news-details
കഥപറയുന്ന അഭ്രപാളി

ജീവിതം ധന്യവും പ്രകാശ പൂരിതവുമാകുമ്പോള്‍

ഓരോരുത്തരും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തികളോ സംഭവങ്ങളോ ഉണ്ടാകുക സാധാരണമാണ്. എന്നാല്‍ അത് സ്വജീവിതത്തെയും അതുവഴി ചരിത്രത്തെയും മാറ്റിമറിക്കുമ്പോള്‍ പുതുതായൊരു ക്രമം രൂപപ്പെട്ടുവരും. പ്രകീര്‍ത്തിക്കപ്പെട്ട വിശുദ്ധന്മാരില്‍ ഏറ്റവും ഉന്നതശ്രേണി അലങ്കരിക്കുന്ന അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവിതം ചരിത്രപരമായ പ്രാധാന്യം കൈവരിക്കുന്നത് ഈ സവിശേഷത കൊണ്ടാണ്. അത്തരം ജീവിതങ്ങള്‍ എഴുതുകയോ ചിത്രീകരിക്കുകയോ ചെയ്യുന്നത് തികച്ചും ശ്രമകരമാണ്. ജീവചരിത്രങ്ങള്‍ ചലച്ചിത്രമാക്കുമ്പോള്‍ പ്രത്യേകിച്ചും. വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവിതം ഒപ്പിയെടുത്ത നിരവധി ചലച്ചിത്രങ്ങള്‍ അഭ്രപാളികളെ പുളകം കൊള്ളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ജീവിതം പറഞ്ഞ ചലച്ചിത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാമ്പത്തിക ലാഭത്തിനപ്പുറം ചരിത്രപരമായ നിയോഗമാണെന്നാണ് അതിന്‍റെ അണിയറക്കാര്‍ കരുതിയത്. സ്വജീവിതത്തിലെ നിറവിന്‍റെ അനുഭവത്തില്‍ നിന്നും നിരാലംബരായ ജീവിതങ്ങള്‍ക്കായി സമര്‍പ്പിതമായ അദ്ദേഹത്തിന്‍റെ സന്യസ്തജീവിതം സഭാചരിത്രത്തിലെ വ്യത്യസ്തമായ ഒരു ഏടായിട്ടാണ് കണക്കാക്കപ്പെടുന്നത്.

സുഭിക്ഷതയുടെ ധാരാളിത്തത്തില്‍ നിന്നും ഉണങ്ങിവരണ്ട ജീവിതങ്ങളുടെ ചുവട്ടിലേക്ക് മഴ പെയ്തിറങ്ങുന്നതുപോലെയുള്ള തന്‍റെ ജീവിതചര്യയാല്‍ അദ്ദേഹം ക്രൈസ്തവ സന്യാസിമാര്‍ അതുവരെ ശീലിച്ച രീതികള്‍ക്കും അതിരുകള്‍ക്കുമപ്പുറം സന്യസ്തശൈലികളെ കൊണ്ടുപോകുകയായിരുന്നു. ലോകത്തിലെ സകല നിസ്വര്‍ക്കും സാന്ത്വനം നല്‍കുകയും അതോടൊപ്പം പ്രകൃതിയുടെ രീതികള്‍ക്ക് അനുഗുണമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ശൈലിയാണ് അദ്ദേഹം ജീവിതത്തിലുടനീളം അനുവര്‍ത്തിച്ചത്. അത്തരം ജീവിതചര്യയോട് ഐക്യദാര്‍ഢ്യവും ആദരവും പ്രകടിപ്പിച്ചാണ് അഭിവന്ദ്യ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ സഭയുടെ പാരിസ്ഥിതിക രക്ഷാധികാരിയായി പ്രഖ്യാപിച്ചത്.

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതത്തെ അധാരമാക്കി ലൂയിസ് ഡി വോള്‍ രചിച്ച 'ദി ജോയ്ഫുള്‍ ബെഗര്‍' എന്ന ചരിത്രനോവലിനെ 1961-ല്‍ അഭ്രപാളിയിലേക്ക് പകര്‍ത്തിയ ചിത്രമാണ് ഫ്രാന്‍സിസ് ഓഫ് അസ്സീസി. വിഖ്യാത ചിത്രങ്ങളായ കാസബ്ലാങ്കയും, റോബിന്‍ഹുഡുമൊക്കെ സംവിധാനം ചെയ്ത മൈക്കല്‍ കര്‍ട്ടിസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ട്വെന്‍ടിയത്ത് സെഞ്ച്വറി ഫോക്സ് എന്ന ബ്രഹ്മാണ്ഡ നിര്‍മ്മാണ കമ്പനി നിര്‍മ്മിച്ച ഈ ചിത്രം അക്കാലയളവിലെ ചെലവേറിയ ചിത്രങ്ങളിലൊന്നായിരുന്നു.

അസ്സീസിയിലെ സമ്പന്ന വസ്ത്രവ്യാപാരിയുടെ മകനായി പിറന്ന് സകലസൗഭാഗ്യങ്ങളോടെയും വളരുകയും, പിന്നീട് പാവപ്പെട്ടവരോടും, പ്രകൃതിയോടുമുള്ള അളവറ്റ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും മൂര്‍ത്തീഭാവമായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഫ്രാന്‍സിസ് അസ്സീസിയുടെ ചരിത്രമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. സമകാലിക ജീവിതത്തില്‍ മിക്കവാറും പ്രകൃതിയും മനുഷ്യനും പലപ്പോഴും എതിര്‍ദിശയിലാണ് ജീവിക്കുന്നത്. അതുപോലെ തന്നെയാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും. എല്ലാം സമാന്തരരേഖകള്‍ പോലെയാണ്. പരസ്പരം കൂട്ടിമുട്ടാത്ത ഈ രേഖകള്‍ അനിതരസാധാരമമായ സ്നേഹത്തിന്‍റെ നൂലുകള്‍ കൊണ്ട് പരസ്പരം പിന്നിയിടാനാണ് അദ്ദേഹം ശ്രമിച്ചത്. ഭൂമിയില്‍ പിറന്ന മനുഷ്യജീവിതങ്ങളില്‍ ക്രിസ്തുവിനുശേഷം പകരംവക്കാനില്ലാത്ത ജീവിതമായിരുന്നു വിശുദ്ധ ഫ്രാന്‍സിസിന്‍റേത്. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും സമഭാവനയോടെ കാണുകയും തുല്യപ്രാധാന്യത്തോടെ പരിഗണിക്കുകയും അവരോട് ചേര്‍ന്നുനിന്ന് ജീവിച്ച് കാണിക്കുകയും ചെയ്തു എന്നുള്ളതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

മൈക്കിള്‍ കര്‍ട്ടിസിന്‍റെ ചിത്രത്തില്‍ വിശുദ്ധ ഫ്രാന്‍സിസിന്‍റെയും അദ്ദേഹത്തിന്‍റെ സുഹൃത്തും പിന്നീട് വിശുദ്ധയുമായിത്തീര്‍ന്ന ക്ലയറിന്‍റെ ജീവിതമാണ് പരാമര്‍ശിക്കുന്നത്. യുദ്ധം സൃഷ്ടിച്ച മുറിവിന്‍റെ ആഘാതം വിശുദ്ധ ഫ്രാന്‍സിസിനെ മാനസിക പരിവര്‍ത്തനത്തിന് വിധേയമാക്കിയപ്പോള്‍, ക്ലയറിന്‍റേത് സമര്‍പ്പിത ജീവിതമായിരുന്നു. ഫ്രാന്‍സിസ് അസ്സീസിയിലേക്ക് യുദ്ധാനന്തരം തിരികെയെത്തുകയും കുടുംബവ്യാപാരത്തില്‍ പങ്കുചേരണമെന്ന പിതാവിന്‍റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി സമൂഹത്തിന്‍റെ താഴെക്കിടയിലുള്ള ജനവിഭാഗത്തെ തന്നോട് ചേര്‍ക്കുകയും ചെയ്തു. യുദ്ധത്തില്‍ പടവെട്ടിയ പോരാളി മാനവികതക്കായി പോരാടാനുറച്ച പുതിയ യുദ്ധത്തിന്‍റെ കാഹളമായിരുന്നു അത്.

നിരവധി എതിര്‍പ്പുകള്‍ ഫ്രാന്‍സിസിന് തന്‍റെ പുതിയ വഴിയില്‍ നേരിടേണ്ടി വന്നതായി ചരിത്രവും ചലച്ചിത്രവും എടുത്തുപറയുന്നുണ്ട്. തന്‍റെ ജീവിതശൈലി താന്‍തന്നെ പുതുതായി പരുവപ്പെടുത്തിയപ്പോള്‍ ഉടഞ്ഞുപോയത് അന്നുവരെയുണ്ടായിരുന്ന സാമൂഹിക ക്രമമായിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതശൈലി പിന്തുടര്‍ന്ന നിരവധി യുവാക്കള്‍ അദ്ദേഹത്തോട് ചേര്‍ന്നു. നിരവധി എതിര്‍പ്പുകള്‍ അവര്‍ക്ക് സമൂഹത്തില്‍ നിന്നും സ്വന്തമെന്ന് കരുതിയവരില്‍ നിന്നും നേരിടേണ്ടി വന്നു. എന്നാല്‍ അത്തരം പരീക്ഷണങ്ങളെ പുഞ്ചിരിയോടെ നേരിടുക എന്ന ശൈലി സ്വീകരിച്ച അദ്ദേഹം സമൂഹത്തെ തന്നിലേക്ക് സ്വാംശീകരിച്ചെടുക്കുകയാണ് ചെയ്തത്.

എല്ലാ ചരിത്ര ആഖ്യായികകളും ചലച്ചിത്രങ്ങളാക്കുമ്പോള്‍ നാടകീയ രംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാറുണ്ട്. ഫ്രാന്‍സിസ് ഓഫ് അസ്സീസി എന്ന ചലച്ചിത്രവും അതില്‍ നിന്നു വ്യത്യസ്തമല്ല. എന്നാല്‍ ചരിത്രത്തെ ഒട്ടും തന്നെ വളച്ചൊടിക്കുന്ന രീതികള്‍ ചിത്രത്തില്‍ സ്വീകരിച്ചിട്ടില്ല എന്ന് കാണാം. ശരീരത്തിലെ ക്ഷതചിഹ്നങ്ങളുടെ ചിത്രീകരണവും, 1226-ലെ അദ്ദേഹത്തിന്‍റെ മരണത്തില്‍ പ്രകൃതിയും ജീവജാലങ്ങളും അദ്ദേഹത്തിന് നല്‍കിയ ആദരവും, ബഹുമാനവുമെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ഹൃദയാവര്‍ജ്ജകമായിട്ടാണ്. ബ്രാഡ്ഫോര്‍ഡ് ഡില്‍മാന്‍, ഡൊലാറെസ് ഹാര്‍ട്ട് എന്നിവരാണ് ചിത്രത്തില്‍ വിശുദ്ധ ഫ്രാന്‍സിസിനെയും വിശുദ്ധ ക്ലയറിനെയും അവതരിപ്പിച്ചിട്ടുള്ളത്. അതുവരെ വില്ലന്‍ വേഷങ്ങള്‍ മാത്രം അവതരിപ്പിച്ചിരുന്ന ഡില്‍മാന്‍റെ കരിയറിലെ ആദ്യ മികച്ച വേഷമായിരുന്നു ചിത്രത്തിലേത്. അതാകട്ടെ മറക്കാനാകാത്ത അനുഭവമായി മാറുകയാണുണ്ടായത്.

ജീവിച്ചുതീര്‍ക്കാനൊരു ജീവിതവും അത് എങ്ങനെയും ജീവിച്ചുതീര്‍ക്കണം എന്ന മനോഭാവവുമുള്ളവര്‍ക്ക് ജീവിതം കൊണ്ടുള്ള മറുപടിയാണ് വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതം. ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും പ്രഘോഷിക്കപ്പെട്ട വിശുദ്ധജീവിതമാണ് അദ്ദേഹത്തിന്‍റേത്. പ്രകൃതിയും മനുഷ്യനും, ജീവജാലങ്ങളും ഒരുപോലെ കണ്ണുനീരൊഴുക്കിയ അന്ത്യനേരം ക്രിസ്തുവിനുശേഷം മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത പദവിയാണ്. നമ്മള്‍ വായിച്ചറിഞ്ഞ വിശുദ്ധന്‍റെ ജീവിതം അത്ഭുതങ്ങളുടെ ഘോഷയാത്രകൂടിയാണെന്ന് അറിയുമ്പോള്‍ മാത്രമേ അതിന്‍റെ മഹനീയത ബോധ്യമാകുകയുള്ളൂ. ചിത്രത്തില്‍ ക്ലെയറിനെ അവതരിപ്പിച്ച ഡൊലെറസ് ഹാര്‍ട്ട് ചിത്രം പുറത്തിറങ്ങിയ രണ്ടുവര്‍ഷത്തിനുശേഷം തിരുവസ്ത്രം സ്വീകരിച്ചു എന്നത് അത്ഭുതാവഹമാണ്.

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതം മനുഷ്യന് അത്ഭുതമാണ്. അനുകരിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളതും. എന്നാല്‍ പ്രകൃതിയേയും, പാവപ്പെട്ടവനേയും ഒരേപോലെ ചൂഷണം ചെയ്യുന്ന ഇക്കാലത്ത് പ്രതീക്ഷിക്കാന്‍ വകയുള്ളത് മാതൃകാപരമായ ജീവിതമാണെന്നത് ശുഭോദര്‍ക്കമാണ്.

You can share this post!

കോണ്‍-ടിക്കി: പ്രത്യാശയുടെ സാഗര യാത്ര

അജി ജോര്‍ജ്ജ്
അടുത്ത രചന

ധീരതയുടെ പ്രതിധ്വനികള്‍

വിനീത് ജോണ്‍
Related Posts