news-details
കവർ സ്റ്റോറി

'കഥകളില്‍ പിന്നെയും പിന്നെയും തളിര്‍ക്കുന്നൊരാള്‍'

പത്താം വയസ്സുതൊട്ട് പുണ്യവാന്‍റെ കഥകള്‍. പണിതീരാതെ കിടന്നിരുന്ന ഒരു കുരിശു പള്ളി യോടു ചേര്‍ന്ന് രണ്ടു കുടിലുകെട്ടി തവിട്ടു വേഷം ധരിച്ച അച്ചന്മാര്‍ പാര്‍പ്പുതുടങ്ങിയത് ഞങ്ങളുടെ കുട്ടിക്കാലത്താണ്. ഒരാള്‍ സാന്താക്ലോസിനെ കണക്ക് വെളുത്ത താടിയും വട്ടക്കണ്ണടയുമായി. മറ്റെയാള്‍ തീരെ ചെറുപ്പമാണ്. ഗിത്താറൊക്കെയായി. അവര്‍ പറഞ്ഞ കഥകളില്‍ നിന്നാണ് ഇളം നെഞ്ചില്‍ ഫ്രാന്‍സിസ് എന്നൊരു പേര് പതി ഞ്ഞത്. ആ കഥകളിലത്രയും പെട്ടുപോയത് പതി നഞ്ചാം വയസ്സില്‍ ഒരാശ്രമത്തിന്‍റെ സന്ദര്‍ശകമുറി യില്‍ ഒരു പച്ച ട്രങ്കുമായി മൂത്ത ജ്യേഷ്ഠനുമായി ഇങ്ങനെ പരിഭ്രമിച്ചു നില്‍ക്കുന്നത്.മധ്യവയസ്സില്‍ എത്തിയിട്ടും അയാളുടെ കഥകള്‍ എന്നെ ആനന്ദിപ്പി ക്കുന്നു. പുതുതായി ഒന്നും കേള്‍ക്കാനോ പഠിക്കാനോ ഇല്ലെന്ന് അറിഞ്ഞിട്ടും ഒരു പഴയകുട്ടിയുടെ കൗതുകത്തോടെ അവ വായിക്കുന്നു. ഓരോ പ്രാവശ്യവും അഴുക്കും പൊടിയും പുരണ്ട ആത്മാവിന് മുങ്ങിക്കളിയായി മാറുന്നു.7 key moments in the life of St.Francis ennd Jacks wintz കുറിപ്പ് ഹൃദ്യമായി അനുഭവപ്പെട്ടു. അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ എഴുത്ത്. ദൈവ ത്തിനുവേണ്ടി ഉല്‍ക്കപോലെ കത്തിത്തീര്‍ന്ന ഒരാളുടെ ആത്മരേഖയിലെ സുപ്രധാനമായ നിമിഷങ്ങള്‍ നമുക്കുള്ള ഓര്‍മ്മപ്പെടുത്തലുകളാണ്.

1. അനിഷ്ടങ്ങളെ ആലിംഗനം ചെയ്യുക.

അനിഷ്ടങ്ങളെ ആലിംഗനം ചെയ്യാന്‍ ഒരാള്‍ ഇച്ഛാശക്തി കാട്ടുന്ന അസാധാരണ പ്രഭയുള്ള ഒരു ജീവിതമുഹൂര്‍ത്തമുണ്ട്. അവിടെയാണ് അയാളുടെ ആന്തരികസഞ്ചാരത്തിന്‍റെ നാന്ദി. പത്രോസിന്‍റെ ദര്‍ശനത്തിലെന്നപോലെ ഭൂതലത്തിനു മീതെയുള്ള സര്‍വചരാചരങ്ങളേയും ഉള്‍ക്കൊണ്ട് ആകാശത്തു നിന്ന് ഒരു കൊട്ട പ്രത്യക്ഷപ്പെടുന്നു, 'ഇതു നിനക്ക് കഴിക്കാനുള്ളതാണ്.' അയാളതു നിഷേധിച്ചു, 'ശുദ്ധമല്ലാത്തതൊന്നും ഞാന്‍ ഭക്ഷിച്ചിട്ടില്ല.' ഞാന്‍ സൃഷ്ടിച്ചതിനെ ശുദ്ധമെന്നും അശുദ്ധമെന്നും വേര്‍ തിരിക്കാനായി നിന്നെ ആരാണു നിശ്ചയിച്ചത്? ചില ദേശങ്ങളേയും സമൂഹങ്ങളേയും ഒഴിവാക്കിയുള്ള അയാളുടെ സുവിശേഷപഥങ്ങള്‍ക്കുള്ള താക്കീതാ യിരുന്നു അത്. ഇഷ്ടാനിഷ്ടങ്ങളെ കുറുകെ കടന്ന്, ഒരിക്കല്‍ വിട്ടുപോരികയും മറുതലിക്കുകയും ചെയ്ത അനുഭവങ്ങളെ ആലിംഗനം ചെയ്യാനുള്ള ദൂതായിരുന്നു അത്.

ദ്വന്ദങ്ങളുടെ ഈ ജീവിതത്തില്‍ നാമറിയാതെ ഒരു പട്ടിക രൂപപ്പെടുന്നുണ്ട്- ഇഷ്ടം / അനിഷ്ടം. അത്തരം അനിഷ്ടങ്ങള്‍ ഫോബിയകളായിപ്പോലും പരിണമിക്കുന്നു. ഒരു ചെറിയ കാലത്തെ തടവറവാ സത്തിനും സാമാന്യം ദീര്‍ഘമായ ഒരു ജ്വരക്കാല ത്തിനും ശേഷം അസ്സീസിയിലെ ഫ്രാന്‍സിസിനു സംഭവിച്ചത് ശ്രദ്ധിക്കണം. തന്‍റെ കാലത്തെ മറ്റാരെയുംപോലെ കുഷ്ഠരോഗികളെ അയാളും ഭയപ്പെടുകയും വെറുക്കുകയും ചെയ്തിരുന്നു. എതിരേ വരുന്ന രോഗബാധിതനില്‍ നിന്ന് പതിവു പോലെ വഴുതിമാറാനുള്ള ഇന്‍സ്റ്റിങ്റ്റിനെ അയാള്‍ നേരിടാന്‍ തീരുമാനിച്ചു. കുതിരപ്പുറത്തുനിന്ന് താഴെയിറങ്ങി അയാള്‍ അവനെ ആലിംഗനം ചെയ്തു, ചുണ്ടില്‍ മൃദുവായി ചുംബിച്ചു. പിന്നീട് അയാളിങ്ങനെയാണ് എഴുതിയത്:  "When I was in sin, the sight of lepers nauseated me beyond measure; but then God himself led me into their company, and I had pity on them. When I became acquainted with them, what had previously nauseated me became the source of spiritual and physical consolation for me." ഒരിക്കല്‍ മനം മടുപ്പിച്ചിരുന്ന കാഴ്ചകളിലേക്ക് എന്നെ ദൈവം തന്നെ കൂട്ടിക്കൊണ്ടുപോവുകയും അന്‍പുണര്‍ത്തു കയും ചെയ്തു. അവരെ പരിചയപ്പെട്ടപ്പോള്‍ മനംപിരട്ടലിനു പകരം ആത്മാവിന്‍റേയും ശരീരത്തി ന്‍റേയും ആശ്വാസമായി അതു പരുവപ്പെട്ടു.

ക്രിസ്തു രൂപപ്പെടുവോളം സാധകന്‍ കടന്നു പോകേണ്ടിവരുന്ന ഈറ്റുനോവിനേക്കുറിച്ച് ഗലാത്യരോട് പോള്‍ പറയുന്നുണ്ട്. ക്രിസ്തു എന്നാല്‍ നിര്‍മലസ്നേഹത്തിലേക്കുള്ള ഒരുവന്‍റെ ജ്ഞാനസ്നാനമെന്ന് തിരുത്തിവായിക്കണം. ആ ഈറ്റുനോവിന്‍റെ സൂചനകളില്‍ ആദ്യത്തേതാണ് നമ്മള്‍ പരാമര്‍ശിച്ചത്. എങ്ങനെയാണ് ഒരു സ്ത്രീ തന്‍റെ ഉള്ളിലെ നവാതിഥിയുടെ സാന്നിധ്യം തിരിച്ചറിയുന്നത്? ഇന്നലെവരെ ഇഷ്ടമുള്ള പല വിഭവങ്ങളും ഇന്നവളെ മടുപ്പിക്കുന്നു-nauseating.. ഒപ്പം, ഇന്നലെവരെ തെല്ലും താല്പര്യമുണര്‍ത്താ തിരുന്നവയോട് പുതിയ കൗതുകങ്ങളും മമതകളും രൂപപ്പെടുന്നു. ഇതാണ് ആത്മീയതയുടെ പ്രഭാത രോഗം- morning sickness.. സന്ധ്യകളില്‍ ചങ്ങാതി ക്കൂട്ടത്തോടൊപ്പം പാനോപചാരങ്ങളില്‍ സന്തോഷി ച്ചിരുന്ന ഒരാളെ പെട്ടെന്ന് മടുപ്പ് പിടികൂടുന്നു. പുലരിയിലെ തണുത്ത നാട്ടുവഴികളിലൂടെ തിടുക്കത്തില്‍ ആരാധനാലയത്തിലേക്കു പോകുന്ന ഒരു വയോധികന്‍ അയാളെ കൗതുകപ്പെടുത്തു കയും ചെയ്യുന്നു. അവിടെ എന്തായിരിക്കാം അയാളെ കാത്തിരിക്കുന്നത്?

ഫ്രാന്‍സിസ് കുറിച്ചത് ഇങ്ങനെയാണ്: 'ഇന്നലെവരെ കയ്പ്പുള്ളവ ആ നിമിഷം മുതല്‍ എനിക്കു മധുരമായി, മധുരം കയ്പ്പും.'

2. ഞങ്ങളുടെ അപ്പന്

അപ്പനും മകനുമിടയിലെ അകലം വര്‍ദ്ധിക്കുകയായിരുന്നു.ദരിദ്രരോടുളള മമതകള്‍, കുഷ്ഠരോഗി കളോടൊപ്പമുള്ള സഹവാസം ഇതൊക്കെ അവര്‍ ക്കിടയില്‍ വലിയ അകലം സൃഷ്ടിച്ചു. കാര്യങ്ങള്‍ അവസാനിക്കുന്നത്. ബിഷപ്പിന്‍റെ അങ്കണത്തി ലാണ്. ഓരോരോ ആരോപണങ്ങള്‍ക്കൊടുവില്‍ അപ്പനവകാശപ്പെട്ടതെല്ലാം തിരിച്ചു കൊടുക്കാമെന്ന് മകന്‍. കാല്‍ച്ചുവട്ടില്‍ വസ്ത്രങ്ങള്‍ വരെ ഊരിവച്ചു ഇങ്ങനെ മന്ത്രിച്ചു: ഇനിമുതല്‍ എന്‍റെ പിതാവ് പീറ്റര്‍ ബര്‍ണ്ണദോന്‍ ആണെന്ന് ഞാന്‍ പറയില്ല. പകരം സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ അപ്പാ എന്ന് മാത്രം. അതായിരുന്നു അയാളുടെ വീണ്ടും പിറവി. ആ ബോധത്തില്‍ നിന്നാണ് സഹോദരന്‍ എന്ന വിളി, ഒരിക്കല്‍കൂടി അഗാധമായി ക്രിസ്റ്റ്യാനിറ്റിയില്‍ മുഴങ്ങിയത്. ക്രിസ്തീയത ഭൂമിയ്ക്ക് സമ്മാനിച്ച പുതിയൊരു പദമായിരുന്നു അത്. എന്നാല്‍ കാലക്ര മേണ ആ പദവും ഉറകെട്ട ഉപ്പായി.

കുറേക്കാലം മുന്‍പാണ്, ഒരു ജ്യേഷ്ഠന്‍ അനു ജനെ കൊല്ലാന്‍ തീരുമാനിച്ചു. പബ്ബില്‍ അയാള്‍ മദ്യപിച്ചു നൃത്തം ചവിട്ടുകയാണ്. കാഞ്ചിവലിക്കാ നുള്ള ഉന്നം ശരിയാക്കാനായി റൈഫിള്‍സ്ക്കോ പ്പിലൂടെ ഉറ്റുനോക്കുകയായിരുന്നു. വളഞ്ഞും തിരിഞ്ഞുമുള്ള നൃത്തത്തിനിടയില്‍ അവന്‍റെ മുഖത്തിന്‍റെ പാര്‍ശ്വവീക്ഷണം അയാള്‍ക്ക് ലഭിക്കു ന്നുണ്ട്. അപ്പോഴാണ് കൗതുകകരമായ ഒരു കണ്ടെ ത്തല്‍ സംഭവിച്ചത്.അവന്‍ മരിച്ചുപോയ തങ്ങളുടെ അച്ഛനെപ്പോലെതന്നെയിരിക്കുന്നു. കൈ കുഴഞ്ഞു പോകാതെ ഇനിയെന്തുചെയ്യും-മൈ ബ്രദര്‍.

ആശ്രമത്തില്‍ കള്ളന്‍ കയറി. കുറേക്കാലമായി ആരെയും ഉപദ്രവിക്കാതെ തെല്ല് നഷ്ടബോധത്തില്‍ ജീവിച്ചിരുന്ന അന്തേവാസികള്‍ ആയിരുന്നു. മാന ത്തിട്ടിടിച്ചു. എല്ലാവര്‍ക്കും ഇടിക്കാനുള്ള ഊഴം കിട്ടാനായിരുന്നു അത്. പിന്നെ പുറത്ത് തണുപ്പി ലേക്ക് എറിഞ്ഞു. അത്താഴത്തിനെത്തിയ ഫ്രാന്‍ സിസ് കഥ കേട്ട് വാവിട്ടു കരഞ്ഞു; സഹോദരന്‍ കള്ളന് വിശന്നപ്പോള്‍ അയാള്‍ക്ക് അത്താഴം കൊടു ക്കാതെ അപഹസിച്ചും പ്രഹരിച്ചും നിങ്ങള്‍. ആ വാക്ക് ഉള്ളില്‍ക്കിടന്ന് അനങ്ങി.

ഓരോരുത്തര്‍ക്കായി പിഞ്ഞാണത്തില്‍ വിളമ്പി വച്ച ഭക്ഷണമുണ്ട്. അതു കൈയിലെടുത്ത് പുറത്തെ തണുപ്പിലേക്കും ഇരുട്ടിലേക്കും അവര്‍ നടന്നു; പൈന്‍ വൃക്ഷങ്ങള്‍ക്കിടയിലൂടെ 'സഹോദരന്‍ കള്ളാ, വന്നു കഴിച്ചിട്ടു പോ' എന്നുറക്കെ വിളിച്ച്. ഏതോ മരങ്ങള്‍ക്കിടയില്‍ പമ്മിയൊതുങ്ങി നിന്ന അയാള്‍ തന്‍റെ കരച്ചില്‍ പുറത്തേക്കു വരാതിരി ക്കാന്‍ സ്വന്തം വിരലുകളെ കടിച്ചുമുറിച്ചു, എന്തൊ ക്കെയാണ് ഈ മനുഷ്യര്‍ വിളിച്ചുപറയുന്നത്.

3. മഹാപ്രഭുവിന്‍റെ കുഴലൂത്തുകാരന്‍

അതായിരുന്നു അയാള്‍ അയാള്‍ക്ക് വേണ്ടി കണ്ടുപിടിച്ച രൂപകം. വനത്തില്‍ ഉറക്കെ സ്തോത്ര ഗീതങ്ങള്‍ പാടിക്കൊണ്ടിരുന്ന അയാളെ നേരിട്ടത് കവര്‍ച്ചക്കാരായിരുന്നു. ആരാണയാള്‍ എന്ന ഉദ്വേഗങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ സ്ഫുട മായി നല്‍കിയ മറുപടി ഇതായിരുന്നു:I am the Harald of the Great King! കേട്ടമാത്രയില്‍ അവരയാളെ പ്രഹരിച്ചുതുടങ്ങി. മഞ്ഞുകുഴിയി ലേക്ക് അവര്‍ എടുത്തെറിഞ്ഞു. അത്യുന്നതരാജാ വിന്‍റെ പാട്ടുകാരന് നിരക്കുന്ന ഇടം അതാണെന്നു പറഞ്ഞ് പൊട്ടിച്ചിരിച്ചു കടന്നുപോയി.

അതായിരുന്നു അയാള്‍ക്ക് നിരക്കുന്ന ഏറ്റവും ഉചിതമായ വിശേഷണം. മറ്റൊന്നും പ്രധാനപ്പെട്ട തല്ല. അയാള്‍ എന്തായിരുന്നു എന്നോ ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്നോ അവനവന്‍ തുലോം ഇല്ലാതെ പോകുന്ന പുതിയൊരു കളി തുടങ്ങുക യാണ്. അത്ര പുതിയതെന്ന് പറഞ്ഞുകൂടാ. യേശുവിനോടൊപ്പമോ തെല്ല് മുന്‍പെയോ ആ ബോധത്തിന്‍റെ തളിര്‍പ്പുകള്‍ ഉണ്ടായിരുന്നു. പിന്നെങ്ങനെയോ മാഞ്ഞുപോയതാണ്. നീ ആര് എന്ന് ചോദിച്ചപ്പോള്‍ താപസനായ യോഹന്നാന്‍ പറഞ്ഞതും അതുതന്നെയായിരുന്നു: ഞാന്‍ മരുഭൂമിയില്‍ നിന്ന് വിളിച്ചു പറയുന്നവന്‍റെ ശബ്ദം മാത്രമാണ്. പുതിയ വിനയപാഠങ്ങള്‍ അയാളിലൂടെ വീണ്ടും ക്രിസ്തീയ ബോധത്തില്‍ തിടം വയ്ക്കുക യാണ്. പുതിയൊരു സമൂഹം രൂപപ്പെടുമ്പോള്‍ അസാധാരണ സ്വാതന്ത്ര്യത്തിലും വിശ്വാസത്തിലും ഫ്രാന്‍സിസ് ഉരുവിട്ട ആ പദമാണ് ആ സരണിയി ലേക്ക് എത്തുന്ന ഏതൊരാളുടെയും ചൂണ്ടുപലക.

4. ഒരു രാത്രി പ്രാര്‍ത്ഥനയുടെ കഥ

ഫ്രാന്‍സിസിന്‍റെ പുതിയ സഞ്ചാരത്തോട് ആദ്യം ആഭിമുഖ്യം രൂപപ്പെട്ടത് ബര്‍ണാഡ് എന്ന മറ്റൊരു ധനികനായ ചെറുപ്പക്കാരനായിരുന്നു. അയാളും എല്ലാം വിറ്റ് ദൈവത്തിന്‍റെ നിസ്വനാകാ നുള്ള തീരുമാനത്തിലായിരുന്നു. രാമകൃഷ്ണപരമ ഹംസര്‍ പറയുന്നത് പോലെ ഒരു ഗുരുവിലേക്ക് അര്‍പ്പിക്കുന്നതിനു മുമ്പ് നിങ്ങള്‍ക്ക് രാമനെ പല യാവര്‍ത്തി ഉരച്ചുനോക്കേണ്ട ബാധ്യതയുണ്ട്. അതുതന്നെയായിരുന്നു ബര്‍ണാഡിന്‍റെയും ഗൂഢലക്ഷ്യം. അത്താഴത്തിന് ഫ്രാന്‍സിസിനെ വിളിച്ച് പിറ്റേന്ന് മടങ്ങുക എന്നായിരുന്നു ക്ഷണം.

ഒരേമുറി ആ രാത്രിയില്‍ പങ്കിട്ടു. ബര്‍ണാഡ് വളരെ വേഗത്തില്‍ ഉറക്കത്തിലേക്ക് വഴുതിപ്പോകു ന്നതായി നടിച്ചു. ഗാഢനിദ്രയിലേക്ക് അയാള്‍ വഴുതിപ്പോയെന്ന് നടിച്ച് ഫ്രാന്‍സിസ് മുട്ടിന്മേല്‍ നിന്ന് കരങ്ങളുയര്‍ത്തി പുലരുവോളം ഇങ്ങനെ നിലവിളിച്ചുകൊണ്ടേയിരുന്നു: 'എന്‍റെ കര്‍ത്താവേ എന്‍റെ സര്‍വ്വസ്വമേ' പുലരിയാകുമ്പോള്‍ ഉറക്കം നടിച്ചുകിടക്കുകയും ചെയ്തു.ദൈവത്തിന്‍റെ നന്മയും സ്നേഹവും ആ മനുഷ്യന്‍റെ ബോധത്ത സദാ അടിതെറ്റിച്ചിരുന്നു.അതില്‍നിന്നാണ് ഇങ്ങനെയൊരു ഫ്രാന്‍സിസ്കന്‍ പ്രാര്‍ത്ഥന ഉണ്ടായത്: All powerful all holy most high and supreme God, Sovereign good,all good, every good, you who alone are good,it's to you,we  must give all praise all glory,all thanks,all honour,all blessings, to you we must refer all good always.Amen- ഇതില്‍ ഗുഡ് എത്രതവണ ഉണ്ടെന്ന് സമയം കിട്ടുമ്പോള്‍ എണ്ണിത്തിട്ടപ്പെടുത്താവുന്നതാണ്.

5. ക്ലാരയുടെ വരവ്

ഈ പുതിയ സാഹോദര്യത്തിലേക്കാണ് തുളസിക്കതിര്‍ പോല്‍ ശുദ്ധിയുള്ള ഒരു പെണ്‍കുട്ടി പങ്കുകാരിയാവുന്നത്.അക്ഷരാര്‍ത്ഥത്തില്‍ ഒളിച്ചോടി അവനിലേക്ക് എത്തുകയായിരുന്നു അവള്‍.രാത്രിയില്‍ പോര്‍സ്യുങ്കുല എന്ന കുരിശു പള്ളിയില്‍ അവളുടെ മുടി മുറിച്ച് മാറ്റപ്പെട്ടു.ആ തവിട്ടു പരുക്കന്‍വസ്ത്രത്തിന് പകരമായിട്ടായിരുന്നു അത്. വൈകാതെ സ്ത്രീകളുടെ ഒരു സമാന്തര സമൂഹം ഉണ്ടായി. നിഷ്കളങ്കമായ സ്ത്രീപുരുഷ സൗഹൃദങ്ങളില്‍ ക്ലാരയും ഫ്രാന്‍സിസും ഇപ്പോഴും ബഞ്ച്മാര്‍ക്കായി നിലകൊള്ളുന്നു.എന്തോ ചില ആശങ്കകള്‍ ആ പാരസ്പര്യത്തിലുണ്ടായപ്പോള്‍ പരസ്പരമുള്ള സന്ദര്‍ശനത്തിന് വൈമുഖ്യം കാട്ടിയ ഫ്രാന്‍സിസ് ഞങ്ങളുടെ ആശ്രമങ്ങള്‍ക്കിടയിലുള്ള കല്ലുപാകിയ നടപ്പാതയില്‍ വെള്ളപ്പൂക്കള്‍ വിരിയുന്ന അന്നേ ഇനിയൊരു യാത്ര ഉണ്ടാവൂ എന്ന് ആത്മഗതം ചെയ്ത നിമിഷം അസീസി മുഴുവന്‍ ഒരു തൂവെള്ള വസന്തമുണ്ടായി എന്നൊരു പാരമ്പര്യമുണ്ട്!

ക്ലാര 1253ലാണ് മരിക്കുന്നത്. ഫ്രാന്‍സിസിനെ ക്കാള്‍ 27 വര്‍ഷംകൂടി ജീവിച്ചു. അയാള്‍ ജീവിച്ചി രുന്നകാലത്തെക്കാള്‍ ശക്തമായി, അയാളുടെ മൂല്യങ്ങളില്‍ അടിമുടിയര്‍പ്പിച്ച്. സ്ത്രീയുടെ ആത്മാഭിമാനത്തിന്‍റെയും ആത്മവിശ്വാസത്തി ന്‍റെയും അടിവരയായിട്ടാണ് ഫ്രാന്‍സിസ്ക്കന്‍ ചരിത്രത്തില്‍ ക്ലാര ഇപ്പോഴും ജീവിക്കുന്നത്.

6. പഞ്ചക്ഷതങ്ങള്‍ എന്ന സമ്മാനം

മരണത്തിന് ഒരു രണ്ട് വര്‍ഷം മുമ്പായിരുന്നു അഗാധധ്യാനത്തില്‍ ഒരാത്മാവ് അലിഞ്ഞുപോയ നിമിഷം അഗ്നിച്ചിറകുള്ള ഒരു മാലാഖ അയാളെ ത്തേടിയെത്തി. ദൈവസ്നേഹത്തിന്‍റെ കനലില്‍ അയാളും കത്തിത്തുടങ്ങി. ആ ദര്‍ശനം മാഞ്ഞ പ്പോള്‍ ക്രിസ്തുവിന്‍റെ അഞ്ച് മുറിവുകള്‍ അയാളുടെ ഉടലില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു.

ചരിത്രത്തിലെ ആദ്യത്തെ പഞ്ചക്ഷതധാരി യായിരുന്നു അയാള്‍. സെന്‍റ് പോളിനെക്കുറിച്ച് അങ്ങനെ ചില അനുമാനങ്ങള്‍ ഉണ്ടെന്ന് വിസ്മരി ച്ചിട്ടല്ല. ഉത്തമഗീതത്തിലെന്നപോലെ നീര്‍പ്രവാഹ ങ്ങള്‍ക്ക് അണയ്ക്കാനാവാത്ത പുതിയ തീവ്ര സ്നേഹത്തിന്‍റെ അഗ്നിയില്‍ പെട്ടുപോയ ആത്മാ ക്കളുടെ ശരീരം പോലും അയാളില്‍ നിന്ന് വിഭിന്ന മല്ല. സ്നേഹത്തിന്‍റെ കനലിനെക്കുറിച്ചാണ് ഫ്രാന്‍സിസിന് ലോകത്തോട് പറയാനുള്ളത്. വിശേഷിച്ച് സ്നേഹം ആലിപ്പഴത്തെക്കാള്‍ തണു ത്തുപോകുന്നൊരു കാലത്ത്. സെറാഫിക് വിശുദ്ധ നെന്നാണ് അയാളെ സഭ വിശേഷിപ്പിക്കുന്നത്. തീച്ചിറകുള്ള മാലാഖയാണ് സെറാഫെന്ന് ഇതിനകം സൂചിപ്പിച്ചിട്ടുണ്ടല്ലോ.

7. Sister Death

ഇനി മരണത്തെക്കുറിച്ചാണ്.

ഫ്രാന്‍സിസിന്‍റെ ആദ്യത്തെ ജീവചരിത്രകാരന്‍, സെലാനയിലെ തോമസ് ഇങ്ങനെയാണ് ഓര്‍മ്മിച്ചെ ടുക്കുന്നത്. ഇതായിരുന്നു ഫ്രാന്‍സിസിന്‍റെ അന്ത്യ നിര്‍ദ്ദേശം. ഞാന്‍ മരിക്കുമ്പോള്‍ നഗ്നനായി എന്നെ നിലത്തു കിടത്തുക. തിടുക്കമില്ലാതെ ഒരു മൈല്‍ ദൂരം ഒരാള്‍ക്ക് സഞ്ചരിക്കാവുന്ന അത്രയും നേരം മാത്രം ഞാന്‍ അവിടെ ഉണ്ടായാല്‍മതി.അവരത് പാലിച്ചു. അയാളെ പിറന്ന പോലെ നിര്‍മ്മലനായി നിലത്തു കിടത്തി. ഏകദേശം അരമണിക്കൂര്‍. അതിനുമുമ്പ് ചുറ്റിനും നില്‍ക്കുന്നവരോട് സ്തോത്രഗീതങ്ങള്‍ പാടുവാന്‍ ആവശ്യപ്പെട്ടിരുന്നു. വീഴ്ചയ്ക്കുമുന്‍പുള്ള ആദത്തെപ്പോലെ നഗ്നത യില്‍ തെല്ലും ലജ്ജിക്കാതെ മണ്ണിലേക്ക് അയാള്‍ മടങ്ങുന്നു. ബോനവെഞ്ച്വര്‍ ഇങ്ങനെയാണ് ഫ്രാന്‍സിസിന്‍റെ ജീവിതം പറഞ്ഞ് അവസാനിപ്പി ക്കുന്നത്. ആ നിമിഷത്തില്‍ വലിയൊരു ഗണം കിളി കള്‍ മേല്‍ക്കൂരയ്ക്കു മീതെ വന്നുകൂടി. അത്യാ ഹ്ളാദത്തില്‍ ചൂളം കുത്തി പാടാന്‍ തുടങ്ങി. അതൊരു സാക്ഷ്യമായിരുന്നു. കിളികളോട് ദൈവ സ്തുതികള്‍ പാടാന്‍ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്ന ഒരു മനുഷ്യന്‍റെ മഹത്വത്തിനുള്ള സാക്ഷ്യം.

ആരംഭത്തില്‍ സൂചിപ്പിച്ചതുകണക്ക് കൗമാരം മുതല്‍ കേട്ടു തുടങ്ങിയ കഥകളാണ്.എന്നിട്ടും ഒരേ നദിയില്‍ രണ്ടാവര്‍ത്തി ആര്‍ക്കും മുങ്ങി നിവരാനാ വില്ലെന്ന് യവനചിന്തകര്‍ കരുതിയതുപോലെ കഥകളും അനുസ്യൂതം നവീകരിക്കപ്പെടുന്നു.ഓരോ മുങ്ങിനിവരിലും നമ്മള്‍ കുറേക്കൂടി ശുദ്ധരാവു കയും ചെയ്യുന്നു.

You can share this post!

ഓണം: ചില ഉടല്‍വിചാരങ്ങള്‍

റ്റോംസ് ജോസഫ്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts