പൗരോഹിത്യത്തിന്‍റെ ധാര്‍മ്മികാധികാരം, ലോകവ്യാപകമായി വലിയതോതില്‍ വിചാരണ ചെയ്യപ്പെടുന്ന കാലമാണിത്. ആഗോളീകരണവും അതുവഴി ശക്തമാകുന്ന ഉപഭോഗസംസ്കാരവും അമിതമായ മാധ്യമീകരണവുംകൊണ്ട് ലോകവ്യാപകമായിട്ടെന്നപോലെ കേരളത്തിലും പൗരോഹിത്യം ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാകുന്നു. കമ്പോളസംസ്കാരത്തിന്‍റെ 'അപര'മായി നിലകൊള്ളുന്നുന്ന ആത്മീയ സ്ഥാപനങ്ങളെ കോര്‍പ്പറേറ്റ് മൂലധനത്തിന്‍റെ സഹയാത്രികരായ മാധ്യമങ്ങള്‍ വിമര്‍ശനവിധേയമാക്കുന്നതില്‍ അത്ഭുതത്തിന് അവകാശമില്ല. എങ്കിലും അതുമാത്രമാണ് വാസ്തവം എന്ന ന്യൂനീകരണം നമ്മെ സത്യത്തോട് അടുപ്പിക്കുകയുമില്ല. വാണിജ്യവല്‍ക്കരിക്കപ്പെട്ടു തുടങ്ങിയ സഭാസ്ഥാപനങ്ങളും അഭയാകേസും നഗ്നമായ കക്ഷിപക്ഷപാതങ്ങളും മാധ്യമബോധമില്ലാത്ത ചില മെത്രാന്മാരും ചേര്‍ന്ന് ചിലപ്പോഴെങ്കിലും മൂല്യബോധമുള്ള വിശ്വാസികളുടെ സാമൂഹിക ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അങ്ങിനെ കലുഷമായ സന്ദര്‍ഭങ്ങളില്‍, സമൂഹം കാതോര്‍ക്കുന്ന വിവേകത്തിന്‍റെ ശബ്ദമാണ് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തിലിന്‍റേത്.
ആദരണീയമായ ആ വ്യക്തിത്വവുമായി, സീറോ മലബാര്‍ സഭാ മെത്രാന്‍ സിനഡിന്‍റെ ഔദ്യോഗിക വക്താവും വേദപണ്ഡിതനുമായ ഡോ. പോള്‍ തേലക്കാട്ട് നടത്തിയ സംഭാഷണം, 'സ്ട്രെയിറ്റ് ഫ്രം ദ ഹാര്‍ട്ട്' എന്ന ശീര്‍ഷകത്തില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധം ചെയ്തിരുന്നു. വ്യാപകവും സംവാദാത്മകവുമായ മാധ്യമ ചര്‍ച്ചകള്‍ക്കു വഴിതുറന്ന ആ പ്രശസ്ത ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷയാണ് എന്‍റെ മുന്നിലിരിക്കുന്ന 'തുറന്ന മനസ്സോടെ' എന്ന ഈ പുസ്തകം. ആത്മീയാചാര്യനായ വര്‍ക്കി വിതയത്തിലിന്‍റെ വ്യക്തിജീവിതവും കുടുംബജീവിതവും സഭാജീവിതവും സാമൂഹികജീവിതവും ഈ സംഭാഷണങ്ങളിലൂടെ മറനീക്കി പുറത്തുവരുന്നു. മനുഷ്യവംശത്തിനു പൊതുവിലും, സീറോ മലബാര്‍ സഭയ്ക്കു സവിശേഷമായും അനുഭവപ്പെടുന്ന ചരിത്രപരവും സമകാലികവുമായ പ്രതിന്ധികള്‍ക്ക്, കര്‍ദ്ദിനാളിന്‍റെ കുലീനമായ ചിന്തകള്‍ പരിഹാരം നിര്‍ദ്ദേശിക്കുന്നു. ഈ സംഭാഷണങ്ങള്‍ക്കിടയില്‍ ഒരിക്കല്‍പോലും, ഒരു പ്രശ്നത്തില്‍നിന്നുപോലും അദ്ദേഹം ഓടിയൊളിക്കുന്നില്ല. ഡോ. പോള്‍ തേലക്കാട്ട് വിശേഷിപ്പിക്കുന്നതുപോലെ, "അദ്ദേഹം വാക്കുകള്‍ ഉപയോഗിക്കുന്നത് ഉള്ളിലുള്ളതിനെ മറച്ചുവയ്ക്കാനല്ല, അവയെ വെളിപ്പെടുത്താനാണ്."
സ്നേഹത്തിന്‍റെ ജീവിതം, കുടുംബവും ബ്രഹ്മചര്യവും, സീറോ മലബാര്‍ സഭയെ നയിക്കാനുള്ള വിളി, മാര്‍ക്സിസവും ഇടതുമായുള്ള ബന്ധം, സഭയും വിദ്യാഭ്യാസവും, ജനാധിപത്യവും സഭയുടെ പങ്കാളിത്തവും, രാഷ്ട്രീയവും ആത്മായ വിശ്വാസികളുടെ ശാക്തീകരണവും, സീറോ മലബാര്‍ സഭയുടെ സ്വത്വ പ്രതിസന്ധി, കര്‍ത്താവിങ്കലേയ്ക്ക് തിരിയുക, ബിഷപ്പുമാര്‍, വൈദികര്‍, സന്ന്യസ്തര്‍, അത്മായര്‍, നവീകരണവും നവീകരണപ്രസ്ഥാനങ്ങളും, റീത്തുകള്‍ തമ്മിലുള്ള വിഷയങ്ങള്‍, അപ്പസ്തോലിക പാരമ്പര്യവും സുറിയാനി ക്രിസ്ത്യാനികളും, സഭയും മാധ്യമങ്ങളും, സഭാഘടനയും ഭരണവും, ഇന്ത്യയിലെ സഭ (ഭാരതസഭ) എന്നിങ്ങനെ പതിനഞ്ച് അദ്ധ്യായങ്ങളും പ്രസക്തമായ കുറേ അനുബന്ധരേഖകളും ഉള്‍ക്കൊള്ളുന്നതാണ് ഈ പുസ്തകം.
കുട്ടിക്കാലത്തെക്കുറിച്ചുള്ള ഹൃദ്യമായ സ്മരണകള്‍ പങ്കുവെച്ചുകൊണ്ട് ആരംഭിക്കുന്ന ഒന്നാമദ്ധ്യായം, അപ്പനമ്മമാരുടെ മാതൃകാപരമായ പ്രാര്‍ത്ഥനാ ജീവിതവും കുടുംബത്തെ കൂട്ടിയുറപ്പിക്കുന്ന ക്രിസ്തുവിന്‍റെ സ്നേഹസാന്നിദ്ധ്യവും വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നു. ഇന്നത്തെ അണുകുടുംബങ്ങളില്‍ വളരുന്ന പുതുതലമുറയിലെ കുട്ടികള്‍ക്ക് പങ്കുവയ്ക്കലിന്‍റെ ദൈവശാസ്ത്രം അന്യമാകുകയാണെന്നു പരിതപിക്കുന്നു. സ്വാഭാവികമായും സംഭാഷണം കുടുംബാസൂത്രണത്തിലേക്കു കടക്കുന്നു. കുടുംബാസൂത്രണം അനുവര്‍ത്തിക്കേണ്ടതിന്‍റെ കാരണം ഭക്ഷ്യപ്രതിസന്ധിയാണെന്ന വാദത്തെ കര്‍ദ്ദിനാള്‍ ഇങ്ങനെ നേരിടുന്നു:"ഇപ്പോഴത്തെ ജനസംഖ്യയുടെ പത്തിരട്ടി പേരെയെങ്കിലും തീറ്റിപോറ്റാന്‍ ലോകത്തിനു കഴിയും. ഇന്ത്യയിലെ ഗംഗാസമതലത്തില്‍ ശാസ്ത്രീയമായി കൃഷി നടത്തിയാല്‍ ലോകത്തിലെ ഇന്നുള്ള ജനങ്ങളുടെ മൂന്നിരട്ടിപേര്‍ക്ക് ആഹാരം നല്‍കാന്‍ കഴിയുമെന്നു പറയപ്പെടുന്നു." എങ്കിലും എത്ര കുട്ടികള്‍ വേണം എന്ന ചോദ്യത്തിനു മറുപടി പറയേണ്ടത് ദമ്പതികള്‍ തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. "തങ്ങള്‍ക്ക് എത്രമക്കള്‍ വേണമെന്ന് ഉത്തരവാദിത്വപൂര്‍വ്വം തീരുമാനിക്കേണ്ടത് ദമ്പതികള്‍ തന്നെയാണ്, ഭരണകൂടങ്ങളോ മാര്‍പാപ്പയോ സഭയോ അല്ല."
സാധാരണഗതിയില്‍, ബിഷപ്പാകാനുള്ള സാധ്യത തീരെക്കുറഞ്ഞ ഒരു സന്ന്യസ്ത സമൂഹത്തില്‍നിന്നും സീറോ- മലബാര്‍ സഭയെ നയിക്കാനുള്ള നിയോഗം കൈവന്ന വഴി വിശദീകരിക്കുന്നു, രണ്ടാം അദ്ധ്യായത്തില്‍. ആരാധനക്രമം സംബന്ധിച്ച് സഭയ്ക്കുള്ളില്‍ ചങ്ങനാശ്ശേരി ഗ്രൂപ്പും എറണാകുളം ഗ്രൂപ്പും തമ്മില്‍ നിലനിന്ന തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തില്‍ സഭയ്ക്കുള്ളില്‍ അനുഭവപ്പെട്ട സംഘര്‍ഷം നിറഞ്ഞ ദിനങ്ങള്‍ അനുസ്മരിക്കുമ്പോഴും സീറോ-മലബാര്‍ സഭയെക്കുറിച്ചുള്ള അഭിമാനബോധം കൈവിടുന്നില്ല, മേജര്‍ ആര്‍ച്ച് ബിഷപ്പ്. "അപ്പസ്തോലിക പാരമ്പര്യത്തില്‍ അടിസ്ഥാനമിട്ട്, കല്‍ദായ ആരാധനക്രമത്താല്‍ പരിപുഷ്ട'മാക്കപ്പെട്ട്, ലത്തീന്‍ കാനന്‍ നിയമത്തില്‍ നിന്നും നിരവധി നല്ലകാര്യങ്ങള്‍ സ്വന്തമാക്കി, മിഷണറി ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന സീറോ മലബാര്‍ സഭ ഇന്ത്യയിലെ ജീവനും ഓജസ്സുമുള്ള ഒരു മിഷണറി സഭയാണ്."
മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ച വിഷയമാണ് മാര്‍ക്സിസവും ഇടതുമായുള്ള ബന്ധം. സഭ വിഭാവനം ചെയ്യുന്ന മഹനീയാദര്‍ശങ്ങള്‍, ജീവിതത്തില്‍ പകര്‍ത്തുന്നതില്‍ പരാജയപ്പെട്ട നമുക്ക് ദൈവം അനുവദിച്ച ഒരു അനിവാര്യശിക്ഷയാണ് മാര്‍ക്സിസമെന്ന് ആര്‍ച്ചുബിഷപ് നിരീക്ഷിക്കുന്നു. ദരിദ്രരോടുള്ള മാര്‍ക്സിസ്റ്റുകാരുടെ അനുകമ്പ പരിഗണനാര്‍ഹമായിരിക്കുമ്പോള്‍ തന്നെ, അവരുടെ ദൈവനിഷേധം അടിസ്ഥാനപരമായി അംഗീകരിക്കാന്‍ കഴിയില്ലെന്നു അദ്ദേഹം വ്യക്തമാക്കുന്നു. എങ്കിലും വോട്ടുചെയ്യുമ്പോള്‍ താന്‍ സാമുദായിക പരിഗണന പുലര്‍ത്താറില്ല എന്ന അദ്ദേഹത്തിന്‍റെ നിലപാട്, തീര്‍ച്ചയായും നമ്മുടെ സെക്കുലര്‍ സമൂഹത്തിന് കുറച്ചൊന്നുമല്ല ആഹ്ലാദം നല്‍കുക.
"സമൂഹത്തിന് നന്മ ചെയ്യുമെന്ന് എനിക്കു തോന്നുന്ന പാര്‍ട്ടിക്കാണ് ഞാന്‍ വോട്ടു ചെയ്യുന്നത്. വോട്ടുചെയ്യുമ്പോള്‍ മതപരമായ പരിഗണന ഞാന്‍ പുലര്‍ത്താറില്ല. ഒരു ഹിന്ദു തന്‍റെ ജീവിതം സമൂഹനന്മയ്ക്കുവേണ്ടി മാറ്റിവെച്ചുകൊണ്ടു തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അതേസമയം ഒരു ക്രിസ്ത്യാനി മന്ത്രിയാകണമെന്ന മോഹം കൊണ്ടോ മറ്റ് താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയോ മത്സരിക്കുകയുമാണെന്നിരിക്കട്ടെ, ഞാന്‍ വോട്ടുചെയ്യുന്നത് ഹിന്ദുവിനായിരിക്കും. പക്ഷെ, ഒരു കാര്യം കൂടെ ഞാന്‍ ശ്രദ്ധിക്കും. അയാള്‍ വിശ്വാസത്തിനും മതങ്ങള്‍ക്കുമെതിരെ നയങ്ങള്‍ സ്വീകരിക്കുന്ന പാര്‍ട്ടിയില്‍പെട്ടയാള്‍ ആയിരിക്കരുത്."
മൂല്യാധിഷ്ഠിതമായി സഭ നടത്തിപ്പോന്നിരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍പോലും വാണിജ്യവല്‍ക്കരണത്തിനു വിധേയമായി അപകീര്‍ത്തിപ്പെട്ടു തുടങ്ങുന്ന ഇക്കാലത്ത്, ഈ വിഷയത്തില്‍ മേജര്‍ ആര്‍ച്ചു ബിഷപ്പിനുള്ള കാഴ്ചപ്പാടും വായനക്കാര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്: "ഈയടുത്തനാളിലും അധ്യാപകരേയും മറ്റു സ്റ്റാഫുകളേയും നിയമിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം നല്‍കുന്നതിനും സഭ പണം വാങ്ങിയിട്ടുണ്ട്. ഇതു കേരളസമൂഹം പ്രതിഷേധിക്കുകയും സുപ്രീംകോടതി വിലക്കുകയും ചെയ്തിട്ടുള്ള കാര്യമാണ്. നമ്മുടെ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതിനാവശ്യമായ പണം സ്വരൂപിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് നാം ന്യായീകരിക്കുന്നു. എനിക്ക് ആ വാദത്തോട് യോജിക്കാനവില്ല. ഈ സേവനത്തിനുള്ള ഒരു സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ സഹായം ഗവണ്‍മെന്‍റ് അനുവദിക്കുന്നില്ലെങ്കില്‍ അതു തീര്‍ച്ചയായും അനീതിയാണ്. എന്നാല്‍ അതിലും എത്രയോ വലിയ അനീതിയാണ് യോഗ്യതയുണ്ടായിട്ടും പണം നല്‍കാന്‍ ശേഷിയില്ലാത്തതിന്‍റെ പേരില്‍ ഒരാള്‍ക്കു ജോലി നിഷേധിക്കുന്നതും ആ ജോലി പണം നല്‍കുന്ന ആള്‍ക്കു കൈമാറ്റം ചെയ്യുന്നതും. ഇതു തന്നെയാണ് വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തെ സംബന്ധിച്ചും എനിക്കു പറയാനുള്ളത്."
യൂറോപ്യന്‍ മേധാവിത്ത്വത്തിന്‍റെയും അതുവഴിയുള്ള വിവേചനങ്ങളുടെയും പഴയകാലം അനുസ്മരിക്കുന്ന കര്‍ദ്ദിനാള്‍, സഭയുടെ അധികാരം മുഴുവന്‍ റോമില്‍ കേന്ദ്രീകരിക്കുന്നതിനോടും യോജിക്കുന്നില്ല. "മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള അധികാരം എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിനു നല്‍കണം. കര്‍ദ്ദിനാളന്മരെ ബിഷപ്പുമാര്‍ തിരഞ്ഞെടുക്കണം" ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ സ്വപ്നങ്ങള്‍.
രാഷ്ട്രീയവും അല്മായ വിശ്വാസികളുടെ ശാക്തീകരണവും എന്ന അദ്ധ്യായത്തില്‍, മാര്‍ക്സിസ്റ്റുകാരുടെ ദൈവനിഷേധവും ബി. ജെ. പി ക്കാരുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളും കണക്കിലെടുത്തശേഷം അദ്ദേഹം പറയുന്നു: "നമുക്കു തിരഞ്ഞെടുക്കാനുള്ളത് കോണ്‍ഗ്രസ്സും ചില ചെറിയ മതനിരപേക്ഷ പാര്‍ട്ടികളും മാത്രമാണ്." നവീകരണവും നവീകരണപ്രസ്ഥാനങ്ങളും സംബന്ധിച്ച് കര്‍ദ്ദിനാള്‍ കൈക്കൊള്ളുന്ന നിലപാടും ശ്രദ്ധേയമാണ്. "ഞാന്‍ ഒരു മിസ്റ്റിക്കല്ല. എനിക്ക് ദൈവത്തില്‍നിന്നു എന്തെങ്കിലും തരത്തിലുള്ള ഒരു വെളിപാടും കിട്ടിയിട്ടില്ല. എനിക്കു ഭാഷാവരമോ അത്തരത്തിലുള്ള മറ്റെന്തെങ്കിലും സിദ്ധികളോ ഇല്ല. ഇന്നയിന്ന ആളുകളുടെ തലവേദന മാറി, ഇന്ന സ്ത്രീയുടെ വയറുവേദന മാറി എന്നൊക്കെ പറയാനുള്ള ദൈവിക പ്രലോഭനവും എനിക്കു കിട്ടിയിട്ടില്ല. പരിശുദ്ധാത്മാവ് ഈ വരങ്ങളൊക്കെ നല്‍കില്ല എന്നൊന്നും ഞാന്‍ വാദിക്കുന്നില്ല. പരിശുദ്ധാത്മാവിന് ഇതൊക്കെ നല്‍കാന്‍ കഴിയും. ആദിമ സഭയില്‍ ഇതൊക്കെ ഉണ്ടായിരുന്നു. ഏതെങ്കിലും വ്യക്തി തനിക്കു എന്തെങ്കിലും വരങ്ങളുണ്ട് എന്നവകാശപ്പെട്ടാല്‍ എനിക്കതില്‍ എതിര്‍പ്പൊന്നും ഇല്ലതാനും. വരദാനങ്ങളുടെ പേരില്‍ കാട്ടിക്കൂട്ടുന്നതെല്ലാം ശരിയാണെന്നു സമ്മതിച്ചു കൊടുക്കാനും ഞാന്‍ തയ്യാറല്ല".
ഈ പുസ്തകത്തിലെ സംഭാഷണങ്ങളില്‍ പലപ്പോഴും അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്, സീറോ-മലബാര്‍ സഭയുടെ വികസനത്തിനു കൂച്ചുവിലങ്ങിടുന്ന റോമിന്‍റെ ലത്തീന്‍ ആധിപത്യ നിലപാടുകളോടുള്ള വിയോജിപ്പുകളാണ്. റീത്തുകള്‍ തമ്മിലുള്ള വിഷയങ്ങള്‍ എന്ന അദ്ധ്യായത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് പറയുന്നു: "സീറോ മലബാര്‍ സഭ കത്തോലിക്കാസഭയുടെ വെറുമൊരു ഭാഗം മാത്രമല്ല. എല്ലാ സ്വയം ഭരണാധികാരസഭകള്‍ക്കും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പരിപൂര്‍ണ്ണസമത്വം നല്‍കി. വലിയ ലത്തീന്‍ സഭയ്ക്കും ചെറിയ സീറോ - മലബാര്‍ സഭയ്ക്കും കത്തോലിക്കാസഭയില്‍ തുല്യസ്ഥാനമാണുള്ളത്. അമേരിക്ക പരിപൂര്‍ണ്ണ അധികാരം ഉള്ള രാജ്യമാണ്. ശ്രീലങ്കയും അതുപോലതന്നെയാണ്. രണ്ടിനും രാജ്യമെന്ന നിലയില്‍ തുല്യസ്ഥാനമാണ്. ഇക്കാര്യം ജനങ്ങള്‍ മനസ്സിലാക്കണം."
മറ്റു മതസ്ഥര്‍, മോക്ഷത്തില്‍ പ്രവേശിക്കില്ല എന്ന മത തീവ്രവാദികളുടെ നിലപാട്, അറിയാതെ പിന്‍പറ്റുന്ന ചില ക്രിസ്ത്യാനികളെ, സഭ മുന്നോട്ടു വയ്ക്കുന്ന ഒരു അടിസ്ഥാന പാഠം ഓര്‍മ്മിപ്പിക്കുന്നുണ്ട്, അപ്പസ്തോലിക പാരമ്പര്യവും സുറിയാനി ക്രിസ്ത്യാനികളും എന്ന അദ്ധ്യായം. "മത തീവ്രവാദികള്‍ ചിന്തിക്കുന്നത് അവരുടെ മതം മാത്രമാണ് ശരി മറ്റെല്ലാം തെറ്റാണ് എന്നാണ്. മതത്തോടുള്ള ഇത്തരം മനോഭാവം ശരിയല്ല. ഇത് ക്രൈസ്തവ മനോഭാവമല്ല. പഴയകാലത്ത് ചില കത്തോലിക്കരും അവര്‍ മാത്രമേ സ്വര്‍ഗ്ഗത്തില്‍ പോകൂ എന്നു ചിന്തിച്ചിരുന്നു. സഭയ്ക്കുപുറത്ത് രക്ഷയില്ലെന്ന ചിന്താഗതിയും കത്തോലിക്കര്‍ അല്ലാത്തവരെല്ലാം നിത്യനരകത്തിനു വിധിക്കപ്പെട്ടവരാണെന്നുമുള്ള ധാരണയും അവര്‍ വച്ചുപുലര്‍ത്തിയിരുന്നു. എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നത് ഏതൊരു മനുഷ്യവ്യക്തിയും, അവന്‍റെ/അവളുടെ സാഹചര്യം മൂലം ക്രിസ്തുവില്‍ വിശ്വസിക്കാന്‍ കഴിയാതെ വന്നാലും സത്യസന്ധമായി അവന്‍റെ / അവളുടെ മനസ്സാക്ഷിയെ പിന്‍ ചെന്നാല്‍, ക്രിസ്തുവിന്‍റെ യോഗ്യതയാല്‍ തന്നെ രക്ഷപെടും എന്നാണ്. ഇതാണ് സഭയുടെ പഠനം."
കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായ മേജര്‍ ആര്‍ച്ചുബിഷപ്, സഭയും മാധ്യമങ്ങളും എന്ന അദ്ധ്യായത്തില്‍ തന്‍റെ മാധ്യമ സമീപനം സവിസ്തരം വിശദീകരിക്കുന്നുണ്ട്. സീറോ- മലബാര്‍ സഭയെ കേരളത്തിനു പുറത്ത് കല്യാണ്‍ രൂപതയില്‍ മാത്രം തളച്ചിട്ടിരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സഭാഘടനയും ഭരണവും എന്ന സംഭാഷണഭാഗം. അതില്‍നിന്നും സ്വയം വിശദീകരണകരമായ രണ്ടു വാക്യങ്ങള്‍ കൂടി ഉദ്ധരിക്കട്ടെ! "തീര്‍ച്ചയായും, ലത്തീന്‍ സഭയ്ക്കു പുറത്തുള്ള ഒരാള്‍ മാര്‍പാപ്പ ആകാനുള്ള സാധ്യതയില്‍ ഞാന്‍ വിശ്വസിക്കുന്നു." "എല്ലാ സെന്‍റ് തോമസ് ക്രിസ്ത്യാനികളും വീണ്ടും ഒരു സഭയായി തീരണം എന്നത് എന്‍റെ തീവ്രമായ ആഗ്രഹമാണ്."
ഈ പശ്ചാത്തലത്തില്‍, ഇന്ത്യയിലെ സഭയുടെ കരുത്തും ദൗര്‍ബ്ബല്യവും സാദ്ധ്യതയും ചര്‍ച്ച ചെയ്യുകയാണ് പുസ്തകത്തിലെ അവസാന അദ്ധ്യായം. വികാരവായ്പോടെ പങ്കുവെയ്ക്കപ്പെടുന്ന ആ ആശയങ്ങള്‍ ഇന്ത്യയിലെ ക്രൈസ്തവ സാക്ഷ്യം. എന്തായിരിക്കണമെന്നതു സംബന്ധിച്ച വ്യക്തമായ രൂപരേഖ ഒരുക്കുന്നു. സീറോ-മലബാര്‍ സഭയുടെ സ്വത്വപ്രതിസന്ധിക്കും ക്രൈസ്തവ സഭകളിലെ പുരുഷമേധാവിത്വത്തിനും മെത്രാന്‍മാര്‍ക്കിടയിലെ ചേരിതിരിവുകള്‍ക്കും മേജര്‍ ആര്‍ച്ച് ബിഷപ്പിനു നിര്‍ദ്ദേശിക്കാനുള്ള പരിഹാരം നമ്മുടെ പ്രാചീനമായ പ്രാര്‍ത്ഥയാണ്. "കര്‍ത്താവിങ്കലേക്കു മടങ്ങുക." നമ്മുടെ കര്‍മ്മങ്ങള്‍ പാപരഹിതമായിരിക്കണമെന്നു നിര്‍ബ്ബന്ധമുള്ള അദ്ദേഹം, ഒരു സന്ദര്‍ഭത്തില്‍ ഇത്രയും കൂടി പറയുന്നു: "മാര്‍പാപ്പ പറയുന്നത് എല്ലാം ദൈവത്തിന്‍റെ ഇഷ്ടമാണെന്നു ചിലരെങ്കിലും വിശ്വസിക്കുന്നു. അതു സത്യമല്ല. മാര്‍പാപ്പ നമ്മോട് പാപകരമല്ലാത്ത കാര്യം ചെയ്യാന്‍ ആവശ്യപ്പെടുന്നെങ്കിലെ നാം അദ്ദേഹത്തെ അനുസരിക്കേണ്ടതുള്ളൂ."
കര്‍ദ്ദിനാളിന്‍റെ സംഭാഷണങ്ങളിലെ ശരിതെറ്റുകള്‍ നിര്‍ണയിക്കാന്‍ കഴിവുള്ള ഒരു ദൈവശാസ്ത്രജ്ഞനല്ല ഈ കുറിപ്പ് എഴുതുന്നത്. എങ്കിലും ഈ പുസ്തകത്തിന്‍റെ വായന ഒരു കാര്യം എന്നെ ഓര്‍മ്മിപ്പിക്കുന്നു. മതവിശ്വാസം, മതപരമായ അനുഷ്ഠാന കര്‍മ്മങ്ങള്‍കൊണ്ടുമാത്രം പൂര്‍ണമാകുന്ന ഒന്നല്ല. നമ്മുടെ കര്‍മ്മങ്ങളില്‍, നമ്മള്‍ സാക്ഷാത്കരിക്കുന്ന നീതിബോധം കൊണ്ടുകൂടി വേണം നമ്മുടെ മതവിശ്വാസം സാര്‍ത്ഥകമാക്കാന്‍. സ്വാശ്രയ കോളേജുകളില്‍ ക്യാപ്പിറ്റേഷന്‍ ഫീ പിരിച്ചും പള്ളിപ്പെരുന്നാളിനു ആര്‍ഭാടകരമായ വെടിക്കെട്ടു നടത്തിയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കഴിവുകള്‍ ലേലത്തിനുവെച്ചും തെരഞ്ഞെടുപ്പു കാലത്ത് സാമുദായിക വോട്ടുബാങ്കുകള്‍ ഉത്തേജിപ്പിച്ചും മതവിശ്വാസത്തെ സംരക്ഷിക്കുന്നുവെന്ന് അഭിമാനിച്ചു നടക്കുന്നവരെല്ലാം അതുകൊണ്ടുതന്നെ ഈ പുസ്തകം ഒരുതവണയെങ്കിലും ക്ഷമയോടെ വായിക്കണം. തങ്ങള്‍ നയിക്കുന്ന ജീവിതം എത്ര പൊള്ളയാണെന്നു മനസിലാക്കാന്‍ ഈ പുസ്തകത്തിന്‍റെ വായന അവരെ സഹായിക്കും. അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും ആശ്രയമൊരുക്കി ക്രിസ്തുവിനു സാക്ഷ്യം നല്‍കുന്നവരും ഈ പുസ്തകം വായിക്കണം. ക്ലേശം നിറഞ്ഞ ജീവിതയാത്രയില്‍, ഈ പുസ്തകത്തിന്‍റെ വായന അവര്‍ക്കു വിശ്വസിക്കാവുന്ന ഊന്നുവടിയായിരിക്കും.
('മലയാളം' വാരികയുടെ മുന്‍ സഹപത്രാധിപരും കേരള സമസ്ത സാഹിത്യപരിഷത്തിന്‍റെ ജനറല്‍സെക്രട്ടറിയുമാണ് ലേഖകന്‍)