ബസ്സില്‍ സാമാന്യം നല്ല തിരക്കായിരുന്നു. കയറിയതിനു ശേഷം തിരിഞ്ഞ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ഭര്‍ത്താവിനോട് കൈ വീശി കാണിച്ച് ഒരു സീറ്റിനു വേണ്ടി കണ്ണോടിച്ചു.. എല്ലാ സീറ്റിലും ആളുകള്‍.. ആദ്യം കണ്ട സ്ത്രീകളുടെ സീറ്റില്‍ ഒരു ചെറുപ്പക്കാരനും, തല മൂടി പുതച്ച് സീറ്റില്‍ മറ്റൊരാളും.. ചെറുപ്പക്കാരന്‍ ഒന്ന്! നോക്കിയതിനു ശേഷം താന്‍ ഈ ലോകത്തില്‍ അല്ലെന്ന മട്ടില്‍ പുറത്തേക്ക് കണ്ണോടിച്ച്.. തല മൂടി പുതച്ച് ഉറങ്ങുന്ന ആള്‍ കള്ള ഉറക്കമാണെന്ന് തോന്നുന്നു.?? എന്തായാലും തലസ്ഥാനം വരെ ഹിയറിങ്ങിനു വേണ്ടി പോകേണ്ട ദേഷ്യവും, വീട്ടില്‍ നിന്നും ഒരു ദിവസം പിരിഞ്ഞ് നില്‍ക്കേണ്ട വിഷമവും ചേര്‍ത്ത് കുറച്ച് ഉറക്കെ പറഞ്ഞു..
'ഇത് സ്ത്രീകളുടെ സീറ്റാണ്..'
ചെറുപ്പക്കാരന്‍ അവജ്ഞയോടെ ഒന്ന് നോക്കി.. എല്ല് വീണ്ടും സീറ്റില്‍ ഉറപ്പിക്കാന്‍ തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ ബസ്സിലെ കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു..
'മഞ്ഞ ഷര്‍ട്ട്... സ്ത്രീകള്ടെ സീറ്റ് ഒന്ന്! ഒഴിഞ്ഞു കൊടുത്തേ...'
ചെറുപ്പക്കാരന്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു.. തല മൂടി പുതച്ച് കിടക്കുന്ന ആള്‍ സുഖാനുഭൂതിയില്‍ ചാരി കിടന്ന് ഉറക്കം.. ഒടുവില്‍ കണ്ടക്ടര്‍ വന്ന് വിളിച്ചപ്പോള്‍ അയാള്‍ ഉണര്‍ന്നു.. മുഖത്ത് ഒരു വളിച്ച ചിരിയോടെ എഴുന്നേറ്റ് മാറി. അയാള്‍ മുന്നില്‍ മാറി ഒരു ഇരുമ്പ് കമ്പിയില്‍ തൂങ്ങി നില്ക്കാന്‍ തുടങ്ങി. മുഷിഞ്ഞ വേഷം, കയ്യില്‍ ഒരു പഴയ വസ്ത്ര സ്ഥാപനത്തിന്‍റെ കവര്‍...തലയില്‍ ഒരു തൊപ്പി.. മുഖം നിറയെ ചിരി..അവര്‍ ഒഴിഞ്ഞ സീറ്റില്‍ ഇരുന്ന്! സ്കാര്‍ഫ് എടുത്ത് തലയില്‍ വട്ടം കെട്ടി പുറത്തെ കാഴ്ചകളിലേക്ക്. പിന്നില്‍ നിന്നും ആരോ പറയുന്നത് കേട്ടു..
'ഗുരുവായൂര്‍ എറണാകുളം റൂട്ടില്‍ എന്തോരം ബസ്സ് ഓടീട്ടും തിരക്കോട് തെരക്ക്..'
അവര്‍ തിരുവനന്തപുരത്ത് ചെന്നാല്‍ താമസിക്കേണ്ട കാര്യവും, കാലത്ത് ഹിയറിങ്ങിന് പറയേണ്ട കാര്യങ്ങള്‍ ആലോചിച്ചും, ജോലി ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ ബാലാരിഷ്ടതയെ കുറിച്ചും ചിന്തിച്ച് മെല്ലെ ഒന്ന് മയങ്ങിപോയി. എന്തോ ഉരുണ്ട് വീഴുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നത്.. നോക്കുമ്പോള്‍ കമ്പിയില്‍ പിടിച്ച് നിന്ന തൊപ്പിക്കാരന്‍ ബസ്സിനകത്ത് വീണു കിടക്കുന്നു. മറ്റുള്ളവര്‍ പിടിച്ച് ഉയര്‍ത്തും മുന്‍പേ അയാള്‍ ചാടി എഴുന്നേറ്റു.. തൊപ്പി തെറിച്ച് പോയിരിക്കുന്നു.. മുടിയില്ലാത്ത തല.. മുന്നില്‍ കിടന്ന തൊപ്പിയും, കവറും അയാള്‍ ചാടിയെടുത്ത് തൊപ്പി വേഗം തലയില്‍ ധരിച്ച് എല്ലാവരെയും നോക്കി ചിരിച്ചു..
'തൊപ്പിക്കാരന്‍ ചേട്ടാ...ദാ ഇവിടേക്ക് പോന്നോളൂ.. സീറ്റ് തരാം..നിന്ന് ഉറങ്ങി ഇനിയും വീഴണ്ടാ.." കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു..അയാള്‍ വീണ്ടും ചിരിയോടെ ശബ്ദം കേട്ട ഭാഗത്തേക്ക്..
ബസ്സ് എറണാകുളം സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ അവര്‍ ഇറങ്ങി.. ഇനി തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് പിടിക്കണം..അവര്‍ സ്റ്റാന്‍ഡില്‍ കയറി ബസ്സ് വരുന്ന ഭാഗത്ത് നിന്നപ്പോള്‍ വീണ്ടും അയാളെ കണ്ടു.. തൊപ്പിക്കാരന്‍.. ഒരു കടയുടെ മുന്നില്‍ നിന്നും ചുടു ചായ അതിവേഗം അകത്താക്കി അയാള്‍..അവരെ കണ്ടതും വീണ്ടും അയാളുടെ ചുണ്ടില്‍ ഒരു ചിരി.. അവര്‍ വെറുപ്പോടെ മുഖം തിരിച്ചു..
ബസ്സ് വന്ന് നിന്നപ്പോള്‍ അവര്‍ കയറി സീറ്റില്‍ ഇരുന്നു. കുറച്ച് കഴിഞ്ഞ് അയാളും കയറി.. സ്ത്രീകളുടെ സീറ്റില്‍ ഇരിക്കാന്‍ തുടങ്ങി പിന്നീട് സംവരണം ചെയ്തിരിക്കുന്ന ബോര്‍ഡില്‍ കണ്ണോടിച്ച് പതിവ് ചിരിയോടെ അയാള്‍ മുന്നിലേക്ക് നടന്ന്! മുന്‍നിര സീറ്റില്‍ പോയി സ്ഥാനം പിടിച്ചു.. ബസ്സിലെ കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാന്‍ അയാളുടെ അടുത്ത് ചെന്നപ്പോള്‍ അയാള്‍ കവറില്‍ നിന്നും കുറേ ചില്ലറകള്‍ എണ്ണി കൊടുക്കുന്നത് കണ്ടു...
'ഇതെന്താ സാറെ ചില്ലറ കൊറച്ച് ഉണ്ടല്ലോ??'
'ചില്ലറ തരുന്നതല്ലേ സാറെ നിങ്ങള് കണ്ടക്ടര്‍ സാര്‍ന്മാര്‍ക്ക് ഇഷ്ടം..'
'ഏയ്..ചില്ലറ ഇല്ലാത്തതാ ഞങ്ങള്‍ക്കിഷ്ടം... കണ്ടക്ടര്‍ ചിരിയോടെ പറഞ്ഞു. അയാളും അത് കേട്ട് പരിസരം മറന്ന് ചിരിച്ചു
അവര്‍ ഒരു പുസ്തകം കയ്യിലെടുത്ത് വായിക്കാന്‍ തുടങ്ങി..കഥകളില്‍ മുഴുകി, കഥാപാത്രങ്ങളില്‍ മുഴുകി..ഒടുവില്‍ നിദ്രയിലേക്ക്.. ഇടയ്ക്ക് കായംകുളം സ്റ്റാന്‍ഡില്‍ ഉച്ചയൂണ് കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ അയാളും, അവരും മാത്രമായി ബസ്സില്‍.. അയാള്‍ പതിവ് ചിരിയോടെ അവരെ നോക്കി ചോദിച്ചു..
'പെങ്ങളെ ഇത് തിരുവനന്തോര്ത്ത് എത്ര മണിക്ക് എത്തും..?'
ആ എനിക്കറിയില്ല..' കുറച്ച് ഈര്‍ഷ്യയോടെ മറുപടി നല്‍കി.. പിന്നെ അയാളില്‍ നിന്നും ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല.. വീണ്ടും പുസ്തകത്തില്‍ മുഴുകി..
തമ്പാനൂര്‍ എത്തിയപ്പോള്‍ വിശപ്പ് തിരിച്ചറിഞ്ഞു.. കാലത്ത് ചായ കുടിച്ച് ഇറങ്ങിയതാണ്.. വഴിയില്‍ നിന്നും ഒന്നും കഴിച്ചില്ല.. യാത്രയില്‍ കഴിച്ചാല്‍ അത് ശര്‍ദ്ദിച്ചു പുറത്ത് കളയുന്നതാണ് ശീലം..അത് കൊണ്ട് ഒന്നും കഴിക്കില്ല.. ഇന്ത്യന്‍ കോഫി ഹൗസിനു നേരെ നടന്ന് ഒരിടത്ത് സീറ്റ് പിടിച്ചപ്പോള്‍ വീണ്ടും അയാളെ കണ്ടു.. തൊപ്പിക്കാരന്‍..അയാള്‍ക്ക് അവരുടെ എതിര്‍ തിരിഞ്ഞ് ഇരിക്കുന്നതിനാല്‍ അവരെ കണ്ടില്ല.. അയാള്‍ ബസ്സില്‍ കൂടെ യാത്ര ചെയ്ത ആരോടോ സംസാരിക്കുന്നു.. ചായ പറഞ്ഞു കാത്തിരിക്കുന്ന ആ വേളയില്‍ ഇടയ്ക്ക് അയാളുടെ സംസാരം ശ്രദ്ധിച്ചു.
'ഇത് അവസാനത്തെയാ...ഇനിയൊരു കീമോ ഉണ്ടാകില്ല.. ഡോക്ടര്‍ സാറിന് ഒരു ഉറപ്പില്ല..പിന്നെ നമുക്ക്.. എന്ത്..'
അയാള്‍ ചിരിയോടെ പറഞ്ഞു.
വെറും കൈയ്യോടെ തന്നെയാ സാറേ ഭൂമിയില്‍ വന്നത്.. വെറും കയ്യോടെ തിരികെ പോകാനും ! മടിയില്ല.. എന്നാലും സാറെ കുടുംബം.. അതോര്‍ക്കുമ്പോ വിഷമാ.. ഒന്നും നീക്കിയിരിപ്പ് ഇല്ല.. വെറും കൂലി പണിക്കാരനാ ഞാന്‍.. പിന്നെ കുടികിടപ്പ് കിട്ടിയ പത്ത് സെന്‍റ് സ്ഥലം.. ഒരു കൊച്ച് ഓടിട്ട വീട്.. ഒരു കൂട്ട് വേണോന്നു തോന്നിപ്പോ കല്യാണം കഴിച്ചു.. രണ്ട് തങ്കം പോലത്തെ പെണ്‍മക്കളുമായി... എന്നാ പെമ്പ്രന്നോത്തി ഒരു വാക്ക് പോലും പറയാതെ എന്നേം, പിള്ളേരേം തനിച്ചാക്കി ഒരു പോക്കങ്ങ് പോയി.. തുലാവര്‍ഷം പെയ്യുമ്പോള്‍ ഞങ്ങള്‍ടെ ദേശത്ത് പാടത്ത് നിന്ന് മീന്‍ കേറി വരും.. നല്ല മുഷീം, ബ്രാലും.. അങ്ങനെ ഒരു മഴക്കാലത്ത് ഒരു മുഷിടെ പൊറകെ കുട്ടയുമായി പോയതാ.. പെമ്പ്രന്നോത്തി.. പാടത്ത് കറണ്ട് കമ്പി പൊട്ടി കെടക്കണെ മൂപ്പിലാത്തി കണ്ടില്ല..മൂത്തത് രണ്ടിലും, എളെത് അങ്ങനവാടിയിലും പോണ പൊടി കുഞ്ഞുങ്ങള്‍... തളര്‍ന്നില്ല സാറെ..ഞാന്‍ അതുങ്ങളെ വളത്തി വലുതാക്കി.. ഇപ്പൊ മൂത്തത് പ്ലസ് ടു കഴിഞ്ഞു..
ഇപ്പോള്‍ അയാളുടെ വാക്കുകള്‍ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു.. കൗണ്ടറില്‍ ഇരിക്കുന്ന ആളും, സപ്ലൈ ചെയ്യുന്ന ആളും, സീറ്റുകളില്‍ ഇരിക്കുന്നവരും.. പതുക്കെ എല്ലാവരിലും ദുഃഖം വിതയ്ക്കുന്ന വാക്കുകള്‍..അയാള്‍ മാത്രം ചിരിയോടെ തന്‍റെ കഥ തുടര്‍ന്നു..
'ചെയ്യാത്ത പണിയില്ല സാറെ...തെങ്ങിന് തടം കോരിയും, വിതയ്ക്കാന്‍ പോയും, വേലി കെട്ടാന്‍ പോയും പിള്ളാരെ പഠിപ്പിച്ചു..അവറ്റുങ്ങള്‍ പഠിക്കാന്‍ ബഹു മിടുക്കികളും..ഒരീസം എന്‍റെ പള്ളേല് ഒരു മൊഴ കണ്ടു..ഞാന്‍ അത് കാര്യക്കില്ല..പിന്നെ അത് വലുതായപ്പോ മോള്‍ടെ നിര്‍ബന്ധം കാരണം എം.ഇ.എസിലെ മോമ്മദ് ഡോക്ടറെ കാണിച്ചു.. അവര് അത് കീറി പൊളിച്ച് എങ്ങണ്ടെക്കും അയച്ചു.. പിന്നെ കുറച്ചീസം കഴിഞ്ഞപ്പാ അവരാ പറഞ്ഞത് ക്യാന്‍സര്‍ രോഗാണെന്ന്...ഒരാളോടും പറയാതെ ഞാന്‍ പിന്നേം പണിക്ക് പോയി..'ചെട്ടി കപ്പലിന് ദൈവം തുണ.. പക്ഷെ എങ്ങനെയോ മക്കളിത് അറിഞ്ഞു..പിന്നെ ചികിത്സ..പക്ഷെ ഒന്നും ശരിയായില്ല.. പിള്ളേര് നേരാത്ത നേര്‍ച്ച ഇല്ല... അവ്റ്റുങ്ങള്‍ കരയുന്ന കാണുമ്പോള്‍ എനിക്കും സഹിക്കൂല. പക്ഷെ ഞാന്‍ അവര്‍ക്ക് മുന്നില് ചിരിക്കും.. രോഗം ചിരിച്ചാല്‍ മാറില്ല..എന്നാലും ചിരിക്കും... മനസ്സ് കരഞ്ഞാലും മൊഖം ചിരിച്ചിരിക്കും..
ആ വാക്കുകള്‍ പറയുമ്പോള്‍ അയാള്‍ ചിരിക്കുകയായിരുന്നു... അയാളുടെ ചിരിയും സംസാരവും ഇന്ത്യന്‍ കോഫീ ഹൗസില്‍ പിന്നെയും കണ്ണുനീര്‍ വീഴ്ത്തി. കേള്‍വിക്കാര്‍ കൂടി വന്നു.. എല്ലാവര്‍ക്കും സഹജീവിയോടുള്ള ദയ കണ്ണുകളില്‍..സങ്കടം മുഖത്ത്.
'മരിക്കാന്‍ പേടിയാ... രണ്ടു പിള്ളേരേം കാണാന്‍ നല്ല ചേലാ... അവരടെ അമ്മയെ പോലെ.. ദൈവം അഞ്ചു കൊല്ലം ആയുസ്സ് നീട്ടി തന്നാ മതി.... പിച്ചയെടുത്തിട്ടായാലും ഞാന്‍ അവരെ പഠിപ്പിക്കും.. മൂത്തവള്‍ക്ക് ഒരു ജോലി ആകുന്ന വരെ... കേറി കിടക്കാന്‍ ഒരു കിടപ്പാടം പോലുമില്ല... രോഗം വന്നപ്പോള്‍ ആരോടും കൈ നീട്ടിയില്ല... എല്ലാം വിറ്റ്.... വിറ്റിട്ടും ക്യാന്‍സര്‍..അയിന്‍റെ പക മാറീട്ടില്ല... കാര്‍ന്നു തിന്ന് തോടങ്ങിന്നാ തോന്നുന്നേ..ചിലപ്പോള്‍ സഹിക്കാന്‍ പറ്റൂല വേദന.. അപ്പോള്‍ ഞാന്‍ ചിരിക്കും.. വേദന വരുമ്പോള്‍ ചിരി ഇപ്പൊ എനിക്കൊരു ശീലായി.....ആരോ പറഞ്ഞു.. പെസ്ബുക്ക് എന്ന സാധനം കമ്പൂട്ടറില്‍ ഉണ്ടെന്ന്..അതില്‍ എന്‍റെ രോഗത്തിന്‍റെ കാര്യം ഇട്ടാല്‍ ആളുകള്‍ സഹായിക്കുമെന്ന്.. എന്നെ സഹായിക്കണ്ടാ..ഞാന്‍ ഇല്ലാതായാല്‍ കുട്ടികളെ സഹായിച്ചാ മതി..
എല്ലാം കേട്ടിരുന്ന അവര്‍ക്ക് സങ്കടം താങ്ങാന്‍ കഴിയാതെ വന്നു.. സാരി തലപ്പ് കൊണ്ട് കണ്ണുകള്‍ തുടച്ച് അയാളെ നോക്കി.. ആ മനുഷ്യനെ സീറ്റില്‍ നിന്നും എഴുന്നേല്‍പിച്ച നിമിഷത്തെ അവര്‍ ശപിച്ചു.. അയാള്‍ വീണ്ടും തിരിഞ്ഞ് എല്ലാവരെയും ഒന്ന് നോക്കി. അവരെ കണ്ടപ്പോള്‍ അയാളുടെ മുഖത്ത് വീണ്ടും ചിരി വിടര്‍ന്നു.. എല്ലാ വേദനകളും കാറ്റില്‍ പരത്തുന്ന പ്രകാശം നിറഞ്ഞ ചിരി..
'അയ്യോ.. നിങ്ങളെയെക്കെ ഞാന്‍ എന്‍റെ വിഷമം പറഞ്ഞ് ... എന്താ ചെയ്യാ..ദൈവ നിശ്ചയം.. ആര്‍.സി.സി.ചെല്ലുമ്പോള്‍ അവടെത്ത ഓരോ കാഴ്ചകള്‍ കാണുമ്പോ എന്‍റെ രോഗം നിസ്സാരം.. പിറന്ന കുഞ്ഞു പോലും രോഗം വന്നു... കണ്ടാല്‍ മനസ്സ് മുറിയും സാറെ..
അയാള്‍ പോകാന്‍ വേണ്ടി എഴുന്നേറ്റു... ആരെല്ലാമോ അയാള്‍ക്ക് നേരെ പൈസ നീട്ടി.. അയാള്‍ വാങ്ങാന്‍ തയ്യാറായില്ല.. തലയില്‍ തൊപ്പി ഉറപ്പിച്ച്, കയ്യിലെ കവറുമായി മുന്നോട്ട്.. എല്ലാവരുടെയും നിറഞ്ഞ കണ്ണുകള്‍ക്ക് മുന്നിലൂടെ.. കൗണ്ടറില്‍ ചെന്ന് കുടിച്ച ചായയുടെ പൈസ കൊടുക്കാന്‍ തുടങ്ങുമ്പോള്‍ കാഷ്യര്‍ പൊട്ടി കരയാന്‍ തുടങ്ങി.. പൈസ വാങ്ങാന്‍ കാഷ്യര്‍ വിസ്സമ്മതം കാണിച്ചപ്പോള്‍ അയാള്‍ പോക്കറ്റില്‍ നിന്നും ചില്ലറ പെറുക്കി വിലനിലവാര പട്ടിക നോക്കി പണം കൊടുത്തു...അയാള്‍ ചിരിയോടെ പറഞ്ഞു..
'ആരോടും കടം വെക്കാന്‍ പാടില്ല ചേട്ടാ..അങ്ങ് ചെല്ലുമ്പോ ദൈവം ചോദിക്കും..
ചുറ്റുമുള്ള എല്ലാ നിറകണ്ണുകളും ഒന്ന് കൂടി നോക്കി അയാള്‍ സ്വതസിദ്ധമായ ചിരിയോടെ വീണ്ടും പറഞ്ഞു...
'വീണ്ടും കാണാമെന്ന് ഒരു വെറും വാക്ക് പറയണില്ല... പക്ഷെ കാണും.. എന്‍റെ ഉള്ളിലോള്ള ഒരു സാധനോം ആര്‍ക്കും കൊടുക്കാന്‍ പറ്റൂല.. എല്ലാം കാര്‍ന്നു തിന്ന് ചീത്തയായി പോയി... പക്ഷെ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യും... അതിനെ ഒരു രോഗവും ഇല്ല... ഞാന്‍ കണ്ട് രസിച്ച ഈ ഭൂലോകം, ഇത് വരെ ഒന്നും കാണാതെ പോയ ആര്‍ക്കെങ്കിലും വെളിച്ചം കൊടുക്കട്ടെ... ജീവനുണ്ടായിട്ടും ഒന്നും ജീവിതത്തില്‍ കാണാത്ത ആരെങ്കിലും എന്‍റെ കണ്ണുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും....'
രണ്ടു തുള്ളി കണ്ണ്നീര്‍ വീഴ്ത്തി ആ മനുഷ്യന്‍ പുറത്തേക്ക് പോയപ്പോള്‍ ആ കോഫി ഹൗസില്‍ അവശേഷിച്ച എല്ലാവര്‍ക്കും കണ്ണുനീര്‍ നിറഞ്ഞ് കാഴ്ച നഷ്ടമായിരുന്നു..