news-details
കവർ സ്റ്റോറി

കിനാവും നോവും

 "എനിക്കു നിങ്ങളെ കാണണ്ട.   I hate you both". കൗണ്‍സലിംഗിനു വേണ്ടിയാണ് തന്നെ കൊണ്ടുവന്നത് എന്നറിഞ്ഞപ്പോള്‍ 15 കാരി മാതാപിതാക്കളുടെ നേരെ പൊട്ടിത്തെറിച്ചു. അവരുടെ മുഖം വിളറി. ഇഷ്ടമല്ലെങ്കില്‍ കൗണ്‍സലിംഗ്  നടത്തില്ലയെന്നും വെറുതെ പരിചയപ്പെട്ടിട്ടു പോകാം എന്നും പറഞ്ഞപ്പോള്‍ അവള്‍ ശാന്തയായി. അപരിചിതത്വം സൗഹൃദത്തിനു വഴിമാറിയപ്പോള്‍ അവള്‍ മനസ്സു തുറന്നു തുടങ്ങി. "ഞാന്‍ എന്തു ചെയ്താലും അവര്‍ കുറ്റപ്പെടുത്തും. പ്രത്യേകിച്ച് അമ്മ. ഒരുങ്ങിയാല്‍ കുറ്റം. ആരെങ്കിലും നോക്കിയാലോ, മിണ്ടിയാലോ ചിരിച്ചാലൊ ഒക്കെ കുറ്റം. വീടിനു പുറത്തിറങ്ങി വെറുതെ നിന്നാല്‍ കുറ്റം. ആരെ കാണാനാടീ ഇവിടെ നില്‍ക്കുന്നേ എന്നു ചോദിക്കും. ഞാന്‍ മടുത്തു. എനിക്കെല്ലാരോടും ദേഷ്യമാ." ഒടുവില്‍ മകളുടെ ദേഷ്യം കുറയ്ക്കാന്‍ കൊണ്ടുവന്ന മാതാപിതാക്കള്‍ക്ക് കൗണ്‍സലിംഗ് നടത്തി പറഞ്ഞയച്ചു.

കൗമാരം
 
ഒരു മനുഷ്യായുസ്സിലെ ഏറ്റവും പ്രക്ഷുബ്ധമായ വളര്‍ച്ചാഘട്ടം. മക്കള്‍ കൗമാരത്തിലേക്ക് നടക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് ആധിയാണ്, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ. പഠനങ്ങള്‍ തെളിയിക്കുന്നതും ആണ്‍കുട്ടികളോള്‍ ഈ പ്രായത്തില്‍ ബുദ്ധിമുട്ടുകളനുഭവിക്കുന്നത് പെണ്‍കുട്ടികളാണെന്നാണ്. ഈ പ്രായത്തിന്‍റെ പ്രത്യേകതകളെക്കുറിച്ചും, കുട്ടികള്‍ കടന്നുപോകുന്ന പ്രശ്നങ്ങളെയും അവയുടെ കാരണങ്ങളെയും കുറിച്ചും മാതാപിതാക്കള്‍ക്ക് വ്യക്തമായ അറിവില്ലാത്തത് കുടുംബങ്ങളെ പലപ്പോഴും യുദ്ധഭൂമികളാക്കുന്നുണ്ട്.
 
സ്വാതന്ത്ര്യം

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ശക്തമായ ദാഹം, മുതിര്‍ന്നവരെപ്പോലെ എല്ലാം സ്വയം ചെയ്യാനുള്ള ആഗ്രഹം, ഇത് കൗമാരപ്രായത്തില്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഒരുപോലെ അനുഭവപ്പെടുന്ന ഒന്നാണ്. മുതിര്‍ന്ന വ്യക്തികളായി രൂപപ്പെടുത്തുന്ന പ്രക്രിയകളില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അഭിവാഞ്ഛയും സ്വയം പ്രാപ്തിക്കായുള്ള ഉദ്യമങ്ങളും അടിച്ചമര്‍ത്തപ്പെടുമ്പോഴാണ് എതിര്‍ക്കാനും മറുതലിക്കാനുമൊക്കെയുള്ള പ്രവണതകള്‍ കുട്ടികളിലുണ്ടാവുന്നത്. പല വീടുകളിലും ആണ്‍കുട്ടികള്‍ കൂടുതല്‍ സ്വാതന്ത്ര്യം ആസ്വദിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളും വിലക്കുകളും വയ്ക്കാറുണ്ട്. ഹൈസ്കൂളിലേക്കു കയറുന്നതോടെ പെണ്‍കുട്ടികളെ മറ്റ് ആക്റ്റിവിറ്റികളില്‍ നിന്നും തടയുകയും പഠനത്തില്‍ മാത്രം ശ്രദ്ധപതിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നത് ആരോഗ്യകരമായ സമീപനമല്ല. ഇത്തരം അടിച്ചമര്‍ത്തലുകള്‍, സുരക്ഷിതത്ത്വത്തിന്‍റെയോ സാമൂഹിക സാംസ്കാരിക കാഴ്ചപ്പാടുകളുടെയോ, തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന മതനിയമങ്ങളുടെയോ ഒക്കെ പേരിലാകാം. കാരണം ഏതു തന്നെയായാലും അവ പെണ്‍കുട്ടികളെ രണ്ടു തരത്തില്‍ ബാധിക്കാറുണ്ട്. ചിലപ്പോള്‍ എല്ലാറ്റിനെയും എതിര്‍ക്കാനും മറുതലിക്കാനും അനുസരണക്കേടു കാണിക്കാനും അവര്‍ തുടങ്ങും. രണ്ടാമത്തെ കൂട്ടര്‍ അപകര്‍ഷതാബോധത്തിനും വിഷാദത്തിനുമൊക്കെ അടിമകളായെന്നും വരാം. പെണ്‍കുട്ടികള്‍ അച്ചടക്കവും ഒതുക്കവുമുള്ളവരായിരിക്കണം, പഠനത്തില്‍ മികവു കാട്ടണം എന്നൊക്കെ മാത്രമാണ് മിക്ക മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാല്‍ വളരെ അടക്കവും ഒതുക്കവും ഉള്ളവരായി പുറമേ കാണപ്പെടുന്ന പല പെണ്‍കുട്ടികളും ഉള്ളില്‍ ആത്മവിശ്വാസമില്ലാത്തവരും ഭയവും ആകുലതയും നിറഞ്ഞവരുമാണെന്ന് കണ്ടിട്ടുണ്ട്. അതുകൊണ്ട് ഒരു പെണ്‍കുട്ടി മാനസികമായി എത്രത്തോളം സന്തുഷ്ടയും സംതൃപ്തയുമാണ്, ജീവിതത്തെ നേരിടുവാന്‍ എത്രത്തോളം ആത്മധൈര്യം അവള്‍ക്ക് ഉണ്ട് എന്നുള്ളതാണ് പ്രധാനം. ആന്തരികമായ ഈ കരുത്തില്ലാതെ പുറമേ കാണുന്ന അടക്കവും ഒതുക്കവുമൊക്കെ പുണ്യങ്ങളല്ല മറിച്ച് ആത്മവിശ്വാസക്കുറവിന്‍റെ ലക്ഷണങ്ങള്‍ ആകാം എന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം. ഇത് പറയുമ്പോള്‍ പെണ്‍കുട്ടികളെ അടക്കമില്ലാത്തവരായി വളര്‍ത്തണമെന്നോ അമിത സ്വാതന്ത്ര്യം നല്‍കണമെന്നോ അല്ല ഉദ്ദേശിക്കുന്നത്.  മറിച്ച് അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കാനും ആദരിക്കാനും മാതാപിതാക്കള്‍ക്ക് കഴിയണം. അവരുടെ ശാരീരികവും മാനസികവുമായ ഊര്‍ജ്ജത്തെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ സഹായിക്കണം. സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്വബോധവുമൊക്കെ വളര്‍ത്തിയെടുക്കുന്ന രീതിയില്‍ സംഘടനകള്‍ക്കും ക്ലബ്ബുകള്‍ക്കുമൊക്കെ സ്കൂളുകളില്‍ രൂപം നല്‍കുകയും അവയില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. വ്യായാമങ്ങളും കളികളും ശരീരത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും സഹായിക്കും. അനാവശ്യമായ അടിച്ചുമര്‍ത്തലുകള്‍ തെറ്റായ വഴികള്‍  തേടുന്നതിന് കുട്ടികളെ പ്രേരിപ്പിക്കും. കേരളത്തിലെ തന്നെ പല പ്രമുഖ സ്കൂളുകളിലും ഗ്യാങ്ങുകള്‍ രൂപീകരിച്ച് മയക്കുമരുന്ന്, സെക്സ് മാഫിയകളുമായി വരെ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ കാണാനും ഇടപഴകാനും ഇടയായിട്ടുണ്ട്. മിക്കപ്പോഴും നല്ല കഴിവുകളും നേതൃത്വഗുണങ്ങളുമൊക്കെയുള്ള കുട്ടികളാണ് ഇത്തരം ഗ്യാങ്ങുകളില്‍പ്പെടുന്നത്.
 
ശാരീരം- ആത്മവിശ്വാസം

ഓരോ പെണ്‍കുട്ടിയുടെയും മനസ്സില്‍ അവളുടെ ശരീരം, രൂപം എങ്ങനെയായിരിക്കണം എന്നൊരു സങ്കല്‍പമുണ്ട്. ജനിച്ചുവളരുന്ന സംസ്കാരത്തിനും സമൂഹത്തിനും മാധ്യമങ്ങള്‍ക്കുമൊക്കെ ഈ സങ്കല്‍പരൂപീകരണത്തില്‍ പങ്കുണ്ട്. തന്‍റെ യഥാര്‍ത്ഥ ശരീരവും സങ്കല്‍പത്തിലുള്ള ശരീരവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ മനസ്സിനെ അസ്വസ്ഥമാക്കും. സങ്കല്‍പത്തിലെ രൂപത്തിന് അനുയോജ്യമാകാന്‍ പല പരീക്ഷണങ്ങളും നടത്തും. വസ്ത്രധാരണത്തിലും മുടികെട്ടുന്നതിലും ഒക്കെ പല രീതികള്‍ പരീക്ഷിച്ച് കണ്ണാടിയുടെ മുന്‍പില്‍ മണിക്കൂറുകള്‍ ഇവര്‍ ചിലവഴിച്ചേക്കാം. സ്വന്തം സൗന്ദര്യം ആസ്വദിച്ച് സമയം ചിലവഴിക്കുന്നതും ഈ പ്രായത്തില്‍ സ്വഭാവികമാണ്. ചില മാതാപിതാക്കളെങ്കിലും ഇതിനെ തെറ്റായും ആത്മീയതയ്ക്കെതിരായുമൊക്കെ കരുതാറുണ്ട്. ഒരിക്കല്‍ ഒരമ്മയും മകളും തമ്മില്‍ എന്നും വഴക്ക്. ഒടുവില്‍ അത് കയ്യാങ്കളിയിലേക്കെത്തി. തന്‍റെ വളരെ മെലിഞ്ഞ ശരീരപ്രകൃതിയും മുഖത്തെ കുരുക്കളും ഇരുനിറവും എല്ലാം ചേര്‍ന്ന് പെണ്‍കുട്ടിയുടെ മനസ്സില്‍ നിറഞ്ഞു നിന്നി രുന്നത് അപകര്‍ഷതയായിരുന്നു. പ്ലസ്ടുവിനു പഠിക്കുന്ന പെണ്‍കുട്ടി എന്നും സ്കൂളില്‍ പോകുന്നതിനു മുമ്പ് പല വസ്ത്രങ്ങള്‍ മാറി മാറി ഇട്ടു നോക്കും, തൃപ്തിയാകുന്നതു വരെ. ഇത് അമ്മയെ ചൊടിപ്പിച്ചു. മകള്‍ ശരീരത്തിനും അഴകിനും അമിത പ്രാധാന്യം കൊടുക്കുന്നുവെന്നും അതു തെറ്റാണെന്നുമുള്ള വാദങ്ങള്‍ ഒടുവില്‍ വലിയ വഴക്കുകളില്‍ കലാശിച്ചു. കൗമാരക്കര്‍ തങ്ങളുടെ ശരീരത്തെക്കുറിച്ചു കൂടുതല്‍ അവബോധമുള്ളവരായിരിക്കും. ഇത് അവരുടെ വളര്‍ച്ചയുടെ ഭാഗമാണെന്നും സ്വഭാവികമാണെന്നും മാതാപിതാക്കള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കുട്ടികളെ അവരായിരിക്കുന്ന അവസ്ഥയില്‍ അംഗീകരിക്കുകയും ബഹുമാനിക്കുകയും അവരിലെ നന്മകളെയും ഗുണങ്ങളെയും പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ അവരുടെ ആത്മവിശ്വാസംവര്‍ദ്ധിക്കും.
 
അമൃത എന്ന പെണ്‍കുട്ടിയെ ഓര്‍ക്കുന്നു. അമൃതയ്ക്കു അവളെത്തന്നെ ഇഷ്ടമില്ലായിരുന്നു. കാരണം അവളുടെ മുടി ചുരുണ്ടതായിരുന്നു. രാവിലെ അതു ചീകിക്കെട്ടുമ്പോള്‍ അമ്മ അവളെ കുറ്റപ്പെടുത്തും. മുടിയെ കുറ്റപ്പെടുത്തും. അവള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്‍റെ മുടിയെ വെറുത്തു. പ്ലസ്ടു കഴിഞ്ഞ് കോളജിലെത്തിയപ്പോള്‍ അവളുടെ പുതിയ സുഹൃത്തുക്കള്‍ അവളെ വിശ്രമ മുറിയിലേക്ക് കൊണ്ടുപോയി. കണ്ണാടിയുടെ മുന്‍പില്‍ നിറുത്തി മുടിയിഴകള്‍ കൈയ്യിലെടുത്ത് അവര്‍ പറഞ്ഞു. "നിന്‍റെ മുടി സിനിമാനടി നിത്യാ മേനോന്‍റെ മുടി പോലെയാണ്. നിനക്കറിയാമോ മുടി ഇങ്ങനെ ചുരുട്ടിയെടുക്കാനായി ആളുകള്‍ എത്ര പണമാണ് ചിലവഴിക്കുന്നതെന്ന്?" അന്നുമുതല്‍ അമൃത തന്‍റെ മുടിയെ ഇഷ്ടപ്പെട്ടു തുടങ്ങി. പരിചരിച്ചു തുടങ്ങി. ആത്മവിശ്വാസത്തോടെ മറ്റുള്ളവരുടെ മുന്‍പില്‍ നിന്നു തുടങ്ങി.

സ്വയം അംഗീകരിക്കുന്നതും ഇഷ്ടപ്പെടുന്നതും ആത്മവിശ്വാസത്തിന്‍റെയും ആത്മാഭിമാനത്തിന്‍റെയും ലക്ഷണമാണെന്നും ആകര്‍ഷകമായ വ്യക്തിത്വം രൂപഭംഗി കൊണ്ടു മാത്രം കിട്ടില്ല എന്നും മനസ്സിലാക്കാന്‍ സഹായിക്കണം. അതിനു മാതാപിതാക്കള്‍ ആദ്യം ഈ ബോദ്ധ്യം ഉള്‍ക്കൊള്ളുകയും വേണം. കാരണം ഒരു പെണ്‍കുട്ടിയുടെ ജനനം മുതല്‍ അവളുടെ രൂപത്തിലും അലങ്കാരത്തിലും മാത്രം ശ്രദ്ധിക്കുകയും അവളുടെ ആന്തരിക വ്യക്തിത്വത്തെ അവഗണിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ഇത് സാധിക്കുന്നില്ല.

വൈകാരിക മാറ്റങ്ങള്‍

പെട്ടെന്ന് മാറിവരുന്ന വികാരങ്ങള്‍ ഈ പ്രായത്തിന്‍റെ പ്രത്യേകതയാണ്. ദേഷ്യം, ഇറിറ്റേഷന്‍, സങ്കടം എല്ലാം മാറി മാറി വരും. ചില പെണ്‍കുട്ടികള്‍ ഈ സമയത്ത് വിഷാദത്തിന് അടിമപ്പെടാറുണ്ട്. കുട്ടികള്‍ പെട്ടെന്ന് ഒന്നിനോടും താല്‍പര്യമില്ലാത്തവരായും അലസരായും കാണപ്പെടുന്നുവെങ്കില്‍ അത് അവരുടെ മനോഭാവമായി കണ്ട് കുറ്റപ്പെടുത്താതെ അവരെ കൂടുതല്‍ അടുത്തറിയാന്‍ ശ്രമിക്കുക. വിഷാദത്തിനടിമയാകുന്ന കുട്ടികള്‍ അലസരായേക്കാം. പോഷകക്കുറവും ഇതിന് കാരണമാകാം.

ഉണരുന്ന ലൈംഗികത

കൗമാരത്തിലേക്കു കടക്കുന്ന കുട്ടികളെ സംബന്ധിച്ച് ലൈംഗിക വികാരങ്ങള്‍ പുതുമയാണ്. തങ്ങളുടെ ശരീരവും ലൈംഗികതയുമായി ബന്ധപ്പെട്ട ഒരുപാടു കൗതുകങ്ങളും സംശയങ്ങളും അവരുടെ മനസ്സില്‍ ഉണ്ട്. ഇതിനെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാത്തതും വേണ്ട പ്രായത്തില്‍ വേണ്ട അറിവ് പകര്‍ന്നു കൊടുക്കുവാന്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സാധിക്കാത്തതും കുട്ടികളെ തെറ്റായ പരീക്ഷണങ്ങളിലേക്കും അറിവുകളിലേക്കും നയിക്കും. കേരളത്തിലെ ഒരു സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ചേച്ചിയും നാലാം ക്ലാസില്‍ പഠിക്കുന്ന അനിയത്തിയും ചേര്‍ന്ന് ഗൂഗിളില്‍ സേര്‍ച്ചു ചെയ്തു. 'കുട്ടികള്‍ ഉണ്ടാകുന്നത് എങ്ങനെ'? വായിച്ച വിവരങ്ങള്‍ അഞ്ചാം ക്ലാസുകാരി നാലാം ക്ലാസുകാരിക്കു വിശദമായി പറഞ്ഞുകൊടുത്തു. താന്‍ കേട്ടതൊക്കെ അനിയത്തി പരീക്ഷാ പേപ്പറില്‍ പകര്‍ത്തി വച്ചു. ഇതുകണ്ട് ഞെട്ടിയ പ്രധാനാധ്യാപിക പറഞ്ഞതിങ്ങനെ, "അവളെഴുതി വച്ച പല വാക്കുകളും ഇത്രയും പ്രായമുള്ള എനിക്ക് അറിയില്ലായിരുന്നു. ഒടുവില്‍ ഞാനവളോടു തന്നെ ചോദിച്ചു മനസ്സിലാക്കേണ്ടി വന്നു പല കാര്യങ്ങളുടെയും അര്‍ത്ഥം." ഇത് ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല എന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ കൂടുതലും കൗമാരപ്രായത്തിലുള്ളവരെയും യുവജനങ്ങളെയും കൗണ്‍സലിംഗ് നടത്തിയിട്ടുള്ളതുകൊണ്ട് അറിയാം. ഇന്ന് ഒരുപാടു പെണ്‍കുട്ടികള്‍ കടന്നുപോകുന്ന അവസ്ഥകള്‍ ആണ് ഇത് . പോണോഗ്രാഫി സൈറ്റുകള്‍ സന്ദര്‍ശിക്കാത്ത കുട്ടികള്‍ വിരളമാണ്. ഒരുപാടു പേര്‍ അതിനടിമയാണ്. പഠനങ്ങള്‍ തെളിയിക്കുന്ന ഒരു വസ്തുതയുണ്ട്. ഇത്തരം അടിമത്തങ്ങളിലേക്കു നയിക്കുന്നത് അവരുടെ പ്രായത്തിന്‍റെ കൗതുകം മാത്രമല്ല. വൈകാരിക സുരക്ഷിതത്വം അനുവദിക്കാത്ത കുട്ടികള്‍, ഉള്ളില്‍ ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്നവര്‍, വിഷാദവും ആകുലതയും നിറഞ്ഞവര്‍, ഇത്തരത്തിലുള്ള കുട്ടികളാണ് കൂടുതലും പോണോഗ്രാഫിക് സൈറ്റുകള്‍ക്ക് അടിമകളാകുന്നത്. ഇവിടെ മുന്‍പ് സൂചിപ്പിച്ച ഒരു കാര്യം ഒന്നുകൂടി എടുത്തു പറയട്ടെ. കുട്ടികള്‍ പുറമേ അച്ചടക്കം ഉള്ളവരാണോ എന്നു മാത്രം നോക്കിയാല്‍ പോരാ. അവരുടെയുള്ളില്‍ എത്രമാത്രം വൈകാരിക സുരക്ഷിതത്വം അനുഭവിക്കുന്നു എന്നുള്ളത് പ്രധാനമാണ്.

ലൈംഗിക ദുരുപയോഗങ്ങള്‍

കേരളത്തിനു വെളിയില്‍ പോസ്റ്റു ഗ്രാജ്വേഷന്‍ ചെയ്യുമ്പോള്‍ കൂടെ പഠിപ്പിച്ചിരുന്ന ഒരു സുഹൃത്ത്. പഠനത്തിന്‍റെ ഭാഗമായി ആ നഗരത്തിലെ പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഒരു ഹോസ്റ്റലില്‍ ഒരു സര്‍വ്വേ നടത്തി. കണ്ടെത്തിയ വിവരങ്ങള്‍ അന്ന് ഞെട്ടിക്കുന്നതായിരുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത മലയാളികളില്‍ 95% പേരും ദുരുപയോഗിക്കപ്പെട്ട അനുഭവങ്ങളുള്ളവരായിരുന്നു. എന്നാല്‍ ഇതിലൊരാള്‍ക്കു പോലും ഇത്തരം അനുഭവം ഉണ്ടായത് കേരളത്തിനു വെളിയില്‍ വന്നിട്ടല്ല. മറിച്ച് സ്വന്തം നാട്ടില്‍ വച്ചുതന്നെയാണ്. അമ്മാവന്മാര്‍, കസിന്‍സ്, വീട്ടുജോലിക്കാര്‍ എന്നു വേണ്ട സ്വന്തം അപ്പന്മാര്‍ വരെ. മറുനാടുകളിലെ കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ചും വഴിപിഴച്ചു പോകുന്ന തലമുറയെക്കുറിച്ചുമൊക്കെ ആകുലപ്പെടുകയും ഘോരം പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നവര്‍ തിരിച്ചറിയേണ്ട വസ്തുതയുണ്ട്. നമ്മള്‍ ആകുലപ്പെടേണ്ടത് പുറം നാടുകളെക്കുറിച്ചല്ല. മറിച്ച് ദൈവത്തിന്‍റെ സ്വന്തം നാട് എന്നഭിമാനിക്കുന്ന നമ്മുടെ നാടിനെക്കുറിച്ചു തന്നെയാണ്. യൂണിസെഫ് 2005 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയത് 42% ശതമാനം പെണ്‍കുട്ടികളും 10 മുതല്‍ 19 വയസ്സുവരെയുള്ള കാലഘട്ടത്തില്‍ ദുരുപയോഗിക്കപ്പെട്ടിട്ടുള്ളവരാണ് എന്നതാണ്. ഇന്ത്യാ ഗവണ്‍മെന്‍റ് നടത്തിയ മറ്റൊരു പഠനത്തില്‍ കണ്ടെ ത്തിയത് രാജ്യത്തെ മൊത്തം പെണ്‍കുട്ടികളില്‍ രണ്ടില്‍ ഒരാള്‍ വീതം ലൈംഗിക ചൂഷണത്തിനു വിധേയരാകുന്നു എന്നതാണ്. കേരളത്തില്‍ മാത്രം നടത്തിയ ഒരു പഠനത്തില്‍ 35% പെണ്‍കുട്ടികള്‍ ദുരുപയോഗിക്കപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. അതേസമയം യഥാര്‍ത്ഥകണക്കുകള്‍ ഇതിനും വളരെ മുകളിലാണ് എന്ന് പഠനങ്ങള്‍ നടത്തിയവര്‍ തന്നെ പറഞ്ഞുവയ്ക്കുന്നു. കാരണം ഇത്തരം അനുഭവങ്ങള്‍ തുറന്നുപറയാന്‍ പലരും ഭയപ്പെടുന്നു എന്നതുതന്നെയാണ്. ഈ വസ്തുതകളെല്ലാം ശരിയാണ് എന്ന് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ കൂടുതലും കൗമാരക്കാരുടെ ഇടയില്‍ ചിലവഴിച്ചതിന്‍റെ അനുഭവങ്ങളില്‍ നിന്ന് പറയാന്‍ കഴിയും. ഒരിക്കലെങ്കിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലാത്ത പെണ്‍കുട്ടികളുടെ എണ്ണം ഇന്ന് കുറവാണ്. ചെറിയ പ്രായം മുതല്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് അവരുടെ ശരീരത്തെക്കുറിച്ചുള്ള അവബോധം നല്‍കുന്നതും മറ്റുള്ളവരുടെ സ്പര്‍ശനങ്ങള്‍ ശരിയോ തെറ്റോ (good touch and bad touch)  എന്ന് തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും അവരെ പഠിപ്പിക്കുന്നതും ഇത്തരം ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ ഒരു പരിധി വരെ സഹായിക്കും.

മാതാപിതാക്കളോട്

സ്നേഹ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അതേ സ്കൂളില്‍ പ്ലസ്ടുവിനു പഠിക്കുന്ന ആണ്‍കുട്ടിയോട് പ്രണയം ... കുറച്ചു ദിവസങ്ങള്‍ തുടര്‍ച്ചയായി മെസ്സേജുകളും ഫോണ്‍കോളുകളുമാക്കെ ഉണ്ടായിരുന്നു. പിന്നീട് അവള്‍ക്ക് തോന്നി. വേണ്ട ഇത് തെറ്റാണ്. സ്നേഹ മെല്ലെ ആ ബന്ധത്തില്‍ നിന്നു പിന്മാറി. ആ ദിവസങ്ങളില്‍ പുതുതായി വന്ന അധ്യാപകന്‍റെ വാക്കുകള്‍ അവളെ സ്വാധീനിച്ചു. "നിങ്ങള്‍ക്ക് പരസ്പരം ആകര്‍ഷണവും പ്രണയവുമൊക്കെ തോന്നുക ഈ പ്രായത്തില്‍ തന്നെയാണ്. ആ വികാരങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ ഏറ്റവും നല്ല ഒരു മാര്‍ഗ്ഗം അത് മാതാപിതാക്കളോടോ ഏതെങ്കിലും മുതിര്‍ന്നവരോടോ തുറന്നു പറയുക എന്നതാണ്." അന്നുതന്നെ വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞു. "എനിക്ക് നിങ്ങളോട് സംസാരിക്കാനുണ്ട്." കാര്യങ്ങള്‍ അവള്‍ തുറന്നു പറഞ്ഞു. കൂട്ടത്തില്‍ ഇങ്ങനെയും. "എന്‍റെ മനസ്സ് ഫ്രീയാക്കാന്‍ ഞാന്‍ തുറന്നു പറഞ്ഞതാ. ഇപ്പോള്‍ എനിക്ക് ആ വ്യക്തിയോട് അങ്ങനെയുള്ള വികാരം ഒന്നുമില്ല. ഞാനതില്‍ നിന്ന് പുറത്തു വന്നു." ആഴ്ചകള്‍ക്കു ശേഷം അമ്മ വീണ്ടും ഈ വിഷയം എടുത്തു സംസാരിക്കാനും സ്നേഹയെ കുറ്റപ്പെടുത്താനും ഉപദേശിക്കാനും തുടങ്ങി. സ്നേഹ അമ്മയോട് ചോദിച്ചു. "അമ്മയ്ക്ക് എന്‍റെ പ്രായത്തില്‍ ആരോടും ഒരിക്കലും ഒരു ഭ്രമംപോലും തോന്നിയിട്ടില്ലേ?" "എനിക്ക് നിന്‍റെ ഈ പ്രായത്തില്‍ ഇത്തരത്തിലുള്ള ഒരു വികാരവും ആരോടും തോന്നിയിട്ടില്ല. അതൊക്കെ വലിയ തെറ്റാണ്." ഈ അനുഭവം പങ്കുവയ്ക്കവേ എന്നോട് സ്നേഹ ചോദിച്ച ചോദ്യം ഇതായിരുന്നു. "ഞാന്‍ കടന്നുപോകുന്ന അനുഭവങ്ങളിലൂടെ, വികാരങ്ങളിലൂടെ ഒരിക്കലും കടന്നു പോയിട്ടില്ലാത്ത ഒരു വ്യക്തിയോട് ഞാനെങ്ങനെ എന്‍റെ അനുഭവങ്ങള്‍ പങ്കുവയ്ക്കും? അവര്‍ക്ക് എന്നെ എങ്ങനെ മനസ്സിലാക്കാന്‍ സാധിക്കും?"

കേരളത്തിനു വെളിയില്‍ പഠിക്കുമ്പോള്‍ കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടിയും അവളുടെ മാതാപിതാക്കളും തമ്മിലുണ്ടായ ഒരു ഫോണ്‍ സംഭാഷണം ഇപ്പോഴും മനസ്സിലുണ്ട്. നാട്ടില്‍ വച്ച് പരിചയമുള്ള, കുടുംബസുഹൃത്തു കൂടിയായ യുവാവ് ഇവിടെ വച്ചു തന്നോടു മോശമായി സംസാരിക്കുന്നു എന്ന പെണ്‍കുട്ടിയുടെ പരാതിയോട് അങ്ങേ തലയ്ക്കല്‍ നിന്നുള്ള പ്രതികരണം ഇങ്ങനെ. "അതു നീ കൊഞ്ചാനും കൊഴയാനും പോയിട്ടാകും. നീ അടങ്ങി ഒതുങ്ങി നടന്നാല്‍ മറ്റുള്ളവര്‍ അങ്ങനെയൊന്നും ചെയ്യില്ല'. അമര്‍ഷവും ദേഷ്യവും കൊണ്ടു നിറഞ്ഞ സുഹൃത്തിന്‍റെ മറുപടി ഇപ്പോഴും എന്‍റെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു. "ഇതുകൊണ്ട് തന്നെയാണ്, ഈ ഒറ്റക്കാരണം കൊണ്ടു മാത്രമാണ് ഞാന്‍ എന്‍റെ ജീവിതത്തില്‍ എന്തു പ്രശ്നങ്ങളുണ്ടായാലും നിങ്ങളോടു പറയാന്‍ മടിക്കുന്നത്. ഞാന്‍ എന്തു പറഞ്ഞാലും എന്നെ കുറ്റപ്പെടുത്തുകയല്ലാതെ എന്നെ മനസ്സിലാക്കാനോ സപ്പോര്‍ട്ട് ചെയ്യാനോ നിങ്ങള്‍ക്ക് പറ്റാറില്ല."

അഞ്ജുവിന്‍റെ പൊതുവെയുള്ള അലസതയെക്കുറിച്ചും പഠിക്കാനുള്ള താല്‍പര്യമില്ലായ്മയെക്കുറിച്ചുമായിരുന്നു മാതാപിതാക്കള്‍ക്ക് പരാതി. വര്‍ഷങ്ങളായി തുടരുന്ന കുറ്റപ്പെടുത്തലുകള്‍, വിമര്‍ശനങ്ങള്‍, കളിയാക്കലുകള്‍,  വഴക്കുകള്‍, ഒരായുധങ്ങളും ഫലിക്കാത്തതില്‍ അവര്‍ നിരാശയിലായിരുന്നു. അഞ്ജുവിനോടു സംസാരിക്കവേ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അഞ്ജുവിന്‍റെ വാക്കുകള്‍ ഇങ്ങനെ. "എന്‍റെ പപ്പ എന്നെ ഒന്നു കെട്ടിപ്പിടിച്ചിരുന്നുവെങ്കില്‍, എനിക്കൊരുമ്മ തന്നിരുന്നുവെങ്കില്‍ എന്നു ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നു. എന്നെ ഒന്നു മോളെ എന്നു വിളിക്കുന്നതു കേള്‍ക്കാന്‍ ഞാന്‍ വല്ലാതെ കൊതിക്കുന്നു." അഞ്ജുവിന്‍റെ മടിമാറ്റാന്‍ ഇതുവരെ പ്രയോഗിച്ചു പരാജയപ്പെട്ട ആയുധങ്ങളെല്ലാം ഉപേക്ഷിക്കാനും അവളുടെ മാനസികമായ ആവശ്യങ്ങളോട് പ്രതികരിക്കാനും കൗണ്‍സലിംഗ് മാതാപിതാക്കളെ സഹായിച്ചു.

ഒരു ദിവസം സ്കൂള്‍ വിട്ടുവന്ന അഞ്ജുവിനെ പപ്പ കെട്ടിപ്പിടിച്ചു. നെറ്റിയില്‍ ഉമ്മ വച്ചു. അവളുടെ നന്മകള്‍ എടുത്തു പറഞ്ഞ് അഭിനന്ദിക്കാനും പ്രോല്‍സാഹിപ്പിക്കാനും തുടങ്ങി. പിന്നീട് മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തിയത് ഇങ്ങനെ. അഞ്ജു ഒരുപാട് മാറി. ഇപ്പോള്‍ പഠനത്തിലും എല്ലാ കാര്യങ്ങളിലും ആക്റ്റീവാണ്.

തങ്ങളുടെ ഹൃദയത്തെ തൊട്ടറിയുന്ന സ്നേഹവും കരുതലുമൊക്കെ പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും അവശ്യസമയത്ത് ലഭ്യമായിരുന്നെങ്കില്‍ പല ജീവിതങ്ങളിലും ഇന്നു കാണുന്ന പരാജയങ്ങളുണ്ടാകുമായിരുന്നില്ല; മറിച്ച് കരുത്തുറ്റതാകുമായിരുന്നു. 
 
നിഷ ജോസ് ,കൗണ്‍സിലര്‍ ക്രൈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ലവാസ

You can share this post!

കുടുംബം ഒരു ദേവാലയം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts