ഇന്ത്യയില്‍ കര്‍ഷകര്‍ ഇന്ന് സമരപാതയിലാണ്! അവര്‍ ദേശവ്യാപകപ്രക്ഷോഭം ആരംഭിച്ചിട്ട്, ഈ ലേഖനം എഴുതുമ്പോള്‍, ഇരുപത് ദിവസമായി. ആയിരക്കണക്കിന് കര്‍ഷകര്‍ ദില്ലി വളഞ്ഞ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നു. അവര്‍ നല്‍കുന്ന സന്ദേശം വ്യക്തമാണ്. അവരുടെ അധ്വാനവും വിയര്‍പ്പുമാണ് രാജ്യത്തെ നിലനിര്‍ത്തുന്നതെങ്കില്‍ അവര്‍ അവഗണിക്കപ്പെടാന്‍ ഒരുക്കമല്ല. 'ഖാലിസ്താനികളെ'ന്നും തീവ്രവാദികളെന്നും തുക്ഡെ തുക്ഡെ സംഘങ്ങളെന്നും അപമാനകരമായ വിശേഷണങ്ങള്‍ ഭരണവര്‍ഗ്ഗം അവര്‍ക്ക്മേല്‍ കെട്ടിയേല്‍പ്പിക്കുന്നുണ്ടെങ്കിലും അവരുടെ പ്രതിഷേധത്തില്‍ രാഷ്ട്രീയമില്ല. അവരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതു മാത്രമാണ് അവരുടെ ആവശ്യം. ഗവണ്‍മെന്‍റ് അടുത്തിടെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
ഈ ബില്ലുകള്‍ കര്‍ഷകവിരുദ്ധമാണെന്നും കര്‍ഷകരുടെ ജീവിതായോധനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. 'ചങ്ങാത്ത മുതലാളിത്ത'ത്തിന് ലാഭം കൊയ്യാനായി മാത്രം പടച്ചതാണ് ഈ ബില്ലുകളെന്ന് അവര്‍ പറയുന്നു. കോര്‍പറേറ്റ് കമ്പനികളുടെ ദയാദാക്ഷിണ്യത്തിന് അതവരെ എറിഞ്ഞുകൊടുക്കും. ചതിക്കപ്പെടുന്നതില്‍ നിന്ന് അവര്‍ക്ക് പരിരക്ഷ നല്‍കുന്ന ഒന്നും തന്നെ ബില്ലിലില്ല. ലോകം കണ്ട ഈ വലിയ പ്രക്ഷോഭത്തിന് രാജ്യത്തിന്‍റെ എല്ലാ കോണുകളില്‍ നിന്നും പിന്തുണയും ഐക്യദാര്‍ഢ്യവും ഉണ്ടായി. കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ആവശ്യമുയര്‍ത്തി രാജ്യത്തിനകത്ത് മാത്രമല്ല പുറത്തും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.
ഭരണഘടനാ ധാര്‍മ്മികതയുടെ ഏറ്റവും പഴയ നിര്‍വചനം 'ഗ്രീസിന്‍റെ ചരിത്രം' ((The History of Greece)എഴുതിയ ജോര്‍ജ്ജ് ഗ്രോട്ടെ (George Grote) നല്‍കിയതാണ്. രാജ്യത്തെ ഭരണഘടനയുടെ തത്വങ്ങളോടും മൂല്യങ്ങളോടുമുള്ള സമ്പൂര്‍ണ്ണ വിധേയത്വം എന്നാണ് അദ്ദേഹം ഭരണഘടനാ ധാര്‍മ്മികതയെ വിശേഷിപ്പിക്കുന്നത്. ഭരണഘടനാ ധാര്‍മ്മികത ഭരണാധികാരികള്‍ക്കും പൗരജനത്തിനും ചില കടമകള്‍ വിധിക്കുന്നു.
* അധികാരത്തിന്‍റെ എല്ലാ പ്രയോഗങ്ങളും ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കുന്നതാകണം.
* പൗരജനത്തിന് അഭിപ്രായസ്വാതന്ത്ര്യവും ഭരണഘടനാപരമായ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്ന അധികാരികളെ വിമര്‍ശിക്കുന്നതിനും അവരെ ചോദ്യം ചെയ്യുന്നതിനും അധികാരവും ഉണ്ടായിരിക്കണം.
* തെരഞ്ഞെടുക്കപ്പെട്ട അധികാരികളും പൊതുജനസേവകരായ ഉദ്യോഗസ്ഥരും ഭരണഘടന അവര്‍ക്ക് നല്‍കുന്ന ചുമതലകള്‍ക്ക് ഉള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരായിരിക്കും.
* രാഷ്ട്രീയ അധികാരത്തിനുവേണ്ടി മത്സരിക്കുന്നവര്‍ക്ക് ഭരണഘടനയോട് ബഹുമാനം ഉണ്ടായിരിക്കണം.
അതിനാല്‍, 'ആത്മനിയന്ത്രണവും' 'ബഹുസ്വരതയും' ഭരണഘടനാ ധാര്‍മ്മികതയുടെ അടിസ്ഥാനതത്വങ്ങളാണെന്ന് ഗ്രോട്ടെ അടിവരയിടുന്നു.
ഭരണഘടനാപദവിയില്‍ ഇരിക്കുന്ന എല്ലാവരും ആത്മനിയന്ത്രണം പാലിക്കണം. ഭരിക്കപ്പെടുന്ന സമൂഹത്തിന്‍റെ 'ബഹുസ്വരത' പൂര്‍ണ്ണമായും മാനിക്കപ്പെടണം.
കര്‍ഷകരുടെ പ്രക്ഷോഭം യഥാര്‍ത്ഥത്തില്‍ 'മഞ്ഞുമലയുടെ ഒരറ്റം' മാത്രമാണ്. നമ്മുടെ ദേശീയ നിയമനിര്‍മ്മാണസഭ (പാര്‍ലമെന്‍റ്) എല്ലാ എതിര്‍സ്വരങ്ങളേയും അടിച്ചമര്‍ത്തുകയും സമ്പന്നചൂഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഭരണനിര്‍വഹണം (Excecutive) നടത്തേണ്ട ഉദ്യോഗസ്ഥ വൃന്ദമാകട്ടെ രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനൊത്ത് തുള്ളുന്ന കളിപ്പാവകളായിരിക്കുന്നു. നീതിന്യായ സംവിധാനം നട്ടെല്ല് നഷ്ടമായി നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്നു. ജനാധിപത്യത്തിന്‍റെ നാലാം തൂണ്, മാധ്യമങ്ങള്‍, 'അധികാരദൈവ'ത്തിന്‍റെ പ്രതിച്ഛായ നിര്‍മ്മിതിയിലും ഫാസിസ്റ്റുകളുടെയും അധികാര ദുര്‍വിനിയോഗത്തിന്‍റെ ആള്‍രൂപങ്ങളുടെയും വിഷലിപ്തവാക്കുകളുടെ പ്രചാരണത്തിലും ആണ്ടുമുങ്ങിയിരിക്കുന്നു.
ഈ സാഹചര്യത്തില്‍ 'ഭരണഘടനാ ധാര്‍മ്മികതയുടെ പോക്ക് എങ്ങോട്ട്' എന്ന ചോദ്യം ഉയര്‍ത്തേണ്ടതും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കരുത്ത് കാക്കേണ്ടതും ഓരോ ഇന്ത്യന്‍ പൗരന്‍റെയും കടമയും അവകാശവുമാണ്.
ഭരണഘടനാ ദിനമായ നവംബര്‍ 26 ന്‍റെ തലേന്ന് 'ദ വയറി'ന്‍റെ പത്രാധിപര്‍ കരണ്‍ താപ്പറിന് നല്‍കിയ ഏറെ പ്രചാരം ലഭിച്ച അഭിമുഖത്തില്‍ മുന്‍ ലോ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് എ.പി. ഷാ, "ജനങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും മൗലിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും സുപ്രീംകോടതി പരാജയപ്പെട്ടു"വെന്ന് അസന്നിഗ്ധമായി പറയുകയുണ്ടായി. "സുപ്രിം കോടതിയുടെ മുന്നില്‍ പരിഗണനയ്ക്ക് വരുന്ന കാര്യങ്ങളില്‍ കോടതി നല്‍കുന്ന മുന്‍ഗണന ഉല്‍ക്കണ്ഠ ഉണര്‍ത്തുന്നതാണ്. ജാഗ്രതയുള്ള കാവല്‍ക്കാരന്‍ എന്ന നിലയിലുള്ള സുപ്രീംകോടതിയുടെ ദൗത്യത്തില്‍ ഇടിവ് സംഭവിച്ചിരിക്കുന്നു" എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"വ്യക്തിസ്വാതന്ത്ര്യമാണ് പരമപ്രധാനം' എന്നതിനാല്‍ റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫും ബി.ജെ.പി. 'വക്താവു'മായ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയ സുപ്രീംകോടതി വിധി ശരിയെന്ന് ജസ്റ്റീസ് ഷായും അംഗീകരിക്കുന്നു. എന്നാല്‍ കോടതിയുടെ മുമ്പിലുള്ള ഏറെ ഗുരുതരവും ഗൗരവതരവും പ്രധാനവുമായ പല കാര്യങ്ങളും അനന്തമായി മാറ്റിവയ്ക്കപ്പെടുമ്പോള്‍ മുറ തെറ്റിച്ച് മുന്‍ഗണന നല്‍കി ഗോസ്വാമിയുടെ കേസ് പരിഗണിച്ചത് ഉല്‍ക്കണ്ഠ ഉളവാക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ഭരണഘടനയുടെ 370-ാം അനുച്ഛേദം, പൗരത്വഭേദഗതി നിയമം, തെരഞ്ഞെടുപ്പ് തട്ടിപ്പ്, കുടിയേറ്റ തൊഴിലാളികള്‍, ജമ്മു കാശ്മീരിലെ ഇന്‍റര്‍നെറ്റ് നിഷേധം, ബുദ്ധിജീവികളുടെ തടങ്കല്‍, ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ തുടങ്ങി സുപ്രീംകോടതിയുടെ ശ്രദ്ധ ലഭിക്കാതെ നീട്ടിവയ്ക്കപ്പെടുന്ന നിരവധി സുപ്രധാന വിഷയങ്ങള്‍ ജസ്റ്റീസ് ഷാ ചൂണ്ടിക്കാട്ടുന്നു.
"യു.എ.പി.എ. Unlawful Activities (Prevention) Act) അരേ) ചുമത്തപ്പെട്ട ആള്‍ വിചാരണക്കാലം മുഴുവന്‍ കസ്റ്റഡിയില്‍ തുടണമെന്നും പ്രഥമവിവര റിപ്പോര്‍ട്ടില്‍ ( ( FIR)) പരാമര്‍ശിക്കുന്ന ആരോപണങ്ങള്‍ എല്ലാം ശരിയാണെന്ന് കോടതി കരുതണമെന്നും ആ ആരോപണങ്ങള്‍ തെറ്റെന്ന് തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതന് ആണെന്നുമുള്ള സഹൂര്‍ അഹ്മ്മദ്ഷാ വടാലി കേസിലെ 2019 ഏപ്രിലിലെ സുപ്രീംകോടതി വിധി ജസ്റ്റീസ് ഷാ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദപ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പൂര്‍ണ്ണ നിഷേധമാണ് ഈ വിധിയെന്ന് തുടര്‍ന്ന് ജസ്റ്റീഷ് ഷാ പറയുന്നു.
'അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനില്‍ക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നതെന്ന തോന്നല്‍ ഈ വിധി സൃഷ്ടിക്കുന്നു. കോടതിക്ക് മനുഷ്യത്വവും കുറ്റാരോപിതന്‍റെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പ്രാഥമിക ധാരണകളും പോലും നഷ്ടപ്പെട്ടിരിക്കുന്നു' എന്നുവരെ അദ്ദേഹം പരിതപിക്കുന്നു. വരവരറാവുവിന്‍റെയും സ്റ്റാന്‍ സ്വാമിയുടെയും കാര്യം ഇതുമായി ബന്ധപ്പെടുത്തി അദ്ദേഹം പരാമര്‍ശിക്കുന്നു. സ്റ്റാന്‍ സ്വാമിക്ക് ഒരു സ്ട്രോയും സിപ്പറും അനുവദിക്കണമോയെന്ന് തീരുമാനിക്കാന്‍ എന്‍.ഐ.എ. കോടതിക്ക് രണ്ടാഴ്ച വേണ്ടി വന്നു എന്നത് തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
രാജ്യം സംഭാവന ചെയ്ത ഏറ്റം പ്രഖ്യാതനായ ന്യായാധിപന്‍റെ അതിശക്തമായ പ്രസ്താവനകളോട്, കാലികമായ വിമര്‍ശനങ്ങളോട് തുറന്ന മനസ്സോടെ പ്രതികരിക്കാന്‍ തക്ക ആര്‍ജവവും എളിമയും സുപ്രീംകോടതി പ്രകടിപ്പിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗി എന്ന നിലയില്‍ ഒരു സ്ട്രോയും സിപ്പര്‍കപ്പും ഒരു ജോടി ശൈത്യകാല വസ്ത്രങ്ങളും അനുവദിക്കണമെന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ അപേക്ഷ നവംബര്‍ 26 ന് പരിഗണിച്ച പ്രത്യേക കോടതി അത് ഡിസംബര്‍ നാലിലേക്ക് മാറ്റുകയുണ്ടായി. എന്‍.ഐ.എ. (National Investigation Agency) പിടിച്ചെടുത്ത സ്ട്രോയും സിപ്പര്‍ കപ്പും തിരിച്ചു നല്‍കണമെന്ന അപേക്ഷയില്‍ തങ്ങള്‍ അത് എടുത്തിട്ടില്ലെന്ന മറുപടിയാണ് അവര്‍ നല്‍കിയത്. കപ്പും സ്ട്രോയും സ്റ്റാന്‍ സ്വാമിക്ക് നല്‍കിയെങ്കിലും അദ്ദേഹം നല്‍കിയ ജാമ്യഹര്‍ജിയെ ഡിസംബര്‍ 14 നും എന്‍.ഐ.എ. എതിര്‍ക്കുകയാണുണ്ടായത്.
രസകരമെന്ന് പറയട്ടെ, ആത്മഹത്യാപ്രേരണകുറ്റത്തില്‍ അര്‍ണാബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് നവംബര്‍ 27-ന് പുറപ്പെടുവിച്ച വിധിയില്‍ പൗരജനങ്ങളെ തെരഞ്ഞുപിടിച്ച് ഉപദ്രവിക്കാനുള്ള ആയുധമാകരുത് ക്രിമിനല്‍ നിയമമെന്ന് കോടതികള്‍ ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. "ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി.) 303 പ്രകാരം ആത്മഹത്യാ പ്രേരണയില്‍ ഹര്‍ജിക്കാരന്‍ കുറ്റക്കാരനാണെന്ന് പറയാനാവില്ലെന്ന് കണ്ടെത്തിയ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റീസ് ഇന്ദിരാ ബാനര്‍ജിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് "പ്രഥമ വിവര റിപ്പോര്‍ട്ടിലെ അപാകതകള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട ഹൈക്കോടതി, സ്വാതന്ത്ര്യസംരക്ഷകന്‍ എന്ന നിലയിലുള്ള ഭരണഘടനാപരമായ കടമയും ഉത്തരവാദിത്തവും നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു" എന്നു വിമര്‍ശിച്ചു. തീര്‍ച്ചയായും ഷേക്സ്പിയര്‍ ഹാംലറ്റില്‍ പറയുംപോലെ "ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നു"ണ്ട് ഗവണ്‍മെന്‍റിന്‍റെ മാനസപുത്രന് ജാമ്യം അനുവദിക്കാനായി ചൂണ്ടിക്കാട്ടപ്പെട്ട 'വ്യക്തിസ്വാതന്ത്ര്യം' (തീര്‍ച്ചയായും ന്യായീകരിക്കാവുന്ന) പാര്‍ക്കിന്‍സണ്‍ രോഗിയായ സ്റ്റാന്‍ സ്വാമിക്ക് ജയിലില്‍ സിപ്പര്‍ കപ്പും സ്ട്രോയും അനുവദിക്കണമെന്ന കാര്യത്തില്‍ പരിഗണനാര്‍ഹമല്ലാതെ പോയത് 'കോടതികള്‍ പക്ഷപാതപരമാകരുത്' എന്ന തത്വത്തിന്‍റെ ലംഘനമല്ലാതെ മറ്റെന്ത്? ജസ്റ്റീസ് ഷായുടെ അടി മര്‍മ്മത്ത് തന്നെ!
അര്‍ണാബ് സ്വാമിയെ തല്‍ക്കാലം മറക്കുക. 'ഇത് ഭരണഘടനാ കോടതിയാണ്. നിയമം നടപ്പാക്കുകയും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുകയും ചെയ്യേണ്ട ഭരണഘടനാ കോടതി അത് ചെയ്തില്ലെങ്കില്‍ മറ്റാര് ചെയ്യും?' എന്ന് ഉന്നത നീതിപീഠത്തിന്‍റെ ഉത്തരവാദിത്തത്തെ ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ് വിധിയില്‍ കൃത്യമായി വിവരിക്കുന്നു. ആഴത്തിലുള്ള ഈ പ്രസ്താവനയെ ആര്‍ക്കും എതിര്‍ക്കാനാവില്ല. എന്നാല്‍ ഭീമാ കൊറേഗാവ് ഗൂഡാലോചന കേസിലും പൗരത്വനിയമ പ്രക്ഷോഭത്തിലും, യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സ്റ്റാന്‍ സ്വാമിയെപ്പോലുള്ള നൂറുകണക്കിന് ആളുകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് ഈ പ്രസ്താവന ബാധകമാകുന്നില്ല എന്നതാണ് വിരോധാഭാസം. ഇന്ത്യയില്‍ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരേയൊരു വ്യക്തി ഗോസ്വാമി മാത്രമാണോ? ഈ പ്രസ്താവന പക്ഷപാതപരമായിരിക്കുന്നു. "നാം ഇന്ന് ഈ കേസില്‍ ഇടപെടുന്നില്ലെങ്കില്‍ അത് നാശത്തിലേക്കുള്ള വഴി വെട്ടലായിരിക്കും" എന്നും ജസ്റ്റീസ് ചന്ദ്രചൂഡ് പറയുന്നു. അതുവഴി ഹൈക്കോടതിക്ക് കൃത്യമായ സന്ദേശം നല്‍കുകയും ചെയ്യുന്നു. അവിടെയും അദ്ദേഹത്തിന്‍റെ നിലപാട് ശരിയാണ്. അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റ്, അതിന്‍റെ സമയവും രീതിയും, രാഷ്ട്രീയ കാരണങ്ങളാലായിരുന്നു. എന്നാല്‍ കാശ്മീരില്‍ നിന്നുള്ള നിരവധിയായ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളില്‍ മുതല്‍ അവനവന്‍റെ ജോലി ചെയ്ത മാധ്യമപ്രവര്‍ത്തകരെ അതിഗുരുതര വകുപ്പുകള്‍ പ്രകാരം ദേശദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ച സംഭവത്തില്‍വരെയുള്ള ഗവണ്‍മെന്‍റിനെതിരായ പൗരന്മാരുടെ കേസുകളില്‍ ഈ ഉന്നതമായ നിലപാട്, സുപ്രീം കോടതി പ്രകടമാക്കുന്നില്ല എന്നത് പക്ഷേ ഏറെ ഖേദകരമാണ്.
1949 നവംബര്‍ 26 ന് ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയുടെ പിതാവ് ഡോക്ടര്‍ ബി.ആര്‍. അംബ്ദേകര്‍ അസന്നിഗ്ദ്ധമായ മൂന്ന് മുന്നറിയിപ്പുകള്‍ നല്‍കുകയുണ്ടായി. അരാജകത്വത്തിന്‍റെ വഴികളെക്കുറിച്ച്, വീരാരാധന ഒഴിവാക്കേണ്ടതിനെക്കുറിച്ച്, രാഷ്ട്രീയമായതെന്നതിലുപരി സാമൂഹികമായ ജനാധിപത്യത്തിന്‍റെ ആവശ്യകതയെക്കുറിച്ച്. ഒരു പക്ഷേ അംബേദ്കര്‍ അപ്പോള്‍ 2020 ലെ ഇന്ത്യയെ ഭാവനയില്‍ കണ്ടിരിക്കണം. ഈ മൂന്നു ഘടകങ്ങള്‍ ഭരണഘടനയ്ക്ക് വിശുദ്ധമായതിനെയെല്ലാം അന്ന് എപ്രകാരം നശിപ്പിക്കുമെന്നും ജനാധിപത്യ ചട്ടക്കൂടിനെ എപ്രകാരം തകര്‍ക്കുമെന്നും അദ്ദേഹം അറിഞ്ഞിരുന്നിരിക്കണം.
"ജനാധിപത്യത്തെ രൂപത്തില്‍ മാത്രമല്ല സാരത്തിലും നിലനിര്‍ത്തണമെങ്കില്‍ നാം എന്തുചെയ്യണമെന്ന്" ആ പ്രഭാഷണത്തില്‍ അംബേദ്കര്‍ വിശദീകരിക്കുകയുണ്ടായി. "ആദ്യം ചെയ്യേണ്ടത് ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കണം. ഭരണഘടനപരമായ വഴികള്‍ തുറന്നിരിക്കുമ്പോള്‍ ഭരണഘടനയ്ക്ക് വിരുദ്ധമായ വഴികള്‍ തേടുന്നതിന് ഒരു ന്യായീകരണവും ഉണ്ടാവില്ല. ഭരണഘടനാവിരുദ്ധമായ അരാജകമാര്‍ഗ്ഗങ്ങള്‍ എത്രയും വേഗം കൈയ്യൊഴിയുന്നുവോ നമുക്ക് അത്രയും നന്ന്. രണ്ടാമത്തേത് ജനാധിപത്യം നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കുമായി ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ (John Stuort Mill) നല്‍കിയ മുന്നറിയിപ്പാണ്. ഒരാളുടെ മുന്നിലും, അദ്ദേഹം എത്ര മഹാനായിരുന്നാലും നമ്മുടെ സ്വാതന്ത്ര്യം അടിയറ വയ്ക്കരുത്. അദ്ദേഹത്തിന്‍റെ അധികാരത്തില്‍ അന്ധമായി വിശ്വസിക്കരുത് അഥവാ അന്ധമായി വിശ്വസിച്ച് അധികാരം ഏല്‍പ്പിക്കരുത്. അത് എല്ലാ രാഷ്ട്രീയ സ്ഥാപനങ്ങളെയും തകര്‍ക്കാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കും. ഭക്തിയും വീരാരാധനയും ഉറപ്പായും ഏകാധിപത്യത്തിലേക്കും അടിമത്തത്തിലേക്കും നയിക്കും. മൂന്നാമത്തെ കാര്യം, രാഷ്ട്രീയ ജനാധിപത്യം കൊണ്ട് നാം തൃപ്തിപ്പെടരുത് എന്നതാണ്. രാഷ്ട്രീയ ജനാധിപത്യത്തെ നാം സാമൂഹിക ജനാധിപത്യമാക്കി കൂടി മാറ്റണം. സാമൂഹിക ജനാധിപത്യത്തിന്‍റെ അടിത്തറയില്ലെങ്കില്‍ രാഷ്ട്രീയ ജനാധിപത്യം അധികകാലം നിലനില്‍ക്കില്ല"!
ഭരണഘടനയെ അട്ടിമറിക്കാന്‍, അതിന്‍റെ അന്തസത്തയെ (നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം) നശിപ്പിക്കാന്‍, അതിന്‍റെ ജനാധിപത്യ ചട്ടക്കൂട് (പരമാധികാര, മതേതര, സോഷ്യലിസ്റ്റ്) തകര്‍ക്കാന്‍ പല ശ്രമങ്ങളും അടുത്തിടെ നടക്കുന്നു. ആര്‍.എസ്.എസ്., ബി.ജെ.പി. ദ്വന്ദ്വം, ചില കേന്ദ്രമന്ത്രിമാര്‍പോലും ഭരണഘടന പൊളിച്ചെഴുതുമെന്ന് നിരന്തരം പറയുന്നു. നവംബര്‍ 20 വെള്ളിയാഴ്ച 'ഹിന്ദുരാഷ്ട്ര' എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ പ്രചരിച്ച സന്ദേശത്തില്‍ രാജ്യവ്യാപകമായി 'മതപരിവര്‍ത്തന വിരുദ്ധ നിയമം' നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലീങ്ങളെയും ക്രൈസ്തവരെയും, മുച്ചൂടും നശിപ്പിച്ച് 2025 - ഓടെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന ആശയത്തിന് ചുവടുപിടിച്ചുണ്ടാകുന്നവയാണ് ഇത്തരം പ്രസ്താവനകള്‍ എല്ലാം തന്നെ. ഭരണഘടനയില്‍ നിന്ന് 'മതേതരരം, 'സോഷ്യലിസ്റ്റ്' എന്നീ വാക്കുകള്‍ എടുത്തുമാറ്റുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള അവകാശങ്ങള്‍ ഒരു 'പൊതു സിവില്‍ നിയമസംഹിത' യ്ക്കായി എടുത്തുകകളയണമെന്ന ആവശ്യം ഉയരുന്നു.
"തെറ്റിദ്ധരിപ്പിച്ചോ, പ്രീണിപ്പിച്ചോ, ബലം പ്രയോഗിച്ചോ, വിവാഹത്തിനുവേണ്ടി മാത്രമായോ മതം മാറ്റുന്നത് കുറ്റമായി' പ്രഖ്യാപിക്കുന്ന ഓര്‍ഡിനന്‍സ് ഉത്തര്‍പ്രദേശ് ഗവണ്‍മെന്‍റ് (The Utter Predesh Unlawful Religious Conversions Prohibition Ordinance 2010) നവംബര്‍ 24 ന് പുറപ്പെടുവിക്കുകയുണ്ടായി.
ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നും ഇരപത്തിയഞ്ചും അനുച്ഛേദങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ ഓര്‍ഡിനന്‍സ്.
"പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കുന്നത് വളര്‍ച്ചയെത്തിയ ഒരാളുടെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിന്‍റെ നിഷേധം മാത്രമല്ല അത് നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിന് ഭീഷണി കൂടിയാണ്" എന്ന് മിശ്രവിവാഹം സംബന്ധിച്ച് നവംബര്‍ 11 നന് പുറപ്പെടുവിച്ച വിധിയില്‍ അലഹബാദ് ഹൈക്കോടതി പറയുന്നു. "ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ക്കുപോലും ഒന്നിച്ച് ജീവിക്കാന്‍ നിയമം അനുവാദം നല്‍കിയിരിക്കെ പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നതിനെ ഏതെങ്കിലും വ്യക്തിക്കോ കുടുംബത്തിനോ രാജ്യത്തിനു തന്നെയോ എതിര്‍ക്കാനാവില്ല" ജസ്റ്റീസ് പങ്കജ് നഖ്വിയും ജസ്റ്റീസ് വിവേക് അഗര്‍വാളും ഉള്‍പ്പെട്ട ബഞ്ച് ചൂണ്ടിക്കാട്ടി.
യു.എ.പി.എ. യുടെ ഭരണഘടനാപരവും നിയമപരവും വസ്തുനിഷ്ടവുമായ സാധുത രാജ്യത്തെ പരമോന്നത കോടതി ഇതേവരെ പരിഗണിച്ചിട്ടില്ല. ഈ കരിനിയമത്തില്‍ പൗരജനത്തിന്‍റെ മൗലികാവകാശങ്ങളെ നിഷേധിക്കുന്ന നിരവധി വകുപ്പുകളുണ്ടെന്നത് പരക്കേ ഉന്നയിക്കപ്പെടുന്നു. വ്യക്തികളെ ഭീകരവാദികളെന്ന് പ്രഖ്യാപിക്കുന്നതിനും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും നിയമം കേന്ദ്രഗവണ്‍മെന്‍റിന് അധികാരം നല്‍കുന്നു. സമത്വത്തിനും (അനുച്ഛേദം 14) സംസാരത്തിനും (അനുച്ഛേദം 19) ജീവിതത്തിനു (അനുച്ഛേദം 21) മുള്ള പൗരന്‍റെ ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനമാണിത്. ഫാദര്‍ സ്റ്റാന്‍ സ്വാമിയും ഭീമാകൊറേഗാവ് ഗൂഡാലോചനക്കേസിലെ കുറ്റാരോപിതരെന്ന നിലയില്‍ ജയിലില്‍ അടക്കപ്പെട്ട മറ്റ് പതിനഞ്ച് പേരും (ഇവരില്‍ പലരും രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്നു) യു.എ.പി.എ. നിയമത്തിന്‍റെ ഇരകളാണ്. ഇവര്‍ക്കു പുറമെ രാജ്യദ്രോഹക്കുറ്റം ചുമത്തിയും കോടതിയലക്ഷ്യക്കുറ്റത്തിനു പോലും യു.എ.പി.എ. പ്രകാരം പലരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നു.
ഭരണഘടനയ്ക്കും ശബ്ദമില്ലാത്തവരുടെയും ചൂഷണം ചെയ്യപ്പെടുന്നവരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന നിരവധി പേര്‍ നിത്യേനയെന്നോണം നേരിട്ടും അല്ലാതെയും ദ്രോഹിക്കപ്പെടുകയും വേട്ടയാടപ്പെടുകയും അവര്‍ക്കെതിരെ കേസുകള്‍ കെട്ടിച്ചമയ്ക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും അവരുടെ ജാമ്യാപേക്ഷകള്‍ നിസാരകാരണങ്ങള്‍ പറഞ്ഞ് നിരന്തരം തള്ളപ്പെടുകയും പലരും ക്രൂരമായി മര്‍ദ്ദിക്കപ്പെടുകയും ചിലര്‍ കൊല്ലപ്പെടുകയും ചെയ്യുന്ന ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ രാജ്യത്ത് പതിവായിരിക്കുന്നു.
അവരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും അക്കാദമിക് പണ്ഡിതരും ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വഴിയില്‍ അറസ്റ്റിലായ സിദ്ദിഖ് കാപ്പനെപ്പോലുള്ള മാധ്യമപ്രവര്‍ത്തകരും ജെ.എന്‍.യു., എം.എം.യു. ജാമിയ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പൗരത്വനിയമവിരുദ്ധ പ്രക്ഷോഭകരും ആംനസ്റ്റിപോലെ ആധികാരികതയും വിശ്വാസ്യതയും വസ്തുനിഷ്ടതയുമുള്ള സ്ഥാപനങ്ങളും അഭിഭാഷകരും സജ്ജീവ് ഭട്ടിനെപ്പോലുള്ള മുന്‍ ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരും കുനാല്‍ കര്‍മ്മയെപ്പോലെ പൗരസമൂഹത്തില്‍ നിന്നുള്ളവരും ഉള്‍പ്പെടും. ഈ പട്ടിക അനന്തമാണ്. അവര്‍ ചെയ്ത ഏക കുറ്റം ചൂഷണം ചെയ്യപ്പെടുന്നവര്‍ക്കും പുറംതള്ളപ്പെടുന്നവര്‍ക്കും പുറമ്പോക്കുകളിലേക്ക് തള്ളപ്പെടുന്നവര്‍ക്കും സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുന്നു എന്നതും അതിനായി ജനാധിപത്യത്തിന്‍റെ മുഖംമൂടിയണിഞ്ഞ ഫാസിസ്റ്റ് ഭരണത്തെയും അതുവഴി നിക്ഷിപ്തതാല്‍പര്യങ്ങളുള്ള അഴിമതി നിറഞ്ഞ മുന്‍വിധികളാല്‍ നയിക്കപ്പെടുന്ന ഭരണസമ്പ്രദായത്തെയും എതിര്‍ക്കുന്നു എന്നതും മാത്രമാണ്.
കൃത്യം 71 വര്‍ഷം മുമ്പ് ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ ആ പ്രഭാഷണത്തില്‍ ഡോ. അംബേദ്കര്‍ ഇങ്ങിനെ പറഞ്ഞു, "ഇന്ത്യക്കാര്‍ തങ്ങളുടെ രാജ്യത്തെ മതത്തിനും ജാതിയ്ക്കും മേല്‍ പ്രതിഷ്ഠിക്കുമോ? അതോ രാജ്യത്തിനുമേല്‍ മതത്തെയും ജാതിയെയും പ്രതിഷ്ഠിക്കുമോ? എനിക്കറിയില്ല. പക്ഷേ ഒരു കാര്യം തീര്‍ച്ചയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിനുമേല്‍ മതത്തെയും ജാതിയെയും പ്രതിഷ്ഠിച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യം രണ്ടാംവട്ടവും പ്രതിസന്ധിയിലാവുകയും എന്നേക്കുമായി നഷ്ടപ്പെടാന്‍ സാധ്യത തെളിയുകയും ചെയ്യും. ഈ സാധ്യതയ്ക്കു നേരേ നാം പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. അവസാനതുള്ളി രക്തം നല്‍കിയും നാം നമ്മുടെ സ്വാതന്ത്ര്യത്തെ കാക്കേണ്ടതുണ്ട്".
ഒപ്പം, "ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍, ജനങ്ങളുടെ ഗവണ്‍മെന്‍റ് എന്ന തത്വം ഉറപ്പിക്കുന്നതിനായി നാം രൂപപ്പെടുത്തിയ ഭരണഘടനയെ കാത്തു സംരക്ഷിക്കുന്നതിന് ജനങ്ങളുടെ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഗവണ്‍മെന്‍റിനായി ജനങ്ങളെ ഉദ്ബുദ്ധരാക്കുന്നതിലേക്കുള്ള പാതയിലെ തടസ്സങ്ങളായ ദുഷ്ടശക്തികളെ തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നതില്‍ നാമൊരിക്കലും ദുര്‍ബലരോ, വിമുഖരോ ആവാതിരിക്കേണ്ടതുമുണ്ട്. രാജ്യത്തെ രക്ഷിക്കാനുള്ള ഏകവഴി അതാണ്". എന്ന് അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനാവിരുദ്ധ ശക്തികളാല്‍ ഭരണഘടനാ ധാര്‍മ്മികത തകര്‍ക്കപ്പെടുന്നത് കണ്ട് അലസരായിരിക്കാന്‍, നമ്മുടെ സുരക്ഷിതമാളങ്ങളില്‍ ചുരുണ്ടുകൂടിയിരിക്കാന്‍ ഇനി നമുക്കാവില്ല. നമ്മുടെ ഭരണഘടന മാത്രമാണ് നമ്മുടെ പ്രതീക്ഷ. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എന്ത് സംഭവിക്കുന്നു എന്നത് ഓരോ പൗരന്‍റെയും ഉത്ക്കണ്ഠയാകേണ്ടതുണ്ട്. "നാം ഇന്ത്യന്‍ ജനത" ഒരൊറ്റ ജനതയായി ഉണര്‍ന്ന്, നമ്മുടെ ഭരണഘടനയെ ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാന്‍, തെരുവിലേക്കിറങ്ങണം.
(മനുഷ്യാവകാശ സമാധാന പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ഫാ. സെഡ്രിക് പ്രകാശ് എസ്.ജെ, edricprakash@gmail.com)