news-details
കവർ സ്റ്റോറി

എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോട് പരിഭവം....

'ആറാംമണി നേരം മുതല്‍ ഒന്‍പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ട് ഉണ്ടായി; ഏകദേശം ഒന്‍പതാം മണി നേരത്ത് യേശു: 'ഏലി ഏലി ലാമ സബക്താനി' എന്ന് ഉറക്കെ നിലവിളിച്ചു.' എന്‍റെ ദൈവമേ! എന്‍റെ ദൈവമേ! നീ എന്നെ കൈവിട്ടത് എന്ത് എന്നര്‍ത്ഥം' (മത്താ27 : 45 -46 ).

'ആറാം മണി നേരമായപ്പോള്‍ ഒന്‍പതാംമണി നേരത്തോളം ദേശത്തെല്ലാം ഇരുട്ട് ഉണ്ടായി. ഒന്‍പതാം മണി നേരത്ത് യേശു: 'എന്‍റെ ദൈവമേ! എന്‍റെ ദൈവമേ! എന്നെ കൈ വിട്ടത് എന്ത്?' എന്നര്‍ഥമുള്ള 'എലോഹ, എലോഹിലമ്മസ ബക്താനി'   എന്ന് ഉറക്കെ നിലവിളിച്ചു.'

ദൈവപുത്രനാണെന്നു അവകാശം പറഞ്ഞവന്‍ കുരിശില്‍ കിടന്നു നിലവിളിച്ചു. അവന്‍ പ്രാര്‍ഥിക്കുകയായിരുന്നോ, നിലവിളിക്കുകയായിരുന്നോ? ഏലിയായെ വിളിക്കുന്നോ? വെള്ളം ചോദിക്കുന്നോ? ദൈവവും ഏലിയായും വന്നുവോ? അവനു വെള്ളം കൊടുത്തുവോ? ദൈവവും വന്നില്ല, എലിയായും വന്നില്ല. അവനു വെള്ളവും കിട്ടിയില്ല. പകരം ഭൂമിയിലെങ്ങും ഇരുട്ട് ഉണ്ടായി. നട്ടുച്ചക്ക് ഇരുട്ട്. ഞാന്‍ ദേശത്തിന്‍റെ വെളിച്ചമാണെന്നു പറഞ്ഞവന് ഭൂമിയിലെങ്ങും ഇരുട്ട്. ദൈവമില്ലാത്ത ഇരുട്ട്. ദൈവം എവിടെപ്പോയി? യേശു ദൈവമെങ്കില്‍ പിന്നെ ഏത് ദൈവത്തോടാണീ ചോദ്യം? യേശു കുരിശില്‍ പരിത്യക്തനായിരുന്നോ? എന്‍റെ ദൈവമേ,  എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്ന യേശുവിന്‍റെ വാക്കിലേക്കും അവിടുത്തെ മനിസ്സിലേക്കുമൊരു തീര്‍ഥയാത്രയാണ് ഈ ധ്യാനം.

സങ്കീര്‍ത്തനത്തിലെ മിശിഹാ പ്രവചനങ്ങളിലൊന്നാണ് കുരിശിലെ നാലാം തിരുമൊഴി. സങ്കീര്‍ത്തനം 22:1 'എന്‍റെ ദൈവമേ! എന്‍റെ ദൈവമേ! എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു' എന്ന പരിത്യക്തന്‍റെ വേദനയും രോദനവുമാണ് ക്രിസ്തു കുരിശില്‍ ആവര്‍ത്തിക്കുന്നത്. ബാല്യത്തില്‍ ഹൃദിസ്ഥമാക്കുന്ന നമസ്കാരങ്ങള്‍ നിത്യ ജീവിതത്തില്‍ ഏറ്റുചൊല്ലുക എന്നത് ഒരു യഹൂദ ജീവിതശൈലിയായിരുന്നു. മരുഭൂമിയിലെ പ്രലോഭനം മുതല്‍ കാല്‍വരികുരിശിലെ അവസാനമൊഴിവരെ എഴുപത്തിയെട്ടു തവണ പഴയ നിയമത്തില്‍ നിന്നുള്ള വാക്യങ്ങള്‍ യേശു ആവര്‍ത്തിക്കുണ്ട്. അവയില്‍ രാജകീയ സ്വഭാവം വിശദീകരിക്കുന്നതും വെളിപ്പെടുത്തുന്നതുമായ വചനങ്ങളും, ദാസഭാവം സ്വീകരിക്കുന്ന വചനങ്ങളുമുണ്ട്. കുരിശിലെ അന്ധകാരനിമിഷങ്ങളില്‍ കാല്‍വരിക്കുന്നില്‍നിന്നും ആ വാക്യം മുഴങ്ങികേള്‍ക്കുന്നതുവരെ അതില്‍ നിഗൂഢമായിരുന്ന അര്‍ഥം തിരശീലക്കുള്ളില്‍ ഒതുങ്ങി ഇരുന്നതേ ഉള്ളൂ.

ഉപേക്ഷയുടെ വിലാപത്തില്‍ തുടങ്ങുന്ന സങ്കീര്‍ത്തനം അവസാനിക്കുന്നത് പ്രത്യാശയുടെ വിളക്ക് കൊളുത്തികൊണ്ടാണ്. ഭാവിതലമുറയോട് കര്‍ത്താവിനെക്കുറിച്ചും, അവിടന്ന് സംലഭ്യമാക്കിയ മോചനത്തെക്കുറിച്ചും അവര്‍ പറയും എന്ന  വിമോചനത്തിന്‍റെ കെടാവിളക്ക് കത്തിച്ചുവെച്ചുകൊണ്ടാണ് ഇരുപത്തിരണ്ടാം സങ്കീര്‍ത്തനം അവസാനിക്കുന്നത്. ദുഃഖവെള്ളിയില്‍  തുടങ്ങി, ഉയിര്‍പ്പു തിരുന്നാളില്‍ അവസാനിക്കാത്ത തിരുമൊഴികളുടെ പ്രഭാവലയം. ദൈവമാണെന്‍റെ ഇടയന്‍, എനിക്കൊരു കുറവും വരില്ല എന്ന് ചൊല്ലി പ്രാര്‍ഥിച്ചവന്, ഇത് ശിലയില്‍  പണിത വീടാണോ, മണലില്‍ പണിത വീടാണോ എന്ന് ഉരച്ചു നോക്കാനുള്ള അവസരമാണ്.

അവിടുത്തെ വാക്കിനോടൊപ്പം പ്രധാനപ്പെട്ടാതാണ് അതുച്ചരിച്ച ക്രിസ്തുവിന്‍റെ മനസും. മരണത്തിനു ഏതാനും മണിക്കൂര്‍ മുന്‍പ് ആ പരമചൈതന്യത്തെ വിളിച്ച് യേശു ഇങ്ങനെ പ്രാര്‍ഥിച്ചു: 'പിതാവേ കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നെ കടന്നുപോകട്ടെ .' കുരിശിലെ വേദനയില്‍ അവന്‍ ഉറക്കെ വിളിക്കുന്നു: 'എന്‍റെ ദൈവമേ! എന്‍റെ ദൈവമേ! എന്നെ കൈവിട്ട തെന്തെ?'' ദൈവം എന്നത് യേശുവിനും ദൈവത്തിനും അത്ര പരിചിതമായ അഭിസംബോധനയല്ല, അപ്പ, പിതാവേ, എന്നൊക്കെയാണ് യേശു ഉപയോഗിക്കുക, വലിയ കഷ്ടതയുടെ നിമിഷങ്ങളില്‍ ഒരാള്‍ക്ക് ദൈവവുമായുള്ള അടുപ്പം തീരെ കുറയുകയും, താന്‍ ഉപേഷിക്കപ്പെട്ടവനും, ദൈവത്താല്‍പോലും മറക്കപ്പെട്ടവനും ആണെന്ന ചിന്തയില്‍ കോര്‍ക്കപ്പെടുകയും ചെയ്യും, ദൈവത്തിന്‍റെ ഉപേക്ഷയില്‍ കോര്‍ക്കപ്പെട്ട മനസ്സ് എന്നതാണ് ആദ്യത്തെ ചിന്ത.

നിരാശയുടെ നീര്‍ച്ചുഴിയിലെന്നു തോന്നിക്കുമെങ്കിലും പ്രത്യാശ കൈവിടാത്ത മനസ് എന്നതാണ് രണ്ടാമത്തെ ചിന്ത. പ്രഥമ ശ്രവണത്തില്‍ പ്രകടമാകുന്നത് നിറഞ്ഞുകവിയുന്ന നിരാശയെന്നു തോന്നുമെങ്കിലും, ഇതെല്ലം കണ്ടുകൊണ്ടിരുന്ന ശതാധിപന്‍ ഈ മനുഷ്യന്‍ സത്യമായും ദൈവപുത്രനാണെന്നു അഭിപ്രായപ്പെട്ടു. അവന്‍റെ നിലവിളിക്കും ഈ അഭിപ്രായ പ്രകടനത്തിനും മദ്ധ്യേ സംഭവിച്ച ചില കാര്യങ്ങളാണ് ഇതിനു കാരണം.  തന്‍റെ ദ്രോഹകരോട് ക്ഷമിച്ചതും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതും, അങ്ങേ കൈകളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞു പ്രാണനെ കൈയാളിയതും, ക്രിസ്തു നിരാധാരനും, നിരാശനുമെന്നവണ്ണം തോന്നിപ്പിക്കുന്നു എന്ന വാദത്തെ ഖണ്ഡിക്കുന്നതാണ്.

'ഇതാ ദൈവത്തിന്‍റെ കുഞ്ഞാട്, ഇതാ ലോകത്തിന്‍റെ പാപങ്ങള്‍ പോകുന്നവന്‍' എന്ന സാക്ഷ്യപത്രം മനസ്സില്‍ ഉറപ്പിച്ചവനായതുകൊണ്ട് തന്‍റെ പാപയാഗം മനുഷ്യകുലത്തിന്‍റെ പാപങ്ങള്‍ക്ക് പരിഹാരം വരുത്തുവാനാണെന്ന ചിന്തയാണ് മൂന്നാമത്തേത്. ഈ പാപയാഗം മനുഷ്യകുലത്തിന്‍റെ ശാരീരിക ദണ്ഡനങ്ങളിലോ, ദുരിതങ്ങളിലോ കേന്ദ്രീകരിച്ചു നില്‍ക്കുന്നതല്ല. പാവനവും നിഷ്കളങ്കവുമായ തന്‍റെ അന്തരാത്മാവില്‍ പാപത്തിന്‍റെ ഭവിഷ്യങ്ങള്‍ കേന്ദ്രീകരിച്ചപ്പോള്‍, കണ്ണീരോടും നിലവിളിയോടും കൂടെ അപേക്ഷയും അഭയയാചനയും കഴിക്കേണ്ടിവന്നു എന്നതാണ് പരമാര്‍ത്ഥം. ദൈവത്തിന്‍റെ കുഞ്ഞാടിന്‍റെ പ്രാണനെ പാപത്തിനു യാഗമായി അര്‍പ്പിക്കുകയായിരുന്നു.

ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്‍ക്ക് പ്രകാശം ലഭിക്കും എന്ന സെഖര്യായുടെ പ്രവചനഗീതകം അവന്‍റെ മരണനേരത്ത് ഭൂമി മുഴുവന്‍  പരന്ന ഇരുട്ടിന്‍റെ ഉത്ഥാനത്തിന്‍റെ ഉദയരശ്മിയിലേക്കുള്ള പകര്‍ന്നാട്ടത്തിനു ഇടയാക്കി എന്നതാണ് നാലാമത്തെ വിചാരം. മൂന്നാം മണി മുതല്‍ ആറാംമണി വരെ. അതായത് ഇന്നത്തെ ഒന്‍പത് മണി മുതല്‍ ഉച്ചയുടെ പന്ത്രണ്ട് മണിവരെ സൂര്യന്‍ കുരിശില്‍ പ്രകാശം വീശി നിന്നു. എന്നാല്‍ പെട്ടെന്ന് അന്തരീക്ഷം കാര്‍ മേഘപടലങ്ങളാല്‍ മൂടപ്പെട്ടു. ആറാം മണി മുതല്‍ ഒന്‍പതാം മണി വരെ, എന്നുപറഞ്ഞാല്‍, ഇപ്പോഴത്തെ പന്ത്രണ്ടുമണിമുതല്‍ മൂന്നുമണിവരെ ദേശത്തെങ്ങും ഇരുട്ട് വ്യാപിച്ചു. പുനര്‍ജ്ജനി ഗുഹയുടെ ഇരുട്ടിലൂടെ നൂണിറങ്ങി പ്രകാശം കണ്ട് സായൂജ്യമടയുന്നപോലെ മരണത്തിന്‍റെ ഇരുള്‍ നൂണ്ട് ഉത്ഥാനത്തിന്‍റെ മഹിമയേറിയ പ്രകാശം ധരിക്കും എന്ന വിശ്വാസം, ഭീതിപ്പെടാതെ ധൈര്യപൂര്‍വം ഇവയെ നേരിടാന്‍ ക്രിസ്തുവിനെ പ്രാപ്തനാക്കി.

അപ്രതീക്ഷിതവും പ്രതികൂലവുമായ സംഭവങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വന്ന് ഏറ്റുമുട്ടുമ്പോള്‍ ദൈവം എന്നെ കൈവിട്ടോ എന്നും എന്നോടെന്തിനീ പിണക്കം എന്നും നാം ചോദിക്കുക സാധാരണം. എന്നിട്ടും ദുഃഖവെള്ളിയുടെ കാല്‍വരി കയറുന്നവര്‍ ഇപ്പോഴും പ്രാത്ഥിച്ചുകൊണ്ടിരിക്കുന്നു - ജോബിനെപ്പോലെ, കുരിശില്‍ക്കിടന്നുപ്രാര്‍ത്ഥിച്ച യേശുവിനെപ്പോലെ. ഒന്നിനും വേണ്ടിയിട്ടല്ല അവര്‍ പ്രാര്‍ത്ഥിക്കുന്നത്. ഉത്തരം കിട്ടാതെ അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു. സഹിക്കുന്നവന്‍റെ സഹനദുരിതങ്ങളുടെ ജീവിതമാണ് പ്രാര്‍ത്ഥന.

'ഏലി, ഏലി, ലാമസബക്താനി!'
'എന്നോടെന്തിനീ പിണക്കം ...
ഇന്നുമെന്തിനാണെന്നോട് പരിഭവം ...'

You can share this post!

കറുപ്പിന്‍റെ രാഷ്ട്രീയം

ആരതി എം. ആര്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts