ചലച്ചിത്രം നിറങ്ങളിലേക്ക് മാറിയിട്ട് നൂറിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞു. ലോകസിനിമകള്‍ അവരുടെ ചലച്ചിത്രങ്ങളിലെ അഭിനേതാക്കളെ നിറവ്യത്യാസം കൂടാതെ മുഖ്യവേഷങ്ങളില്‍ അവതരിപ്പിക്കുന്നതും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ചലച്ചിത്രത്തിനു പുറത്ത് കറുത്തവനും വെളുത്തവനും തമ്മില്‍ നിരന്തരമായ പോരാട്ടങ്ങള്‍ നടന്നുകൊണ്ടിരുന്നു, ഇപ്പോഴും നടക്കുന്നുമുണ്ട്. നിറത്തിനപ്പുറം ജാതിയും, മതവും ഇതോടൊപ്പം കൊമ്പു കോര്‍ക്കുന്നുമുണ്ട്. നമുക്കുചുറ്റും നടക്കുന്ന സംഭവങ്ങളുടെ ആവിഷ്കാരം ചലച്ചിത്രലോകത്തും ബഹിര്‍സ്ഫുരിക്കുമെന്നതിനാല്‍തന്നെ നിറത്തിന്‍റെ വിവേചനം സൃഷ്ടിക്കുന്ന ജീവിതാനുഭവങ്ങള്‍ സ്വാഭാവികമായും സിനിമയുടെയും ഭാഗമായി മാറുകയാണുണ്ടായത്. സമൂഹത്തില്‍ കറുപ്പ് വിവേചനത്തിനുള്ള ഒരു ഉപാധിയായി മാറിയ സാഹചര്യത്തിലാണ് സിനിമ അതിനെ പ്രതിരോധിക്കുന്നതിനുള്ള ഒരു ആയുധമായി രൂപമെടുക്കുന്നത്. എല്ലാ സിനിമകളും കറുപ്പിനെ വിവേചനത്തിനെതിരായ പ്രതിരോധമാര്‍ഗ്ഗമാക്കിയെന്ന് ഇതു കൊണ്ട് അര്‍ത്ഥമാക്കേണ്ടതില്ല. പലപ്പോഴും നമ്മള്‍ കണ്ടുപരിചയിച്ച സിനിമാകാഴ്ചകളിലെ നിറം കുറഞ്ഞ, ഇരുണ്ട, കറുപ്പുതൊലിയുള്ള കഥാപാത്രങ്ങള്‍ പരിഹാസദ്യോതകമായാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. സ്റ്റെഫിന്‍ ഫെച്ചിറ്റ് എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ സിനിമയിലെ പ്രധാനകഥാപാത്രമായത് 1927-ലാണ്. മലയാള സിനിമാചരിത്രത്തില്‍ കറുപ്പിന്‍റെ രാഷ്ട്രീയം നിറത്തേക്കാളുപരി ജാതിയുടെ തിരിവുകളാണ് ചികഞ്ഞിട്ടുള്ളത്. കീഴാളവര്‍ഗ്ഗ സിനിമാ സാന്നിദ്ധ്യങ്ങളെ അരികുവല്‍ക്കരിക്കുകയോ അകറ്റിനിര്‍ത്തുകയും അത്തരം അകറ്റി നിര്‍ത്തലുകളെ വളരെ മൃദുവായി പരിചരിക്കുകയും അപ്രധാനമാക്കി മാറ്റുകയും ചെയ്യുന്ന രീതിയാണ് പൊതുവില്‍ അനുവര്‍ത്തിച്ചു വരുന്നത് എന്നും കാണാം. മനപൂര്‍വ്വമായി ഇത്തരം നടപ്പുശീലങ്ങളെ പൊളിച്ചെഴുതിയ ചലച്ചിത്രങ്ങളും ചലച്ചിത്രകാരന്‍മാരും ഇല്ലെന്നല്ല, കുറവാണെന്നു തന്നെ കാണാന്‍ സാധിക്കും. അരവിന്ദന്‍റെ കാഞ്ചനസീതയൊക്കെ ഇത്തരം നടപ്പുശീലങ്ങളെ ധൈര്യപൂര്‍വ്വം പൊളിച്ചെഴുതിയ ചലച്ചിത്രങ്ങളാണ്.
നിറം ഒരു രാഷ്ട്രീയോപാധിയായി മാറുന്നത് അതിന്‍മേല്‍ വിവേചനം ആരോപിക്കുമ്പോളാണ്. കറുപ്പുനിറത്തിന്മേല്‍ വെളുപ്പുനിറം നടത്തിയ അധിനിവേശങ്ങള്‍ മനുഷ്യനെയും, സമൂഹത്തെയും രാജ്യങ്ങളെയും സാരമായി ബാധിച്ചുതുടങ്ങിയപ്പോഴാണ് ഇതിനെതിരെയുള്ള പ്രതിരോധങ്ങള്‍ മനുഷ്യന്‍ തീര്‍ക്കുന്നത്. ചില സമൂഹങ്ങള്‍ തെരുവിലേക്കിറങ്ങിയപ്പോള്‍ മറ്റുചിലര്‍ കലയിലൂടെ പ്രതിരോധം തീര്‍ത്തു. സിനിമയിലേക്കും കറുപ്പിന്‍റെ രാഷ്ട്രീയം പുതിയ കാഴ്ചശീലങ്ങള്‍ പങ്കുവെച്ചു. നിറത്തിന്‍റെ വിവേചനങ്ങള്‍, ക്രൂരതകള്‍, അവഗണനകള്‍, മാറ്റിനിര്‍ത്തലുകള്‍ എല്ലാം ഇത്തരം സിനിമകള്‍ സമൂഹത്തോട് പങ്കുവെച്ചു. നിറവും, വംശവും, ജാതിയും ഉള്‍പ്പെടെ ജനങ്ങള്‍ അനുഭവിക്കുന്ന തിക്താനുഭവങ്ങള്‍ തിരശീലയില്‍ കറുത്ത രക്തം വീഴ്ത്തി. സധൈര്യം നിര്‍മ്മിക്കപ്പെട്ട ഇത്തരം ചിത്രങ്ങളില്‍ വ്യത്യസ്തവും അതിഭീകരവമുമായ കാഴ്ചകള്‍ സമ്മാനിച്ച രണ്ടു ചിത്രങ്ങളാണ് 2017-ല്‍ പുറത്തിറങ്ങിയ ഗെറ്റ് ഔട്ട് എന്ന ചിത്രവും, 2018-ല്‍ പുറത്തിറങ്ങിയ 83 ഡേയ്സ് എന്ന ചെറുസിനിമയും. കറുപ്പിന്‍റെ രാഷ്ട്രീയം ഉയര്‍ത്തുന്ന ഏറ്റവും ഭീതിദമായ കാഴ്ചകളാണ് ഈ രണ്ടു സിനിമകളും സംവദിക്കുന്നത്.
ഗെറ്റ് ഔട്ട്
ജോര്‍ദാന്‍ പീലി എന്ന സംവിധായകന്‍റെ ആദ്യ മുഴുനീള ചലച്ചിത്രമാണ് ഗെറ്റ് ഔട്ട്. ആത്യന്തികമായി ഗെറ്റ് ഔട്ട് ഒരു ഹൊറര്‍ സിനിമയാണ്. കറുപ്പ് നിറം തന്നെ ഒരു ഹൊറര്‍ അനുഭവമാണ് എന്നതാണ് സിനിമയുടെ രത്നച്ചുരുക്കം. കറുത്ത നിറക്കാരനും ഫോട്ടോഗ്രാഫറുമായ നായകന്‍ തന്‍റെ കൂട്ടുകാരിയും വെളുത്ത നിറക്കാരിയുമായ നായികയെ കാണുന്നതിനായി പോകുന്നു. അവിടെ കറുത്തനിറത്തെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്ന ആളുകളെ അയാള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു. സ്വപ്നമെന്നോ യാഥാര്‍ത്ഥ്യമെന്നോ തിരിച്ചറിയാന്‍ കഴിയാത്ത വിചിത്രങ്ങളായ ധാരാളം അനുഭവങ്ങളാണ് നായകനായ ക്രിസിന് നേരിടേണ്ടിവന്നത്. നിരവധി വെള്ള തൊലിക്കാര്‍ നിറഞ്ഞ ഒരു രാത്രിപാര്‍ട്ടിയില്‍ പങ്കെടുത്ത ധാരാളം ആളുകള്‍ ക്രിസിന്‍റെ ശരീരത്തെക്കുറിച്ച് പ്രശംസകള്‍ ചൊരിയുന്നു. എന്നാല്‍ അന്ധനായ ഒരാള്‍ക്ക് മാത്രമാണ് അയാളുടെ കഴിവിനെക്കുറിച്ചും, ഫോട്ടോഗ്രാഫിയിലെ നൈപുണ്യത്തെക്കുറിച്ചും സംസാരിക്കാനുണ്ടായിരുന്നത്. ഇത് സമൂഹത്തിന്‍റെ പൊതുരീതിയെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് സാമാന്യമായി നിരീക്ഷിക്കാന്‍ സാധിക്കും. പാര്‍ട്ടിയില്‍ വച്ച് പരിചയപ്പെട്ട ലോഗന്‍ എന്ന കറുത്തവര്‍ഗ്ഗക്കാരന്‍റെ പെരുമാറ്റത്തിലെ വൈചിത്ര്യങ്ങള്‍ അയാളെ സംശയാലുവാക്കുന്നു. ലോഗന്‍ കാണാതായ മറ്റൊരാളാണെന്ന സംശയത്തില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത റോഡ് എന്നയാള്‍ പോലീസിനെ സമീപിച്ചെങ്കിലും ആരും അയാളെ വിശ്വസിക്കാന്‍ തയ്യാറായില്ല. കാമുകിയായ റോസിന്‍റെ സംസാരത്തിലും അവകാശവാദങ്ങളിലും ക്രിസിന് സംശയമുണ്ടാകുന്നു. മറ്റ് കറുത്ത നിറക്കാരുമൊന്നിച്ചുള്ള റോസിന്‍റെ ചിത്രങ്ങള്‍ അവളുടെ അവകാശവാദങ്ങളെ പൊളിക്കുന്നതായിരുന്നു. ക്രിസിന് പിന്നീടവിടെ നില്‍ക്കണമെന്നുണ്ടായിരുന്നില്ല. സ്ഥലം വിടാനൊരുങ്ങിയ ക്രിസിന് അപ്രതീക്ഷിതമായ സംഭവങ്ങളെയാണ് നേരിടേണ്ടി വന്നത്. പിന്നീടുള്ള സംഭവങ്ങള്‍ കറുപ്പ് നിറം എങ്ങനെയാണ് അതിഭീകരമായ ഒരു അശ്ലീലവും, കച്ചവടവസ്തുവും, പൈശാചികമായ ചിന്തകളുടെ പ്രവര്‍ത്തനമേഖലയുമാകുന്നത് എന്ന് വിവരിക്കുന്നു. കറുപ്പിന്‍റെ രാഷ്ട്രീയം ഏറ്റവും ഭീതിദമായാണ് ചിത്രം പ്രേക്ഷകരോട് സംവദിക്കുന്നത്. ചിത്രത്തില്‍ പരാമര്‍ശിക്കുന്ന സങ്കണ്‍ പ്ലേസ് എന്നയിടം അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ ഏറ്റവും ക്രൂരമായ ഇടം എന്നതാണെന്ന് ചിത്ര ത്തിന്‍റെ സംവിധായകന്‍ തന്നെ പിന്നീട് വിശദമാക്കിയിട്ടുണ്ട്. കറുപ്പ് നിറം പേറുന്ന ജനതയെ എത്തരത്തിലൊക്കെയാണ് ചൂഷണം ചെയ്യുന്നതെന്നും അത് എത്രത്തോളം ഗുപ്തമായാണ് മറുവശത്തിലുള്ളവര്‍ നിര്‍വഹിക്കുന്നത് എന്നുമാണ് ചിത്രം വിശദമാക്കുന്നത്.
83 ഡേയ്സ്
ഗെറ്റ് ഔട്ട് സാങ്കല്‍പ്പിക ലോകം നിര്‍മ്മിച്ച് കറുപ്പിന്‍റെ രാഷ്ട്രീയത്തെ നിര്‍വചിക്കുകയാണ് ചെയ്യുന്നതെങ്കില്‍ 83 ഡേയ്സ് കറുപ്പിനോടുള്ള നിയമവാഴ്ചയുടെ ഇരട്ടത്താപ്പിനെയാണ് ചര്‍ച്ച ചെയ്യുന്നത്. ജോര്‍ജ് ജൂനിയസ് സ്റ്റിന്നി ജൂനിയര്‍ എന്ന 14 വയസുകാരനായ കുട്ടിയോട് നിയമം കാണിച്ച ക്രൂരതയെക്കുറിച്ചാണ് 29 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ചെറുചിത്രം സംവദിക്കുന്നത്. 11-ഉം, 7-ഉം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുടെ മരണത്തിനുത്തരവാദിയെന്ന് മുദ്രകുത്തി 83 ദിവസം മാത്രം നീണ്ട വിചാരണക്കൊടുവില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടയാളാണ് ജോര്‍ജ് സ്റ്റിന്നി. പിന്നീട് 70 വര്‍ഷത്തിനിപ്പുറം പുനര്‍വിചാരണയില്‍ അവന്‍ നിരപരാധിയാണെന്ന് തെളിയുകയുണ്ടായി. കറുപ്പ് നിറം അവനെ വധശിക്ഷക്ക് വിധേയനാക്കുന്നതില്‍ സുപ്രധാനമായ ഒരു പങ്കാണ് വഹിച്ചത്. ഇലക്ട്രൊ ഡക്ഷന്‍ എന്ന അതിക്രൂരമായ വധശിക്ഷാരീതിക്ക് വിധേയനാക്കപ്പെട്ട അവന് നീതി ലഭിച്ചത് 2014-ല്‍ മാത്രമാണ്. സാമൂഹികമായിപോലും തരം തിരിവ് അനുഭവിച്ചിരുന്ന ഒരു പട്ടണത്തിലാണ് സ്റ്റിന്നിയും കുടുംബവും ജീവിച്ചിരുന്നത്. വെളുത്തവരും കറുത്തവരും റെയില്‍പാളത്തിനിരുപുറവുമായി കൃത്യമായ അതിരുകള്‍ തീര്‍ത്താണ് താമസിച്ചിരു ന്നത്. വ്യത്യസ്തമായ ആരാധനാലയങ്ങളും, വിദ്യാലയങ്ങളും അവര്‍ക്കുണ്ടായിരുന്നു. സമ്പൂര്‍ണ്ണമായി വര്‍ണ്ണ-വംശ അയിത്തം നിലനിന്നിരുന്ന സമൂഹത്തിന്‍റെ ഇടയിലേക്കായിരുന്നു വെളുത്ത പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ വന്നുവീണത്. കൊലയാളി ആരെന്നുള്ള അന്വേഷണത്തിനൊടുവില്‍ അവരെ അവസാനമായി കണ്ടത് സ്റ്റിന്നിയും അവന്‍റെ സഹോദരിയുമാണെന്ന് വിവരം ലഭിച്ചു. അതിനൊടുവില്‍ കൃത്യമായ വിചാരണ പോലും പൂര്‍ത്തിയാക്കാതെ സ്റ്റിന്നിയാണ് കൃത്യം നടത്തിയത് എന്ന ചിന്തയില്‍ അവനെ വധശിക്ഷക്കു വിധേയനാക്കുകയാണുണ്ടായത്.
കറുത്തവന്‍റെ മേല്‍ നിയമത്തിന്‍റെ ഇരട്ടമുഖം വെളിപ്പെട്ട സ്റ്റിന്നിയുടെ വിചാരണയും വധവും പിന്നീട് ചോദ്യം ചെയ്യപ്പെടുകയും സ്റ്റിന്നിയുടെ നിരപരാധിത്വം 2014-ല്‍ പുനര്‍വിചാരണ കോടതി ശരിവെക്കുകയും ചെയ്തു. നഷ്ടപ്പെട്ടത് കറുത്ത വര്‍ഗ്ഗക്കാരന്‍ എന്ന മുന്‍വിധിയോടെ പൂര്‍ണ്ണമായ തെളിവുകളുടെ അഭാവത്തിലുള്ള ഇടപെടലുകളും. കറുത്തവന്‍റെ മേല്‍ നീതി പെയ്യുന്നത് കല്‍മഴയായിട്ടാണ് എന്ന നിരീക്ഷണത്തെ ശരിവെക്കുന്നതാണ് ഇത്തരത്തിലുള്ള വിധികള്‍. കണ്ണീരൊഴുക്കാതെ സ്റ്റിന്നിയുടെ മുഖം നിങ്ങള്‍ക്ക് കാണാനാവില്ല. ഇലക്ട്രിക്ക് കസേരയിലിരുന്നു പിടയ്ക്കുന്ന സ്റ്റിന്നിയുടെ പിടച്ചിലില്‍ നിന്നും മുഖംതിരിക്കുന്ന കുട്ടിയുടെ മുഖം കൊലക്കസേരയിലേക്ക് തിരിച്ചു പിടിക്കുന്ന പിതാവിന്‍റെ ചെയ്തിയാണ് ഏറ്റവും വലിയ ക്രൂരത. സ്റ്റിന്നി ഒരു അടയാളമോ, പ്രതിനിധിയോ മാത്രമാണ്. നിറം നിയമത്തെ തോല്‍പ്പിക്കുന്ന വ്യവസ്ഥയുടെ പ്രതിബിംബം.
രണ്ട് ചിത്രങ്ങളും പ്രതിനിധാനം ചെയ്യുന്നത് വ്യത്യസ്തമായ വ്യവസ്ഥകളെയാണ്. എന്നാലോ കറുപ്പ് തന്നെയാണ് മുഖ്യവിഷയവും. കറുപ്പിന്‍റെ രാഷ്ട്രീയം ചര്‍ച്ചയാകുന്നത് കറുപ്പല്ലാത്ത മനുഷ്യരുടെ ചെയ്തികള്‍ കറുപ്പിനെ മാര്‍ജിനലൈസ് ചെയ്യുമ്പോഴാണ്. അരികുവല്‍ക്കരണമില്ലാത്ത, കറുപ്പും വെളുപ്പും ഇടകലര്‍ന്നു പുലരുന്ന സാമൂഹികവ്യവസ്ഥയുടെ നിറവ് മാത്രമാണ് ഇത്തരം ചിന്തകളെ ബഹിഷ്കരിക്കുന്നത് എന്നതിനാല്‍ അത് മാത്രമാകണം പ്രതീക്ഷയും. ചിന്തകള്‍ വാനോളമാകുമ്പോള്‍ ഇത്തരം ഞെരുങ്ങലുകള്‍ ഇല്ലാതെയാകും എന്നു കരുതാം. പക്ഷേ എന്ന് എന്നുമാത്രം ചോദിക്കരുത്. നമ്മള്‍ മാറാന്‍ മടിക്കുമ്പോള്‍ ഉദയവും ഉറങ്ങുക തന്നെ ചെയ്യും എന്നതില്‍ സംശയമില്ല.