അനുയോജ്യനായ ഒരു വരനെ അഥവാ വധുവിനെ കണ്ടെത്താനുള്ള തത്രപ്പാടിലാണ് ഇന്ന് മനുഷ്യര്‍. പത്രങ്ങളില്‍ വന്നുകൂടുന്ന പരസ്യങ്ങള്‍ ഒരുവഴിക്ക്; മാര്യേജ് ബ്യൂറോകള്‍ മറ്റൊരു വഴിക്ക്, ദല്ലാളുകള്‍ തകൃതി, വീടുതോറും കയറിയിറങ്ങി ചെറുക്കന്‍റെയും കൂട്ടരുടെയും തിരച്ചില്‍ മറ്റൊരുവഴി, മാനദണ്ഡങ്ങള്‍ ഏറെ വിചിത്രവും. വണ്ണം, നീളം, കളര്‍, സൗന്ദര്യം, സ്വത്ത്, സമ്പത്ത്, ഡിഗ്രി, ജോലി, വീട്, ബെഡ് റൂമിന്‍റെയും, വണ്ടികളുടെയും എണ്ണം, വീട്ടുമുറ്റത്തിന്‍റെ വിസ്താരം, വണ്ടിയെത്തുന്ന വഴി തുടങ്ങിയവയാണ് തിരഞ്ഞെടുപ്പിന്‍റെ മുഖ്യ ഘടകങ്ങള്‍. ചുരുക്കത്തില്‍, ആയിത്തീരാന്‍ പോകുന്ന പങ്കാളിക്കുള്ളതില്‍ പങ്കുപറ്റാന്‍ കണ്ണും നട്ട് തിരഞ്ഞെടുപ്പ് നടത്തുന്ന ഈ കൂട്ടര്‍ ആത്മീയ അന്ധതയിലാണ് യാത്ര ചെയ്യുന്നത്. സത്യത്തില്‍ കുടുംബജീവിതത്തിന്‍റെ സ്രോതസ്സായി മാറുന്നത്, മേല്‍പറഞ്ഞ സവിശേഷതകള്‍ കോര്‍ത്തിണക്കിയ പങ്കാളിയെ കണ്ടെത്തുന്നതിലോ, കിട്ടിയ പങ്കാളിയെ അത്തരത്തില്‍ ഒരാളായി മാറ്റാന്‍ ശ്രമിക്കുന്നതിലോ അല്ല, മറിച്ച് നീ ഒരു വിശുദ്ധ പങ്കാളിയായി മാറുന്നതിലാണ്. ഈ ഒരു കാഴ്ചപ്പാട് അതിമനോഹരമായി വെളിപ്പെടുത്തുന്ന ഒരു പ്രതിജ്ഞയാണ് വിവാഹദിവസം ഈ കൂട്ടര്‍ നടത്തുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നടത്തിയ സത്യപ്രതിജ്ഞ എന്തെന്നുപോലും ഓര്‍മ്മിക്കാത്തവരാണ് ഭൂരിഭാഗം ദമ്പതികളും എന്നതാണ് സത്യം. ദിവസേന കുടുംബപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു എളിയ ദാസനെന്ന നിലയില്‍ മുപ്പതില്‍പരം വര്‍ഷങ്ങളുടെ അനുഭവം അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടാണ് നല്‍കുന്നത്.
പറ്റിയ പങ്കാളിയെ പക്ഷത്താക്കാനുള്ള ഈ അന്വേഷണത്തിലും തിരഞ്ഞെടുപ്പിലും ജീവിതത്തികവ് കര്‍ത്താവിലാണെന്ന സത്യം കണ്ടെത്തി, തമ്പുരാനില്‍ തമ്പടിക്കാന്‍ തീരുമാനിച്ചാല്‍ നീ ധന്യനായി. പങ്കാളിക്ക് വ്യക്തിപരമായും അല്ലാതെയും കൈമുതലായി എന്തെല്ലാമുണ്ടോ, അതില്‍ പങ്കുപറ്റാന്‍ തീരുമാനിക്കാതെ, താനും തനിക്കുള്ളതും പങ്കാളിക്ക് കൊടുക്കാന്‍ തീരുമാനിച്ചാല്‍ അവന്‍ വിളിയെപ്പറ്റി ദൈവികദര്‍ശനം ലഭിച്ച വ്യക്തിയെന്നുറപ്പ്. അതുകൊണ്ടത്രെ ക്ഷമിക്കുമ്പോള്‍ ക്ഷമിക്കപ്പെടുമെന്നും, കൊടുക്കുമ്പോഴാണ് ലഭിക്കുന്നതെന്നും, മരിക്കുമ്പോഴാണ് ജനിക്കുന്നതെന്നും രണ്ടാം ക്രിസ്തുവായ വി. ഫ്രാന്‍സിസ് അസ്സീസി പഠിപ്പച്ചത്. പങ്കാളിക്കുവേണ്ടി സ്വയം ദാനത്തിന്‍റെ മഹത്വവും മഹിമയും മനസ്സിലാക്കിയവനു മാത്രമേ ഈ ദൈവികവീക്ഷണം കൈമുതലാക്കാന്‍ പറ്റൂ.
തന്‍റെ സുഹൃത്തുക്കള്‍ക്കുവേണ്ടി എന്തു ചെയ്യാനും, എവിടെ പോകാനും, എന്ത് ത്യാഗമനുഷ്ഠിക്കുവാനും കൈയും മെയ്യും കച്ചകെട്ടി തിരിക്കുന്നവരുണ്ട്. പക്ഷേ, അവന്‍റെ പങ്കാളിയുടെ ഒരു ചെറിയ ആവശ്യത്തിന് ചെറുവിരലുപോലും അനക്കാന്‍ മനസ്സു കാണിക്കാത്തത് എത്രയോ വിരോധാഭാസമാണ്?
പങ്കാളിയുടെ മധുരമായ മൊഴിയിലും മധുരപലഹാരത്തിലും, മനമറിഞ്ഞ് മണ്‍ചട്ടിയില്‍ ഉണ്ടാക്കിയ മീന്‍ കറിയിലും, മന്ദസ്മിതമാര്‍ന്ന മുഖത്തോടുകൂടി നല്‍കുന്ന ശുശ്രൂഷയിലും പങ്കുപറ്റി പരമാനന്ദനുഭവിക്കണമെന്നതിനേക്കാള്‍, ഇവയെല്ലാം പങ്കാളിക്ക് കൊടുക്കുന്നതാണ് അന്ത്യമില്ലാത്ത പരമാനന്ദമെന്ന തിരിച്ചറിവിലൂടെ കര്‍മ്മങ്ങളെ വ്യവസ്ഥപ്പെടുത്തുന്നവനാണ് പങ്കുപറ്റാത്ത വിശുദ്ധ പങ്കാളി. തന്‍റെ വ്യക്തിത്വത്തിലും സ്നേഹത്തിലും പങ്കാളിയെ പങ്കുപറ്റിക്കുന്നതിലൂടെ ദമ്പതികളുടെ സ്നേഹം വൈകാരികപക്വതയിലെത്തും. മറ്റൊരു വാക്കില്‍ തമ്പുരാന്‍ മനുഷ്യരാശിക്കുവേണ്ടി സ്വയം ശൂന്യവത്ക്കരിച്ചതുപോലെ, പങ്കാളിക്കുവേണ്ടി, തന്നെ പൂര്‍ണ്ണമായി ദാനം ചെയ്യുന്ന ഒരു ദൈവികപ്രക്രിയയാണ് പക്വതപ്രാപിച്ച സ്നേഹം. മണവാട്ടിയായ സഭയില്‍ നിന്ന് ഒന്നും പങ്കുപറ്റാതെ, തന്‍റെ സ്വര്‍ഗ്ഗീയ അനുഭൂതിയില്‍, ജീവന്‍ പണയം വച്ച് അവളെ പങ്കുപറ്റിക്കുകയത്രെ തമ്പുരാന്‍ ചെയ്തത്. സത്യത്തില്‍ യേശുവിന്‍റെ ഈ ജീവിതശൈലി കുടുംബത്തില്‍ പുനരവതരിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ് വിവാഹിതരായ തന്‍റെ മക്കള്‍. തമ്പുരാന്‍റെ ഈ ആഗ്രഹവും അഭിലാഷവും നിന്നില്‍ സാക്ഷാത്ക്കരിക്കപ്പെടുവാന്‍ നീ മനസ്സായാല്‍ വരുമൊരുദിനം നിനക്ക് നേരിലവനെ കാണുവാന്‍