news-details
കവർ സ്റ്റോറി

സൈബര്‍ ഗുണ്ട എന്ന 'വിശുദ്ധ പശു...'

ചെറിയ ഒരിടവേളയ്ക്കുശേഷം കേരളം വീണ്ടും സൈബര്‍ ബുള്ളിയിങ്ങുകളുടെ വിവിധ മുഖങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്.  മുന്‍പത്തേക്കാള്‍ ആഴത്തിലും പരപ്പിലുമാണ് ഇത്തവണ സൈബര്‍ ഹിംസ നിലയുറപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കുടുംബവും ആരോഗ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുഖ്യധാര മാധ്യമപ്രവര്‍ത്തകരും സിനിമാതാരങ്ങളും ഈ അടുത്തകാലത്ത് മുമ്പെ ങ്ങും പരിചിതമല്ലാത്ത വ്യാപ്തിയില്‍ സൈബര്‍ അതിക്രമങ്ങള്‍ക്ക് വിധേയരായി.  പല കുറ്റകൃത്യങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്തു. ചില കേസുകളില്‍ പ്രതികള്‍ അറസ്റ്റുചെയ്യപ്പെട്ടു.  പ്രശ്നം അതല്ല, സാമൂഹിക മൂലധനവും പ്രശസ്തിയും രാഷ്ട്രീയാധികാരവും ഉള്ളവര്‍ പോലും സുരക്ഷിതരല്ലാത്ത സൈബര്‍ ലോകത്ത് അനുനിമിഷം എത്ര സാധാരണക്കാര്‍ പല തരത്തില്‍ ഉള്ള അതിക്രമങ്ങ ള്‍ക്ക് വിധേയരാകുന്നുണ്ട്? അവര്‍ പരാതിപ്പെടുന്നുണ്ടോ? പരാതി ഉയര്‍ത്തിയാല്‍ത്തന്നെ അവ ര്‍ക്കു നീതി ലഭിക്കുന്നുണ്ടോ?

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ നല്ല പങ്കും സൈബര്‍ ബുള്ളി യിങ്ങും ആയി ബന്ധപ്പെട്ടവയാണ്. എന്നാല്‍ അവയില്‍ ഭൂരിഭാഗം കേസുകളിലെയും ഇരകള്‍ക്കും ഇപ്പോഴും നീതി ലഭിച്ചിട്ടില്ല. (അവലംബം: വിവിധ പത്രവാര്‍ത്തകള്‍) കേസ് രജിസ്റ്റര്‍ ചെയ്യാത്ത, സൈബര്‍ ബുള്ളിയിങ്ങ് അനുഭവങ്ങളാണ് കൂടുതല്‍ എന്ന് തിരിച്ചറിയുമ്പോഴാണ് ഈ പ്രശ്നത്തിന്‍റെ വ്യാപ്തി ബോധ്യപ്പെടുക.

എന്തുകൊണ്ടാണ് ഒരു നവസാക്ഷര സമൂഹ ത്തിന് സൈബര്‍ സാക്ഷരത അന്യമായി പോകു ന്നത്? കുറച്ചുകൂടെ വ്യക്തമായി ചോദിച്ചാല്‍, സൈബര്‍ ഗുണ്ടകള്‍ നീതിക്കും നിയമത്തിനും തൊടാന്‍ കഴിയാത്ത 'വിശുദ്ധ പശുക്കളാ'യി തങ്ങളുടെ ജൈത്രയാത്ര അവിരാമം തുടരുന്നതിന്‍റെ രാഷ്ട്രീയ-മാനസിക ഉള്ളടക്കം എന്താണ്?

'ദ് ഹേറ്റര്‍'

സൈബര്‍ ലോകത്തെ ഹിംസയുടെ സംഘടിത ഇടങ്ങളെ തുറന്നുകാട്ടുന്ന പോളിഷ് ചിത്രമാണ് യാന്‍ കോമാസ സംവിധാനം ചെയ്ത 'ദ് ഹേറ്റര്‍'. സമകാലിക  സൈബര്‍ ഗുണ്ടായിസത്തിന്‍റെ തീവ്ര രൂപങ്ങളെ അനാച്ഛാദനം ചെയ്യുന്ന ചിത്രം എങ്ങനെയാണ് സൈബര്‍ ഇടങ്ങള്‍ വെറുപ്പും വിദ്വേഷവും അപരനിന്ദയും വിപണനം ചെയ്യുന്ന അരാജക-ഹിംസാത്മക ഇടങ്ങളായി മാറുന്നത് എന്നു വ്യക്തമാക്കുന്നു.

ഒരു ചെറുപ്പക്കാരന്‍ ഒരു ട്രോള്‍ കമ്പനിയിലെ തൊഴിലാളി എന്ന നിലയിലും പിന്നീട് ഒരു ഘട്ടം കഴിയുമ്പോള്‍ സ്വന്തം നിലയിലും ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് കപടവാര്‍ത്തകള്‍ സൃഷ്ടിച്ചും വ്യാജ സംഭവവികാസങ്ങള്‍ നിര്‍മിച്ചും വ്യാജ ഐഡിക ളിലൂടെ പല മനുഷ്യരുടെയും വ്യക്തി ജീവിതവും കുടുംബജീവിതവും തകര്‍ത്തു മുന്നേറുന്നതാണ് സിനിമയുടെ കാഴ്ചവട്ടം. വ്യാജ ഐഡികള്‍ക്ക് ക്ഷാമം നേരിട്ട ഒരു ഘട്ടത്തില്‍ സിനിമയിലെ ട്രോള്‍ ഫാമിന്‍റെ ഉടമ പ്രതിസന്ധിക്ക് പരിഹാരമായി ഇന്ത്യയില്‍ നിന്ന് വ്യാജ ഐഡികള്‍ ഇറക്കുമതി ചെയ്യാം, കാരണം, യൂറോപ്പില്‍ വ്യാജ ഐഡികള്‍ ലഭിക്കാന്‍ പ്രയാസമാണ് എന്നു സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യ  സൈബര്‍ സ്പെയ്സില്‍ ജനാധിപത്യമൂല്യ ങ്ങള്‍ ഇല്ലാതെ ഇടപെടുന്ന ആള്‍ക്കൂട്ട മനുഷ്യരുടെ രാജ്യമായി മാറുന്നു എന്ന സൂചന ട്രോള്‍ ഫാമിന്‍റെ ഉടമയുടെ വാക്കുകളില്‍ ഉണ്ട്. ഇതൊരു ക്രൂര യാഥാര്‍ഥ്യമാണ് താനും.

ആള്‍ക്കൂട്ട മനസ്സ് (Mob psyche) വെട്ടുക്കിളി കൂട്ടത്തെ പോലെ കൂട്ടംചേര്‍ന്ന് ഇരകളെ കണ്ടെത്തി ആക്രമിക്കുകയും വെറുപ്പ് സൈബര്‍ ലോകത്തും അതിലൂടെ നിത്യജീവിതത്തിന്‍റെ അടരുകളിലും പ്രസരിപ്പിക്കുകയും ചെയ്യുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ തീക്ഷ്ണയാഥാര്‍ഥ്യമായി മാറിക്കൊ ണ്ടിരിക്കുകയാണ്. വിശേഷിച്ചും വികസ്വര രാജ്യ ങ്ങളില്‍, സൈബര്‍ സാക്ഷരത സാധ്യമായിട്ടില്ലാത്ത നമ്മുടേതുപോലെയുള്ള സമൂഹങ്ങളില്‍ സൈബര്‍ ജീവിതം, ബദല്‍ ജീവിതത്തിന്‍റെയോ ഒളിജീവിത ത്തിന്‍റെയോ 'സുരക്ഷിത ഇടം' (Safe zone) മാത്ര മാണ്.  പോളിഷ് ചിത്രത്തിലെ ഹേറ്റര്‍, ശരിക്കും ശരാശരി സൈബര്‍ മലയാളിയുടെ പരിച്ഛേദമാണ് എന്നു പറയേണ്ടി വരും. സാക്ഷരതയില്‍ രാജ്യത്ത് ഒന്നാമത് ആയിരിക്കുമ്പോള്‍ത്തന്നെ സൈബര്‍ സാക്ഷരതയില്‍ കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തുലോം പിന്നിലാണ്. കാരണം, നവ മലയാളി നയിക്കുന്ന ഹിപ്പോക്രാറ്റിക്ക് ജീവിതം അതിന്‍റെ സമസ്ത വര്‍ണ്ണപൊലിമയോടെയും നിലകൊള്ളു ന്നത് സൈബര്‍ ഭൂപടത്തില്‍ ആണ്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാനും തങ്ങള്‍ക്ക് ഇഷ്ടമ ല്ലാത്ത അഭിപ്രായങ്ങള്‍ പറയുന്ന മനുഷ്യരെ പറ്റി നുണക്കഥകള്‍ നിര്‍മിച്ചും അവരുടെ വ്യക്തി ജീവിതം പരാമര്‍ശിച്ചും തേജോവധം ചെയ്യാന്‍ 'സൈബര്‍ മല്ലുവിന്' ഒരു ഫേക്ക് ഐഡിയുടെ പോലും തണല്‍ ആവശ്യമില്ല എന്നതാണ് ചോരയിറ്റിക്കുന്ന യാഥാര്‍ഥ്യം.

എന്താണ് സൈബര്‍ ബുള്ളിയിങ്ങ്?

Bully എന്ന വാക്കിന്  ഡച്ച്, ജര്‍മ്മന്‍ ഭാഷകളില്‍ നിന്നാണ് ഉല്പത്തിയുടെ വേരുകള്‍.  പ്രണയി (lover), സുഹൃത്ത് (friend) മുതലായ പോസിറ്റീവ് ആശയങ്ങളാണ് ആദ്യകാലത്ത് ഈ വാക്കിന്‍റെ അര്‍ത്ഥമായി പ്രചാരത്തില്‍ ഉണ്ടായിരുന്നത്.  എന്നാല്‍ പതിനേഴാംനൂറ്റാണ്ടോടുകൂടി ഇന്ന് ഉപയോഗിക്കുന്ന തരത്തിലുള്ള അര്‍ത്ഥംbully എന്ന വാക്കിന് കൈവന്നു. Oxford English dictionary,  'tyrannical coward who makes himself a terror to the weak' എന്നാണ് bully എന്ന വാക്കിനെ വ്യാഖ്യാനിക്കുന്നത്.

ബുള്ളിയിങ്ങ് എന്ന വാക്കിന്‍റെ മലയാളം പരിഭാഷ ഭീഷണിപ്പെടുത്തുക, ക്രൂരത കാണിക്കുക, ദുര്‍ബലനോട് മുട്ടാളത്തം പ്രവര്‍ത്തിക്കുക എന്നൊക്കെയാണ്. സൈബര്‍ സങ്കേതങ്ങളില്‍ ഒരാള്‍ മറ്റൊരാളെ വേദനിപ്പിക്കാനോ, മുറിവേല്പിക്കാനോ, പരിഹസിക്കാനോ നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ സൈബര്‍ ബുള്ളിയിങ്ങിന്‍റെ ഭാഗമായി വരും. ഏറ്റവും പ്രധാനമായത്, ഏതെങ്കിലും തര ത്തില്‍ ഉള്ള ശക്തിയുടെ (coersive force)  പ്രയോഗം സൈബര്‍ അതിക്രമങ്ങളില്‍ ഉള്‍ച്ചേര്‍ന്നി ട്ടുണ്ടാകും എന്നതാണ്. അതില്‍ പല അളവില്‍ ഹിംസയുണ്ട്. ശക്തന്‍ ദുര്‍ബലന്‍റെമേല്‍ നടത്തുന്ന അതിക്രമമായി അതിനെ വായിക്കാം. സ്വീഡിഷ് ഗവേഷകനായ  ഡാന്‍ ഓള്‍വിയസ്(Dan Olweus), ഒരു വ്യക്തി നിരന്തരമായി, മറ്റൊരു വ്യക്തിയുടെയോ ഒരു കൂട്ടം വ്യക്തികളുടെയോ ഭാഗത്തുനിന്നും നേരിടുന്ന വിധ്വംസകമായ പെരുമാറ്റമാണ് ബുള്ളിയിങ്ങ് എന്നു പറയുന്നുണ്ട്. ബുള്ളിയിങ് സംസ്കാരം (Bullying Culture) മനുഷ്യര്‍ തമ്മില്‍ ഇടപെടുന്ന ഏത് ഇടങ്ങളിലും രൂപപ്പെടാന്‍ സാധ്യതയുണ്ട്. സ്കൂള്‍, ഫാക്ടറി, ക്ലബ്ബ് തുടങ്ങി എല്ലാ ഇടങ്ങളും ബുള്ളിയിങ്ങിന് വളം നല്‍കുന്നു. പ്രചരണ യുഗത്തില്‍ (propaganda era) ഇന്‍റര്‍നെറ്റ് ആണ് ബുള്ളിയിങ്ങിന്‍റെ വൃഷ്ടിപ്രദേശം എന്നു വരുന്നു.

ഇന്‍റര്‍നെറ്റ് നല്‍കുന്ന പരസ്പരം ഇടപെടാന്‍ ഉള്ള അധിക സാധ്യത (connectivity), അദൃശ്യ രായി തുടരാന്‍ സാമൂഹികമാധ്യമങ്ങള്‍ നല്‍കുന്ന അവസരങ്ങള്‍ (വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയവ), സാമൂഹിക മാധ്യമങ്ങള്‍ പുലര്‍ ത്തുന്ന ആണധികാര ചായ്വ്, സ്ത്രീകള്‍, കറുത്ത വര്‍ഗ്ഗക്കാര്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍, കുടിയേറ്റ ക്കാര്‍, ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളോട് വെറുപ്പും പുച്ഛവും പുലര്‍ത്തുന്ന ആള്‍ക്കൂട്ട മനസ്സ് (Mob psyche) നവ സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്നത് ഒക്കെ സൈബര്‍ ബുള്ളിയിങ്ങിന് അനുഗുണമായ അന്തരീക്ഷം ഒരുക്കുന്നു. ബുള്ളിയിങ്ങിനെ പ്രമുഖ രാഷ്ട്രീയ-മത-മാധ്യമ-കലാ മേഖലയിലെ പ്രമുഖര്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്.

'ബുള്ളിയിങ്ങ് ചെകുത്താന്‍റെ പ്രവൃത്തിയാണ്' എന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടത്.  'സൈബര്‍ ബുള്ളിയിങ്ങ് എന്താണ് എന്നും അതിന്‍റെ പ്രത്യാഘാതം എന്താണ് എന്നും സമൂഹം തിരിച്ചറിയാത്തിടത്തോളം സൈബര്‍ ബുള്ളിയി ങ്ങിനു ഇരയാക്കപ്പെട്ട ആയിരങ്ങളുടെ ദുഃഖം തുടരുക തന്നെ ചെയ്യും' എന്ന് അമേരിക്കന്‍ എഴു ത്തുകാരി അന്ന മരിയ ചെവെസ്. എന്നാല്‍ സൈ ബര്‍ ഗുണ്ടകള്‍ സ്വൈര്യ വിഹാരം നടത്തുന്ന ഒരിടമാണ് മലയാളിയുടെ സൈബര്‍ ലോകം.

സൈബര്‍ ബുള്ളിയിങ്ങിന്‍റെ 'ജനകീയ' രൂപങ്ങള്‍

സൈബര്‍ ബുള്ളിയിങ്ങ് പ്രവര്‍ത്തിക്കുന്നത് ഭിന്നനിലകളിലാണ്. അപരിചിതര്‍ക്ക് ഓണ്‍ലൈന്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് അവരുടെ താല്പര്യം പരിഗണിക്കാതെ മെസേജ് അയക്കുന്നത് മുതല്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അപകീര്‍ത്തി ഉണ്ടാക്കു ന്നത് അടക്കം വിവിധരൂപത്തിലുള്ള സൈബര്‍ അതിക്രമങ്ങള്‍ ഇന്ന് കൂടുതലാണ്. 'സൈബര്‍ ഗുണ്ട' എന്നത് അങ്ങനെ യഥാര്‍ത്ഥ ഗുണ്ടയെ പ്പോലെ തന്നെ പേടിപ്പെടുത്തുന്ന ഒരു അനുഭവമായി മാറുന്നു. നിയമമോ ക്രമസമാധാന സംവിധാനമോ യഥാര്‍ത്ഥ ഗുണ്ടയെപോലെ സൈബര്‍ ഗുണ്ടയെയും അലോസരപ്പെടുത്തുന്നില്ല. യഥാര്‍ത്ഥജീവിതത്തില്‍ എന്നപോലെ രാഷ്ട്രീയ- അധികാര വര്‍ഗ്ഗവും സൈബര്‍ ഗുണ്ടകളും തമ്മില്‍ പലനിലയ്ക്കും പരസ്പരസഹായത്തിന്‍റെ കൊടുക്കല്‍-വാങ്ങലുകള്‍ നടക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവില്‍ തങ്ങളുടെ സൈബര്‍ ടീമിനെ തന്നെയാണ് എതിരാളികള്‍ക്ക് എതിരെ സൈബര്‍ ഗുണ്ടകളായി ഉപയോഗിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പുറത്തുള്ള സാധാരണ മനുഷ്യരെയും സൈബര്‍ഗു ണ്ടകള്‍ സൈബര്‍ ആക്രമങ്ങള്‍ക്ക് വിധേയമാക്കുക പതിവാണ്. സൈബര്‍ ബുള്ളിയിങ്ങ് എന്നാല്‍ അതു കൊണ്ട് തന്നെ സൈബര്‍ ഗുണ്ടായിസം എന്നു കൂടി യാണ് അര്‍ത്ഥം. സൈബര്‍ അതിക്രമങ്ങളുടെ ഭിന്ന രൂപങ്ങളില്‍ ചിലതു താഴെപ്പറയുന്നവയാണ്.

മോര്‍ഫിങ്  (Morphing) : ചിത്രങ്ങള്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കുന്ന പ്രവണതയാണ് ഇത്. തമാശയ്ക്ക് തുടങ്ങി ബ്ലാക്ക് മെയ്ലിങ്ങിന് വരെ മോര്‍ഫിങ് ഉപയോഗിക്കാറുണ്ട്. രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളു ടെയും സിനിമാ താരങ്ങളുടെയും മാത്രമല്ല, സാധാരണക്കാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിക്കാറുണ്ട്. അശ്ലീല ചിത്രത്തില്‍ തന്‍റെ മുഖം മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതിനെ തുടര്‍ന്ന് കുടുംബജീവിതം തകര്‍ന്ന വീട്ടമ്മ വര്‍ഷങ്ങളുടെ നിയമ പോരാട്ടത്തിന് ഒടുവില്‍ തന്‍റെ ചിത്രം മോര്‍ഫ് ചെയ്തതാണ് എന്നു തെളിയിച്ച സംഭവം കേരളത്തിലാണ് ഉണ്ടായത്. (അതിനിടയില്‍ പക്ഷെ അവരുടെ കുടുംബം ശിഥിലമായിരുന്നു. അവര്‍ സമൂഹത്തില്‍ പല മട്ടില്‍ അപഹസി ക്കപ്പെട്ടിരുന്നു എന്നുകൂടി ഓര്‍ക്കുക)  സൈബര്‍ ബുള്ളിയിങ്ങിലെ ഏറ്റവും ക്രൂരമായ രൂപങ്ങളില്‍ ഒന്നാണ് മോര്‍ഫിങ്.

ഫ്ളെയിമിങ്ങ് : (FLAMING) ആരെയെങ്കിലും ആക്രമിക്കാന്‍ അനുചിതമോ അശ്ലീലമോ ആയ ഭാഷ ഉപയോഗിക്കുന്ന രീതിയാണ് ഇത്. സൈബര്‍ ഇടത്തില്‍ മലയാളി ഉപയോഗിക്കുന്ന ഭാഷ പലപ്പോഴും ഭരണിപ്പാട്ടിനെ ലജ്ജിപ്പിക്കും വിധമാണ്. മനുഷ്യന്‍റെ അന്തസ്സിനെ ഹനിക്കുന്ന ഭാഷാ പ്രയോഗങ്ങള്‍ ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ സര്‍വ്വസാധാരണം ആണ്. സ്വന്തം ശരീരത്തെപ്പറ്റിയും ലൈംഗികതയെ പറ്റിയും തുറന്ന് സംസാരിക്കുന്ന സ്ത്രീകള്‍, വിയോജിക്കുന്ന രാഷ്ട്രീയം പറയുന്ന ആളുകള്‍, സിനിമാനടിമാര്‍ തുട ങ്ങിയവര്‍ ഒക്കെ നിരന്തരം ഇത്തരം പദപ്രയോഗ ങ്ങള്‍ക്ക് ഇരയാകുന്നു.

OUTING: ഇരയുടെ രഹസ്യമോ വ്യക്തിഗത വിവരങ്ങളോ പൊതുഇടങ്ങളില്‍ പങ്കിടുന്നതാണ് ഇത്. പലപ്പോഴും ലൈംഗികപീഡനത്തിന് ഇരയായ സ്ത്രീകള്‍ ഇതിനു വിധേയരാകുന്നു. ഇരയാക്കപ്പെട്ട വ്യക്തിയുടെ വിവരങ്ങള്‍ അവരുടെ സമ്മതം ഇല്ലാതെ പ്രചാരിപ്പിക്കുന്നത് തെറ്റാണ് എന്നു സുപ്രീം കോടതി വിധി നിലനില്‍ക്കുമ്പോഴാണ് സൈബര്‍ സ്പെയ്സില്‍ അടക്കം അവരുടെ വിവരങ്ങള്‍ പങ്കു വയ്ക്കുന്ന പ്രവണത ശക്തമാകുന്നത്.

ട്രോള്‍: തമാശ രൂപത്തില്‍ അവതരിപ്പിക്കപ്പെ ടുന്ന പല ട്രോളുകളും ട്രോള്‍ വീഡിയോകളും ആത്യന്തികമായി സൈബര്‍ ബുള്ളിയിങ് ആണ് നടത്തുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളും സ്ത്രീ കളും കറുത്തവര്‍ഗ്ഗ വിഭാഗത്തിലെ ജനതയും ദളിതരും ആദിവാസികളും എല്ലാം ട്രോളുകളിലൂടെ അപഹസിക്കപ്പെടുന്നു. കേരളത്തിന്‍റെ നവോത്ഥാനനായകനായ അയ്യങ്കാളിയെ പരിഹസിക്കുന്ന ട്രോള്‍ നിര്‍മിച്ചതിനു യുവാവിനെ കേരള പോലീസ് അടു ത്തിടെ അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും ദളിതരെയും ആദിവാസികളെയും പരിഹസിക്കുന്ന ട്രോളുകള്‍ പങ്കുവയ്ക്കുന്ന ട്രോള്‍ ഗ്രൂപ്പുകള്‍ ഇപ്പോഴും സൈബര്‍ 'അധോലോക'ത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. സിനിമാനടിമാരുടെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തിലുള്ള വ്യക്തി അധിക്ഷേപവും സ്ത്രീവിരുദ്ധതയും കൈമാറ്റം ചെയുന്ന ട്രോളുകള്‍ പങ്കുവയ്ക്കുന്ന രാഷ്ട്രീയം പലപ്പോഴും പ്രതിലോമ കരമാണ്.

ബോഡി ഷെയ്മിംഗ്: ഒരാളെ അയാളുടെ ശരീരത്തിന്‍റെ പേരില്‍ അപഹസിക്കുന്ന ക്രൂരതയാണിത്. പൊതുജീവിതത്തില്‍ സജീവമായ ബോഡിഷെയിമിംഗ് സൈബര്‍ ഇടങ്ങളില്‍ അതി തീവ്രമായി വ്യാപരിക്കപ്പെടുന്നു. ഒരാളുടെ നിറം, ഉയരം, പ്രായം, തടി, തടിയില്ലായ്മ, അംഗ വൈകല്യം ഒക്കെ പരിഹാസപാത്രമാകുന്നു.

മേയ്ക്കപ്പ് ഇല്ലാതെ ലൈവില്‍ പ്രത്യക്ഷപെട്ട് തെന്നിന്ത്യന്‍ നടി സമീറ റെഡ്ഢി ബോഡി ഷെയമിങ്ങിന് എതിരെ പ്രതികരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഒരാളുടെ ശരീരം എങ്ങനെയായാലും സമൂഹത്തിന് എന്താണ് എന്ന ചോദ്യമാണ് സമീറ ഉന്നയിച്ചത്. ഒരാളെ അയാളുടെ ശരീരത്തിന്‍റെ പേരില്‍ പരിഹസിക്കുന്ന ട്രോളുകളും കമന്‍റുകളും പലപ്പോഴും ഒളിച്ചുകടത്തുന്നത് സ്ത്രീ വിരുദ്ധതയും വംശവെറിയുമാണ് എന്നതാണ് യാഥാര്‍ഥ്യം.

വെറും 'വികൃതിയല്ല'


ഈയടുത്ത് പുറത്തിറങ്ങിയ  'വികൃതി'  എന്ന സിനിമ കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സൈബര്‍ ബുള്ളിയിങ്ങിന്‍റെ ചിത്രീകരണമാണ്. ആശുപത്രി യില്‍ അഡ്മിറ്റായ മകള്‍ക്ക് കൂട്ടുനിന്ന ശേഷം വീട്ടിലേക്കു പോകുംവഴി കൊച്ചി മെട്രോയില്‍ തളര്‍ന്ന് കിടന്നുറങ്ങിയ എറണാകുളം സ്വദേശി എല്‍ദോയുടെ ചിത്രം 'മെട്രോയിലെ പാമ്പ്' എന്ന തലക്കെട്ടോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തളര്‍ന്ന് ഉറങ്ങിയ മനുഷ്യന്‍ 'പാമ്പ്' ആണ് എന്ന് ഒരാള്‍ വിധിക്കുകയും അയാളുടെ വിധി പ്രസ്താവം അന്വേഷണം ഇല്ലാതെ സോ ഷ്യല്‍ മീഡിയ മുഴുവന്‍ ഏറ്റെടുക്കുകയും ചെയ്യു ന്നത് സൈബര്‍ ബുള്ളിയിങ്ങിന്‍റെ ഉത്തമ ഉദാഹര ണമാണ്. സംസാരശേഷിയില്ലാത്ത എല്‍ദോ സൈബര്‍ മീഡിയയിലെ വ്യാജ പ്രചാരണത്തെ തുടര്‍ന്ന് മാനസികമായി തളര്‍ന്നു. ഒടുവില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഇടപെട്ട് യഥാര്‍ത്ഥ വസ്തുതകള്‍ പുറംലോകത്ത് എത്തിച്ചപ്പോഴേക്കും നുണ ലോകംചുറ്റി സഞ്ചരിച്ചിരുന്നു.  ആള്‍ക്കൂട്ടം വസ്തുതകളോ യാഥാര്‍ഥ്യമോ അന്വേഷിക്കാതെ വ്യക്തിഅധിക്ഷേപത്തിനു കൂട്ടുനില്‍ക്കുന്നത് ഒരു ആധുനിക ജനാധിപത്യ സമൂഹത്തിനു ചേരുന്ന തല്ല. സൈബര്‍ ഫാസിസത്തിന്‍റെ കേരളത്തിലെ ഏറ്റവും ദാരുണമായ ഇരയാകേണ്ടി വന്നത് സാധാര ണക്കാരനായ എല്‍ദോയാണ്. ഒരു സിനിമാ താരമോ, രാഷ്ട്രീയ നേതാവോ സൈബര്‍ ആക്രമണ ത്തിന് വിധേയമായാല്‍ അവരുടെ അനുയായി കളോ, ആരാധകരോ അവര്‍ക്ക് പ്രതിരോധം തീര്‍ ക്കും. എന്നാല്‍, ഒരു സാധാരണക്കാരന്‍ സൈബര്‍ ബുള്ളിയിങ്ങിന്‍റെ ഇരയായാല്‍ ഭീകരമാണ് അതിന്‍റെ പ്രത്യാഘാതം. അയാളെ/ അവളെ പിന്തു ണയ്ക്കാന്‍ ആള്‍ക്കൂട്ടമോ അനുയായിവൃന്ദമോ ഉണ്ടാവില്ല. സത്യംപോലും നുണവല്‍ക്കരി ക്കപ്പെടുന്ന സൈബര്‍ ഇടത്തില്‍ അയാള്‍ ക്രൂരമായ തേജോവധത്തിനു വിധേയനാകുന്നു. മുത്തച്ഛനെ വാത്സല്യത്തോടെ ഉമ്മവയ്ക്കുന്ന കൊച്ചുമകളുടെ ചിത്രം അശ്ലീല ചുവയോടെ പ്രചരിക്കപ്പെട്ടതും അടുത്ത കാലത്താണ്. സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് അടക്കം ഓരോ ദിവസവും കേരളത്തില്‍ നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ എണ്ണത്തില്‍ പെരുകിക്കൊണ്ടി രിക്കുകയാണ്. പല കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പോലുമില്ല. അപവാദപ്രചാര ണത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്തവരും എല്‍ദോയെപോലെ മാനസികമായി തകര്‍ന്നവരും അനവധിയത്രെ. എന്നിട്ടും നമ്മള്‍ ഇന്നും സൈബര്‍ കുറ്റകൃത്യങ്ങളെ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കുന്ന ഒരു സമൂഹമല്ല. ഐ ടി ആക്റ്റ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ വിഭാവനം ചെയ്യുന്നുണ്ട്. എന്നാല്‍ ഓരോ ദിവസവും പെരുകുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ ഇടയില്‍, സൈബര്‍ ബുള്ളിയിങ്ങ് കേസുകള്‍ താരതമ്യേനെ അപ്രധാനമായാണ് കരുതപ്പെടുന്നത്. അതുകൊ ണ്ടുതന്നെ സാധാരണക്കാരന്‍ സൈബര്‍ ബുള്ളി യിങ്ങിന് ഇരയാകുന്ന കേസുകളില്‍ നല്ല പങ്കിലും പ്രതി ശിക്ഷിക്കപ്പെടാതെപോകുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. വ്യാജപ്രചാരണം, മോര്‍ഫിങ്, വ്യക്തിഹത്യയില്‍ അധിഷ്ഠിതമായ ട്രോള്‍, തുടങ്ങിയ സൈബര്‍ ബുള്ളിയിങ്ങ് കേസുകളില്‍ പലപ്പോഴും ഇരകള്‍ക്ക് നീതി ലഭ്യമാകുന്നില്ല.  താരതമ്യേന ഉയര്‍ന്നനിരക്കിലുള്ള സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ മാനവ വിഭവശേഷി നമ്മുടെ സൈബര്‍ പോലീസിന് ഇല്ല എന്നതാണ് യാഥാര്‍ഥ്യം. ഇത് ഇരകള്‍ക്ക് അര്‍ഹമായ നീതി നിഷേധിക്കപ്പെടുന്നതില്‍ മാത്രമല്ല,  പ്രതികള്‍ക്ക് കൂടുതല്‍ ഭയരഹിതമായി മറ്റ് മനുഷ്യരിലേക്ക് ബുള്ളിയിങ്ങ് തുടരാന്‍ ഉള്ള ലൈസന്‍സ് നല്‍കുക കൂടി ചെയ്യുന്നു എന്നതാണ് സത്യം. വെറും വികൃതിയല്ല സൈബര്‍ ബുള്ളിയിങ്ങ് എന്ന് ഇനിയെങ്കിലും സാക്ഷരകേരളം തിരിച്ചറിയേണ്ടിയിരിക്കുന്നു. മനുഷ്യന്‍റെ അന്തസ്സും അഭിമാ നവും മൗലികാവകാശങ്ങളും ലംഘിക്കപ്പെടുന്ന ഹിംസാത്മക മനോ വൈകൃതമാണ് സൈബര്‍ ബുള്ളിയിങ്ങിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മനോ ബോധം. അല്ലാതെ നിഷ്കളങ്കമായ 'വികൃതി' മാത്ര മായി ഇതിനെ പരിഗണിക്കുന്നത് ആശാസ്യമല്ല.

സൈബര്‍ പൗരന്‍ എന്ന ജനാധിപത്യ ചിഹ്നം

എഡിറ്റര്‍ ഇല്ലാത്ത ഇടമാണ് സോഷ്യല്‍ മീഡിയ. അതു തുറന്നുതരുന്ന സാധ്യതകള്‍ അപാര മാണ്. അപ്പോള്‍ത്തന്നെ അതിന്‍റെ ഭസ്മീകരണ ശക്തിയും ഭീകരമാണ് എന്നത് മറന്നുകൂടാ. കൂടുതല്‍ ശകതമായ ഐ ടി ആക്റ്റ് അടക്കമുള്ള നിയമങ്ങളോ, പോലീസിന്‍റെ  സൈബര്‍ സെല്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നത് ഈ മേഖലയിലെ അതിക്രമങ്ങളെ തടയാന്‍ ഒരു പരിധി വരെ സഹായിക്കും. എന്നിരിക്കിലും, സ്ഥായിയായ പ്രശ്നപരിഹാരം, ആത്മനിയന്ത്രണത്തോടെയും ജനാധിപത്യ മര്യാദയോടെയും ഓരോ വ്യക്തിയും സൈബര്‍ ഇടത്തില്‍ ഇടപെടാന്‍ തയ്യാറാവുക എന്നതാണ്.  സൈബര്‍ ഇടം ജനാധിപത്യ ഇടം ആവും വരെയും സൈബര്‍ അതിക്രമങ്ങള്‍ തുടരും. സൈബര്‍ ജനാധിപത്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉറപ്പാക്കുക എന്ന ഉത്തരവാദിത്വം ഓരോ വ്യക്തിയും ഏറ്റെടുക്കുക എന്നതു മാത്രമാണ് ഈ പ്രശ്നത്തെ സ്ഥായിയായി പരിഹരിക്കാനുള്ള മാര്‍ഗം. അതുകൊണ്ടുതന്നെ സൈബര്‍ ഗുണ്ടയ്ക്ക് ബദലായി ഉത്തരവാദിത്വമുള്ള സൈബര്‍ പൗരന്‍ (Responsible cyber citizen)നിര്‍മ്മിക്കപ്പെടേണ്ടത്  രാഷ്ട്രീയ അനിവാര്യതയാണ്. അതുമാത്രമാണ് സൈബര്‍ അതിജീവനത്തിന്‍റെ ലളിത വഴി. ജനാധിപത്യം എന്ന ആശയം കൂടുതല്‍ വിപുലീകരിക്കപ്പെടുകയും സൈബര്‍ ജനാധിപത്യം എന്നതുകൂടി ജനാധിപത്യംകൊണ്ട് നാം അര്‍ത്ഥമാക്കാന്‍ തുടങ്ങുകയും ചെയ്യുന്നിടത്ത്    ഉത്തരവാദിത്വമുള്ള സൈബര്‍ പൗരന്‍റെ നിര്‍മി തിയും ജനകീയവല്‍ക്കരണവും  കൂടുതല്‍ പ്രസക്തമാകുന്നു.

You can share this post!

ഓണം: ചില ഉടല്‍വിചാരങ്ങള്‍

റ്റോംസ് ജോസഫ്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts