news-details
കവർ സ്റ്റോറി

ആത്മീയതയും സൗന്ദര്യസങ്കല്പങ്ങളും

ആദ്യമായി നടത്തിയ വിദേശയാത്ര കെനിയയിലേക്കായിരുന്നു. ആഫ്രിക്കയെ അറിയണം എന്ന് ആഗ്രഹിച്ചിരുന്ന ഞാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് കെനിയയിലെ ഞങ്ങളുടെ സമ്മേളന സ്ഥലത്തേക്ക് പോകുംവഴി പാതക്ക്  ഇരുവശവുമുള്ള പരസ്യപ്പലകകളിലേക്കു ശ്രദ്ധാപൂര്‍വം കണ്ണോടിച്ചിരുന്നു. ആഫ്രിക്കയുടെ തനിമ എന്താവും എന്നു ജിജ്ഞാസുവായ എന്നെ നിരാശപ്പെടുത്തികൊണ്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്  ഗ്ലോബല്‍ ബ്രാന്‍ഡ് ആയ ഒരു ചോക്ളേറ്റിന്‍റെ പരസ്യമായിരുന്നു. എന്നാല്‍ എന്നെ ആശ്വസിപ്പിച്ച കാര്യം പരസ്യത്തിലെ മോഡലുകള്‍ കറുത്തവര്‍ഗ്ഗ ക്കാരായ കുട്ടികള്‍ ആയിരുന്നു എന്നതാണ്. മറ്റേതൊരു രാജ്യത്തെയും കാഡ്ബറി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സുന്ദരിക്കുട്ടികളുടെ അഴകു പോലെ തന്നെ ഇവരും ആകര്‍ഷകമായി എനിക്കു തോന്നി.

വരേണ്യത നിര്‍വചിച്ച സൗന്ദര്യബോധം

ഒരാളോട് ആകര്‍ഷണം തോന്നാന്‍ അയാള്‍ വെളുത്തിരിക്കണം എന്നും, സാമൂഹികാംഗീകാരം ഉള്ള ഉടലളവുകള്‍ വേണം എന്നുമുള്ളത് സവര്‍ണ്ണ ബോധത്തിലൂന്നിയ വരേണ്യത ബോധപൂര്‍വം കെട്ടിച്ചമച്ച ഒരു ആഖ്യാനം ആണ്. സമ്പത്തിന്‍റെയും അറിവിന്‍റെയും പിന്‍ബലത്തില്‍ ഉള്ള അധികാരപ്ര യോഗംകൊണ്ട് തനതു സമൂഹങ്ങളുടെമേല്‍ അധീശത്വം പുലര്‍ത്തുന്നവര്‍ നിര്‍വചിച്ച സൗന്ദര്യസങ്കല്‍ പ്പങ്ങള്‍ കാലക്രമത്തില്‍ അംഗീകൃത മാതൃകകള്‍ ആയി മാറി. അല്ലെങ്കില്‍ ഇരുനിറക്കാരായ ദ്രാവിഡ സമൂഹങ്ങളില്‍ വെളുപ്പ് എങ്ങനെ സൗന്ദര്യത്തിന്‍റെ മാനദണ്ഡമായി എന്നത് നമ്മെ ചിന്തിപ്പിക്കേ ണ്ടതാണ്.

വരേണ്യത സൃഷ്ടിച്ച സംസ്കാരങ്ങളിലൂടെ ചിരപ്രതിഷ്ഠമാക്കപ്പെട്ട സൗന്ദര്യസങ്കല്പങ്ങളായ വെളുത്തമേനിയും കൃശഗാത്രവും ചമച്ചെടുക്കപ്പെ ട്ടതാണ് എന്നത് തനതു സംസ്കാരങ്ങളിലെ വ്യക്തികള്‍ക്കുപോലും ഇന്നും അംഗീകരിക്കാന്‍ സാധിക്കാത്ത യാഥാര്‍ഥ്യമാണ്. മറ്റൊരാളെ പരിഹസിക്കേണ്ടതായ സാഹചര്യം ഉണ്ടാവുമ്പോള്‍ 'അംഗീകൃതമായ' ആകാരഭംഗിയുടെ ന്യൂനതകളെ ഊന്നിയുള്ള പദപ്രയോഗങ്ങള്‍ ഉണ്ടാവുന്നത് അതുകൊണ്ടാണ്.

ബോഡി ഷെയിമിങ്

തടിച്ചവരെയും ഇരുനിറക്കാരെയും ഉയരം കൂടിയവരെയും കുറഞ്ഞവരെയും അംഗവൈകല്യം ഉള്ളവരെയുമൊക്കെ അവരുടെ ശരീരത്തെ അവമതി ച്ചുകൊണ്ട് പരിഹസിക്കുന്നവരുടെ സംഖ്യ ഇന്ന് ഏറിവരികയാണ്. സിനിമകള്‍, ചിത്രങ്ങള്‍, പരസ്യ ങ്ങള്‍, കുടുംബസദസുകളിലെ സംഭാഷണങ്ങള്‍ എന്നിവയിലൂടെ വരേണ്യ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ ആവര്‍ത്തിച്ച് പ്രകടിപ്പിക്കപ്പെടുമ്പോള്‍ വ്യക്തിക ളില്‍, വിശേഷിച്ചു കൗമാരക്കാരിലും നവമാതാ ക്കളിലും അവരുടെ ശരീരത്തെ സംബന്ധിച്ചുള്ള അവമതിപ്പുകള്‍ (കോമ്പ്ളക്സുകള്‍) രൂപപ്പെടും. കണ്ണിന്‍റെയും ചുണ്ടുകളുടെയും ആകൃതി, വിരലുക ളുടെ വടിവും നീളവും, ചര്‍മ്മത്തിലെ രോമവളര്‍ച്ച, മുഖക്കുരു എന്നിവയെക്കുറിച്ച് പര്യാകുലരാകുന്ന വരുടെ എണ്ണം കൗമാരക്കാരിലും യുവതയിലും ഏറിവരുന്നത് നമ്മെ ആശങ്കാകുലരാക്കണം. അനാ രോഗ്യകരമായ ഈ മനോഭാവങ്ങള്‍ അവരുടെ ആത്മമൂല്യം തകര്‍ക്കുകയും ചിലരെ വിഷാദത്തി ലേക്കും ആത്മഹത്യയിലേക്കും നയിക്കുകയും ചെയ്തേക്കാം.

ബോഡി ഷെയിമിങ് ഇന്നു കൂടുതല്‍ നിര്‍ണ്ണായ കമാകുന്നത് സാമൂഹികമാദ്ധ്യമങ്ങളിലെ അനിയ ന്ത്രിതമായ കമന്‍റുകളിലൂടെയാണ്. സൈബര്‍ മാധ്യമങ്ങളിലൂടെ ചെയ്യുന്നതിനാല്‍ ഇതിനെ സൈബര്‍ ബുള്ളിയിങ് എന്നും വിളിക്കാറുണ്ട്. നമ്മുടെ സമൂഹത്തില്‍ ഈ പ്രവണതയുടെ അഭൂതപൂര്‍വമായ വര്‍ദ്ധനവ് സമൂഹത്തിന്‍റെ സംഘാത മനസ്സാക്ഷി എത്രമാത്രം ഹീനമാണ് എന്നു തെളിയിക്കുന്നു. കുറച്ചുകൂടെ വിശാലമായ തലത്തില്‍ വ്യക്തികളുടെ പരിഹാസം ഇന്ന് ശാരീരിക ആക്ഷേപത്തില്‍ മാത്രം ഒതുങ്ങുന്നില്ല, സോഷ്യല്‍ ഷെയിമിങ് എന്നു വിളിക്കപ്പെടുന്ന സാമൂഹ്യആക്ഷേപത്തിനും മനുഷ്യര്‍ ഇരയാവുന്നുണ്ട്.

കുറ്റാരോപിതരാകുന്നവരെ ഏതു വിധേനയും പരിഹസിക്കുന്നത് സമൂഹത്തിന്‍റെ അവകാശമാണ് എന്ന പൊതുബോധം ഇന്നു സമൂഹത്തില്‍ വികസിച്ചിട്ടുണ്ട്. തങ്ങള്‍ സാത്വികരാണ് എന്ന മട്ടില്‍ വിക്ഷേപിക്കുന്ന ഈ പ്രയോഗങ്ങള്‍ വാസ്തവത്തില്‍ മലയാളിയുടെ കപട സദാചാര ത്തിന്‍റെ ദര്‍പ്പണമാണ്. കുറ്റാരോപിതര്‍ സ്ത്രീകള്‍ ആണെങ്കില്‍ അവരുടെ ശരീരത്തിന്‍റെ വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുക, അവരുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള സദാചാരപരമായ കല്പിതകഥകള്‍ വിവരിക്കുക എന്നതും, പുരുഷന്മാര്‍ ആരോപണവിധേയരാവു മ്പോള്‍ അവരുടെ ഭാര്യയുടെയും മക്കളുടെയും ചിത്രങ്ങള്‍വരെ പ്രസിദ്ധീകരിക്കുക, അതിനുശേഷം കമന്‍റിടങ്ങളില്‍ ഹീനമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ബോഡി ഷെയിമിങ് നടത്തുക എന്നതൊക്കെ, രാഷ്ട്രീയ ഭക്തന്മാരും, കായിക- വിനോദ മേഖല, ബിസിനസ് ലോകം എന്നിവിടങ്ങ ളിലെ പ്രതിയോഗികളും ഒരു വിജയ ഫോര്‍മുല ആയി ഉപയോഗിച്ചുവരുന്നതാണ്, അത് നിയമവി രുദ്ധം ആയിരുന്നിട്ടു കൂടി.

ബോഡി ഷെയിമിങ് - ക്രൈസ്തവ ആത്മീയ മണ്ഡലത്തില്‍

ചേരി തിരിഞ്ഞു മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ ഉള്ള ആത്മീയ ലോകത്തും ഈ പ്രവണത കണ്ടു തുടങ്ങിയിട്ടുള്ളത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്. കത്തോലിക്കാ സ്ത്രീകളോ, സന്ന്യാസിനികളോ ഉള്‍പ്പെട്ട ചില കേസുകള്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ പൊതുവിട ത്തില്‍ വലിയ തോതില്‍ ചര്‍ച്ചക്ക് വിഷയമായിക്കൊ ണ്ടിരിക്കയാണ്. കേസില്‍ നേരിട്ടും അല്ലാതെയും ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് ലിംഗഭേദമെന്യേ ലൈംഗികചുവയുള്ള ആക്ഷേപങ്ങളും ബോഡി ഷെയിമിങ്ങും അക്രൈസ്തവരില്‍നിന്ന് മാത്രമല്ല ക്രൈസ്തവരില്‍ നിന്നും ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. കുറ്റവാളികള്‍ക്ക് പോലും മാനുഷിക അന്തസ് കല്‍പ്പിക്കണം എന്ന് അഭിപ്രായമുള്ള ഒരു നാടാണ് ഇത് എന്നോര്‍ക്കണം. സ്ത്രീകളുടെ വസ്ത്രധാര ണത്തെ കുറിച്ച് വിവശരായി, അതേപ്പറ്റി വചനപ്ര ഘോഷണം വരെ നടത്തുന്ന പുരുഷ ഉപദേശിമാ രുടെ എണ്ണവും വര്‍ധിക്കുന്നു.

ബോഡി ഷെയിമിങ് എന്നാല്‍ എപ്പോഴും ശരീര പരിഹാസമാണ് എന്നു കരുതണ്ട. ക്രൈസ്ത വ ആത്മീയതയിലും പ്രകടനങ്ങളിലും ബോഡി ഷെയിമിങ്ങിന്‍റെ പരോക്ഷമാതൃകകള്‍ സ്വീകരിക്ക പ്പെട്ടിട്ടുണ്ട്. സമകാലീന ക്രിസ്ത്യന്‍ സംസ്കാര ത്തിന്‍റെ ബിംബങ്ങളും വസ്തുക്കളും ഇതിനെ അരക്കിട്ടുറപ്പിക്കുന്നതാണ്. അലങ്കാരങ്ങളില്‍ ദൃശ്യമാകുന്ന മാലാഖമാര്‍, കലാപരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും ഒക്കെ തിര ഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ ഒക്കെ കൃശഗാത്രി കളും വെളുത്തവരും ആവണം എന്ന നിര്‍ബന്ധ ബുദ്ധി മിക്കവര്‍ക്കും ഉണ്ട്. വിശുദ്ധരായ അല്‍ ഫോന്‍സാമ്മ, റാണി മരിയ, തേവര്‍പറമ്പില്‍ കുഞ്ഞ ച്ചന്‍ എന്നിവര്‍ നമ്മുടെ സമകാലീനരാണ്. അവരുടെ യഥാര്‍ത്ഥ രൂപഭാവങ്ങള്‍ എന്താണ് എന്നു വെളിവാ ക്കുന്ന ഛായാചിത്രങ്ങള്‍ ലഭ്യവുമാണ്. അവര്‍ സൗന്ദര്യമുള്ളവര്‍ ആണ് എന്നതില്‍ നമുക്കാര്‍ക്കും തര്‍ക്കവുമില്ല. എങ്കിലും, ദേവാലയങ്ങളില്‍ വണങ്ങ പ്പെടുന്ന അവരുടെ രൂപവും ചിത്രവും യാഥാര്‍ഥ്യ ത്തില്‍നിന്ന് ഏറെ അകന്നുമാറി  'സുന്ദരി-സുന്ദ ര'ന്മാരായി ചിത്രീകരിക്കപ്പെട്ടിരിക്കയാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സൗന്ദര്യത്തിന്‍റെ മാനദണ്ഡങ്ങളെ ഇത്തരത്തില്‍ പ്രോത്സാഹിപ്പി ക്കുക വഴി ശരീരത്തിന്‍റെ ശരിയായ ദൈവശാ സ്ത്രവും ആത്മീയതയും വിശ്വാസികള്‍ക്ക് പകരാതെ കാല്പനികമായ സൗന്ദര്യബോധ ത്തെയും ആത്മീയതയെയും പ്രചരിപ്പിക്കാനേ ഉത കുന്നുള്ളു.  എളിമയും നൈര്‍മ്മല്യവും ഉള്ള ദൈവഭ ക്തരായ വ്യക്തികള്‍ എപ്പോഴും വരേണ്യ സൗന്ദര്യ ബോധത്തിനു ഇണങ്ങുന്നതാവണം എന്ന് ചിന്തിക്കാന്‍ കാരണമാകുന്നു.

ഒരുപക്ഷെ, ലോകചരിത്രത്തില്‍ ഏറ്റവും ഹീനമായ ബോഡി ഷെയിമിങ് അനുഭവിച്ചത് ക്രിസ്തു ആയിരിക്കണം. നൂറ്റാണ്ടുകള്‍ക്കു മുന്നേ അവനെ പ്രവചിക്കുന്ന ഏശയ്യാ അവതരിപ്പിക്കുന്ന ലോകരക്ഷകന്‍റെ ചിത്രം അത്രമാത്രം അനാകര്‍ഷ കമാണ്. 'അഴകില്ല, ആകാരഭംഗിയില്ല. ഗാംഭീര്യമോ സൗന്ദര്യമോ അവനില്ലായിരുന്നു. അവന്‍ മനുഷ്യ രാല്‍ നിന്ദിക്കപ്പെടുകയും അവനെ കാണുന്നവര്‍ മുഖം തിരിക്കുകയും ചെയ്യും' (ഏശ 53:2-3). ജീവിത കാലത്തു ക്രിസ്തുവിന്‍റെ ഉറവിടങ്ങളെ അവമതിപ്പോടെ കണ്ടവരും, മാതാപിതാക്കളുടെ സാമൂഹ്യാ ന്തസിന്‍റെ പേരില്‍ പഴി ചാരിയവരും ഉണ്ട് (യോഹ 1:46; മാര്‍ക്കോ 6:3). വിചാരണയുടെ സമയത്തു ഹീനമായ രീതിയില്‍ അവന്‍ പരിഹസിക്കപ്പെട്ടു (മത്താ.27:27-31); കുരിശിലാകട്ടെ അവര്‍ അവനെ വിവസ്ത്രനാക്കുകയും നികൃഷ്ടമായി അവഹേളിക്കു കയും ചെയ്തു (മത്താ. 27: 35-44). എന്നാല്‍, അവനേറ്റ നിന്ദനങ്ങളും മുറിവുകളും ക്ഷതങ്ങളും ആണല്ലോ നമുക്ക് രക്ഷയായി ഭവിച്ചത് (ഏശ 53: 5). ക്രൂരമായ നിന്ദനങ്ങള്‍ക്കും ശാരീരിക പീഡന ത്തിനും ശേഷം തന്‍റെ ശരീരം മഹിമയോടെ ഉയി ര്‍ക്കും എന്ന ബോധ്യവും ആത്മവിശ്വാസവും ക്രിസ്തുവിനുണ്ടായിരുന്നു(യോഹ.12:24;2:19 കാണുക) എന്നതാണ് പരിഹാസത്തെ അതിജീവി ക്കുവാന്‍ അവനെ പ്രാപ്തനാക്കിയതും മനുഷ്യരക്ഷ കനായി പരിണമിപ്പിച്ചതും.

ബോഡി ഷെയിമിങ് - ക്രൈസ്തവ കാഴ്ച പ്പാട്

'താന്‍ സൃഷ്ടിച്ചതെല്ലാം നല്ലതാണ്' എന്നു കണ്ട ദൈവത്തിന്‍റെ മക്കളും സൃഷ്ടികളുമാണ് നാം. ദൈവത്തിന്‍റെ കണ്ണില്‍ ഓരോ വ്യക്തിയും അതുല്യനും അമൂല്യനും ആണ്. അവന്‍ മനുഷ്യനെ മാലാഖമാരില്‍ നിന്നും അല്പം മാത്രം ചെറുതാക്കി എന്ന് സങ്കീര്‍ത്തകന്‍ പാടുന്നു. അവന്‍ തന്‍റെ സൃഷ്ടികളുടെ നാശമല്ല, ക്ഷേമം ആണ് ആഗ്രഹിക്കു ന്നത്. അവന്‍റെ പുത്രനായ ക്രിസ്തുവിനെ ലോക ത്തിലേക്ക് അയച്ചത് ഒരുവനും നശിച്ചുപോകാതെ ജീവന്‍ സമൃദ്ധമായി ഉണ്ടാകുന്നതിനും, അന്ത്യവിധിയില്‍ അനന്തജീവന്‍ പ്രാപിക്കേണ്ട തിനും വേണ്ടിയാണ്. വ്യക്തിയുടെ മൂല്യത്തെക്കു റിച്ചുള്ള ക്രൈസ്തവ മനുഷ്യദര്‍ശനത്തിന്‍റെ ആണിക്കല്ല് ഈ ദര്‍ശനം ആണ്.

ഒരിക്കല്‍ ഒരിടത്തു കുട്ടികള്‍, രാജാവ് കഥാപാത്രമായി വരുന്ന ഒരു നാടകം ആവിഷ്കരി ക്കാന്‍ ശ്രമിക്കുകയാണ്. രാജാവിന്‍റെ റോള്‍ ചെയ്യേണ്ടത് ശരീരപുഷ്ടിയും പ്രൗഢിയും ഘനഗംഭീരമായ ശബ്ദവും ഒക്കെയുള്ള ആള്‍ ആവണം എന്നു ചിലര്‍ ശഠിക്കുന്നു. ഇത്ര മാത്രമാണ് ഇസ്രായേലിന് ആദ്യമായി ഒരു രാജാവ് ഉണ്ടാകണം എന്ന നില വന്നപ്പോള്‍ സാമുവല്‍ പ്രവാചകനും ചിന്തിക്കുന്നത്. ആകാരവടിവും ഉയരവും ഉണ്ടായിരുന്ന ഏലീയാബ് ആണ് രാജയോഗ്യന്‍ എന്ന് സാമുവേലിനു തോന്നുന്നു. എന്നാല്‍ കര്‍ത്താവ് അവനെ തിരസ്കരിക്കുന്നു. മക്കളുടെ അപ്പനായ ജെസ്സെ, സാമുവേലിന് മുന്നില്‍ അവതരിപ്പിക്കുന്നത് യോഗ്യര്‍ എന്ന് അവനു തോന്നിയ ഏഴു മക്കളെയാണ്. ഏറ്റവും ഇളയവന്‍ ദാവീദിനെ, ജെസ്സെ സാമുവലിന്‍റെ മുന്നില്‍ കൊണ്ടുവന്നുപോലുമില്ല. അതേസമയം, വയസിളപ്പമോ, ശരീരവടിവോ, പഴ്സനാലിറ്റിയോ കര്‍ത്താവിന്‍റെ പരിഗണനക്ക് പുറത്തായിരുന്നു. ദാവീദ് രാജപദവിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നു (1 സാമു. 16).

മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ് കാണു ന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവ് ഹൃദയഭാവത്തിലും (1 സാമു.16:7). കര്‍ത്താവിന്‍റെ കണ്ണുകള്‍കൊണ്ട്, അഥവാ ദൈവം ദര്‍ശിക്കുന്നതുപോലെ നമ്മെത്തന്നെയും മറ്റുള്ള വരെയും കാണാന്‍ പരിശീലിക്കുക എന്നത് സാമൂ ഹികബന്ധങ്ങളെകുറിച്ചുള്ള ക്രൈസ്തവ ആത്മീയ തയുടെ മാനദണ്ഡമായി ഓരോ ക്രൈസ്തവനും കരുതണം. അത് പരിശീലിക്കപ്പെടുമ്പോള്‍തന്നെ സമൂഹത്തിലെ ഒട്ടനവധി പ്രശ്നങ്ങള്‍ പ്രത്യക്ഷ ത്തിലോ പരോക്ഷത്തിലോ പരിഹരിക്കപ്പെടും.

സൗന്ദര്യം കേവലം ബാഹ്യഭാവങ്ങളില്‍ അല്ല കുടികൊള്ളുന്നത്, അതു നിശ്ചയമായും ആന്തരിക മാണ് എന്ന തിരിച്ചറിവിലേക്ക് ഓരോരുത്തരും എത്തേണ്ടതുണ്ട്. തനിക്കോ മറ്റുള്ളവര്‍ക്കോ സൗന്ദര്യമില്ല എന്ന തോന്നല്‍തന്നെ അനാത്മീ യവും അനാരോഗ്യകരവും ആണ്. ആ ചിന്ത രോഗാ തുരമായ ഒരു മനസിനെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടാണ് തന്‍റെ ആന്തരികസംഘര്‍ ഷത്തിന്‍റെയും രോഗാതുരത്വത്തിന്‍റെയും ഉച്ചിയില്‍ ദാവീദ് വിലപിക്കുന്നത്: 'എന്‍റെ കണ്ണുകളുടെ പ്രകാശം നഷ്ടപ്പെട്ടിരിക്കുന്നു' (സങ്കീ. 38:10). മനോ ഹരമായ കണ്ണുകള്‍  അവനുണ്ടായിരുന്നു എന്ന താണ് അവനെ തിരഞ്ഞെടുക്കാന്‍ കര്‍ത്താവിനു കാരണമായത് എന്നോര്‍ക്കണം (1സാമു.16:12). കണ്ണുകളിലെ തിളക്കം നമ്മുടെ ആത്മാവിന്‍റെ ചൈതന്യത്തെ വിളിച്ചോതും, അഥവാ ആത്മാവ് സജീവവും തേജോമയവും ആണെങ്കില്‍ ചക്ഷു സും വദനവും സുന്ദരമാകും.

നാം ദൈവത്തിന്‍റെ ഛായയിലും സാദൃശ്യ ത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന അവ ബോധം ഓരോ നിമിഷവും നമുക്ക് ഉണ്ടെങ്കില്‍ നമ്മുടെയോ മറ്റുള്ളവരുടെയോ ശരീരത്തെ പരിഹ സിക്കാന്‍ നമുക്കാവില്ല. ബാഹ്യ മോടികളിലോ വിശേഷവസ്ത്രങ്ങളിലോ അഭിരമിക്കാതെ സൗമ്യതയുടെയും ശാന്തതയുടെയും ആത്മാവ് ആകുന്ന അനശ്വര രത്നം അണിയുമ്പോഴാണ് നാം സുന്ദരരാകുന്നത് (1 പത്രോ 3: 3-4) എന്ന തത്ത്വം ഒന്നാമതായി നാം സ്വീകരിക്കേണ്ടതുണ്ട്. രണ്ടാമ തായി മനുഷ്യരുടെ അംഗീകാരത്തിനായി നാം കാത്തുനില്‍ക്കേണ്ട, മനുഷ്യരുടെ പ്രതീക്ഷകളെ സഫലീകരിക്കുന്ന വിധം അവരെ പ്രീതിപ്പെടുത്തു വാന്‍ നാം തുനിയുകയും വേണ്ട (ഗലാ.1:10) എന്ന മനോഭാവവും ജീവിതശൈലിയും ആര്‍ജ്ജിക്കു വാന്‍ നാം കരുത്തുറ്റവര്‍ ആവണം. സര്‍വ്വോപരി അപരനെ അനുധാവനം ചെയ്യാന്‍ തുനിയാതെ സമൂഹത്തെ നയിക്കുവാന്‍ കെല്പുള്ള വിധത്തില്‍ നാം നമ്മുടെ സൗന്ദര്യത്തെ ഒരു ബ്രാന്‍ഡ് ആയി കാണാന്‍ പഠിക്കണം.

വെളുത്ത സിനിമാനടിമാര്‍ പോലും ശരീര ത്തിന്‍റെ സവിശേഷതകളുടെ പേരില്‍ (ന്യൂനത അല്ല, സവിശേഷത ആണ്) ശരീര പരിഹാസത്തിനു വിധേയമായിട്ടുണ്ട്. അതായതു, നിങ്ങളെ ആക്രമി ക്കണം എന്ന് ഒരാള്‍ക്കു തോന്നിയാല്‍ അതിന് അനേകം കാരണങ്ങള്‍ അവര്‍ കണ്ടെത്തും. നിങ്ങളുടെ വ്യക്തിത്വവും മനസ്സിന്‍റെ ബലവും അതുവഴി നിങ്ങള്‍ സമൂഹത്തില്‍ കൈവരിക്കുന്ന സ്വീകാര്യതയും മറ്റുള്ളവരെ അസ്വസ്ഥരാക്കുന്നു എന്നും, അതിനെ ഇടിച്ചുതാഴ്ത്തുവാന്‍ അവര്‍ നിങ്ങളുടെ ശരീരത്തെ ആയുധമാക്കുകയാണ് എന്നുമാണ് അതില്‍നിന്ന് ഇന്നത്തെ യുവതലമുറ മനസിലാക്കേണ്ടത്. അല്ലാതെ, നിങ്ങളുടെ ശരീരമോ അതിന്‍റെ അഴകോ ഒരിക്കലും നിങ്ങളുടെ ന്യൂനത അല്ല, അത് നിങ്ങളുടെ ശക്തി ആണ്.

ഉപസംഹാരം

പരിപൂര്‍ണ്ണ ശരീരം എന്നൊന്നില്ല എന്നത് സമൂഹം തിരിച്ചറിയേണ്ട കാര്യമാണ്. എല്ലാം തികഞ്ഞ ശരീരം എന്ന ആശയംതന്നെ അശ്ലീലമാണ്. യഥാര്‍ ത്ഥസൗന്ദര്യം ഉള്ളില്‍നിന്ന് വരുന്നു എന്നതിനാല്‍ ത്തന്നെ നന്മയുള്ള ഹൃദയങ്ങളുടെ ഉടമകളാണ് ഏറ്റവും സുന്ദരന്മാരും സുന്ദരികളും.  പോസിറ്റീവ് ആയ ശരീര കാഴ്ചപ്പാടുകളും ശ്രമങ്ങളും ഈ തലമുറയ്ക്ക് ഉണ്ടാവണം. വ്യക്തിയുടെ സ്വത്വം സമൂഹത്തിന്‍റെ നടപ്പുരീതികള്‍ക്കും യാഥാസ്ഥിതിക ബോധത്തിനും അനുസരിച്ചു വാര്‍ക്കപ്പെടേണ്ടതല്ല. അതിനാല്‍ത്തന്നെ മറ്റുള്ളവരെ അനുകരിക്കു ന്നതോ, പരിഹസിക്കുന്നതോ സ്രഷ്ടാവിനോടും അപരനോടും നമ്മോടു തന്നെയും ചെയ്യുന്ന തെറ്റാവും. അതേസമയം ആത്മബോധത്തിലൂന്നിയ മൂല്യങ്ങളായ കരുണ, സ്നേഹം, വിശ്വാസം, ധൈര്യം, ധിഷണ എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ വളര്‍ത്തി സമൂഹത്തിന് സംഭാവന ചെയ്യുന്ന വ്യക്തികളായി മാറാന്‍ ഓരോരുത്തരും പരിശ്രമി ക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങളിലും പൊതുസേ വന രംഗങ്ങളിലെ പരിശീലനങ്ങളിലും വേദപാഠ ക്ലാസുകളിലും ധ്യാനങ്ങളിലും ഇത്തരം മനോഭാവ ങ്ങള്‍ വികസിപ്പിക്കുകയും പാഠങ്ങളും ഉപദേശ ങ്ങളും നല്‍കുകയും വേണം. ആത്മവിശ്വാസവും ആധികാരികതയും മൗലികതയും ഉള്ള വ്യക്തിക ളുടെ രൂപപ്പെടുത്തലാണ് ആത്മീയതയുടെ പ്രധാന കാമ്പ്. നമ്മുടെ ആരാധനകളും ആത്മീയ നിഷ്ഠ കളും വിശ്വാസപരിശീലനവും ഒക്കെ അതിനു ഊന്നല്‍ നല്‍കിക്കൊണ്ട് സകാരാത്മക ആഭിമുഖ്യ ങ്ങളുള്ള സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.

You can share this post!

ഓണം: ചില ഉടല്‍വിചാരങ്ങള്‍

റ്റോംസ് ജോസഫ്
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts