ തക്കവണ്ണം കുരുത്തുള്ളവരായി ഓരോ കുട്ടിയും മാറണം. 

You can share this post!

കുടുംബം ഒരു ദേവാലയം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts