news-details
കവർ സ്റ്റോറി

കൊറോണ പഠിപ്പിക്കുന്നത്

1990 കളുടെ അവസാനപാദത്തില്‍ ഭാരതത്തില്‍ ആഗോളവത്ക്കരണം ആരംഭദശകത്തിലായിരുന്നു. ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് അവ പാഠ്യവിഷയവുമായി. കിട്ടാവുന്ന അറിവുകളൊക്കെ ശേഖരിച്ച് ഞാനവ കുട്ടികള്‍ക്ക് പങ്കുവച്ചു. അന്ന് അത് തിയറി മാത്രമായി അവരുടെ മനസില്‍ തങ്ങി. 2004-ല്‍ ആഗോളവത്ക്കരണത്തിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന 'കഴുകന്‍' എന്ന തെരുവുനാടകത്തില്‍ കുട്ടികളോടൊത്തു പ്രവര്‍ത്തിച്ചു. 15-ഓളം സ്ഥലങ്ങളില്‍ അത് അരങ്ങേറുകയും ചെയ്തു. കല സംവേദനം ചെയ്യുന്ന കാര്യങ്ങളിലും  പരിധിയുണ്ടല്ലോ! കാര്യങ്ങള്‍ മനസിലായാലും അതിനോടനുബന്ധിച്ചുള്ള തീരുമാനങ്ങളിലും പ്രവൃത്തികളിലും തുടര്‍പ്രവര്‍ത്തനങ്ങളിലും നമ്മള്‍ അധികം ശ്രദ്ധിക്കാറില്ലല്ലോ.

ഇത് 2020 മാര്‍ച്ചുമാസം! ഒരു കുഞ്ഞ് വൈറസ്, തിയറി ഒന്നും കൂടാതെ  പ്രയോഗവത്ക്കരണത്തിലൂടെ ആഗോളവത്ക്കരണം എന്താണെന്ന് നമുക്ക് വ്യക്തമാക്കി.  നിര്‍ഭാഗ്യവശാല്‍ അതിന്‍റെ ദൂഷ്യഫലങ്ങളിലൂടെയാണെന്ന് മാത്രം.

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ തുടങ്ങിയ കോവിഡ് 19 എന്ന് ലോകാരോഗ്യസംഘടന പേരുവിളിച്ച കൊറോണ വൈറസ് എന്തൊക്കെ കാര്യങ്ങളാണ് നമ്മളെ പഠിപ്പിച്ചത്!

നോബേല്‍ സമ്മാന ജേതാവായ ഹെര്‍മന്‍ ഹെസ്സേ എന്ന ജര്‍മന്‍ എഴുത്തുകാരന്‍ (1877-1962) സിദ്ധാര്‍ഥ എന്ന അദ്ദേഹത്തിന്‍റെ കൃതിയില്‍ പറയുന്നുണ്ട്: 'എനിക്ക് ഒരുപാട് ഗുരുക്കന്മാരുണ്ടായിരുന്നു. ഒരു നര്‍ത്തകി, ഒരു വര്‍ത്തകന്‍, ചൂതുകളിക്കാരന്‍, ബുദ്ധഭിക്ഷു, ഒഴുകുന്ന നദി, ഒരു ഋഷിവര്യന്‍. ഓരോ കവര്‍ച്ചക്കാരിലുമുണ്ട് ഓരോ ബുദ്ധന്‍. ആത്മാന്വേഷണത്തിലേക്കും തനതായ ആത്മീയതയിലേക്കും നയിക്കുന്നതാണ് അദ്ദേഹത്തിന്‍റെ കൃതികള്‍. മൈക്രോസ്കോപ്പിലൂടെ മാത്രം കാണാനാവുന്ന ഈ അതിസൂക്ഷ്മ കൊറോണ ഇന്ന് താരമായിരിക്കുന്നു. എന്തെല്ലാം കാര്യങ്ങളാണ് ഓരോരുത്തരേയും ഈ ഗുരു പഠിപ്പിക്കുന്നത്. ഒരേ പാഠങ്ങളും, വ്യത്യസ്ഥമായ പാഠങ്ങളും.  എന്നിട്ടും പഠിക്കാത്തവര്‍ ഈ ഭൂമി മലയാളത്തിലും ഉണ്ടാകും. പഠിച്ചതെല്ലാം പരീക്ഷ കഴിയുമ്പോള്‍ മറക്കുന്ന കുട്ടിയെപ്പോലെയാകും നമ്മള്‍.  ഈ സമാധികാലത്ത് എന്‍റെ മനസിലൂടെ കടന്നുപോയ കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കട്ടെ.

1. ജീവിക്കാന്‍ ഇത്തിരി കാര്യങ്ങള്‍ മതി

പ്രമുഖ ഭാരതീയ തത്വചിന്തകനും  എഴുത്തുകാരനുമായ ജിദ്ദു കൃഷ്ണമൂര്‍ത്തി ഒരിക്കല്‍ പറഞ്ഞു: എനിക്ക് ജീവിക്കാന്‍ മൂന്ന് കാര്യങ്ങള്‍ മതി.  ഈ കൊറോണ പഠിപ്പിച്ച ആദ്യ പാഠം അതാണെന്നു തോന്നുന്നു.

a.. തുറന്നിട്ട ഒരു ജാലകം

ഏറെ അര്‍ഥസമ്പുഷ്ടിയുള്ള  ഒരു പ്രയോഗമാണത്. മനസിന്‍റെ ജാലകങ്ങള്‍ തുറക്കുമ്പോള്‍ ഈ ലോകത്തെ മുഴുവന്‍ എന്‍റെ മുറിയിലിരുന്ന് എനിക്ക് ദര്‍ശിക്കാനാവും. ഹൃദയം തുറക്കുമ്പോള്‍ അതുവരെ ദൃഷ്ടിയില്‍പെടാത്തതൊക്കെ ദൃശ്യമാകാനും അതുവരെ  കാതുകളില്‍ എത്താത്തതൊക്കെ  മൃദുസ്വരമായി എത്താനും തുടങ്ങും. വീടിന്‍റെ സ്വീകരണ മുറിയിലിരുന്ന് ദൃശ്യമാധ്യമങ്ങളിലൂടെ  രാജ്യങ്ങളിലെ കൊറോണാ ബാധിതരെക്കുറിച്ച് എനിക്ക് വിചാരമുണ്ടാകുന്നു. എന്‍റെ ചുറ്റുവട്ടം വികസിക്കുന്നു.

b. വായിക്കാനൊരു പുസ്തകം

പുസ്തകങ്ങള്‍ അകലെയുള്ള ചിന്തകരേയും പ്രതിഭാധനരേയും നമ്മുടെ ചങ്ങാതിമാരാക്കുന്നവയാണ്. അവരുടെ ചിന്താലോകത്തിലേക്ക് നാമും അറിയാതെ നടന്നുകയറുന്നു. ജീവിതത്തിന്‍റെ  അതിസൂക്ഷ്മകാര്യങ്ങളെക്കുറിച്ചും സമസ്യകളെക്കുറിച്ചും നിത്യസംഭവങ്ങളുടെ അനിതര സാധാരണമായ ഭാവാത്മകതയെക്കുറിച്ചും ചിന്തിക്കാനും വിശകലനം ചെയ്യാനും അവര്‍ നമ്മളെ പ്രേരിപ്പിക്കുന്നു. കവിതകളിലൂടെ, നോവലിലൂടെ, ചെറുകഥകളിലൂടെ, ലേഖനങ്ങളിലൂടെ, സഞ്ചാരസാഹിത്യത്തിലൂടെ, ചരിത്രവിശകലനത്തിലൂടെ, ശാസ്ത്രസാഹിത്യത്തിലൂടെ, ചിത്രകലയിലൂടെ, നര്‍മരസത്തിലൂടെ,  ആത്മീയവിചാരങ്ങളിലൂടെ, ഏതെല്ലാം ലോകത്തിലേക്കാണ് അവര്‍ നമ്മെ  കൂട്ടിക്കൊണ്ടുപോകുന്നത്. ഇവരുമായുള്ള ചങ്ങാത്തം  എല്ലാ മുഷിപ്പും മാറ്റും.

c. സ്നേഹിക്കാന്‍ ഒരാള്‍

തന്‍റെ ഭാര്യയെയോ കാമുകിയേയോ, സുഹൃത്തിനേയോ, ബന്ധുവിനേയോ ആരെയെങ്കിലുമായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്.  ഒരാളല്ല ഒരായിരം  പേര്‍ നമുക്കു ചുറ്റുമുണ്ട് സ്നേഹിക്കാന്‍. ആദ്യചുവട് ആരെടുക്കും എന്ന ഒരു ചോദ്യമുണ്ട്. അതു ഞാന്‍ തന്നെയായാല്‍ എല്ലാം  എളുപ്പമായി.

ജീവിക്കാന്‍ എന്തെല്ലാം വേണം എന്ന് നമ്മള്‍ തിരിച്ചറിയുകയായിരുന്നു, ഈ കോവിഡ് കാലത്തില്‍.

അല്ലെങ്കില്‍, ഏതൊക്കെ ഇല്ലെങ്കിലും  ജീവിതം മുന്നോട്ട് കൊണ്ടുപോകാം  എന്നു നമ്മള്‍ക്ക് തിരിച്ചറിവുണ്ടായി. ജീവിതത്തിന്‍റെ ചില മുന്‍ഗണനാ ക്രമങ്ങള്‍ക്ക് മാറ്റമുണ്ടായി. ആവശ്യങ്ങള്‍ പരിമിതപ്പെടുത്തുമ്പോഴും ജീവിതം സന്തോഷകരമായിത്തന്നെ മുന്നോട്ടുപോകും, എന്ന പാഠവും നമുക്കു മുന്നിലുണ്ട്.

പിന്നെ ഈ സ്വരുക്കൂട്ടുന്നതെല്ലാം എന്തിനുവേണ്ടി?  മറ്റുള്ളവരുടെ മുമ്പില്‍ ഒരു സ്റ്റാറ്റസിനുവേണ്ടി മാത്രമോ?

2. ഗ്രാമങ്ങളെ തിരിച്ചുപിടിക്കണം

ജീവിക്കാന്‍  കൊച്ചുകൊച്ചു കാര്യങ്ങള്‍ മതി എന്ന്  ഗുരുവായ വൈറസ് നമ്മെ പഠിപ്പിക്കുന്നു. ഗ്രാമീണത എന്നൊക്കെ പറയുന്നതിന് ഇന്ന് കൂടുതല്‍  അര്‍ഥവ്യാപ്തിയുണ്ടായിരിക്കുന്നു. ഗ്രാമത്തിലാകുമ്പോള്‍  കപ്പയും ചക്കയും മാങ്ങയും പേരക്കയും ചീനിയും കോവലും... ഒക്കെയുണ്ടാവും. അങ്ങനെ കുടുംബ ബജറ്റ് താളം തെറ്റിക്കാതെ മുന്നോട്ടു കൊണ്ടുപോകാം. ഒരു പശുവും കുറെ കോഴികളും കൂടി ഉണ്ടെങ്കില്‍ കെങ്കേമമായി. ഇറങ്ങിനടക്കാനും കൃഷി ചെയ്യാനും അല്പം സ്ഥലവും. ഫ്ളാറ്റിലെ ഇപ്പോഴത്തെ അവസ്ഥയോ. ഗ്രാമത്തെ ഉപേക്ഷിക്കാതെ ഫ്ളാറ്റ് എന്ന തത്വം കൂടുതല്‍ പ്രായോഗികമെന്നു തോന്നുന്നു. ഫ്ളാറ്റും ഗ്രാമവും തമ്മില്‍ ഒരു സന്തുലിതാവസ്ഥ. ആവശ്യങ്ങള്‍ കൂടിവരുമ്പോള്‍ ഫ്ളാറ്റിലേക്കും അയല്‍രാജ്യങ്ങളിലേക്കും പോകേണ്ടിവരുന്നു. എന്തെല്ലാം ആവശ്യങ്ങള്‍ക്കാണ് ഞാന്‍ കൂടുതല്‍ മുന്‍ഗണന കൊടുക്കേണ്ടത് എന്ന് തീരുമാനിക്കാനാവണം. എനിക്ക് ഇത്രെയൊക്കെ മതി എന്നു തീരുമാനിക്കണം. മക്കള്‍ക്കുവേണ്ടി സമ്പാദിക്കുന്നതുതന്നെ ശരിയല്ല എന്ന തത്വം അംഗീകരിച്ചാല്‍ സ്വരുക്കൂട്ടല്‍ കുറയും. അവര്‍ക്ക് ജീവിക്കാനുള്ള വഴി കാണിച്ചുകൊടുക്കുക, അത്രമാത്രം.  സ്വച്ഛമായ ജീവിതത്തിന് ഗ്രാമം തന്നെ ഇപ്പോഴും മെച്ചം. മഹാത്മജിയുടെ 'ഗ്രാമസ്വരാജിന്' ഇപ്പോള്‍ കൂടുതല്‍ പ്രസക്തി  ഉണ്ടെന്നു തോന്നുന്നു. ഏറെക്കുറെ  സ്വയം പര്യാപ്തമായ ഒരു ഗ്രാമം. അങ്ങനെ ഒരു ഗ്രാമമാകുമ്പോള്‍ മുന്തിയ ആശുപത്രികള്‍ ആവശ്യമായി വരില്ല. രോഗപ്രതിരോധം  ഗ്രാമജീവിതത്തിലുണ്ടാകും.  ഇപ്പോഴത്തെ വികസനത്തിന്‍റെ ഫലങ്ങളോ, മുന്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളോ വേണ്ടെന്നല്ല; പുറംരാജ്യങ്ങളുമായുള്ള ബന്ധവും  നല്ലതുതന്നെ.  പക്ഷേ വേരുകള്‍ ഗ്രാമത്തില്‍ തന്നെയാകണം. അടിസ്ഥാനമൂല്യങ്ങള്‍ ഗ്രാമത്തിന്‍റേതു മാത്രം. ഇത് ഉട്ടോപ്യന്‍ ചിന്താഗതി അല്ലേ? അല്ല. ബൗദ്ധരും  ജൈനരും മഹര്‍ഷിമാരും  ഗാന്ധിജിയും ഗാന്ധി അനുയായികളും  ജീവിച്ച നാടിന് ഇത് അന്യമല്ല. സാധ്യത തന്നെയാണ്.

3. മതാത്മകതയും ആത്മീയതയും ഒരു പുനര്‍വായന

അനുഷ്ഠാനപരവും ആചാരബദ്ധവുമാണ്  മതം. അതുകൊണ്ടാണ് പള്ളിയിലേയും അമ്പലങ്ങളിലേയും മോസ്കുകളിലേയും  അനുഷ്ഠാനകര്‍മങ്ങള്‍ അവസാനിക്കുമ്പോള്‍ മതം ഉപയോഗശൂന്യമാണ്, ആള്‍ദൈവങ്ങളും  സാക്ഷാല്‍ ദൈവങ്ങളും അപ്രസക്തമാണ് എന്നൊക്കെ തത്പരകക്ഷികള്‍ പ്രസ്താവനയിറക്കുന്നത്. ഒരു മൗലിക ദര്‍ശനത്തെ  -മനോഭാവത്തെ- ജീവിതചര്യയെ  അനുഷ്ഠാനമാക്കി ചുരുക്കിയതിന്‍റെയും  സ്ഥാപനവല്‍ക്കരിച്ചതിന്‍റെയും പ്രശ്നമാണിത്. യേശുക്രിസ്തുവിന്‍റെ ദര്‍ശനം - മനുഷ്യനെ ദൈവികതയിലേക്ക് ഉയര്‍ത്താനുള്ള അവിടുത്തെ മനുഷ്യജന്മവും, അര്‍പ്പണബോധവും രക്തസാക്ഷിത്വവും മഹത്വപൂര്‍ണമായ  ഒരു രണ്ടാം വരവുണ്ടെന്ന പ്രത്യാശ നല്‍കലും - കുര്‍ബാനയും കുമ്പസാരവുമെന്ന അനുഷ്ഠാനകര്‍മത്തില്‍ മാത്രം ചുരുക്കിയതിന്‍റെ പ്രശ്നമാണിത്. ആമസോണ്‍ സിനഡിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളും വിലയിരുത്തലുകളും ശ്രദ്ധിച്ചാല്‍ മനസിലാകും, എത്രയോ  വിഭിന്നമായ രീതിയിലാണ് അവിടെ ക്രൈസ്തവ ജീവിതം മുന്നേറുന്നത്. ഒമ്പത് രാജ്യങ്ങളും 400 ഗോത്രവംശങ്ങളും 240ലധികം ഭാഷകളുമുള്ള ആമസോണ്‍ പ്രദേശത്ത് നീണ്ട മാസങ്ങളോളം പുരോഹിതകേന്ദ്രീകൃമായ അനുഷ്ഠാനങ്ങളില്ല. ഒന്നാം നൂറ്റാണ്ടിലേയും രണ്ടാം നൂറ്റാണ്ടിലേയും സഭ ക്രിസ്തുവിന്‍റെ ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ കുടുംബകേന്ദ്രീകൃതവും  സമൂഹകേന്ദ്രീകൃതവുമായ ഒരു ജീവിതചര്യയായിരുന്നു. അനുഷ്ഠാനരീതികളെല്ലാം വ്യത്യസ്തമായിരുന്നു.

2019 ഓഗസ്റ്റ് 21 ബുധനാഴ്ച പൊതുദര്‍ശന വേളയില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ, അപ്പസ്തോലപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള  തന്‍റെ വ്യാഖ്യാനത്തില്‍ ഒരു പദപ്രയോഗം നടത്തി 'ആത്മീയ വിനോദ സഞ്ചാരി' ആരാണിയാള്‍. പങ്കുവയ്ക്കലില്‍ ഉള്‍പ്പെടാത്തയാള്‍!. അയാള്‍ക്ക് അനുഷ്ഠാനങ്ങള്‍ മാത്രം മതി. അത്തരം അനുഷ്ഠാനങ്ങള്‍ കപടഭക്തിയായി മാറുന്നു. തങ്ങള്‍ ക്രൈസ്തവരാണെന്ന് വിശ്വസിക്കുന്നതിലേക്ക് ഇത്തരക്കാരെ നയിക്കുന്നത് ആത്മീയ വിനോദ സഞ്ചാരമാണ്. ചിലര്‍ക്കെങ്കിലും ഈ കൊറോണക്കാലം  ഇത്തരത്തിലുള്ള വിനോദ സഞ്ചാരത്തിന് കുറവുണ്ടാക്കി. മതത്തിന്‍റെ ആത്മീയതയിലേക്ക് നടന്നു കയറാനുള്ള അവസരമായി ഈ കൊറോണക്കാലത്തെ കാണുന്നതാണ് നന്മയുടെ വശം.

വ്യക്തികളുടെ ദിവ്യതയുടെ ഭാവത്തെ ആത്മീയതയായി കണക്കാക്കാമെന്നു തോന്നുന്നു.  മനുഷ്യത്വത്തിന്‍റെ വികാസത്തിലാണ് ഈ ദിവ്യത വളരുന്നതും വികസിക്കുന്നതും. സ്നേഹത്തിലും  കരുണയിലുമാണ് അത് സംതൃപ്തി കണ്ടെത്തുന്നത്. അപരനുവേണ്ടി ജീവന്‍ ബലികൊടുത്ത എത്രയെത്ര അനുഭവങ്ങള്‍  ഈ ദിവസങ്ങളില്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും നാം കേട്ടു. അതില്‍ ഡോക്ടര്‍മാരും നഴ്സുമാരും വൈദികരും സിസ്റ്റേഴ്സും മറ്റുള്ളവരും ഉള്‍പ്പെടും. അവരാരും അപരന്‍റെ വിശ്വാസം നോക്കിയല്ല ജീവിതബലിയര്‍പ്പിച്ചത്. തിരിച്ച്  ഒന്നും പ്രതീക്ഷിച്ചുകൊണ്ടുമല്ല. അതാണ് ആത്മീയത.  എന്‍റെ ദൈവം ക്രിസ്ത്യാനിയല്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെകൊണ്ട് പറയിപ്പിച്ചത് ഈ ആത്മീയതയാണ്. അദ്ദേഹം  ക്രിസ്തുമതത്തിന്‍റെ പരമാചാര്യനായി നിലകൊള്ളുമ്പോഴാണ് ഇതു പറഞ്ഞത്. ഈ ആത്മീയതയേയും അര്‍പ്പണ ബോധത്തേയും പോഷിപ്പിക്കുന്നതിനാണ് മതവും അതിന്‍റെ പ്രതീകങ്ങളും  അനുഷ്ഠാനങ്ങളുമെല്ലാം. അവയെല്ലാം അതിലേക്ക് നയിക്കുന്നുണ്ടോ എന്നുള്ളത്  മറ്റൊരു കാര്യം. 

 മതത്തിന്  വര്‍ഗീയതയെ വളര്‍ത്താനാവും. ആത്മീയതയില്‍ അതിനു സ്ഥാനമില്ല.  മതാനുഷ്ഠാനങ്ങള്‍ക്കപ്പുറത്തുള്ള ഒരു ആന്തരിക ബോധത്തിലേക്ക് ആത്മീയത മനുഷ്യനെ നയിക്കും.

ഈ ആത്മീയതയിലേക്കുള്ള ഒരു ഉണര്‍ത്തുപാട്ടായിട്ടാണ്  കൊറോണക്കാലം കടന്നു വന്നത്. വൈറസിന്‍റെ മുമ്പില്‍ നമ്മള്‍ ഒരു ജീവിമാത്രം. ദേശഭാഷാന്തരങ്ങള്‍ അവിടെയില്ല. 206 രാജ്യങ്ങളിലെ മനുഷ്യരേയും അവന്‍ ഒരുപോലെ കണ്ടു.  'ഇസഡ് പ്ലസ്' സുരക്ഷയുള്ളവനും കടത്തിണ്ണയില്‍ അന്തിയുറങ്ങുന്നവനും വൈറസിന് ഒരു ജീവി മാത്രം. മന്ത്രിയും പ്യൂണും ഒരു പോലെ. ഈ സമത്വ ദര്‍ശനം ഒരു ആത്മീയതയല്ലേ? മതങ്ങള്‍ അതിന്‍റെ പ്രഭവകേന്ദ്രത്തില്‍ ഈ സമത്വദര്‍ശനവും മനുഷ്യനിലെ ഈശ്വരീയതുമാണ് ഉയര്‍ത്തിപ്പിടിച്ചത്. അതിന് ഇനിയും പ്രസക്തിയുണ്ട്; ആത്മീയതയെ പോഷിപ്പിക്കുന്നിടത്തോളം കാലം.

4. പ്രതിവിധി സ്വയം പ്രതിരോധം

ശരീരം തീര്‍ക്കുന്ന സ്വയം പ്രതിരോധമാണ് വൈറസിനെ ഓടിക്കാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗമെന്ന്  ശാസ്ത്രജ്ഞന്മാരും ഡോക്ടര്‍മാരും  ആവര്‍ത്തിച്ചു പറയുകയുണ്ടായി. ശരീരത്തിന്‍റെ ഇമ്മ്യൂണിറ്റി (പ്രതിരോധശക്തി) വര്‍ധിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ - ഭക്ഷണത്തിലെ ക്രമീകരണം തുടങ്ങി സമ്മര്‍ദ്ദമില്ലാതെ  ജീവിക്കാനുള്ള ക്രമീകരണം, ശാസ്ത്രീയമായ കൈകഴുകല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവ വിദഗ്ധന്മാര്‍ നിര്‍ദേശിക്കയുണ്ടായി. മനസിനേയും ആത്മാവിനേയും ബാധിക്കുന്ന വൈറസുകളെ അകറ്റാന്‍ ചില സ്വയം പ്രതിരോധ ക്രമീകരണങ്ങള്‍ നാം ചെയ്യേണ്ടതല്ലേ? ഈ ദിവസങ്ങളില്‍  ചാനലുകളിലൂടെയും  യുട്യൂബിലൂടെയും വാട്സാപ്പിലൂടെയും നിരവധി മാര്‍ഗങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുകയുണ്ടായല്ലോ. അതില്‍ നമുക്കുവേണ്ടത് തെരഞ്ഞെടുക്കുക എന്നേയുള്ളൂ. ഓണ്‍ലൈന്‍ അനുഷ്ഠാനക്രമങ്ങള്‍ തുടങ്ങിയതും അതിന്‍റെ  ഭാഗമായി തന്നെയാണ്. ഒരു തരം ഇമ്മ്യൂണൈസേഷന്‍.

5. മണിമുഴങ്ങുന്നത് നിനക്കുവേണ്ടി

ഏണസ്റ്റ് ഹെമ്മിങ്വേയുടെ  പുസ്തകത്തിന്‍റെ തലക്കെട്ട് കടമെടുത്താല്‍ കൊറോണാ പാഠങ്ങള്‍ സ്വയം പ്രയോഗവത്ക്കരിക്കാന്‍ കഴിയും. 'മനുഷ്യന്‍ ഒത്തിരി പഠിക്കാനുണ്ട് അച്ചാ'; ഈ ദിവസങ്ങളില്‍ കൂടുതലായി കേട്ട ഒരു പ്രയോഗമാണിത്. ആരാണീ മനുഷ്യന്‍! അതില്‍ ഞാനില്ലേ? എന്‍റെ മനോഭാവത്തില്‍ ഏതെല്ലാം മാറ്റങ്ങളുണ്ടായി? മനസിന്‍റെ ആഴങ്ങളിലേക്ക്, ഹൃദയ കോണുകളിലേക്ക്  ഒരു എത്തിനോട്ടം നടത്താന്‍ ഈ മഹാമാരി എനിക്കു പ്രേരണയായോ? എന്‍റെ മനുഷ്യത്വത്തെ, ആത്മീയതയെ ഈ സൂക്ഷ്മജീവി തൊട്ടുണര്‍ത്തിയോ? അനേക കോടി ജീവാണുക്കളില്‍ ഒരു ജീവി മാത്രമായ മനുഷ്യരില്‍ ഒരാളാണ് ഞാനെന്നും, ഞാന്‍  ഒന്നിന്‍റെയും  അധിപനല്ലെന്നും ഞാന്‍ ഏറ്റുപറഞ്ഞുവോ?   ഈ ഞാനാകട്ടെ ഒരു വന്ന വാസിയും. എനിക്കു മുമ്പേ വന്ന ആദിവാസികളാണ് മറ്റ് ജീവികളൊക്കെ. എന്നിട്ടും ഈ വന്നവാസിക്ക് അവര്‍ അഭയം തന്നു. കുറെ ആക്രമണങ്ങള്‍ സഹിച്ചുകൊണ്ടുതന്നെ. ചിലപ്പോഴൊക്കെ അവര്‍ ഒന്ന് പ്രതികരിച്ചു എന്നു വരും. ഞാന്‍ ആരെന്ന് ഓര്‍മിപ്പിക്കാന്‍വേണ്ടി. ഒരു മണി എനിക്കുവേണ്ടി മുഴങ്ങി! ഞാന്‍ അതുകേട്ട് ഉണര്‍ന്നെങ്കില്‍ അവര്‍ക്ക് ചാരിതാര്‍ഥ്യം ഉണ്ടാകും!

നന്ദി, കൊറോണ ബ്രോ

ഈ ദിവസങ്ങളില്‍ നവമാധ്യമങ്ങളിലൂടെ വൈറല്‍ ആയ, ഒന്നര നൂറ്റാണ്ട് മുമ്പ്  1869-ല്‍ കാത് ലീന്‍ ഒമേറ എന്ന ഐറിഷ് - ഫ്രഞ്ച്  എഴുത്തുകാരി കുറിച്ച പ്രസിദ്ധമായ  'വീട്ടിലിരുന്നപ്പോള്‍' എന്ന കവിതയുടെ  ചില ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

വീട്ടിലിരുന്നപ്പോള്‍  ചിലര്‍ പുസ്തകങ്ങള്‍ വായിച്ചു, വിശ്രമിച്ചു,
കലയിലും കളിയിലും  ഏര്‍പ്പെട്ടു.
ചിലര്‍ ധ്യാനിച്ചു, ഉപവസിച്ചു, പ്രാര്‍ഥിച്ചു.
നൃത്തം ചെയ്ത്  സ്വന്തം നിഴലുകളെ സന്ധിച്ചു
ജനങ്ങള്‍ വ്യത്യസ്ഥമായി ചിന്തിക്കാന്‍ തുടങ്ങി
മനുഷ്യര്‍ പുതിയ മാര്‍ഗങ്ങള്‍  തെരഞ്ഞെടുത്തു.
ജീവിതത്തിന്‍റെ പുതുവഴികള്‍ കണ്ടെത്തി.
അവര്‍ ഭൂമിയെ പൂര്‍ണമായും  സുഖപ്പെടുത്തി.
സ്വയമവര്‍ സുഖപ്പെടുത്തിയ പോലെ. 

You can share this post!

പുതിയ ആകാശം, പഴയഭൂമി ചില കോവിഡാനന്തര ചിന്തകള്‍

റ്റോംസ് ജോസഫ്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts