വിദ്യാഭ്യാസം: സഭാനിരീക്ഷണം
ആമുഖം
വിദ്യാഭ്യാസത്തിനു വൈയക്തികമാനവും സാമൂഹികമാനവുമുണ്ട്. വ്യക്തിയുടെ സര്‍വ്വതോമുഖമായ പുരോഗതിക്കൊപ്പം വിദ്യാഭ്യാസം പരിഗണിക്കേണ്ടതാണ് സാര്‍വജനീനമായ പുരോഗതിയും. വിദ്യാഭ്യാസത്തിന്‍റെ സാമൂഹികമാനത്തിന് ഊന്നല്‍ നല്‍കുന്ന സഭാ നിരീക്ഷണങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.
വിദ്യാഭ്യാസം - മനുഷ്യന്‍റെ ജന്മാവകാശം
വിദ്യാഭ്യാസം മനുഷ്യനില്‍ നിന്നും എടുത്തുമാറ്റാനാവാത്ത അവകാശമാണെന്നു സഭ ഉറച്ചു വിശ്വസിക്കുന്നു. എല്ലാ ജനപദങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും സാര്‍വ്വലൗകികമായി ലഭിച്ചിരിക്കുന്ന മൗലികാവകാശമാണ് വിദ്യാഭ്യാസമെന്നാണ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അഭിപ്രായപ്പെടുന്നത് (L’osservatore Romano, 4 Sept. 1989) ദൈവത്തിന്‍റെ രൂപത്തിലും ഛായയിലും മെനഞ്ഞെടുക്കപ്പെട്ടതു കൊണ്ട് അവന്/ അവള്‍ക്ക് ഉള്ള സഹജവും ചോദ്യം ചെയ്യാനാവാത്തതുമായ വ്യക്തിമാഹാത്മ്യത്തിലും, മനുഷ്യന്‍റെ സമഗ്രമായ പുരോഗതിയെക്കുറിച്ചും അടിസ്ഥാന അവകാശങ്ങളെക്കുറിച്ചുമുള്ള സഭയുടെ കാഴ്ചപ്പാടിലും അധിഷ്ഠിതമാണ് ഈ പഠനങ്ങളെല്ലാം.
വിദ്യാഭ്യാസം സാര്‍വ്വ ലൗകികമാക്കുന്നതിനെ തടസ്സപ്പെടുത്തുന്ന ഏതു സാഹചര്യവും പ്രവൃത്തിയും മനുഷ്യന്‍റെ മൗലികാവകാശത്തിന്‍റെ മേലുള്ള കടന്നുകയറ്റമാണ്. അതുകൊണ്ടു തന്നെ അത്തരം സാഹചര്യങ്ങളും പ്രവൃത്തികളും ശക്തിയുക്തം എതിര്‍ക്കപ്പെടേണ്ടതുമാണ്. സാര്‍വത്രിക സഭയുടെ നിലപാട് അസന്ദിഗ്ദ്ധമാണ്. പാവപ്പെട്ടവരോടൊപ്പം പക്ഷം ചേര്‍ന്ന യേശുവിനെ പിഞ്ചെല്ലുന്ന സഭ ചൂഷിതരോടൊപ്പം നിലയുറപ്പിക്കാന്‍ പ്രതിജ്ഞാബദ്ധയാണ് (CBCI 2006,07-08)..വിദ്യാഭ്യാസം വ്യഷ്ടിയുടെ മാത്രമല്ല, സമഷ്ടിയുടെയും സമൂലമാറ്റത്തിന് ഉപകരണമായി വര്‍ത്തിക്കണമെന്നും സഭ ഉദ്ബോധിപ്പിക്കുന്നു. (CBCI All India Catholic Education Qolicy, 2007, 1-10)
വിദ്യാഭ്യാസം- മറ്റത്തിനും ശാക്തീകരണത്തിനും
വിദ്യാഭ്യാസം അതില്‍ത്തന്നെ സമൂലമാറ്റത്തിന്‍റെ ഉപകരണമാണ്. അതു ബലഹീനനെ ബലവാനാക്കിത്തീര്‍ക്കുന്നു. ഇന്ത്യയിലെ മെത്രാന്മാര്‍ പറയുന്നു: "ഓരം തള്ളപ്പെട്ടവരുടെ ശാക്തീകരണത്തിനുള്ള സുപ്രധാന മാര്‍ഗ്ഗമാണ് വിദ്യാഭ്യാസം. അതു സിദ്ധിക്കുന്നതിലൂടെ അവര്‍ക്കു ദൈവദത്തമായ വ്യക്തിമാഹാത്മ്യം കരഗതമാകുന്നു. (CBCI 2006, 7-8). ഇത്തരത്തില്‍ ശാക്തീകരിക്കപ്പെടുന്നവര്‍ സമൂഹത്തിന്‍റെ സമൂല മാറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സജ്ജരാക്കപ്പെടുന്നു.
വിദ്യാഭ്യാസത്തിന്‍റെ രാഷ്ട്രീയമാനം
സാമൂഹികമാറ്റത്തിനുവേണ്ടിയുള്ള ഏതു പ്രവര്‍ത്തനവും രാഷ്ട്രീയപരമാണ്. വിദ്യാഭ്യാസ പ്രക്രിയയും വിശാലമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. മൂന്നു കാര്യങ്ങള്‍ പരസ്പരബന്ധിതമാണെന്ന് സി. ബി. സി. ഐ. ഡോക്യുമെന്‍റ് സ്ഥാപിക്കുന്നു: വിദ്യഭ്യാസം, ശാക്തീകരണം, സാമൂഹിക പരിവര്‍ത്തനം. നിരക്ഷരര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന മനുഷ്യ മാഹാത്മ്യം വിദ്യാഭ്യാസത്തിലൂടെ വീണ്ടെടുക്കപ്പെടുന്നു. വിദ്യയിലൂടെ ശാക്തീകരിക്കപ്പെട്ട ചൂഷിതര്‍ അങ്ങനെ ചരിത്രത്തിന്‍റെ ഗതിയെ നിയന്ത്രിക്കുവാനും സാമൂഹിക ബലതന്ത്രങ്ങളെ നിര്‍ണ്ണയിക്കാനും സ്വയം കഴിവുനേടുന്നു. അതോടെ സാമൂഹിക പരിവര്‍ത്തനത്തിന്‍റെ കര്‍തൃത്വം അവര്‍ ഏറ്റെടുക്കുന്നു. ഏതു വ്യക്തിക്കും സഹജമായ മനുഷ്യമാഹാത്മ്യം പ്രായോഗികതലത്തില്‍, രാഷ്ട്രീയ തലത്തില്‍, നൈയാമിക തലത്തില്‍ തദ്വാരാ സാക്ഷാത്ക്കരിക്കപ്പെടുന്നു.
വിദ്യാഭ്യാസനയത്തിന്‍റെ ഊന്നല്‍ - ദരിദ്രര്‍
1998 ല്‍ സി. ബി. സി. ഐ. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് നടത്തിയ പ്രഖ്യാപനം ഇതാണ്: "നമ്മുടെ സ്ഥാപനങ്ങള്‍ ദരിദ്രര്‍ക്കായി നല്‍കുന്ന സേവനങ്ങള്‍ കൂടുതല്‍ വര്‍ദ്ധമാനമാകണം. ദലിതര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും നമ്മുടെ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസത്തിന്‍റെയും ജോലിയുടെയും മേഖലയില്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തണം." 2007 ല്‍ സി. ബി. സി. ഐ. പുറത്തിറക്കിയ കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസനയ പ്രഖ്യാപനത്തില്‍ "പുരോഗതിയുടെയും വികസനത്തിന്‍റെയും ഗുണഗണങ്ങള്‍, ഒരു വലിയ ജനവിഭാഗത്തെ ഒഴിവാക്കി, ഒരു ന്യൂനപക്ഷം മാത്രം ആസ്വദിക്കുന്ന"തിനെക്കുറിച്ചുള്ള ആശങ്കകള്‍ രേഖപ്പെടുത്തിയിരിക്കുന്നതു കാണാം. അതുകൊണ്ടു തന്നെ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നു സഭ കരുതുന്നു (CBCI 2006, p.5).