ആത്മീയതയുടെ അഴിച്ചിലിനെതിരെ പടപൊരുതിയ പ്രവാചകന്മാരുടെ കഥ പച്ചകെടാതെ ബൈബിളിലുണ്ട്. പ്രാര്‍ത്ഥനാലയങ്ങളിലെ ആഘോഷമായ ഭക്തിഗാനങ്ങളുടെയും സ്തുതിപ്പുകളുടെയും വര്‍ദ്ധനവിനിടയില്‍ അഴിമതിയും അനീതിയും നിറഞ്ഞപ്പോള്‍ ദൈവവികാരത്തിന് ആമോസ് വചനം നല്കി. 'നീതി ജലംപോലെ ഒഴുകട്ടെ.' അരുവിയിലെ ജലം പോലെ നീതി ഒഴുകുക - കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളം വല്ലാതെ തണുക്കുന്നു. നീതിക്കുവേണ്ടി വേദപുസ്തകം കരുതിവച്ചിരിക്കുന്നതില്‍, ചന്ദന കുളിര്‍മ നല്കുന്ന ഒരു വാക്യമാണ് 'നീതി ജലംപോലെ ഒഴുകട്ടെ' എന്ന ആമോസ് പ്രവാചക വചനം. ആമോസ് ദീര്‍ഘദര്‍ശിയുടെ സന്ദേശത്തിന്‍റെ സാരാംശം ഈ വാക്യത്തിലടങ്ങിയിരിക്കുന്നു. നീതിയും സത്യവും ദേശത്ത് പുനഃസ്ഥാപിക്കാന്‍ ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് ഇദ്ദേഹം. ആമോസ് എന്ന പ്രവാചകനും അദ്ദേഹത്തിന്‍റെ സന്ദേശവും പുനരവതരിക്കുക ഇന്നിന്‍റെ ഒരാവശ്യമാണ്.
ചേമ്പിലയില്‍ വീണ വെള്ളംപോലെ ജീവിതവും പ്രവൃത്തിയും സമാന്തരമായി നീങ്ങുമ്പോള്‍ 'ഒരേ തോണിയിലാണ് നാം എങ്കിലും ഒരു നദിയോളം അകലമുണ്ട് നാം തമ്മില്‍' എന്ന ശീര്‍ഷകം സാര്‍ത്ഥകമായി തോന്നുന്നു. പ്രാര്‍ത്ഥനയും അഴിമതിക്ക് വിധേയമായിപ്പോയി എന്നതാണ് ഈ ജീവിതനൗക പഠിപ്പിക്കുന്ന പാഠം. നീതിയുടെ ദൈവത്തെ മനുഷ്യന്‍ കണ്ടുമുട്ടുന്നത് സീനായ് മലമുകളില്ല, പിന്നെയോ സ്വകാര്യസ്വത്താക്കപ്പെട്ട കുടുംബക്ഷേത്രങ്ങളിലും ഇഷ്ടക്കാവുകളിലുമാണ്. ഇവര്‍ പ്രാര്‍ത്ഥിക്കാന്‍ പോകുമ്പോള്‍ നേര്‍ച്ചപെട്ടിയില്‍ രണ്ട് തുട്ടിട്ട് പ്രാര്‍ത്ഥിക്കും. അഷ്ടഭാഗ്യങ്ങള്‍ക്ക് വേണ്ടിയല്ല, ലോട്ടറിഭാഗ്യങ്ങള്‍ക്കുവേണ്ടിയായിരിക്കും പ്രാര്‍ത്ഥന. തോണിയില്‍ യാത്ര ചെയ്യുന്ന ഞാന്‍ എന്ന വ്യക്തിയുടെ ജീവിതമാണ് ആദ്യചിന്ത. ഇതിലെ ഞാന്‍ സമൂഹത്തിലെ രണ്ട് ഇടങ്ങളില്‍ നിന്നുള്ളവരാണ്. ആദ്യത്തേത്, ഡല്‍ഹിയിലെ കര്‍ഷക കലാപസ്ഥലമാണ്. തണുപ്പിലും എതിര്‍പ്പിലും തളരാതെ നില്‍ക്കുന്ന, അധികാരം ഉദ്ദേശിക്കാതെ അവകാശങ്ങള്‍ മാത്രം ചോദിക്കുന്ന കര്‍ഷകസമരം.
കര്‍ഷകന്‍റെ വിണ്ടുകീറിയ കാലുകളാണ് സമകാലിക ഇന്ത്യയുടെ മുഖം. ജീവത്യാഗങ്ങളാല്‍ പാവനമായ ഈ സമരം ഈ വര്‍ഷത്തെ ചരിത്രപരമാക്കുന്നു. ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുകയായിരുന്നു. ഹിന്ദി കവി രാംധരി സിങ്ദിന്‍കര്‍ എഴുതിയ 'സിംഹാസന്‍ ഖാലി കരോ, ജനതാ ആതീ ഹെ' എന്ന പടപ്പാട്ടും പാടി കര്‍ഷകര്‍ ചരിത്രമെഴുതുകയാണ്. മണ്ണിന്‍റെയും കൃഷിയുടെയും വീണ്ടെടുപ്പിനായും അതിജീവനത്തിനായുമുള്ള സമരം എന്നാണ് കര്‍ഷകര്‍തന്നെ ഇതിനെ വിശേഷിപ്പിക്കുന്നത്. അന്നം തരുന്നവരുടെ ശബ്ദത്തെ ആദരവോടെ കേള്‍ക്കാന്‍ അധികാരത്തിന്‍റെ സിംഹാസനങ്ങളിലിരുന്ന് മത്തുപിടിച്ച വേതാളങ്ങള്‍ക്ക് കഴിയട്ടെ.
ജീവിതത്തിന്‍റെ രണ്ടാമത്തെ ഇടം നമ്മുടെ ഈ കൊച്ചുകേരളം തന്നെ. കോവിഡുകാലം കവര്‍ന്നെടുത്ത ഏറ്റവും മനോഹരമായ അനുഭവങ്ങള്‍ പള്ളിപ്പെരുന്നാളും ഉത്സവങ്ങളുമാണ്. കോവിഡ് പ്രോട്ടോക്കോള്‍ എന്ന നിയമനിയന്ത്രണം കവര്‍ന്നെടുത്തത് തിരുനാളുകളുടെയും ഉത്സവങ്ങളുടെയും നിറങ്ങളെയും ശബ്ദങ്ങളെയുമാണ്. പള്ളിപ്പെരുന്നാളുകള്‍ക്ക് മാത്രം കിട്ടുന്ന കളര്‍ മിഠായികള്‍ ഇഷ്ടപ്പെടുന്ന പ്രിയ കൂട്ടുകാരി "മധുരമുള്ള നിറങ്ങളെയെല്ലാം കോവിഡ് കവര്‍ന്നു" എന്നു പറഞ്ഞു. "മനുഷ്യരുടെ കാറ്റ് പോയില്ലേ!" എന്ന ഒറ്റ വരികൊണ്ട് കോവിഡ് കാലത്തെ ജീവിതത്തെ ഉത്സവപ്പറമ്പിലെ ബലൂണ്‍ കച്ചവടക്കാരന്‍ വരച്ചുകാട്ടി. "കെട്ട കാലത്ത് കുട്ടികള്‍ ബലൂണ്‍ പറപ്പിക്കില്ല. അവറ്റകളുടെ കാര്യം കഷ്ടന്ന്യാ! ആകാശം കാണ്ന്നില്ലല്ലോ. ആകാശം കണ്ടാലേ മനസ്സ് വിശാലാകൂ. മുഴുവന്‍ നേരവും മൊബൈലില്‍ തന്നെ. പഠിപ്പ് അതിലാണല്ലോ." ബലൂണ്‍ വില്പനക്കാരന്‍ തന്‍റെ ജീവിതദര്‍ശനം പങ്കുവച്ചു. എല്ലാവരേം വളയണിയിച്ച വള വില്പനക്കാരി അവരുടെ വളകള്‍ ഒന്നും തന്നെ പൊട്ടിപ്പോകാതെ എവിടെയായിരിക്കും സൂക്ഷിച്ചിരിക്കുക?
'ആകെ എരിപൊരിയായി ജീവിതം' എന്നും പറഞ്ഞ് പൊരിവില്പനക്കാരന്‍ പുലമ്പുന്നുണ്ടായിരുന്നു. എല്ലാവര്‍ക്കും മധുരമുള്ള കരിമ്പ് മുറിച്ചുകൊടുത്തവന്‍റെ പരിഭവം 'ആകെ കയ്ക്കുന്നു ജീവിതം' എന്നതായിരുന്നു. അനാഥമായ അരങ്ങുകള്‍ നോക്കി അരങ്ങുകാണാനാവാതെ നടന്മാര്‍ ആകുലതപ്പെട്ടു. 'ചരിത്രത്തോടൊപ്പം നടന്ന കല'യെന്ന് എം. എന്‍. വിജയന്‍ അഭിപ്രായപ്പെട്ട നാടകകലയിലെ കലാകാരന്മാര്‍ സ്വന്തം ഏകാന്തതകള്‍ക്ക് കൂട്ടുനില്ക്കുകയാണ്. പഞ്ചാരിയും ബാന്‍റുമേളവും അടക്കിവാണ പള്ളിമുറ്റങ്ങളും ക്ഷേത്രസന്നിധികളും അരിപ്രാവുകളുടെ കുറുകലുകള്‍ കൊണ്ട് നിറഞ്ഞു. ഉരുകിയൊഴുകുന്ന ഹൃദയങ്ങള്‍ മെഴുതിരിയാക്കി മനുഷ്യര്‍ തിരുനടയില്‍ നിന്ന് ജ്വലിച്ചപ്പോള്‍ കെട്ടുപോയത് മെഴുതിരി വില്പനക്കാരുടെ ജീവിതങ്ങളായിരുന്നു. കരിമരുന്നു കലാകാരന്മാരുടെ ജീവിതവും കരിപുരണ്ട് കറുത്തിരുണ്ടുപോയി. പൊന്‍വെള്ളികുരിശുകളും മുത്തുക്കുടകളും പിടിച്ചുകൊണ്ടുള്ള പ്രദക്ഷിണഘോഷയാത്രകളും ഇക്കുറിയില്ല. എന്നാലും ദേവാലയത്തില്‍ നിന്നും പ്രാര്‍ത്ഥനാഗാനം ഉയരുന്നുണ്ടായിരുന്നു:
"രാജാക്കന്മാരുടെ രാജാവേ
നിന്‍റെ രാജ്യം വരേണമേ
നേതാക്കന്മാരുടെ നേതാവേ
നിന്‍റെ നന്മ നിറയേണമേ!"
ഈ രണ്ട് കാര്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ജീവിതത്തിന്‍റെ വിശാലമായ ക്യാന്‍വാസ്. പെട്ടെന്ന് ഓര്‍ക്കുമ്പോള്‍ ഓടിയെത്തുന്ന സ്മൃതിച്ചിത്രങ്ങളായതുകൊണ്ട് ഇവയെ വിശാലമായി അവതരിപ്പിച്ചുവെന്ന് മാത്രം. തോണിയില്‍ എതിര്‍ദിശയിലിരുന്നുകൊണ്ട് എന്‍റെ ജീവിതത്തോടൊപ്പം യാത്രചെയ്യുന്ന മറുപാതി എന്‍റെ പ്രവൃത്തികളാണ്.
മനുഷ്യസമൂഹം എന്ന കൂട്ടായ്മയിലെ കണ്ണികള്‍ അല്ലാതായിരിക്കുന്നു നീയും ഞാനും. സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്ന ഓരോ ഭൂഗോളങ്ങള്‍. ആകാംക്ഷ ജീവിതശൈലിയായി. ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും വാട്ട്സാപ്പിലും ഫേസ്ബുക്കിലും നോക്കുന്നു. ലൈക്കുകളിലൂടെ ശ്രദ്ധിക്കപ്പെടാന്‍ കൊതിക്കുന്നു. ലൈക്കുകളിലൂടെ വ്യക്തിത്വം സ്ഥാപിക്കുന്നു. എന്നെ കേള്‍ക്കാന്‍, എന്നെ കാണാന്‍, എന്നെ ആദരിക്കാനുള്ള കൊതികളായി ലൈക്കുകള്‍ മാറുന്നു. പണ്ട് സ്വകാര്യതകള്‍, സ്വന്തം അനുഭവങ്ങള്‍ ഒക്കെ ഡയറിയില്‍ കുറിച്ചിടുമായിരുന്നു. ഒരാളുടെ ഡയറി മറ്റൊരാള്‍ വായിക്കുന്നത് അധാര്‍മ്മികമായിരുന്നു. ഇന്ന് സ്വകാര്യതകള്‍ പങ്കുവയ്ക്കുന്നു. 'ദുഃഖിതനാണ്' എന്ന് ഫേസ്ബുക്കില്‍ കുറിക്കുന്നു. എന്തിനാണ് എന്‍റെ ദുഃഖം അനന്തതയിലേക്ക് സന്ദേശമായി അയയ്ക്കുന്നത്? എന്‍റെ ദുഃഖം മറ്റുള്ളവരിലുണ്ടാക്കുന്ന ചലനത്തിന്‍റെ തോതളക്കാന്‍ തന്നെ. ഷെയറുകളിലൂടെയും ലൈക്കുകളിലൂടെയും ഞാന്‍ എന്‍റെ വിപണിമൂല്യം തിരിച്ചറിയുന്നു. വൈരുദ്ധ്യങ്ങളുടെ ആഘോഷമായി മാറി എന്‍റെ ജീവിതം, എന്‍റെ സമൂഹം.
ജീവിതത്തിന്‍റെ ദുഃഖസാന്ദ്രമായ ഈ അനുഭവങ്ങളിലേക്കും അവസ്ഥകളിലേക്കുമാണ് നീതി ഒരു അരുവിയായി വന്ന് നമ്മെ തണുപ്പിക്കേണ്ടത്. പല കഷ്ണങ്ങളായി മുറിക്കപ്പെട്ട ജീവിതത്തെ കൂട്ടിച്ചേര്‍ക്കാന്‍ നീതിയുടെ അരുവിക്ക് മാത്രമേ കഴിയൂ. കര്‍ഷകരുടെ ഉഴവുചാലുകളിലും ഉത്സവപ്പറമ്പുകളിലെ നിറങ്ങളിലും ശബ്ദങ്ങളിലും സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്ന ഞാനെന്ന ഗോളത്തിലും നീതിയുടെ ജലധാര ഒഴുകിയിറങ്ങുമ്പോള്‍ 'ഒരു നദീദൂരം' കുറഞ്ഞ് 'ഒറ്റത്തുള്ളി' ദൂരമാകും. 'ദൈവത്തെ സ്നേഹിക്കുമ്പോള്‍, ഭക്തനും ദൈവവും തമ്മില്‍ ഒരംഗുലീ ദൂരം മാത്രം.'