ജനനത്തില്‍ ആരംഭിച്ച് മരണത്തില്‍ അവസാനിക്കുന്ന സംഭവങ്ങളുടെ ഘോഷയാത്രയാണ് ഓരോ മനുഷ്യന്‍റെയും ജീവിതം. ജനനം കുടുംബ ങ്ങളുടെ സന്തോഷവും മരണം വേദനാജനക വുമായതിനാല്‍ മരണവുമായി ബന്ധപ്പെട്ട ചിന്തകളും, സംസാരങ്ങളും, പ്രവൃത്തികളും പൊതുവെ അശുഭങ്ങളായിട്ടാണ് മനുഷ്യന്‍ കാണുന്നത്. ജീവിതത്തിന്‍റെ പളപളപ്പുകളില്‍ അഭിരമിക്കുന്ന മനുഷ്യന്‍ അപ്രതീക്ഷിതമായി കടന്നുവന്നേക്കാവുന്ന അന്ത്യത്തെ അഭിമുഖീകരി ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഭയം അവന്‍റെ കൂടപ്പിറപ്പാ ണല്ലോ. മരണത്തെക്കുറിച്ച് സംസാരിക്കുന്ന എല്ലാ ഇടങ്ങളിലും സ്വയം മുറിവേല്‍ക്കാതിരിക്കാനും മറ്റുള്ളവരെ മുറിവേല്‍പ്പിക്കാതിരിക്കാനും ആളുകള്‍ ശ്രദ്ധിക്കാറുണ്ട്. കരുണയുള്ള വാക്കുകളും, അതിമൃദുലമായ പരിചരണവും മാത്രമാണ് മരണയി ടങ്ങളില്‍ ആളുകളില്‍ നിന്നുണ്ടാകാറുള്ളത്. മരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുക ളോട് പൊതുവെ സമൂഹം പാലിക്കുന്ന അകലം മനുഷ്യരാശിയുടെ കൂടപ്പിറപ്പാണെന്നത് തര്‍ക്കമറ്റ സംഗതിയുമാണ്.
കാലാകാലങ്ങളായി മരണവും, മരണാനന്ത രജീവിതവും മനുഷ്യന്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഈ ലോകത്തിലെ പ്രവര്‍ത്തികളുടെ പ്രസക്തിയും ഫലവും ചോദ്യം ചെയ്യപ്പെടുകയും വിധി നിര്‍ണ്ണയിക്കുകയും ചെയ്യുന്ന കളിസമയത്തെ അധികനേരം എന്ന നിലയില്‍ മനുഷ്യന്‍ പ്രതീക്ഷ യോടെയും അതേസമയം ആശങ്കയോടെയുമാണ് മരണത്തെ സമീപിക്കുന്നത്. കലകളിലും ആ സമീപനവും സ്വാധീനവും പ്രകടമായി കാണാന്‍ സാധിക്കും. മരണപരമായ ഇടപെടലുകള്‍ മറ്റെല്ലാ വിഷയങ്ങളിലെയും പോലെ അതിനിശിതമായി വിമര്‍ശിക്കുന്നതോ, അതീവ ധൈര്യത്തോടെ വിലയിരുത്തുന്നതോ ആയ കലാപ്രകടനങ്ങളും സാഹിത്യസൃഷ്ടികളും മറ്റുവിഷയങ്ങളേതിനേ ക്കാളും പരിമിതമാണ് എന്ന് കാണാം. മരണം സൃഷ്ടിക്കുന്ന ഭയത്തെ മറികടക്കാന്‍ ധൈര്യമുള്ള ആളുകളില്‍ നിന്നുമാത്രമേ അത്തരം കാലാതിവര്‍ ത്തികളായ സൃഷ്ടികള്‍ ജനിക്കുകയുള്ളൂ എന്നതു മാത്രമാണ് അതിന്‍റെ കാരണം.
ലോകചലച്ചിത്രങ്ങളെയാകമാനം നിരീക്ഷിക്കു മ്പോള്‍ മരണം വിഷയമായിട്ടുള്ള ഒട്ടേറെ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതായി കാണാന്‍ സാധിക്കും. അവയില്‍ മിക്കവയും മരണം ഭീതിദാ യകമാണ് എന്ന നിലയില്‍ നിരീക്ഷിക്കുന്നതും ചര്‍ച്ച ചെയ്യുന്നതുമാണ്. എന്നാല്‍ മരണം കാവ്യാ ത്മകമായി ചര്‍ച്ച ചെയ്യുകയും, സമൂഹത്തിലും, വ്യക്തിജീവിതത്തിലും മരണത്തിന്‍റെ ക്രിയാത്മക മായ പ്രതിഫലനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്ന ചലച്ചിത്രങ്ങള്‍ കുറവാണ്. അത്തരത്തിലുള്ള അതിധീരമായ മരണകാവ്യമാണ് 2008-ല്‍ പുറത്തിറ ങ്ങിയ 'ഡിപ്പാര്‍ച്ചേഴ്സ്' എന്ന ജാപ്പനീസ് ചലച്ചിത്രം. മരണം ജീവിതത്തെ നിര്‍വചിക്കുന്നു എന്നതാണ് ഈ ചലച്ചിത്രത്തെ പ്രസക്തമാക്കുന്നത്.
സ്വാഭാവികമായും ഒരാളുടെ മരണം ബന്ധങ്ങളെ തകര്‍ക്കുന്നതാണ്. മരണപ്പെട്ടയാളുടെ ജീവിതം കുടുംബത്തിലും സമൂഹത്തിലും നിര്‍ണ്ണ യിച്ചിരുന്ന സ്ഥാനം മാഞ്ഞുപോകുമ്പോള്‍ അയാളു മായുണ്ടായിരുന്ന എല്ലാ ബന്ധങ്ങളും മുറിക്കപ്പെ ടുന്നു. എന്നാല്‍ മരണം ബന്ധങ്ങളുടെ പുനസ്ഥാപ നങ്ങള്‍ക്കും, ആഴംകൂട്ടലിനുമുള്ള വേദിയായി പരിണമിച്ചാലോ, അതാണ് മരണം പുനക്രമീകരി ക്കുന്ന യഥാര്‍ത്ഥ ജീവിതം എന്ന് നിര്‍വ്വചിക്കേ ണ്ടിവരും. ഡിപ്പാര്‍ച്ചേഴ്സ് എന്ന ചലച്ചിത്രം സത്യ ത്തില്‍ സംസാരിക്കുന്നത് മരണം നിര്‍ണ്ണയിക്കുന്ന ജീവിതത്തെക്കുറിച്ചാണ്, അത് ഊട്ടിയുറപ്പിക്കുന്ന ബന്ധങ്ങളെക്കുറിച്ചാണ്, തകര്‍ച്ചയുടെ വൈക്കോ ല്‍ത്തുരുമ്പു പിടിച്ച് നീന്തിക്കയറുന്ന മനുഷ്യരെക്കു റിച്ചാണ്, താല്‍ക്കാലികമായ തിരിച്ചടികളെ ജീവിതത്തിനനുകൂലമാക്കുന്ന അത്ഭുതപ്രതിഭാസ ത്തെക്കുറിച്ചാണ്. അതുതന്നെയാണ് ഈ സിനിമയെ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ജീവിതകാവ്യ മാക്കി മാറ്റുന്നതും.
തൊഴില്‍ നഷ്ടം ജീവിതത്തെ സാരമായി ബാധി ക്കുമ്പോള്‍ തിരികെ നാട്ടിലേക്ക് വണ്ടികയറുന്ന ദെയ്ഗോയുടെ ജീവിതമാണ് ഡിപ്പാര്‍ച്ചേഴ്സ് സംസാരിക്കുന്നത്. ഗ്രാമം അയാള്‍ക്ക് നല്‍കിയ ഓര്‍മ്മകളിലെ മുറിവുകളുടെ പൊറ്റകള്‍ ഉണങ്ങിത്തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ഒരിക്കലും ഉണങ്ങില്ലായെന്നുറപ്പിച്ച മുറിവുകളുടെ നീറ്റലും ദെയ്ഗോക്കുണ്ട്. തന്‍റെ പിതാവിനെക്കു റിച്ചുള്ള അസുഖകരമായ ഓര്‍മ്മകളാണവ. നഗരത്തിലെ പ്രശസ്തമായ സംഗീതസംഘത്തിലെ സെല്ലോ വായനക്കാരനായിരുന്നു ദെയ്ഗോ. ഗ്രാമത്തില്‍ അയാളുടെ കലാപ്രകടനത്തിനുള്ള കോപ്പുണ്ടായിരുന്നില്ല. യാത്രയയപ്പുകളെ സഹായി ക്കുന്നതിന് ആളെ ആവശ്യമുണ്ട് എന്ന് പത്രത്തില്‍ പരസ്യം കണ്ട അയാള്‍ ജോലിക്കായി അപേക്ഷി ക്കുന്നു. എന്നാല്‍ ശവസംസ്കാരശുശ്രൂഷക്ക് സഹായിക്കുക എന്നതാണ് ജോലി എന്നത് പിന്നീടാണ് ദെയ്ഗോക്ക് മനസിലാകുന്നത്. മരണവും വിശപ്പും കുടംബവും തന്‍റെ മുമ്പില്‍ തെളിഞ്ഞപ്പോള്‍ രണ്ടാമതൊന്നുമാലോചിക്കാതെ ദെയ്ഗോ ശവപരിചരണം എന്ന ജോലി ഏറ്റെടുത്തു. എന്നാല്‍ ഭാര്യയായ മികയോട് ജോലിയുടെ സ്വഭാവം പൂര്‍ണ്ണമായും മറച്ചുവെക്കുകയും ചെയ്തു.
ജോലിയിലെ ആദ്യദിനം ദെയ്ഗോക്ക് അത്ര സുഖകരമായ അനുഭവമായിരുന്നില്ല സമ്മാനിച്ചത്. രണ്ടാഴ്ചയിലേറെ പഴക്കമുള്ള വൃദ്ധയായ സ്ത്രീ യുടെ ശരീരമാണ് അയാള്‍ക്ക് ഒരുക്കേണ്ടിവന്നത്. ആസ്വാദ്യകരമായ ഗന്ധമായിരുന്നില്ല ആ വനിത യുടെ പഴക്കം ചെന്ന ശരീരം പുറപ്പെടുവിച്ചിരുന്നത്. ഉള്‍ത്തികട്ടലുകളെ അമര്‍ത്തിവെക്കുവാന്‍ അയാ ള്‍ക്ക് ഒരുപാട് പരിശ്രമിക്കേണ്ടിവന്നു. തിരികെ യുള്ള ബസ് യാത്രയില്‍ സഹയാത്രികര്‍ അയാ ളുടെ ഉടുപ്പും, ശരീരവും പുറപ്പെടുവിക്കുന്ന അസാ ധാരണമായ ഗന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും പരിഹസിക്കുന്നതും മനംമടുപ്പോടെ ദെയ്ഗോക്ക് കേള്‍ക്കേണ്ടിവന്നു. തന്‍റെ സഹപാഠിയുടെ അമ്മ നടത്തുന്ന സ്വകാര്യ കുളിപ്പുരയില്‍ കയറി ശരീരം ശുചിയാക്കിയിട്ടാണ് അന്ന് ദെയ്ഗോ വീട്ടിലേക്ക് മടങ്ങിയത്.
ജീവിതം പുരോഗമിക്കവെ ദെയ്ഗോ തന്‍റെ ജോലിയില്‍ അഗ്രഗണ്യനായി മാറിയിരുന്നു. ജീവിതം പറന്നുപോയ ശരീരങ്ങളോട് അയാള്‍ പുലര്‍ത്തിയിരുന്ന ആദരവും, മതിപ്പും മരണപ്പെട്ട വരുടെ കുടംബാംഗങ്ങള്‍ക്ക് തങ്ങളുടെ ജീവിതത്തെ പുനര്‍വിചിന്തനം ചെയ്യാവുന്ന തരത്തിലായിരുന്നു. മരണപ്പെട്ടവരുടെ ശരീത്തോട് ദെയ്ഗോ കാണി ക്കുന്ന സ്നേഹം അവര്‍ ജീവിച്ചിരുന്നപ്പോള്‍ തങ്ങ ള്‍ക്ക് നല്‍കാനായില്ലല്ലോ എന്നവര്‍ പരിതപിച്ചു. ചിലര്‍ പശ്ചാത്താപ വിവശരായി. മരണത്തിന്‍റെ മുറിവിനും കണ്ണീരിനുമപ്പുറം ആ ചിന്തകള്‍ അവരെ മുറിവേല്‍പ്പിച്ചു. ദെയ്ഗോയുടെ ശുശ്രൂഷകള്‍ അല ങ്കരിക്കുന്ന ഓരോ കുടംബങ്ങളിലും ഒരുപാടുപേര്‍ തങ്ങളുടെ ജീവിതത്തെ തിരികെപ്പിടിച്ചു. എന്നാല്‍ ദെയ്ഗോയുടെ കുടംബത്തില്‍ കാര്യങ്ങള്‍ നേര്‍വഴിക്കായിരുന്നില്ല നീങ്ങിയത്. ദെയ്ഗോയുടെ തൊഴില്‍ തിരിച്ചറിഞ്ഞ മിക അയാളെ ഉപേക്ഷിച്ചു. ഒന്നുകില്‍ മറ്റൊരു ജോലി കണ്ടെത്തുകയോ, അല്ലെ ങ്കില്‍ കുടുംബത്തെ ഉപേക്ഷിക്കുകയോ ചെയ്യുന്ന താണ് ഉചിതമെന്നായിരുന്നു സഹപാഠിയായ യമാഷിതയുടെ അഭിപ്രായം. തന്‍റെ തീരുമാനം മാറ്റി തിരികെവന്ന മിക താന്‍ ഗര്‍ഭിണിയാണെന്നും, ജനിക്കാനിരിക്കുന്ന കുട്ടിയെ വിചാരിച്ചെങ്കിലും ദെയ്ഗോ മറ്റൊരു ജോലി കണ്ടെത്തണമെന്നും ഉറപ്പിച്ചുപറയുന്നു. വാഗ്വാദങ്ങള്‍ക്കൊടുവില്‍ അവ രുടെ ജീവിതം മാറ്റിമറിച്ച ഫോണ്‍കോള്‍ ദെയ് ഗോയെ തേടിവന്നു. മരണം ജീവിതത്തെ തിരികെ പിടിക്കുന്ന കാഴ്ചയാണ് പിന്നീട് നാം ചിത്രത്തില്‍ കാണുന്നത്.
യമാഷിതയുടെ മാതാവിന്‍റെ മരണവാര്‍ ത്തയാണ് ഫോണിലൂടെ ദെയ്ഗോയെ തേടിയെ ത്തിയത്. അവരെ ഒരുക്കുന്ന ജോലിയും ദെയ് ഗോക്ക് ചെയ്യേണ്ടിവന്നു. തന്‍റെ മാതാവിന്‍റെ ശരീരം പരിചരിക്കുന്നത് നേരില്‍ കണ്ട യമാഷിതയും, അവിടെയെത്തിയ മികയും തങ്ങളുടെ അഭിപ്രായം മാറ്റാന്‍ നിര്‍ബന്ധിതരായി. യമാഷിതയും മികയും ദെയ്ഗോയുടെ ജോലിയുടെ ആത്മികതയെ അംഗീകരിക്കുകയായിരുന്നു. കുറച്ചുദിവസങ്ങള്‍ ക്കകം തന്നെ ഉപേക്ഷിച്ചുപോയ പിതാവിന്‍റെ മരണവാര്‍ത്തയും അയാള്‍ കേട്ടു. അതിയായ കോപവും, സങ്കടവും തിക്കുമുട്ടിയിരുന്നെങ്കിലും മികയുമൊത്ത് അയാള്‍ പിതാവിനെ കാണുന്നതാ നായി യാത്രതിരിച്ചു. ആദ്യകാഴ്ചയില്‍ ദെയ്ഗോക്ക് പിതാവിനെ തിരിച്ചറിയാന്‍പോലും കഴിഞ്ഞില്ല. ഗ്രാമത്തിലെ ശവസംസ്കാരകര്‍ അശ്രദ്ധമായി കൈകാര്യം ചെയ്ത പിതാവിന്‍റെ ശരീരം അയാള്‍ അന്ത്യയാത്രക്കായി ഒരുക്കി. കുട്ടിക്കാലത്ത് പരസ്പരം കൈമാറിയിരുന്ന വെള്ളാരംകല്ല് പിതാവില്‍നിന്നും അയാള്‍ കണ്ടെടുത്തു. ആ ഓര്‍മ ദെയ്ഗോയെ മാറ്റിമറിച്ചു. പിതാവിനോടുള്ള എല്ലാ വെറുപ്പും ഒറ്റനിമിഷം കൊണ്ടില്ലാതെയായി. ഏറ്റവും മികച്ച അന്ത്യയാത്രയാണ് ദെയ്ഗോ പിതാവിനായി ഒരുക്കിയത്.
മരണം സംസാരിക്കുന്നു എന്നതിനാല്‍ ആദ്യനാളുകളില്‍ ജനപ്രീതി നേടുന്നതിന് ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് സിനിമ ചരിത്രം രചിക്കുന്നതാണ് കണ്ടത്. ചിത്രം മോണ്‍ട്രിയല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം നേടുകയും ജപ്പാന്‍റെ സിനിമാചരിത്രത്തിലാദ്യമായി ഏറ്റവും മികച്ച വിദേശഭാഷാചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരം നേടുകയും ചെയ്തു. 2009-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ജാപ്പനീസ് ചിത്രം കൂടിയായിരുന്നു ഡിപ്പാര്‍ച്ചേഴ്സ്.
യോജിറോ ടകിത സംവിധാനം ചെയ്ത 'ഡിപ്പാര്‍ ച്ചേഴ്സ്' അഭിനേതാക്കളുടെ അനന്യമായ അഭിനയ പാടവം കൊണ്ടുകൂടി ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. ആദ്യന്തം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന സെല്ലോയുടെ അകളങ്കിതമായ സംഗീതവും സിനിമക്ക് മിഴിവ് കൂട്ടുന്നു. മസാഹിറോ മൊട്ടോക്കി, റ്യോക്കോ ഹിറോസൂ, റ്റ്സുട്ടോമു യമാസാക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളത്.
മരണത്തെ ഭയത്തോടെ കാണുന്നവര്‍ ചിത്രം ഒരിക്കലെങ്കിലും കണ്ടിരിക്കണം. ഓരോരുത്തരു ടെയും വേര്‍പാട് സൃഷ്ടിക്കുന്ന ശൂന്യത നികത്താന്‍ കഴിയില്ലെങ്കിലും പലരുടെയും ചിന്തകളെയും, മാനസികവ്യാപാരങ്ങളെയും പുനക്രമീകരണം ചെയ്യുന്നതില്‍ മരണം വിജയിക്കുന്ന കാഴ്ചയാണ് ചിത്രം കാണിച്ചുതരുന്നത്. 'ഡിപ്പാര്‍ച്ചേഴ്സ്' ഭീതിയോടെ കാണേണ്ട സിനിമയല്ല, മറിച്ച് പ്രതീക്ഷയോടെ, കണ്ണീരോടെ കാണേണ്ട ചിത്രമാ ണത്. മരണം നമ്മുടെ ജീവിതത്തിന്‍റെ കറകളെ കഴുകിക്കളയുമെങ്കില്‍ എന്തിനാണ് നാം മരണ ത്തോട് ഇത്രയും അകലം കാണിക്കുന്നത്. സംഗീതം പോലെ വിശുദ്ധമാണതെങ്കില്‍ അതിനെ കേള്‍ക്കുന്നതിന് നാമെന്തിന് പുറംതിരിഞ്ഞു നില്‍ക്കണം. 'ഡിപ്പാര്‍ച്ചേഴ്സ്' സമ്മാനിക്കുന്നത് മരണം നിര്‍വചിക്കുന്ന ജീവിതമാണ്, കാണാ തെയും അറിയാതെയും പോകരുത്.