news-details
സാമൂഹിക നീതി ബൈബിളിൽ

ഹോസിയായുടെ സമകാലികനായ മിക്കാ ഇപ്രകാരം ഒരു നാളയെ സ്വപ്നം കണ്ട പ്രവാചകനാണ്. അനീതി പ്രവര്‍ത്തിക്കുന്ന അക്രമികളെ നരഭോജികളായി ചിത്രീകരിച്ച, ദൈവം ആഗ്രഹിക്കുന്നത് നേര്‍ച്ചകാഴ്ചകളോ നരബലിയോ അല്ല നീതിയും കരുണയും വിനയവുമാണെന്ന് ഉദ്ബോധിപ്പിച്ച, പ്രവാചകന്‍ മിക്കാ. "അവര്‍ തങ്ങളുടെ വാളുകള്‍ കൊഴുവായും കുന്തങ്ങള്‍ വാക്കത്തിയായും രൂപപ്പെടുത്തും. ജനം ജനത്തിനെതിരേ വാള്‍ ഉയര്‍ത്തുകയില്ല. അവര്‍ ഓരോരുത്തരും താന്താങ്ങളുടെ, മുന്തിരിത്തോപ്പിലും അത്തിമരച്ചോട്ടിലുമായിരിക്കും" (മിക്കാ 4, 3). അന്തിമനാളുകളെക്കുറിച്ചുള്ള പ്രവാചകന്‍റെ ദര്‍ശനമാണിത്. സ്ഥിരമായ സമാധാനം; ഓരോരുത്തര്‍ക്കും സ്വന്തമായ വാസസ്ഥലം; ഫലപുഷ്ടമായ കൃഷിസ്ഥലം. സമാധാനത്തിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും സമൃദ്ധിയുടെയും ചിത്രമാണിത്. എന്നാണ്, എപ്രകാരമാണിത് സംജാതമാവുക?

"അന്തിമനാളുകളില്‍" എന്ന അരുളപ്പാടിന്‍റെ തുടക്കം തന്നെ ശ്രദ്ധേയമാണ്. ദൈവം ഭൂമിയില്‍ നീതി നടത്താന്‍ വരുന്ന, ദൈവനിശ്ചിതമായ സമയമാണ് അന്തിമനാള്‍. അങ്ങനെ ഒരുനാള്‍ വരും എന്നു പ്രവാചകന്‍ ഉറച്ചു വിശ്വസിച്ചു; ഉറക്കെ പ്രഘോഷിച്ചു. എന്താണ് നീതി സ്ഥാപനത്തിന്‍റെ മാര്‍ഗ്ഗം? ഏതാണ് സമാധാനത്തിലേക്കുള്ള വഴി? അത് ദൈവഭവനത്തിലേക്കുള്ള വഴി തന്നെയാണ്, ജറുസലെമിനെ ദൈവത്തിന്‍റെ ആലയം സ്ഥിതി ചെയ്യുന്ന ഏറ്റം ഉന്നതഗിരിയായി ചിത്രീകരിക്കുന്ന സ്വര്‍ഗ്ഗത്തിന്‍റെ തന്നെ പ്രതീകം. അവിടേക്ക് ലോകജനതകള്‍ കൂട്ടം കൂട്ടമായി, തീര്‍ത്ഥാടകരായി വരും. അവര്‍ തേടുന്നത് അത്ഭുതങ്ങളല്ല, സമ്പല്‍സമൃദ്ധിയോ സൗഖ്യമോ അല്ല, മറിച്ച് കര്‍ത്താവിന്‍റെ ഹിതം. കര്‍ത്താവിന്‍റെ നിയമം - അതുമാത്രം.

"ജനതകള്‍ അവിടേക്ക് പ്രവഹിക്കും. വരുവിന്‍, നമുക്ക് കര്‍ത്താവിന്‍റെ ഗിരിയിലേക്ക്, യാക്കോബിന്‍റെ ദൈവത്തിന്‍റെ ഭവനത്തിലേക്ക് പോകാം. അവിടുന്ന് തന്‍റെ മാര്‍ഗ്ഗങ്ങള്‍ നമ്മെ പഠിപ്പിക്കും, നമുക്ക് അവിടുത്തെ വഴികളിലൂടെ നടക്കാം എന്നു പറഞ്ഞുകൊണ്ട് അനേകം ജനതകള്‍ വരും. സീയോനില്‍ നിന്നു നിയമവും ജറുസലേമില്‍ നിന്നു കര്‍ത്താവിന്‍റെ വചനവും പുറപ്പെടും" (മിക്കാ 4,2).

ഇതാണ് നീതിയുടെ വഴി. ഇതാണ് ഭൂമിയില്‍ നീതി നടപ്പിലാക്കാനായി ദൈവം ഉപയോഗിക്കുന്ന മാര്‍ഗ്ഗം. ദൈവത്തെയും അവിടുത്തെ നിയമങ്ങളെയും അറിയാന്‍, ദൈവം നയിക്കുന്ന വഴിയിലൂടെ നടക്കാന്‍ ജനഹൃദയങ്ങളില്‍ ദൈവം തന്നെ അദമ്യമായ ആഗ്രഹം ജനിപ്പിക്കും. ലഭിക്കുന്ന ആന്തരിക പ്രചോദനം അനുസരിച്ച് ജനതകള്‍ ദൈവത്തിന്‍റെ തിരുഹിതം തേടി, അവിടുത്തെ വാസസ്ഥലമെന്ന് കരുതപ്പെടുന്ന ജറുസലെമിലേക്കു വരും. സത്യദൈവത്തെ അടുത്തറിയുമ്പോള്‍, അവിടുത്തെ തിരുഹിതം നിരുപാധികമായും പരിധികളില്ലാത്തതുമായ സ്നേഹമാണെന്നു തിരിച്ചറിയുമ്പോള്‍ ആ ബോധ്യങ്ങള്‍ക്കനുസൃതമായി ജനം ജീവിക്കും. അപ്പോള്‍ ശാശ്വതമായ സമാധാനം സംജാതമാകും.

ഇതൊരു പ്രതീക്ഷയാണ്; ദൈവം പ്രവാചകമനസ്സില്‍ വിടര്‍ത്തുന്ന സ്വപ്നം. ഇവിടെ ശ്രദ്ധേയമായൊന്നു കൂടിയുണ്ട്. ദൈവഹിതമെന്ന തീര്‍ത്ഥം തേടിവരുന്ന ഭക്തര്‍ക്ക് ജറുസലേം നല്കേണ്ടത് ഒന്നുമാത്രം: കര്‍ത്താവിന്‍റെ നിയമം, അഥവാ അവിടുത്തെ തിരുവചനം. നമ്മുടെ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും മായം ചേര്‍ക്കാത്ത, വായ്ത്തല മടക്കാത്ത, മുനയൊടിക്കാത്ത ദൈവവചനം വിളമ്പിയിരുന്നെങ്കില്‍! അടയാളങ്ങളും അത്ഭുതങ്ങളും വാഗ്ദാനം ചെയ്തും കൊട്ടിഘോഷിച്ചും. തീര്‍ത്ഥാടകരുടെ എണ്ണവും നേര്‍ച്ചകാഴ്ചകളുടെ അളവും വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം കലര്‍പ്പില്ലാത്ത സജീവവും ആത്മാവിനും ശരീരത്തിനും സമൂഹത്തിനും സൗഖ്യദായകവുമായ ദൈവവചനം പ്രഘോഷിക്കപ്പെട്ടിരുന്നെങ്കില്‍! എങ്കില്‍ പ്രവാചകന്‍ കണ്ട സ്വപ്നം ഇന്നിവിടെ യാഥാര്‍ത്ഥ്യമാകുമായിരുന്നില്ലേ?

ശാശ്വതമായ നീതിയും സമാധാനവും സ്ഥാപിക്കാനായി ദൈവം തന്നെ ഒരു രക്ഷകനെ അയയ്ക്കും. അവന്‍ ബെത്ലെഹെമിലായിരിക്കും ജനിക്കുക എന്ന് മിക്കാ ഉദ്ഘോഷിച്ചു (മിക്കാ 5,2). "കര്‍ത്താവിന്‍റെ ശക്തിയോടെ, തന്‍റെ ദൈവമായ കര്‍ത്താവിന്‍റെ മഹത്വത്തോടെ, അവന്‍ വന്ന് തന്‍റെ ആടുകളെ മേയ്ക്കും. ഭൂമിയുടെ അതിര്‍ത്തിയോളം അവന്‍ പ്രതാപവാനാകയാല്‍ അവര്‍ സുരക്ഷിതരായി വസിക്കും. അവന്‍ നമ്മുടെ സമാധാനമായിരിക്കും."(മിക്കാ.5, 4). ഈ നല്ല നാളേയ്ക്കുവേണ്ടിയാണ് പ്രവാചകന്‍ കാത്തിരിക്കുന്നത്: "ഞാന്‍ കര്‍ത്താവിങ്കലേക്കു കണ്ണുകളുയര്‍ത്തും. എന്‍റെ രക്ഷകനായ ദൈവത്തിനുവേണ്ടി ഞാന്‍ കാത്തിരിക്കും. എന്‍റെ ദൈവം എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കും"(മിക്കാ.7, 7).

ഈ കാത്തിരിപ്പ് വ്യര്‍ത്ഥമാവില്ല എന്ന ഉറച്ച വിശ്വാസവും പ്രവാചകനുണ്ട്. അതിനാല്‍ "വീണാലും ഞാന്‍ എഴുന്നേല്‍ക്കും. ഞാന്‍ ഇരുട്ടിലിരുന്നാലും കര്‍ത്താവ് എന്‍റെ വെളിച്ചമാണ്. അവിടുന്ന് എനിക്കുവേണ്ടി വാദിക്കുകയും എനിക്ക് നീതി നടത്തിത്തരുകയും ചെയ്യുന്നതുവരെ ഞാന്‍ കര്‍ത്താവിന്‍റെ രോഷം സഹിക്കും"(മിക്കാ.7, 8-9). മനുഷ്യന്‍റെ പാപമാണ് നീതിയില്ലാതാക്കുന്നത്.

ആവര്‍ത്തിക്കപ്പെടുന്ന പാപം മനുഷ്യനെ, മനുഷ്യവര്‍ഗ്ഗത്തെ, വീണ്ടും വീണ്ടും പാപത്തില്‍ ആഴ്ത്തുന്നു. അതിന്‍റെ തിക്തഫലമാണ് പെരുകുന്ന അനീതിയും അക്രമവും. ഇതിനും ദൈവം തന്നെ അറുതിവരുത്തും എന്നു പ്രവാചകന്‍ സ്വപ്നം കണ്ടു.

"അവിടുന്ന് തന്‍റെ കോപം എന്നേക്കുമായി വച്ചു പുലര്‍ത്തുന്നില്ല; എന്തെന്നാല്‍ അവിടുന്ന് കാരുണ്യത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് വീണ്ടും നമ്മോടു കരുണ കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്ന് ചവിട്ടി മെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്ക് നമ്മുടെ പാപങ്ങളെ തൂത്തെറിയും."(മിക്കാ 7, 18-19). ഇതാണ് മിക്കായുടെ സ്വപ്നം. ഈ സ്വപ്നത്തിന്‍റെ സാക്ഷാത്ക്കാരത്തിനു വേണ്ടിയാണ് ഇസ്രായേല്‍ ജനം മാത്രമല്ല, ലോകജനതകള്‍ മുഴുവന്‍ കാത്തിരുന്നത്; അത് ബേത്ലെഹെമില്‍ ജനിച്ച് ജറുസലെമില്‍ മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ യേശു ക്രിസ്തുവില്‍ പൂര്‍ത്തിയായി എന്നറിയുന്നവരും അറിയാത്തവരും ഇന്നും കാത്തിരിക്കുന്നത്!

പ്രവാചകന്മാരില്‍ അഗ്രഗണ്യനും മെസിയാനിക് പ്രവാചകന്‍ എന്നറിയപ്പെടുന്നവനുമായ ഏശയ്യായില്‍ ഈ സ്വപ്നം കൂടുതല്‍ വ്യക്തതയാര്‍ജ്ജിക്കുന്നു. വരാനിരിക്കുന്ന രക്ഷകനായ അഭിഷിക്തരാജാവിനെക്കുറിച്ചുള്ള ഏശയ്യായുടെ പ്രവചനങ്ങളിലെല്ലാം തന്നെ ഈ സ്വപ്നം ചിറകുവിടര്‍ത്തുന്നതു കാണാം.  അനീതിയുടെയും അക്രമത്തിന്‍റെയും ദുഃഖത്തിന്‍റെയും നിരാശയുടെയും അന്ധകാരത്തില്‍ കഴിയുന്നവര്‍ക്കു മുന്നില്‍ മഹത്തായൊരു പ്രകാശം ഉദിക്കുന്നതു കണ്ട പ്രവാചകന്‍ തന്‍റെ ദര്‍ശനം തുടര്‍ന്നു വിവരിക്കുമ്പോള്‍ നീതി നിഷ്ഠമായ ഒരു സമൂഹം രൂപപ്പെടുന്നതു കാണാം: "നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു... ആധിപത്യം അവന്‍റെ ചുമലിലായിരിക്കും. ശക്തനായ ദൈവം, നിത്യനായ പിതാവ് സമാധാനത്തിന്‍റെ രാജാവ് എന്നവന്‍ വിളിക്കപ്പെടും... അവന്‍റെ ആധിപത്യം നിസ്സീമമാണ്... ..... നീതിയിലും ധര്‍മ്മനിഷ്ഠയിലും അത് (രാജ്യം) സ്ഥാപിച്ചു പരിപാലിക്കും"(ഏശ.9, 6-7).
ഭൂമിയില്‍ ശാശ്വതമായ നീതി സ്ഥാപിക്കാന്‍ വരുന്ന മിശിഹാ രാജാവാണ് ഏശയ്യായുടെ പ്രവചനങ്ങളിലെല്ലാം നിറഞ്ഞു നില്ക്കുന്നത്. ദൈവാത്മാവിനാല്‍ പൂരിതനും ആത്മാവിന്‍റെ വരദാനങ്ങളാല്‍ സമ്പൂര്‍ണ്ണനുമായ ആ രാജാവ് "ദരിദ്രരെ ധര്‍മ്മനിഷ്ഠ(സ്ദാഖാ)യോടെ വിധിക്കും. ഭൂമിയിലെ എളിയവരോട് അവന്‍ നീതി (മിഷ്പാത്ത്)പൂര്‍വ്വം വര്‍ത്തിക്കും. .... അവന്‍റെ മൊഴി ദുഷ്ടരെ നിഗ്രഹിക്കും. നീതി (സ്ദാഖാ) യും വിശ്വസ്തത(എമുന)യും കൊണ്ട് അവന്‍ അരമുറുക്കും(ഏശ.11,1-6). തദ്ഫലമായി ശാശ്വത സമാധാനം ഭൂമിയില്‍ സംജാതമാകും. ആരും ആര്‍ ക്കും ഒരു ദ്രോഹവും ചെയ്യുകയില്ല. പുലിയും സിംഹവും കരടിയും സര്‍പ്പവും പോലെ ഉപദ്രവകാരികളായ ഭീകരജീവികള്‍ സൗമ്യരും ശാന്തശീലരും സസ്യഭുക്കുകളുമായിത്തീരുന്നത് ഭൂമിയില്‍ നിലനില്ക്കുന്ന നീതിയുടെയും സമാധാനത്തിന്‍റെയും പ്രതീകങ്ങളാണ്.

ഇതിനൊക്കെ അടിസ്ഥാനവും ശക്തികേന്ദ്രവുമായി വര്‍ത്തിക്കുന്നത് ദൈവജ്ഞാനമായിരിക്കും: "എന്‍റെ വിശുദ്ധ ഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും" (ഏശ.11, 9). 'ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം' എന്ന വിവര്‍ത്തനം മൂലത്തിന്‍റെ അര്‍ത്ഥം മുഴുവന്‍ പ്രകടമാക്കുന്നില്ല.  ദൈവത്തെക്കുറിച്ച് അറിയുന്നത് കേട്ടറിവാകാം. വായിച്ചോ മറ്റേതെങ്കിലും വിധത്തില്‍ മറ്റാരില്‍ നിന്നെങ്കിലും ലഭിക്കുന്ന അറിവാകാം. അതല്ല പ്രവാചകന്‍ പറയുന്നത്. "ദൈവത്തെ അറിയും" എന്നാണ് ഹീബ്രുമൂലം. ഇത് സ്വന്തം അനുഭവത്തിലൂടെ ലഭിക്കുന്ന അനിഷേധ്യവും സുവ്യക്തവുമായ ഒരറിവാണ്- ഈ അറിവ് ജീവിതത്തെ സമൂലം പരിവര്‍ത്തനപ്പെടുത്തും. വീക്ഷണങ്ങളും മൂല്യങ്ങളും മുന്‍ഗണനാക്രമങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും എല്ലാം പുതുതായി രൂപപ്പെടുത്തുന്ന ഈ അറിവാണ് ദൈവം നല്കുന്നത്. അത് നീതിനിഷ്ഠമായ സമൂഹനിര്‍മ്മിതിയിലേക്കു നയിക്കും.
ദൈവം തന്നെ ആയിരിക്കും ഭൂമിയില്‍ നീതി സ്ഥാപിക്കുക. "അങ്ങ് പാവപ്പെട്ടവര്‍ക്കു കോട്ടയും ദരിദ്രന്‍റെ കഷ്ടതകളില്‍ അവന് ഉറപ്പുള്ള അഭയവുമാണ്"(ഏശ.25,4). അവിടുന്ന് "നീതിയെ (മിഷ്പാത്ത്) അളവുചരടും ധര്‍മ്മനിഷ്ഠയെ (സ്ദാഖാ)തൂക്കുകട്ടയും ആക്കും"(ഏശ.28, 17). വിദഗ്ധശില്പിയെപ്പോലെ ദൈവം തന്നെ തന്‍റെ ജനത്തെ നീതിനിഷ്ഠമായൊരു നഗരമായി പണിതുയര്‍ത്തും. "അളവുചരടും തൂക്കുകട്ടയും" ജീവനത്തിനു ദൈവം നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളെ, അഥവാ നിയമങ്ങളെ സൂചിപ്പിക്കുന്നു.
കര്‍ത്താവു തന്നെ ആയിരിക്കും വഴികാട്ടി. അത് പുറമെ നിന്ന് അടിച്ചേല്പിക്കുന്ന നിയമസംഹിതകളിലൂടെയല്ല, മറിച്ച് ഓരോ വ്യക്തിയുടെയും ഉള്ളില്‍ നിക്ഷേപിക്കുന്ന ആന്തരികപ്രചോദനം വഴി ആയിരിക്കും സംഭവിക്കുക. "നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്‍റെ കാതുകള്‍ പിന്നില്‍ നിന്ന് ഒരു സ്വരം ശ്രവിക്കും. ഇതാണ് വഴി, ഇതിലേ പോവുക" (ഏശ. 30, 21). കര്‍ത്താവ് നീതി സ്ഥാപിക്കാനായി ഒരു രാജാവിനെ അയയ്ക്കും. അവനിലൂടെ "ഫലപുഷ്ടിയുള്ള വയലില്‍ ധര്‍മ്മനിഷ്ഠ (മിഷ്പാത്ത്) കുടികൊള്ളും. നീതിയുടെ (സ്ദാഖാ) പരിണത ഫലം സമാധാനം(ഷാലോം) ആയിരിക്കും"(ഏശ.32, 17). നീതി പുഷ്പിക്കുന്നിടത്ത് സമാധാനം വിളയും. അതു ദൈവത്തിന്‍റെ തന്നെ പ്രവൃത്തിയായിരിക്കും. അതിനുവേണ്ടി ദൈവം തന്‍റെ ദാസനെ അയയ്ക്കും. "അവന്‍ വിശ്വസ്തതയോടെ നീതി പുലര്‍ത്തും. നീതി സ്ഥാപിക്കുന്നതുവരെ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല" (ഏശ.42, 3-4).

ഇത് ദുര്‍ബ്ബലന്‍റെ ദിവാസ്വപ്നമോ പരാജിതന്‍റെ വ്യര്‍ത്ഥമോഹമോ അല്ല. ദൈവത്തിന്‍റെ മേഖലയില്‍ നീതിനിഷ്ഠമായ സമൂഹം സംജാതമായി കഴിഞ്ഞു. ദൈവാത്മാവിനാല്‍ ആന്തരിക നേത്രങ്ങള്‍ പ്രകാശിതമായ പ്രവാചകന്‍ അതു കണ്ടു; സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. "ഇതാ ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു..... വിലാപസ്വരമോ കഠിന വേദനയുടെ നിലവിളിയോ ഇനി അവിടെ കേള്‍ക്കുകയില്ല... അവര്‍ പണിയുന്ന ഭവനങ്ങളില്‍ അന്യര്‍ വസിക്കുകയില്ല... ചെന്നായും കുഞ്ഞാടും ഒന്നിച്ചു മേയും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും.....  എന്‍റെ വിശുദ്ധ ഗിരിയില്‍ ഒരിടത്തും അവ ഉപദ്രവമോ നാശമോ ചെയ്യുകയില്ല"(ഏശ.65, 17-25). "അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും."(ഏശ. 66, 12-13). ഇതാണ് ഏശയ്യായുടെ സ്വപ്നം. ഈ നല്ല നാളെയ്ക്കായി കാത്തിരിക്കുകയാണ് പ്രവാചകനും ജനവും. ഇസ്രായേലിന്‍റെ ചരിത്രം മുഴുവന്‍ ഇപ്രകാരമൊരു കാത്തിരുപ്പായിരുന്നു - കാത്തിരിക്കുന്നവരുടെ പ്രത്യാശയ്ക്കു മങ്ങലേല്‍ക്കുമ്പോള്‍ വീണ്ടും ജ്വലിപ്പിക്കാന്‍ ദൈവം പ്രവാചകന്മാരെ അയച്ചുകൊണ്ടേയിരുന്നു.
ലംഘിക്കപ്പെട്ട സീനായ് ഉടമ്പടിയുടെ സ്ഥാനത്ത് ദൈവം വീണ്ടും ഒരു പുതിയ ഉടമ്പടി സ്ഥാപിക്കും. അത് നിരുപാധികവും അലംഘനീയവുമായിരിക്കും. ആ ഉടമ്പടിയുടെ നിയമങ്ങള്‍ ബാഹ്യമായ കല്പനകളല്ല, ആന്തരികപ്രചോദനമായിരിക്കും എന്ന് ഏശയ്യായുടെ ചുവടുപിടിച്ച് കൂടുതല്‍ വ്യക്തമായി ജറെമിയായും തുടര്‍ന്ന് എസക്കിയേലും പ്രഖ്യാപിച്ചു.
"കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ഗോത്രത്തോടും യൂദാ ഗോത്രത്തോടും ഞാന്‍ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ വരുന്നു.... എന്‍റെ നിയമം അവരുടെ ഉള്ളില്‍ ഞാന്‍ നിക്ഷേപിക്കും, അവരുടെ ഹൃദയത്തില്‍ എഴുതും.... വലുപ്പചെറുപ്പമെന്യേ അവര്‍ എല്ലാവരും എന്നെ അറിയും ... "(ജറെ.31, 31-37). ഹൃദയത്തില്‍ എഴുതുന്ന പുതിയ ഉടമ്പടിയുടെ നിയമങ്ങള്‍ ആന്തരികശക്തിയായി വര്‍ത്തിക്കും. ദൈവത്തിന്‍റെ തിരുഹിതമനുസരിച്ച് നീതിനിഷ്ഠമായൊരു ജീവിതം നയിക്കാനും അങ്ങനെ പുതിയൊരു സമൂഹം സംജാതമാകാനും ദൈവം തന്നെ ഇടവരുത്തും.

ഇതേ പ്രതീക്ഷയാണ് പ്രവാസികള്‍ക്കു പ്രത്യാശ നല്കിയ എസക്കിയേലിലൂടെയും ദൈവം ഉണര്‍ത്തുന്നത്. "ഞാന്‍ നിങ്ങളുടെ മേല്‍ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളില്‍ നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും.... ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്കും.... ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്കും. എന്‍റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങളെ എന്‍റെ കല്പനകള്‍ കാക്കുന്നവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരുമാക്കും"(എസെ.36, 25-28).

പുതിയ ഹൃദയത്തില്‍ എഴുതിയ പുതിയ ഉടമ്പടിയുടെ നിയമങ്ങള്‍, നിയമമനുസരിക്കാന്‍ നല്കുന്ന ആന്തരികശക്തി, മനുഷ്യനെ ഉള്ളില്‍ നിന്നു പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്‍റെ ആത്മാവ് - ഇതെല്ലാമാണ് നീതി നിവസിക്കുന്ന പുതിയ ലോകത്തിന്‍റെ നിര്‍മ്മിതിക്കായി ദൈവം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍. മനുഷ്യഹൃദയത്തില്‍ പരിവര്‍ത്തനമുണ്ടാകുമ്പോള്‍ സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാകും. സമൂഹം മാറണമെങ്കില്‍ മനുഷ്യന്‍ മാറണം; ഹൃദയം മാറുമ്പോള്‍ അനീതിയും അക്രമവും അവസാനിക്കും. ഒരു ഹൃദയമാറ്റ ശസ്ത്രക്രിയയാണ് ജനത്തിനാവശ്യം. അതു തന്നെയാണ് പ്രവാചകന്മാരിലൂടെ ദൈവം വാഗ്ദാനം ചെയ്തത്. അതു സംഭവിക്കുന്ന ഒരു നാള്‍ വരും എന്നാണ് പഴയ നിയമഗ്രന്ഥങ്ങളെല്ലാം, പ്രവാചകഗ്രന്ഥങ്ങളും സങ്കീര്‍ത്തനങ്ങളും ജ്ഞാനഗ്രന്ഥങ്ങളും ഉറപ്പുവരുത്തുന്നത്.

You can share this post!

ഭാവിയിലെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍മാര്‍

അജി ജോര്‍ജ്
അടുത്ത രചന

മനോനില ചിത്രണം

ടോം മാത്യു
Related Posts