ഉയിര്‍പ്പ് ജീവന്‍റെ ആഘോഷമാണ്. വിജയത്തേക്കാളേറെ ഒരു വെളിപ്പെടുത്തലായി അതിനെ ധ്യാനിക്കാം. ക്രിസ്തു ജീവിക്കുന്നവനായി നമ്മുടെയിടയില്‍ അനുഭവവേദ്യമാകുന്നുണ്ടെങ്കില്‍ 'ഞാന്‍ കര്‍ത്താവിനെ കണ്ടു' എന്ന ആനന്ദമുള്ള സമൂഹ മായി നമ്മളും ലോകത്തിനു മുമ്പില്‍ വെളിപ്പെടും.
ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ലോകം കാണുന്നത് വാനമേഘങ്ങളിലല്ല, നമ്മിലാണ്. ജീവിതകാലത്തും ഉത്ഥാനശേഷവും ക്രിസ്തു ഹൃദയബന്ധമായി അറിയപ്പെട്ടത് ഭവനങ്ങളിലും സൗഹൃദങ്ങളിലുമാണ്. നമ്മിലൊരുവനാവുകയും അരികെ വരികയും ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നതായി കാണാം. ഉത്ഥിതന്‍റെ കൂടെ ഒരിക്കല്‍ക്കൂടെ ഗലീലിയിലൂടെ നടക്കേണ്ടത് ശിഷ്യത്വത്തിന്‍റെ വേരുകള്‍ക്ക് ശക്തിയും സൗന്ദര്യവും നല്‍കുവാനാണ്.
ഉണങ്ങാത്ത മുറിവുകളുള്ള കരങ്ങള്‍ നീട്ടി, അന്ധര്‍ക്ക് കാഴ്ചയോ, തളര്‍വാതരോഗികള്‍ക്കു ബലമോ, മരിച്ചവര്‍ക്കു പുതുജീവനോ നല്‍കാന്‍ അവനെ കാണുന്നില്ല. കയ്യാപ്പാസിന്‍റെയോ പീലാത്തോസിന്‍റെയോ ഹേറോദേസിന്‍റെയോ കൊട്ടാരത്തില്‍ വെല്ലുവിളിയായി അവന്‍ കടന്നു ചെന്നില്ല. ദേവാലയഗോപുരത്തില്‍നിന്ന് ചാടുന്നതിലും എത്രയോ വലിയ കാഴ്ചയാകുമായിരുന്നു അത്! ഉത്ഥിതന്‍റെ സാന്നിധ്യത്തെക്കുറിച്ചുള്ള വലിയ ഒരു അവബോധം അതു പകര്‍ന്നു നല്‍കുന്നു. അവന്‍റെ സാന്നിധ്യം നമ്മിലാണ്, നമ്മള്‍ ഒരുമിച്ചാണ് ക്രിസ്തുവിനെ വെളിപ്പെടുത്തുന്നത്, അവന്‍റെ സാന്നിധ്യമാണ് നമ്മുടെ വ്യക്തിരൂപം സൃഷ്ടിക്കേണ്ടതും.
വെളിപാട് പുസ്തകത്തില്‍, 'വധിക്കപ്പെട്ട' കുഞ്ഞാടിനെ നമ്മള്‍ കാണുന്നു. സ്വന്തം ജീവന്‍ പകര്‍ന്നുനല്കി സകലരെയും ആ ജീവനിലേക്കു കുഞ്ഞാട് സ്വീകരിക്കുന്നു. വധിക്കപ്പെട്ട കുഞ്ഞാട് കടന്നുപോയ വഴികളെ നമുക്ക് ധ്യാനമായെടുക്കണം, എങ്കിലേ ഇന്നും ജീവിക്കുന്ന കുഞ്ഞാടി ലേക്ക് കൃപയോടെ വളരാനാകൂ.
'ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്' എന്നാണ് സ്നാപകന്‍ വിളിച്ചു പറ ഞ്ഞത്. ലോകത്തിന്‍റെ ശാപവും വെറുപ്പും വ്യഥകളും മരണവും അവനു വഹിക്കാനായത് മനുഷ്യന്‍റെ വെളിച്ചംകൂടിയായ ജീവന്‍ അവനിലുണ്ടായിരുന്നതുകൊണ്ടാണ്. ആ ജീവന്‍ ഉള്ളില്‍ നിറഞ്ഞുകൊണ്ട് ദരിദ്രരോടു സുവിശേഷം പ്രസംഗിക്കുവാനും മോചനവും സ്വാതന്ത്ര്യവും യാഥാര്‍ത്ഥ്യമാക്കുവാനും ജോര്‍ദ്ദാനിലെ ജലത്തില്‍ നിന്നും ഉയര്‍ന്ന് മുന്നോട്ടുനടന്നു. ജീവന്‍റെ പൂര്‍ണ്ണതയില്‍ തന്നെ കുരിശിലേറി ജീവാര്‍പ്പണം നടത്തി. ജീവനെ വെളിപ്പെടുത്തിക്കൊണ്ട് ഉയിര്‍ക്കുന്നു.
ഉത്ഥിതനായ ക്രിസ്തു ഇന്നു സന്നിഹിതനാ യിരിക്കുന്നത് നമ്മിലാണ് എന്നതിനാല്‍, ആ ജീവ സാന്നിധ്യം പ്രതിഫലിക്കണമെങ്കില്‍ അവനിലുണ്ടായിരുന്നതുപോലെ, ലോകത്തിനു വെളിച്ചമാകും വിധം നമ്മില്‍ ജീവനുണ്ടോ എന്ന് പരിശോധിച്ചറിയണം. ശാപവും, ആക്ഷേപവും, വ്യഥകളും ആവര്‍ത്തിച്ചു കേള്‍ക്കുന്ന ഭാരങ്ങളാകുമ്പോള്‍ അവയെ ദൈവത്തിന്‍റെ കുഞ്ഞാടിനെപ്പോലെ വഹിക്കാന്‍ കഴിയുന്നുണ്ടോ എന്നറിയാന്‍ അത് ആവശ്യമാണ്.
ദൈവം അവനെ ഉയിര്‍പ്പിച്ചു. മുറിവും വ്യഥയും വഹിക്കുന്ന കുഞ്ഞാടിനു തികഞ്ഞ സ്നേഹത്തോടെയും ജീവനോടെയും ജീവാര്‍പ്പണം ചെയ്യുവാന്‍ കഴിഞ്ഞെങ്കിലേ ജീവിക്കുന്ന ക്രിസ്തു സാന്നിധ്യം ലോകത്തിനു ലഭിക്കൂ. ആന്തരിക ജീവന്‍റെ പ്രവാഹം ദൈവം തന്നെയായതിനാല്‍, സത്യത്തിലും ആത്മാവിലുമുള്ള ദൈവമുഖം കാണുവാനും നമുക്ക് കഴിയണം. ഭൂമിയെ ഇളക്കി ന്യായം നടത്തുന്ന ദൈവത്തെ ക്രിസ്തു ഗത്സമെനില്‍ പ്രതീക്ഷിച്ചിരുന്നെങ്കില്‍ അവന്‍ ജീവന്‍റെ മഹത്ത്വത്തിലേക്ക് പ്രവേശിക്കുമായിരുന്നില്ല.
ജീവനുണ്ടെങ്കിലേ സമഗ്രമായ മോചനമാര്‍ഗ്ഗം പ്രഘോഷിക്കുവാനും അനീതിയെയും ചൂഷണ ങ്ങളെയും എതിര്‍ക്കുവാനും നമുക്കു കഴിയൂ. ജീവന്‍റെ സാന്നിധ്യം ഉള്ളവര്‍ ജീവന്‍റെ പ്രവൃത്തികള്‍ ചെയ്യും. ജീവനെ പരിപോഷിപ്പിക്കുവാനുള്ള വഴികള്‍ ഉറപ്പാക്കും. ജീവനെയും ഭൂമിയെത്തന്നെയും ഇല്ലാതാക്കുന്ന ഇടപെടലുകള്‍ മനുഷ്യര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വായു, ജലം, മണ്ണ്, കാട് തുടങ്ങിയവയിലെ ദൈവപരിപാലന അറിയണമെങ്കില്‍ മുമ്പ് പറഞ്ഞതുപോലെ ഉത്ഥാനത്തെ വിജയമെന്നതിലുപരി ജീവന്‍റെ ഉത്സവമായി കാണാന്‍ കഴിയണം. ജീവനുള്ളവര്‍ക്കു മരണത്തെ ഭയപ്പെടേണ്ടതില്ല. ജീവിക്കുന്ന പ്രത്യാശയില്‍ നടന്നുവേണം വേദനകളുടെ സമയത്തിലൂടെ കടന്നുപോകാന്‍. സാങ്കല്പിക സൃഷ്ടിയായിട്ടുള്ള ദുരന്തങ്ങളെ സമചിത്തതയോടെ തിരിച്ചറിയാനും ജീവന്‍ നമുക്കുണ്ടാവണം.
ഉത്ഥാനത്തിലെ ജീവന്‍റെ ഉറപ്പു നമുക്കില്ലാതെ പോകുമ്പോഴാണ് നമ്മള്‍ ക്രിസ്തുവിനെ ഉയിര്‍പ്പിക്കാന്‍ നോക്കുന്നത്. സ്വയം ദൈവമാവുകയും, ക്രിസ്തുവിനെയും ദൈവത്തെയും സ്വന്തം താല്പര്യങ്ങളിലേക്കു ചുരുക്കിനിര്‍ത്തുകയും ചെയ്യുന്നവര്‍ ആന്തരികമായി പ്രവര്‍ത്തിക്കേണ്ട ക്രിസ്തുചൈതന്യത്തെ അവഗണിച്ചുകളയും. ഒരിക്കല്‍ സ്വയം സഭാസ്നേഹികളെന്നു വിളിച്ചവര്‍, ക്രിസ്തുവിനെയും സഭയെയും സംരക്ഷിക്കുവാന്‍ മുന്‍കൈ എടുത്തവര്‍ പലരും ക്രിസ്തുവിന്‍റെ സമാധാനമോ ജീവനോ പകര്‍ന്നു നല്‍കാത്ത അടയാളങ്ങളായി മാറിയതും അതുകൊണ്ടാണ്.
ക്രിസ്തുവിന്‍റെ പേരില്‍ വരുന്ന വ്യാജ ക്രിസ്തുമാരെ വ്യക്തികളായും സമൂഹമാധ്യമഗ്രൂപ്പുകളായും ഈനാളുകളില്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. ഉത്ഥിതനായ ക്രിസ്തു ജീവിക്കുന്ന സമൂഹത്തിന്‍റെ ആധികാരികത സഹോദരസ്നേഹം പ്രതിഫലിപ്പി ക്കുന്നതും, നീതിയും സമാധാനവും ഉറപ്പാക്കുന്നതുമാണ്. വിശ്വാസത്തിന്‍റെ പേരില്‍ വെറുപ്പും വിദ്വേഷവും ന്യായീകരിക്കപ്പെടുന്ന ഏറ്റവും ചെറിയ ഉദ്യമംപോലും തള്ളിപ്പറയുവാനുള്ള ആര്‍ജ്ജവം ഇല്ലാതെപോകുന്നത് ജീവന്‍റെ അഭാവത്തിന്‍റെ തെളിവാണ്. അതുകൊണ്ടാവാം ജീവരാഹിത്യം മൂലം വന്നു ഭവിക്കുന്ന ജീര്‍ണതകളെ നമ്മള്‍ സ്നേഹിച്ചു തുടങ്ങിയത്.
ഭൂമിയിലെ രാജാക്കന്മാര്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് അവരുടെ ശ്രേയസും പ്രൗഢമായ രൂപങ്ങളുമാണ്. എന്നാല്‍, ജീവന്‍ ഉറപ്പാക്കാന്‍ കഴിയുന്നവരെയാണ് ശ്രേഷ്ഠതയോടെ പ്രപഞ്ചം ഓര്‍മ്മിക്കുക. അത് പലവിധം ജീവരൂപങ്ങളാകാം, സാമൂഹികമായ സൗഹാര്‍ദ്ദവും സഹോദര്യവുമാകാം, സാംസ്കാരികമായ സര്‍ഗാത്മകതയാകാം, അനീതിയുടെ കാലത്ത് വേദനയോടെ ഉയര്‍ത്തിപ്പിടിച്ച നീതിബോധമാകാം. അങ്ങനെ, ഉയിര്‍പ്പ് കല്ലറയുടെ അരികെനിന്നും വീണ്ടുംവീണ്ടും സുവിശേഷ ഭാഗ്യങ്ങളുടെ അടിവാരത്തിലേക്കു ഉത്ഥിതന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
ഹൃദയങ്ങളില്‍ നല്‍കപ്പെട്ട ജീവന്‍റെ സമൃദ്ധി നമ്മില്‍ രാജാക്കന്മാരെ സൃഷ്ടിക്കുവാനല്ല. ജീര്‍ണതകളെ സ്നേഹിച്ചു തുടങ്ങിയ നമുക്ക് ജീവനെ തേടുക എന്നതേ ഉത്ഥാനത്തെ അറിയാന്‍ വഴിയുള്ളു. ജീവനില്ലാത്ത നമുക്കരികെ എത്തുന്നവര്‍ ശൂന്യമായ കല്ലറക്കരികെയെത്തുന്ന വിനോദ സഞ്ചാരികളെപ്പോലെ തിരികെ നടക്കും. എന്നാല്‍, ജീവന്‍റെ നിറവും അവര്‍ക്കായുള്ള മുറിപ്പാടും നമ്മില്‍ ഉണ്ടെങ്കില്‍ അവരുടെ ജീവിതത്തിന്‍റെ നിര്‍വൃതിയില്‍ അവര്‍ പറയും 'എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ'.
ഉലയ്ക്കുന്ന നിലപാടുകള്‍ക്കിടയില്‍ അറിഞ്ഞു കൊണ്ടു തന്നെ നമ്മള്‍ കുറച്ചുകാലമായി ചോദിക്കു ന്നതാണ്, 'ഉത്ഥിതന്‍ ജീവിക്കേണ്ടതുണ്ടോ?'