news-details
കവർ സ്റ്റോറി

പച്ചപ്പിന്‍റെ പ്രസാദം: പ്രൊഫ. ശോഭീന്ദ്രന്‍

കോഴിക്കോട് നഗരത്തിലെ ബൈപാസ് റോഡിലെ മരങ്ങള്‍ക്കും നൂറ്റിപ്പത്ത് എക്കര്‍ വരുന്ന ഗുരുവായൂരപ്പന്‍ കോളേജിലെ മരസമൃദ്ധിക്കും പ്രൊഫ. ശോഭീന്ദ്രന്‍ എന്ന മഹാമനുഷ്യന്‍റെ സ്നേഹപരിലാളനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും കഥ പറയാനുണ്ട്. ഫിഡല്‍ കാസ്ട്രോയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ച ഈ എളിയ മനുഷ്യന്‍ മൂന്നാമത് ഇന്ദിരാഗാന്ധി പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡും കേരളഗവണ്‍മെന്‍റിന്‍റെ വനമിത്ര അവാര്‍ഡും കരസ്ഥമാക്കിയിട്ടുള്ള പ്രകൃതി സ്നേഹിയാണ്. ഗുരുവായൂരപ്പന്‍ കോളേജില്‍ അഇഗ രാജാ ശില്പകലാ ക്യാമ്പ് സംഘടിപ്പിച്ച് ക്യാമ്പസ് മുഴുവന്‍ ശില്പങ്ങള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തത് മാഷാണ്. 22 ലക്ഷത്തോളം രൂപ മുതല്‍മുടക്കി ക്യാമ്പസ് പ്രതിമകളില്‍ ഏറ്റവും വലുതായ ബോധിച്ചുവട്ടിലെ ബുദ്ധപ്രതിമയും ഉരുളന്‍ കല്ലുകളടുക്കി നിര്‍മ്മിച്ച ചൂണ്ടുവിരലുയര്‍ത്തിയ കൈയുടെ ശില്പവും വായിക്കുന്ന വിദ്യാര്‍ത്ഥിയുടെ ചിന്താശില്പവും ഏറെ പ്രസിദ്ധമാണ്. പെണ്‍കുട്ടിയുടെ ശില്പത്തിന്‍റെ ഉള്‍വശം മ്യൂറല്‍ പെയിന്‍റിംഗ് ഹാളാണ്. ഈ പ്രതിമയുടെ മടിത്തട്ടില്‍ സ്റ്റേജ് തീര്‍ത്താണ് ശോഭിന്ദ്രന്‍ മാഷിന് റിട്ടയര്‍മെന്‍റ് വേളയില്‍ വിദ്യാര്‍ത്ഥികള്‍ ഗുരുസമര്‍പ്പണം നടത്തിയത്. കൊടുക്കാന്‍ മടിയില്ലാത്ത ഇദ്ദേഹത്തിന്‍റെ നിറഞ്ഞ ചിരിയും സ്നേഹനിര്‍ഭരമായ വാക്കുകളും നമുക്കും പ്രചോദനമാണ്. കേരളത്തിന്‍റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ശ്രേഷ്ഠ വ്യക്തിത്വമാണ് ശോഭിന്ദ്രന്‍ മാഷിന്‍റേത്.

'മനസ്സിലുരുത്തിരിഞ്ഞ ആശയത്തെ പിന്‍തുടര്‍ന്നതല്ല, പരിസ്ഥിതിയിലേക്ക് ഞാന്‍ വന്നു ചേര്‍ന്നതാണ്.' ശോഭീന്ദ്രന്‍ മാഷ് ഓര്‍മ്മിച്ചെടുത്തു. പ്രകൃതിയും മണ്ണും മരവും ജലവുമൊക്കെ കൂടെ കൂടിയതിനു പിന്നിലെ ഓര്‍മ്മകള്‍ വീണ്ടും അദ്ദേഹം പങ്കു വെച്ചു.
 
മഴമിത്രം

'സൈലന്‍റ് സ്പ്രിങ്' എന്ന വിഖ്യാതഗ്രന്ഥത്തിന്‍റെ ജൂബിലിയോടനുബന്ധിച്ച് ഗ്രീന്‍കമ്മ്യൂണിറ്റി ആന്‍റപ്പന്‍റെ നേതൃത്വത്തില്‍ പുറത്തിറക്കിയ ഹരിതമാധ്യമമാണ് 'മഴമിത്രം'. നിശബ്ദവര്‍ഷ ആചരണത്തിന്‍റെ ഓര്‍മ്മയ്ക്കായ് മലയാളമണ്ണില്‍ ഉയര്‍ന്നുവരുന്ന ഹരിതസമൂഹത്തിന്‍റെ സാക്ഷ്യമായി ഈ മാധ്യമം വിശേഷിക്കപ്പെട്ടു. പ്രകൃതിവിഭവങ്ങളെക്കുറിച്ചും വികസനത്തിന്‍റെ വഴികളിലെ വിനാശങ്ങളെക്കുറിച്ചും ഭൂമിക്ക് ഭീഷണിയാകുന്ന മാനുഷിക പ്രവണതകളെക്കുറിച്ചും ഇവയെ അതിജീവിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പ്രത്യേയശാസ്ത്രങ്ങള്‍ക്ക് അതീതമായി മഴമിത്രം ഓര്‍മ്മിപ്പിച്ചു. ആമുഖപതിപ്പോടെ പ്രസിദ്ധീകരണം അവസാനിപ്പിക്കേണ്ടിവന്ന 'മഴമിത്രം' ഓര്‍മ്മയായെങ്കിലും ആന്‍റപ്പന്‍റെ അനുസ്മരണാര്‍ത്ഥം 2017 ജനുവരി 15 ന് 'മഴമിത്ര'മെന്ന പേരില്‍ ഒരു ഭവനം ആന്‍റപ്പന്‍റെ മകന്‍ ഏബേലിനും ഭാര്യ സോണിയയ്ക്കുമായി നല്‍കി. ഗ്രീന്‍ കമ്മ്യൂണിറ്റി പ്രവര്‍ത്തകരും എടത്വായിലെ ആന്‍റപ്പന്‍ അമ്പിയായം ഫൗണ്ടേഷനുമായിരുന്നു അതിന് ചുക്കാന്‍ പിടിച്ചത്.
 
കര്‍ണ്ണാടക ഗവണ്‍മെന്‍റ് സര്‍വീസില്‍ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബംഗളുരു ആര്‍ട്ട്സ് ആന്‍സ് സയന്‍സ് കോളജ് അദ്ധ്യാപകനായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് ചിത്രദുര്‍ഗ ജില്ലയിലെ ഒരു ഗ്രാമത്തിലേക്ക് സ്ഥലം മാറ്റം വാങ്ങി. ഭാഷയറിയാതെ സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാതെ അവിടെ താമസിച്ച മാഷിന് അവിടുത്തെ കുട്ടികളാണ് സുഹൃത്തുക്കളായത്. ഭാഷയറിയാത്തതിനാല്‍ അദ്ദേഹം അവര്‍ക്ക് ഒരത്ഭുതമായിരുന്നു. തനിക്കറിയാവുന്ന ഇംഗ്ലീഷില്‍ മാഷും കന്നഡയില്‍ കുട്ടികളും പരസ്പരം സംവദിച്ചു. സൗഹൃദങ്ങള്‍ക്കപ്പുറത്തെ ഹൃദയബന്ധം അവരുമായി മാഷിനുണ്ടായിരുന്നു. കുന്നുകളും കാവുകളും ഉത്സവങ്ങളും അവധിദിവസങ്ങളില്‍ അവര്‍ സ്വന്തമാക്കി. സ്നേഹിക്കാനറിയാവുന്ന ഒരു ജനതയുടെ കൂടെ ജീവിച്ച് ആരും ശ്രദ്ധിക്കാത്തവ മാഷ് കണ്ടെടുത്തു. അവരോട് ഇഴുകിച്ചേര്‍ന്ന് ജനസമൂഹത്തിന്‍റെ ഉള്ളറക്കഥകള്‍ പോലും അറിയത്തക്കവിധം അവരോട് ചേര്‍ന്നു. മതാതീതമായ ബന്ധങ്ങളായിരുന്നു മാഷിനവരോട്. അതുല്യമായ ഗുരുസങ്കല്‍പത്തിന്‍റെ മനുഷ്യരൂപമായിരുന്നു അവര്‍ക്ക് മാഷ്.

"ഞാനൊരു ശൂന്യതയായിരുന്നു. സ്നേഹവും പ്രകൃതിയുടെ അര്‍ത്ഥവും എനിക്ക് നല്‍കിയത് കര്‍ണാടകയിലെ എന്‍റെ വിദ്യാര്‍ത്ഥികളാണ്" എന്ന് മാഷ് പറയാറുണ്ട്. സ്നേഹത്തേക്കാള്‍ വിനയമാണ് മാഷിനവരോട്. കാരണം അവര്‍ നല്കിയ സ്നേഹത്തിന്‍റെ പാഠങ്ങള്‍ തന്നെ. "അദ്ധ്യാപകനായതുകൊണ്ടാണു എനിക്ക് പരിസ്ഥിതിയെ അറിയാനായത്. എന്നിലെ അദ്ധ്യാപകനെ രൂപപ്പെടുത്തിയത് എന്‍റെ വിദ്യാര്‍ത്ഥികളാണ്" എന്ന് മാഷ് പറയുമ്പോള്‍ നമുക്ക് മനസ്സിലാകും എത്രയോ ശ്രേഷ്ഠമായിരുന്നു അദ്ദേഹത്തിന്‍റെ അദ്ധ്യാപനമെന്ന്.
3 വര്‍ഷത്തെ കര്‍ണാടകയിലെ ജീവിതത്തിന് ശേഷം ഒരു പറിച്ചുനടീല്‍ സംഭവിച്ചു. താന്‍ പഠിച്ച ഗുരുവായൂരപ്പന്‍ കോളേജിലേക്ക് തിരിച്ചുവന്നു. അതും അദ്ധ്യാപകനായിട്ട്. ഇതിനിടെ പ്രകൃതിയും മാഷിനോടു ചേര്‍ന്നു.സാഹചര്യങ്ങള്‍ മാറിയ ഒരു കാലാവസ്ഥ അനുഭവിച്ചു. ഒരു ഔദ്യോഗിക ബന്ധം മാത്രം ഗുരുശിഷ്യബന്ധത്തില്‍ ഉണ്ടായിരുന്ന ഇവിടുത്തെ സാഹചര്യങ്ങളെ മാറ്റിമറിയ്ക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 32വര്‍ഷക്കാലത്തെ ഗുരുവായൂരപ്പന്‍ കോളേജിലെ ഔദ്യോഗിക ജീവിത കാലത്ത് അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ എണ്ണമറ്റവയാണ്. ഒരുമിച്ചു നിന്ന് പ്രവര്‍ത്തിച്ച് കോഴിക്കോടിന്‍റെ മുഖഛായ മാറ്റുവാന്‍ മാഷും അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥികളും അവിശ്രാന്തം അദ്ധ്വാനിച്ചു.

കര്‍ണാടകയിലെ മലകയറ്റമൊക്കെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഇവിടെ നടന്നത് നേച്ചര്‍ ക്യാമ്പിന്‍റെ ക്യാമ്പുകളും യാത്രകളും ആയിരുന്നു. നാദാപുരത്തും മാറാടിയിലുമൊക്കെ ഈ യാത്രകളുടെ പിന്തുടര്‍ച്ചപോലെയാണ് പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വയനാട് വന്യജീവിസങ്കേതത്തില്‍ ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കാനും വൃക്ഷത്തൈ നടുവാനും സാധിച്ചത് വലിയ ക്യാമ്പനുഭങ്ങളുടെയും പരസ്പരപങ്കുവയ്ക്കലിന്‍റെയും ഓര്‍മ്മകളായി ഇന്നും മനസ്സിലുണ്ടെന്ന് മാഷ് പറയുന്നു.
 
25 വര്‍ഷങ്ങള്‍ക്കുമുമ്പ് ഏതോ യാത്രാവിവരണത്തില്‍ Middle East ല്‍ കോളയേക്കാള്‍ വില കുപ്പിവെള്ളത്തിനാണെന്ന് വായിച്ച് അത്ഭുതം കൂറിയിട്ടുണ്ട് ഞാന്‍. കാരണം അന്ന് കേരളത്തില്‍ കുപ്പിയില്‍ കുടിവെള്ളം എന്നത് തികച്ചും  അന്യമായ ഒന്നായിരുന്നു. പക്ഷേ ഇന്ന് എനിക്കും കുപ്പിവെള്ളം യാത്രക്കിടയിലെങ്കിലും ഒഴിവാക്കാനാവാത്ത ഒരു വസ്തുവാണ്. 2011-ല്‍ ഒരിക്കല്‍ ഒരു യാത്രയ്ക്കവസാനം കൈയിലുണ്ടായിരുന്ന ഒരു നല്ല ചോക്ലേറ്റ് ക്രിസ്മസ് സമ്മാനമായി മകന്‍ ഏബലിനായി ആന്‍റപ്പനു നല്കി. സ്വന്തം മകനെ ചോക്ലേറ്റ് അത്ര നല്ലതല്ലായെന്നു പണ്ടേ പറഞ്ഞു പഠിപ്പിച്ചിരുന്ന വ്യക്തിയാണ് ആന്‍റപ്പന്‍. ആഫ്രിക്കന്‍ രാജ്യങ്ങളിലെ കൊക്കോ തോട്ടങ്ങളിലെ ബാലവേലയ്ക്കും, ചോക്ലേറ്റുകള്‍ മനുഷ്യനിലും പ്രകൃതിയിലും സൃഷ്ടിക്കുന്ന അനാരോഗ്യത്തെയുംപറ്റി തികഞ്ഞ ബോധവാനായിരുന്നു അദ്ദേഹം. ഈ കാരണങ്ങളാല്‍ മകനു കൊടുക്കാന്‍ നല്കിയ ചോക്ലേറ്റിനെ അദ്ദേഹം നിരസിക്കാന്‍ ശ്രമിച്ചെങ്കിലും എന്‍റെ സ്നേഹനിര്‍ബന്ധത്തിനു വഴങ്ങി അതു വാങ്ങി മകനു നല്കി.  അടുത്ത വര്‍ഷത്തെ നീണ്ടയാത്രക്കുള്ള എന്‍റെ അവസാന നിമിഷത്തെ മുന്നൊരുക്കങ്ങളില്‍ അപ്രതീക്ഷിത കൈസഹായമായത് ഇതേ ആന്‍റപ്പനായിരുന്നു. നട്ടപ്പാതിരായ്ക്ക് ഏറെ ദൂരം എന്നെ അനുഗമിച്ച് ഗ്രീന്‍കമ്യൂണിറ്റിയുടെ സ്വപ്നദര്‍ശങ്ങളൊക്കെ പങ്കുവച്ച് പുലര്‍ച്ചേ ഏതോ ബസ് സ്റ്റോപ്പില്‍ നിന്ന് തിരികെ യാത്രയായ ആ മനുഷ്യന് അത്തവണത്തെ യാത്രയ്ക്കു ശേഷം ഒരു പായ്ക്കറ്റ് ചോക്ലേറ്റ് ഞാന്‍ സമ്മാനിച്ചു. അദ്ദേഹം പറഞ്ഞു, "ഇല്ല ഞാനിതു വാങ്ങിക്കില്ല കാരണം അന്നുതന്ന ചോക്ലേറ്റ് മകനിഷ്ടപ്പെട്ടെന്നു മാത്രമല്ല അതിനുശേഷം കടയില്‍ പോകുമ്പോഴൊക്കെ അവന്‍ ചോക്ലേറ്റിനായി വാശിപിടിക്കാറുണ്ട്. എനിക്കറിയാം എന്‍റെ ഏഴുവയസ്സുകാരന്‍ മകന് ഞാന്‍ പറഞ്ഞുകൊടുക്കുന്ന പ്രകൃതിസംരക്ഷണവും  ചോക്ലേറ്റ് നല്ലതല്ലെന്നും തുടങ്ങിയ പാഠങ്ങള്‍ അവന്‍ മനസ്സിലാകാറായിട്ടില്ലെന്ന്. എങ്കിലും അവന്‍ ചോക്ലേറ്റ് ചോദിക്കുമ്പോഴെല്ലാം വാങ്ങി കൊടുക്കാന്‍ എന്‍റെ കൈയില്‍ 5 രൂപയോ നിങ്ങളുടെ കൈയില്‍ അന്ന് ചോക്ലേറ്റോ ഉണ്ടാവാറില്ല".
ഇന്ന് പ്രാണവായു കുപ്പികളിലും ഓക്സിജന്‍ പാര്‍ലറുകളിലും പോയി സംഭരിക്കേണ്ട ഒന്നായി കാലം അതിവേഗം 'പുരോഗമിക്കുക'യാണ്. ഞാനും നിങ്ങളും വരും തലമുറയും നാളെ പ്രാണവായു കുപ്പിയിലാക്കി വാങ്ങാതിരിക്കാന്‍ സ്വന്തം മകന്  5 രൂപയുടെ ചോക്ലേറ്റ് ഇന്ന് നിഷേധിച്ചവനായിരുന്നു ആന്‍റപ്പന്‍. അയാളുടെ ആമുഖപതിപ്പോടെ നിലച്ചുപോയ 'മഴമിത്രം' മാസികയും കേരളത്തിലെ 14 ജില്ലകളിലെ പരിസ്ഥിതി പ്രശ്നങ്ങളേയും സാധാരണക്കാരെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളെയുമെല്ലാം പകരം വയ്ക്കാനാവാത്തതായിരുന്നു.
ടോം കണ്ണന്താനം

കോഴിക്കോട്ട് നഗരത്തിലെ ഫുട്പാത്തിലെ പൊട്ടിയ സ്ലാബുകളെക്കുറിച്ച് പഠിച്ച്, ചതിക്കുഴികളെക്കുറിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കി മേയര്‍ക്ക് സമര്‍പ്പിച്ചതിന്‍റെ ഫലമെന്ന വണ്ണം 100 സ്ലാബുകള്‍ നിര്‍മ്മിച്ച് ഫുട്പാത്തിന്‍റെ പ്രശ്നങ്ങള്‍ കോര്‍പറേഷന്‍ പരിഹരിച്ചു.

135 കുട്ടികളും ആദിവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് വയനാട് മുത്തങ്ങയില്‍ വിസ്തൃതമായ മണ്‍ ബണ്ടു തീര്‍ത്ത് ചെക്കു ഡാം നിര്‍മ്മിച്ചതും മാഷ് ഓര്‍മ്മിക്കുന്നു. സ്നേഹയാത്ര നടത്തി ഗ്രാമത്തിന് ചെക്ക് ഡാം സമര്‍പ്പിച്ച് തിരിച്ചു പോയ കുട്ടികള്‍ വേനലവധിക്ക് വീണ്ടും സന്ദര്‍ശിച്ചപ്പോള്‍ കണ്ടത് ഏകദേശം ഒന്നര ഏക്കര്‍ വിസ്തൃതിയുള്ള ജലാശയവും അവയുടെ ചുറ്റിലും ജീവജാലങ്ങളുടെ പുതിയ ആവാസസ്ഥലവുമൊക്കെയാണ്. ഇതുപോലെ ഓര്‍ത്തെടുക്കാനൊരുപാട് ജീവനുള്ള ഓര്‍മ്മകള്‍ മാഷിന്‍റെ മനസ്സിലുണ്ട്.

വരള്‍ച്ചയുടെ കൊടുംഭീതി ഉയരുമ്പോള്‍ മാറ്റങ്ങളുണ്ടാകേണ്ടത് നമ്മുടെ പദ്ധതികളിലൂടെയാണ്. പുഴകളുടെയും പ്രകൃതിയുടെയും സംരക്ഷണത്തിന് പ്രായോഗികവും ഫലപ്രദവുമായ നിര്‍ദേശങ്ങളും മാഷിന് നല്കാനുണ്ട്.

1. പശ്ചിമഘട്ടം: മലനിരകളാല്‍ സമൃദ്ധമായ പശ്ചിമഘട്ടത്തിന്‍റെ മലമടക്കുകളില്‍ മഴബണ്ടുകള്‍ ഉണ്ടാക്കണം. കോളേജ്, സ്കൂള്‍ തലത്തില്‍ നാട്ടുകാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ മണ്‍ബണ്ടുകള്‍ തീര്‍ക്കണം. സ്കൂളിന്‍റെ സംഭാവനയാകണം അത്. ആയിരക്കണക്കിനു തടയണകള്‍ മലബാറിന്‍റെ മലമടക്കുകളില്‍ നിറയണം. കൈതയും ഈറ്റയും പോലുള്ള ചെടികള്‍ വച്ച് മണ്‍ ബണ്ടിനെ ഉറപ്പിച്ച് മഴവെള്ളം തടയണം. ആ ജലം കുന്നു കുടിക്കണം. കുത്തിയൊലിച്ചിറങ്ങിപ്പോകാതെ കുന്നു ജലത്താല്‍ നിറയണം. അസ്തമിച്ച എല്ലാ നീര്‍ച്ചാലുകളും ഉണരണം. ജലസമൃദ്ധിയുടെ ഉറവക്കണ്ണികള്‍ പൊട്ടിയിറങ്ങണം. ചഇഇ, ചടട, ഭൂമിത്ര എന്നീ ക്ലബുകളുമായി ബന്ധപ്പെട്ട് പ്രകൃതി സംബന്ധമായ ഉത്തരവാദിത്വങ്ങള്‍ നല്‍കണം. ബണ്ടിന്‍റെ പരിചരണവും അവര്‍ക്ക് നല്‍കണം. സര്‍ട്ടിഫിക്കറ്റും പ്രോത്സാഹനവും നല്‍കിയാല്‍ 10 വര്‍ഷം കൊണ്ട് ഉണങ്ങുന്ന പശ്ചിമഘട്ടത്തിന്‍റെ സാധ്യതകള്‍ വികസിക്കും. അസ്തമിച്ച  ജല കനിവിനെ ഉണര്‍ത്തണം. ഉത്ഭവത്തില്‍ ജലമില്ലാത്തത് കൊണ്ടാണ് പുഴ വരളുന്നത്, ഒഴുക്കുണ്ടാകാത്തത്. അതിനുള്ള പ്രായോഗിക പരിഹാരമാണിത്.

2. പുഴയുടെ അയല്‍ക്കാര്‍ പുഴയുടെ കാവല്‍ക്കാരാകണം: അയല്‍ക്കാരാണ് എന്തും വലിച്ചെറിയാവുന്ന മാലിന്യ കേന്ദ്രമായി പുഴയെ മാറ്റുന്നത്. വിദ്യാര്‍ത്ഥികളെയാണ് ഇവിടെയും രംഗത്തിറക്കേണ്ടത്. ചുരത്തിലൂടെ നടത്തുന്ന മഴനടത്തം പോലെ പുഴയുടെ അടുത്തേക്കും കുട്ടികളെ കൊണ്ടുവരണം.

നദികളുടെ പേരില്‍ ഒരു യൂണിവേഴ്സിറ്റി ആരംഭിക്കണം. നീന്തല്‍ കോഴ്സിനും മറ്റും സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ഈ യൂണിവേഴ്സിറ്റി ആയിരിക്കണം. കൈപ്പുസ്തകങ്ങള്‍ നല്‍കി ഇത് സിലബസിന്‍റെ ഭാഗമാക്കണം. ജലം, ജലവിഭവം, ജലമലിനീകരണം തുടങ്ങി പ്രസക്തങ്ങളായ വിഷയങ്ങളെക്കുറിച്ച് പഠനവും കുട്ടികള്‍ക്ക് നല്‍കണം. നീന്തല്‍ പരിശീലനക്ലാസ്സുകള്‍ ആരംഭിക്കണം. പുഴകളുടെ ഇരുവശവുമുള്ള പഞ്ചായത്തുകള്‍ ചെങ്കല്‍ പടവുകളോടു കൂടിയ കുളിക്കടവുകള്‍ നിര്‍മ്മിക്കുക. പഞ്ചായത്തിന് ലഭിക്കുന്ന കേന്ദ്ര, സംസ്ഥാന വിഹിതങ്ങള്‍ അതിനായി ഉപയോഗിക്കണം. അപ്പോള്‍ പുഴയുടെ ഇരുവശങ്ങളിലും കടവുകളുണ്ടാകും. അവിടെ ചെറിയ ബാച്ചുകളായി രജിസ്റ്റര്‍ വച്ച് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കണം. ഇത് തുടരണം. ഇതിന് സര്‍ട്ടിഫിക്കറ്റും നല്‍കണം.

 ഇങ്ങനെ പരിശീലനക്കളരികള്‍ ആരംഭിക്കുമ്പോള്‍ മണലൂറ്റു നടക്കില്ല. കാരണം എല്ലാവരും ശ്രദ്ധിക്കും. കുട്ടികളുടെ പഠനക്ലാസാണിവിടെ. അവിടെ നഞ്ചും വിഷവും കലക്കില്ല. പുഴയോരക്കാട് നശിപ്പിക്കില്ല. പുഴയ്ക്ക് കെട്ടു കെട്ടി തടയണകളുണ്ടാക്കില്ല. കാരണം ഇവ കുട്ടികളുടെ പഠനകളരിയായതിനാല്‍ മുതിര്‍ന്നവരുടെ കൂടി ശ്രദ്ധാകേന്ദ്രമാകും പുഴകള്‍. വളര്‍ന്നു വരുമ്പോള്‍ കുട്ടികള്‍ക്ക് അഭിമാനകാരണമാകും ഈ പ്രവര്‍ത്തനങ്ങള്‍ എന്നത് ഉറപ്പാണ്.

ഭൂമിയെ നന്നാക്കാന്‍ കുട്ടികളെ ഏല്‍പ്പിക്കുക. കുട്ടികള്‍ക്ക് നല്‍കുന്നത് വലുതാകുമ്പോള്‍ പ്രകൃതി സംരക്ഷണത്തിന്‍റെ പാഠങ്ങളായി മടങ്ങിവരും. അങ്ങനെ വരുംതലമുറയ്ക്ക് വേണ്ടി പ്രകൃതിയേയും പുഴയേയും ചേര്‍ത്ത് നിര്‍ത്താന്‍ നമുക്ക് പറ്റും.

ആന്‍റപ്പന്‍ അമ്പിയായത്തിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ  പ്രിയപ്പെട്ടവരുടെ ഓര്‍മ്മക്കുറിപ്പുകളടങ്ങിയ 'ആന്‍പ്പന്‍: ജീവിതവും ദര്‍ശനവും' (എഡിറ്റര്‍: ജെ.എം. റഹീം) എന്ന പുസ്തകത്തില്‍ നിന്നും

സുഗതകുമാരി ടീച്ചര്‍ - കേരളത്തിന്‍റെ പ്രകൃതിക്കുവേണ്ടി ജീവിതം മാറ്റിവച്ച ത്യാഗധനനായ ചെറുപ്പക്കാരനായിരുന്നു ആന്‍റപ്പന്‍ എന്ന് ഇപ്പോള്‍ ഞാനറിയുന്നു. കേരളം എന്നാല്‍ ഭൂമിയുടെ തന്നെ ഭാഗമാണ്. അപ്പോള്‍ ഭൂമിക്കുവേണ്ടി ജീവിച്ച ത്യാഗധനന്‍ എന്നുവേണം പറയാന്‍. ഭൂമിക്കുവേണ്ടി പ്രയത്നിച്ച, നിസ്വാര്‍ത്ഥമായി പരിശ്രമിച്ച ചെറുപ്പക്കാരന്‍. ഒന്നും നേടാനല്ലാതെ ഒരു സ്ഥാനത്തിനോ പണത്തിനോ എന്തെങ്കിലും പെരുമയ്ക്കോ വേണ്ടിയല്ലാതെ കഷ്ടപ്പെട്ട് പ്രയത്നിച്ച് ഭൂമിയുടെ നിലനില്പ്പിനുവേണ്ടി അക്ഷീണം പ്രയത്നിച്ച ചെറുപ്പക്കാരന്‍.

ജെ.എം. റഹീം - ആന്‍റപ്പന്‍ വരുംകാലത്തേയ്ക്കുള്ള ഒരു നീക്കിവയ്പ്പാണ്, സംശയമില്ല. ദൈവം എന്തോ നിശ്ചയിച്ചിട്ടുണ്ട് എന്നുള്ളത് ഉറപ്പാണ്. ആന്‍റപ്പന്‍ ജീവിച്ചതും ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ഒക്കെ പ്രകൃതിസംരക്ഷണമെന്ന് മന്ത്രമുരുവിട്ടുകൊണ്ടായിരുന്നു. മഴയുടെയും പുഴയുടെയും കാടിന്‍റെയും കാമുകനും സംരക്ഷകനുമായി കേരളപരിസ്ഥിതിസംരക്ഷണരംഗത്ത് ഹരിതതീര്‍ത്ഥാടനമെന്ന പുത്തന്‍ സംജ്ഞക്ക് തുടക്കം കുറിച്ച ആന്‍റപ്പന്‍റെ ദര്‍ശനങ്ങളുടെ പ്രസക്തി ഭാവിയുടെ വര്‍ത്തമാനമാണ്.

You can share this post!

കുടുംബം ഒരു ദേവാലയം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts