അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മേഖലയാണ് വിദ്യാഭ്യാസ രംഗം. വിപണിയിലെ മറ്റേതൊരു ഉല്പന്നവും പോലെ വില്‍ക്കാവുന്ന ഒരു ചരക്കാണ് 'അറിവെ'ന്നും അത് ഉല്പാദിപ്പിക്കുന്ന മേഖലയ്ക്ക് കമ്പോളത്തിന്‍റെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരുമെന്നും നവലിബറല്‍ പ്രത്യയശാസ്ത്രം ഉദ്ഘോഷിക്കുന്ന കാലം. സ്വകാര്യ മൂലധനം നിക്ഷേപത്തിന്‍റെയും ലാഭത്തിന്‍റെയും പുത്തന്‍ സമവാക്യങ്ങള്‍ കണ്ടെത്തുന്ന ഒരിടം കൂടിയാണ് ഇത്. ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ നടത്തുമ്പോള്‍ 'അറിവി'ന്‍റെ യഥാര്‍ത്ഥ മൂല്യമല്ല പലപ്പോഴും കൂട്ടിക്കിഴിക്കുന്നത്. അറിവിന്‍റെ വാങ്ങല്‍-കൊടുക്കല്‍ നടത്തുന്നവരും നടത്തിപ്പുകാരും മൂലധനത്തിന്‍റെ / നിക്ഷേപത്തിന്‍റെ ഹ്രസ്വകാല നേട്ടങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്‍റെ നടത്തിപ്പുകാര്‍ക്ക് ചില കണിശങ്ങള്‍ കാണും. അതിലൊന്നാണ് സംഘര്‍ഷരഹിതമായ അന്തരീക്ഷം. ഏതൊരു കമ്പോളവും സുഗമമായി പ്രവര്‍ത്തിക്കുന്നത് അതിന് ആവശ്യമായ സമാധാനാന്തരീക്ഷം നിലനിര്‍ത്തുമ്പോഴാണ്.
കമ്പോളത്തിന്‍റെ കാഴ്ചപ്പാടില്‍ സംഘര്‍ഷങ്ങളുടെ അടിസ്ഥാന കാരണങ്ങളിലൊന്ന് രാഷ്ട്രീയമാണ്. പ്രത്യേകിച്ച് യാഥാസ്ഥിതികത്വത്തിനെതിരെയുള്ള, മാറ്റത്തിന് വേണ്ടിയുള്ള രാഷ്ട്രീയം. കമ്പോളത്തിന്‍റെയും അതുമായി ബന്ധപ്പെട്ട ഏത് സ്ഥാപനത്തിന്‍റേയും നടത്തിപ്പുകാര്‍ക്ക് ഭയമുള്ളതും ഇതാണ്. ഈ ഭയം ഭരണകൂടം ഏറ്റെടുക്കുമ്പോള്‍ സ്വാഭാവികമായും അത് ഒരു പ്രത്യയശാസ്ത്ര നിബന്ധനയായി മാറുന്നു. അങ്ങനെ അരാഷ്ട്രീയവല്‍ക്കരണം ഒരു പൊതു ബാദ്ധ്യതയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കുന്നു, നടപ്പാക്കുന്നു. നവലിബറല്‍ കാലഘട്ടത്തില്‍ അരാഷ്ട്രീയവാദം ശക്തിപ്രാപിക്കുന്നത് ചില സവിശേഷ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ്. അവയില്‍ ഏറ്റം പ്രധാനം 'മഹത്തരം' സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതിനും അവ നിലനിര്‍ത്തുന്നതിനും രാഷ്ട്രീയേതരമായ ഊര്‍ജ്ജം അനിവാര്യമാണെന്ന ബോധമാണ്. 'ഗുണനിലവാര'വും 'കാര്യക്ഷമത'യും ഉറപ്പാക്കണമെങ്കില്‍ രാഷ്ട്രീയം വര്‍ജ്ജിക്കണമെന്ന നിബന്ധന ഇത്തരം സ്ഥാപനങ്ങള്‍ മുന്നോട്ടുവെക്കുന്നു. അത്രത്തോളം വെറുക്കപ്പെട്ട ഒന്നായി രാഷ്ട്രീയം മാറിക്കഴിഞ്ഞതാണ് ഈ കാലഘട്ടത്തിന്‍റെ പ്രത്യേകത.
ഹയര്‍സെക്കണ്ടറി തലംവരെ വിദ്യാഭ്യാസം 'രാഷ്ട്രീയ വിമുക്ത' മാക്കപ്പെട്ടപ്പോള്‍ എന്താണ് സംഭവിച്ചത്? പ്രായപൂര്‍ത്തി വോട്ടവകാശത്തിന് അടുത്തു എത്തുമ്പോഴേക്കും ഒരു ശരാശരി വിദ്യാര്‍ത്ഥി അരാഷ്ട്രീയവാദത്തിന്‍റെ പെരുമാറ്റച്ചട്ട വിലങ്ങുകള്‍ കൊണ്ട് വിനീത വിധേയനോ 'നിഷേധ രാഷ്ട്രീയം' അവനിലേല്‍പ്പിച്ച ബാദ്ധ്യതകള്‍ കൊണ്ടു റിബലോ ആയിത്തീര്‍ന്നിരിക്കും. സ്കൂള്‍ തലം മുതല്‍ തന്നെ ലഭിച്ചുകൊണ്ടിരിക്കുന്ന അരാഷ്ട്രീയ പാഠങ്ങള്‍ അവനെ സംബന്ധിച്ചിടത്തോളം സാമൂഹിക ബോധം പണയം വെയ്ക്കുന്നതിനുള്ള ഊര്‍ജ്ജമാണ്. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ രാഷ്ട്രീയമായി തന്നെ പഠിക്കേണ്ടതിന്‍റെ പ്രാധാന്യം അവന്‍ വിസ്മരിച്ചിരിക്കും.
ഒരു വ്യക്തി ജീവിക്കുന്നത് സമൂഹത്തിലാണെന്നും സമൂഹത്തെ നിയന്ത്രിക്കുന്നത് ഭരണകൂടവും അതിന്‍റെ നിയമങ്ങളുമാണെന്നും സാമൂഹിക ബന്ധങ്ങള്‍ക്ക് രാഷ്ട്രീയവും സാംസ്ക്കാരികവുമായ തലങ്ങളുണ്ടെന്നും വിദ്യാഭ്യാസത്തിന്‍റെ മൗലിക ലക്ഷ്യങ്ങളിലൊന്ന് ഈ സാമൂഹിക ബന്ധങ്ങളിലെ ക്രിയാത്മകമായ മാറ്റങ്ങളാണെന്നും അവന്‍റെ ബോധമണ്ഡലത്തില്‍ നിന്നു തന്നെ മാഞ്ഞുപോയിരിക്കും ഈ കാലയളവിനുള്ളില്‍.
എന്നാല്‍ രാഷ്ട്രീയം വര്‍ജ്ജിക്കുന്നതിലൂടെ വേരോടുന്നത് ഒരു പുതിയ ജീവനസംസ്കാരമാണെന്ന് ധരിക്കുന്നത് മൗഢ്യമായിരിക്കും. കലാലയങ്ങളിലെ വര്‍ത്തമാന കാല വ്യവഹാരങ്ങളിലൂടെ കണ്ണോടിച്ചാല്‍ ഇത് വ്യക്തമാകും. മുഖ്യധാരാ രാഷ്ട്രീയം അരങ്ങൊഴിയുമ്പോള്‍ നിശബ്ദമായി ആ രംഗത്തേക്ക് വരുന്നത് പ്രതിലോമ രാഷ്ട്രീയമായിരിക്കുമെന്നത് ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു. മത-ജാതി- വര്‍ഗ്ഗീയ സ്വത്വങ്ങള്‍ കലാലയ ജീവിതവുമായി ഇണങ്ങിച്ചേരുന്നത് ഈ പശ്ചാത്തലത്തിലാണ്. യുവ തലമുറയെ സ്വാംശീകരിക്കാന്‍ കഴിയുന്ന മത-വര്‍ഗ്ഗീയ സ്വത്വരൂപീകരണം അപകടകരമായ നിലയിലേക്ക് പോകുന്ന അവസ്ഥ കേരളത്തിലെ പല കലാലയങ്ങളിലും ഇന്ന് കാണാന്‍ കഴിയും. വര്‍ഗ്ഗീയതയും മതമൗലികവാദവും ആശങ്കാജനകമായി തീരുന്നതിന് കലാലയങ്ങളിലെ 'അരാഷ്ട്രീയ' മണ്ഡലം നല്‍കുന്ന 'ഉത്തേജനം' സമൂഹത്തിന്‍റെ താളക്രമത്തെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മതനിരപേക്ഷ സംസ്കാരം വളര്‍ത്തേണ്ട കലാലയങ്ങളില്‍ ഇന്ന് വിദ്വേഷത്തിന്‍റെയും സ്പര്‍ദ്ധയുടേയും പുതിയ വിത്തുകള്‍ പാകുകയാണ്. ഇത് സമൂഹത്തിലേക്ക് പടര്‍ന്നു പിടിക്കാന്‍ അധിക സമയം വേണ്ടിവരില്ല.
നവലിബറല്‍ വിദ്യാഭ്യാസം അരാഷ്ട്രീയ വാദത്തിന് വഴി മരുന്നിടുമ്പോള്‍ മറുഭാഗത്ത് മത - ജാതി - വര്‍ഗ്ഗീയതയുടെ നിഷേധ രാഷ്ട്രീയത്തിന് പച്ചക്കൊടി കാണിക്കുകയാണ്. കമ്പോളത്തിന്‍റെ ചലന നിയമത്തിന് ഇത് നല്‍കുന്ന സംഭാവന 'പുത്തന്‍ വലതുപക്ഷ'ത്തിന്‍റെ വളര്‍ച്ചയാണ്. പൗരസമൂഹത്തിന്‍റെ ക്രിയാത്മകമായ പ്രവര്‍ത്തനത്തിനും ജനകീയ രാഷ്ട്രീയത്തിന്‍റെ വളര്‍ച്ചയ്ക്കും ഇത് കടുത്ത ആഘാതമേല്‍പ്പിക്കുന്നു? വിദ്യ അഭ്യസിക്കുന്നവര്‍ രാഷ്ട്രീയ അഭ്യാസക്കളരിയിലെ എല്ലാ അടവുകളും തിരിച്ചറിയണമെന്നതാണ് ഇത് നല്‍കുന്ന സന്ദേശം.