news-details
കവർ സ്റ്റോറി

മക്കളെന്നത് പാരമ്പര്യം നിലനിര്‍ത്താനുള്ള കണ്ണികള്‍ മാത്രമല്ല, ഒരു രാഷ്ട്രത്തിന്‍റെ നെടുംതൂണുകളാണവര്‍. ഉത്തമ പൗരന്മാരെ സൃഷ്ടിക്കേണ്ടതില്‍ പ്രഥമസ്ഥാനം രക്ഷിതാക്കള്‍ക്കു തന്നെ. മറ്റേതൊരു ജീവിയെപ്പോലെയും സ്വയം പര്യാപ്തരാകുന്നതുവരെ കുട്ടികളെ വളര്‍ത്തേണ്ടത് രക്ഷിതാക്കളാണ്. തല്ലിപ്പഴുപ്പിച്ചും ഉപദേശിച്ചും വളര്‍ത്തുന്നതിനേക്കാള്‍, അവരോടൊപ്പം അവരിലൊരാളായി കൂടെനിന്ന് അവരെ വളര്‍ത്തുന്നതിലാണ് ഞങ്ങള്‍ക്ക് സംതൃപ്തി. കുട്ടികളെ വളര്‍ത്തുമ്പോള്‍ സ്വയം കുട്ടികളായിത്തീരണമെന്നല്ലേ! അല്ലാതായാല്‍ വളര്‍ന്നുവരുന്ന കുഞ്ഞ് ആദ്യം പഠിക്കുന്ന പാഠങ്ങള്‍ മുതിര്‍ന്ന പൗരന്‍റെ സ്വഭാവവിശേഷങ്ങളായിരിക്കും.

മക്കളായി ഒരാണും ഒരുപെണ്ണും വേണമെന്നായിരുന്നു ആഗ്രഹം. മരിച്ചാല്‍ കൊള്ളിവെയ്ക്കാന്‍ വേണ്ടിയായിരുന്നില്ല ആണ്‍കുട്ടിയെ ആഗ്രഹിച്ചത്. രണ്ടു പേരേയും ഒരേ പരിഗണന നല്‍കി വളര്‍ത്തിക്കാണിക്കണമെന്ന ആഗ്രഹമായിരുന്നു. കുടുംബത്തിലും ചുറ്റുപാടിലും ഒരുപാട് അസമത്വങ്ങള്‍ ഞങ്ങളുടെ ചെറുപ്പത്തില്‍ നിലനിന്നിരുന്നു. പലരും പെണ്‍കുട്ടികളെ താഴ്ത്തിക്കെട്ടണമെന്ന നിലയ്ക്കല്ല, മറിച്ച് അതാണ് നാട്ടുനടപ്പ്, അതാണ് ശരിയെന്ന രീതിയിലായിരുന്നു അങ്ങനെ ചെയ്തിരുന്നത്. എന്നാല്‍ ചിലര്‍ക്കെങ്കിലും പെണ്‍കുട്ടിയെ ഇകഴ്ത്തുക എന്നത് മനഃപ്പൂര്‍വ്വമായ പ്രവണതയാണ് താനും.

പെണ്‍കുഞ്ഞാണ് ജനിച്ചതെങ്കില്‍ അച്ഛനമ്മമാര്‍ക്ക് നെഞ്ചില്‍ തീയെന്നാണ് വെയ്പ്. അടക്കത്തിലും ഒതുക്കത്തിലും വളരേണ്ടവരാണ്, വീട്ടുപണികള്‍ ചെയ്യേണ്ടവരാണ്, അവരുടെ ശബ്ദം ഉത്തരത്തില്‍ തട്ടരുത്, ആണുങ്ങളുടെ ബാക്കി പെണ്ണുങ്ങള്‍ക്ക്. അങ്ങനെയൊക്കെയാണ് കാഴ്ചപ്പാടുകള്‍. പെണ്‍കുഞ്ഞ് ജനിക്കുമ്പോഴേക്കും കുറി ചേരുന്നു, ഫിക്സഡ് ഡെപ്പോസിറ്റ് ഇടുന്നു, സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങുന്നു. ചുണ്ടും വായും തിരിയും മുമ്പേ അവളെ മറ്റൊരു വീടിനു വേണ്ടി പാകപ്പെടുത്താന്‍ തുടങ്ങുന്നു. ചിലപ്പോഴെല്ലാം അവരെ പഠിപ്പിക്കാന്‍ തന്നെ തയ്യാറാവുന്നില്ല, പൈസയുടെ നഷ്ടമോര്‍ത്ത്, കാരണം നാളെയവള്‍ മറ്റൊരു വീട്ടില്‍ പോകേണ്ടവളല്ലേ!

ഞങ്ങള്‍ക്ക് രണ്ടു പെണ്‍കുഞ്ഞുങ്ങളാണ്, മാലാഖമാര്‍. എഴുതിവെച്ച ചട്ടക്കൂടുകളിലല്ല അവരെ വളര്‍ത്തേണ്ടതെന്ന വ്യക്തമായ ധാരണ ഞങ്ങള്‍ക്കുണ്ട്. മുജ്ജന്മത്തിലെ ശത്രുക്കളില്ലാതെ ഇജ്ജന്മത്തിലെ പൂമ്പാറ്റകളായ് വളരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ജനിച്ച ഉടനെയുള്ള ഒരു കരച്ചിലില്‍ തുടങ്ങുന്നു ഒരു കുഞ്ഞുമായുള്ള ആത്മബന്ധം. ഓരോ കരച്ചിലും ഓരോ ആവശ്യങ്ങളായിരുന്നു. അവരോടൊത്തിരുന്ന ഓരോ നിമിഷങ്ങളും അവരെ അറിയാന്‍ ശ്രമിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് പല അനുഭവങ്ങളുമുള്ളത് കൊണ്ട് അവരെ സമൂഹത്തിലെ 'പെണ്ണെന്ന' വിളിയിലേക്ക് ഒതുക്കാന്‍ താല്‍പര്യപ്പെടുന്നില്ല. അവര്‍ ഞങ്ങള്‍ക്ക് ബാദ്ധ്യതയല്ല, പ്രായപൂര്‍ത്തിയാവുന്നതോടെ ആര്‍ക്കെങ്കിലും കൊടുത്ത് കയ്യൊഴിയേണ്ടവരുമല്ല. ഏതെങ്കിലും മുള്ളുകളില്‍ കേറിയാല്‍ കീറിപ്പോകേണ്ടുന്നവരുമല്ല പെണ്‍മക്കള്‍. അരുതുകളില്‍ തളച്ചിടാതെ കുറുമ്പുകള്‍ക്കും സാഹസികതകള്‍ക്കും കൈകൊടുത്ത് കൂടെ നില്‍ക്കുകയാണ് ഞങ്ങള്‍. മലകള്‍ താണ്ടിയും പുഴയില്‍ നീന്തിയും കാടുകളിലലഞ്ഞും മഞ്ഞിലും മഴയിലും വെയിലിലും കുളിച്ചു അവരെ പാകപ്പെടുത്തിയെടുക്കുകയാണ്. പലവിധ ജീവിത സാഹചര്യങ്ങള്‍ അവരെ ചെറുപ്പത്തിലേ പരിചയപ്പെടുത്തുന്നു. സമൂഹവുമായി ഇടപഴകാനുള്ള അവസരങ്ങളെല്ലാം കഴിവതും ഉപയോഗപ്പെടുത്തുന്നു. ആണ്‍ പെണ്‍ബോധമില്ലാതെ സൗഹൃദങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു. അതിലൂടെ ആരോഗ്യകരമായ ബന്ധങ്ങള്‍ അവര്‍ മനസ്സിലാക്കിയെടുക്കട്ടെ.

വീടെന്നത് മക്കളുടെ സ്വന്തമാക്കാന്‍ അനുവദിക്കണം. വിരുന്നുകാര്‍ക്കായി വീടിനെ മാറ്റിവെയ്ക്കേണ്ടതില്ലല്ലോ, അത് സോഫയായാലും,  പാത്രങ്ങളായാലും കിടക്കവിരികളായാലും! കുട്ടികള്‍ക്ക് വൃത്തികേടാക്കാനും പിന്നീട് വൃത്തിയാക്കി പഠിക്കാനുമുള്ള ഇടമാണ് വീട്. അവരുടെ കയ്യടയാളങ്ങളില്ലാതെ ചുമരുകള്‍ നിര്‍ജ്ജീവമാണ്. കളിപ്പാട്ടങ്ങള്‍ അവരുപയോഗിക്കുകയും എടുത്തുവെയ്ക്കുകയും ചെയ്യട്ടെ. കളിക്കാന്‍  നല്‍കാതെ ഷോകേസില്‍ വെയ്ക്കുന്ന കളിപ്പാട്ടങ്ങള്‍ ഒരു കാലത്ത് നമ്മെ തിരിച്ചു കുത്തുന്ന മുള്ളുകളാവാതിരിക്കട്ടെ! പെണ്‍കുട്ടികളുടെ കല്യാണത്തോടനുബന്ധിച്ച് വീട് പണിയുന്ന, മോടി കൂട്ടുന്നവര്‍ അറിയുന്നുണ്ടോ തങ്ങളുടെ മകള്‍ ആ വീട്ടില്‍ ഇനിയെത്ര നാള്‍ അവളുടെ പൊട്ടിച്ചിരികള്‍ വിതറുമെന്ന്! ഉറക്കെ ഒച്ചവെച്ച് അലറി കളിച്ച് ചിരിച്ച് മേല്‍ക്കൂരകള്‍ തകര്‍ത്ത് വളരട്ടെ പെണ്‍മക്കള്‍. ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ എനിക്കീ ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്ന് പറയേണ്ട അവസ്ഥ മക്കള്‍ക്കുണ്ടാകരുതെന്ന് ഞങ്ങള്‍ ആ ഗ്രഹിക്കുന്നു. അവരോടൊത്തുള്ള സമയം അവര്‍ക്ക് മാത്രം നല്‍കാനായി ശ്രമിക്കുന്നു. കൃത്യമായി അവരെ കേള്‍ക്കാന്‍ ശ്രമിക്കും. ഞങ്ങള്‍ രണ്ടുപേരും ജോലിക്കാരായിരുന്ന സമയത്ത് ശനിയാഴ്ച രാത്രിയോടെ എല്ലാ പണികള്‍ക്കും വിരാമമിടും. (ഉദാ വീട് വൃത്തിയാക്കല്‍, അലക്കല്‍ തുടങ്ങിയ വാരാന്ത്യ പരിപാടികള്‍ വളരെ വൈകിയെങ്കിലും ശനിയാഴ്ച തന്നെ തീര്‍ത്തിരുന്നു). ഞായറാഴ്ച മുഴുവന്‍ സമയം മകള്‍ക്ക് വേണ്ടി മാത്രമായി മാറ്റിവെയ്ക്കുമായിരുന്നു. വീട്ടിലേയും സ്കൂളിലേയും ഓഫീസിലേയും കാര്യങ്ങള്‍ എല്ലാവരും പരസ്പരം സംസാരിക്കാനും, പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും സമയം കണ്ടെത്തുന്നു.

കുഞ്ഞു കുഞ്ഞ് സന്തോഷങ്ങളിലും സങ്കടങ്ങളിലും അവരെ ഇറുകെ പുണര്‍ന്ന് കൂടെക്കൂടും. വിജയങ്ങളില്‍ നിര്‍ലോഭമായി പ്രോത്സാഹിപ്പിക്കുകയും തോല്‍വികളില്‍ അടുത്ത തവണത്തെ വിജയത്തിന് മുന്‍കൂര്‍ ആശംസ നല്‍കുകയും ചെയ്യും. തെറ്റുകള്‍ക്ക് അടിയേക്കാള്‍ പിണക്കത്തിനാണ് ഞങ്ങള്‍ കൂടുതല്‍ സാധ്യത കാണുന്നത്. ഒരിക്കലും കുട്ടികളെ താരതമ്യം ചെയ്യാറില്ല. പഠിപ്പിലായാലും മറ്റ് കഴിവുകളിലായാലും ഓരോരുത്തര്‍ക്കും ഓരോ രീതിയെന്നതാണ് ശരി.

പെണ്‍കുഞ്ഞിന് നിറമൊരല്‍പം കുറഞ്ഞാല്‍ രക്ഷിതാക്കള്‍ക്ക് ആധിയാണ്, കൂടുതല്‍ സ്വര്‍ണ്ണം കരുതേണ്ടി വരുമല്ലോന്നോര്‍ത്ത്! ജനിക്കുമ്പോള്‍ മുതല്‍ പൗഡറും സൗന്ദര്യ വര്‍ദ്ധകങ്ങളും തേച്ച് വെളിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന അമ്മമാര്‍ തന്നെയാണ് പ്രധാന കുറ്റവാളികള്‍. നിറമെന്നത് ശരീരത്തിന്‍റെ പ്രത്യേകതമാത്രമാണന്നും മനുഷ്യന്‍റെ കഴിവുകള്‍ക്ക് മാനദണ്ഡം നിറമല്ലെന്നും ആരും പറഞ്ഞ് പഠിപ്പിക്കാന്‍ മിനക്കെടാറില്ല. നിറമില്ലാത്തവള്‍ എന്ന വിളി നിര്‍ത്തിയാല്‍ തന്നെ കുട്ടികള്‍ കുറച്ചെങ്കിലും അതില്‍ നിന്ന് മുക്തരാകും. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തിലാണ് ആളുകള്‍ക്ക് ശ്രദ്ധ കൂടുതല്‍. എന്നിട്ടും ആണ്‍കുട്ടികള്‍ ശരീരം മറച്ചും പെണ്‍കുട്ടികളുടേത് പാതിവെളിപ്പെട്ടും ഇരിക്കുന്നുണ്ടാകും. പരസ്യമോഡലുകളുടേയും സിനിമാതാരങ്ങളുടേയും അതി പ്രസരമാണ് ഇത്തരം വസ്ത്രരീതികളുടെ ആധാരം. ലൈംലൈറ്റിലെ ജീവിതം, അതൊരു ജോലി മാത്രമാണവര്‍ക്ക്. കുട്ടികളെ അത് മനസ്സിലാക്കിക്കേണ്ടത് രക്ഷിതാക്കളാണ്. പിന്നെ തിളക്കമുള്ള വസ്ത്രങ്ങളും മേക്കപ്പുകളും എല്ലാം പെണ്‍കുട്ടികളെ അണിയിക്കുന്നതെന്തിനെന്ന് ഞങ്ങള്‍ക്കിതുവരെ മനസ്സിലാകുന്നില്ല. അങ്ങനെ അണിയിച്ചൊരുക്കി സൗന്ദര്യം കൂട്ടേണ്ടവരാണ്, കാഴ്ച വസ്തുക്കളാകേണ്ടവരാണ് പെണ്‍മക്കള്‍ എന്നും കരുതുന്നില്ല. അവരുടെ സ്വതസിദ്ധമായ ചലനങ്ങള്‍ക്ക് ഭംഗംവരാത്തതും ശരീരത്തിന് ആവശ്യമായ ആവരണം നല്‍കുന്നതുമായ വസ്ത്ര ശീലങ്ങള്‍ ചെറുപ്പത്തിലേ ശീലിപ്പിച്ചെടുക്കുക. പൗരസ്ത്യമോ പാശ്ചാത്യമോ ഏതെങ്കിലും അനുകരണമോ അല്ലാതെ അവരുടെ സ്വാതന്ത്ര്യത്തിനും കാലാവസ്ഥയ്ക്കിണങ്ങുന്നതുമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവര്‍ പ്രാപ്തരാ വുകതന്നെ ചെയ്യും.

അവളുടെ വസ്ത്രം കൊണ്ടോ, മുടികൊണ്ടോ, നടത്തം കൊണ്ടോ അവളെ പെണ്ണാക്കാതിരിക്കുക. എപ്പോഴും നീ പെണ്ണല്ലേയെന്ന് ഓര്‍മ്മിപ്പിക്കാതിരിക്കുക. പെണ്ണിനെക്കൊണ്ട് ഇത്രയൊക്കേയേ പറ്റൂ എന്ന് പറഞ്ഞ് അവളുടെ കഴിവുകളെ വിലകുറക്കാതിരിക്കുക, പെണ്‍ബുദ്ധി പിന്‍ബുദ്ധിയെന്ന് പറഞ്ഞ് അകറ്റി നിര്‍ത്താതിരിക്കുക, പെണ്ണൊരുമ്പെട്ടാല്‍ എന്ന വൃത്തികേടിലേക്കവളെ തള്ളിയിടാതിരിക്കുക.

നാല് ചുമരുകളല്ല, ഈ വിശാല ലോകം പെണ്ണിനു കൂടിയുള്ളതാണ്. മികച്ച വിദ്യാഭ്യാസം നല്‍കുക. കല്യാണത്തിന് പണം കരുതാതെ അവരെ ലോകം കാണിക്കാന്‍ ശ്രമിക്കുക. അവരുടെ ശരീരത്തെപ്പറ്റി അവരെ ബോധ്യപ്പെടുത്തുക. അകമഴിഞ്ഞ് സ്നേഹിക്കുക. എല്ലാറ്റിനുമുപരി അവരെ വിശ്വസിക്കുക. പെണ്ണെന്ന കരുതലില്‍ ചിറകിലൊതുക്കാതെ, അവരുടെ ചിറകുകള്‍ വിടര്‍ത്തിപ്പറക്കാനുള്ള ആകാശം കാണിച്ചു കൊടുക്കലാണ് അച്ഛനമ്മമാരുടെ കടമ. സ്നേഹത്തോടെ കൂടെ നിര്‍ത്തി, ഇറുകെ പുണര്‍ന്ന് ഉയര്‍ച്ചയിലും താഴ്ചയിലും താങ്ങായും തണലായും നിന്നാല്‍, ലോകം നയിക്കാന്‍ ആണ്‍മക്കളേക്കാള്‍ എന്തുകൊണ്ടും യോഗ്യര്‍ നമ്മുടെ പെണ്‍മക്കള്‍ തന്നെയായിരിക്കും.

You can share this post!

കുടുംബം ഒരു ദേവാലയം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts