news-details
കവർ സ്റ്റോറി

വിദ്യാഭ്യാസം: സഭാനിരീക്ഷണം (രണ്ടാം ഭാഗം)

വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം ഒരു ശിശുവിനെ സമൂഹത്തിനുതകുന്ന വ്യക്തിയായി രൂപപ്പെടുത്തുക എന്നതാണ്. ഈ ലക്ഷ്യം നിറവേറ്റാന്‍ വ്യവസ്ഥാപിത വിദ്യാഭ്യാസ പദ്ധതികള്‍ക്കാവാതെ വരുമ്പോഴാണ് സമൂഹം അതിനപ്പുറത്തുള്ള പല പരിശീലന പദ്ധതികളും വളര്‍ത്തിയെടുക്കുന്നത്. ഇന്നത്തെ വിവിധങ്ങളായ വിദ്യാഭ്യാസ പദ്ധതികളെല്ലാം അറിവ് പകരുന്നതിലും, ആധുനിക സങ്കേതങ്ങളുപയോഗിക്കുന്നതിലുമെല്ലാം വളരെ മുന്‍പിലാണെങ്കിലും നമ്മുടെ വിദ്യാലയങ്ങളില്‍നിന്ന് പുറത്തുവരുന്നവരില്‍ രാജ്യത്തിനോട് കൂറും, രാഷ്ട്രീയ അവബോധവും, സാമൂഹ്യവിഷയങ്ങളില്‍ താത്പര്യവും കുറഞ്ഞുവരുന്നുവെന്നു മാത്രമല്ല, സ്വന്തം മാതാപിതാക്കന്‍മാരോടു പോലും കരുണ കാണിക്കാനാവാത്തവിധം മനുഷ്യത്വവും കുറഞ്ഞുവരുന്നു. ക്യാംപസുകളില്‍ പെണ്‍കുട്ടികള്‍ മുന്‍പെങ്ങും കേള്‍ക്കാത്തവിധം  സഹപാഠികളാല്‍ ചൂഷണം ചെയ്യപ്പെടുന്നു. ഈ അവസരത്തിലാണ് സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ ഇന്ത്യയിലെ ഉന്നതരായിരുന്ന സമരസേനാനികള്‍ തുടങ്ങിവച്ച ഒരു യുവജന പരിശീലന പരിപാടി പ്രസക്തമാകുന്നത്.

1930-തോടെ സ്വാതന്ത്ര്യസമരം വളരെ ശക്തമായി. രാജ്യമെമ്പാടും സ്വാതന്ത്ര്യത്തിന് വേണ്ടി ദാഹിക്കുന്ന യുവാക്കള്‍ സമരവീഥിയിലേക്ക് ശക്തമായി വന്നുകൊണ്ടിരുന്ന സമയം. പ്രവര്‍ത്തകരുടെ അച്ചടക്കവും രാഷ്ട്രീയ ബോധവും ചിട്ടയായ പ്രവര്‍ത്തനവും ലക്ഷ്യപ്രാപ്തിക്കു അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയ നേതാക്കള്‍ യുവാക്കള്‍ക്കുള്ള ഒരു പരിശീലന പരിപാടിയെപ്പറ്റി ചിന്തിച്ചു.

 

പ്രശസ്തരായിരുന്ന ശിരുദായ്, ലിമായെ, നാനാസാഹബ്,ഗോരെ,  എസ്. എം. ജോഷി തുടങ്ങിയവര്‍ ചേര്‍ന്ന് 1941 ല്‍ മഹാരാഷ്ട്രയില്‍ വച്ച് രാഷ്ട്ര സേവാ ദള്‍ എന്ന സംഘടനയ്ക്ക് രൂപം നല്‍കി. വിജ്ഞാന നിഷ്ഠ, മതേതരത്വം, ജനാധിപത്യം, രാജ്യസ്നേഹം, സമത്വദര്‍ശനം എന്നിവയില്‍ അധിഷ്ഠിതമായ ചിന്താപദ്ധതിയാണ് രാഷ്ട്ര സേവാദളിനെ നയിക്കുന്നത്. മഹാത്മാഗാന്ധി, ഡോ. രാംമനോഹര്‍, ജയപ്രകാശ് നാരായണ്‍, മഹാത്മ ഫുലേ തുടങ്ങിയവരുടെ ദര്‍ശനങ്ങള്‍ സേവാദളിന്‍റെ കര്‍മപദ്ധതി രൂപപ്പെടുത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ചു. ജാതിപരമായ അസമത്വങ്ങളും അടിച്ചമര്‍ത്തലും കൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ജാതിനിര്‍മൂലനവും അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ ഉന്നമനവും കൂടാതെ സമൂഹത്തിന്‍റെ പുരോഗമനപരമായ പുനര്‍രചന അസാദ്ധ്യമാണെന്ന് തുടക്കം മുതലേ തിരിച്ചറിഞ്ഞിരുന്ന സേവാദള്‍ മഹാരാഷ്ട്രയിലെ നിരവധി അയിത്തോച്ചാടന സമരങ്ങള്‍ക്കും സ്ത്രീകളുടെ അവകാശ സമരങ്ങള്‍ക്കും പ്രചോദനമായിട്ടുണ്ട്.

 

കുട്ടികളുടെ ചെറിയ കൂട്ടംകൂടലിലൂടെയാണ് രാഷ്ട്ര സേവാദള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. സൗകര്യമനുസരിച്ച് മരച്ചുവട്ടിലോ, വീട്ടുമുറ്റത്തോ, ദിവസം തോറുമോ ആഴ്ചയിലൊന്നോ കൂട്ടുചേരുന്ന കുട്ടികള്‍ക്ക് ഒരുമിച്ച് കളിക്കാവുന്ന കളികള്‍, സംഘം ചേര്‍ന്ന് ആലപിക്കാവുന്ന ഗാനങ്ങള്‍, വ്യായാമ മുറകള്‍ തുടങ്ങി രസകരവും വ്യത്യസ്തവുമായ കാര്യങ്ങള്‍ ചെയ്യാനുണ്ടാവും. ഇതോടൊപ്പം സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ കുട്ടിക്കൂട്ടം ചര്‍ച്ചയ്ക്കെടുക്കുന്നു. ക്രമേണ ഈ കൂട്ടം ഒരു കുടുംബം പോലെയാകുന്നു. മുതിര്‍ന്നവര്‍ കുട്ടികളിലേക്ക് ആദര്‍ശങ്ങളും അറിവുകളും സംസ്കാരവും പകര്‍ന്നു കൊടുക്കുന്നു. കുട്ടിക്കൂട്ടങ്ങള്‍ സംഘടിപ്പിക്കുവാനും അവരെ പരിശീലിപ്പിക്കുവാനും രാഷ്ട്ര സേവാദളിന്‍റെ സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു നിര എപ്പോഴും പരിശീലിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

 

സേവാദളില്‍ അംഗമാകുന്ന കുട്ടികള്‍  വിവിധങ്ങളായ ക്യാമ്പുകളിലൂടെ, സേവനപദ്ധതികളിലൂടെ, കലാപരിപാടികളിലൂടെ, ബൗദ്ധിക വ്യായാമങ്ങളിലൂടെ അവരറിയാതെ കാമ്പുള്ള വ്യക്തികളായി വളരുന്നു. പിന്നീട് പരിശീലകരും, സേവാദള്‍ സംഘാടകരും, തങ്ങള്‍ക്കിഷ്ടപ്പെട്ട മേഖലയില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതോടൊപ്പം സമൂഹത്തോടും, കുടുംബത്തോടും പ്രതിബദ്ധതയുള്ള പൗരന്മാരും ആയി വളരുന്നു. സേവാദളിന്‍റെ രണ്ട് പ്രധാന വിഭാഗങ്ങളാണ് കലാപഥക്, സേവാ പഥക് എന്നിവ. കലാപഥകിലൂടെ നിരവധി ഇന്ത്യന്‍ കലാരൂപങ്ങളെ സേവാദള്‍ നിലനിര്‍ത്തുന്നു. നാടകം, സംഗീതം, സിനിമ എന്നിവയില്‍ എല്ലാം സേവാദള്‍ വളരെ സജീവമായി ഇടപെടുന്നു, സാനേ ഗുരുജി 1950 ല്‍ തുടങ്ങിവച്ച സ്വാ പഥക് കായികാദ്ധ്വാനം കൊണ്ട് രാഷ്ട്ര നിര്‍മ്മാണത്തിന് സഹായിക്കുന്ന വിഭാഗമാണ്.

 

സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന്‍റെ വികസനത്തിനുവേണ്ടി യുവകാര്യശേഷി വിനിയോഗിക്കുവാന്‍ അദ്ദേഹം "ശ്രമസംസ്കാര്‍' ക്യാമ്പുകള്‍ തുടങ്ങി. അദ്ധ്വാനത്തിന്‍റെ സംസ്കാരം യുവാക്കളിലൂടെ തലമുറകളിലേക്ക് സേവാദള്‍ പകര്‍ന്നുകൊടുക്കുന്നു. ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ വഴികളും കുളങ്ങളും നിര്‍മ്മിച്ച സേവാപഥക് മാതൃകയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പിന്നീട് കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ സര്‍വ്വീസ് സ്കീം എന്ന പേരില്‍ ഇതേ പ്രവര്‍ത്തനങ്ങള്‍ കോളേജുകളില്‍ തുടങ്ങി.

കുട്ടികളും യുവാക്കളും അടങ്ങുന്ന രാഷ്ട്ര സേവാദള്‍ കുടുംബം പ്രധാനമായി ഇടപെടുന്ന ഒരു മേഖലയാണ് കൃഷിയുടേത്. കിസാന്‍ പഞ്ചായത്ത് എന്ന പേരില്‍ കൃഷിക്കാരെ സംഘടിപ്പിക്കുകയും കൃഷിയുടെ മേഖലയിലെ പ്രശ്നങ്ങളിലിടപെടുകയും ചെയ്യുന്നതു പോലെ ജൈവകൃഷിയുടെ പ്രചാരണത്തിനായും സേവാദള്‍ പ്രവര്‍ത്തിക്കുന്നു.

രാഷ്ട്ര സേവാദളിലൂടെ വളര്‍ന്നു വരുന്നവരില്‍ നിന്നും സ്വന്തനിലയില്‍ പലപ്രസ്ഥാനങ്ങളും ഉയര്‍ന്നു വരാറുണ്ട്. അങ്ങനെയുണ്ടാകുന്ന സംഘടനകളെ സേവാദള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു. ലോകപ്രശസ്തയായ സാമൂഹിക പ്രവര്‍ത്തക മേധാപാട്കര്‍ രാഷ്ട്ര സേവാദളിലൂടെ വളര്‍ന്നു വന്ന വ്യക്തിത്വമാണ്. മുംബൈയിലെ ചേമ്പൂര്‍ ശാഖയില്‍ ഏഴുവയസ്സുകാരിയായിയെത്തിയ മേധ, പിന്നീട് നേതൃത്വം കൊടുത്ത നര്‍മ്മദാ സമരത്തിനാവശ്യമായ സഹായങ്ങള്‍ സേവാദള്‍ സൈനികരാണ് ചെയ്തത്. പിന്നീട് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിലൂടെ രാജ്യമെമ്പാടുമുള്ള ജനകീയ സമരങ്ങളിലിടപെടാന്‍ അവര്‍ മുന്‍കൈ എടുത്തപ്പോള്‍ രാഷ്ട്ര സേവാദള്‍ അതിലെ പ്രധാന ഘടകമായിത്തീര്‍ന്നു.

 

രാജ്യത്തെവിടെ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും സേവാദള്‍ പ്രവര്‍ത്തകര്‍ അവിടെ ഓടിയെത്തുന്നു. അടുത്തെയിടെ ബീഹാറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് സേവാദള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ലാത്തൂര്‍ ഭൂകമ്പത്തില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്ത രാഷ്ട്ര സേവാദളിന് ലാത്തൂരിലെ നള്‍ദുര്‍ഹില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു അനാഥാലയത്തിനും സ്കൂളിനും ആവശ്യമായ സ്ഥലവും സഹായവും നല്‍കുകയും ലാത്തൂര്‍ ഭൂകമ്പത്തില്‍ അനാഥരായ 200 ഓളം കുട്ടികളെ വളര്‍ത്തുവാനുള്ള ചുമതലയേല്‍പ്പിക്കുകയും ചെയ്തു. കേരളത്തില്‍ സുനാമിയുണ്ടായ ആലപ്പാട് പഞ്ചായത്തിലും സേവാദള്‍ പ്രവര്‍ത്തകര്‍ ആളും അര്‍ത്ഥവുമായി ഓടിയെത്തി. രാഷ്ട്ര സേവാദള്‍ കുടുംബത്തിലെ മറ്റ് സംഘടനകളാണ് കഥകളിലൂടെ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മൂല്യങ്ങള്‍ കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കുന്ന "സാനേ ഗുരുജി കഥാ മാല", സേവാദളിലൂടെ വളര്‍ന്നു വന്ന ഡോക്ടേഴ്സ് നേതൃത്വം നല്‍കുന്ന ആരോഗ്യസേന എന്നിവ. രാഷ്ട്ര സേവാദള്‍ ശാഖകളില്‍ കുട്ടികള്‍ സാഹോദര്യത്തിന്‍റെയും, സമത്വത്തിന്‍റെയും, പരസ്പര ബഹുമാനത്തിന്‍റെയും, അദ്ധ്വാനശീലത്തിന്‍റെയും ഒക്കെ മൂല്യങ്ങള്‍ അവരറിയാതെ തന്നെ സ്വായത്തമാക്കുന്നു. ഒരു വ്യക്തിയെ സമൂഹത്തിനുതകുന്ന രീതിയില്‍ രൂപപ്പെടുത്തുന്ന പ്രക്രിയ നിരന്തരം ഇവിടെ തുടരുന്നു.

You can share this post!

കറുപ്പിന്‍റെ രാഷ്ട്രീയം

ആരതി എം. ആര്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts