news-details
ഇടിയും മിന്നലും

തോളില്‍ മാറാപ്പേറ്റുന്നതും ഭവാനോ......?

ഗള്‍ഫില്‍ നിന്നും അവധിക്കു വന്ന് ധ്യാനം കൂടി. വലിയ ശമ്പളമുള്ള ജോലിയാണ്. പക്ഷേ പറഞ്ഞിട്ടുകാര്യമില്ല. സാമ്പത്തികമാന്ദ്യം തുടങ്ങിയ കാലം. അയാളുടെ കൂടെയുണ്ടായിരുന്നവരില്‍ പകുതിയിലധികം പേരെയും പിരിച്ചുവിട്ടു. അടുത്തപടി അയാളും പുറത്താകും എന്നേതാണ്ടുറപ്പാണ്. അവധി കഴിഞ്ഞ് തിരിച്ചു ചെല്ലുമ്പോള്‍ കാത്തിരിക്കുന്നതെന്താണെന്നറിയില്ല. അതാണ് ധ്യാനം കൂടാന്‍ കാരണം. ധ്യാനം കഴിഞ്ഞിട്ടും മനസ്സിനു ഭയങ്കര ഭാരം... അങ്ങനെ അന്വേഷിച്ചുവന്നതാണ്, ഭാരമൊന്നിറക്കാന്‍. ദൈവാനുഗ്രഹം ഒത്തിരി കിട്ടിയിട്ടുണ്ട്. പക്ഷെ പ്രതികാരചിന്തയും, കുറ്റബോധവും ഭയങ്കരമായിട്ടലട്ടുന്നു. ജോലി പോകുമെന്നുള്ള ഭീതി കൂടിയായപ്പോള്‍ സഹിക്കാനാകാത്ത അസ്വസ്ഥത. ധ്യാനം കൂടിയിട്ടും മാറ്റമില്ല. എങ്ങിനെ മാറാന്‍!!.

അയാള്‍ക്കിപ്പോള്‍ 29 വയസ്സുണ്ട്. കല്യാണം കഴിച്ചിട്ടില്ല. ഒരു പെണ്‍കുട്ടിയുമായി ഏഴു വര്‍ഷമായിട്ട് അടുപ്പത്തിലാണ്. അവള്‍ക്കും പത്തിരുപത്തേഴുവയസ്സായി. അവളു നിര്‍ബന്ധിച്ചിട്ടില്ല. അതുകൊണ്ട് ആണ്ടുതോറും അവധിക്കുവരുമ്പോള്‍ കല്ല്യാണം നീട്ടിവയ്ക്കുന്നു.

അവന്‍റെ വല്യപ്പന്‍ തുടങ്ങി ഒരു ധനിക കുടുംബത്തിലെ ആശ്രിതരായിരുന്നു. അവരുടെ സൗജന്യത്തില്‍ കൊടുത്ത പത്തു സെന്‍റും അതിലെ വീടുമായിരുന്നു അവനോര്‍മ്മ വയ്ക്കുമ്പോഴും കുടുംബസ്വത്ത്. അവന്‍റെ വല്യപ്പനും അപ്പനും ആ വീട്ടുകാരുടെ സ്ഥിരം പണിക്കാരായിരുന്നു. അമ്മയും വല്യമ്മയും അവിടുത്തെ വീട്ടുജോലിക്കാരും. മൂത്ത രണ്ടു സഹോദരിമാരുണ്ടയാള്‍ക്ക്. ഒമ്പതു വയസ്സായപ്പോള്‍ അമ്മ രോഗിയായി. വീട്ടുജോലിക്കു പോക്കു ചേച്ചിമാരായി. അമ്മേടെ ചികിത്സയും, അവരുടെ പഠനോം എല്ലാം കൂടെ താങ്ങാന്‍പറ്റാതായപ്പോള്‍ മൂത്ത സഹോദരി പഠിത്തം നിര്‍ത്തി അമ്മേടെ പണി ഏറ്റെടുത്തു. ഏതാണ്ട്  ഒന്നു രണ്ടു വര്‍ഷമങ്ങിനെ പോയി. അവനന്ന് എട്ടൊമ്പതു വയസ്സേയുള്ളൂ. ചേച്ചി പണിക്കു പോകാന്‍ മടി കാണിച്ചു തുടങ്ങി. അതെച്ചൊല്ലി വീട്ടില്‍ പലപ്പോഴും വഴക്കായി. പിന്നെപ്പിന്നെ എന്തു പറഞ്ഞാലും പണിക്കു പോകില്ല. ആ വീട്ടുകാരും അവളു ചെന്നില്ലെങ്കില്‍ വേറെ പണിക്കാരെ വിളിയ്ക്കുമെന്നറിയിച്ചു. പിന്നെ എന്താണുണ്ടായതെന്നൊന്നും അവനറിയില്ല. ഒന്നു രണ്ടു മാസത്തേയ്ക്ക് വീട്ടില്‍ എന്നും കരച്ചിലും നിലവിളിയുമായിരുന്നു. പല പ്രാവശ്യം വികാരിയച്ചന്‍ വീട്ടില്‍ വരവും മുതലാളീടെ വീട്ടില്‍ പോക്കും, അവനു കാര്യങ്ങള്‍ മനസ്സിലായില്ല. എല്ലാമൊന്നു ശാന്തമായത് വികാരിയച്ചന്‍റെകൂടെ വന്ന ഏതോ സിസ്റ്റേഴ്സിന്‍റെ കൂടെ അവന്‍റെ ചേച്ചിയും ബാഗും തൂക്കി ഇറങ്ങിപ്പോയതില്‍ പിന്നെയാണ്. അവളു മഠത്തില്‍ പോയതാണെന്നാണമ്മ അവനോടു പറഞ്ഞത്. കേരളത്തിനു പുറത്തെവിടെയോ ഒരു സ്ഥലത്താണെന്നും പറഞ്ഞു. എന്തായാലും പിന്നീടവന്‍റെ വീട് ഒരു മരണവീടുപോലെയായിരുന്നു. ആരും കാര്യമായി മിണ്ടാറില്ല. അമ്മയ്ക്കു രോഗം കൂടി. എന്നിട്ടും മഠത്തില്‍ പോയ പെങ്ങളു വന്നില്ല. ഒന്നരവര്‍ഷം കഴിഞ്ഞാണ് അമ്മ മരിച്ചത്. അന്നവള്‍ വന്നപ്പോഴും മഠത്തിലെ വേഷത്തിലൊന്നുമല്ലായിരുന്നു. മരിക്കാന്‍ നേരത്ത് അമ്മ അടുത്തുണ്ടായിരുന്ന അവന്‍റെ മറ്റേച്ചേച്ചിയോട് 'മൂത്തവളെപ്പോലെ നീ പൊഴച്ചു പോകരുത്' എന്നു പറഞ്ഞു കരഞ്ഞു കൊണ്ടാണ് മരിച്ചത്.  അങ്ങിനെയാണവനു സാവകാശം കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങിയത്. അവളെ പെഴപ്പിച്ചതരാണെന്നറിയില്ലെങ്കിലും പണിയാന്‍ പോയ വീട്ടിലെ ആരെങ്കിലുമാണെന്നറിയാം. അടക്കുകഴിഞ്ഞപാടെ മൂത്ത ചേച്ചി തിരിച്ചുപോയി. പിന്നീട് ചെറിയ തുകയൊക്കെ ചേച്ചിടെ മണിയോര്‍ഡര്‍ വന്നു തുടങ്ങി. അപ്പനതു കൈപ്പറ്റുമ്പോഴും പെഴച്ചപെങ്ങടെ പണം പറ്റുന്നതിനോട്  അവനു പ്രതിഷേധമുണ്ടായിരുന്നു. അവസാനം വികാരിയച്ചന്‍ പറഞ്ഞാണവനത്യാവശ്യം വിവരങ്ങള്‍ അറിഞ്ഞത്. അവള്‍ നിരപരാധിയായിരുന്നു, പെട്ടുപോയതാണ്. അവളെക്കൊണ്ടു പോയ സിസ്റ്റേഴ്സ് അവളെ രണ്ടുവര്‍ഷം പഠിപ്പിച്ചു. ഇപ്പോള്‍ ചെറിയ ജോലീം കൊടുത്തു. അതില്‍നിന്നും കിട്ടുന്നതാണയച്ചു കൊടുക്കുന്നതെന്നും അച്ചന്‍ പറഞ്ഞവനറിഞ്ഞു. നാലഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് അവളെ സിസ്റ്റേഴ്സ് തന്നെ മുന്‍കൈയെടുത്തു ഗള്‍ഫിനു വിട്ടു എന്നവനറിഞ്ഞു.  എന്തായാലും പിന്നീട് നല്ല തുക മാസം തോറും വന്നു തുടങ്ങി. മൂന്നു വര്‍ഷത്തിനുള്ളില്‍ റോഡ് സൈഡില്‍ നാലേക്കര്‍ വസ്തു വാങ്ങി. രണ്ടു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ നല്ലൊരു വീടും വച്ചു. ഇതിനെല്ലാമിടയില്‍ അപ്പനസുഖമായപ്പോള്‍ മാത്രം രണ്ടു ദിവസത്തേയ്ക്കു ചേച്ചി വന്നിട്ടു പോയി. ഇപ്പോഴും അവിവാഹിതയാണ്. ഗള്‍ഫീന്നു തിരിച്ചു പോന്നു. സിസ്റ്റേഴ്സിന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. വീട്ടിലും നാട്ടിലും വരാറില്ല. അവനു പഠിച്ചുയരാന്‍ പറ്റി. ചേച്ചീടെ സ്വാധീനത്തില്‍ ഗള്‍ഫിലൊരു ജോലി കിട്ടി. പിന്നീടതിലും ഉയര്‍ന്നു. ഇപ്പോള്‍ വലിയ ശമ്പളമുള്ള പദവിയിലാണ്. പക്ഷെ ഇന്നത്തെ അവസ്ഥയില്‍ എപ്പോള്‍ വേണമെങ്കിലും ജോലി നഷ്ടപ്പെടാം. ആവശ്യത്തിനു സമ്പാദിച്ചു കഴിഞ്ഞതുകൊണ്ടു സാമ്പത്തികമല്ല അവന്‍റെ പ്രശ്നം. നാട്ടില്‍ വന്നു നില്ക്കാന്‍ താല്പര്യമില്ല.

ചരിത്രം കേട്ടപ്പോള്‍ മനസ്സിലോര്‍ത്തു: "രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,..."

അടുത്തൊരു ചരിത്രം തുടങ്ങുകയായിരുന്നു. ചേച്ചീടെ പണം വന്നുതുടങ്ങിയപ്പോള്‍ മുതല്‍ അവന്‍റപ്പന്‍ മുതലാളീടെ പറമ്പില്‍ പണിക്കുപോക്കു നിര്‍ത്തി. സ്ഥലവും വീടും വാങ്ങിക്കഴിഞ്ഞപ്പോള്‍ നല്ല നിലയിലായി. മുതലാളീടെ ഇളയ മകളും ഇവനും അടുത്തടുത്ത പ്രായക്കാരായിരുന്നു. ഒരേ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് അടുപ്പമായി. പക്ഷെ അവന്‍റെയുള്ളില്‍ പ്രതികാരമായിരുന്നു. പെങ്ങളെ ചതിച്ചതിലുള്ള പ്രതികാരം. അതൊളിപ്പിച്ചുവച്ച് അവന്‍ അടുപ്പം തുടര്‍ന്നു. അവളുടെ വീട്ടുകാരറിഞ്ഞപ്പോള്‍ ഭയങ്കര പൊട്ടിത്തെറി. അവനൊന്നിനും അവളെ നിര്‍ബന്ധിച്ചില്ല. ആ സമയത്താണവന്‍  ഗള്‍ഫിനു പോവുക. കത്തും, ഫോണുമൊക്കെയായി രഹസ്യബന്ധം തുടര്‍ന്നു. രണ്ടുകൊല്ലം മുമ്പ് അവള്‍ക്കും കേരളത്തിനു പുറത്ത് ജോലി കിട്ടി. വര്‍ഷങ്ങളിത്രയുമായിട്ടും ഓരോ കാരണം പറഞ്ഞ് അവന്‍ വിവാഹം നീട്ടി. അവള്‍ നിര്‍ബന്ധിച്ചതുമില്ല. വീട്ടുകാര്‍ മറ്റുപല ആലോചനകളും കൊണ്ടുവന്നെങ്കിലും അവള്‍ വഴങ്ങിയില്ല. അവളെന്തെങ്കിലും സാഹസം കാണിക്കുമോ എന്നു ഭയന്ന് വീട്ടുകാര്‍ ബലം പിടിച്ചുമില്ല.

കഴിഞ്ഞ കുറെ നാളുകളായി അവള്‍ ഇടയ്ക്കിടെ അവനോട് പണം ചോദിക്കാന്‍ തുടങ്ങി. അവന്‍ കൊടുക്കാന്‍ മടിച്ചില്ല. അവന്‍ അതിന് പറഞ്ഞകാരണം, എന്നെങ്കിലും അവളെ ഒഴിവാക്കും, അപ്പോള്‍ ആരു ചോദിച്ചാലും കാണിക്കാന്‍ അക്കൗണ്ടു ട്രാന്‍സ്ഫറിന്‍റെ രേഖയിരിക്കട്ടെ എന്നു കരുതിയാണെന്ന്. എന്തൊരു കണക്കുകൂട്ടല്‍!!

അവധിക്കു വരുമ്പോള്‍ പലപ്പോഴും അവളെ നശിപ്പിച്ചിട്ടു പോകാന്‍ രക്തം തിളച്ചിട്ടും അവന്‍റെ അപ്പനേം വീടിനേം ഓര്‍ത്ത് അവനതിനു മുതിര്‍ന്നില്ല. ഇപ്പോഴും അവന്‍റെ മനസ്സിലിരിപ്പ് പറ്റുന്നിടത്തോളം നീട്ടിയിട്ട് വേറെ കല്യാണം കഴിക്കാനായിരുന്നു. ആ സമയത്താണ് ഈ സാമ്പത്തികമാന്ദ്യം. ജോലി പോയാല്‍ നാട്ടില്‍ തിരിച്ചു വരണം. നാട്ടില്‍ വന്ന് താമസിക്കേണ്ടി വന്നാല്‍ പദ്ധതി കുഴയും. അതോടൊപ്പം താന്‍ കാണിച്ച വഞ്ചനയ്ക്ക് തമ്പുരാന്‍ കൊടുത്ത ശിക്ഷയാണ് ഇപ്പോഴത്തെ ഈ അവസ്ഥ എന്ന കുറ്റബോധവും. ഇനിയിപ്പം അവളോട് നേരിട്ടു പറഞ്ഞൊഴിയാനും വിഷമം. അവന്‍റെ പെങ്ങളെ ചതിച്ച വീട്ടില്‍ നിന്നും കല്യാണം കഴിക്കാനും വയ്യ.

എന്തെങ്കിലും പോംവഴി ആലോചിക്കാം, പ്രാര്‍ത്ഥിക്കാം ഒരാഴ്ച കഴിഞ്ഞു  വരാന്‍ പറഞ്ഞുവിട്ടു. അവന് രണ്ടാഴ്ച അവധി  ബാക്കിയുണ്ടായിരുന്നു.

വികാരിയച്ചനെ സൗകര്യത്തിനു കണ്ടു വിവരമന്വേഷിച്ചപ്പോഴാണ് വേറൊരു ചരിത്രം കേട്ടത്. രണ്ടു വര്‍ഷം മുമ്പു കേരളത്തിനു പുറത്ത് അവള്‍ക്കു ജോലി കിട്ടി. ജോലി സ്ഥലത്ത് ഒരു അന്യമതത്തില്‍പെട്ട സെയില്‍സുമാനുമായി അടുപ്പത്തിലായി. വീട്ടുകാരറിഞ്ഞു. അവരുടെ പണിക്കാരന്‍റെ മകന്‍ എത്ര പണക്കാരനായാലും അവനെക്കെട്ടുന്നതിനെക്കാള്‍ നല്ലത് ഇതു തന്നെയാണെന്നായിരുന്നു അവരുടെ നിലപാട്. അവരു കണ്ണടച്ചു. അവരൊന്നിച്ചാണു താമസം. രജിസ്റ്റര്‍ ചെയ്തെന്നു പറയുന്നു. സെയില്‍സുമാനുമായി അടുപ്പത്തിലായ കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് ഇവന്‍റെ കൈയില്‍നിന്നും ഓരോ ആവശ്യം പറഞ്ഞു വാങ്ങിയെടുത്തത് നാലു ലക്ഷത്തിലധികം രൂപ!! അവളും തന്ത്രം മെനയുകയായിരുന്നു. എന്തായാലും പേരുദോഷം വരും, എന്നാപ്പിന്നെ പരമാവധി മുതലെടുത്തിട്ടു പോരെ!!

"എനിക്കവനെ അറിയാം. ഇത്ര ആത്മാര്‍ത്ഥമായി സ്നേഹിച്ച്, ഇഷ്ടംപോലെ കാശും കൊടുത്ത്, കാത്തിരുന്ന അവനോട് അവള്‍   ഇങ്ങനെ ചെയ്തെന്നറിഞ്ഞാല്‍ അവന്‍ ചങ്കും പൊട്ടിച്ചാകത്തില്ലെ..? ഞാനിതെങ്ങിനെ അവനോടു പറയും എന്നു വിഷമിക്കുകയായിരുന്നു. ഇവിടെയൊക്കെ ചെറിയ റൂമറൊക്കെയുണ്ടെങ്കിലും ആര്‍ക്കും കാര്യമായിട്ടൊന്നുമറിയില്ല. അവന്‍ വരുന്നതിനു മുമ്പെ അവള്‍ നാട്ടിലെത്തി. അവന്‍ വന്നപാടെ ധ്യാനത്തിനു പോയിരിക്കുകയാണ്. അവളിവിടെയുണ്ട്... അവന് അവളെ വിശ്വാസവുമാണ്."

തല മരയ്ക്കുന്നതുപോലെ തോന്നി. ഒരു പ്രതികരണവും കാണിച്ചില്ല.

"അവന്‍റെ കാര്യം അച്ചനെനിക്കുവിട്. ഇക്കാര്യമൊന്നും അവനോടു പറയേണ്ട. ഞാന്‍ പറഞ്ഞോളാം. ഇങ്ങനൊരാളു വന്നന്വേഷിച്ചെന്ന് അച്ചനവളോടും പറയണ്ടാ. ഒരു കാര്യം മാത്രം അച്ചന്‍ ചെയ്യുക, അവളോടു പറയുക, ഇന്നു തന്നെ ജോലി സ്ഥലത്തേയ്ക്കു പോകാന്‍. അവളുടെ കാര്യങ്ങളെല്ലാം അവനെ അറിയിച്ചു കഴിഞ്ഞു എന്ന്."

പുറത്തിറങ്ങിയപാടെ ഞാനവനെ വിളിച്ചു.

"എല്ലാം ഏറ്റവും ഭംഗിയായി തമ്പുരാന്‍ ശരിയാക്കി. മേലില്‍ അവളെ വിളിക്കാതിരിക്കുക. അവളെ ഉപേക്ഷിച്ചതില്‍ അവള്‍ക്ക് വലിയ വിഷമമുണ്ടെങ്കിലും എല്ലാം കാലം മായിച്ചു കളയും, പിന്നെ പലതും കാലം തെളിയിച്ചും തരും." കൂടുതലൊന്നും ഞാന്‍ പറയാന്‍ പോയില്ല.

ഏതാണ്ടു തേങ്ങലുപോലെയുള്ള അവന്‍റെ ആശ്വാസനിശ്വാസം ഫോണില്‍ കൂടെ കേട്ടപ്പോള്‍ ഓര്‍ത്തു:

"മാളികപ്പുറത്തേറിയ മന്നന്‍റെ തോളില്‍

മാറാപ്പേറ്റുന്നതും... ഭവാനോ...??...."

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts