ആരാണ് മരിക്കുന്നതും ഉയിര്‍ക്കുന്നതും?
ഭക്തനായ ഒരു ബാലനായിരുന്നു നീഷേ. അവന്‍റെ ചുറ്റുപാടുകളെല്ലാം ഭക്തിമയമായിരുന്നു. നീഷേയുടെ അപ്പന്‍ പാസ്റ്ററായിരുന്നു. ഒരു അമ്മാവന്‍ ബിഷപ്പായിരുന്നു. അപ്പന്‍ ജീവിച്ചത് ദൈവത്തിന് സാക്ഷ്യം നല്‍കാന്‍ മാത്രമായിരുന്നു. പത്ത്-പതിന്നാല് വയസ്സായപ്പോള്‍ തന്നെ അതിബുദ്ധിമാനായിരുന്ന നീഷേ ബൈബിളില്‍ പലതും മനഃപാഠമാക്കി. പലരും കരുതി നീഷേ പ്രശസ്തനായൊരു ബിഷപ്പാകുമെന്ന്. പക്ഷെ അപ്പന്‍റെ മരണം നീഷേയുടെ ജീവിതത്തെ തിരിച്ചെഴുതി. ദൈവത്തിനു വേണ്ടി മാത്രം ജീവിച്ച അപ്പന്‍റെ അവസാന നാളുകള്‍ ദാരുണമായിരുന്നു. ക്യാന്‍സര്‍ ബാധിതനായി നീണ്ടനാള്‍ സഹനത്തിന്‍റെ കയ്പുനീര്‍ കുടിച്ചിറക്കി അപ്പന്‍ മരിച്ചപ്പോള്‍ നീഷേയുടെ ദൈവവിശ്വാസം ഛിന്നഭിന്നമായി. ദൈവത്തിനെതിരെ നീഷേ ഹൃദയം കഠിനമാക്കി.
കുഞ്ഞുനീഷേക്ക് സ്നാനം നല്‍കിക്കൊണ്ട് അപ്പന്‍ സംസാരിച്ചത് നന്മയെയും തിന്മയെയും കുറിച്ചായിരുന്നു. വളര്‍ന്നുവലുതാകുമ്പോള്‍ ഈ കുട്ടിയുടെ മുമ്പില്‍ നന്മയും തിന്മയും ഉണ്ടാകും. ഇതില്‍ ഏത് തിരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇവന്‍റെ ഭാവി. പക്ഷെ, ക്രിസ്തുവിന്‍റെ ആത്മാവ് ഇവനെ നന്മ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കും. ഇതായിരുന്നു പ്രസംഗത്തിന്‍റെ ഉള്ളടക്കം. പക്ഷെ, മകന്‍ വളര്‍ന്നു വലുതായപ്പോള്‍ നന്മയെയും തിന്മയെയും ഒരു പോലെ തിരസ്ക്കരിച്ചു. നന്മയും തിന്മയും എന്ന വേര്‍തിരിവ് തന്നെ അസംബന്ധമാണെന്ന തിരിച്ചറിവിലേക്ക് കടന്നു. യഥാര്‍ത്ഥ ജീവിതം നന്മക്കും തിന്മയ്ക്കും മുകളിലുമാണെന്ന് അവന്‍ എഴുതുന്ന പുസ്തകം ഉണ്ട്. അതിന്‍റെ പേര്, "Beyond Good and Evil' എന്നാണ്. മകന്‍റെ ഈ പുസ്തകം വായിക്കാന്‍ അപ്പന്‍ ജീവിച്ചിരുന്നില്ല.
അവിടം കൊണ്ട് തീര്‍ന്നില്ല. വെറുക്കുന്നവരുടെ മേല്‍ ശാപവും, സ്നേഹിക്കുന്നവരുടെ മേല്‍ അനുഗ്രഹവും വര്‍ഷിച്ചുകൊണ്ട് വിധികളുടെ ഉഗ്രശാസനകളുമായി മനുഷ്യജന്മങ്ങളെ വിറങ്ങലിപ്പിച്ച് ഭരിക്കുന്ന ദൈവത്തെ അവന്‍റെ ഏകാധിപത്യ സിംഹാസനത്തില്‍ നിന്നും താഴെയിറക്കാന്‍ നീഷേ ഇറങ്ങിത്തിരിച്ചു. ഭ്രാന്തിനെ സ്വയം ഏറ്റെടുത്ത സരാതുഷ്ട്ര എന്ന കഥാപാത്രത്തെ കൊണ്ട് ഉച്ചത്തില്‍ വിളിച്ചു പറയിപ്പിച്ചു, "God is dead.'കേള്‍വിക്കാരുടെ മേല്‍ സരാതുഷ്ട്രയുടെ വാക്കുകള്‍ ഒരു അശനിപാതം പോലെ പതിച്ചു. നീഷേയെ വായിക്കുക എന്നതു തന്നെ തലയില്‍ ആണികള്‍ അടിച്ചുകയറ്റുന്ന അനുഭവത്തിലൂടെ കടന്നുപോകുക എന്നതാണ്.
ദൈവം മരിച്ചു എന്ന നീഷേയുടെ പുതിയ വിശേഷം എന്താണ് അര്‍ത്ഥമാക്കുന്നത് ? ദൈവം മരിച്ചു എന്നു പറയുമ്പോള്‍, ദൈവം ഒരിക്കല്‍ ഉണ്ടായിരുന്നു എന്നത് അര്‍ത്ഥമാക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ എങ്ങനെയാണ് ദൈവം മരിച്ചത്? ആരാണ് ദൈവത്തെ കൊന്നത്? ദൊസ്തോവ് സ്കിയുടെ ഇവാന്‍ പറയുന്നതുപോലെ, ദൈവമില്ലാതായാല്‍ എന്തും അനുവദനീയമാണോ? അതോ ദെല്യുസ് പറയുന്നതുപോലെ, ദൈവമില്ലെങ്കില്‍ ഒന്നും അനുവദനീയമല്ല എന്നതാണോ ശരി?
പലരും പല രീതിയിലാണ് ഇതിനോട് പ്രതികരിച്ചത്. ചിലര്‍ death of God തിയോളജിക്ക് രൂപം നല്‍കി. ഹ്യുമനിസവും മാര്‍ക്സിസവും ദൈവത്തിന്‍റെ സ്ഥാനത്ത് മനുഷ്യനെ പ്രതിഷ്ഠിച്ചു. ആ മനുഷ്യന്‍ ദൈവത്തേക്കാള്‍ ഭീകരനായി. സ്റ്റാലിന്‍ ഒറ്റക്ക് അനേകം ലക്ഷം നിഷ്ക്കളങ്ക മനുഷ്യരെ കാലപുരിക്കയച്ചു. ഹിറ്റ്ലര്‍ സ്വയം രക്ഷകനായി മാറി, ആറു കോടി യഹൂദരെ കശാപ്പു ചെയ്തു. മനുഷ്യന്‍ പുഴുക്കളെപോലെ ചത്തു കുന്നുകൂടിയ രണ്ടു ലോകമഹായുദ്ധങ്ങളും മനുഷ്യന്‍ ദൈവമല്ല എന്നതിന്‍റെ തെളിവായിരുന്നു. ഇതിന് പുതിയ തെളിവുകള്‍ വന്നുകൊണ്ടിരിക്കുന്നു.
ദൈവം മരിച്ചു എന്ന് നീഷേ പറയുമ്പോള്‍ അത് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് തിരിച്ചറിയുന്നത് ദെല്യുസ് ആണ്. ഇതിന് ദെല്യുസിനെ സഹായിക്കുന്നത് മധ്യകാലഘട്ടത്തിലെ ഏറ്റവും വ്യത്യസ്ത ചിന്തകനും ഫ്രാന്‍സിസ്ക്കന്‍ സന്യാസ പുരോഹി തനുമായിരുന്ന ഡണ്‍ സ്കോട്ടസാണ്. മനുഷ്യനെ വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന ആശയങ്ങള്‍ കൊണ്ടുതന്നെ ദൈവത്തെയും വിശദീകരിക്കാം എന്നും സത്താപരമായി ദൈവും മനുഷ്യനും തമ്മില്‍ വ്യത്യാസമില്ല എന്നും പറയുന്ന ഡണ്‍ സ്കോട്ടസിന്‍റെ univocity തീയറിയില്‍ ആകൃഷ്ടരായവരാണ് നീഷേയും സ്പിനോസയും ദെല്യുസും. ഇതനുസരിച്ച്, ദൈവം ഒന്നേയുള്ളു എന്നാല്‍ സൃഷ്ടികളെല്ലാം ദൈവത്തിന്‍റെ ബാഹുല്യമായ വിവിധ ഭാവങ്ങളാണ്. അപ്പോള്‍ മനുഷ്യന്‍റെയും പ്രകൃതിജാലങ്ങളുടെയും ജീവിതവും മരണവും ദൈവത്തിന്‍റെയും ജീവിതവും മരണവുമാണ്.
ഈ ചിന്തയുടെ പ്രധാന പ്രതിഫലനം എന്നത് അതുവരെ പ്രപഞ്ചത്തിന് അതീന്ദ്രിയനായി, അതിരനായി നിന്നിരുന്ന ദൈവത്തെ പ്രപഞ്ചത്തില്‍ അന്തര്‍ലീനനാക്കി എന്നുള്ളതാണ്. അതിരനായി നിലനില്‍ക്കുന്ന ദൈവം പ്രപഞ്ചത്തിനും സൃഷ്ടികള്‍ക്കും വിലങ്ങുതടിയായി നിന്നുകൊണ്ട് അതിന്‍റെ പുതിയ ഭാവങ്ങളെ ചെറുക്കും.
അങ്ങനെയൊരു ദൈവം ഉണ്ടെങ്കില്‍ ആ ദൈവം മരിച്ചിരിക്കുന്നു. കുറ്റാരോപണങ്ങളുടെ ദണ്ഡനവിധികളുമായി നില്‍ക്കുന്ന ദൈവം കൊല്ലപ്പെട്ടു എന്ന് നീഷേയുടെ ദൈവം മരിച്ചു എന്ന പ്രവചനത്തില്‍ നിന്നും പോള്‍ റിക്കറും മനസ്സിലാക്കുന്നു. ദൈവം മരിച്ചു എന്ന് നീഷേ പറയുന്നത് ഒരു അനുമാനപരമായ പ്രസ്താവനയല്ല, പകരം അതൊരു നാടകാത്മകമായ പ്രസ്താവനയാണെന്ന് ദെല്യുസ് തിരിച്ചറിയുന്നു. ഒരു നാടകാത്മക പ്രസ്താവന എന്ന നിലയില്‍ ദൈവം ഉണ്ടയോ ഇല്ലയോ എന്ന വാസ്തവവുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഭൂമിയില്‍ അന്തര്‍ലീനനായിരിക്കുന്ന ദൈവത്തെ അന്വേഷിക്കാനും ദൈവത്തെക്കുറിച്ച് അനുമാന പരമായ എന്തെങ്കിലും അറിവ് മനുഷ്യന് സാധിക്കുമോ എന്ന് അന്വേഷിക്കാനും ഇത് പ്രേരിപ്പിക്കുന്നുണ്ട്.
ഇമ്മാനുവേല്‍ കാന്‍റ് അറിവിനെ അനലറ്റിക്ക് എന്നും സിന്തറ്റിക് എന്നും വേര്‍തിരിച്ചു. അനലിറ്റിക് ആയ പ്രസ്താവനകളില്‍ പുതിയതായി യാതൊരു അറിവുമില്ല. മനുഷ്യന്‍ ജീവനുള്ള ഒരു ജീവിയാണ് എന്നതൊരു അനലറ്റിക് പ്രസ്താവനയാണ്. അനലറ്റിക് പ്രസ്താവനകള്‍ക്ക് അനുഭവവുമായി എന്തെങ്കിലും ബന്ധം ഉണ്ടാകണമെന്നില്ല. അനുഭവങ്ങളിലൂടെ രൂപപ്പെടുന്ന സിന്തറ്റിക് പ്രസ്താവനകള്‍ പുതിയൊരു അറിവാണ് പ്രദാനം ചെയ്യുന്നത്. വെള്ളം നൂറ് ഡിഗ്രി സെല്‍ഷ്യസില്‍ തിളക്കുന്നു എന്നത് സിന്തറ്റിക് പ്രസ്താവനയാണ്.
ദൈവത്തെക്കുറിച്ച് സിന്തറ്റിക് അറിവ് സാധ്യമാണോ? സിന്തറ്റിക് അറിവുകള്‍ തെറ്റാണോ ശരിയാണോ എന്ന് തീരുമാനിക്കുന്ന മാനദണ്ഡം അനുഭവമായതിനാല്‍ ദൈവം ഭൂമിയുടെ ഭാഗമായാല്‍ മാത്രമേ സിന്തറ്റിക് ആയിട്ട് ദൈവത്തെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുകയുള്ളു. ദൈവം ഭൂമിയുടെ ഭാഗമായാല്‍ സമയക്രമത്തില്‍ നിന്നും അവന് മാറി നില്‍ക്കാനാകില്ല. സമയക്രമത്തില്‍ ച്യുതികളുണ്ട്. ദൈവത്തിനിവിടെ അച്യുതന്‍ ആകാനാകില്ല. മരണത്തിന് ദൈവം വിധേയമാകേണ്ടിവരും.
ഡണ്‍ സ്കോട്ടസിന്‍റെ univocity തിയറി ചെയ്യുന്നത് ദൈവത്തെ ഭൂമിയില്‍ അന്തര്‍ലീനമാക്കി ക്കൊണ്ട് ദൈവത്തെക്കുറിച്ചുള്ള അറിവുകള്‍ തിരയുക എന്നതാണ്. ഏകവും പരമവുമായ ദൈവം നിരവധി സാധ്യതകളുടെ ഒരു സൂക്ഷിപ്പാണ്. ഏകവും പരമവുമായ ദൈവം ഭൂമിയില്‍ അന്തര്‍ലീനനായപ്പോള്‍ അതിന്‍റെ സാധ്യതകളും ആകസ്മികതകളും അവനില്‍ കുടിയേറി. ഇവിടെ ഏകദൈവം തന്നെ ഒരു ബഹുസ്വരതയാണ്, നിരവധിയായ ഭാവങ്ങളാണ്. ഈ ദൈവത്തെ അന്വേഷിക്കുന്നതില്‍ നിരീശ്വരവാദത്തിനും സാധ്യതയുണ്ട്. ഭൂമിയുടെ നന്മകളില്‍ വിശ്വസിക്കാന്‍ സഹായിക്കുമ്പോള്‍ നിരീശ്വരവാദം പോലും ദൈവത്തെ കണ്ടെത്താന്‍ ഇടയാക്കിയേക്കാം. ബഹുസ്വരമായ്, നിരവധിയായ് മാറി ജനന, സഹന, മരണ, ഉത്ഥാന ആകസ്മികതകളിലൂടെ നടന്നു വരുന്ന ദൈവത്തെ അഭിമുഖീകരിക്കുന്നത് ശരിയായ ഈശ്വര വിശ്വാസമായി മാറുന്നു. ജനനവും മരണവുമാണ് മനുഷ്യന്‍റെ ഏറ്റവും വലിയ ആകസ്മീകതകള്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു തടവുകാരന്‍ കഴുത്തില്‍ കയറുമായി നില്‍ക്കുമ്പോഴും മരണം ആകസ്മീകതയാണ്. ഈ ആകസ്മീകതകളിലൂടെ കടന്നുപോയില്ലങ്കില്‍ ദൈവം ഭൂമിയുടെ ഭാഗമാണെന്ന് പറയാനാകില്ല.
ക്രിസ്തുവിന്‍റെ ജനന മരണ ഉത്ഥാനത്തിനെ ആകസ്മികമായിട്ടുതന്നെ കരുതണം. പിടിക്കപ്പെടു വെന്നു തോന്നിയപ്പോള്‍ പലപ്പോഴും ഓടി രക്ഷപ്പെട്ടതും, സഹനത്തെയും മരണത്തെയും പേടിച്ച് വിവശനായി ഗത്സെമനിയില്‍ രക്തം വിയര്‍ക്കുന്നതും, കുരിശില്‍ കിടന്ന് കരയുന്നതും ആകസ്മികതകളില്‍ പെട്ടുപോയതിന്‍റെ തെളിവുകളാണ്. ഈ ആകസ്മികതകള്‍ ഇല്ലെങ്കില്‍ അവന് മനുഷ്യത്വം അവകാശപ്പെടാനാവില്ല. ഇതിലൂടെ ക്രിസ്തു ദൈവത്തിന്‍റെ ബഹുസ്വരതകളെ പ്രകാശിച്ച് നില്‍ക്കുന്നു.
അപ്പോള്‍, ക്രിസ്തുവിന്‍റെ മരണം അനേകം മരണങ്ങളുടെ കഥയാണ്. അപമാനിക്കപ്പെടുന്ന, മാനഭംഗം ചെയ്യപ്പെടുന്ന സ്ത്രീകളുടെ മരണം നഗ്നനായി കിടക്കുന്ന ക്രൂശിതനിലുണ്ട്. "Each of my wound is a violation," സാര്‍ത്രിന്‍റെ നാടകത്തിലെ മാനഭംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി പറയുന്നു. ഒറ്റവരും ഉടയവരുമില്ലാതെ ഏകാന്തതയില്‍ കിടന്നു മരിക്കുന്ന വൃദ്ധരുടെ മരണമായിരുന്നു അവന്‍റെത്. ഡിസക്ഷന്‍ ടേബിളിലെ തവളകളുടെയും മരണമായിരുന്നു അവന്‍റേത്.
അപ്പോള്‍, അവന്‍റെ ഉത്ഥാനവും അനേകരുടെ ഉത്ഥാനത്തിന്‍റെ കഥയാണ്. ക്രിസ്തുവിന്‍റെ ഉത്ഥാനം അവനിലേക്ക് ചുരുക്കുന്നതും അവനു വേണ്ടി മാത്രം ജയഘോഷം മുഴക്കുന്നതും അപകടമാണ്. ഒരു പക്ഷെ, എല്ലാവരും ഉയര്‍ക്കാന്‍ അനുവദിച്ചു കൊണ്ട് അവനിപ്പോഴും കുരിശില്‍ മരണപ്പെട്ടു കിടക്കുന്നുണ്ടാകും. അവന്‍റെ ഉത്ഥാനം ഒരിക്കലും അവനിലേക്ക് ചുരുങ്ങാതിരിക്കാന്‍ അവന്‍ ഇതിനും തയ്യാറാകും.
ഉത്ഥിതനെ കൂടുതല്‍ ദൈവമാക്കുന്നതും അപകടമാണ്. ഉത്ഥാനം അവന് കൂടുതല്‍ മനുഷ്യനാകാനുളള അവസരമാണ് നല്‍കിയത്. ഒരു ഉഗ്രമായ മരണത്തിന്‍റെ ക്ഷീണവും, കഷ്ടതയും, മുറിവുകളും ഉത്ഥിതനെ വിടാതെ നില്‍പ്പുണ്ട്. അതവനെ മനുഷ്യരില്‍ ഏറ്റവും അപരിചിതനാക്കി മാറ്റി, തോട്ടക്കാരനാക്കി മാറ്റി. ഒരു വറുത്ത മീന്‍ സ്വാദോടെ രുചിക്കുന്ന തികച്ചും ഭൗതികനാക്കി മാറ്റി.
ഉത്ഥാനം കൂടുതല്‍ ദൈവികതയിലേക്കുള്ള വഴിയല്ല, കൂടുതല്‍ മനുഷ്യത്വത്തിലേക്കും കൂടുതല്‍ ഭൗതികതയിലേക്കും അത് പുതിയ വഴികള്‍ തുറക്കുന്നു.
ആ ക്രിസ്തുവില്‍ ഇപ്പോള്‍ എല്ലാ മനുഷ്യരും, എല്ലാ വസ്തുക്കളും അവരുടെ ജനനത്തിന്‍റെയും മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും ആകസ്മികതകള്‍ നിറഞ്ഞ കഥകള്‍ പറയാനായി വരുന്നു.