news-details
കഥ

ഞാന്‍ പടികള്‍ കയറി മുകളിലെത്തി. സാധാരണ ഞാനിരിക്കാറുള്ള ബഞ്ചില്‍ ഒരു മദ്ധ്യവയസ്കന്‍, വായനയിലാണ്. മറ്റു സ്ഥലങ്ങളെല്ലാം നിറഞ്ഞിരിക്കുന്നു. എതിര്‍വശത്തെ ബഞ്ചില്‍ ഒരുപാടംഗങ്ങളുള്ള ഒരു കുടുംബം. തല നരച്ചവരും കുട്ടികളും യുവാക്കളുമൊക്കെയുണ്ട്.

വാകമരച്ചോട്ടില്‍ പ്രണയജോഡികള്‍. അവര്‍ മറ്റേതോ ഗ്രഹത്തിലാണ്.
ഞാന്‍ ക്ഷീണിതയായിരുന്നു.

പകലത്തെ അലച്ചിലുകള്‍ക്ക് ശേഷം എനിക്കല്‍പ്പം വിശ്രമിച്ചേ മതിയാവൂ. ആ പാര്‍ക്കിനടുത്തുള്ള ഹോസ്റ്റലില്‍ ഒരു പരിചയക്കാരിയുടെ മുറിയില്‍ paying guest ആയിരുന്നു ഞാന്‍. അവര്‍ 7 മണിക്ക് ജോലി കഴിഞ്ഞ് തിരിച്ചെത്തിയാലേ എനിക്കും അവിടെ പ്രവേശനമുള്ളൂ. ഞാന്‍ ബഞ്ചിനരികിലെത്തി. എന്‍റെ സാന്നിദ്ധ്യമറിഞ്ഞതുപോലെ അയാള്‍ മുഖമുയര്‍ത്താതെ തന്നെ അങ്ങേയറ്റത്തേക്ക് നീങ്ങിയിരുന്നു. അത്രയധികം സ്റ്റെപ്പ് കയറിയ ആയാസം കൊണ്ട് എന്‍റെ കാല്‍മുട്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു. ഞാനിരുന്നു. ഞങ്ങള്‍ക്കിടയില്‍ അധികം അകലമില്ല. അയാള്‍ ബാഗില്‍ നിന്ന് ഒരു കുപ്പി വെള്ളമെടുത്ത് കുടിച്ചു.
അപ്പോഴാണ് എന്‍റെ ദാഹം ഉണര്‍ന്നത്. എന്‍റെ തൊണ്ട വരണ്ടിരുന്നു. അറിയാതെ എന്‍റെ നോട്ടം ആ കുപ്പിയില്‍ ചെന്നു തറച്ചു. പക്ഷേ അടുത്ത നിമിഷം തന്നെ ചോദിക്കണ്ട എന്ന തീരുമാനവുമെടുത്തു.

പക്ഷേ അയാള്‍ കുപ്പി എന്‍റെ അരികിലേക്കു നീക്കിവച്ചു. ഞാന്‍ ഒന്നു മടിച്ചു. മനുഷ്യരുടെ നന്മയിലും സൗഹൃദത്തിലുമുള്ള വിശ്വാസം എനിക്കു നഷ്ടപ്പെട്ടിരുന്നു. അത്യന്തം കഷ്ടകരമായ മുള്‍വഴികളിലൂടെയായിരുന്നു എന്‍റെ യാത്ര.
അയാള്‍ പുസ്തകത്തില്‍ നിന്ന് മുഖമുയര്‍ത്തിയപ്പോള്‍ എന്‍റെ ഹൃദയം നിലച്ചത് പോലെ തോന്നി.

അത്രയും വിഷാദ പൂര്‍ണമായ കണ്ണുകള്‍ ഞാന്‍ കണ്ടിട്ടില്ല!
'വെളളം ആവശ്യമുണ്ടെങ്കില്‍ കുടിക്കാം' അയാള്‍ പുഞ്ചിരിച്ചു. പോക്കുവെയിലേറ്റുരുകിയത് പോലെ ആ കണ്ണുകളില്‍ നിറഞ്ഞു നിന്ന വ്യസനം ഒരു നിമിഷത്തേക്ക് മാഞ്ഞുപോയി.
എനിക്കു ചിരിക്കാനായില്ല.

യാന്ത്രികമായി കുപ്പിയെടുത്ത് രണ്ടിറക്ക് കുടിച്ച് കുപ്പി അയാളുടെ അരികിലേക്ക് നീക്കിവച്ച് ഞാന്‍ ബെഞ്ചിലേക്ക് ചാഞ്ഞ് കണ്ണടച്ചു. ഞാന്‍ ഉറങ്ങിപ്പോയെന്നു തോന്നുന്നു.
കണ്ണ് തുറന്നപ്പോള്‍ മഞ്ഞക്കുപ്പായമിട്ട ഒരു ബാലിക പാറിപ്പറന്ന ഒരു ചിത്രശലഭത്തെപ്പോലെ ഓടി വന്ന് അയാളുടെ കഴുത്തില്‍ തൂങ്ങി. അയാള്‍ കുഞ്ഞിനെ മാറോടു ചേര്‍ത്തു. കുട്ടിക്കു പിന്നാലെ, അമ്മയാവണം , സുന്ദരിയായ ഒരു സ്ത്രീ നടന്നു വന്നു.
'സുഖം?'
അയാളുടെ ശബ്ദം അസാധാരണമാം വിധം വിറച്ചിരുന്നു. അവര്‍ ചിരിക്കാനൊരു ശ്രമം നടത്തി.
അയാളതു ഗൗനിച്ചതായി കണ്ടില്ല. ഏതോ ഓര്‍മകളില്‍ വീണുപോയ ഒരാളെപ്പോലെ അയാള്‍ പെട്ടെന്നു നിശ്ചലനായി. അല്‍പ്പസമയം കൂടി അവിടെ നിന്ന്, അവര്‍ വാകമരത്തിനു ചുവട്ടിലെ സിമന്‍റ് ബഞ്ചില്‍ പോയിരുന്നു. പ്രണയികള്‍ പോയിക്കഴിഞ്ഞിരുന്നു. അവിടെ ഇപ്പോഴുമീ കൊഴിഞ്ഞ പൂവുകള്‍ക്കുമേല്‍ അവരുപേക്ഷിച്ച ഊഷ്മളത തങ്ങി നിന്നു. ഞാന്‍ കണ്ണടച്ചിരുന്നു.
കുട്ടി നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അവള്‍ സ്കൂളില്‍ പഠിച്ച ഒരു റൈം പാടിക്കേള്‍പ്പിച്ചു. മൊബൈല്‍ ഫോണിലെ പൂച്ചക്കുട്ടിക്കൊപ്പം കഥ പറഞ്ഞു. അയാള്‍ അവളെ നിര്‍ത്താതെ ഉമ്മ വച്ചു കൊണ്ടിരുന്നു. എനിക്കവരെ ഒറ്റക്ക് വിടാന്‍ തോന്നി:
ഞാന്‍ എഴുന്നേറ്റ് വാകമരത്തിന് ചുവട്ടിലേക്കു നീങ്ങി . ആ സ്ത്രീ പരിചയഭാവം നടിച്ചു.
'ആരെയെങ്കിലും wait ചെയ്യുകയാണോ '?
'അല്ല'
'എവിടെ work ചെയ്യുന്നു?'
ഞാനിവിടെ യൂണിവേഴ്സിറ്റിയില്‍ ഒരു project ലാണ്.  
'നാട്'?
ഞാന്‍ സ്ഥലപ്പേരു പറഞ്ഞു.
ഞങ്ങള്‍ പരിചയക്കാരായി..
'മകളാണോ അത്'?
'അതെ'
നിശ്ശബ്ദമായ ഒരു ചോദ്യം എന്‍റെ കണ്ണുകളില്‍ അവര്‍ വായിച്ചെടുത്തു.
'ഞങ്ങള്‍ പിരിഞ്ഞു'
അവര്‍ തല കുനിച്ചു, എന്‍റെ നോട്ടത്തെ പ്രതിരോധിക്കാനെന്നവണ്ണം.
ഞാന്‍ പോലുമറിയാതെ എന്‍റെ നിസംഗതയുടെ പുറന്തോട് പൊട്ടിപ്പിളര്‍ന്നു.
"ഓ ... മകള്‍" ?
"കോടതി എന്‍റെ ഒപ്പം വിട്ടു."
അല്‍പ്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം ഞാന്‍ ചോദിച്ചു
'എന്തായിരുന്നു പ്രശ്നം'?
അവര്‍ പകച്ച ഒരു നോട്ടം നോക്കി. ഒരു പക്ഷേ അപ്പോള്‍ മാത്രമാണവര്‍ അതിനെക്കുറിച്ച് ചിന്തിച്ചതെന്നു തോന്നി.
'ഓരോരോ കാരണങ്ങള്‍...
ആദ്യം കൊച്ചു കൊച്ചു പിണക്കങ്ങള്‍.':....
പെട്ടെന്നെന്തോ ഓര്‍ത്തതുപോലെ അവര്‍ നിര്‍ത്തി.
ഞാന്‍ എന്നെത്തന്നെ ശാസിച്ചു എന്തൊരു വിഡ്ഢി ചോദ്യം.
മനുഷ്യര്‍ പരസ്പരം സ്നേഹിക്കുന്നതിനും കലഹിക്കുന്നതിനും പിരിയുന്നതിനും പ്രത്യേകിച്ച് കാരണങ്ങള്‍ അന്വേഷിക്കാന്‍ പാടില്ലെന്ന് എനിക്ക് എന്നേ ബോദ്ധ്യപ്പെട്ടതാണ്. സൗഹൃദങ്ങളുടെ സായാഹ്ന യാത്രകള്‍ക്കൊടുവില്‍ ഏകാന്തതയുടെ ഇരുണ്ട മാളങ്ങളിലേക്കിഴഞ്ഞു കയറുക എന്നതാണ് ഓരോ മനുഷ്യന്‍റെയും വിധി.
അവര്‍ വീണ്ടും ചിന്തയില്‍ മുഴുകിയിരുന്നു. എന്തിനു പിരിഞ്ഞു എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരം തേടുകയാണെന്നു തോന്നി.
അവര്‍ ചില കാര്യങ്ങള്‍ കൂടി പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ അയാള്‍ മറ്റൊരു നഗരത്തിലേക്കും അമ്മയും മകളും വിദേശത്തേക്കും യാത്രയാവും. മകള്‍ക്ക് വേണമെങ്കില്‍ 18 വയസിനു ശേഷം അച്ഛന്‍റെ അരികിലേക്ക് മടങ്ങി വരാം.
ഇതവരുടെ ഒടുവിലത്തെ കൂടിക്കാഴ്ച..
ചിത്രശലഭം പോലെ അയാള്‍ക്കു ചുറ്റും പറന്നു നടന്ന കുഞ്ഞുടുപ്പുകാരി ഇപ്പോള്‍ കഴുത്തില്‍ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കുകയാണ്. കവിളില്‍, കണ്ണില്‍, നരകയറിത്തുടങ്ങിയ നെറ്റിയില്‍.....!
അയാള്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകം ബഞ്ചില്‍ കിടന്നിരുന്നു. അപ്പോഴാണ് ഞാനതു ശ്രദ്ധിച്ചത് ഹോള്‍കെയിന്‍.. നിത്യ നഗരം! ആ പുസ്തകം ഒരു കാലത്ത് എനിക്കു പ്രിയപ്പെട്ടതായിരുന്നു. അതാദ്യം വായിക്കുമ്പോള്‍ ഞാന്‍ 14 കാരിയായ ഒരു സ്കൂള്‍ കുട്ടിയായിരുന്നു. ആ പുസ്തകത്തെ പ്രതി എനിക്കയാളോട് ആരാധന തോന്നി.
ഇരുട്ട് മരത്തലപ്പുകളില്‍ കൂട് കൂട്ടാന്‍ തുടങ്ങിയിരുന്നു. ഞാന്‍ അസാധാരണമായ ഒരു യാത്ര പറയിലിന് സാക്ഷിയാവുകയാണ്.
അച്ഛനും മകളും എഴുന്നേറ്റു. മകള്‍ വൈമനസ്യത്തോടെ അമ്മയുടെ അരികിലേക്കു വന്നു. മകളുടെ കയ്യില്‍പ്പിടിച്ച് കൊണ്ട് അവര്‍ അയാളെ നോക്കി മൗനമായി യാത്ര പറഞ്ഞു. അയാളും.
ആദ്യം മധുരിച്ചതും പിന്നെ കയ്ച്ചതും കോടതി വരെ നീണ്ടു പോയതുമായ ഒരു സഹജീവനത്തിന്‍റെ തിരമാലകള്‍ ഇരുവര്‍ക്കുമിടയില്‍ നിശ്ശബ്ദമായി ഇരമ്പി മറിഞ്ഞു.
അതെന്‍റെ തീരത്തേക്കൂടി നനച്ച് കടന്നു പോയി. അവര്‍ സ്റ്റെപ്പിറങ്ങിപ്പോകുന്നതു നോക്കി അയാള്‍ അവിടെത്തന്നെ കുറച്ചു സമയം നിന്നു. ഒടുവില്‍ അയാളുടെ നോട്ടം അനന്തതയിലെങ്ങോ അലഞ്ഞു.
അയാള്‍ പുസ്തകം ബാഗിലാക്കി ഒഴിഞ്ഞ കുപ്പി അവിടെത്തന്നെ ഉപേക്ഷിച്ച് പോകാനൊരുങ്ങി.
എനിക്കും പോകണം.
ഞാനും എഴുന്നേറ്റു.
അയാള്‍ ഒരു നിമിഷം എനിക്കു വേണ്ടി കാത്തു നിന്നതായി തോന്നി. ഞാനിപ്പോള്‍ അയാളോടൊപ്പമാണ് നടക്കുന്നത്.
'എന്താ മകളുടെ പേര്?'
'നിമിഷ' അയാളെന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു
'ഞങ്ങളിവിടെ വന്നിരിക്കുമായിരുന്നു.... വിവാഹത്തിനു മുമ്പ് .ആ വാകമരച്ചോട്ടില്‍ ... ഇപ്പോള്‍ നിങ്ങളിരുന്നില്ലേ...ആ സ്ഥലത്ത്.'
ഓര്‍മ്മകളുടെ ഭാരത്താല്‍ അയാളുടെ ശിരസ് കുനിഞ്ഞിരുന്നു. എല്ലാമറിയുന്ന ഒരാളോടെന്ന വണ്ണമാണ് അയാള്‍ സംസാരിച്ചത്. അല്ലെങ്കില്‍ അതൊന്നും അയാള്‍ക്ക് പ്രസക്തമേ അല്ലാതായി.
'ആ പുസ്തകം ആരുടെ വിവര്‍ത്തനമാണ്?'
'ഏതു പുസ്തകം?'
'നിത്യ നഗരം... നിങ്ങളിപ്പോള്‍ വായിച്ചിരുന്ന ആ പുസ്തകം.....'
'ഓ നിത്യ നഗരം  ആനി തയ്യില്‍. ഇതു മൂന്നാം വായനയാണ്.'
അപ്പോള്‍ ഒരേ പുസ്തകങ്ങള്‍ ആവര്‍ത്തിച്ചു വായിക്കുന്ന ആള്‍ ഞാന്‍ മാത്രമല്ല.
'എന്തൊരു ദുരന്തകഥ.. വായിച്ചതു കുട്ടിക്കാലത്താണെങ്കിലും അതിലെ ഓരോ പേജും എനിക്കിന്നും ഹൃദിസ്ഥമാണ്'
'ശരിയാണു. ദുരന്തം. ജീവിതം പോലെ തന്നെ.'
'മകള്‍ക്ക് എത്ര വയസായി'
'ഏഴ്... കുട്ടികള്‍ക്ക് ജീവിക്കാന്‍ കൊള്ളാത്തതായി ലോകം.'
'മുതിര്‍ന്നവര്‍ക്കോ?' എന്‍റെ ശബ്ദം അറിയാതുയര്‍ന്നു പോയി. അയാള്‍ നിന്നു. ഒരു നിമിഷം എന്‍റെ മുഖത്തേക്കു നോക്കി.
'നിങ്ങള്‍ ചിരിക്കാറില്ലേ?'
ശരിയായിരുന്നു , ചിരി എനിക്കു ദുര്‍ലഭമായ ഒരു വികാരമായി മാറിയിരുന്നു. ഉത്തരം കിട്ടാത്ത സമസ്യകളുടെ മണല്‍ക്കാട്ടില്‍ ഞാനേറെ നാള്‍ തല പൂഴ്ത്തിക്കിടന്നിരുന്നു.
ഞാന്‍ നിശ്ശബ്ദമായി നടന്നു.
പടികള്‍ ഉപേക്ഷിച്ച് ഞങ്ങള്‍ കുത്തനെയുള്ള ചെരുവിലൂടെയാണ് ഇറക്കമിറങ്ങിയത്. ഞങ്ങള്‍ക്കിട യില്‍ അപരിചിതത്വം നേര്‍ത്തുനേര്‍ത്തു വന്നു നക്ഷത്രങ്ങളൊന്നുമില്ലാത്ത ആകാശത്തിനു താഴെ വിഷാദത്തിന്‍റെ താഴ്വാരത്തിലൂടെ നടക്കുകയായിരുന്നു ഞങ്ങളപ്പോള്‍.
താഴെ നഗരം നിയോണ്‍ വെളിച്ചത്തില്‍ കുളിച്ചു നിന്നു. റോഡില്‍ ഇരമ്പുന്ന വാഹനങ്ങള്‍. ഇനി ഇടത്തോട്ടു തിരിഞ്ഞ് അല്‍പ്പദൂരം നടന്നാല്‍ എനിക്കു ഹോസ്റ്റലില്‍ എത്താം.
'ഞാനീ വഴിക്കാണ്'.
'നിത്യ നഗരം ഇപ്പോള്‍ കയ്യിലുണ്ടോ?'
'ഇല്ല. അതൊക്കെ എന്നേ നഷ്ടപ്പെട്ടു'
നഷ്ടപ്പെട്ടതു പുസ്തകങ്ങള്‍ മാത്രമല്ല..
'ഒളിച്ചിരിക്കാന്‍ പറ്റിയ ഇടമാണ് പുസ്തകങ്ങള്‍.'
അയാള്‍ കറുത്ത തുകല്‍ ബാഗ് തുറന്ന് സാമാന്യം വലുപ്പമുള്ള ആ പുസ്തകം എന്‍റെ നേര്‍ക്കു നീട്ടി. 'ഇതെടുത്തോളു'. ശങ്കിച്ച് നില്‍ക്കുമ്പോള്‍ പെട്ടെന്ന് അതെന്‍റെ കയ്യില്‍ പിടിപ്പിച്ച് അതിലേ വന്ന ഒരോട്ടോറിക്ഷയ്ക്ക് കൈകാട്ടി
അയാള്‍ പറഞ്ഞു. 'എനിക്കു റെയില്‍വേ സ്റ്റേഷനില്‍ എത്തണം. ബൈ കാണാം.'
ഫുട്പാത്തില്‍ തിക്കിത്തിരക്കുന്ന ജീവിതങ്ങള്‍ക്കിടയിലൂടെ ഞാന്‍ നടന്നു. എന്‍റെ സായാഹ്നം പതിവിലും ഭാരപ്പെട്ടിരുന്നു. ദു:ഖങ്ങള്‍ക്ക് അങ്ങനെയൊരു സ്വഭാവമുണ്ട്. ഒന്ന് നിങ്ങളുടെ സ്വാസ്ഥ്യത്തിലേക്ക് നുഴഞ്ഞു കയറിയാല്‍ മതി അവിടെ ചങ്ങലക്കിട്ടിരിക്കുന്നതുംകൂടി വേട്ട പട്ടികളെപ്പോലെ ആക്രമിക്കും. ഹോസ്റ്റലിലെ ത്തിയയുടന്‍ ഞാനാ പുസ്തകം തുറന്നു നോക്കി. എന്‍റെ കാഴ്ചയിലാകെ ഒരു വിഭ്രാന്തി ബാധിച്ചിരുന്നു.
പുസ്തകങ്ങളേയും മനുഷ്യരേയും സ്നേഹിച്ചിരുന്ന ഒരു കാലത്തിന്‍റെ നറുമണമുതിര്‍ന്നൂ അക്ഷരങ്ങളില്‍.
അയാളുടെ പേരോ കയ്യൊപ്പോ ഒരു തീയതി പോലുമോ ഉണ്ടായിരുന്നില്ല അതില്‍.

 
 

You can share this post!

നട്ടുച്ച...

ബ്ര. ജൂനിപ്പര്‍
അടുത്ത രചന

കമ്മല്‍

ജിജോ ജോസഫ് എന്‍.
Related Posts