news-details
കവർ സ്റ്റോറി

കേരളത്തിലെ വിദ്യാഭ്യാസരംഗം ചില നിരീക്ഷണങ്ങള്‍

വിദ്യാഭ്യാസം കേവലം ജ്ഞാന സമ്പാദനം മാത്രമല്ല, മറിച്ച് വ്യക്തിയുടെ മനസ്സും ബുദ്ധിയും ചിത്ത വൃത്തികളും ശുദ്ധീകരിച്ചെടുക്കുന്ന സംസ്കരണ പ്രക്രിയയാണ്. വിദ്യാഭ്യാസ പ്രക്രിയയുടെ ഈ വിപുലാര്‍ത്ഥം ഇന്ന് സങ്കോചിച്ച് കേവലം ജ്ഞാനാര്‍ജ്ജനം മാത്രമായി പരിണമിച്ചിരിക്കുന്നു. ജ്ഞാനത്തിന് പലവിധ  അര്‍ത്ഥങ്ങളൊന്നുമില്ല ഇന്നത്തെ വിദ്യാഭ്യാസ മണ്ഡലത്തില്‍. ജ്ഞാനമെന്നാല്‍ ഒരു തൊഴില്‍ തരപ്പെടുത്തിയെടുക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത എന്നു മാത്രമാണ് ഇന്ന് അര്‍ത്ഥം. വിദ്യാഭ്യാസ കര്‍മ്മത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന നാനാ തലങ്ങളെ ഇങ്ങനെ പരിമിതപ്പെടുത്തുന്നത് വ്യക്തികളുടെയും വ്യക്തിസംഘാതമായ സമൂഹത്തിന്‍റെയും ആരോഗ്യകരമായ നിലനില്പിനും വളര്‍ച്ചയ്ക്കും തീരെ അനുഗുണമല്ല.
വിദ്യാഭ്യാസ പ്രക്രിയയില്‍ പാഠവും, പഠിതാവും, അദ്ധ്യയനവും, അദ്ധ്യാപകനും തുല്യ പ്രാധാന്യത്തോടെ വര്‍ത്തിക്കുന്നു. അദ്ധ്യാപകന്‍ എന്ന സര്‍വ്വജ്ഞാനിയില്‍ നിന്നും ഒഴിഞ്ഞ പാത്രമായ വിദ്യാര്‍ത്ഥിയിലേക്ക് അറിവ് പകര്‍ന്നു നല്‍കുന്ന മുന്‍കാല രീതിശാസ്ത്രത്തില്‍ നിന്നും വ്യത്യസ്തമായി, അദ്ധ്യാപകനും വിദ്യാര്‍ത്ഥിയ്ക്കുമിടയില്‍ താത്വിക തുല്യത സങ്കല്പിച്ച് ഇരുകൂട്ടരും പങ്കെടുക്കുന്ന ജനാധിപത്യപരമായ ജ്ഞാനോല്പാദന സംരംഭമായി വിദ്യാഭ്യാസത്തെ കാണാനാണ് സമകാലിക പ്രവണത. വിദ്യാഭ്യാസ മണ്ഡലത്തിന്‍റെ ഘടന ഇത്തരത്തില്‍ പുനഃസംവിധാനം ചെയ്യുമ്പോള്‍ പാഠവും പാഠ്യക്രമവും പഠന സാമഗ്രികളും, അദ്ധ്യയനവുമെല്ലാം ഏറെ പ്രധാനമാകുന്നു. അദ്ധ്യയനം സംവാദാത്മകമാക്കി കൊണ്ടും, പാഠവും, പാഠ്യക്രമവും, പഠന സാമഗ്രികളും നിരന്തരം പരിഷ്ക്കരണ വിധേയമാക്കിക്കൊണ്ടുമാണ് വിദ്യാഭ്യാസ പ്രക്രിയ കാലോചിതമാക്കുന്നത്.

വിദ്യാഭ്യാസ പ്രക്രിയയുടെ ഉള്ളടക്കം ഇങ്ങനെ പുനഃക്രമീകരിക്കുമ്പോള്‍ വിവരത്തോടൊപ്പം വിവേകവും നിറഞ്ഞ വിദ്യാര്‍ത്ഥി സമൂഹം രൂപീകൃതമാകുന്നു. ഇങ്ങനെയുള്ള ഒരു വിദ്യാര്‍ത്ഥി സമൂഹത്തിന് കല, സാഹിത്യം, ശാസ്ത്ര വിഷയങ്ങള്‍, സാങ്കേതിക വിദ്യകള്‍, തത്ത്വചിന്ത തുടങ്ങിയവയൊന്നും അന്യമാവില്ല. വിജ്ഞാനത്തിന്‍റെ നാനാ മണ്ഡലങ്ങളേയും സ്വാംശീകരിക്കാനാവുന്ന ഹൃദയവിശാലതയും, പക്ഷപാതരഹിതമായ വിശ്വദര്‍ശനവും കൈമുതലായുള്ള ഒരു ജ്ഞാന സമൂഹത്തിന്‍റെ രൂപീകരണമാണ് മേല്‍ സൂചിപ്പിച്ച വിദ്യാഭ്യാസത്തിന്‍റെ പുനഃക്രമീകരണം സാദ്ധ്യമാക്കുക. മൂല്യ സമ്പൂര്‍ണ്ണമായ ഇത്തരം വിദ്യാഭ്യാസ പ്രക്രിയയും സംരംഭങ്ങളുമാണ് ഈ കാലഘട്ടത്തിന്‍റെ ആവശ്യം.

ഈ ആശയഗതികളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗം ഒരു പരിശോധനയ്ക്ക് വിഷയമാക്കുന്നത് തികച്ചും സാന്ദര്‍ഭികമാണ്. ലോകമെങ്ങുമുള്ള വികസന സൈദ്ധാന്തികരുടെ ചര്‍ച്ചകളില്‍ മുന്തിയ സ്ഥാനമാണ് "കേരള മാതൃക"യ്ക്ക് ലഭിച്ചു പോന്നിട്ടുള്ളത്. മനുഷ്യവിഭവശേഷിയുടെ മെച്ചപ്പെട്ട ക്രമീകരണവും ഉപയോഗവും കൊണ്ട് പ്രധാനപ്പെട്ട പല മേഖലകളിലും വികസിത രാജ്യങ്ങള്‍ക്കൊപ്പം കേരളത്തിനെത്താന്‍ കഴിഞ്ഞു എന്നുള്ളതാണ്, 'കേരള മാതൃക'യെ വികസന സൈദ്ധാന്തികര്‍ക്ക് പ്രിയതരമാക്കുന്നത്.

ഈ നേട്ടങ്ങള്‍ക്കെല്ലാം അടിസ്ഥാനമായത് പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും വിദ്യാഭ്യാസ രംഗത്തുണ്ടായ വമ്പിച്ച കുതിച്ചു ചാട്ടമാണ്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ വിഭജിതമായിരുന്ന കേരളത്തില്‍ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് നിസ്തുലമായ സംഭാവനകള്‍ നല്‍കിയത് ക്രിസ്ത്യന്‍ മിഷണറിമാരായിരുന്നു. വിദ്യാലയങ്ങള്‍ സ്ഥാപിച്ചും പാഠപുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയും മലയാള ഭാഷയെ ഏകീകരിച്ചും വൈജ്ഞാനിക ഭാഷയായി നവീകരിച്ചും അവര്‍ അതിനുള്ള അവസരമൊരുക്കി. വിദ്യാഭ്യാസരംഗത്തുണ്ടായ ഈ വളര്‍ച്ച മലയാളികളുടെ പൊതു ബോധത്തെയും, ലോക വീക്ഷണത്തേയും വികസ്വരമാക്കുന്നതില്‍ വഹിച്ച പങ്ക് കുറച്ചൊന്നുമല്ല. പത്തൊപതാം നൂറ്റാണ്ടിന്‍റെ അന്ത്യപാദം മുതല്‍ സജീവമായ നവോത്ഥാന പരിശ്രമങ്ങള്‍ക്ക് ആധാരമായതും വിദ്യാഭ്യാസ മേഖലയിലുണ്ടായ ഈ ഉണര്‍വ്വും പരിശ്രമങ്ങളുമായിരുന്നു.

 

കേരളീയ നവോത്ഥാനത്തിന് കാരണഭൂതമായ വിദ്യാഭ്യാസ വിപ്ലവത്തിന് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എന്തു സംഭവിച്ചു എന്നുള്ളത് സഗൗരവം അന്വേഷിക്കേണ്ട സംഗതിയാണ്. ആഗോള തൊഴില്‍ കമ്പോളത്തിലേയ്ക്ക് തൊഴിലാളികളെ കയറ്റുമതി ചെയ്യുന്ന ഒരിടമായാണ് ഇന്ന് കേരളം സ്വയം അടയാളപ്പെടുത്തുന്നത്. വൈവിധ്യങ്ങളെ അപ്പാടെ തകര്‍ത്ത ഏകവിള കൃഷിപോലെ ചില പ്രത്യേക തൊഴില്‍ വിദ്യകളില്‍ ഇളം പ്രായക്കാരെ പരിശീലിപ്പിച്ചെടുക്കുന്ന തൊഴില്‍ കൃഷിയിടമായി കേരളം പരിണമിച്ചിരിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിജ്ഞാനത്തിന്‍റെ തുറസ്സുകളില്‍ വിഹരിക്കാന്‍ പ്രാപ്തരാക്കുന്നതിനു പകരം തീക്ഷ്ണ മസ്തിഷ്ക്കങ്ങളെ യന്ത്രസമാനമായ തൊഴിലുകളില്‍ ബന്ധിച്ചിടുന്ന പാതാള ഗര്‍ത്തമായി കേരളം മാറിയിരിക്കുന്നു.

 

ഏതെങ്കിലും പ്രത്യേക തൊഴില്‍ മേഖലയോട് ഈ ലേഖകന് പ്രത്യേകിച്ചൊരു മുന്‍വിധിയോ എതിര്‍പ്പോ ഇല്ല. എങ്കിലും ഏതെങ്കിലും തൊഴില്‍ മേഖലയോട് മാത്രം അതിരു കവിഞ്ഞ ആഭിമുഖ്യം (നേഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ തുടങ്ങിയവ) ഒരു സമൂഹം പ്രകടിപ്പിക്കുന്നത് ആ സമൂഹത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാവില്ല എന്നുള്ളതില്‍ സംശയമേതുമില്ല. കേരള സമൂഹം ഇന്ന് അഭിമൂഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണിത്. തൊഴിലുറപ്പും ധനമോഹവും മാത്രമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. കേരള സമൂഹത്തില്‍ വ്യാപകമായി വരുന്ന ഈ ദുര രചനാത്മകകര്‍മ്മങ്ങളില്‍ ഏര്‍പ്പെടാന്‍ ത്രാണിയുള്ള ഇളം മനസ്സുകളെ അപമൃത്യുവിനിരയാക്കുകയാണ് എന്നു നിസ്സംശയം പറയാം.

കേരളീയ സമൂഹത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം ഒരു വിശുദ്ധകര്‍മ്മമായി അനുഷ്ഠിച്ചിരുന്ന സമൂഹങ്ങള്‍ക്കും സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഈ അപചയത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട് എന്നുള്ളത് വിസ്മരിക്കാന്‍ പാടില്ല. വിദ്യാഭ്യാസത്തെ സേവനം എന്ന നിലയില്‍ നിന്ന് കമ്പോളത്തിലെ കേവലം ഒരു ക്രിയവിക്രയ വസ്തുവായി ചുരുക്കി കാണാന്‍ ശ്രമിച്ചതിലൂടെയാണ് ഈ ദുഃസ്ഥിതി വന്നു ഭവിച്ചത്. സേവനത്തില്‍ അന്തര്‍ലീനമായ ചൈതന്യം കമ്പോളത്തിന്‍റെ പ്രലോഭനത്തില്‍പ്പെട്ട് ചരക്കുവല്ക്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ പ്രക്രിയയുടെ സത്തയും സര്‍ഗ്ഗാത്മകതയും ചോര്‍ന്നു പോകുന്നതില്‍ തെല്ലും അത്ഭുതപ്പെടേണ്ടതില്ല.

ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യ ദശകങ്ങളിലാണ് വിദ്യാഭ്യാസത്തിന്‍റെ കമ്പോളവത്കരണം കേരളത്തില്‍ വ്യാപകമായത്. മാനുഷ്യകത്തിന്‍റെ മനഃസംസ്കരണമെന്ന പ്രഥമ തത്ത്വത്തില്‍ നിന്നും വിദ്യാഭ്യാസം വ്യതിചലിക്കുകയും തൊഴില്‍ നേടാനുള്ള ഒരു ഉപാധി മാത്രമായി ചുരുങ്ങുകയും ചെയ്തു. ശുദ്ധശാസ്ത്രങ്ങളും, മാനവ വിജ്ഞാനീയവും, സാഹിത്യവും, കലകളും വിദ്യാഭ്യാസത്തിന്‍റെ വിശാല ഭൂമികയില്‍ നിന്നും പടിയിറക്കപ്പെട്ടു; പകരം പ്രയോഗ വിജ്ഞാനീയങ്ങളുടെ അനന്ത നിര സ്ഥാനം പിടിച്ചു. ക്രമേണ പ്രായോഗിക വാദം ജീവിതത്തിന്‍റെ, മനുഷ്യ ബന്ധങ്ങളുടെ, സംസ്കാരത്തിന്‍റെ സമസ്ത മണ്ഡലങ്ങളിലും അധിനിവേശം നടത്തുന്നതാണ് നാം കാണുന്നത്. പ്രായോഗികതയുടെ ചില്ലിലൂടെ നോക്കുന്ന സമൂഹത്തിന് നാനാരൂപിയായ വിജ്ഞാനത്തിന്‍റെ ആഴങ്ങളില്‍ തിരയുന്നവര്‍ പഴഞ്ചന്മാരും വിഡ്ഢികളുമായി. സൂഷ്മ വിജ്ഞാന വിരോധം കൊടികുത്തി വാഴുന്ന പ്രദേശങ്ങളിലൊന്നായി കേരളം പരിണമിക്കാന്‍ അധികകാലം വേണ്ടിവന്നില്ല. ഇന്ന് അന്തര്‍ദ്ദേശീയ തൊഴില്‍ കമ്പോളത്തിലേയ്ക്ക് പ്രായോഗികതയില്‍ നലം തികഞ്ഞ തൊഴിലാളികളെ സംഭാവന ചെയ്യുന്ന ഒരു തുരുത്തായി കേരളം വളര്‍ന്നിരിക്കുന്നു!

 

ഈ പരിണതി എന്തായാലും കേരളത്തിന്‍റെ യഥാര്‍ത്ഥ വികസനത്തിനും വളര്‍ച്ചയ്ക്കും ഗുണകരമല്ല. തികച്ചും ശുഷ്ക്കവും, ഏക മുഖവുമായ ഇന്നത്തെ വിദ്യാഭ്യാസ നയങ്ങള്‍ വിദ്യാഭ്യാസ പ്രക്രിയയില്‍ സജീവമായി ഉള്‍ച്ചേര്‍ന്നിരിക്കേണ്ട ജനാധിപത്യബോധത്തേയും, അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുണ്ടായിരിക്കേണ്ട താത്വിക തുല്യതയേയും, സംവാദാത്മകതയേയുമാണ് ഇല്ലായ്മ ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ മേഖല മുഴുവനായിത്തന്നെ  ബാധിച്ചിരിക്കുന്ന വൈകല്യങ്ങളെ കുടഞ്ഞെറിഞ്ഞുകൊണ്ട് മാത്രമെ ജീവ ചൈതന്യം തുളുമ്പുന്ന ഒരു പുതു സമൂഹത്തിന് കേരളത്തിന്‍റെ മണ്ണില്‍ പിറവിയെടുക്കാനാവൂ.

You can share this post!

കറുപ്പിന്‍റെ രാഷ്ട്രീയം

ആരതി എം. ആര്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts