അവന്‍  എവിടെ ? ഇന്നലെ രാത്രിയും അവന്‍റെ തിളങ്ങുന്ന കണ്ണുകള്‍ കണ്ടാണ് ഉറങ്ങാന്‍ കിടന്നത്. എന്നത്തേയുംപോലെ രാവിലെ എണീറ്റ് മൊബൈലില്‍ ഒന്ന് ഓടിച്ചുനോക്കി ജനാലക്കരികില്‍ ചെന്നുനിന്നത് അവനെ കാണാന്‍ തന്നെയാണ്. പക്ഷെ അവനവിടെ ഇല്ല.
അവന്‍ കാക്കകറുമ്പനാണ്. ഒരു പശുക്കിടാവി നോളം വലിപ്പം വരും.  വെയിലേറ്റു തിളങ്ങുന്ന വെല്‍വെറ്റ് പോലെയാണ് രോമങ്ങള്‍. സുറുമയെഴുതിയതുപോലുള്ള കറുത്തുതിളങ്ങുന്ന കണ്ണുകള്‍. മുയല്‍ ചെവികള്‍.  രോമാവൃതമായ നീണ്ട വാല്. ആകെ മൊത്തം ഒരു മുതലാളിത്തം.

ഈ കെട്ടിടത്തിന്‍റെ മൂന്നാമത്തെ നിലയിലാണ് ഞാന്‍ താമസിക്കുന്നത്. ആകെ അടച്ചുപൂട്ടിയ ഒരു മുറി. ഒരു വശത്ത് അറ്റാച്ഡ്  ബാത്റൂമും ടോയ്ലറ്റും. വാതിലിന്‍റെ എതിര്‍വശത്ത് പുറത്തേയ്ക്കു തുറക്കുന്ന ഒരു ചെറിയ ജനാല. എന്‍റെ പുറംലോകം ആ ജനാലയാണ്.

മെഡിക്കല്‍ കോളേജിന്‍റെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലാണ് ഞാന്‍. അന്വേഷിക്കുന്നത് മാര്‍ക്കോസ് എന്നു ഞാന്‍ പേരിട്ടു വിളിക്കുന്ന ഒരു നായയെയും. മാര്‍ക്കോസ് എന്നു പേരുള്ള മനുഷ്യന്‍ എന്‍റെ കമ്പനിയിലെ  മാനേജര്‍ ആയിരുന്നു. കറുത്ത വര്‍ഗ്ഗക്കാരന്‍. ശബ്ദം കേട്ടാല്‍ ആരും പേടിക്കും. അത്ര ഗാംഭീര്യം.

മാര്‍ക്കോസ് അല്ലാതെ ശരിയായ രൂപത്തിലുള്ള ആരെയും ഇവിടെ വന്നതിനുശേഷം കണ്ടിട്ടില്ല. റോബോട്ടിനെപ്പോലെ തോന്നിപ്പിക്കുന്ന, ദേഹവും തലയും മുഴുവന്‍ മൂടിയ, കണ്ണുകള്‍ പോലും വെളിയില്‍ കാണപ്പെടാത്ത രൂപങ്ങളാണ് ഇപ്പോള്‍ എനിക്കു ചുറ്റും. അവര്‍ ആരാണെന്നറിയില്ല. എന്താണ് ജോലിയെന്നറിയില്ല. ഇന്നലെ കണ്ടവരാണോ, പുതിയവരാണോ എന്നറിയില്ല. സംസാരിച്ചില്ലെങ്കില്‍ മനുഷ്യരാണോ എന്നു പോലും അറിയാത്തവ രെയാണ് ദിവസങ്ങളായി ഞാന്‍ കാണുന്നത്.

ചിലര്‍  ഡോക്ടര്‍/ നഴ്സ് എന്ന് സ്വയം വിശേഷിപ്പിക്കും. രോഗവിവരങ്ങള്‍ ചോദിക്കും. ചിലപ്പോള്‍ മരുന്നുകള്‍ തരും. ആ രൂപങ്ങള്‍ക്ക്  ചിലപ്പോള്‍ പുരുഷ ശബ്ദവും ചിലപ്പോള്‍ സ്ത്രീ ശബ്ദവുമായിരിക്കും.

ദിവസത്തില്‍ മൂന്ന് നേരം വാതില്‍ പാതി തുറന്ന് ഭക്ഷണപാത്രവുമായി മൂടിപ്പൊതിഞ്ഞ രണ്ടു കൈകള്‍ അകത്തേയ്ക്കു നീളും. അതില്‍ എന്നും രാവിലെ അപ്പവും കടലക്കറിയും ഉച്ചയ്ക്ക് ചോറും തോരനും സാമ്പാറോ പരിപ്പ് കറിയോ ഏതെങ്കിലുമൊന്നും അച്ചാറും വൈകിട്ട് ചപ്പാത്തിയും കടലക്കറിയും ആയിരിക്കും.

ഗള്‍ഫിലെ ലേബര്‍ ക്യാമ്പില്‍ കുബ്ബൂസ് കഴിച്ചു ശീലിച്ച എനിക്കത് ഫൈവ് സ്റ്റാര്‍ മെനു തന്നെയാണ്. പക്ഷേ സത്യം പറയാമല്ലോ ഈ ഇരുപത്തെട്ടു ദിവസവും ഒരേ ഭക്ഷണം കഴിച്ച് മടുത്തു.  വീട്ടില്‍ ചെന്ന് ചൂടുകഞ്ഞിയും ചമ്മന്തിയും കഴിക്കുന്നതാണ് ഇപ്പോഴെന്‍റെ ഏറ്റവും വലിയ സ്വപ്നം.

രണ്ടാഴ്ചയിലൊരിക്കല്‍ ആരാണെന്നു സ്വയം പരിചയപ്പെടുത്താത്ത ഒരു രൂപം വന്ന് തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും സ്രവം പരിശോധനക്കായി എടുക്കും. തൊണ്ടയില്‍ സ്വാബ് ഇട്ടുരയ്ക്കുമ്പോള്‍ ഓക്കാനം വരും. ചിലപ്പോള്‍ ഛര്‍ദ്ദിക്കും. അതുതന്നെ മൂക്കിലും കയറ്റി സ്രവമെടുക്കും.

മുപ്പത്തഞ്ചു  ദിവസം മുന്‍പാണ് ഞാനിവിടെ വന്നത്. എയര്‍പോര്‍ട്ടില്‍  നിന്നും നേരിട്ടിവിടെ കൊണ്ടുവരുകയായിരുന്നു.

വന്നപ്പോള്‍  പൊള്ളിപ്പനിക്കുന്നുണ്ടായിരുന്നു. കൃത്യമായ ഇടവേളകളില്‍ മരുന്ന് കിട്ടുന്നുണ്ടായിരു ന്നെങ്കിലും അതൊന്നും പനിയെ കുറച്ചില്ല. പനിയോടൊപ്പം ഇതുവരെ അനുഭവിച്ചിട്ടില്ലാത്തത്ര ശക്തമായ തലവേദയും ദേഹംവേദനയും. ആരെങ്കിലും ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് തീവ്രമായി ആഗ്രഹിച്ച നിമിഷം.

ചെറുപ്പത്തില്‍  മലേറിയ വന്നപ്പോള്‍ അമ്മ എപ്പോഴും ഒപ്പമുണ്ടായിരുന്നു. അന്നും ഭയങ്കരമായി പനിച്ചിരുന്നത്രേ. 'ആശുപത്രിയിലൊക്കെ കൊണ്ടു പോയെങ്കിലും വെളിച്ചപ്പാട് വന്ന് ഓതിയപ്പോഴാണ് പനി കുറഞ്ഞെതെന്ന് 'അമ്മ എപ്പോഴും പറയുമാ യിരുന്നു.

പക്ഷേ ഈ രോഗത്തിനു വെളിച്ചപ്പാടിനെ പേടിയില്ല. പള്ളീലച്ചനെയോ മുസലിയാരെയോ പേടിയില്ല. ദൈവങ്ങള്‍ പോലും ഇതിനെ ഭയക്കുന്നു.

ഞാനും ഭയന്നു. വേദനകള്‍ എന്നെ ദുഃഖിപ്പിച്ചു. മരണത്തിന്‍റെ കാലൊച്ചകള്‍ നെഞ്ചില്‍ കനമായി നിറഞ്ഞു. പക്ഷെ എപ്പോഴോ ആ ഭയം എന്നില്‍ നിന്നും ഓടിയൊളിച്ചു. വരുന്നതെന്തും നേരിടാനുള്ള ധൈര്യം ഉള്ളില്‍ നിറഞ്ഞു.

എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മീനുവും കുട്ടികളും എന്ത് ചെയ്യും എന്നൊരു വിഷമം മാത്രം എപ്പോഴൊക്കെയോ തലപൊക്കി.

പനി കൂടിയതനുസരിച്ച്  എന്‍റെ ഉള്ളില്‍ നിന്നും ആ വിഷമവും  പൊയ്പ്പോയി. പകരം വലിയ സന്തോഷം നിറഞ്ഞു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. വേദനകള്‍  അലട്ടാതായി. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നെങ്കിലും അതൊന്നും സന്തോഷത്തിന്‍റെ അളവിനെ കുറയ്ക്കുന്നുണ്ടായിരുന്നില്ല.

 മനസ്സില്‍ നിന്നും ഭാര്യയും മക്കളും പണിതീരാത്ത വീടും ജോലിയുടെ അനിശ്ചിതത്വവും ലോണുമൊക്കെ മറഞ്ഞു. പകരം പ്രകാശഗോളങ്ങള്‍ നിറഞ്ഞു. നാളുകള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്താന്‍ തയ്യാറെടുക്കുന്നവനെപ്പോലെ ഞാന്‍ ആഹ്ളാദിച്ചു. അതെന്‍റെ ആത്മാവിന്‍റെ സന്തോഷമായിരുന്നു.

ശരീരത്തില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ കൊതിക്കുന്ന ആത്മാവുമായാണ് ഓരോരുത്തരും ജനിക്കുന്നത്. ജീവിതസുഖങ്ങള്‍ അവനെ  ശരീരത്തോട് ചേര്‍ത്തുനിര്‍ത്തുമെങ്കിലും ദുഃഖം വരുമ്പോള്‍ ഓരോ ആത്മാവും മോചനം ആഗ്രഹിക്കും. അതുകൊണ്ടാണല്ലോ ചിലര്‍ ആത്മഹത്യ തിരഞ്ഞെടുക്കുന്നത്.

മോചനം ആഗ്രഹിച്ചു തുടങ്ങുമ്പോള്‍ മുതല്‍ ആത്മാവ് മറ്റൊരു വ്യക്തിയാണ്. അത്  ശരീരത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ബന്ധനങ്ങളുടെ കെട്ടുപൊട്ടിക്കാന്‍ ശ്രമിക്കും. വരാനിരിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സന്തോഷം കൊണ്ടു മനസ്സു നിറയ്ക്കും. ആ സന്തോഷത്തിനു മുന്‍പില്‍ ലോകസന്തോഷങ്ങള്‍ ഒന്നുമല്ലാതായിത്തീരും. ശരീരമാകുന്ന വല്മീകം തകര്‍ത്തുടച്ച് രക്ഷനേടാനായി അത് പഴുതുകളന്വേഷിക്കും.

മറ്റൊരു ലോകത്തിലെന്നപോലെയുള്ള ആ കിടപ്പില്‍ ഞാനൊരു സ്വപ്നം കണ്ടു. കുറെ മാലാഖമാര്‍ എന്‍റെ നേര്‍ക്കു പറന്നു വരുന്നു. അവര്‍ എന്‍റെ കട്ടിലിനുചുറ്റും നിന്ന് എനിക്ക് മനസ്സിലാകാത്ത ഭാഷയില്‍ എന്തൊക്കെയോ സംസാരിച്ചു. പിന്നെ എന്നെയുമെടുത്ത് പറന്നു.

കണ്ണു തുറന്നപ്പോള്‍ ഞാന്‍ മെഷീനുകള്‍ നിറഞ്ഞ ഒരു മുറിയിലായിരുന്നു. എന്‍റെ മൂക്കും വായും മൂടി എന്തോ വച്ചു മുറുക്കെ കെട്ടിയിട്ട് അതില്‍  നിന്നും ഒരു പൈപ്പ് ഒരു മെഷീനിലേയ്ക്ക് ഘടിപ്പിച്ചിരുന്നു. ഞാന്‍ ശ്വാസമെടുക്കുന്നതനുസരിച്ച് അത് കൊടുങ്കാറ്റു വീശുന്നതു പോലെയുള്ള ശബ്ദമുണ്ടാക്കി.

ക്രിസ്മസ്ട്രീ പോലെ ലൈറ്റുകള്‍ കത്തുന്ന ഏതൊക്കെയോ മെഷീനുകളുടെ ഇടയില്‍ നിന്നും ഒരു രൂപം  'പേടിക്കേണ്ട,  നിങ്ങള്‍ അപകടാവസ്ഥ തരണം ചെയ്തു' എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. അതിനു മനുഷ്യരുടെയും മാലാഖമാരുടെയും സ്വരമായിരുന്നു.

രക്ഷപെട്ടു പോകാന്‍ ശ്രമിച്ച എന്‍റെ ആത്മാവിനെ അവര്‍ ശരീരത്തില്‍ തളച്ചിട്ടിരുന്നു. ലോകത്തി ന്‍റേതായ എല്ലാ ആകുലതകളും വീണ്ടും എന്നെ ദുഃഖിപ്പിച്ചുതുടങ്ങി.

ഐ സി യു വില്‍  നിന്നും ഡിസ്ചാര്‍ജ് ആയി ഈ മുറിയില്‍ തിരിച്ചെത്തിയ ദിവസമാണ്  ഞാന്‍ ആദ്യമായി മാര്‍ക്കോസിനെ കാണുന്നത്. മുകളി ലേയ്ക്കു നോക്കി വാലാട്ടി നിന്ന അവന്‍ ഇടിമുഴങ്ങുന്ന ശബ്ദത്തില്‍  കുരയ്ക്കുകയും ഇടയ്ക്കിടെ മോങ്ങുകയും  ചെയ്യുന്നുണ്ടായിരുന്നു.

അവന്‍ നില്‍ക്കുന്നതിനപ്പുറം  ഒരു ചെറിയ ഒറ്റക്കെട്ടിടമാണ്. പ്രവേശനകവാടം അപ്പുറത്തെ വശത്തായതിനാലാവാം ഇതുവരെ അതുവഴി ആരെയും ഞാന്‍ കണ്ടിട്ടില്ല. അതിനപ്പുറം കുറേ തരിശുഭൂമിയാണ്. പിന്നെ വലുതും ചെറുതുമായ കെട്ടിടങ്ങള്‍.

രാത്രികളില്‍ ഞാന്‍ ജനാലയിലൂടെ വെളിയി ലേക്കു നോക്കി നില്‍ക്കാറുണ്ട്. അപ്പോഴും താഴെ അവന്‍റെ തിളങ്ങുന്ന കണ്ണുകള്‍ ഉണ്ടാവും.

അകലെക്കാണുന്ന  ജനാലകളിലൂടെ രക്ഷപെടുന്ന വെളിച്ചത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ നോക്കി നില്‍ക്കെ എന്‍റെ കണ്ണുകള്‍ വെറുതെ നിറയും.

എതിരെയുള്ള കെട്ടിടത്തില്‍ രാത്രികളില്‍ വെളിച്ചം ഉണ്ടാകാറില്ല.  നിലാവ് പെയ്യുമ്പോള്‍ അതിന്‍റെ മുകളില്‍  നിഴലുകള്‍ നൃത്തം ചെയ്യാറുണ്ട്.

നിലാവുള്ള രാത്രികള്‍ എനിക്കാശ്വാസമാണ്. ഭൂമിയെ പുതപ്പിച്ചുറക്കുന്ന നിലാവിനെ നോക്കി നിന്ന് കവിത രചിക്കാം. എന്നും സ്വപ്നങ്ങള്‍ മാത്രമായിരിക്കു മെന്നറിയാമെങ്കിലും ആകാശത്തോളം  മനക്കോട്ട കെട്ടാം.

ചില രാത്രികളില്‍ മാര്‍ക്കോസ് വല്ലാതെ ഓരിയിടും. അതെന്നെ പേടിപ്പിക്കാറുണ്ട്. അന്ന് വെളിയിലേക്കു നോക്കാന്‍  പേടിയാണ്. ഒറ്റക്കാണെന്നും ഇതൊരു ആശുപത്രിയാണെന്നു മൊക്കെ ഓര്‍ക്കുമ്പോള്‍ ഭയം കൂടും.

അപ്പോള്‍ തൊട്ടപ്പുറത്തെ മുറിയില്‍ മാര്‍ക്കോസിന്‍റെ  യജമാനത്തി ഉണ്ടെന്നും അവര്‍ അനുസിതാരയെപ്പോലെ സുന്ദരിയാണെന്നും സങ്കല്‍പ്പിക്കും. കട്ടില്‍ ഭിത്തിയോട് ചേര്‍ത്തിട്ട്, തൊട്ടപ്പുറത്ത് എന്നെപ്പോലെ തന്നെ ഉറക്കം വരാതെ കിടക്കുന്ന ആ സുന്ദരിയോട് ചേര്‍ന്നു കിടക്കും. മെല്ലെ സംസാരിക്കും. അതുകേട്ടു പുഞ്ചിരിക്കുന്ന അവളുടെ മുഖമോര്‍ത്തു കോരിത്തരിക്കും.

പെട്ടെന്ന് വീര്‍പ്പിച്ച മുഖവുമായി മീനു കടന്നു വരും. വേഗം അനുസിതാരയെ പറഞ്ഞു വിട്ട് അവളെയും കുട്ടികളെയും ചേര്‍ത്തു പിടിച്ചു കിടക്കും.

അപ്പോള്‍ വീണ്ടും പണിതീരാത്ത വീടും ലോണും അവധി തീരുന്നതിന്‍റെ ആകുലതയുമൊക്കെ  തലപൊക്കും.

മീനുവിന്‍റെയും കുട്ടികളുടെയും കൂടെ വിഷു കൂടാനായാണ് ഈ സമയത്ത് അവധി എടുത്തത്. കണ്ണന്‍ ഉണ്ടായതിനു ശേഷം ഒരുമിച്ച് വിഷു കൂടിയിട്ടില്ല. അവനിപ്പോള്‍ മൂന്നു വയസ്സായി.

ഇന്നലെ വിഷുവായിരുന്നു. മീനു വിഷുഅട  ഉണ്ടാക്കി ഫോട്ടോ എടുത്ത് അയച്ചു തന്നു. അവള്‍ കഴിച്ചോ ആവോ?

ഈ മാര്‍ക്കോസ്  എവിടെപ്പോയി? ഞാന്‍ ജനാലയിലൂടെ വീണ്ടും വീണ്ടും എത്തിവലിഞ്ഞു നോക്കി. മോള്‍ ചെറുതായിരുന്നപ്പോള്‍ കണ്ടുകൊണ്ടിരുന്ന കാര്‍ട്ടൂണ്‍ കഥാപാത്രമാണ് പൂപ്പി എന്ന പട്ടിക്കുട്ടി. അതുകാണാതെ മോള്‍ ഭക്ഷണം കഴിക്കില്ലായിരുന്നു. മാര്‍ക്കോസിനെ കാണാതെ എനിക്കും ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല.

ജനാലയിലൂടെ ഏറെ നേരം നോക്കി നിന്നിട്ടും മാര്‍ക്കോസിനെ  കണ്ടില്ല. എനിക്ക് വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു.

അന്നു വൈകിട്ട് എന്‍റെ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് വന്നു.  ഐസൊലേഷനില്‍ നിന്നും മാറ്റി. മാര്‍ക്കോസിനെയും അവന്‍റെ യജമാനത്തിയെയും മറന്ന് ഞാന്‍ വീട്ടില്‍ പോകാന്‍ തയ്യാറെടുത്തു.

അന്ന് രാത്രി ആ ഒറ്റക്കെട്ടിടത്തിന്‍റെ വശത്തുനിന്നും മാര്‍ക്കോസിന്‍റെ  ഓരിയിടല്‍ വീണ്ടും  കേട്ടു. പുതിയ വാര്‍ഡില്‍  നിന്നു നോക്കിയാല്‍  ആ കെട്ടിടം കാണപ്പെട്ടിരുന്നില്ല. എങ്കിലും അതവനാണെന്ന് എനിക്കറിയാമായിരുന്നു. വീട്ടില്‍ പോകുന്നതിനു മുന്‍പ് എന്‍റെ രാത്രികള്‍ക്കു കൂട്ടായിരുന്ന അവന്‍റെ ഉടമസ്ഥനെ ഒന്ന് കാണണമെന്ന്  ഞാന്‍ ആഗ്രഹിച്ചു.

പിറ്റേന്ന് രാവിലെ തന്നെ എന്നെ ഡിസ്ചാര്‍ജ് ചെയ്തു. ബാഗും മറ്റുമായി ഞാന്‍ മുറിയില്‍ നിന്നും ഇറങ്ങി നടന്നു. പോയ വഴിയ്ക്ക് കാന്‍റീനില്‍ കയറി രണ്ടു മട്ടന്‍റോള്‍ വാങ്ങിച്ചു. മാര്‍ക്കോസിന് എന്‍റെ ആദ്യത്തെയും അവസാനത്തെയും സമ്മാനം.

കാന്‍റീനില്‍ നിന്നും വെളിയിലിറങ്ങി ഒ. പി. ചുറ്റി കാന്‍സര്‍ വാര്‍ഡിനു പുറകിലൂടെ ഞാന്‍ ആ കെട്ടിടത്തിനരികിലേയ്ക്ക് നടന്നു. ആ ദിവസങ്ങളൊ ക്കെയും എന്‍റെ കണ്ണുകള്‍ക്ക് കൂട്ടായിരുന്ന, എന്‍റെ ജനാലക്കപ്പുറത്തുണ്ടായിരുന്ന, ആ ചെറിയ കെട്ടിടത്തിന്‍റെ ബോര്‍ഡ് കണ്ടു ഞാന്‍ ഞെട്ടി. അതിലൊരു ജനാലയിലേക്കു നോക്കി നിന്ന് മാര്‍ക്കോസ് നിര്‍ത്താതെ മോങ്ങുന്നുണ്ടായിരുന്നു.

എന്നെക്കണ്ട് അവന്‍ പേടിച്ചു പുറകോട്ടു മാറി. കഴിഞ്ഞ ഇരുപത്തെട്ടു ദിവസങ്ങളായി ഞാന്‍ അവനെ സ്നേഹിച്ചിരുന്നെങ്കിലും അവന് എന്നെ അറിയില്ലല്ലോ.

 മുട്ടു കുത്തിയിരുന്ന്,  അവനെ ചേര്‍ത്തു പിടിച്ച്,  മുതുകില്‍ തലോടി ഞാന്‍ ആ  സമ്മാനം അവനുനേരെ നീട്ടി. ഒന്നു സംശയിച്ചിട്ട് അവന്‍ അത് ആര്‍ത്തിയോടെ തിന്നു തുടങ്ങി. നന്ദിയോടെ എന്‍റെ മടിയിലേക്കെടുത്തു വച്ച മുന്‍കാലുകള്‍ കയ്യിലെടുത്തു താലോലിച്ചിട്ട്  ഞാന്‍ തിരിഞ്ഞു നടന്നു.  കാണാനാഗ്രഹിച്ച അവന്‍റെ യജമാനനോ യജമാനത്തിയോ ആവാം ഒരു ചെറുകാറ്റായി എന്നെ തഴുകി കടന്നുപോയി.

You can share this post!

നട്ടുച്ച...

ബ്ര. ജൂനിപ്പര്‍
അടുത്ത രചന

ദ ക്രൂയിസ്

ലിന്‍സി വര്‍ക്കി
Related Posts