news-details
കഥപറയുന്ന അഭ്രപാളി

ആത്മഛേദനം- കാരണങ്ങളുടെ ഉള്ളറകള്‍

ആത്മഹത്യയേക്കാള്‍ ധൈര്യം വേണ്ടത്  ജീവിക്കുന്നതിനാണ്- അല്‍ബേര്‍ കമ്യൂ.

ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും മരണത്തിലേക്ക് പോകുന്നതിന് നിയതമായ സമയമുണ്ട് എന്നാണ് കരുതേണ്ടത്. നമുക്കത് നിശ്ചയിക്കുന്നതിന് പ്രത്യേക ഏകകങ്ങളില്ലാത്തതിനാല്‍ അറിയാതെ പോകുന്നു എന്ന് മാത്രം. മരണം നിശ്ചയിക്കപ്പെടുന്നതിന് ഒരാള്‍ ഒരു സമയം തിരഞ്ഞെടുക്കുകയും ആ തിരഞ്ഞെടുപ്പിനെ വേദനാജനകമായ മാര്‍ഗ്ഗങ്ങളിലൂടെ നടപ്പിലാക്കു കയും ചെയ്യുന്ന രീതിയാണ് ആത്മഹത്യ എന്ന് വിശകലനം ചെയ്യാവുന്നതാണ്. ആത്മഹത്യയുടെ ന്യായ-അന്യായങ്ങള്‍ നാളുകളായി ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. ഒട്ടേറെ ചലചിത്രങ്ങള്‍ ആത്മഹത്യയുടെ നേരും നെറിവും, ധീരതയും, ആത്മീയതയും, സ്ഥൈര്യവും, ദൗര്‍ബല്യവും, ചിത്രീകരിച്ചിട്ടുണ്ട്. ആത്മഹത്യയിലേക്ക് മനുഷ്യനെ നയിക്കുന്ന വിവിധ കാരണങ്ങളുണ്ട് എന്നാണ് പറയുന്നത് എങ്കിലും അത് പൂര്‍ണ്ണമായും ശരിയാണെന്ന് പറയാനുമാകില്ല. കാരണം ആത്മഹത്യക്ക് കാരണമാകുന്നത് ഒരു നിമിഷത്തെ ചിന്തയും വിചാരങ്ങളുമാണ്. മറ്റൊരു നിമിഷത്തിലേക്ക് മാറ്റപ്പെട്ടാല്‍ അതിന് നിലനില്‍ക്കാനും കഴിയില്ല. ആന്തരികവും ബാഹ്യവുമായ കാരണങ്ങള്‍ സ്വയഹത്യയിലേക്ക് ഒരാളെ നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ രണ്ട് ചിന്തകളും വിശകലനം ചെയ്യുന്നവയാണ് ഗ്രീക്ക് ചലച്ചിത്രമായ ലൈന്‍സും, ഇറാനിയന്‍ ചിത്രമായ ഹാമൂണും. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയിട്ടുള്ളവയാണ് രണ്ട് ചിത്രങ്ങളും. ബാഹ്യമാ യുണ്ടാകുന്ന വിഷയങ്ങള്‍  ലൈന്‍സ് വിശകലനം ചെയ്യുമ്പോള്‍ ഹാമൂണ്‍ ആന്തരിക വിഷയങ്ങ ളെയാണ് അഭിസംബോധന ചെയ്യുന്നത്.

ലൈന്‍സ്

2007-08-ല്‍ ലോകമൊട്ടാകെ സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകൂത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ആയിരുന്നു അത്. അമേരിക്കയും, ബ്രിട്ടനും, മറ്റ് വികസിത യൂറോപ്യന്‍ രാജ്യങ്ങളിലും ആരംഭിച്ച സാമ്പത്തിക മാന്ദ്യം പതിയെ ലോകമൊട്ടാകെ വ്യാപിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടപ്പെട്ടു. നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. വ്യവസായ ശാലകള്‍ ഉല്‍പ്പാദനം പരിമിതപ്പെടുത്തി. രാജ്യങ്ങളും വ്യക്തികളും കടക്കെണിയിലായി. സമ്മര്‍ദ്ദം താങ്ങാനാകാതെ പലരും ആത്മഹത്യയില്‍ അഭയം തേടി. 20000 ത്തോളം ആളുകള്‍ക്ക് ഭവനം നഷ്ടപ്പെട്ടു. ഗ്രീസിലെ മഹാനഗരങ്ങളിലെ 20 ശതമാനം വാണിജ്യസ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടിവന്നു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണത്തിനായി അലയേണ്ടിവന്നു. ഗ്രീസിലെ ആത്മഹത്യാനിരക്ക് 36 ശതമാനത്തോളം ഉയര്‍ന്നു. 2000 മുതല്‍ അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന സാമ്പത്തിക വ്യവസ്ഥിതി ഉണ്ടായിരുന്ന ഒരു രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയപ്പോളുണ്ടായ സാമൂഹിക സ്ഥിതിയെ വിശകലനം ചെയ്യുകയാണ് ലൈന്‍സ്.

 

ദുരന്തകാവ്യങ്ങളുടെ നാടായിട്ടാണ് യവനദേശം അറിയപ്പെടുന്നതുതന്നെ. ആധുനിക ഗ്രീസ് കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു 2008-ലെ സാമ്പത്തിക പ്രതിസന്ധി. സാമ്പത്തിക പ്രതിസന്ധിമൂലം തകര്‍ത്തെറിയപ്പെട്ട ഏഴ് വ്യത്യസ്ത വ്യക്തികളുടെ ജീവിതമാണ് ലൈന്‍സ് ചിത്രീകരിക്കുന്നത്. ഒരു രാഷ്ട്രത്തിന്‍റെ ഭരണാധികാരികളുടെ വിചിത്രവും അവാസ്തവവുമായ രാഷ്ട്രീയ നിലപാടുകളും അസത്യപ്രചാരണങ്ങളും അതില്‍ ജീവിക്കുന്ന ജനങ്ങളെ പ്രതികൂലമായിട്ടാണ് ബാധിക്കുന്നത് എന്ന് ചിത്രം നിലപാടെടുക്കുന്നു. ഏഴ് ഭാഗങ്ങളിലായാണ്  ഏഴു വ്യത്യസ്ത ജീവിതങ്ങളെ സംവിധായകന്‍ അവതരിപ്പിക്കുന്നത്. അപ്രതീക്ഷിതമായ സാമ്പത്തിക പ്രതിസന്ധി തങ്ങളുടെ ജീവിതത്തെ എപ്രകാരം ബാധിച്ചുവെന്നും അത് തങ്ങളെ എപ്രകാരം സ്വയഹത്യയുടെ വക്കിലേക്ക് കൊണ്ടുവന്നു വെന്നും വിശദമാക്കുന്നു. ലൈന്‍സ് ഗ്രീസിലെ സാമ്പത്തികപ്രതിസന്ധിയുടെ രാഷ്ട്രീയകാരണ ങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നില്ല, പകരം അത് എപ്രകാരം ജീവിതങ്ങളെ ബാധിച്ചു എന്ന് മാത്ര മാണ് പ്രതിപാദിക്കുന്നത്.

 

ചിത്രത്തില്‍ പ്രതിപാദിക്കുന്ന ഏഴ് ജീവിതങ്ങളും പരസ്പരം അറിയുന്നവരോ ബന്ധമുള്ള വരോ ആയിരുന്നില്ല. എന്നാല്‍ രാജ്യമൊട്ടാകെ ബാധിച്ച പ്രതിസന്ധിയുടെ ഇരകള്‍ എന്ന പൊതുസാമ്യത ഉള്ളവരും ആയിരുന്നു അവര്‍. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട അവര്‍ക്ക് അവസാനമായി ആശ്രയിക്കാനുണ്ടായിരുന്നത് മനശാസ്ത്ര സാന്ത്വനം നല്‍കുന്ന ലൈഫ് ലൈന്‍ എന്ന കേന്ദ്രമാണ്. എന്നാല്‍ അത് യഥാര്‍ത്ഥമായും ഒരു ആശാകേന്ദ്രമായിരുന്നില്ല. അവിടെ ആരും ആര്‍ക്കും യഥാര്‍ത്ഥമായി ഉത്തരം നല്‍കിയിരുന്നില്ല. എങ്കിലും ആളുകള്‍ അവിടേക്ക് വിളിച്ചുകൊണ്ടിരുന്നു.

വസിലിസ് മാസോമിനോസ് സംവിധാനം ചെയ്ത ഈ  ചിത്രം 2016-ലാണ് പുറത്തിറങ്ങിയത്. മുപ്പതോളം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. 20-ലധികം പുരസ്കാരങ്ങള്‍ നേടി. 2017-ലെ ബാംഗ്ലൂര്‍ അന്താരാഷ്ട്ര  ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.  തെമിസ് പനാവു, തസോസ് നൗസിയസ്,  അനകലാറ്റ്സിഡൗ, തൊഡോറോസ് കറ്റ്സാഫോ ഡോസ്, കോസ്റ്റാസ് ബെരിക്കോപൗലോസ്, തനാസിസ് ചാല്‍ക്കിയസ്, വസിലിസ് ജോര്‍ജോ സോപൗലോസ്, കോസ്റ്റാസ് ഡലിയാനിസ് എന്നിവരാണ് ചിത്രത്തിലെ മുഖ്യവേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.  സ്വയം ഇല്ലാതാക്കുന്നതിന് ബാഹ്യമായ കാരണങ്ങള്‍ ആളുകളെ പ്രേരിപ്പിക്കുന്നുണ്ടെന്നും അത് എത്രത്തോളം ഭീകരമാണെന്നും ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചിത്രങ്ങളിലൊന്നാണ് ലൈന്‍സ്. അതൊരു സമകാലിക ഗ്രീക്ക് ദുരന്തകാവ്യം കൂടിയാണ്.

ഹാമുന്‍

ഇറാനിയന്‍ സംവിധായകനായ ഡാരിയുഷ് മെഹരൂജി സംവിധാനം ചെയ്ത ഹാമൂന്‍ ആന്തരിക സംഘര്‍ഷങ്ങള്‍ എങ്ങനെ മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമാകുന്നു എന്ന് വിശകലനം ചെയ്യുന്നു. 1989-ല്‍ പേര്‍ഷ്യന്‍ ഭാഷ യില്‍ പുറത്തിറങ്ങിയ ചിത്രം നാളിതുവരെ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഇറാനിയന്‍ ചിത്രമായാണ് പരിഗണിക്കുന്നത്. സൈക്കോളജിക്കല്‍ ഡ്രാമാ വിഭാഗത്തില്‍പെടുന്ന ചിത്രം ഹാമിദ് ഹാമുനി ന്‍റെയും, മഹ്ഷിദിന്‍റെയും ജീവിതമാണ് വരച്ചു കാണിക്കുന്നത്.

ജന്‍മംകൊണ്ട് സമ്പന്നമായ കുടംബത്തിലാണ് ജനിച്ചതെങ്കിലും ഹാമൂണിന്‍റെ ഉന്നതമായ ബൗദ്ധി കനിലവാരത്തിലും, പുരോഗമന ചിന്താഗതിയിലും ആകൃഷ്ടയായാണ് മഹ്ഷിദ് അയാളുടെ ജീവിതത്തിലേക്ക് വന്നുചേരുന്നത്. ഏഴുവര്‍ഷം അവര്‍ സ്നേഹപൂര്‍ണ്ണമായ ജീവിതതമാണ് നയിച്ചിരുന്നത്. ഹാമൂണ്‍ പി.എച്ച്.ഡി സമ്പാദിക്കാനുള്ള തിരക്കിലാണ്. അതോടൊപ്പം എഴുത്തുകാരന്‍ എന്ന നിലയില്‍ പേരെടുക്കുന്നതിനുള്ള ശ്രമവും തുടര്‍ന്നു കൊണ്ടിരുന്നു. അന്തര്‍ലീനമായ കഴിവുകളുള്ള മഹ്ഷിദാകട്ടെ വിവാഹശേഷം പരിപൂര്‍ണ്ണ നിശബ്ദതയിലുമായിരുന്നു. തന്‍റെ കഴിവുകള്‍ പുറത്തെടുക്കുന്നതിനോ, ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനോ സാധിക്കുന്നില്ല എന്ന ശക്തമായ തോന്നല്‍ മഹ്ഷിദില്‍ ഉടലെടുത്തത് അക്കാലത്തായിരുന്നു. അത് അവര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവെക്കുകയാണുണ്ടായത്. ഹാമൂണ്‍ തന്‍റെ ദേഷ്യവും, നിരാശയും ഭാര്യയുടെ നേര്‍ക്കാണ് തീര്‍ത്തത്. അവര്‍ തമ്മിലുള്ള വിടവ് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരുന്നു.

അത്തരമൊരുദിനത്തില്‍ പൊടുന്നനെ മഹ്ഷിദ് തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഹാമൂണിന് അതൊരു തിരിച്ചടിയായിരുന്നു. അത്തരമൊരു സ്നേഹനിരാസം അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. തന്‍റെ ഭാര്യ തന്നെ ഒരുമാത്രപോലും സ്നേഹിക്കുന്നില്ലെന്നും അവളുടെ മനസില്‍ തനിക്ക് സ്ഥാനമില്ലെന്നുമുള്ള യാഥാര്‍ത്ഥ്യം അയാളെ തകര്‍ത്തുകളഞ്ഞു. മഹ്ഷിദ് ഇല്ലാതെയും, തന്‍റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാതെയും ജീവിക്കുന്നതിനെക്കുറിച്ച് ഓര്‍ക്കുന്നതിനുപോലും അയാള്‍ക്ക് സാധിക്കുന്നില്ലായിരുന്നു. ആ ചിന്തകള്‍ അയാളുടെ നിരാശക്ക് ആക്കം കൂട്ടി.

ചിന്തകളാല്‍ വിവശനായ ഹാമൂണ്‍ താന്‍ ഏറ്റവും ആരാധിക്കുന്ന തന്‍റെ അദ്ധ്യാപകനായ അലിയെ കാണണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ തന്‍റെ പ്രശ്നങ്ങളെ വിവരിക്കുന്നതിലെ ലജ്ജയോര്‍ ത്തപ്പോള്‍ ആ കൂടിക്കാഴ്ച വേണ്ടെന്നയാള്‍ ആഗ്രഹിക്കുന്നു. അലി എന്തുപറയുമെന്നോര്‍ ത്തായിരുന്നില്ല ഹാമൂന്‍ ആ കൂടിക്കാഴ്ച ഒഴിവാക്കിയത്. പകരം തന്‍റെ നിസഹായത മറ്റൊരാള്‍ അറിയുമല്ലോ എന്നോര്‍ത്ത് മാത്രമായിരുന്നു അത്. പകരം അയാള്‍ തന്‍റെ മുത്തശ്ശിയെ കാണുവാനായി ഗ്രാമത്തിലേക്ക് പോകുന്നതിന് തീരുമാനിക്കുന്നു. മുത്തശ്ശിയെ കാണുന്നതിനൊപ്പം മുത്തച്ഛന്‍റെ പഴയ തോക്ക് കൂടി കൈവശപ്പെടുത്തുന്നതിന് അയാള്‍ തീരുമാനിച്ചിരുന്നു.

ഭാര്യയോടുള്ള അഗാധമായ സ്നേഹവും തന്‍റെ നിസഹായതയും മൂലം അയാള്‍ക്ക് മഹ്ഷിദിനെ കൊലപ്പെടുത്തുന്നതിന് സാധിക്കുന്നില്ല. മഹ്ഷിദാകട്ടെ താന്‍ ആഗ്രഹിച്ച ജീവിതം ജീവിച്ചുതീര്‍ക്കുന്നതിന്‍റെ സംതൃപ്തിയിലുമായിരുന്നു. എല്ലാ നിരാശക്കുമൊടുവില്‍ അയാള്‍ ആത്മഹത്യ ചെയ്യുന്നതിന് തീരുമാനിക്കുന്നു. അതിനായി കട ലില്‍ മുങ്ങിമരിക്കുന്നതിനായി അയാള്‍ തീരുമാനിക്കുന്നു. ദീര്‍ഘവും ക്രമരഹിതവുമായ സ്വപ്നത്തിലേക്ക് അയാള്‍ ആണ്ടുപോകുന്നു.  ബന്ധുക്കളും, സുഹൃത്തുക്കളുമെല്ലാം തന്നെ ആശ്വസിപ്പിക്കുന്ന തായി അയാള്‍ക്ക് തോന്നുന്നു. സ്വപ്നത്തില്‍ തന്‍റെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചതായി അയാള്‍ കാണുന്നു.

 

മാനസികമായ സംഘര്‍ഷങ്ങള്‍ എങ്ങനെയാണ് ഒരുമനുഷ്യനെ ജീവിതം അവസാനിപ്പിക്കുന്ന തിലേക്ക് തള്ളിവിടുന്നതെന്ന് ചിത്രം വിശകലനം ചെയ്യുന്നു. സ്വപ്നങ്ങള്‍ക്ക് ക്രമവും തുടര്‍ച്ചയുമില്ലല്ലോ. അതുപോലെയാണ് ചിത്രവും. സ്വപ്നസമാനമായ പരിചരണ രീതികൊണ്ട് ഏറെ പ്രശംസ നേടിയ ചിത്രമാണ് ഹാമുന്‍. ഇറാനിയന്‍ സിനിമയിലെ കള്‍ട്ട് കഥാപാത്രമായാണ് ഹാമുന്‍ അറിയപ്പെടുന്നത്.

 

ആത്യന്തികമായി മനുഷ്യന്‍റെ ചിന്തകളുടെ പരാജയവും, ജീവിതത്തോട് പൊരുതാനുള്ള കഴിവുകേടുമാണ് ചിത്രം വിശകലനം ചെയ്യുന്നത്. അവന്‍റെ ആന്തരിക ചോദനകളുടെ ഹൃദയഭേദകമായ നഷ്ടമാണ് ഹാമൂണിന്‍റെ കാതല്‍. അത് ആത്മനഷ്ടത്തില്‍ അവസാനിക്കുന്നത് വീഷമകരമാണ്. ഒരു സ്വപ്നംപോലെ ഇത്തരം വിഷമഘട്ടങ്ങളെ മനുഷ്യന്‍ തരണം ചെയ്യേണ്ടതുണ്ട്. അതുതന്നെയാണ് അവനവന്‍റെ ആനന്ദവും. അത് ജീവിതം തന്നെയാണ്, ആത്മനഷ്ടമല്ല എന്ന് ഈ രണ്ട് ചിത്രങ്ങളും പ്രേക്ഷകനെ ഓര്‍മ്മിപ്പിക്കു ന്നുണ്ട്. 

You can share this post!

കറുപ്പിന്‍റെ രാഷ്ടീയം സിനിമയില്‍ തീര്‍ത്ത പൊള്ളലുകള്‍

അജി ജോര്‍ജ്ജ്
അടുത്ത രചന

കോകോ

ജോസ് സുരേഷ്
Related Posts