news-details
കവർ സ്റ്റോറി

'ജീവിതത്തില്‍ ഏതെങ്കിലുമൊക്കെ ഒരു സാഹചര്യത്തില്‍ എനിക്ക് ഏകാന്തവാസം വിധിക്കപ്പെട്ടാല്‍ ഏതെങ്കിലും ഒരു ഒറ്റപ്പെട്ട ദ്വീപിലേക്ക് എന്നെ ആട്ടിയോടിച്ചാല്‍ ഞാന്‍ എന്‍റെ കയ്യിലെടുക്കുന്നത് ആകെ രണ്ടേ രണ്ടു പുസ്തകങ്ങള്‍ മാത്രമായിരിക്കും 'വി ബൈബിളും', കസന്‍ദ്സാക്കിസിന്‍റെ 'കരമസോവ് സഹോദരങ്ങളും' എന്ന് ഒരു എഴുത്തുകാരന്‍ പറഞ്ഞതോര്‍ക്കുന്നു. 'ഒരു കുപ്പി മദ്യവും എനിക്കെന്‍റെ ഹൃദയം കുറിക്കാന്‍ ഒരു തുണ്ടു കടലാസും ഒരു പേനയും തന്നാല്‍ മനുഷ്യരില്ലാത്ത മണ്ണിടങ്ങളിലേക്കു മാറാന്‍ എനിക്ക് ആനന്ദമേയുള്ളൂ' എന്ന് പുലമ്പിയ ഒരു കവിയെയുമോര്‍ക്കുന്നു. ജീവിതത്തിലെ ചില അപ്രതീക്ഷിത പ്രളയങ്ങളില്‍ വല്ലാതങ്ങു ഒഴുകി പോകുന്ന നേരത്തു വളരെ പ്രിയപ്പെട്ടതെന്നു കരുതുന്ന ചിലത് മാത്രം കയ്യിലെടുക്കാന്‍ നിര്‍ബന്ധിതരായാല്‍ നമ്മള്‍ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്നത് എന്തൊക്കെയായിരിക്കും ആരെയൊക്കെയായിരിക്കും?

ആ നെഞ്ചിലിരുന്നു കൊണ്ട് അവ നമ്മളോട് പറയും, മറ്റെല്ലാം ആര്‍ഭാടങ്ങളായിരുന്നു എന്ന്...മറ്റെല്ലാം അനാവശ്യമായിരുന്നു എന്ന്. പാടവും പറമ്പും, കടയും കച്ചോടവും, പള്ളിയും പ്രാര്‍ത്ഥനയും എല്ലാം വിട്ടു വീടിന്‍റെ നാല് മൂലകളിലേക്ക്  മനുഷ്യന്‍ ഇങ്ങനെ പിന്‍വാങ്ങിയപ്പോള്‍ മനസിലായി ജീവിക്കാന്‍ അധികം ഐറ്റങ്ങളൊന്നും വേണ്ടാ എന്ന്... സ്നേഹിക്കാന്‍ അധികം ആളുകളും വേണ്ടാ എന്ന്. ജന്മം തന്നവരും കൂടെ പിറന്നവരും വിചാരിച്ചതിനെക്കാളൊക്കെ എത്രയോ നന്മ നിറഞ്ഞവരാണെന്നു എത്ര പെട്ടെന്നാ മനസിലായെ...

ക്രൂരതയും കരച്ചിലും കൊലപാതകങ്ങളും മാത്രം അരങ്ങേറി കൊണ്ടിരുന്ന ഔഴവിറ്റ്സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് ജീവിതം അതിജീവിച്ചു വന്ന വിക്റ്റര്‍ ഫ്രാങ്ക്ലിന്‍റെ പുസ്തകത്തില്‍ ഒരു സങ്കടപ്പെയ്ത്തുണ്ട്, 'കഴിക്കാന്‍ ഭക്ഷണമോ മരുന്നോ ഇല്ലാതിരുന്നത് കൊണ്ടല്ല...കടിച്ചുപിടിച്ചു പോരാടാനും ജീവിക്കാനും, പ്രതീക്ഷയും പ്രത്യാശയും ഇല്ലാതായിപ്പോയത് കൊണ്ടാണ് അവരില്‍ ഭൂരിഭാഗം ആളുകളും മരിച്ചു പോയത്' എന്ന്. കൂടെയുള്ളവരെ പോലെ പാതിവഴിക്ക് ശ്വാസം നിലച്ചുപോകാതെ വിക്റ്റര്‍ ഫ്രാങ്കിളിനെ പിടിച്ചു നിര്‍ത്തിയത് അകലെ എവിടെയോ തനിക്കായി കാത്തിരിക്കുന്ന ഭാര്യയെ കുറിച്ചുള്ള ഓര്‍മ്മകളാണ്...

അവളെ വീണ്ടും കാണണമെന്നുള്ള തീവ്രമായ ആഗ്രഹമാണ്...

കൊറോണ വൈറസ് ആണേലും കത്രീന കൊടുങ്കാറ്റാണേലും പൊരുതി നില്ക്കാന്‍ പറ്റും
പക്ഷെ കൂടെ ഒരാളേലും വേണം..

മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്.

മരുഭൂമിയിലാണേലും
മണലാരണ്യത്തിലാണേലും
ഇറ്റലിയിലാണേലും ഇറാനിലാണേലും
മനുഷ്യര്‍ പിടിച്ചു നില്‍ക്കുന്നത്
പണത്തിലും പത്രാസിലുമൊന്നുമല്ല.
അകലെയാണേലും ഉള്ളിലാണേലും
ഒരു വീട് ഉണ്ടെന്ന ബലത്തിലാണ്...
ആ വീടിന്നകത്തു,
ജന്മം നല്‍കിയ മാതാപിതാക്കളുണ്ട്  
കരം ചേര്‍ത്ത് പിടിച്ച
പെണ്ണോ പുരുഷനോ ഉണ്ട്...
കാതു കുത്തിയപ്പോള്‍ കരഞ്ഞ
ഒരു കുഞ്ഞുമോളുണ്ട്...
കുസൃതി കാണിക്കുന്ന ഒരു കൊച്ചുപയ്യനുണ്ട്...
പഠിപ്പിച്ചു വലുതാക്കിയ അപ്പനും അമ്മയുമുണ്ട്...
അയല്പക്കങ്ങളില്‍
കൂടെ കളിച്ചുവളര്‍ന്ന കൂട്ടുകാരുണ്ട്...

ജീവിക്കാന്‍ ഇതില്‍ കൂടുതല്‍ പിന്നെന്താ വേണ്ടത്!

കോണ്‍സെന്‍ട്രന്‍ ക്യാംപിലെ മരണഭയത്തിന്‍റെ ഇരുളിലും വിക്ടര്‍ ഫ്രാങ്ക്ളിന്‍ വഴിപിഴയ്ക്കാതെ വീടണഞ്ഞത് നാട്ടുകാര്‍ ചൂട്ടും കത്തിച്ചോണ്ടു മുന്നേ ഓടിയത് കൊണ്ടൊന്നുമല്ല കൂടെ ഉണ്ടായിരുന്ന ഒരു പാവം പെണ്ണിനെകുറിച്ചുള്ള ഓര്‍മ്മകള്‍ ഉമിത്തീപോലെ ഉള്ളില്‍ എരിഞ്ഞുനിന്നത് കൊണ്ടും ഉള്ളിലുയരുന്ന പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നുണ്ടെന്ന അപാരമായ വിശ്വാസം കെടാതെ കത്തിച്ചുതന്നെ നിര്‍ത്തിയത് കൊണ്ടുമാണ്.

ജീവിക്കാന്‍ അധികമൊന്നും സമ്പാദിക്കണ്ട, ഏറെയൊന്നും കടലാസായി കാശുരൂപത്തില്‍  നിധി പോലെ നീക്കിവയ്ക്കേണ്ട കാര്യവുമില്ല. അമ്മമാരും അപ്പന്മാരും ചേര്‍ന്ന് പ്ലാവില്‍ നിന്നും പഴുക്കാത്തതും പഴുത്തതുമായ ചക്ക പറിക്കുമ്പോഴും, പറമ്പിലെ മണ്ണ് മാന്തി ചേനയും ചേമ്പും പറിച്ചെടുക്കുമ്പോഴും പൗലോ കൊയ്ലൊയുടെ 'ആല്‍ക്കെമിസ്ററ്' വായിച്ചിരിക്കുന്ന മക്കള്‍ക്കു മനസ്സിലായി അങ്ങേരു പറഞ്ഞ ആ നിധി അവനവന്‍റെ പറമ്പില്‍ തന്നെയാണെന്ന്.

കലാലയങ്ങള്‍ അടഞ്ഞു കിടക്കുകയാണേലും അധ്യാപകര്‍   റേഷന്‍ കടയില്‍ അരിയും പയറും തൂക്കി കൊടുത്തുകൊണ്ടിരിക്കുകയാണേലും ജീവിതം ഇങ്ങനെ ദുരന്തങ്ങള്‍ കൊണ്ട് പാഠം പഠിപ്പിച്ചു കൊണ്ടേയിരിക്കുകയാണ.് ചേനക്കറി കൂട്ടി ഇച്ചിരി ചോറ്,  അത്താഴത്തിനു ആവി പറക്കുന്ന ചൂട് കഞ്ഞി കഴിക്കാന്‍ ഒരു കാന്താരിമുളക്, ടി വി കണ്ടു കണ്ണ് കഴയ്ക്കുമ്പോള്‍ പറമ്പിലെ കിളിക്കൂട്ടിലേക്കു ഒരു നോട്ടം, ഗെയിം കളിച്ചു കൈ കഴയ്ക്കുമ്പോള്‍ അടുക്കളയില്‍ അമ്മയ്ക്കിത്തിരി തേങ്ങാചിരകല്‍ ഇതൊക്കെ മതി ചിരിച്ചോണ്ട് ഇങ്ങനെ ജീവിക്കാന്‍.

ഇയര്‍ ഫോണ്‍ വച്ച് ചെവി നോവുമ്പോള്‍ അതെടുത്തു മാറ്റി ആകാശത്തെ കേള്‍ക്കുക. പണ്ടെങ്ങോ നാം പഠിച്ചു മറന്ന സ്കൂള്‍ കവിത മുറ്റത്തെ നെല്ലി മരത്തിലിരുന്നു കുരുവികള്‍ ശ്രുതി തെറ്റാതെ പാടുന്നത് കേള്‍ക്കാം. 

You can share this post!

പുതിയ ആകാശം, പഴയഭൂമി ചില കോവിഡാനന്തര ചിന്തകള്‍

റ്റോംസ് ജോസഫ്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts